Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, May 29, 2009

രണ്ടു പ്രണയകഥകൾ

രണ്ടു പുസ്തകങ്ങൾ. ഒന്ന് മലയാളവും ഒന്ന് ഇംഗ്ലീഷും. രണ്ടിലും പ്രണയമാണുള്ളത്. എന്നാൽ രണ്ടെഴുത്തുകാരും, വ്യത്യസ്തരീതിയിലാണ് പ്രകടിപ്പിച്ചിട്ടുള്ളത്. രണ്ടിൽനിന്നും വായിച്ചെടുത്തത്, വളരെച്ചുരുക്കത്തിൽ മാത്രമാണ് താഴെ എഴുതിയിരിക്കുന്നത്. പുസ്തകത്തെക്കുറിച്ച് ചെറുതായ രീതിയിൽ മനസ്സിലാക്കാൻ ഉപകരിച്ചേക്കും.

1. അനുരാഗത്തിന്റെ ദിനങ്ങൾ - ബഷീർ.

അനുരാഗത്തിന്റെ ദിനങ്ങൾ എന്നത് വൈക്കം മുഹമ്മദ്ബഷീറിന്റെ ഒരു നോവലാണ്. അദ്ദേഹത്തിന്റെ മറ്റുകഥകളിൽ ഉള്ളതുപോലെ അത്ര തമാശയില്ല വായിച്ചെടുക്കാൻ. തീരെയില്ലെന്നൊന്നും പറഞ്ഞൂടാ. ഇത് കാമുകന്റെ ഡയറിയാണ്. ശരിക്കും നോവൽ അല്ല, ജീവിതകഥയാണ്. പരസ്പരം പ്രണയിക്കുന്ന രണ്ടുപേരുടെ വിചാരങ്ങളും വികാരങ്ങളുമൊക്കെ പ്രകടിപ്പിച്ചിട്ടുള്ള എഴുത്തുകളാണ് ഈ നോവലിൽ മുഴുവൻ. പ്രണയമങ്ങനെ ഉയർന്നും താഴ്ന്നും, പിടിവിട്ടുപോയെന്നു കരുതിയും ഒക്കെ കടന്നുപോകും. കാമുകന്റെ ഡയറി എന്ന് ബഷീർ പറഞ്ഞിട്ടുള്ള ഈ നോവലിന്റെ പേര് “അനുരാഗത്തിന്റെ ദിനങ്ങൾ” എന്ന് ഇടുന്നത് എം. ടി. വാസുദേവൻ‌നായർ ആണ്.

ബഷീറിന് മുപ്പത്തിനാലോ മുപ്പത്താറോ പ്രായമായിരിക്കുമ്പോഴാണ് ഇരുപത്തിയാറരക്കാരിയായ സരസ്വതീദേവി അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വരുന്നത്. എന്നുവെച്ചാൽ മനസ്സിലേക്കും. സരസ്വതീദേവിയുടെ അയൽ‌വക്കത്തെ താമസത്തിനിടയിലാണ് പരിചയം ഉണ്ടാവുന്നത്. പരിചയം തുടങ്ങുന്നത്, സഹവിദ്യാഭ്യാസം എന്നതിനെക്കുറിച്ചൊരു പ്രസംഗം എഴുതിക്കിട്ടാൻ സരസ്വതീദേവി ബഷീറിനെ സമീപിക്കുമ്പോഴാണ്. എഴുതിക്കൊടുക്കുന്നു. പ്രസംഗത്തിൽ സരസ്വതീദേവിയ്ക്ക് ഒന്നാം സമ്മാനം കിട്ടുന്നു.

അങ്ങനെ പരിചയമൊക്കെ ആയി വന്നപ്പോൾ, ദേവി കുറച്ചുദിവസത്തേക്ക് മദ്രാസിലേക്ക് പോകുന്നു.അതിനിടയ്ക്ക്, ദേവിയെക്കുറിച്ചും, ദേവിയ്ക്ക് ഉണ്ടായിരുന്നെന്ന് പറയപ്പെടുന്ന പ്രണയത്തെക്കുറിച്ചുമൊക്കെ കേട്ടറിയുകയും, ദേവിയുടെ ഒരു പരിചയക്കാരന്റെ ലേഖനം പ്രസിദ്ധീകരിച്ചപ്പോൾ, അതിൽ ദേവിയുടെ അഭിപ്രായങ്ങളുമൊക്കെ വന്നപ്പോൾ, അയാളേയും ദേവിയേയും ചേർത്ത്, വെറുതേ ഓരോന്നൊക്കെ ആലോചിച്ചുകൂട്ടുകയും ഒക്കെച്ചെയ്തപ്പോൾ നമ്മുടെ നായകനു ദേവിയെ മറക്കുന്നതും വെറുക്കുന്നതുമാണു നല്ലതെന്ന് തോന്നി. ഉടനെ, ദേവി മദ്രാസിൽനിന്നു വരുന്നതിനുമുമ്പ് പെട്ടിയും കിടക്കയും ഒക്കെ വാരിക്കെട്ടി, വേറെ വീട്ടിലേക്കു താമസം മാറ്റി. കുറച്ചു ദിവസത്തേക്ക് സ്വന്തം വീട്ടിലേക്കും പോയി.

ദേവി വന്നു. ദേവിയുടെ ആദ്യത്തെ കത്തുവന്നു. തെറ്റിദ്ധരിക്കരുതെന്നും കാണുകയുണ്ടാവില്ലായിരിക്കും എന്നൊക്കെപ്പറഞ്ഞ്. താങ്കളെ ഇഷ്ടമാണ് എന്നും എഴുതിയിരുന്നു. അപ്പോപ്പിന്നെ അങ്ങോട്ടും ഒരു കത്ത്. ദേവിയെ നായകനും ഇഷ്ടമാണെന്നും പറഞ്ഞ്.

പിന്നെ അങ്ങോട്ടുമിങ്ങോട്ടും കത്തുകളുടെ പ്രവാഹമായിരുന്നു. അതാണ് ഈ അനുരാഗത്തിന്റെ ദിനങ്ങളിൽ സംഭവിച്ചത്.

പ്രണയം തുടങ്ങി. അതിലെ തകരാറുകളും തുടങ്ങി. ഇടയ്ക്ക് വഴക്കും ആയി. ഒക്കെ കത്തുകളിലൂടെ പ്രകടിപ്പിച്ചു തുടങ്ങി. ദേവി ഇടയ്ക്ക് മനം മാറി, സഹോദരാ എന്നും വിളിച്ച് കത്തെഴുതും, പിന്നെ സ്നേഹിക്കുന്നെന്നെഴുതും. ബഷീർ പ്രണയം കൊണ്ടു വിവശനാവും. അങ്ങനെ കത്തോട് കത്ത്. അങ്ങോട്ടുമിങ്ങോട്ടും. ദേവിയെ സ്നേഹിക്കുന്നെന്നും വിവാഹം കഴിക്കണമെന്നും നായകൻ. സ്നേഹിക്കുന്നുണ്ടെങ്കിലും, അമ്മയേയും അച്ഛനേയും, കുടുംബത്തേയും മറന്ന് സ്നേഹിക്കാൻ ദേവിക്ക് പേടി, മടി.

അങ്ങനെ കത്തെഴുതിക്കത്തെഴുതി സ്നേഹിച്ചുസ്നേഹിച്ച് ഒടുവിൽ, ദേവിയുടെ കല്യാണം വേറെ ആളുമായി കഴിഞ്ഞു. നായകൻ പറഞ്ഞു. എന്ത്?

“ഭർത്താവിനോട് നമ്മുടെ സ്നേഹത്തെപ്പറ്റി പറയണം. ദേവി പറഞ്ഞില്ലെങ്കിൽ വേറെ ആളുകൾ പറയും. ഞാൻ ദേവിയെ അനുഗ്രഹിക്കുന്നു. എല്ലാ ഐശ്വര്യങ്ങളും തന്ന് കരുണാമയനായ ദൈവം ദേവിയെ അനുഗ്രഹിക്കട്ടെ.” (അനുരാഗത്തിന്റെ ദിനങ്ങൾ - ബഷീർ - ഡി. സി. ബുക്സ്)

അങ്ങനെ അവിടെ ശുഭം!

എഴുതിയത് നായകൻ ആണെങ്കിലും, നായികയുടെ വിഷമം, കത്തുകളിലൂടെത്തന്നെ മനസ്സിലാവും. സ്നേഹമുണ്ട്, പ്രണയമുണ്ട്. പക്ഷേ അതൊക്കെ എവിടെയെത്തും എന്ന ഭീതിയും ഉണ്ട്. മുഹമ്മദീയനെയാണ് സ്നേഹിക്കുന്നതെന്ന ആശങ്കയുണ്ട്. കുടുംബാംഗങ്ങളെ വിഷമിപ്പിക്കാനാവില്ലെന്ന തോന്നലുണ്ട്. അങ്ങോട്ടുമിങ്ങോട്ടും പ്രത്യേക കരുതലുണ്ട്. ആകപ്പാടെയൊരു പ്രണയമയം. പ്രധാനമായും, കത്തുകളിലൂടെ ഒരു നോവൽ.

-----------------------------------------

2. ലവ് സ്റ്റോറി - എറിക് സെഗാൾ - Love Story - Erich Segal

ഒലിവറിന്റേയും ജെന്നിഫറിന്റേയും കഥ. അവർ കണ്ടുമുട്ടിയതിനെക്കുറിച്ച്, പ്രണയമായതിനെക്കുറിച്ച്, വിവാഹം കഴിച്ചതിനെക്കുറിച്ച് ഒക്കെയുള്ള കഥ. ഈ കഥ സിനിമയായും വന്നിട്ടുണ്ട്. 1970 - ൽ ആണ് ഈ കഥ ആദ്യമായിട്ട് പ്രസിദ്ധീകരിക്കുന്നത്. 21 മില്ല്യണിലധികം കോപ്പികൾ ചെലവായി എന്നു അറിഞ്ഞപ്പോൾ അതിശയമൊന്നും തോന്നിയില്ല. കഥ വായിച്ചുകഴിഞ്ഞപ്പോൾ ജെന്നിയും ഒലിവറും ഹൃദയത്തിലേക്ക് കയറി.

ഒലിവർ സമ്പന്നൻ ആണ്. ജെന്നി പാവമാണ്. സംഗീതം പഠിക്കുന്നു. രണ്ടാളും പ്രണയമായി. കുടുംബാംഗങ്ങളെ പരിചയപ്പെടുന്നു. ജെന്നിയ്ക്ക് ഏറ്റവും അടുത്തത് അവളുടെ അച്ഛൻ മാത്രമാണ്. ഒലിവറിന് പണക്കാരായ കുടുംബം ഉണ്ട്. ഒലിവർ, ജെന്നിയെ കല്യാണം കഴിക്കുന്നതിനെക്കുറിച്ച് പറഞ്ഞ് അച്ഛനുമായി തെറ്റുന്നു. എന്നിട്ട് വീടുവിട്ടിറങ്ങി, സ്വന്തം നിലയിൽ ജീവിക്കാൻ തുടങ്ങുന്നു.

രണ്ടാളും ഡിഗ്രിയെടുത്തുകഴിയുമ്പോഴാണ് വിവാഹം. അതുകഴിഞ്ഞ് ജീവിതത്തിന്റെ തിരക്കിലായി. ഓരോ ജോലിയൊക്കെ നോക്കി. ഒലിവർ നിയമബിരുദം നേടി. സന്തോഷമായി ജീവിക്കാൻ തുടങ്ങി.

കുട്ടികളില്ലാതിരുന്നതുകൊണ്ട് ഒരു ഡോക്ടറെ കാണാൻ പോകുന്നിടത്താണ് കഥ മാറുന്നത്. ടെസ്റ്റുകളൊക്കെ നടത്തിച്ച ശേഷം ഡോക്ടർ,അവരുടെ ജീവിതത്തിലെ സന്തോഷം ഇല്ലാതാക്കിക്കൊണ്ട്, ഒലിവറിനോടു പറയുന്നത് ജെന്നിയ്ക്ക് ലുക്കീമിയ ആണെന്നാണ്. ആദ്യം ജെന്നി അറിയുന്നില്ലെങ്കിലും, പിന്നീട് ഡോക്ടറുടെ അടുത്തുനിന്നുതന്നെ കാര്യങ്ങൾ മനസ്സിലാക്കുന്നു. അസുഖം വർദ്ധിക്കുകയും ജെന്നിയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. പണം ആവശ്യമായതുകൊണ്ട്, ഒലിവർ അച്ഛനെത്തേടി പോകുന്നു. പക്ഷെ, യഥാർത്ഥകാര്യം പറയാൻ തയ്യാറാവുന്നില്ല. ശമ്പളം കിട്ടുന്നില്ലേ, ജെന്നി ജോലി ചെയ്യുന്നില്ലേന്നൊക്കെ ചോദിക്കുന്നുണ്ടെങ്കിലും അച്ഛൻ പണം കൊടുക്കുന്നു. പക്ഷെ, ജെന്നി മരിക്കുന്നു. അച്ഛൻ വന്ന് ഒലിവറിനെ സമാധാനിപ്പിക്കുന്നു.

ജെന്നിയുടേയും ഒലിവറിന്റേയും സ്നേഹത്തിന്റെ, ജീവിതത്തിന്റെ കഥയാണെങ്കിലും, അച്ഛന്റേയും മകന്റേയും സ്നേഹവും, അച്ഛന്റേയും മകളുടേയും സ്നേഹവും ഒക്കെ ഈ കഥയിൽ ഉണ്ട്.

Labels:

11 Comments:

Blogger വല്യമ്മായി said...

ആദ്യത്തേത് മാത്രമേ വായിച്ചിട്ടുള്ളൂ.പരിചയപ്പെടുത്തലിനു നന്ദി.

Fri May 29, 06:25:00 pm IST  
Blogger Anil cheleri kumaran said...

പ്രണയം എപ്പോഴും ആവേശഭരിതം തന്നെ.

Fri May 29, 10:20:00 pm IST  
Blogger Balu said...

//ഈ കഥ സിനിമയായും വന്നിട്ടുണ്ട്.//
ഈ കഥ പല സിനിമകളായി വന്നിട്ടുണ്ട് എന്നല്ലേ ചേച്ചീ പറയേണ്ടത്? ഇന്ത്യയിലെ തന്നെ എല്ലാ ഭാഷകളിലും ഈ കഥ വെച്ച് ഒരു സിനിമ ഇറങ്ങിയിട്ടുണ്ടാവും..! ഈ കഥയെ പറ്റി വായിച്ചപ്പോള്‍ ആദ്യം ഓര്‍മ വന്നത് ഒരു ഇംഗ്ലീഷ് സിനിമയാണ് - A Walk to Remember. അതിലും നായികയ്ക്ക് ക്യാന്‍സര്‍ ആണ്.. നല്ല സിനിമയാ കേട്ടോ.. കണ്ടിട്ടില്ലെങ്കില്‍ ഒന്ന് കണ്ടു നോക്കൂ.. :)

അനുരാഗത്തിന്റെ ദിനങ്ങള്‍ മുഴുവന്‍ വായിക്കാന്‍ കഴിഞ്ഞില്ല. ആദ്യമൊക്കെ നല്ല രസമായിരുന്നെങ്കിലും പിന്നീട് വളരെ സീരിയസ് ആയിമാറി അത്. പിന്നെ വളരെ പതുക്കെയല്ലേ കഥ മുന്നോട്ട് പോകുന്നതും.. അങ്ങനെയങ്ങ് നിന്നു പോയി..

Sat May 30, 12:48:00 am IST  
Blogger ഹന്‍ല്ലലത്ത് Hanllalath said...

ഞാനും ആദ്യത്തേതേ വായിച്ചുള്ളൂ...
ആസ്വാദനം നന്നായിട്ടുണ്ട്..

Sat May 30, 12:24:00 pm IST  
Blogger മുസാഫിര്‍ said...

ഭാര്‍ഗ്ഗവീ നിലയത്തില്‍ നായകന്‍ നായികയ്ക്ക് കോളേജില്‍ പ്രസംഗിക്കാന്‍ എഴുതിക്കൊടുക്കുന്നതും സമ്മാനം കിട്ടുന്നതും ഒക്കെ സുല്‍ത്താന്‍ ജീവിതത്തില്‍ നിന്നും പകര്‍ത്തിയതാണ് അല്ലെ ?

Sat May 30, 12:34:00 pm IST  
Blogger ഉറുമ്പ്‌ /ANT said...

പരിചയപ്പെടുത്തിയതിനു നന്ദി.

Sun May 31, 01:22:00 pm IST  
Blogger വാഴക്കോടന്‍ ‍// vazhakodan said...

പരിചയപ്പെട്ടു! പെടുത്തിയതിനു നന്ദി.

Sun May 31, 08:22:00 pm IST  
Blogger മേരിക്കുട്ടി(Marykutty) said...

മദനോത്സവം(Kamal & serena Wahab)- ലവ് സ്റ്റോറിയുടെ വേര്‍ഡ്‌ ബൈ വേര്‍ഡ്‌ കോപ്പി ആണ്..

പിന്നെ, എറിക് സീഗളിന്ടെ class, prizes, doctors-ഒക്കെ നല്ലതാണു..ഒരു കാലത്ത് എന്റെ fav. author ആയിരുന്നു..

Mon Jun 01, 10:58:00 am IST  
Blogger മേരിക്കുട്ടി(Marykutty) said...

theres second part to Love story- its "Olivers's story"..I dint like it much..

Mon Jun 01, 10:59:00 am IST  
Blogger ശ്രീ said...

നന്നായി, സൂവേച്ചീ

Mon Jun 01, 11:10:00 pm IST  
Blogger സു | Su said...

വല്യമ്മായി :)

കുമാരൻ :)

ബാലു :) ആ സിനിമ കണ്ടില്ല. DVD കിട്ടുമോന്ന് നോക്കട്ടെ.

ഹൻല്ലലത്ത് :)

മുസാഫിർ :) ആയിരിക്കണം.

ഉറുമ്പ് :)

വാഴക്കോടൻ :)

മേരിക്കുട്ടീ :) സീഗൾ ആണല്ലേ? ഞാൻ അതൊന്നും വായിച്ചില്ല. ഇതു കണ്ടപ്പോൾ വാങ്ങി വായിക്കണംന്ന് തോന്നി. അതൊക്കെ കിട്ടിയാൽ വായിക്കും. ആ സിനിമ ഞാൻ കണ്ടെന്ന് തോന്നുന്നില്ല. മാടപ്രാവേ വാ എന്ന പാട്ട് അതിൽ ആണെന്ന് തോന്നുന്നു.

ശ്രീ :)

Tue Jun 02, 09:52:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home