സൂസൻ ബോയലും ചില ചിന്തകളും
സൂസൻ ബോയൽ / സുസാൻ ബോയൽ പാട്ടുപാടാൻ തുടങ്ങുന്നതുവരെ സാധാരണക്കാരിൽ സാധാരണക്കാരി ആയിരിക്കും. പക്ഷേ, പാടാൻ തുടങ്ങിയാൽ ആ പാട്ട് അവരെ അസാധാരണപ്രതിഭയാക്കും. സൂസൻ ബോയലിനെക്കുറിച്ച് അറിഞ്ഞത് കൈപ്പള്ളി, ബ്ലോഗിലിട്ട യൂ ട്യൂബിന്റെ ലിങ്കിലൂടെയാണ്. അല്ലെങ്കിൽ, ചിന്താഭാരവും, എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേയും കാണാനേ പോകാറുള്ളൂ. ഇഷ്ടമുള്ളതുമുഴുവൻ ഡൗൺലോഡ് ചെയ്യാൻ നിന്നാൽ അതിനേ സമയം ഉണ്ടാവൂ. (ചേട്ടന് ചിന്താഭാരത്തിന്റെ ലിങ്ക് കൊടുത്തപ്പോൾ തിരക്കിനിടയിലായതുകൊണ്ട്, ആദ്യം അത്ര പിടിച്ചില്ലെന്ന് തോന്നുന്നു. പിന്നെ കുറച്ച് സമയം കിട്ടിയപ്പോൾ നോക്കുന്നതുകണ്ടു. ;)). അങ്ങനെ ലിങ്കിലൊന്ന് പോയി നോക്കിയപ്പോൾ പാട്ടുകാരി, പാട്ട് ഒക്കെ ഇഷ്ടമായി. ഇംഗ്ലീഷ് പാട്ടെന്ന് പറഞ്ഞാൽ അറിവ് അത്രയ്ക്കേ ഉള്ളൂ. എന്നാലും ആസ്വദിക്കാൻ പാട്ടുപഠിക്കണംന്ന് ഇല്ലല്ലോ.
അവരെക്കുറിച്ച് കൂടുതൽ, പത്രത്തിൽ വായിച്ചു. അവർ പാടാൻ വന്നപ്പോൾ, സദസ്സിലുള്ളവർ കാണിച്ച ഭാവങ്ങളും കണ്ടു. ജനങ്ങളുടെ സൗന്ദര്യ സങ്കല്പം കൊണ്ട് സുന്ദരിയൊന്നുമാവില്ല അവർ. പാട്ടിന്റെ മാധുര്യം അവരുടെ വൈരൂപ്യം കാണാതാക്കി. സൗന്ദര്യം എന്നതിന്, പെരുമാറ്റം എന്നൊരു അളവുകോലല്ലാതെ, വേറൊന്നും അന്നും ഇന്നും ഇല്ലാത്തതുകൊണ്ട്, അവരുടെ “സൗന്ദര്യം” ആലോചിക്കേണ്ടിവന്നില്ല. പാട്ടെനിക്കിഷ്ടായി. അങ്ങനെ പാടാനൊന്നും കഴിയില്ലെന്നതുകൊണ്ട് അവരോട് ബഹുമാനവും തോന്നി.
“കല്യാണമാർക്കറ്റിലാണ്” സൗന്ദര്യം കൂടുതൽ ചെലവാകുന്നത്. എത്ര പഠിപ്പുണ്ടെന്ന് പറഞ്ഞാലും, ചിലർ നോക്കും, കുട്ടി കറുത്തതാണോ വെളുത്തതാണോന്ന്. “അഴകിട്ടു വെച്ചാൽ ചോറാവില്ല, അരിയിട്ടു വെക്കണം” എന്നത് മറന്നുപോകും. അതുകൊണ്ടുതന്നെ, കൂടുതൽ ഡിമാൻഡിൽ സുന്ദരിക്കുട്ടികൾ കല്യാണവും കഴിഞ്ഞുപോകും. ചെറുക്കന്മാർക്ക് സൗന്ദര്യം ഉണ്ടോന്ന് നോക്കിയിട്ടു മാത്രം കല്യാണം നടത്തുന്നവർ ഉണ്ടോന്ന് അറിയില്ല. പരസ്യങ്ങളിൽ കാണുന്നപോലെയുള്ള വെളുത്ത സുന്ദരിമാരെ മാത്രം ഇഷ്ടപ്പെടുന്നവരെ എനിക്കറിയാം. അവർ തന്നെ, പ്രസിദ്ധമോഡലുകളൊക്കെ സുന്ദരിമാരാണെന്ന് സമ്മതിച്ചും തരില്ല. വെളുപ്പുനിറം ഇല്ലല്ലോ. ഒന്നുരണ്ടുപേരുടെ അഭിപ്രായം, ചിലരെക്കുറിച്ച് കേട്ടിട്ട് വിഷമം തോന്നിയിട്ടുണ്ട്. കഴിവിലുപരി, കാഴ്ചയെ അംഗീകരിക്കുന്നവർ.
വെളുപ്പുനിറവും, തുടുത്ത കവിളും, തിളങ്ങുന്ന കണ്ണുകളും ഒന്നുമില്ലാത്ത പ്രതിഭകൾ എത്രയോ ഉണ്ട് നമുക്കുചുറ്റും. പാട്ടുകാരികൾ, രാഷ്ട്രീയക്കാരികൾ, മറ്റു മേഖലകളിൽ തിളങ്ങുന്നവർ. തനിക്കു, മറ്റുള്ളവർ നിശ്ചയിക്കുന്ന തരത്തിലെ സൗന്ദര്യം ഇല്ലെന്നും വിചാരിച്ച്, ഇവരൊക്കെ വീടിനുള്ളിൽ അടച്ചിരുന്നെങ്കിൽ എവിടേയും എത്തുമായിരുന്നില്ല. ലതാമംഗേഷ്കർ, ഒരിക്കലും ഐശ്വര്യാറായിപ്പോലെ സുന്ദരിയാണെന്ന് ആരും പറയില്ല. എന്നാലും അവരുടെ പാടാനുള്ള കഴിവിനു മുന്നിൽ ആരുടേയും തൊലിവെളുപ്പ് മെച്ചമാകില്ല. (ഈ വരികൾ എഴുതിയത് കണ്ടാലുണ്ടാകുമെന്ന് പ്രതീക്ഷിച്ച, യുദ്ധം, കഴിഞ്ഞു. ;)) ഐശ്വര്യാറായിയുടെ അഭിനയത്തേക്കാളും എനിക്കിഷ്ടം കാജോളിന്റെ അഭിനയത്തേയാ.
മാദ്ധ്യമങ്ങളും, പരസ്യങ്ങളും, സൗന്ദര്യചിന്തയിൽ സ്വാധീനം ചെലുത്തുന്നുണ്ട്. ചാനലുകളിൽ, ഏതുപരിപാടി അവതരിപ്പിക്കുന്നതും വെളുത്ത “സുന്ദരി”മാർ. വാർത്ത വായിക്കാൻ പോലും സുന്ദരികളേ ഉള്ളൂ. കറുത്ത “സൗന്ദര്യം” ഇല്ലെന്നില്ല. വളരെ കുറവ്.
ലോകം എവിടെയോ എത്തി. ചന്ദ്രനിലേക്ക് പോകാൻ ക്യൂ നിൽക്കുന്നു ആൾക്കാർ. ഇക്കാലത്തും തൊലിവെളുപ്പും, സൗന്ദര്യവും നോക്കി ആൾക്കാരെ കണക്കിലെടുക്കുന്ന ആൾക്കാരുമുണ്ടല്ലോ!
എന്തായാലും സൂസൻ കലക്കി. ഇനിയുമൊരുപാടുപേരുടെ പ്രതിഭ ഇങ്ങനെ പുറത്തുവരട്ടെ. ചിലരുടെ കറുത്ത മനസ്സിനുമുന്നിൽ, കഴിവുള്ളവർ തളർന്നുപോകാതിരിക്കട്ടെ.
“മുഖത്തിന്റെ മനോഹാരിതയല്ല സൗന്ദര്യം, ഹൃദയത്തിന്റെ പ്രകാശമാണെന്ന് ഖലീൽ ജിബ്രാൻ. (രണ്ടും എനിക്കിത്തിരി കിട്ടിയിരുന്നെങ്കിൽ. ;))
സൂസൻ ബോയലിനെക്കാണാത്തവർ കാണൂ. ഇതാ ലിങ്ക് :- http://www.youtube.com/watch?v=RxPZh4AnWyk
Labels: കുഞ്ഞുചിന്ത
14 Comments:
നമ്മുടെ ചാനലുകള്‍ക്ക് വിഷ്വല്‍ അപ്പീലിലാണു താല്പര്യം ഒന്നുകില്‍ സുന്ദരി, അല്ലെങ്കില്‍ വിരൂപ. രണ്ടായാലും പ്രോഗ്രാം 'പഞ്ച്' ചെയ്യണം. ഗായത്രിയേക്കാളും മഞ്ജരിയേക്കാളും നല്ല പാട്ടുകാര്‍ തിരസ്കരിക്കപ്പെട്ടത് ഈ മാനദണ്ഡത്തിലാണല്ലോ.
സൂജി ലിങ്ക് തന്നതുകൊണ്ട് ആത്മയും പോയി കണ്ടു,
സന്തോഷമായി. നന്ദി!
രിയാസ് :) എല്ലാവർക്കും, ജനങ്ങളുടെ സങ്കല്പ്പത്തിലെപ്പോലെ സൗന്ദര്യം ഉണ്ടാവുന്നതൊക്കെ നല്ലത്. പക്ഷേ, അതുനോക്കി മാത്രം ആവരുത് കഴിവ് അംഗീകരിക്കാൻ. പാട്ടുകാരെ, സൗന്ദര്യം നോക്കി മാത്രം അംഗീകരിക്കുന്നത് മോശം കാര്യം. സൗന്ദര്യമത്സരം ഒന്നുമല്ലല്ലോ.
ആത്മേച്ചീ :) സന്തോഷം. ഞാനും, കൈപ്പള്ളിയിട്ട ലിങ്കിലൂടെയാണ് പോയത്.
വീഡിയോ കണ്ടില്ല ,പത്രത്തില്‍ വായിച്ചിരുന്നു.
റിയാലിറ്റി ഷോകള്‍ കൊണ്ടുണ്ടായ ഒരെ ഒരു ഗുണം പണ്ടായിരുന്നെങ്കില്‍ പല രീതിയില്‍ തഴയപ്പെട്ടിരുന്ന കഴിവുള്ളവരെ പറ്റി പുറംലോകം അറിഞ്ഞു എന്നതാണ്.
മനസ്സിനു സൗന്ദര്യമില്ലാതെ ശരീരസൗന്ദര്യമുണ്ടായിട്ടോ മറ്റ് കഴിവുകള്‍ ഉണ്ടായിട്ടോ കാര്യമില്ല :)
വല്യമ്മായി,
റിയാലിറ്റി ഷോകൾ എല്ലാതരത്തില്‍പ്പെട്ട ആൾക്കാർക്കും അവസരം കൊടുക്കുന്നു എന്നതു സത്യം തന്നെ. പക്ഷേ, മത്സരങ്ങളുടെ ഇടയ്ക്ക് കൊച്ചുകുട്ടികളുടെ കാര്യം എന്താണെന്നറിയില്ല. മനസ്സിനു മാത്രം സൗന്ദര്യം ഉണ്ടായിട്ടും ഇക്കാലത്ത് കാര്യമില്ല. പക്ഷേ, മനസ്സിനും കൂടെ സൗന്ദര്യം ഉണ്ടായിരുന്നെങ്കിൽ എന്ന് എനിക്ക് ചിലരെക്കുറിച്ച് തോന്നാറുണ്ട്. :)
കാജോളിന്റെ അഭിനയം... സേം പിച്ച് :)
ലിങ്കിനു നന്ദി ട്ടോ.
മനസ്സിന്റെ സൌന്ദര്യം കാണാന്‍ പറ്റുമോന്ന് പലരും ചോദിക്കാറുണ്ട്. എന്റെ അഭിപ്രായത്തില്‍ മനസ്സിന്റെ സൌന്ദര്യമാണ് സ്വഭാവത്തില്‍ നിഴലിക്കുന്നത് എന്നാണ്
ഈ പോസ്റ്റ് നല്ല ഇഷ്ടായി ട്ടോ
ചേച്ചി, പോസ്റ്റ് നന്നായി..
ഏഷ്യ നെറ്റില്‍ ന്യൂസ് പ്രോഗ്രാം അവതരിപ്പിക്കുന്ന സിന്ധു- സൌന്ദര്യം എന്ന് പറയാന്‍ മാത്രം ഒന്നും ഇല്ല..ഒരു കൊച്ചു പെണ്‍കുട്ടി..പക്ഷെ എന്ത് നന്നായാണ് അവതരിപ്പിക്കുന്നത്, അല്ലെ?
കെ ഇ എന്നിന്റെ ഒരു ലേഖനമുണ്ട്..
കറുപ്പും വെളുപ്പും തമ്മിലുള്ള സമരത്തെക്കുറിച്ച് ..
മനോഹരമായി അദ്ദേഹം അതില്‍ കറുപ്പിന്റെ സൌന്ദര്യം വര്‍ണിക്കുന്നുണ്ട്..
പോസ്റ്റ് നന്നായി..
ആശംസകള്‍ ...
പാട്ടിന്റെ മാധുര്യം അവരുടെ വൈരൂപ്യം കാണാതാക്കി.
വളരെ ഉയര്‍ന്ന ചിന്തകള്‍ .വര്‍ത്തമാനകാലത്തിന്റെ നേര് ചിത്രങ്ങള്‍
ലിങ്ക് തന്നതുകൊണ്ട് പോയി കണ്ടു,
സന്തോഷമായി.......
നന്ദി!
പ്രിയ :) അങ്ങനെ എപ്പോഴും, എല്ലാരോടും നമുക്കു മനസ്സിനു സൗന്ദര്യം ഉണ്ടെന്ന് കാണിക്കാനുള്ള രീതിയിൽ പെരുമാറേണ്ട കാര്യമൊന്നുമില്ലെന്ന് എന്റെ അഭിപ്രായം. നമ്മുടെ മനസ്സും സ്വഭാവവും ഒക്കെ നമുക്കറിയാലോ.
മേരിക്കുട്ടീ :) സിന്ധു സൂര്യകുമാർ ആണോ? ഏഷ്യാനെറ്റിൽ, മറ്റുള്ളവരുടെ കണക്കിൽ നോക്കുമ്പോൾ “അതീവസൗന്ദര്യം” ഉള്ള ആരും ഇല്ലെന്നു തോന്നുന്നു.
ഹൻല്ലാലത്ത് :)
പാവപ്പെട്ടവൻ :)
ബാജി :)കണ്ടല്ലോ അല്ലേ.
athe..Sindhu Sooryakumar thanne :)
വെളുപ്പില്‍ മാത്രം സൌന്ദര്യം കാണുന്നത് ഒരു ‘കൊളോണിയല്‍ ഹാങ്ങോവര്‍’ ആണെന്ന് തോന്നുന്നു. ദുഷിച്ച മനസ്സ് അറിയുമ്പോള്‍ മുഖസൌന്ദര്യം മങ്ങിപ്പോവുന്നതുപോലെ തോന്നിയിട്ടുണ്ട്, ചിലരോട്. :-)
മേരിക്കുട്ടീ :)
ബിന്ദൂ :)
Post a Comment
Subscribe to Post Comments [Atom]
<< Home