Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, April 28, 2009

സൂസൻ ബോയലും ചില ചിന്തകളും

സൂസൻ ബോയൽ / സുസാൻ ബോയൽ പാട്ടുപാടാൻ തുടങ്ങുന്നതുവരെ സാധാരണക്കാരിൽ സാധാരണക്കാരി ആയിരിക്കും. പക്ഷേ, പാടാൻ തുടങ്ങിയാൽ ആ പാട്ട് അവരെ അസാധാരണപ്രതിഭയാക്കും. സൂസൻ ബോയലിനെക്കുറിച്ച് അറിഞ്ഞത് കൈപ്പള്ളി, ബ്ലോഗിലിട്ട യൂ ട്യൂബിന്റെ ലിങ്കിലൂടെയാണ്. അല്ലെങ്കിൽ, ചിന്താഭാരവും, എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേയും കാണാനേ പോകാറുള്ളൂ. ഇഷ്ടമുള്ളതുമുഴുവൻ ഡൗൺലോഡ് ചെയ്യാൻ നിന്നാൽ അതിനേ സമയം ഉണ്ടാവൂ. (ചേട്ടന് ചിന്താഭാരത്തിന്റെ ലിങ്ക് കൊടുത്തപ്പോൾ തിരക്കിനിടയിലായതുകൊണ്ട്, ആദ്യം അത്ര പിടിച്ചില്ലെന്ന് തോന്നുന്നു. പിന്നെ കുറച്ച് സമയം കിട്ടിയപ്പോൾ നോക്കുന്നതുകണ്ടു. ;)). അങ്ങനെ ലിങ്കിലൊന്ന് പോയി നോക്കിയപ്പോൾ പാട്ടുകാരി, പാട്ട് ഒക്കെ ഇഷ്ടമായി. ഇംഗ്ലീഷ് പാട്ടെന്ന് പറഞ്ഞാൽ അറിവ് അത്രയ്ക്കേ ഉള്ളൂ. എന്നാലും ആസ്വദിക്കാൻ പാട്ടുപഠിക്കണംന്ന് ഇല്ലല്ലോ.

അവരെക്കുറിച്ച് കൂടുതൽ, പത്രത്തിൽ വായിച്ചു. അവർ പാടാൻ വന്നപ്പോൾ, സദസ്സിലുള്ളവർ കാണിച്ച ഭാവങ്ങളും കണ്ടു. ജനങ്ങളുടെ സൗന്ദര്യ സങ്കല്പം കൊണ്ട് സുന്ദരിയൊന്നുമാവില്ല അവർ. പാട്ടിന്റെ മാധുര്യം അവരുടെ വൈരൂപ്യം കാണാതാക്കി. സൗന്ദര്യം എന്നതിന്, പെരുമാറ്റം എന്നൊരു അളവുകോലല്ലാതെ, വേറൊന്നും അന്നും ഇന്നും ഇല്ലാത്തതുകൊണ്ട്, അവരുടെ “സൗന്ദര്യം” ആലോചിക്കേണ്ടിവന്നില്ല. പാട്ടെനിക്കിഷ്ടായി. അങ്ങനെ പാടാനൊന്നും കഴിയില്ലെന്നതുകൊണ്ട് അവരോട് ബഹുമാനവും തോന്നി.

“കല്യാണമാർക്കറ്റിലാണ്” സൗന്ദര്യം കൂടുതൽ ചെലവാകുന്നത്. എത്ര പഠിപ്പുണ്ടെന്ന് പറഞ്ഞാലും, ചിലർ നോക്കും, കുട്ടി കറുത്തതാണോ വെളുത്തതാണോന്ന്. “അഴകിട്ടു വെച്ചാൽ ചോറാവില്ല, അരിയിട്ടു വെക്കണം” എന്നത് മറന്നുപോകും. അതുകൊണ്ടുതന്നെ, കൂടുതൽ ഡിമാൻഡിൽ സുന്ദരിക്കുട്ടികൾ കല്യാണവും കഴിഞ്ഞുപോകും. ചെറുക്കന്മാർക്ക് സൗന്ദര്യം ഉണ്ടോന്ന് നോക്കിയിട്ടു മാത്രം കല്യാണം നടത്തുന്നവർ ഉണ്ടോന്ന് അറിയില്ല. പരസ്യങ്ങളിൽ കാണുന്നപോലെയുള്ള വെളുത്ത സുന്ദരിമാരെ മാത്രം ഇഷ്ടപ്പെടുന്നവരെ എനിക്കറിയാം. അവർ തന്നെ, പ്രസിദ്ധമോഡലുകളൊക്കെ സുന്ദരിമാരാണെന്ന് സമ്മതിച്ചും തരില്ല. വെളുപ്പുനിറം ഇല്ലല്ലോ. ഒന്നുരണ്ടുപേരുടെ അഭിപ്രായം, ചിലരെക്കുറിച്ച് കേട്ടിട്ട് വിഷമം തോന്നിയിട്ടുണ്ട്. കഴിവിലുപരി, കാഴ്ചയെ അംഗീകരിക്കുന്നവർ.

വെളുപ്പുനിറവും, തുടുത്ത കവിളും, തിളങ്ങുന്ന കണ്ണുകളും ഒന്നുമില്ലാത്ത പ്രതിഭകൾ എത്രയോ ഉണ്ട് നമുക്കുചുറ്റും. പാട്ടുകാരികൾ, രാഷ്ട്രീയക്കാരികൾ, മറ്റു മേഖലകളിൽ തിളങ്ങുന്നവർ. തനിക്കു, മറ്റുള്ളവർ നിശ്ചയിക്കുന്ന തരത്തിലെ സൗന്ദര്യം ഇല്ലെന്നും വിചാരിച്ച്, ഇവരൊക്കെ വീടിനുള്ളിൽ അടച്ചിരുന്നെങ്കിൽ എവിടേയും എത്തുമായിരുന്നില്ല. ലതാമംഗേഷ്കർ, ഒരിക്കലും ഐശ്വര്യാറായിപ്പോലെ സുന്ദരിയാണെന്ന് ആരും പറയില്ല. എന്നാലും അവരുടെ പാടാനുള്ള കഴിവിനു മുന്നിൽ ആരുടേയും തൊലിവെളുപ്പ് മെച്ചമാകില്ല. (ഈ വരികൾ എഴുതിയത് കണ്ടാലുണ്ടാകുമെന്ന് പ്രതീക്ഷിച്ച, യുദ്ധം, കഴിഞ്ഞു. ;)) ഐശ്വര്യാറായിയുടെ അഭിനയത്തേക്കാളും എനിക്കിഷ്ടം കാജോളിന്റെ അഭിനയത്തേയാ.

മാദ്ധ്യമങ്ങളും, പരസ്യങ്ങളും, സൗന്ദര്യചിന്തയിൽ സ്വാധീനം ചെലുത്തുന്നുണ്ട്. ചാനലുകളിൽ, ഏതുപരിപാടി അവതരിപ്പിക്കുന്നതും വെളുത്ത “സുന്ദരി”മാർ. വാർത്ത വായിക്കാൻ പോലും സുന്ദരികളേ ഉള്ളൂ. കറുത്ത “സൗന്ദര്യം” ഇല്ലെന്നില്ല. വളരെ കുറവ്.

ലോകം എവിടെയോ എത്തി. ചന്ദ്രനിലേക്ക് പോകാൻ ക്യൂ നിൽക്കുന്നു ആൾക്കാർ. ഇക്കാലത്തും തൊലിവെളുപ്പും, സൗന്ദര്യവും നോക്കി ആൾക്കാരെ കണക്കിലെടുക്കുന്ന ആൾക്കാരുമുണ്ടല്ലോ!

എന്തായാലും സൂസൻ കലക്കി. ഇനിയുമൊരുപാടുപേരുടെ പ്രതിഭ ഇങ്ങനെ പുറത്തുവരട്ടെ. ചിലരുടെ കറുത്ത മനസ്സിനുമുന്നിൽ, കഴിവുള്ളവർ തളർന്നുപോകാതിരിക്കട്ടെ.

“മുഖത്തിന്റെ മനോഹാരിതയല്ല സൗന്ദര്യം, ഹൃദയത്തിന്റെ പ്രകാശമാണെന്ന് ഖലീൽ ജിബ്രാൻ. (രണ്ടും എനിക്കിത്തിരി കിട്ടിയിരുന്നെങ്കിൽ. ;))

സൂസൻ ബോയലിനെക്കാണാത്തവർ കാണൂ. ഇതാ ലിങ്ക് :- http://www.youtube.com/watch?v=RxPZh4AnWyk

Labels:

Tuesday, February 05, 2008

അതുമതി

ആകാശമേ,
എനിക്കു നിന്നെപ്പോലെ എന്നും ഉയരത്തില്‍ ഇരിക്കേണ്ട.
മേഘങ്ങളെപ്പോലെ പറന്നുനടക്കേണ്ട,
തിരയെപ്പോലെ ആഞ്ഞടിക്കേണ്ട,
കടലിനെപ്പോലെ,
നിധികളൊളിപ്പിച്ച് അറിയാത്ത ഭാവം കാണിക്കേണ്ട,
ഭൂമിയെപ്പോലെയെന്നും സര്‍വ്വംസഹയായി ഇരിക്കേണ്ട,
മഴയെപ്പോലെ പെയ്തൊഴിയേണ്ട.
എനിക്ക്,
മനുഷ്യജന്മത്തിന്റെ എല്ലാ നിസ്സഹായതയിലും,
എല്ലാ നേട്ടത്തിലും,
വ്യസനിച്ചും, ആഹ്ലാദിച്ചും,
ചിന്തിച്ചും,
നടന്നുനടന്നുനടന്ന്
ഒടുവിലൊടുങ്ങിയാല്‍ മതി!

Labels:

Monday, October 15, 2007

യാത്ര

പുഴകള്‍ ഒഴുകിച്ചേരുന്നത് കടലിലേക്കാണ്.
ജീവിതപ്പുഴകള്‍ ഒഴുകിച്ചെല്ലുന്നത് മരണക്കടലിലേക്കും.
പുഴകള്‍ വറ്റിവരളുമ്പോള്‍,
കടലിലേക്കെത്താന്‍ കാലതാമസം വരും.
ജീവിതം വറ്റിവരളുമ്പോള്‍,
ഇനിയെന്തെന്ന ചിന്തയാവും.
ഓരോ വിടവാങ്ങലിന്റേയും അവസാനം ഒരൊത്തുചേരലുണ്ട്.
വിട്ടുപോകുന്നവരെക്കുറിച്ച്, സ്വാര്‍ത്ഥത നമ്മുടെ കൂടെ നിന്ന് ചിന്തിപ്പിച്ച് ദുഃഖിപ്പിക്കും.
എത്തിച്ചേരാനുള്ളിടത്ത് കാത്തുനില്‍ക്കുന്നവരെക്കുറിച്ച്,
അവരുടെ, പ്രതീക്ഷയേയും, സന്തോഷത്തേയും കുറിച്ച് ആരും ചിന്തിക്കാത്തതെന്ത്?
മരണം, കണ്ടുനില്‍ക്കുന്നവരെ വിട്ട്,
കാത്തുനില്‍ക്കുന്നവരിലേക്കെത്താനുള്ള യാത്രയാണ്.
ഓരോ യാത്രയിലുമെന്നപോലെ, ഒരു സന്ദേശം നമുക്കായി കാത്തുകിടപ്പുണ്ട്.
ലെസ്സ് ലഗ്ഗേജ്, മോര്‍ കംഫേര്‍ട്ട്.
പഴി, ശാപം, തെറ്റുകള്‍, കുറ്റബോധം.
ഭാരങ്ങള്‍ കൂടുതലാവുമോ?
ഒറ്റയ്ക്ക് ചുമക്കേണ്ട ഭാരങ്ങള്‍ എന്തെന്ന് അറിയുമ്പോള്‍,
ഒഴിവാക്കാന്‍ കഴിയുന്നത് ഒഴിവാക്കാന്‍ ശ്രമിക്കും.
നിറയ്ക്കുമ്പോള്‍ത്തന്നെ, ഭാരമാണെന്ന് അറിയുമ്പോള്‍,
വലിയ ഭാണ്ഡം കെട്ടാതിരിക്കില്ലേ?
“മരണത്തിലേക്ക് കൈയും വീശി, നടന്നു പോയി.”
ആരോ എഴുതിവെച്ച വാചകം വായിക്കാന്‍ രസം.
അപ്പോ, അങ്ങനെ നടന്നുപോകാനോ?

Labels:

Friday, September 28, 2007

ഇങ്ങനെ വേണ്ടേ?

ദുഃഖംന്നുവെച്ചാ, ഊതുന്ന കുഴലിന്റെയുള്ളിലെ സോപ്പ് പത പോലെയായിരിക്കണം.
ഫൂ, ഫൂ ന്ന് ഊതുമ്പോ, കുമിളകളായി പറന്ന് പൊട്ടിപ്പോകണം.


സന്തോഷംന്ന് വെച്ചാ അനുസരണയുള്ള കുട്ടികളെപ്പോലെയാവണം.
ഇങ്ങ്‌ട് വാന്ന് പറയുമ്പോഴേക്കും സ്നേഹത്തോടെ വരണം.

Labels:

Saturday, September 22, 2007

മൌനം വീണ്ടുമെത്തുന്നുവോ?

ചിരി, കരച്ചില്‍, പിണക്കം, ചിന്തകള്‍, സ്വപ്നങ്ങള്‍, ഒരുപാടൊരുപാട് ജീവിതം.
മൌനത്തിന് മുമ്പ് അങ്ങനെ...
ചിരി, കരച്ചില്‍, പിണക്കം, ചിന്തകള്‍, ഓര്‍മ്മകള്‍, ഒരുപാടൊരുപാട് ജീവിതം.
മൌനത്തിന് ശേഷം അങ്ങനെയാവില്ലേ?
മൌനം എന്നും ഇടവേളയാണ്. തുടങ്ങുന്നതും ഒടുങ്ങുന്നതും ഒന്നുമറിയാതെയാണെങ്കില്‍, മൌനമെന്നതു വെറും വാക്കല്ലേ?
മൌനം, പിന്‍‌വാങ്ങലാവുമോ? വാക്കുകള്‍, മടുപ്പിച്ച്, അടിച്ചേല്‍പ്പിക്കുന്നതാവുമോ?
മൌനം, തുടങ്ങുന്നതറിയുമ്പോള്‍, വേദനിപ്പിക്കും ചിലപ്പോള്‍.
മൌനം ഒടുങ്ങുന്നെന്നറിയുമ്പോള്‍ ആശ്വസിക്കും ചിലപ്പോള്‍.
പക്ഷെ, നല്ലതിന്റെ ആവര്‍ത്തനത്തില്‍ തുടങ്ങി, നല്ലതിന്റെ തുടര്‍ച്ചയിലേക്ക് നീങ്ങുമെന്നറിഞ്ഞാല്‍‍, ആഘോഷമാവില്ലേ?
ആരു പറയും ഉത്തരങ്ങള്‍?
ഞാനോ നിങ്ങളോ മൌനമോ?

Labels:

Monday, June 25, 2007

പൂജ്യം മുതല്‍ പത്തുവരെ

പൂജ്യം

ചേര്‍ച്ചയിലാണ് മെച്ചമെന്ന് കണ്ടെത്തിയ പൂജ്യം, മറ്റ് അക്കങ്ങളോടൊപ്പം ഒരുമയോടെ ജീവിച്ചു.

ഒന്ന്

കല്ലുകളോരോന്നും അഹല്യയെപ്പോലെ ശാപമോക്ഷം കൊതിച്ചു. പക്ഷെ രാമന്‍ ഒന്നേ ഉണ്ടായിരുന്നുള്ളൂ.

രണ്ട്

കൈകള്‍ രണ്ടിന് പകരം കുറേ ഉണ്ടായിരുന്നെങ്കിലെന്ന് ദാനി കൊതിച്ചു. കള്ളനും.

മൂന്ന്

മൂന്ന് കണ്ണുകളുള്ള ദൈവത്തെ കൈകൂപ്പുന്നവന്‍, മൂന്ന് കണ്ണുള്ള തന്നെ വെട്ടിക്കൊല്ലുന്നെന്ന് തേങ്ങ പരാതി പറഞ്ഞു.

നാല്

യാതൊരു ആലോചനയുമില്ലാതെ നടന്നയാള്‍ നാല്‍ക്കവലയിലെത്തിയപ്പോള്‍, എങ്ങോട്ട് പോകണം എന്ന് തീരുമാനിക്കാ‍നാവാതെ കുഴങ്ങി.

അഞ്ച്

അഞ്ചാമനോമനക്കുഞ്ചുവാണേ എന്ന് പാടിക്കൊടുത്ത അമ്മയോട്, ആകെയുള്ള പൊന്നുമോന്‍, എനിക്കും അഞ്ചാമനോമനക്കുഞ്ചുവായാല്‍ മതി എന്ന് പറഞ്ഞ് ശാഠ്യം പിടിച്ചപ്പോള്‍ അമ്മ ഞെട്ടി.

ആറ്

ആറും ആറും വേര്‍തിരിഞ്ഞ് യുദ്ധം തുടങ്ങിയപ്പോള്‍ വര്‍ഷം ധര്‍മ്മസങ്കടത്തിലായി.

ഏഴ്

ഏഴാം കടലിനക്കരെനിന്ന് രാജകുമാരന്‍ വരുന്നത് നോക്കിയിരുന്ന്, വൃഥാവിലായപ്പോള്‍, അവള്‍ക്ക് പ്രതികാരദാഹിയായി ഏഴിലം പാലയില്‍ കാത്തിരിപ്പ് തുടരേണ്ടിവന്നു.

എട്ട്

പഠിക്കാതെ ലൈസന്‍സ് എടുക്കാന്‍ പോയി എട്ടെടുത്ത് കാണിച്ച് ആശുപത്രിയില്‍ എട്ട് ദിവസം കിടന്നു.

ഒമ്പത്

തിരിച്ചിട്ടാല്‍ വിലകുറയുമെന്നാരോ പറയുന്നത് കേട്ട് പേടിച്ച്, ഒമ്പതെന്ന അക്കം തലയുയര്‍ത്തിപ്പിടിച്ച് നിന്നു.

പത്ത്

പത്തില്‍ പത്ത് പൊരുത്തം എന്നെഴുതുന്നതിനിടയില്‍, മനപ്പൊരുത്തം ഇറങ്ങിപ്പോയത് ജ്യോത്സ്യന്‍ കണ്ടില്ല.

Labels:

Thursday, May 24, 2007

വീണ്ടും ഒരുപോലെ

ഞാനും അവളും.

ജനിച്ചുവീണത്‌ ഒരുദിവസമായിരുന്നു. ആദ്യമായി കരഞ്ഞപ്പോള്‍ ശബ്ദം ഉയര്‍ന്നതും, ചുറ്റും നിന്നവര്‍ സന്തോഷത്തോടെ ചിരിച്ചുനിന്നതും ഒരുപോലെയായിരുന്നു. പിച്ചവെച്ചതും, പിടിച്ചുനില്‍ക്കാന്‍ പഠിച്ചതും ഒരുമിച്ചായിരുന്നു. യൂനിഫോമിട്ട്‌ സ്കൂളിലേക്കുള്ള ആദ്യയാത്ര ഒരേദിവസം ആയിരുന്നു.

നെറ്റിയിലെ ചന്ദനവും, തലയിലെ തട്ടവും, നമസ്കാരവും, നിസ്കാരവും ഒക്കെ ഞങ്ങളെ വേര്‍തിരിച്ചുതുടങ്ങി. ഞങ്ങളുടെ ഇടയില്‍ ഒരു കാണാവേലി കെട്ടിത്തുടങ്ങി.

ഒടുവിലെന്റെ ചന്ദനച്ചിത പുകഞ്ഞതും, അവളെ അടക്കിയതും ഒരേ ദിവസമായി. ചുറ്റുമുള്ളവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയതും ഒരുപോലെയായിരുന്നു. ഞങ്ങള്‍ വീണ്ടും ഒരുപോലെയായി. ഞങ്ങളുടെ സ്വന്തമായിത്തീര്‍ന്ന ആറടി മണ്ണിന്റെ മേലെ വീഴുന്ന വെയിലിനും, പൊഴിയുന്ന മഴയ്ക്കുമൊന്നും വ്യത്യാസമേയില്ല.

ജനനത്തിനും മരണത്തിനും ഇടയില്‍ ഒരു നേര്‍ത്ത മതിലില്‍ക്കൂടെ നടക്കുമ്പോള്‍, മനസ്സില്‍ വേറൊരു മതിലും കൂടെ കെട്ടി ജീവിക്കുന്ന ജീവി.

മനുഷ്യന്‍.

Labels: ,

Friday, May 18, 2007

മനുഷ്യന്‍

ജലത്തില്‍, നിലയില്ലാതെ ഒഴുകിനടന്ന ഉറുമ്പ്,
സഹായം കിട്ടിയപ്പോള്‍ പറഞ്ഞു;
ദൈവത്തെപ്പോലെ.

പിറകെ ഓടിപ്പിടിച്ച്,
കൊല്ലാന്‍ തുടങ്ങുമ്പോള്‍ കോഴി പറഞ്ഞു;
കാലനെപ്പോലെ.

ഓന്ത് മാത്രം വേലിയിലിരുന്ന്
ചിരിച്ചുകൊണ്ട്, എന്നും, പറഞ്ഞു;
മനുഷ്യാ, നീയെന്നെപ്പോലെ!

Labels:

Friday, May 04, 2007

പാത്രപുരാണം

പാത്രങ്ങള്‍ ഇഷ്ടമില്ലാത്തവരുണ്ടോ? എന്തൊരു ചോദ്യം അല്ലേ? എനിക്ക്‌ പാത്രങ്ങള്‍ വല്യ ഇഷ്ടമാണ്‌. പാത്രങ്ങള്‍ ഇല്ലാത്ത വീടുണ്ടാവില്ല. വീട്ടിലില്ലെങ്കിലും, ചിലവ, അത്യാവശ്യത്തിനു അയല്‍പക്കത്ത്‌ നിന്ന് വാങ്ങിക്കൊണ്ടുവരും.

ചില പാത്രങ്ങള്‍ കണ്ടാല്‍ വളരെ സന്തോഷം തോന്നും. അതില്‍ നിറഞ്ഞുനില്‍ക്കുന്നത്‌, മൂല്യമുള്ള വസ്തുക്കള്‍ കൂടെയാണെങ്കിലോ? ഗംഭീരമായി. ചിലതൊക്കെ ആഢ്യത്വത്തോടെ, അങ്ങനെ ഇരിക്കും. നിറഞ്ഞതെന്താണെന്നുള്ള ബോധ്യമോടെ. നിറച്ച് വെച്ചിരിക്കുന്നത്‌, ബഹുമാനത്തോടെ കൈക്കലാക്കാന്‍ വരുന്നവരോടല്‍പ്പം പുഞ്ചിരിയോടെ. ഒരുപാട്‌ കാലം കഴിഞ്ഞാലും തനിമ നിലനിര്‍ത്തിക്കൊണ്ട്‌ നില്‍ക്കുന്ന പാത്രങ്ങള്‍ ഓരോ വീടിനും മുതല്‍ക്കൂട്ട്‌ തന്നെ.

പാത്രങ്ങളെക്കുറിച്ച്‌ അറിയാന്‍ ശ്രമിക്കുമ്പോള്‍, മറ്റുള്ളവരുടെ മുന്നില്‍, ഗമയോടെ പ്രദര്‍ശിപ്പിക്കാന്‍ പറ്റുന്ന പാത്രങ്ങളെക്കുറിച്ച്‌ നമുക്ക്‌ അഭിമാനം തോന്നില്ലേ? നമ്മുടേതെന്ന് പറയുമ്പോള്‍ ഉത്സാഹം തോന്നില്ലേ? മറ്റുള്ളവരും അതിന്റെ മേന്മയില്‍, അത്‌ സ്വന്തമാക്കാന്‍ പുറപ്പെടുമ്പോള്‍ നമ്മുടെ സന്തോഷം ഇരട്ടിക്കും.

തെല്ലൊന്ന് മിനുക്കിയാല്‍ തിളങ്ങാത്തവയുണ്ടോ? ഒരുപാട്‌ കാലം ജീവിച്ചതിനാല്‍, മാറ്റ്‌ നഷ്ടപ്പെട്ടെന്ന് തോന്നുന്നതൊന്ന് മിനുക്കിനോക്കൂ. അത്‌ പഴയകാല പ്രതാപങ്ങളോടെ തിളങ്ങി നില്‍ക്കും.

പല തരത്തിലുള്ള പാത്രങ്ങള്‍. വെച്ചാല്‍ വെച്ചിടത്ത്‌ ഇരിക്കുന്നവ. നിറച്ച്‌ വെയ്ക്കുന്നതിനെ ഭംഗിയായി പ്രദര്‍ശിപ്പിക്കുന്നവ. മറ്റുള്ളവരുടെ മുന്നിലേക്ക്‌, നമ്മുടേതെന്ന് പറയാന്‍, നമ്മളൊരിക്കലും മടിക്കാത്തവ. പ്രത്യക്ഷപ്പെടാന്‍ ഒട്ടും മടിക്കാത്തവ. പുകഴ്ത്തുമ്പോഴോ? മേന്മ നിര്‍മ്മിച്ചവര്‍ക്കുകൂടെ പകുത്ത്‌ പോകും. ചിലത് കാണുമ്പോള്‍ത്തന്നെ നമുക്കറിയാം, സ്വന്തമാക്കിയാല്‍, മുതല്‍ക്കൂട്ടാവുമെന്ന്.

മറ്റുള്ളവരുടെ പക്കല്‍ കണ്ട്‌, നമ്മള്‍ മോഹിക്കുന്നവ. അതിന്റെ ഗുണഗണങ്ങള്‍ അറിഞ്ഞ്‌, സ്വന്തമാക്കാന്‍ ശ്രമിക്കുന്നവ. എന്തൊക്കെ തരങ്ങള്‍.

ഇതുമാത്രമാണോ പാത്രപുരാണം? അല്ല.

ചില പാത്രങ്ങള്‍ ഒന്നിനും കൊള്ളില്ല. വെറുതെ കിട്ടിയാല്‍പ്പോലും വീട്ടില്‍ കയറ്റാന്‍ മടിക്കും. ഉപകാരമില്ലെന്നതുമാത്രമല്ല കാര്യം. ഉപദ്രവം നൂറുതരം. സ്വയം ഭാരമില്ലെന്ന് മാത്രമല്ല, നിറയ്ക്കാന്‍ പോയാല്‍ നമുക്ക്‌ പെടാപ്പാട്‌. അഴകെന്ന് കണ്ട്‌ അടുത്തുപോയാല്‍ അഴുക്കായിരുന്നെന്ന് തെളിയുന്നവ. എന്തെങ്കിലുമൊക്കെ നിറച്ചുവെച്ചേക്കാമെന്ന് വിചാരിച്ച്‌ ചെല്ലുമ്പോഴാവും, ഓട്ടപ്പാത്രം ആണെന്ന് തെളിയുക. വെള്ളം നിറച്ചാല്‍ ചോര്‍ന്നു പോകും, ധാന്യം നിറയ്ക്കാമെന്ന് വെച്ചാല്‍ കീടങ്ങള്‍ വരുമെന്ന പേടിയും. പിന്നെ, നിറയ്ക്കാന്‍ പറ്റുന്നത്‌, വല്ലപ്പോഴുമെടുക്കുന്ന, അനാവശ്യമെന്ന് തന്നെ പറയാന്‍ പറ്റുന്ന വസ്തുക്കള്‍. അവ നിറച്ചുവെയ്ക്കാം. കാറ്റൊന്ന് തഴുകിയാല്‍പ്പോലും, ഒച്ചയുണ്ടാക്കി അലോസരമുളവാക്കുന്ന പാത്രങ്ങളെ കാലിയായി വിട്ടാലും കുഴപ്പമല്ലേ? എന്തെങ്കിലും നിറച്ച്‌ ആരും കാണാത്ത മൂലയ്ക്ക്‌ പ്രതിഷ്ഠിക്കാം. ഒന്നിനും കൊള്ളാത്ത പാത്രങ്ങളെക്കൊണ്ട്‌ നമ്മുടെ വില എന്തിനു കുറയ്ക്കണം അല്ലേ? പിന്നെ ചെയ്യാന്‍ പറ്റുന്നത്‌, ഇത്തരം പാത്രങ്ങള്‍ വീട്ടിലേക്ക്‌ കയറ്റാതിരിക്കുകയെന്നതാണ്‌. പക്ഷെ അതിലുമുണ്ട്‌ അല്‍പം കാര്യം. വീട്ടിലുള്ള മറ്റ്‌ പാത്രങ്ങളുടെ മാറ്റ്‌ ഇരട്ടിയായി തോന്നുന്നത്‌ ഇത്തരം പൊട്ടപ്പാത്രങ്ങള്‍ ഉള്ളതുകൊണ്ടല്ലേ? കൂട്ടത്തിലിരുന്നോട്ടെ. കുഴപ്പമില്ല.

ഒരുപാട്‌ പാത്രങ്ങള്‍ കണ്ട കണ്ണുകള്‍ക്ക്‌, നല്ലതേത്‌, ചീത്തയേത്‌ എന്ന് മനസ്സിലാക്കാനാണോ വിഷമം?

Labels:

Wednesday, April 18, 2007

അപ്പോഴൊക്കെയാണ്...

വേനലിലും മഴയിലും കുടയെ കുറ്റം പറയുമ്പോഴാണ്‌.

ചെളിവെള്ളത്തേയും, വിയര്‍പ്പിനേയും ശപിക്കുമ്പോഴാണ്.

കയറിച്ചെല്ലാന്‍ ഒരു കൂര പോലും ഇല്ലാത്തവരെക്കുറിച്ച്‌ ഓര്‍ക്കാതിരിക്കാന്‍ ശ്രമിക്കുമ്പോഴാണ്.

ഹോട്ടലിലെ ബില്ലിനും ടിപ്സിനുമായി വിട്ടുപോന്ന തുകയെക്കുറിച്ച്‌ അഭിമാനത്തോടെ ഓര്‍ക്കുമ്പോഴാണ്.

തിന്നാന്‍ കഴിയാതെ പാഴാക്കിപ്പോന്ന ഭക്ഷണത്തെക്കുറിച്ച്‌ ചിന്തിക്കാത്തപ്പോഴാണ്‌.

കുടിവെള്ളം പോലുമില്ലാതെ ദിനങ്ങള്‍ തള്ളിനീക്കേണ്ടിവരുന്ന നിസ്സഹായത തന്റേതല്ലെന്ന ദുരഭിമാനം പേറുമ്പോഴാണ്‌.

വസ്ത്രങ്ങള്‍ക്ക്‌ ചേരാത്ത ആഭരണങ്ങളെക്കുറിച്ച്‌ പരാതി പറയുമ്പോഴാണ്‌.

പട്ടിലും പൊന്നിലും പളപളപ്പാര്‍ന്ന ജീവിതത്തില്‍ കണ്ണ്‌‍ മഞ്ഞളിച്ച്‌ പോകുമ്പോഴാണ്‌.

ഉടലിനൊത്ത വസ്ത്രം ഇല്ലാതെ നാണം മറയ്ക്കാന്‍ കഴിയാത്തവരെക്കണ്ട്‌ കണ്ണുകള്‍ തിരിക്കേണ്ടിവരുമ്പോഴാണ്‌.

ഉത്സവദിനങ്ങള്‍ തിന്നും കുടിച്ചും ആഘോഷിക്കേണ്ടിവരുമ്പോഴാണ്.

കഴിക്കുന്ന ആളെക്കാള്‍ എണ്ണത്തില്‍ ഭക്ഷണവസ്തുക്കള്‍ നിരത്തേണ്ടിവരുമ്പോഴാണ്‌.

ദാരിദ്ര്യം ആഘോഷമാക്കേണ്ടിവരുന്ന ചില ജന്മങ്ങള്‍ മങ്ങിയ ഓര്‍മ്മ മാത്രമായി മനസ്സില്‍ തെളിയുമ്പോഴാണ്‌.

ഫാനിനു കാറ്റില്ലെന്ന് ആവര്‍ത്തിക്കേണ്ടിവരുമ്പോഴാണ്‌.

ഏസിയുടെ ആവശ്യത്തിനെപ്പറ്റി ഓര്‍ത്തിരിക്കുമ്പോഴാണ്‌.

കടത്തിണ്ണയിലോ റോഡ്‌ വക്കിലോ ഏത്‌ കാലത്തും കിടന്നുറങ്ങേണ്ടിവരുന്ന മനുഷ്യരെക്കുറിച്ച്‌ ചിന്തിക്കാന്‍ നേരമില്ലാത്തപ്പോഴാണ്‌.

കഴിഞ്ഞുപോയ ദിനങ്ങളില്‍ എന്ത്‌ ചെയ്തെന്ന തോന്നലുണ്ടാവുമ്പോഴാണ്.

കല്‍പ്പിച്ചുനീട്ടിയ സൌഭാഗ്യങ്ങള്‍ക്ക്‌ നന്ദി പറയാന്‍ മറക്കുമ്പോഴാണ്‌.

ഇതുവരെ ചെയ്യാതെ, ഇനിയുള്ള ദിവസങ്ങളില്‍ നല്ലത്‌ ചെയ്യാമെന്ന വ്യര്‍ത്ഥവിചാരവുമായി മുന്നോട്ട്‌ പോകാന്‍ തുടങ്ങുമ്പോഴാണ്‌.

അപ്പോഴൊക്കെയാണ് ഞാന്‍ ചെറുതാവുന്നത്‌.

വയസ്സേറുമ്പോഴും ചെറുതായി ഇരിക്കുന്നത്.

Labels:

Wednesday, April 11, 2007

കണ്ണിനുണ്ടൊരു മനസ്സ്

ഭൃത്യവേലയാണ്‌ കണ്ണിന്.

വര്‍ണ്ണങ്ങള്‍ വാരി നിറച്ചും, വേദനിക്കുമ്പോള്‍ നനഞ്ഞും, മനസ്സിന്റെ അടിമവേല ചെയ്യുന്നു.

പ്രണയം നിറച്ചും, പുഞ്ചിരി തൂകിയും, പരിഭവം പറഞ്ഞും, കുസൃതി കാട്ടിയും, വിരഹത്തിന്റേയും വേദനയുടേയും, ശൂന്യത ഉള്‍ക്കൊണ്ടും ആത്മാര്‍ത്ഥത കാട്ടുന്നു.

കാണരുതാത്ത കാഴ്ചകള്‍ കാണാതിരിക്കാനും, കാണേണ്ടവ കണ്ടില്ലെന്ന് നടിക്കാതിരിക്കാനും സ്വാതന്ത്ര്യം നല്‍കുന്നില്ല മനസ്സ്‌.

കണ്ണ്‌‍ തടവിലാണ്‌.

സ്വയം കരയാനും, കാഴ്ചകള്‍ കണ്ട്‌ കുളിര്‍ക്കാനും, കൊതിക്കുന്നു, കണ്ണിന്റെ മനസ്സ്‌.

ജീവനുള്ള കണ്ണ്‌.

ജീവിതം, സ്വയം ചിട്ടപ്പെടുത്താത്ത കണ്ണ്‌‍.

തടവില്‍ നിന്ന് ചാടി സ്വന്തമായി കാഴ്ചയിലേക്ക്‌ പോയാല്‍, കൂട്ടിലടച്ച്‌, ശിക്ഷ നല്‍കുന്നു മനസ്സ്‌.

സ്വസ്ഥമായിരിക്കുമ്പോള്‍പ്പോലും, അസ്വസ്ഥത നിറഞ്ഞ മനസ്സ്‌, ശൂന്യതയിലേക്ക്‌ യാത്രയ്ക്ക്‌ പ്രേരിപ്പിക്കുന്നു.

വേദനിക്കുമ്പോള്‍ നിറഞ്ഞൊഴുകാനും, വര്‍ണ്ണക്കൂടൊരുക്കുന്ന പ്രകൃതിയെ തനിക്കായി നിറയ്ക്കാനും കണ്ണിന്റെ മനസ്സ്‌ സ്വപ്നം കാണുന്നുണ്ടാവും.

-----

(ആത്മഗതം :‌- കൂട്ടുകാര്‍, അന്യരെ തെറി വിളിച്ചാല്‍ സര്‍ക്കാസം. കൈയടിച്ച് പ്രോത്സാഹിപ്പിക്കും. അന്യര്‍, കൂട്ടുകാരുടെ കാര്യം പറഞ്ഞാല്‍ സര്‍ക്കസ്. അടിച്ച് വീഴ്ത്താനും മടിക്കില്ല. കാലം മാറിയത് ദൈവം അറിഞ്ഞില്ലേ എന്തോ. )

Labels:

Monday, February 26, 2007

ജനനം മുതല്‍ മരണം വരെ

ജനനം

ഓര്‍മ്മപ്പെടുത്തലാണ്‌‍.

മറ്റുള്ളവര്‍ക്കുള്ളത്‌.

തങ്ങളുടെ കണ്ണിലുള്‍ക്കൊള്ളുന്നതിനൊക്കെ ഒരു അവകാശി കൂടെ ഉണ്ടാവുന്നുവെന്ന ഓര്‍മ്മപ്പെടുത്തല്‍.

ശൈശവം

അമ്മയുടെ വിരല്‍ത്തുമ്പിലൂടെയാണ്‌‍ മുന്നോട്ട്‌ പോകുന്നത്‌.

മറ്റുള്ളവര്‍ക്ക്‌ നേരെ വിരല്‍ ചൂണ്ടാന്‍ പ്രാപ്തരാവുമ്പോള്‍ ശൈശവം മറയുന്നു.

ബാല്യം

സന്തോഷവും, സ്നേഹവും, ദുഃഖവും, നിരാശയും, ഒക്കെയായി ജീവിതമെന്തെന്ന് അറിയാന്‍ തുടങ്ങുന്ന കാലം.

യൌവ്വനം

പിന്നിട്ട വഴികളും, പിന്നിടാന്‍ പോകുന്ന വഴികളും ഓര്‍മ്മിക്കാത്ത കാലം തുടങ്ങുന്നത്‌ ഇവിടെയാണ്‌‍.

വാര്‍ദ്ധക്യം

ഭൂതകാലം കണ്ണിലൂടെ കണ്ണുനീരായും, ചുണ്ടിലൂടെ പുഞ്ചിരിയായും കാത്തുവെക്കുന്ന കാലം.

കണ്ണീരിന്റെ അളവ്‌ കുറയ്ക്കാനും, പുഞ്ചിരിയുടെ അളവ്‌ കൂട്ടാനും ഒരു തിരിച്ച് പോക്കില്ലെന്ന തിരിച്ചറിവിന്റെ കാലം.

മരണം

മരണവും ഓര്‍മ്മപ്പെടുത്തലാണ്‌‍.

ആദിയുള്ളതിനൊക്കെ അന്ത്യവുമുണ്ടെന്ന് ഓര്‍മ്മപ്പെടുത്തല്‍.

Labels:

Monday, February 19, 2007

പ്രിയം

ആനപ്പുറത്തിരിക്കുമ്പോള്‍ കുടപിടിച്ച് തണല്‍ തരുന്ന സൌഹൃദത്തേക്കാള്‍,

ആറ്റിലൊലിച്ച്‌ പോകുമ്പോള്‍, കൈ പിടിച്ച് തുണ തരുന്ന അപരിചിതത്വമാണ് പ്രിയമെനിക്ക്.



ഇത് നോക്കൂ ഇഞ്ചിമാങ്ങ

Labels:

Sunday, February 18, 2007

വെളിച്ചം

ഏത് കുറ്റാകൂറ്റിരുട്ടും ശാശ്വതമല്ലെന്ന് തെളിയിക്കാന്‍ ഒരൊറ്റ മിന്നാമിനുങ്ങിന്റെ സാന്നിദ്ധ്യം മതി.

Labels: