ആളു മാറിപ്പോയീ
കുറേ വർഷങ്ങൾക്കുമുമ്പാണ്. ഞാൻ സ്കൂളു കഴിഞ്ഞോന്ന് ഓർമ്മ വരുന്നില്ല. ഞങ്ങളുടെ ഗ്രാമത്തിലെ കൊച്ചുകൊച്ചുകടകളിലേക്കെത്താൻ, ഞങ്ങളുടെ വീട്ടിൽനിന്ന് കുറേ വഴികളുണ്ട്. ശരിയായ റോഡു വഴി പോകുന്നതും, പാടം കടന്ന്, കനാലു വഴി പോകുന്നതുമാണ് ഞങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നത്. അങ്ങനെ ഒരു ദിവസം ഞാനും എന്റെ സഹോദരിയും കൂടെ, “ടൗണിലേക്ക്” പുറപ്പെട്ടു. ഒട്ടിപ്പോ പൊട്ട്, ക്ലിപ്പുകൾ, അങ്ങനെ ഓരോ കുണ്ടാമണ്ടികളേ ഞങ്ങൾക്ക് വാങ്ങാനുണ്ടാവൂ. അങ്ങനെ ഞങ്ങൾ പാടം വഴി തന്നെ പോയി. ഒക്കെ വാങ്ങി, തിരിച്ചും പാടം വഴി തന്നെ വന്നു. പാടത്തിന്റെ അറ്റത്തേക്ക്, ശരിയായ റോഡ് കാണാം. ആൾക്കാരെയൊക്കെ ഒരുവിധം മനസ്സിലാവും. വെയിലും മഴയും ഒന്നും ഇല്ലെങ്കിൽ. അല്ലെങ്കിൽ പൊരിവെയിലത്തു ശരിക്കും കാണില്ല. മഴയത്തും ശരിക്കും മനസ്സിലാവില്ല. ആ വെയിലത്ത്, ഞങ്ങൾ കളിച്ചും ചിരിച്ചും വരുന്നതിനിടയിൽ ദൂരെ, റോഡിൽ, ഞങ്ങളുടെ അച്ഛന്റെ സഹോദരനെ കണ്ടു. രണ്ടാളും, ‘ദാ വരുന്നുണ്ട്, ഈ വഴിക്കു വിളിക്കാം‘ എന്നും പറഞ്ഞ് മാടിവിളിച്ചു. കൈകൊണ്ടൊക്കെ ആംഗ്യം കാണിച്ചു. കുറച്ചുംകൂടെ അടുത്തെത്തിയപ്പോളാണ് (അടുത്തെത്താൻ റോഡിലേക്ക് കുറേ ദൂരം പിന്നേം ഉണ്ട്) ഞങ്ങൾ ചമ്മിയത്. അത്, അച്ഛന്റെ സഹോദരൻ ആയിരുന്നില്ല. വേറെ ആളായിരുന്നു. മുടിയുടെ സ്റ്റൈലിൽ, ഉയരത്തിൽ, ഒക്കെ സാമ്യം ഉണ്ട്. ഏകദേശം പ്രായവും ഒരുപോലെയെന്നു തോന്നുന്നു. ഞങ്ങൾ കഥ പറയുന്നിതിനിടയ്ക്ക് അത്ര ശ്രദ്ധിച്ചിരുന്നുമില്ല. ഒറ്റനോട്ടത്തിൽത്തന്നെ മാടിവിളിക്കൽ തുടങ്ങിയിരുന്നു. അദ്ദേഹം, അച്ഛന്റെ അനിയത്തിയുടെ കൂടെ ബാങ്കിൽ ജോലി ചെയ്യുന്ന ആളായിരുന്നു. ഞങ്ങളുടെ ഗ്രാമത്തിൽ തന്നെയാണ് വീട്. രണ്ടാളുള്ളതുകൊണ്ട് ഞങ്ങൾ ചമ്മൽ പപ്പാതിയെടുത്തു. അദ്ദേഹത്തോട് കാര്യം പറയാതെ വന്നാൽ വീട്ടിൽ നിന്ന് വഴക്കുകേട്ടാലോന്ന് കരുതി, അദ്ദേഹം അടുത്തെത്തുന്നതുവരെ, ചമ്മിപ്പമ്മി നടന്നു. അല്ലെങ്കിൽ തോമസ്സുകുട്ടീ വിട്ടോടാന്നേ പറയുമായിരുന്നുള്ളൂ. റോഡും പാടവും വിട്ട്, രണ്ടാളും മൂന്നാമത്തെ വഴിക്ക് വെച്ചുപിടിച്ചേനെ. അടുത്തെത്തിയപ്പോൾ, അദ്ദേഹത്തോട്, കാര്യം വിശദീകരിച്ചു. പിന്നെ വീട്ടിൽ പോയി എല്ലാവരോടും പറഞ്ഞ് ചിരിച്ചു. ഇപ്പോഴോർക്കാൻ കാരണം അച്ഛന്റെ അനിയത്തിയുടെ വിവാഹത്തിന്റെ (30 വർഷം മുമ്പാണ് - 1979ൽ) ആൽബത്തിൽ, ഫോട്ടോയിൽ ഇദ്ദേഹമുണ്ട്. (അതിൽ ഞാനുമുണ്ട്;)) അതു കണ്ടപ്പോൾ ഇക്കാര്യമെല്ലാം ഓർത്തു. ഇനിയിപ്പോ സഹോദരിയെ വിളിച്ചു ചോദിക്കണം, അവൾക്കിതുവല്ലതും ഓർമ്മയുണ്ടോന്ന്. ആളുമാറിപ്പോയ അമളികൾ പലർക്കുമുണ്ടാവും അല്ലേ?
Labels: ജീവിതം
14 Comments:
ആളു മാറിപ്പോയ അമളികൾ ഉണ്ടോന്നോ? ഒരു മഹാകാവ്യം എഴുതാനും മാത്രമുണ്ടു്. അതിഭീകര സംഭവങ്ങൾ!
ഏതായാലും അതൊന്നും എഴുതാൻ ഉദ്ദേശ്യമില്ല. ഉണ്ടെന്നറിയുന്നതു സൂവിനു സമാധാനമാവുമല്ലോ, അല്ലേ?
എല്ലാവര്ക്കും പറ്റാറുണ്ടാകണം ഇത്തരം അബദ്ധങ്ങള്‍...
നമ്മെക്കണ്ട് മറ്റുള്ളവര്‍ക്ക് ആളുമാറിയ അനുഭവവും ഉണ്ടായിട്ടുണ്ട്. ഒരിയ്ക്കല്‍ ഞാനും ചേട്ടനും ചാലക്കുടിയ്ക്ക് പോയി, തിരിച്ച് വീട്ടില്‍ പോകാനായി ബസ്സില്‍ ഇരിയ്ക്കുകയായിരുന്നു. ബസ്സിലെ അവസാനത്തെ നീണ്ട സീറ്റിലായിരുന്നു ഞങ്ങള്‍ ഇരുന്നിരുന്നത്. ബസ്സ് ഒരു സ്റ്റോപ്പില്‍ നിര്‍ത്തിയ സമയം. ഒരാള്‍ പുറകിലെ ഡോര്‍ വഴി ഓടിക്കയറിയതും ചേട്ടന്റെ പുറത്ത് ഒറ്റയടി. ചേട്ടന് സാമാന്യം വേദനിച്ചു. ചേട്ടന് കുറച്ചൊരു നീരസത്തോടെ മുഖം ചുളിച്ചു കൊണ്ട് അയാളെ ചോദ്യ ഭാവത്തില്‍ നോക്കി. അപ്പോഴുണ്ട് അയാള്‍ നിന്ന് പരുങ്ങുന്നു. “സോറി ചങ്ങാതീ... ആളു മാറിപ്പോയതാ... പുറകില്‍ നിന്ന് കണ്ടപ്പോള്‍ എന്റെ ഒരു ക്ലോസ് ഫ്രണ്ട് ആണെന്ന് കരുതി. ഒന്നും തോന്നല്ലേ...” എന്ന് ചമ്മിയ മുഖഭാവത്തോടെ കഷ്ടപ്പെട്ട് അയാള്‍ ഒരു വിധം പറഞ്ഞൊപ്പിച്ച് തിരിഞ്ഞു നോക്കാതെ നീങ്ങിത്തുടങ്ങിയ ബസ്സില്‍ നിന്നും പുറത്തേക്കെടുത്തു ചാടി.
:)
...ഒരിക്കല്‍ സ്കൂളില്‍ വെച്ച് ഒരു മാഷിനെ ( മൂപ്പര്‍ക്ക് ഉയരവും വണ്ണവും നന്നെ കുറവാണ്..)
എന്റെ കൂട്ടുകാരന് ആണെന്നു കരുതി ഒരു തള്ള് കൊടുത്തതു ഓര്‍മ്മ വന്നു... :)
ആളുമാറല്‍ കഥകളുടെ നടുക്കുന്ന നേര്കാഴ്ചകള് നമുക്ക് ഗുണ്ടാ സംഘങ്ങള്‍ കാണിച്ചു തന്നിരിക്കുന്നത് വെറുതെ ഓര്‍ക്കുന്നു! ഇത് പലര്‍ക്കും സംഭവിക്കുന്നത് യാദൃശ്ചികമായാണ്, ഗുണ്ടകള്‍ക്ക് ഒഴികെ!:)
ഹയ്യൊ സൂവേ ചമ്മിയ കഥ ഉണ്ടോന്ന്
ഇതൊക്കെ എന്തോന്ന്? ഇതു വല്ലതും ചമ്മലാണൊ?
സൈക്കിളില്‍ പോയ ഒരാളെ എന്റെ കസിന് ആണെന്നു തെറ്റിദ്ധരിച്ചു ഓടിച്ചിട്ടു പിടിച്ചു നിര്‍ത്തിയ ഒരു അനുഭവം അങ്ങനെ പെട്ടെന്നു മാക്കാന് പറ്റുമോ അതൊന്നു മാത്രം
ആളുമാറലിൽ ഇതൊന്നും തീരെ ക്ലാസിക്കല്ല.
ക്ലാസ്മേറ്റാണെന്നു കരുതി കാമ്പസ് കാലത്ത് ബസ്സിൽ മിന്നിലിരുന്ന ഒരു പൊങ്കൊച്ചിന്റെ മുടിയിലാകെ കടലാസുചീന്തിയിട്ടു.ഭാഗ്യത്തിന് അടികിട്ടിയില്ല.
good post.
തോമസ്സുകുട്ടീ വിട്ടോടാന്നേ പറയുമായിരുന്നുള്ളൂ. റോഡും പാടവും വിട്ട്, രണ്ടാളും മൂന്നാമത്തെ വഴിക്ക് വെച്ചുപിടിച്ചേനെ
സത്യം
ഛായ്! ആള് മാറുകയോ?? എനിക്കോ?? എന്റേത് 20X ഒപ്റ്റിക്കല്‍ സൂമാ.
കൂട്ടുകാരനാണെന്നു കരുതി ഭയപ്പെടുത്താന്‍ രാത്രിയില്‍ എടുത്തുചാടിയത് സ്വന്തം അച്ഛന്റെ സ്കൂട്ടറിനു മുന്പിലേക്കെന്നറിഞ്ഞപ്പോള് വേലിചാടി ഓടിയത് ഞാനല്ല :)
ഞാനും കുറൂറൂം കൂടെ നടന്നു പോവുകയായിരുന്നു...കുറൂറു പെട്ടന്ന് എവിടെയോ നിന്നു...ഞാന്‍ വേറെ ആരുടേയോ കയ്യില്‍ കുറൂറു ആണെന്ന് കരുതി പിടിച്ചു നടക്കുകയാണ്...അയാള്‍ വരുന്നില്ലെന്ന് കണ്ടപ്പോള്‍ ദേഷ്യത്തോടെ തിരിഞ്ഞു വാ എന്ന് പറയാന്‍ തുടങ്ങി..പിന്നെ ഞാന്‍ അങ്ങ് അലിഞ്ഞു ഇല്ലാതായി!
ഉമേഷ്ജീ :) ഒന്നെങ്കിലും എഴുതൂ. എന്നാൽ ചിരിക്കാമല്ലോ. സമാധാനം ആയി.
ശ്രീ :) മാറിയെന്നറിഞ്ഞപ്പോൾ അയാളു പേടിച്ചുപോയിക്കാണും.
ഹൻല്ലാലത്ത് :) അതു കൊള്ളാം. വെറുതേ അറിയാത്ത ഭാവത്തിൽ തള്ള് കൊടുത്തതൊന്നും അല്ലല്ലോ അല്ലേ?
വാഴക്കോടൻ :) അങ്ങനെ ചില ആളുമാറലുകൾ കഷ്ടമാവും അല്ലേ?
പണിക്കർജീ :) അപ്പോ കാര്യമായിട്ടെന്തോ കിട്ടി അല്ലേ, അയാളോട്?
വികടശിരോമണി :) പേപ്പർ പോലെ ചീന്തിയെറിയാഞ്ഞത് ഭാഗ്യം.
രമണിഗ :) നന്ദി.
പാവപ്പെട്ടവൻ :)
ബിനോയ് :) ഇനി ആളു മാറില്ല അല്ലേ?
മേരിക്കുട്ടീ :) അങ്ങനെ എനിക്കും പറ്റി. അതൊരു വല്യ അമളി ആയിപ്പോയി.
എന്റെ ഒരു അനുഭവം കൂടെ...
നമ്മുടെ നാട്ടില്‍ 'ചെറുപ്പക്കാര്‍' ഇരിക്കുന്ന ഒരു ബെഞ്ച് ഉണ്ട്..
രാത്രിയാകുമ്പോള്‍ അവിടെ ചെറുപ്പക്കാര്‍ എല്ലാം ഒത്തുകൂടും..
സ്ട്രീറ്റ് ലൈറ്റ്-ഇല് നിന്നും കുറച്ചു മാറിയുള്ള ഈ മുള ബെഞ്ച് അങ്ങനെ സജീവമാവും..
അങ്ങനെ ഒരു ദിവസം ഒരാള്‍ സൈക്കിള്‍ ഓടിച്ചു അതുവഴി വരുന്നു.. ദൂരെ നിന്നും സൈക്കിള്‍ കണ്ട നമ്മള് അതിനു ഹെഡ് ലൈറ്റ് ഇല്ല എന്ന വലിയ സംഭവം കണ്ടുപിടിച്ചു... ആളാരാന്നു മനസ്സിലായില്ലേലും നല്ല മൂഡിലായിരുന്ന 'പി.ടി' ഒച്ചത്തെല് വിളിച്ചു പറഞ്ഞു...
"ഏതു xx-ന്റെ മോനാടാ രാത്രി ലൈറ്റ് ഇടാതെ വരുന്നേ???"...
സൈക്കിള്‍ ബെഞ്ചിന്റെ അടുത്തെത്തി..
അയാള്‍: "ഞാനാടാ നിന്റെ അമ്മേന്റെ കെട്ടിയോന്"...
'പി.ടി' ഞെട്ടി... നമ്മളും.. അത് 'പി ടി'ന്റെ അച്ഛനായിരുന്നു എന്ന് അപ്പോളാ കണ്ടേ... പിന്നെ മൂപ്പര് നല്ല 'മൂഡില്‍' ആയോണ്ട് (പണിയൊക്കെ കഴിഞ്ഞു വരുന്നതല്ലേ, ഷാപ്പില് കേറാതെ എങ്ങനാ?) വേറെ കൊഴപ്പോന്നും ഉണ്ടായില്ല....
ആദ്യായിട്ടാ ഈവഴി... വഴി ഇഷ്ടപ്പെട്ടു..
വളരെ സീനിയര്‍ ആണല്ലേ!!!.
ഇതുവഴി വരാന്‍ സാധിച്ചതില്‍ വളര സന്തോഷം... ഇനിം വരും.. :)
ഈ അബദ്ധം ആർക്കും പറ്റും.
സുധീഷ് :) സന്തോഷം.
വീ. കെ. :)
Post a Comment
Subscribe to Post Comments [Atom]
<< Home