Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, March 20, 2013

അതിരാണിപ്പാടത്ത് പോയീനും



കടപ്പാട് :- ഒരു ദേശത്തിന്റെ കഥ - എസ്. കെ. പൊറ്റെക്കാട്ട്. - ഡി സി. ബുക്സ്.

അതിരാണിപ്പാടത്തേക്കു പോയാൽ കൃഷ്ണൻ മാസ്റ്ററെ കാണാം. രണ്ടാം വിവാഹം നടത്തിക്കൊടുക്കാനും, സ്വത്ത് ഭാഗം വെച്ച് വീതം കൊടുക്കാനും ഒക്കെ വേണ്ടീട്ട്, ചേനക്കോത്തുതറവാട്ടിലെ കാരണവരായ ചേനക്കോത്തു കേളുക്കുട്ടിയ്ക്ക് കത്തും നോട്ടീസുമൊക്കെ അയച്ചു കാത്തിരിക്കുന്ന കൃഷ്ണൻ മാസ്റ്റർ. ഒന്നും നടന്നില്ല. കൃഷ്ണൻ മാസ്റ്റർ  വീണ്ടും വിവാഹം കഴിച്ച്, ഭാര്യയേയും, അമ്മയേയും, മൂന്നു മക്കളേയും കൂട്ടിയെത്തുന്നത് പട്ടണത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തായി അതിരാണിപ്പാടം എന്നു വിളിച്ചുവരുന്ന സ്ഥലത്തേക്കാണ്. മൊയ്തുമാപ്പിളയുടെ പറമ്പും പുരയും വാങ്ങി കുടുംബത്തോടൊപ്പം താമസിക്കുന്ന കൃഷ്ണൻ മാസ്റ്റർ. “ഇമ്മാഷ്ടറ് ഇങ്കിരീസാണ്” എന്നാണ് പറങ്ങോടൻ, ഭാര്യ പെരിച്ചിയോടു പറയുന്നത്. മാസ്റ്ററുടെ ആദ്യഭാര്യയിലുണ്ടായ മക്കൾ - കുഞ്ഞപ്പു, ഗോപാലൻ, സൂക്കേടുകാരനായ രാഘവൻ - മാസ്റ്ററോടൊപ്പമുണ്ട്. പിന്നെ അമ്മയും ഭാര്യയും. കുഞ്ഞപ്പു മഹാവികൃതിയാണ്. രാഘവൻ  അസുഖം അധികമായിട്ട് മരിക്കുകയാണ്. കുഞ്ഞപ്പു പട്ടാളത്തിൽ ചേരുന്നു. കൃഷ്ണൻ മാസ്റ്ററുടേയും കുട്ടിമാളുവിന്റേയും മകനാണ് ശ്രീധരൻ. ശ്രീധരൻ കൊച്ചുകുട്ടിയായിരിക്കുമ്പോൾത്തന്നെ കുഞ്ഞപ്പു
പട്ടാളത്തിൽ നിന്നു മടങ്ങിവരുന്നു.

പല യുദ്ധങ്ങളും കണ്ടുവന്ന് അതിനെക്കുറിച്ച് നാട്ടുകാരുടെ മുന്നിൽ ‘വിളമ്പുന്ന‘ കുഞ്ഞപ്പുവിനെ  കാണാം.  ശ്രീധരന്റെ  ജ്യേഷ്ഠനാണ് കുഞ്ഞപ്പു എന്നറിയാമല്ലോ. പട്ടാളക്കഥകളും പറഞ്ഞുനടന്ന് കൈയിലുള്ള കാശൊക്കെ തീർന്നപ്പോൾ അച്ഛനോടു പൈസ ചോദിച്ച് കിട്ടാഞ്ഞിട്ട്, തേങ്ങയിട്ട് അതും വിറ്റു കിട്ടിയ പൈസയൊക്കെ ശീട്ടുകളിച്ചു തീർത്ത കുഞ്ഞപ്പു.

ഞണ്ടുപിടിത്തവും അതിനിടയ്ക്കു തുടങ്ങി. പിന്നൊരു ദിവസം പെയിന്ററായി മാറിയ കുഞ്ഞപ്പു. പെയിന്ററായി മാറിയതിനു ഒരു കാരണമുണ്ട്. അതിരാണിപ്പാടത്തെ പെയിന്റർ സ്തേവയ്ക്ക് അഞ്ചു രൂപ കൊടുത്തിരുന്നു കുഞ്ഞപ്പു. തിരിച്ചു ചോദിച്ചപ്പോൾ സ്തേവ ഓരോ അവധി പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെയൊരു ദിവസം സ്തേവയുടെ പെയിറ്റ് വകകളൊക്കെ എടുത്തോണ്ടു പോന്നു. എന്നിട്ടോ? സ്വന്തം വീട്ടിലെ മരം കൊണ്ടുണ്ടാക്കിയ സകല വസ്തുക്കളും ചായം പൂശി. അങ്ങനെ ചിരവയും, ഉലക്കയും, ഉരലും ജനലുകളും തൂണുകളും ഒക്കെ നിറം മാറി. അപ്പോൾ സ്തേവ പൈസയും കൊണ്ടു വന്നു. സ്തേവയ്ക്കു കൊടുക്കാൻ പെയിന്റില്ല ബാക്കി. ആ അഞ്ചുരൂപ സ്തേവയ്ക്കു തന്നെ കിട്ടി. പിറ്റേന്നു മുതൽ ബസ്രാ കുഞ്ഞപ്പു (ബസ്രാ മരുഭൂമിയിലെ പട്ടാളക്കഥകൾ പറഞ്ഞുകേട്ട നാട്ടുകാർ കൊടുത്തതാണ് ഈ പേര്) പെയിന്റർ കുഞ്ഞപ്പു ആയി.

ഇലഞ്ഞിപ്പൊയിലിൽ ഉള്ളത് ശ്രീധരന്റെ അമ്മവീടാ‍ണ്. ഇടയ്ക്ക് മുത്തച്ഛൻ വന്ന് ശ്രീധരനെ അങ്ങോട്ടു കൂട്ടിക്കൊണ്ടു പോകും. അവിടെ ശ്രീധരന്റെ കൂട്ടുകാരനെ കാണാം. അപ്പു. അപ്പുവിന്റെ വീട്ടിൽ അമ്മയും, വയ്യാതെ കിടക്കുന്ന പെങ്ങൾ നാരായണിയുമാണുള്ളത്. നായ്ക്കുരണച്ചെടി കാണിച്ചുകൊടുത്തതും, ചീങ്കണ്ണിയെ കാണിച്ചുകൊടുത്തതും, നീലക്കൊടുവേലി കൈയിൽ വെച്ച്
മനസ്സിൽ എന്തു വിചാരിച്ചാലും നടക്കുമെന്നു പറഞ്ഞുകൊടുത്തതും അപ്പുവാണ്.  നീലക്കൊടുവേലി  കിട്ടിയാൽ ശ്രീധരനും കൊടുക്കാമെന്നും അപ്പു പറഞ്ഞിട്ടുണ്ട്. ശ്രീധരനു ഇലഞ്ഞിപ്പൊയിലിൽ  കറങ്ങി നടക്കാൻ വല്യ ഇഷ്ടമാണ്. കാട്ടിൽ പോകാം, പുഴവക്കത്തു പോകാം, മരത്തിൽ കയറാം.  കുറച്ചുവലുതായപ്പോൾ ഇലഞ്ഞിപ്പൊയിലിൽ പോയാലും അപ്പുവിനെ കൂട്ടിനു കിട്ടാതെ ആയി  ശ്രീധരന്. അപ്പുവും അവിടെയുള്ള അപ്പുണ്ണിയും ചേർന്ന് കക്കിരി കൃഷി തുടങ്ങിയിരുന്നു. അപ്പുവിനു  കുറേ ജോലിയുണ്ടായിരുന്നു അതുകൊണ്ട്.

അതിരാണിപ്പാടത്തു പിന്നാരൊക്കെയുണ്ട്? ഒരാളെ കൊന്നതിന് അന്തമാൻ ദ്വീപിലേക്കു നാടുകടത്തപ്പെട്ട്, അവിടെ ജീവിച്ച് തിരിച്ചെത്തിയ അന്തമാൻ ചാത്തപ്പനുണ്ട്. അന്തമാനിൽ ജീവിച്ച കഥകളൊക്കെ ശ്രീധരന്റെ വീട്ടിലിരുന്ന് പറയും ചാത്തപ്പൻ. പിന്നെയുള്ളത് കിട്ടൻ റൈറ്റർ ആണ്. കിട്ടൻന്നുള്ള പേരിനു കൂട്ടായി റൈറ്റർ എന്നു ചേർത്തുവെന്നല്ലാതെ യാതൊരു ജോലിയും ഈ  റൈറ്റർക്കില്ല. ചായ കുടിക്കാൻ നേരത്ത് ഏതെങ്കിലും വീട്ടിൽ ചെന്നിരിക്കും. ചായ കുടിച്ച്  കഥകളൊക്കെ പറഞ്ഞ് ഇരുന്നു അവിടെനിന്ന് ഊണും കഴിച്ചിട്ടേ റൈറ്റർ തിരിച്ചുപോകൂ.  റൈറ്റർക്ക് സഹായി ആയിട്ട് ഒരു തുപ്രനും ഉണ്ട്.

അതിരാണിപ്പാടത്തും ലഹളയുടെ കാലം വന്നു, പട്ടാളക്കാർ വന്നു. പല കഥകളും കേട്ടു. ലഹള തീരുകയും ചെയ്തു. കുറേപ്പേരെ ഒടുക്കിക്കൊണ്ട്.

അതിരാണിപ്പാടത്ത് ഒരു അപ്പക്കാരത്തി അമ്മയുണ്ട്. വെള്ളേപ്പം ഉണ്ടാക്കി വിൽക്കുന്ന അപ്പക്കാരത്തി. പെയിന്റർ സ്തേവയുടെ അമ്മയാണ് ഈ അപ്പക്കാരത്തി. ഒരിക്കൽ ഇവിടെനിന്ന് അപ്പവും വാങ്ങി പോകുമ്പോഴാണ് ശ്രീധരനെ പരുന്തു കൊത്തിയത്.

അതിരാണിപ്പാടത്ത് കൂനൻ വേലുവുണ്ട്, ഭാര്യ ആച്ചയുണ്ട് (ലഹളക്കാലത്ത് ആച്ച കുറേ സ്വരണ്ണാഭരണങ്ങളൊക്കെ എവിടുന്നോ കൊണ്ടുവന്ന് ഇട്ട്, അതു പോലീസ് കേസായി മാറിയിരുന്നു),  ചന്തുമൂപ്പരുണ്ട്, ‘ഈറ്റ’ക്കേളുവുണ്ട്, ശങ്കുണ്ണിക്കമ്പൌണ്ടറുണ്ട്.

ശ്രീധരൻ പുത്തൻ ഹൈസ്കൂളിൽ ആറാം ക്ലാസ്സിലെത്തിയപ്പോൾ (“ ആദ്യ ദിവസങ്ങളിൽ  ആ ഹൈസ്കൂൾ ഒരു മൃഗശാലയാണോ എന്നുകൂടി ശ്രീധരനു തോന്നിപ്പോയി. അദ്ധ്യാപകന്മാരിൽ അധികം പേരും അവരുടെ പരിഹാസപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ‘എരുമപ്പട്ടർ’, ‘കാണ്ടാമൃഗം’, ‘കുറുക്കൻസ്വാമി’, ‘പെരുച്ചാഴി’, അങ്ങനെയൊക്കെയായിരുന്നു അവർക്കു നൽകപ്പെട്ട നാമധേയങ്ങൾ. വിദ്യാർത്ഥികളെ ഭരിക്കുന്നതും നയിക്കുന്നതും തലമുതിർന്ന വികൃതിക്കുട്ടന്മാരായിരുന്നു.”)  പെയിന്റർ കുഞ്ഞപ്പുവിനെ, ശല്യക്കാരനായി നടക്കുന്നത് സഹിക്കാ‍തെ, അച്ഛൻ റെയിൽ‌വേയിൽ ജോലിക്കു പറഞ്ഞയച്ചു. അങ്ങനെ ശ്രീധരന്റെ ഏട്ടൻ, ബസ്ര കുഞ്ഞപ്പു, പെയിന്റർ കുഞ്ഞപ്പു, ഫിറ്റർ കുഞ്ഞപ്പുവായി.

പത്താം ക്ലാസ്സ് പാസായപ്പോൾ ഇലഞ്ഞിപ്പൊയിലിൽ പോയി. അപ്പോഴാണ് അപ്പുവിന്റെ അമ്മയും പെങ്ങൾ നാരായണിയും മരിച്ചുപോയതായി ശ്രീധരൻ അറിയുന്നത്.

അതിരാണിപ്പാടത്ത്, ഈർച്ചപ്പൊടിക്കൊട്ടയും തലയിൽ വെച്ച് പാട്ടും പാടി (“ഇപ്പം വന്ന കപ്പലിലങ്ങെന്തെല്ലാം ചരക്കുണ്ട്? ഇഞ്ചി, ചുക്ക്, ചുക്കടയ്ക്ക, കത്തി, കരണ്ടങ്ങൾ...”) നടക്കുന്ന ചാത്തുണ്ണിയുണ്ടായിരുന്നു. ഇലഞ്ഞിപ്പൊയിലിൽ വെച്ച് അമ്മ പറഞ്ഞാണ് ശ്രീധരൻ,  കൂട്ടുകാരനായ ചാത്തുണ്ണി മരിച്ചതറിഞ്ഞത്.

അതിരാണിപ്പാടത്ത് പുതുതായി, കോരൻ ബട്ളറുടെ ചായക്കടയുണ്ട്. ചന്തുമൂപ്പന്റെ മരുമകൻ വാസുവും (വെടിവാസു), പറങ്ങോടന്റെ അനിയൻ കിട്ടുണ്ണി എന്നിവരും അതിരാണിപ്പാടത്ത് എത്തിച്ചേർന്നിട്ടുണ്ട്.

കോളേജിൽ എത്തിയപ്പോൾ  കവിതയെഴുത്തും കഥയെഴുത്തും ഗംഭീരമായി നടത്തുന്നുണ്ട് ശ്രീധരൻ. തന്റെ കഥയും കവിതയുമൊന്നും പ്രസിദ്ധീകരിക്കാതെ നിരസിക്കുന്ന പത്രാധിപവർഗ്ഗത്തെ ശത്രുക്കളായും കണ്ടുകഴിഞ്ഞിരുന്നു. (മൂന്നു ശത്രുക്കളുണ്ട് ശ്രീധരന് - കൃഷ്ണപ്പരുന്ത്, കണക്ക്, പത്രാ‍ധിപന്മാര്).

സപ്പർസർക്കീട്ട്സെറ്റിനെയും അതിരാണിപ്പാടത്തു കാണാം. (“സപ്പർ സർക്കീറ്റ് സെറ്റ് എന്നൊരു ഗൂഢസംഘത്തിന്റെ സൂത്രധാരനായിരുന്നു ഭരതൻ. ആശ്ചയിൽ രണ്ടു തവണ സംഘാംഗങ്ങൾ തടിച്ചി കുങ്കിയമ്മയുടെ വീട്ടിൽ ഒത്തുചേരും. വരിപ്പണമെടുത്ത് ഒരു സപ്പർ (അത്താഴവിരുന്ന്) ഏർപ്പെടുത്തും. സപ്പറിനുശേഷം പ്രച്ഛന്നവേഷത്തിൽ പട്ടണമൂലകളിൽ ചുറ്റിക്കറങ്ങി പല നേരമ്പോക്കുകളും കാണിക്കും”). ഇവരുടെ കൂടെ ശ്രീധരനും ചേർന്നു.

കഥയെഴുതുന്ന ഇബ്രാഹിമിനെ കാണാം (ശ്രീധരന്റെ കൂട്ടുകാരൻ ദാമു പരിചയപ്പെടുത്തിയതാണ്). കോരപ്പൻ മീനാക്ഷി ദമ്പതികളേയും, അവരുടെ മകൾ സൌദാമിനിയേയും, അവരുടെ വീടായ കോർമീനായും കാണാം. കോരപ്പൻ മീനാക്ഷി എന്നീ പേരുകളിൽ നിന്നാണ് വീടിനു പേരിട്ടത്.

ശ്രീധരന്റെ ഏട്ടൻ ഗോപാലൻ അസുഖം വന്നു കിടക്കുന്നതു കാണാം. പിന്നെ മരിച്ചുപോകുന്നതും. ചികിത്സ പലതും നോക്കിയെങ്കിലും ഒന്നും ഏറ്റില്ല. അസുഖം ചികിത്സിക്കാൻ വന്ന ആൽത്തറ സന്യാസിയെ കാണാം. അയാളും ശിഷ്യനും പിന്നെ ഒളിച്ചോടിപ്പോയി. (“കന്നിപ്പറമ്പിലേക്ക് ഒരു കൊടുങ്കാറ്റുപോലെ കുതിച്ചുകേറി വരുന്നൂ. ആര്? - ആൽത്തറ സന്യാസി! കൃഷ്ണൻ മാസ്റ്റർ ഡയറി ദൂരെയെറിഞ്ഞ് ചാടിയെണീറ്റു. “ഹമാരാ ഭാണ്ഡ് കിധർ ഹൈ? ലാവോ-“ ഒരു സിംഹഗർജ്ജനം. സന്യാസിയുടെ ഭാണ്ഡം കാണാനില്ലത്രേ.”)

അതിരാണിപ്പാടത്തെ തിരുവാതിരയും, തിരുവാതിരക്കാലത്ത് ആദ്യമെത്തുന്ന, “ചെപ്പിത്തോണ്ടി തൊട്ട് ചൂഡൻ കർപ്പൂരം വരെയും, മുടിപ്പൂരണം മുതൽ ഒറ്റക്കൊമ്പിൽ ഇരട്ടത്തൂക്കം പാട്ടുപുസ്തകം വരെയുള്ള” പീഞ്ഞപ്പെട്ടിയുമായെത്തുന്ന കുഞ്ഞാലിമാപ്പിളയെ കാണാം. തിരുവാതിരനാൾ സൂര്യൻ മറഞ്ഞാൽ വേഷം കെട്ടി എത്തുന്ന പൊറാട്ടുനാടകക്കാരേയും കാണാം.

ഇന്റർമീഡിയറ്റു പരീക്ഷയിൽ ശ്രീധരൻ തോൽക്കുന്നു. പ്രശസ്തവാരികയിൽ ശ്രീധരന്റെ “മിന്നൽ‌പിണറുകൾ’ എന്ന കഥ വരുന്നുണ്ട്.

ശ്രീധരൻ ആദ്യം ഒരു പ്രേമലേഖനം ഒരു കുട്ടിയ്ക്ക് അയയ്ക്കുകയും ടീച്ചർ കണ്ടുപിടിക്കുകയും, അതു കൃഷ്ണൻ മാസ്റ്ററുടെ അടുത്തു എത്തുകയും അച്ഛനോടു ശ്രീധരനു വഴക്കു കിട്ടുകയും ഒക്കെയുണ്ട്. ഇതേ പ്രേമലേഖനത്തിന്റെ പേരിൽ പിന്നീടൊരിക്കൽ ശ്രീധരൻ തെറ്റിദ്ധരിക്കപ്പെടുകയും, അത് ആണ്ടി ഗുമസ്തൻ ശ്രീധരൻ എഴുതിയപോലെ എഴുതിയത് ആണെന്ന് തിരിച്ചറിയുകയും ചെയ്യുന്നതും ഒക്കെ അതിരാണിപ്പാടത്തെ കാഴ്ചകളിൽ ഉണ്ട്.

അതിരാണിപ്പാടത്തെ  ചായപ്പീടികയിൽ (കുമാരന്റെ ഭാരതമാതാ ടീഷാപ്പ്) കുതിരബിരിയാനി കാണാം. (പുട്ട്, പഴം, പപ്പടം ഇവ മൂന്നും കൂട്ടിച്ചേർത്താൽ കുതിരബിരിയാനി ആയി).

പൂവരശുക്കാവിലെ കീരൻ പൂശാരിയെ കാണാം. (“കാവിലെ പുരോഹിതൻ എന്ന പദവിയിൽ മാത്രമല്ല, മന്ത്രവാദി, വൈദ്യൻ, ജ്യോതിഷി, സാമുദായികനിയമോപദേഷ്ടാവ് എന്നീ നിലയിലും ചെറുമക്കളുടെയിടയിലെ ഒരു പ്രമുഖവ്യക്തിയാണ് കീരൻ”.).

അമ്മുക്കുട്ടി എന്നൊരു പെണ്ണിനെ കാണുന്നു, ശ്രീധരൻ. പിന്നെ, മാസങ്ങൾ കഴിഞ്ഞാണ്  അമ്മുക്കുട്ടിയെക്കുറിച്ചെന്തെങ്കിലും അറിയുന്നത്.  അമ്മുക്കുട്ടിയുടെ അനിയൻ, ഉണ്ണി, ശ്രീധരന്റെ കൈയിൽ, അമ്മുക്കുട്ടി എഴുതിയ കവിതകളുടെ പുസ്തകം കൊടുക്കുന്നു. അമ്മുക്കുട്ടി മരിയ്ക്കും മുമ്പ് ഏൽ‌പ്പിച്ചതാണെന്നു പറയുന്നു.

ചങ്ങാതിയായ കൃഷ്ണൻ മാസ്റ്ററെ കാണാനെത്തുന്ന മുക്കുവൻ എരപ്പനെ അതിരാണിപ്പാടത്തു കാണാം. മീനും കൊണ്ടാണ് എരപ്പൻ, ശ്രീധരന്റെ വീട്ടിൽ ചെല്ലുന്നത്. കടലിലെ കഥകളും പറഞ്ഞുകൊടുക്കും.

ഒടുവിൽ, കൃഷ്ണൻ മാസ്റ്റർ മരിച്ചു കഴിഞ്ഞ്, സ്വത്തുക്കൾ ഭാഗം വെച്ച് ഏട്ടൻ കുഞ്ഞപ്പു (കല്യാണം കഴിഞ്ഞിരുന്നു. കുട്ടികളും ഉണ്ട്.) പോയപ്പോൾ, അമ്മയേയും കൂട്ടി അതിരാണിപ്പാടം വിട്ട് ഇറങ്ങുന്ന, ശ്രീധരൻ, അമ്മയെ ഇലഞ്ഞിപ്പൊയിലിലാക്കി ബോംബെയ്ക്ക് പോകുന്നു.

പിന്നെയും കുറേക്കാലം കഴിഞ്ഞൊരിക്കൽ ശ്രീധരൻ അതിരാണിപ്പാടം കാണാൻ തിരിച്ചുവരുന്നു.

ഇതൊക്കെ അതിരാണിപ്പാടത്തെ കാഴ്ചകളിൽ ചിലതു മാത്രമാണ്. അതിരാണിപ്പാടത്ത് ഒരുപാടു കാഴ്ചകൾ ഉണ്ട്, പരിചയപ്പെടാൻ ഒരുപാടുപേരുണ്ട്. അവരുടെയൊക്കെ ജീവിതമുണ്ട്.

എന്റെ കാഴ്ചകളിൽ വളരെക്കുറച്ചു മാത്രമാണ് ഇവിടെയുള്ളത്.

ഒരു ദേശത്തിന്റെ കഥ - എസ്. കെ. പൊറ്റെക്കാട്ടിന്, 1973- ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും, 1980-ൽ ജ്ഞാനപീഠപുരസ്കാരവും,  ലഭിച്ച കൃതി.

Labels: ,

Tuesday, July 03, 2012

ഒരു കുടയും കുഞ്ഞുപെങ്ങളും


ഒരു കുടയും കുഞ്ഞുപെങ്ങളും! കേട്ടാൽത്തന്നെ ഇഷ്ടം തോന്നുന്നില്ലേ? മുട്ടത്തുവർക്കി എഴുതിയ കഥയാണ് ഒരു കുടയും കുഞ്ഞുപെങ്ങളും. 1961-ൽ ആണ് ഈ കഥ ആദ്യം പ്രസിദ്ധീകരിക്കുന്നത്. കുട്ടികളാണ് ഇതിലെ മുഖ്യകഥാപാത്രങ്ങൾ. ബേബിയും ലില്ലിയും. ആങ്ങളയും പെങ്ങളും.

കഥ തുടങ്ങുന്നത് മഴക്കാലത്താണ്. നല്ല മഴ പെയ്യുകയും, കുടയില്ലാതിരിക്കുകയും ചെയ്യുമ്പോൾ, ആരുടെയെങ്കിലും കുടക്കീഴിൽ നിന്നേക്കാമെന്നു വിചാരിക്കില്ലേ? ബേബി ലില്ലിയോടും അതാണ് പറഞ്ഞത്.

“ലില്ലീ മഴ വരുന്നു, നീ ആ പെണ്ണിന്റെ കൂടെ പൊയ്ക്കോ.” എന്ന്. ‘ആ പെണ്ണ്’ ഗ്രേസിയാണ്. പണക്കാരിക്കുട്ടിയാണ്. അവൾ പക്ഷേ, ലില്ലിയെ കുടയ്ക്കു താഴെ നിർത്തിയില്ല. സ്കൂളിലെത്താനുള്ള ധൃതിയിൽ മഴയത്ത് ഓടിയിട്ട് സ്ലേറ്റു പൊട്ടുകയും, പുസ്തകം കീറുകയും ചെയ്തു. നനഞ്ഞുകുളിച്ച് ചെളിപുരണ്ട് ക്ലാസിലെത്തിയപ്പോൾ ടീച്ചർ ക്ലാസിൽ കയറ്റിയും ഇല്ല.

ലില്ലിയെ കുടയിൽ കയറ്റാഞ്ഞതിനു ഗ്രേസിയോടു പകരംവീട്ടാൻ ബേബി പോയി. അവളുടെ വീട്ടിനു മുന്നിൽ ചെന്ന് അവളെ വിളിച്ച് കല്ലുകൊണ്ടൊരേറും കൊടുത്തു. എല്ലാവരും ഓടിക്കൂടിയപ്പോൾ അവൻ പേടിച്ചു ഒളിച്ചിരുന്നു. രാത്രിയിൽ വീട്ടിൽ പോയി ലില്ലിയോടു പറഞ്ഞു, എവിടെയെങ്കിലും പോവുകയാണെന്നും, പോയി വരുമ്പോൾ, ലില്ലിയ്ക്ക് കുട കൊണ്ടുക്കൊടുക്കാമെന്നും.

അവർക്ക് മാതാപിതാക്കന്മാരില്ല. അമ്മയുടെ സഹോദരിയാണ് കൂടെയുള്ളത്. മാമ്മിത്തള്ള. അവർക്ക് ആ കുട്ടികളെ ഇഷ്ടവുമില്ല. എന്തായാലും ബേബി അവിടേക്കോ പോയി. മാമ്മിത്തള്ള ലില്ലിയെ ഉപദ്രവിച്ചുകൊണ്ടിരുന്നു. വീട്ടുജോലി മുഴുവൻ ചെയ്യിച്ചു. സ്കൂളിൽ പോകേണ്ടെന്ന് പറയുകയും ചെയ്തു. ഒരുദിവസം ലില്ലിയുടെ കൈയിൽ നിന്നു ഒരു പിഞ്ഞാണം താഴെ വീണു പൊട്ടുകയും, മാമ്മിത്തള്ള, ലില്ലിയെ ഒരുപാടു തല്ലുകയും ചെയ്തു. പിറ്റേ ദിവസം ലില്ലിയും വീട്ടിൽ നിന്നിറങ്ങി.

ബേബിയും ലില്ലിയും രണ്ടുവഴിക്കായി. ലില്ലി ഒരു ഡോക്ടറുടെ അടുത്ത് എത്തിപ്പെടുന്നു. അവിടെ ഡോക്ടറുടെ കുട്ടികളിൽ ഒരാളെപ്പോലെ എല്ലാ സൌഭാഗ്യത്തിലും ജീവിച്ചു. ബേബി സൌദാമിനി എന്നൊരു യുവതിയുടെ വീട്ടിലെത്തിപ്പെടുന്നു. അവൾ ഒരു പാട്ടുടീച്ചറാണ്. ബേബി, സ്നേഹവാത്സല്യങ്ങൾ അനുഭവിച്ച് ആ വീട്ടുകാരോടൊപ്പം താമസിക്കാൻ തുടങ്ങി. അവന്റെ ആഗ്രഹം, ഒരു കുഞ്ഞുകുട വാങ്ങി, പെങ്ങൾക്കു കൊണ്ടുക്കൊടുക്കണം എന്നാണ്. ലില്ലിയുടെ ആഗ്രഹം, ഇച്ചാച്ചനെ എങ്ങനെയെങ്കിലും ഒന്നു കണ്ടെത്തുക എന്നാണ്. രണ്ടു പാവങ്ങളും അങ്ങനെ ദിവസങ്ങൾ തള്ളിനീക്കിക്കൊണ്ടിരുന്നു.

അവസാനം ബേബിയും ലില്ലിയും കണ്ടുമുട്ടുന്നു. അവരെ കൂട്ടിക്കൊണ്ടുപോയി വളർത്തിയ ആൾക്കാർ തന്നെ അവർ വീണ്ടും കണ്ടെത്തുന്നതിനും കാരണക്കാരാകുന്നു.

ഇനിയും കുറച്ചുകൂടെയുണ്ട് ഈ കഥ. ബേബിയുടേയും ലില്ലിയുടേയും ജീവിതത്തിലൂടെ കടന്നുപോകുന്ന കഥ. അവരെ സഹായിക്കുന്ന നല്ല മനുഷ്യരുടെ കഥ. സ്നേഹം നിറഞ്ഞ, വായിച്ചാൽ ആർക്കും ഇഷ്ടം തോന്നുന്ന, വായിച്ചാൽ മനസ്സിലാവുന്ന ഇത്തരം കഥകൾ ഒരിക്കലെങ്കിലും വായിക്കണം. വായിച്ചവർക്ക് വീണ്ടും വായിക്കാൻ തോന്നുകയും ചെയ്യും. കുട്ടികൾക്ക് വായിക്കാൻ കൊടുക്കുക. അല്ലെങ്കിൽ വായിച്ചുകൊടുക്കുക. വല്യവരും വായിക്കുക.

ഒരു കുടയും കുഞ്ഞുപെങ്ങളും - മുട്ടത്തുവർക്കി - ഡി. സി. ബുക്ക്സ്- വില . 60.00 രൂപ.

Labels:

Monday, March 19, 2012

കുട്ടികൾക്കു വായിക്കാനുള്ള പുസ്തകങ്ങൾ

ചിലർക്ക് അവധിക്കാലം തുടങ്ങി. ചിലർക്ക് അവധിക്കാലം വരുന്നു. അവധിക്കാലത്ത്, കളിക്കിടയിൽ അല്പം വായനയുംവേണ്ടേ? വായിക്കണമെന്നുണ്ടെങ്കിൽ ഈ പുസ്തകങ്ങളൊക്കെ നോക്കൂ. അച്ഛനമ്മമാർ നോക്കിയിട്ട് കുട്ടികൾക്ക് വാങ്ങിക്കൊടുക്കൂ, വായിച്ചുകൊടുക്കൂ.





കുട്ടിക്കഥകളും ചിത്രങ്ങളും - വി. സുത്യേയെവ് - വിവർത്തനം ചെയ്തിരിക്കുന്നത് - ആയിഷ (അയിഷ). 250 രൂപ.

ഈ പുസ്തകത്തിലുള്ളത്, കോഴിക്കുഞ്ഞും താറാക്കുഞ്ഞും, മൂന്നു പൂച്ചക്കുട്ടികൾ, കൂണിന്റെ അടിയിൽ, ആരു പറഞ്ഞു മ്യാവൂ?, പല വലിപ്പത്തിലുള്ള ചക്രങ്ങൾ, തോണി, സൂത്രവടി, ആപ്പിൾപ്പഴം, ചുണ്ടെലിയും പെൻസിലും, പൂവൻ‌കോഴിയും ചായങ്ങളും, ദുശ്ശീലമുള്ള പൂച്ചകൾ, ഫർ മരം, ഇതെന്തൊരു പക്ഷി?, എന്നീ കഥകളാണ്. വായിക്കാൻ നല്ല കുട്ടിക്കഥകൾ, കാണാനോ? ഭംഗിയുള്ള ചിത്രങ്ങളും.

കോഴിക്കുഞ്ഞും താറാക്കുഞ്ഞും, ഒരേ സമയത്തു മുട്ട വിരിഞ്ഞു പുറത്തുവരുന്ന കോഴിക്കുഞ്ഞിന്റേയും താറാക്കുഞ്ഞിന്റേയും കഥയാണ്. കോഴിക്കുഞ്ഞിനു താറാക്കുഞ്ഞു ചെയ്യുന്നതൊക്കെ ചെയ്യണം. കഥയുടെ അവസാനം ഇങ്ങനെയാണ് :-

“ഞാൻ നീന്താൻ പോകുകയാണ്” താറാക്കുഞ്ഞു പറഞ്ഞു.

“ഞാനും” കോഴിക്കുഞ്ഞു പറഞ്ഞു.

“നോക്ക്, ഞാൻ നീന്തുകയാണ്” താറാക്കുഞ്ഞു പറഞ്ഞു.

“ഞാനും” കോഴിക്കുഞ്ഞ് ഉറക്കെപ്പറഞ്ഞു. കഥ ഇങ്ങനെയൊക്കെ പോകുന്നു.

എന്നിട്ടെന്തായി? കോഴിക്കുഞ്ഞിനു നീന്താൻ അറിയില്ല. താറാക്കുഞ്ഞ്, കോഴിക്കുഞ്ഞിനെ വെള്ളത്തിൽ നിന്നും പിടിച്ചുകയറ്റി.

ഞാൻ ഇനിയും നീന്താൻ പോവുകയാണ് എന്നു താറാക്കുഞ്ഞു പറഞ്ഞപ്പോൾ, ഞാനില്ല എന്നു കോഴിക്കുഞ്ഞു പറയുന്നിടത്ത് കഥ തീരുന്നു.

ഈ പുസ്തകത്തിലെ ചിത്രങ്ങൾ നോക്കിയാൽത്തന്നെ കഥ ഏകദേശം പിടികിട്ടും. ഈ പുസ്തകം കുട്ടികൾക്കും വല്യവർക്കും ഒരുപോലെ ഇഷ്ടപ്പെടും.





മിഠായിപ്പൊതി - സുമംഗല - ഡി. സി. ബുക്ക്സ് - വില 160 രൂപ.

മിഠായിപ്പൊതി ശരിക്കും ഒരു മിഠായിപ്പൊതി തന്നെയാണ്. പൊതി തുറന്നുനോക്കിയാൽ നല്ല മിഠായികൾ കിട്ടും. വായിക്കാൻ നല്ല നല്ല കഥകളും, കാണാൻ നല്ല ചിത്രങ്ങളും. ഈ മിഠായിപ്പൊതി തുറന്നാൽ കിട്ടുന്ന മിഠായികളേതൊക്കെയാണെന്നറിയേണ്ടേ?

വിരുന്നുകാരൻ, കറുമ്പൻ കാക്ക, സർക്കസ്സുകാരൻ, പൂവാലന്റെ വയറ്റിൽ വേദന, മദമിളകിയ ആന, കുഴിമടിയൻ, മുള്ളൻ‌പന്നിയുടെ സ്വപ്നം, ദീർഘാപാംഗൻ, മൃഗങ്ങളുടെ ഗ്രാമം, കരടിയുടെ നല്ല കാലം, കൂനൻ കുട്ടി, കുട്ടനും പിശാചുക്കളും, എന്നിവയൊക്കെയുണ്ട്. പിന്നെയും പത്തുപതിനാറു കഥകളും ഉണ്ട്.

അപ്പമരം എന്നൊരു കഥയുണ്ട്. അതു വായിച്ചാലോ? അപ്പമരം ഉണ്ടാവാൻ അപ്പം നട്ട ഉണ്ണിയെക്കുറിച്ച് അറിയാം. ഉണ്ണിക്ക് ഒരു അപ്പം കിട്ടുന്നു. ഉണ്ണിയപ്പോ വിചാരിക്കും ഈ അപ്പം നട്ടാൽ അപ്പമരം ഉണ്ടാവും, പിന്നെ അപ്പം തിന്നാൻ വിഷമമില്ല, എന്നും അപ്പം തിന്നാമെന്ന്. ഉണ്ണി, അപ്പം കുഴിച്ചിടുന്നു. നട്ടുനനച്ചിട്ട് അപ്പം മുളച്ചില്ലെങ്കിലോയെന്നു കരുതി, ഉണ്ണി, അച്ഛന്റെ മുറുക്കാൻ ചെല്ലത്തിൽനിന്ന് കത്തിയെടുത്തുകൊണ്ടുവന്ന്, അപ്പം കുഴിച്ചിട്ടിടത്തുവന്നു ഭീഷണിപ്പെടുത്തുന്നു. “നാളേക്കീ അപ്പം മുളച്ചില്ലെങ്കിൽ, അച്ഛന്റെ കൊങ്ങണംകത്തികൊണ്ടൊന്നുരണ്ടൊന്നുരണ്ട്” എന്ന്. മരം വലുതാവാനും, കായ ഉണ്ടാവാനും, അതു പഴുക്കാനും ഒക്കെ ഉണ്ണി ഇങ്ങനെ ഭീഷണിപ്പെടുത്തും. മരം വലുതായീ, കായ വന്നൂ, അതു പഴുത്തു നല്ല പഴമായി. ഉണ്ണി, ഒറ്റയ്ക്കൊന്നും തിന്നില്ല, എല്ലാവർക്കും കൊടുത്തു. അപ്പഴാണ് ഒരു രാക്ഷസി ചാക്കും കൊണ്ടു വരുന്നത്. അപ്പം കൊടുക്കാൻ ഉണ്ണിക്കു സമ്മതം. പക്ഷേ, രാക്ഷസി ഉണ്ണിയെപ്പിടിച്ചു ചാക്കിലാക്കി കൊണ്ടുപോകുന്നു. അവിടെനിന്നും ഉണ്ണി രക്ഷപ്പെടുന്നു. വീണ്ടും പിടിച്ചുകൊണ്ടുപോകുന്നു. രാക്ഷസിയുടെ മകളെത്തന്നെ കൊന്ന് രാക്ഷസിക്കു കൊടുക്കും, ഉണ്ണി. അവിടെനിന്നു രക്ഷപ്പെട്ട് ഓടിയ ഉണ്ണി, കിണറ്റിൽ വീണൂന്നു കരുതി രാക്ഷസിയും കിണറ്റിൽ ചാടുന്നു. അങ്ങനെയാണു കഥ.




കുഞ്ഞിക്കൂനൻ - പി. നരേന്ദ്രനാഥ്. - ഡി. സി. ബുക്ക്സ് - വില 35 രൂപ.

കുഞ്ഞിക്കൂനന്റെ കഥയാണ് ഇത്. കുട്ടി ജനിച്ചപ്പോൾ പുറത്ത് ഒരു കൂനുണ്ടായിരുന്നതുകൊണ്ട്, എല്ലാവരും ആ കുട്ടിയെ കുഞ്ഞിക്കൂനൻ എന്നു വിളിച്ചു. കുഞ്ഞിക്കൂനന്റെ അമ്മ, കുഞ്ഞിക്കൂനൻ ജനിച്ച് അല്പദിവസങ്ങൾക്കുള്ളിൽ മരിച്ചുപോകുന്നു. കുഞ്ഞിക്കൂനന്റെ നക്ഷത്രം ശരിയല്ലാഞ്ഞതുകൊണ്ടാണ് അമ്മ മരിച്ചുപോയതെന്ന് കുഞ്ഞിക്കൂനന്റെ അച്ഛൻ കരുതുന്നു. അതുകൊണ്ടു കുഞ്ഞിക്കൂനനോടു ദേഷ്യമാണയാൾക്ക്. അവന്റെ അച്ഛനോടു സമ്മതം വാങ്ങിയിട്ട്, കുഞ്ഞിക്കൂനനെ, അടുത്ത ഗ്രാമത്തിലെ എഴുത്താശാൻ, വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു. അവിടെ, ആശാൻ പഠിപ്പിക്കുന്ന കുഞ്ഞുങ്ങളോടൊപ്പം കുഞ്ഞിക്കൂനനും പഠിക്കുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോൾ എഴുത്താശാൻ മരിക്കുന്നു. പിശാചായി നടിച്ച്, ആ ഗ്രാമത്തിലെ ആളുകളെപ്പറ്റിക്കുന്ന മന്ത്രവാദിയുടെ തട്ടിപ്പ് കുഞ്ഞിക്കൂനൻ കണ്ടുപിടിച്ച്, മന്ത്രവാദിക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നു. പകരം വീട്ടാൻ, മന്ത്രവാദി, കുഞ്ഞിക്കൂനന്റെ വീടു കത്തിച്ചുകളയുന്നു. സങ്കടത്തിൽ, കുഞ്ഞിക്കൂനൻ, നാടുവിട്ടു യാത്ര തുടങ്ങുന്നു.

ആ യാത്രയിൽ, കുഞ്ഞിക്കൂനൻ, കൊള്ളക്കാരുടെ കൈയിൽ‌പ്പെടുന്നു. അവിടെനിന്നു രക്ഷപ്പെട്ടിട്ട് എത്തുന്നത് മുക്കുവരുടെ അടുത്താണ്. അവിടെ ജീവിക്കാൻ തുടങ്ങുന്നു. അപ്പോഴാണ്, തലസ്ഥാനനഗരിയിൽ കള്ളന്മാരുടേയും കൊള്ളക്കാരുടേയും ശല്യം വർദ്ധിക്കുന്നത്. കള്ളന്മാരെ പിടിച്ചുകൊടുത്താൽ, മന്ത്രിസ്ഥാനവും, സമ്മാനങ്ങളും നൽകാമെന്ന് ജനങ്ങളോടു രാജാവ് പറയുന്നു. അപ്പോൾത്തന്നെയാണ് രാജാവിന്റെ മകന് പനിയുണ്ടാവുന്നത്. മാറാതെ പനി കൂടിക്കൂടിവന്നു. വൈദ്യൻ പറയും, മൃതസഞ്ജീവനിച്ചെടിയുടെ ഇല കിട്ടിയാൽ മാത്രമേ ഇനി
രാജകുമാരനെ രക്ഷിക്കാൻ പറ്റൂ എന്ന്. കുഞ്ഞിക്കൂനന് മൃതസഞ്ജീവനിച്ചെടി അറിയാം, കൊള്ളക്കാർ എവിടെയാണുള്ളതെന്നും അറിയാം. കൊള്ളക്കാരെ പിടിക്കാൻ സഹായിക്കുകയും, മൃതസഞ്ജീവനിച്ചെടി കിട്ടാൻ സഹായിക്കുകയും ചെയ്തതുകൊണ്ട് രാജാവ് സന്തോഷിച്ച്, കുഞ്ഞിക്കൂനനെ മന്ത്രിയാക്കാൻ പുറപ്പെടുന്നു. ഇതൊക്കെയാണ് കുഞ്ഞിക്കൂനന്റെ കഥ. പതിമൂന്ന് അദ്ധ്യായങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.


കഥ കുറേ വായിച്ചുകഴിഞ്ഞെങ്കിൽ, ഇനി കവിതകളാവാം. കുട്ടികൾക്കു പഠിച്ചു പാടി നടക്കാം.




പന്തളം കേരളവർമ്മയുടെ ബാലകവിതകൾ - മാതൃഭൂമി ബുക്ക്സ് - വില 35 രൂപ.

പന്തളം കേരളവർമ്മ എഴുതിയ ഈ കവിതകൾ, ഈ പുസ്തകത്തിൽ രണ്ടു ഭാഗങ്ങളിലായിട്ടാണുള്ളത്. ഒന്നാം ഭാഗത്തിൽ ബാലകവിതകളും, ഭാഗം രണ്ടിൽ സന്മാർഗ്ഗമാലയുമാണ്.

ബാലകവിതകളിൽ, ദൈവമേ കൈതൊഴാം, കളിക്കുട്ടി, മാസങ്ങൾ, കളിയും കാര്യവും, നേരം വെളുത്തു, തത്തമ്മയും പെൺ‌കുട്ടിയും, മഴത്തുള്ളികൾ, ഒരു കൊച്ചുകുട്ടി, താമര, പ്രാർഥന എന്നിങ്ങനെയൊക്കെയായിട്ട് മുപ്പത്തേഴ് കവിതകൾ ഉണ്ട്.

കളിക്കുട്ടി എന്ന കവിത (കുറച്ചുഭാഗം) ഇങ്ങനെയാണ്:-

‘പൈങ്കിളിയേ, പൈങ്കിളിയേ!
കളിയാടീടാൻ വരുമോ നീ”
“പാടില്ലാ, ചുള്ളികളാൽ
കൂടുചമയ്ക്കാൻ പോകുന്നു.”

‘വണ്ടത്താനേ വണ്ടത്താനേ
കളിയാടീടാൻ വരുമോ നീ
പാടില്ലാ, പൂക്കളിലെ-
ത്തേൻ നുകരാൻ പോകുന്നു.’

കുട്ടിക്കന്നേ! കുട്ടിക്കന്നേ!
കളിയാടീടാൻ വരുമോ നീ
പാടില്ലാ, കാടുകളിൽ
മേയാനായ്പ്പോകുന്നു.”

ആന എന്ന കവിതയിൽ നിന്നു കുറച്ചു ഭാഗം :-

വട്ടമേറും മുറം പോലെ കാതു;നൽ-
ച്ചട്ടിപോലെ പരന്നുള്ള കാലുകൾ
മുട്ടനാകും കുമള പതിച്ചിടും
മട്ടിൽ മൂന്നുമുഴകളാനെറ്റിയിൽ
നീണ്ടുരുണ്ടുള്ള തുമ്പിക്കരത്തിന്റെ
രണ്ടുഭാഗത്തും വമ്പിച്ചകൊമ്പുകൾ
അമ്പിലീമട്ടിൽ വാഴുന്ന വമ്പനാം
കൊമ്പനാനയെക്കാണുവിൻ കൂട്ടരേ!

രണ്ടാം ഭാഗം സന്മാർഗമാലയിൽ, ദൈവഭക്തി, പിതൃഭക്തി, സത്യം, പരോപകാരം, വിദ്യ, വിവേകം, സൌശീല്യം, കൃതജ്ഞത, ഐകമത്യം, വിനയം, സദാചാരം, ശുചിത്വം, ഉത്സാഹം, പൌരുഷം എന്നിങ്ങനെ പതിനാലു കവിതകളാണുള്ളത്.

ഉത്സാഹം എന്ന കവിത (കുറച്ചുഭാഗം മാത്രം).

മേരുവിലെന്തു കടപ്പാൻ വിഷമം
വാരിധികൂടെത്തരണം ചെയ്യാം
പാരിലസാധ്യമതായിട്ടൊന്നും
നേരൊടുമുത്സാഹിപ്പവനില്ല.


സത്യം എന്ന കവിത (കുറച്ചുഭാഗം മാത്രം).

മർത്ത്യരിൽ പ്രിയമണച്ചിടുന്ന സൽ-
ക്കൃത്യമുണ്ടുപലതെന്നിരിക്കിലും
നിത്യവും കുശലമേകിടുന്നതാം
സത്യമാണു സകലത്തിലും വരം
വിത്തമല്ല, കുലമല്ല, കാന്തിയോ-
ടൊത്ത രൂപഗുണമല്ല പാരിതിൽ
സത്തുക്കൾക്കു വിജയത്തെ നേടുവാൻ
സത്യമാണു വലുതായ സാധനം.








മഹാകവികളുടെ കുട്ടിക്കവിതകൾ - ഡി. സി. ബുക്ക്സ് - വില 40 രൂപ.

ഈ പുസ്തകത്തിൽ എഴുത്തച്ഛൻ, വള്ളത്തോൾ, കുമാരനാശാൻ, ശങ്കരക്കുറുപ്പ്, വൈലോപ്പിള്ളി, പി. കുഞ്ഞിരാമൻ നായർ, കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള, എൻ. എൻ. കക്കാട്, കവിതിലകൻ കെ. പി കറുപ്പൻ, ഇടശ്ശേരി ഗോവിന്ദൻ നായർ, വയലാർ രാമവർമ്മ, വെണ്മണി മഹൻ നമ്പൂതിരിപ്പാട്, പള്ളത്ത് രാമൻ, ഉള്ളൂർ, കുഞ്ചൻ നമ്പ്യാർ, കെ. സി. കേശവപ്പിള്ള, വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, പന്തളം കേരളവർമ്മ, രാമപുരത്തുവാര്യർ, കുട്ടമത്ത് കുന്നിയൂരു കുഞ്ഞികൃഷ്ണക്കുറുപ്പ്, ഇടപ്പള്ളി രാഘവൻ പിള്ള, ഇരയിമ്മൻ തമ്പി, സിസ്റ്റർ മേരി ബനീഞ്ജ മുതലായ കവികളുടെയൊക്കെ ബാലകവിതകളാണുള്ളത്. ചിലരുടെ ഒന്നിലധികം കവിതകൾ ഉണ്ട്. നാല്പത്തൊന്നു കവിതകൾ ഉണ്ട് ഈ പുസ്തകത്തിൽ. കവികളെക്കുറിച്ചുള്ള വിവരങ്ങളും
നൽകിയിട്ടുണ്ട്.

മഴവില്ല് - ശങ്കരക്കുറുപ്പ്.

വാർമഴവില്ലേ വന്നാലും
വാനിൽ മടിയിലിരുന്നാലും
കൺ‌കുളിരുന്നൂ കാണുമ്പോൾ
കരൾ നോവുന്നൂ മായുമ്പോൾ
ആരു നിനക്കീ നിറമേകീ?
ആരു നിനക്കീ നില നൽകീ?



മഴവില്ലേ നീ മായരുതേ! - വയലാർ രാമവർമ്മ

മാനത്തെത്തിയ മഴവിൽക്കൊടിയേ
മായരുതേ, നീ മായരുതേ
ഈരദപാളികൾ തോളിലുയർത്തിയ
നീലപ്പീലിക്കാവടിയേ!
ഇന്നലെ രാത്രിയിൽ വെൺ‌തിങ്കൾക്കല
നിന്നുമയങ്ങിയ മലമുടിയിൽ,
വരളും മണ്ണിനു ദാഹം തീർക്കാൻ
വാർമഴവില്ലേ, നീ വന്നൂ!

വണ്ട് - പള്ളത്തു രാമൻ.

വരികെന്നരികേ വരിവണ്ടേ
വിരിയും പൂവിലിരിക്കേണ്ടേ!
പനിനീർപൂവിത നിൽക്കുന്നു!
പരിമളമുണ്ടു പരക്കുന്നു.

പലതരമിങ്ങനെ സൽക്കാരം
മലരിലെ മധുവാം പലഹാരം
പൂങ്കുലയിങ്കലിരുന്നിടവെ
തേൻ‌കുടിയിങ്ങു തുടർന്നിടവേ.



ആദ്യകാല ബാലകവിതകൾ - എഡിറ്റർ ഡോ. എഴുമറ്റൂർ രാജരാജവർമ്മ - ഡി. സി. ബുക്ക്സ് - വില - 70 രൂപ.

കേരളവർമ്മ വലിയ കോയിത്തമ്പുരാൻ, വള്ളത്തോൾ, കുമാരനാശാൻ, എം. രാജരാജവർമ്മ, കുണ്ടൂർ നാരായണമേനോൻ, അഴകത്തു പത്മനാഭക്കുറുപ്പ്, ഏവൂർ എൻ. വേലുപ്പിള്ള, കെ. സി. കേശവപ്പിള്ള, മുതലായ പത്തിരുപത്തഞ്ചുപേരുടെ കവിതകളാണ് ഈ പുസ്തകത്തിലുള്ളത്. കവിതകൾ കൂടാതെ, ഓരോ കവിയെക്കുറിച്ചുമുള്ള വിവരങ്ങളും നൽകിയിട്ടുണ്ട്, ഈ പുസ്തകത്തിൽ.

കെ. സി. കേശവപ്പിള്ളയുടെ ഒരു കവിതയിൽ നിന്ന്:-

പുസ്തകങ്ങളിലഴുക്കു പറ്റിയാ-
ലത്തലേറ്റവുമെനിക്കു വന്നിടും;
പുത്തനായവ സദാ വിളങ്ങിയാ-
ലെത്തുമിങ്ങധികമായ കൌതുകം.
താറുമാറവയെറിഞ്ഞിടാതെയും
കീറിടാതെയുമൊരല്പ ഭാഗവും
സാറിനുള്ളു തെളിയുന്ന മട്ടിൽ ഞാൻ
കൂറൊടൊത്തു മുറ പോൽ പഠിച്ചിടും.

ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ എഴുതിയ കൊയ്ത്തുകാലം എന്ന കവിതയിൽ നിന്ന്. ഇതു വഞ്ചിപ്പാട്ടാണ്.

നാട്ടിൻപുറങ്ങളിലുള്ള
കുട്ടികൾക്കു നല്ലോരോണം
വിട്ടാൻ പിന്നെ ‘കൊയ്ത്തുകാലം’
വിശേഷമല്ലോ.

രണ്ടു പൂവു ‘വിരിപ്പെ’ന്നും
‘മുണ്ടക’ നെന്നുമുണ്ടതിൽ
മുണ്ടകൻ കൊയ്യുന്ന കാലം
മുഴുത്തമോദം

പുല്ലുചെത്തി മുറ്റത്തുള്ള
കല്ലും മണ്ണുമെല്ലാം നീക്കി
നല്ലപോലെ തേച്ചിടുന്നു
നെല്ലു ചിക്കുവാൻ

ഏ ആർ. രാജരാജവർമ്മയുടെ കുയിൽ എന്ന കവിതയിൽ നിന്ന്.

പ്രിയമേറുമെനിക്കു പാട്ടു കേൾക്കാൻ
കുയിലേ! പാടുകയൊന്നെനിക്കുവേണ്ടി
തെളിവോടു കളിക്ക, പുഷ്പകാലം
വെളിവായെന്നു പറഞ്ഞിടുന്നിതോ നീ?

ചൊടിയുണ്ട് നിനക്കു പാട്ടു പാടാൻ;
മടി താൻ പിന്നൊരു കൂടു തീർത്തിരിപ്പാൻ;
പിടയാളവൾ മുട്ടയിട്ടിടിടുമ്പോ-
ളടവയ്ക്കാൻ മറുപക്ഷി വേണമല്ലോ.


പന്തളം കേരളവർമ്മയുടെ കളി എന്ന കവിതയിൽനിന്ന്:-

നേരാണയ്യാ രസമിപ്പോൾ-
നേരം നാലരയായല്ലോ;
നേരേ ചേർന്നു കളിപ്പാനി-
ന്നോരോ കുട്ടികൾ കൂടുന്നു.

ഓടുന്നൂ, ചില കുട്ടികൾ നി-
ന്നാടുന്നൂ, ചിലർ തുള്ളുന്നൂ,
ചാടിച്ചിലരുടെ കാലിടറി-
ക്കൂടിത്തറമേൽ വീഴുന്നു.

ഇങ്ങനെയൊക്കെപ്പോകുന്നൂ, കുട്ടികൾക്കുള്ള പുസ്തകങ്ങളിലെ കാര്യങ്ങൾ. എല്ലാവരും വായിക്കുക.

കവിതകളും കഥകളും എഴുതിയവർക്കും, മാതൃഭൂമി ബുക്ക്സിനും, ഡി. സി. ബുക്ക്സിനും, നന്മ എന്റർപ്രൈസസിനും കടപ്പാട്.

വില, ഞാൻ വാങ്ങിയപ്പോൾ കൊടുത്ത വിലയാണ് എഴുതിയിരിക്കുന്നത്. മാറ്റമുണ്ടാവാം.

പോസ്റ്റിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക. പറയുക.

Labels: ,

Friday, February 04, 2011

പ്രകാശം ഇല്ലാഞ്ഞപ്പോൾ




ആശാപൂർണ്ണാദേവിയുടെ ഒരു നോവലാണ് പ്രകാശം ഇല്ലാഞ്ഞപ്പോൾ. ജഗൻ അലോഗ് നാ ഹിറെ എന്ന ബംഗാളിനോവലാണ് മലയാളത്തിൽ, പ്രകാശം ഇല്ലാഞ്ഞപ്പോൾ എന്ന പേരിൽ നോവലായത്.

നിസ്സഹായരായ, എന്നാൽ പരസ്പരസ്നേഹമുള്ള ചില ജീവിതങ്ങളാണ് ഈ നോവലിൽ ഉള്ളത്. നോവലിന്റെ ചുരുക്കം എഴുതിയിടുന്നു.

ആദിനാഥൻ എന്ന വൃദ്ധനായ, അന്ധനായ ഒരാളാണ് ഇതിലെ മുഖ്യകഥാപാത്രം. അദ്ദേഹം പുത്രനോടും, പുത്രന്റെ കുടുംബത്തോടുമൊപ്പം താമസിക്കുന്നു. അദ്ദേഹത്തിനു ജോലിയുണ്ടായിരുന്നു, ഇപ്പോൾ പെൻഷനും. വൃദ്ധനാണെങ്കിലും അദ്ദേഹം നന്നായി ഭക്ഷണം കഴിക്കുന്ന ആളാണ്. സമയാസമയങ്ങളിൽ അദ്ദേഹത്തിന്റെ ഇഷ്ടമനുസരിച്ചുള്ള ഭക്ഷണം നൽകുകയാണ് അദ്ദേഹത്തിന്റെ മകന്റെ ഭാര്യയുടെ പ്രധാനജോലി എന്നു പറഞ്ഞാൽ‌പ്പോലും തെറ്റില്ല. ഭക്ഷണക്കാര്യത്തിൽ അതീവശ്രദ്ധാലു ആയതുകൊണ്ടുതന്നെ, അന്ധനെന്നതൊഴിച്ചാൽ അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ഒരു കുഴപ്പവുമില്ല. അദ്ദേഹം നാടുചുറ്റാൻ ഇറങ്ങുമ്പോൾ, പൌത്രൻ സുബലിനെയാണ് ആശ്രയിക്കുന്നത്. ദേവനാഥനാണ് ആദിനാഥന്റെ മകൻ. അയാൾ ജോലിക്കു പോകുന്നുണ്ട്.

മാധുരിയാണ് ആദിനാഥന്റെ മരുമകൾ. ആദിനാഥന് ഭക്ഷണം ഒരുക്കിക്കൊടുക്കൽ ഒരു കാര്യമായ ജോലിയാണെങ്കിലും സന്തോഷത്തോടെയാണ് അവൾ ചെയ്യുന്നത്. പരാതിയെന്തെങ്കിലും ഉണ്ടെങ്കിൽത്തന്നെ അവൾ മനസ്സിൽ അടക്കിവെച്ച് നല്ല പെരുമാറ്റമേ കാണിക്കുകയുള്ളൂ.

ഡോക്ടർ ബിഹാരി, ഗ്രാമത്തിലെ ഡോക്ടറാ‍ണ്. അയാൾ, ആദിനാഥനു കാഴ്ച തിരിച്ചുകിട്ടുമെന്ന് ഉറപ്പുകൊടുക്കുന്നുണ്ട്. പറ്റിയ്ക്കാൻ പറയുന്നതല്ല, സഹതാപം തോന്നിയിട്ട് പറയുന്നതാണ്. ആദിനാഥൻ ദിവസവും ഡോക്ടർക്ക് നാലണ കൊടുക്കും.

അന്ധനായതുകൊണ്ട് മറ്റുള്ളവരുടെ വാക്കുകളിലൂടെയാണ് ആദിനാഥൻ എല്ലാം അറിയുന്നത്. അതുകൊണ്ടുതന്നെ ചിലതൊക്കെ അറിയാതെപോകുന്നുമുണ്ട്.

ദേവനാഥന് ജോലി നഷ്ടപ്പെടുമ്പോഴാണ് കാര്യങ്ങൾ കുറച്ചു കുഴപ്പത്തിലാവുന്നത്. അയാൾ ആരേയും അറിയിക്കാതെ നോക്കാമെന്നു കരുതിയെങ്കിലും, മാധുരി അറിയുന്നു. പിന്നീട് സുബലും. അച്ഛനോട് ദേവനാഥൻ പറയുന്നത്, ഓഫീസിൽ ഹർത്താ‍ലാണെന്നും അതുകൊണ്ട് കുറച്ചുദിവസത്തേക്ക് പോകേണ്ടെന്നുമാണ്. ആദിനാഥന്റെ പെൻഷൻ ഉള്ളതുകാരണം, അദ്ദേഹത്തിന്റെ കാര്യങ്ങളൊക്കെ ഒരു കുറവും ഇല്ലാതെ തന്നെ നടന്നുപോകുന്നുണ്ട്.

പിന്നീട് വീട്ടിലെ കാര്യങ്ങളെല്ലാം താളം തെറ്റാൻ തുടങ്ങുന്നു. മാധുരി വീട്ടിലെ കാര്യങ്ങൾ മറ്റുള്ളവരെ അറിയിക്കാതെ നോക്കുന്നു. കൂട്ടുകാരിയോട് പിണക്കത്തിലാവുകപോലും ചെയ്യുന്നു. ഒടുവിൽ ആദിനാഥൻ എല്ലാ കാര്യങ്ങളും അറിയുന്നു. തന്നെ വല്ല ആശ്രമത്തിലേക്കും അയയ്ക്കാൻ മകനോടു പറയുന്നു. എല്ലാവരും എല്ലാം മറച്ചുവെച്ച്, തെറ്റിദ്ധരിപ്പിച്ച് കഴിയുകയായിരുന്നെന്ന് തനിക്കു ആദ്യമേ മനസ്സിലായെന്ന് അയാൾ പറയുന്നു.

കഷ്ടപ്പാടിനിടയിലും, പരസ്പരസ്നേഹമുള്ള ആളുകൾ. കുടുംബസ്നേഹമുള്ള ആളുകൾ. ഇവരൊക്കെയാണ് ഈ നോവലിലെ മുഖ്യകഥാപാത്രങ്ങൾ. ഇടയ്ക്ക് വല്ലപ്പോഴുമുണ്ടാകുന്ന മുറുമുറുപ്പുകൾ, ജീവിതത്തിന്റെ ഗതിയിൽ വലിയ വ്യത്യാസമൊന്നും വരുത്തുന്നില്ല. എവിടെയോ ഉള്ള ചിലരുടെ ജീവിതത്തിലേക്കു കടന്നുചെന്നു നോക്കുന്നതുപോലെയുണ്ടാവും ഈ നോവൽ വായന. ഗ്രാമത്തിലെ ചായക്കടക്കാരനും, മത്സ്യവില്പനക്കാരിയും ഒക്കെയുണ്ട് ഈ നോവലിൽ.

ഇത് ആദിനാഥന്റെയോ, ദേവനാഥന്റെയോ, മാധുരിയുടേയോ മാത്രം കഥയല്ല. പേരുകൾ മാറ്റിയാൽ ലോകത്ത് എവിടെയെങ്കിലുമൊക്കെയുണ്ടാവും ഇത്തരം ആൾക്കാർ.

പ്രകാശം ഇല്ലാഞ്ഞപ്പോൾ - ആശാപൂർണ്ണാദേവി. വിവർത്തനം - കെ. രാധാകൃഷ്ണൻ. ഡി. സി. ബുക്സ് - രൂ. 60

Labels: ,

Thursday, December 09, 2010

റഷ്യൻ നാടോടിക്കഥകളും മൂന്നു തടിയന്മാരും

റഷ്യൻ നാടോടിക്കഥകൾ

റഷ്യൻ നാടോടിക്കഥകൾ എന്ന പുസ്തകത്തിൽ കുറേ കഥകളുണ്ട്. വായിച്ചാലും വായിച്ചാലും പിന്നേം വായിക്കണമെന്നു തോന്നുന്നവ. ആ കഥകളെക്കുറിച്ച് പുസ്തകത്തിന്റെ തുടക്കത്തിൽ ഇങ്ങനെ പറയുന്നു.

“ഉള്ളടക്കത്തിലും പ്രതിപാദനരീതിയിലും വൈവിധ്യമുള്ളവയാണ് നാടോടിക്കഥകൾ. മൃഗങ്ങളെക്കുറിച്ചുള്ള എണ്ണമറ്റ കഥകൾ റഷ്യൻ കുട്ടികൾക്കറിയാം. ജന്തുക്കളുടെ ജീവിതരീതിയും സവിശേഷതകളും മനസ്സിലാക്കിയ പ്രാചീനകാലത്തെ നായാട്ടുകാരാണ് ഈ മൃഗകഥകളുടെ രചയിതാക്കൾ. ചില മൃഗങ്ങളുടെ ധൈര്യം പൌരാണികജനതകളുടെ ആദരവിന് പാത്രമായി. ദുഷ്ടബുദ്ധികളായ മൃഗങ്ങൾ അവരുടെ വെറുപ്പിനും നിന്ദയ്ക്കും കാരണമായി. കുതന്ത്രക്കാരും മഠയന്മാരും ദുരാഗ്രഹികളുമായ മനുഷ്യരേയും അവരുടെ ന്യൂനതകളേയും പ്രതീകാത്മകമായി ചൂണ്ടിക്കാട്ടുകയും പരിഹസിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് ഈ കഥകളുടെ പ്രാധാന്യം.”

അതിലെ കഥാപാത്രങ്ങളെക്കുറിച്ച് കുറച്ച് പറയുന്നു. പിന്നെ പറയുന്നു.

“കൂടാതെ പുസ്തകത്തിന്റെ അവസാനത്തിൽ ഏതാനും റഷ്യൻ ബിലീനകളുടെ കഥകളും ചേർത്തിട്ടുണ്ട്. ബിലീനകൾ പഴയകാലത്തെ വീരസാഹസിക ഗാനങ്ങളാണ്. അവയുടെ മന്ദമായി ഒഴുകുന്ന സ്വരമാധുര്യം ഇന്നും സോവിയറ്റ് യൂണിയന്റെ വടക്കൻ പ്രദേശങ്ങളിൽ കേൾക്കാം. നിസ്വാർത്ഥമായും ധീരമായും മാതൃഭൂമിക്കുവേണ്ടി പൊരുതിയിട്ടുള്ള ഇതിഹാസപുരുഷന്മാരായ റഷ്യൻ ‘ബൊഗത്തീർ’മാരെക്കുറിച്ചുള്ള കഥകളാണ് ബിലീനകളിൽ വർണ്ണിക്കുന്നത്.”

ഈ പുസ്തകത്തിൽ താഴെപ്പറയുന്ന കഥകളാണുള്ളത്:-

1) പൂവങ്കോഴിയും പയറും.
2) തൂവൽക്കുപ്പായക്കാരൻ.
3) കുറുക്കനും ചെന്നായും.
4) മരക്കാലൻ കരടി.
5) കൃഷിക്കാരനും കരടിയും.
6) ശൈത്യകാലവസതി.
7) ബുദ്ധിമാനായ കൃഷിക്കാരൻ.
8) ഏഴുവയസ്സുകാരി.
9) കോടാലിക്കഞ്ഞി.
10) മരണവും പട്ടാളക്കാരനും.
11) വായാടിയായ ഭാര്യ.
12) ദരിദ്രൻ പ്രഭുവിനോടൊപ്പം ഭക്ഷണം കഴിച്ചത് എങ്ങിനെ.
13) പഞ്ഞം.
14) മഞ്ഞപ്പൂപ്പൻ.
15) ബാലികയും വാത്തകളും.
16) കൊച്ചു ഹവ്‌റോഷെച്ക.
17) അലോനുഷ്കയും ഇവാനുഷ്കയും.
18) തവളരാജകുമാരി.
19) ബുദ്ധിമതിയായ വസിലീസ.
20) ഫീനിസ്റ്റ് എന്ന പ്രാപ്പിടിയൻ.
21) ചെമ്പൻ കുതിര.
22) ഇവാൻ രാജകുമാരനും ചെന്നായയും.
23) അന്ദ്രേയ് എന്ന വില്ലാളി.
24) സമർത്ഥനായ കൊച്ച് ഇവാൻ.
25) വാളമീൻ കൽ‌പ്പിക്കുന്നു.
26) തോൽ‌പ്പണിക്കാരൻ നികീത.
27) മുറൊമിലെ ഇലിയയുടെ ആദ്യപരാക്രമം.
28) മുറൊമിലെ ഇലിയയും കൊള്ളക്കാരൻ സൊലൊവേയും.
29) നികീതയുടെ പുത്രൻ ദൊബ്രീന്യയും സ്മേയ്ഗൊറീനിച്ചും.
30) അലോഷ പൊപ്പോവിച്ച്.
31) ഉഴവുകാരൻ മിക്കുല.


പൂവങ്കോഴിയും പയറും എന്ന കഥയിൽ പറയുന്നത് “ ഒരിടത്ത് ഒരു പൂവങ്കോഴിയും പിടക്കോഴിയും ഉണ്ടായിരുന്നു. ഒരുദിവസം തോട്ടത്തിൽ തിരഞ്ഞുകൊണ്ടിരുന്ന പൂവങ്കോഴിക്ക് ഒരു പയർ കിട്ടി.”

പൂവൻ ആ പയർ തിന്നുകയും തൊണ്ടയിൽ കുടുങ്ങുകയും ചെയ്യുന്നു. പിന്നെ പുഴയിൽ നിന്നു വെള്ളം കൊണ്ടുവന്ന് കുടിക്കാനുള്ള ശ്രമം നടത്തുന്നതാണ്. പലരേയും പലതിനേയും സമീപിക്കും.

ഒടുവിൽ കഥ ഇങ്ങനെ തീരുന്നു.
“വിറകുവെട്ടുകാരൻ പിടക്കോഴിക്ക് കുറേ വിറകു കൊടുത്തു. പിടക്കോഴി വിറക് അപ്പക്കാരനു കൊടുത്തു, അപ്പക്കാരൻ അപ്പം കൊടുത്തു, അപ്പം ചീപ്പുകാരനു കൊടുത്തു, ചീപ്പുകാരൻ ചീപ്പുകൊടുത്തു, ചീപ്പ് കർഷകപുത്രിക്കു കൊടുത്തു, കർഷകപുത്രി നൂലു കൊടുത്തു, നൂൽ നാരകവൃക്ഷത്തിനു കൊടുത്തു, നാരകവൃക്ഷം ഇല കൊടുത്തു, ഇല പുഴയ്ക്കു കൊടുത്തു, പുഴ വെള്ളം കൊടുത്തു. വെള്ളം പൂവൻ കുടിച്ചു. അതിന്റെ തൊണ്ടയിൽ തടഞ്ഞ പയർ ഇറങ്ങിപ്പോയി.”

“കൊക്കരക്കോ!“ പൂവൻ നീട്ടി കൂവി.

തൂവൽക്കുപ്പായക്കാരൻ എന്ന കഥയിൽ കാട്ടിലെ ഒരു കൊച്ചുവീട്ടിൽ കഴിയുന്ന പൂച്ചയേയും കരിംകുയിലിനേയും പൂവൻ‌കോഴിയേയും കുറിച്ചുള്ള കഥയാണ്. പൂച്ചയും കരിംകുയിലും വിറകുവെട്ടാൻ പോകുമ്പോൾ പൂവൻ‌കോഴിയെ സൂത്രത്തിൽ പലതവണ പിടിച്ചുകൊണ്ടുപോവുന്ന കുറുക്കന്റേയും കഥയാണ്. ഒടുവിൽ പൂച്ചയും കരിംകുയിലും പൂവൻ‌കോഴിയെ ഓരോ പ്രാവശ്യവും രക്ഷിച്ചുവരുന്ന കഥയാണ്. പൂവങ്കോഴിയെ പറ്റിക്കാൻ കുറുക്കൻ എന്നും പാടുന്ന പാട്ട് ഇതാണ്.
“കുഞ്ഞിക്കോഴീ, പൂങ്കോഴീ,
തൂവൽക്കുപ്പായക്കാരാ,
ചെന്നിറമാർന്നൊരു നിന്നുടെ പൂവും,
മിനുമിനെ മിന്നും തലയും കാട്ടി,
ഇങ്ങോട്ടൊന്നു കുനിഞ്ഞീടാമോ
പയർമണിമുത്തുകൾ നൽകാം ഞാൻ.”

കുറുക്കനും ചെന്നായയും എന്ന കഥയിൽ ഒരു അപ്പൂപ്പനും അമ്മൂമ്മയുമുണ്ട്. കുറുക്കനുമുണ്ട് ഒരു ചെന്നായയുമുണ്ട്. കുറുക്കൻ, അപ്പൂപ്പൻ പിടിച്ച മീനെല്ലാം സ്വന്തമാക്കും. ചെന്നായയെ മീൻ പിടിക്കാൻ പഠിപ്പിക്കാം എന്നുപറഞ്ഞ് അതിനു അടി മേടിച്ചുകൊടുക്കും. പിന്നെ ചെന്നായ് ചോദിക്കുമ്പോൾ സൂത്രം പറഞ്ഞ് ഒഴിവാകുകയും ചെയ്യും. തനിക്കു വയ്യെന്നുപറഞ്ഞ് ചെന്നായയുടെ പുറത്തുകയറി യാത്ര ചെയ്യും. എന്നിട്ട് ഒരു പാട്ടും പാടും. ചെന്നായ ചോദിക്കുമ്പോൾ അതിന്റെ വേദന മാറ്റാനുള്ള മരുന്നാണെന്ന് പറയും. ആ മൂളിപ്പാട്ട് ഇങ്ങനെയാണ്. “തല്ലുകൊണ്ടോൻ തല്ലുകൊള്ളാത്തോനെ ചുമക്കുന്നു, തല്ലുകൊണ്ടോൻ തല്ലുകൊള്ളാത്തോനെ ചുമക്കുന്നു.”

മരക്കാലൻ കരടി എന്ന കഥയിൽ ഒരു അമ്മൂമ്മയും അപ്പൂപ്പനും കരടിയുമാണുള്ളത്. തർക്കാരിക്കിഴങ്ങ് പിഴുതുനശിപ്പിക്കുന്ന കരടിയെ കൊല്ലുന്നതാണ് കഥ.

കൃഷിക്കാരനും കരടിയും എന്ന കഥയിൽ തർക്കാരിക്കിഴങ്ങ് നടുന്ന കൃഷിക്കാരനും, അതിന്റെ പങ്കു കൊടുക്കാമെന്നു പറഞ്ഞ് പറ്റിക്കുമ്പോൾ കൃഷിക്കാരന്റെ ശത്രുവാകുന്ന കരടിയുമാണുള്ളത്.

ശൈത്യകാലവസതി എന്ന കഥയിൽ ഒരു വൃദ്ധനും ഭാര്യയും ഒരു കാളയും മുട്ടനാടും, വാത്തയും പൂവങ്കോഴിയും പന്നിയുമാണുള്ളത്. ഓരോ പ്രാവശ്യവും വൃദ്ധനും ഭാര്യയും ഓരോന്നിനെ കൊല്ലാൻ തീരുമാനിക്കുകയും അതു മുമ്പേ അറിയുന്ന അവയൊക്കെ കാട്ടിലേക്ക് ഓടിപ്പോയി അവിടെ ഒന്നിച്ചു ജീവിക്കും. അപ്പോ ഒരു ചെന്നായയും കരടിയും അവരെ ആക്രമിക്കാൻ ചെല്ലുന്നതും അവരൊരുമിച്ച് ചെന്നായയേയും കരടിയേയും ഓടിക്കുന്നതുമാണ് കഥ.




ഇവാൻ രാജകുമാരനും ചെന്നായും എന്ന കഥയിൽ ബെരൻ‌ദേയ് എന്നു പേരുള്ള രാജാവിന്റേയും അദ്ദേഹത്തിന്റെ മൂന്നുപുത്രന്മാരുടേയും കഥയാണ്. ഇളയ പുത്രനാണ് ഇവാൻ. രാജാവിന്റെ തോട്ടത്തിൽ സ്വർണ്ണ ആപ്പിളുകൾ ഉണ്ടായിരുന്നു. ആരോ അതു മോഷ്ടിക്കാൻ വരുന്നു. ആ കള്ളൻ ആരാണെന്ന് ഇവാൻ കണ്ടുപിടിക്കുന്നു. ഒരു തീപ്പക്ഷിയാണത്. അതിനെ അന്വേഷിച്ച് പോകുമ്പോൾ ഇവാനു തന്റെ കുതിരയെ നഷ്ടപ്പെടുകയും ഒരു ചെന്നായയെ കൂട്ടിനു കിട്ടുകയും ചെയ്യും. തീപ്പക്ഷിയെ തെരഞ്ഞ് ഇവാൻ പോയി വിജയിയായി മടങ്ങുകയും ചെയ്യുന്നതാണ് കഥ.


വാളമീൻ കൽ‌പ്പിക്കുന്നു എന്ന കഥ ഇങ്ങനെ തുടങ്ങുന്നു. “പണ്ടൊരിക്കൽ ഒരിടത്ത് ഒരു വൃദ്ധന് മൂന്നു പുത്രന്മാർ ഉണ്ടായിരുന്നു. രണ്ടുപേർ ബുദ്ധിമാന്മാരും മൂന്നാമനായ യെമേല്യ ഒരു മണ്ടനും ആയിരുന്നു.” യെമേല്യയുടെ സഹോദരഭാര്യമാർ യെമേല്യയോട് വെള്ളം കൊണ്ടുവരാൻ പറയുന്നതും യെമേല്യ പുഴയിൽ പോയി വെള്ളം തൊട്ടികളിൽ നിറയ്ക്കുകയും ചെയ്യുന്നു. അപ്പോ ഒരു വാളമീനിനെ കിട്ടും. ആ മീൻ യെമേല്യയോട് പറയും, വെറുതെവിട്ടാൽ എന്തെങ്കിലും ഉപകാരം ചെയ്യാമെന്ന്. അപ്പോ യെമേല്യ സമ്മതിക്കുന്നു. എന്തെങ്കിലും കാര്യം സാധിക്കണമെങ്കിൽ “വാളമീൻ കൽ‌പ്പിക്കുന്നു, ഞാൻ ഇച്ഛിക്കുന്നു” എന്നു പറഞ്ഞാൽ മതിയെന്ന് വാളമീൻ പറയുന്നു. അങ്ങനെ പല കാര്യങ്ങളും നടത്തിനടത്തി ഒടുവിൽ യെമേല്യ മരീയ രാജകുമാരിയെ കല്യാണം കഴിച്ചു. കഥ തീരുന്നത് ഇങ്ങനെയാണ്. “യെമേല്യ മരീയ രാജകുമാരിയെ കല്യാണം കഴിച്ചു. പിന്നീട് അവനാണ് ആ രാജ്യം ഭരിച്ചത്. അവർ സുഖമായി അനേകകാലം ജീവിച്ചിരുന്നു. എന്റെ കഥയുടെ അവസാനം അതാണ്. ഈ കഥ കേട്ടുകൊണ്ടിരിക്കുന്നയാൾ എന്റെ ആത്മാർത്ഥസുഹൃത്താണ്.”


അങ്ങനെയങ്ങനെ കുറേ രസകരമായ കഥകൾ. ചില കഥകൾ കുറച്ചു വലുതാണ്. ചിലത് ചെറുതും. ഈ പോസ്റ്റിൽ വളരെക്കുറച്ചേ വിസ്തരിച്ച് എഴുതിയിട്ടുള്ളൂ.


മൂന്നു തടിയന്മാർ





മൂന്നു തടിയന്മാർ എന്ന കഥയിൽ തിന്നും കുടിച്ചും ജീവിക്കുന്ന മൂന്നു തടിയന്മാരും, അവരുടെ ഓമനയായ, അവരുടെ അനന്തരാവകാശിയായ തുത്തി എന്ന കൊച്ചുപയ്യനും, അവരുടെ കാവൽക്കാരും, കൊട്ടാരവും, തുത്തിയുടെ പാവയും, ഡോക്ടർ ഗസ്പാർ അർനെറിക്ക് എന്ന ശാസ്ത്രജ്ഞനും, തോക്കുണ്ടാക്കുന്ന പ്രോസ്പേറോയും, അഭ്യാസിയായ തിബുലും, ഒക്കെയുണ്ട്. പാവപ്പെട്ട ജനങ്ങൾ തടിയന്മാരുടെ കൊട്ടാരം ആക്രമിക്കാൻ പദ്ധതിയിടുന്നു. തോക്കുണ്ടാക്കുന്ന പ്രോസ്പേറോയും, തിബുലുമാണ് അവരുടെ നേതാക്കൾ. അവർക്ക് ആദ്യം വിജയിക്കാൻ കഴിയുന്നില്ല. പ്രോസ്പേറോയെ കൊട്ടാരത്തിലുള്ളവർ തടവിലാക്കുന്നു. തുത്തിയ്ക്ക് ഒരു പാവയുണ്ടായിരുന്നു. അതു കേടാവുന്നു. നന്നാക്കാൻ അവരേൽ‌പ്പിക്കുന്നത് ഡോക്ടർ ഗസ്പാറിനെയാണ്. പാവ നഷ്ടപ്പെടുകയും പാവയോട് സാമ്യമുള്ള ഒരു കുട്ടിയെ ഡോക്ടർ കണ്ടെത്തുകയും ചെയ്യുന്നു. സുവോക്ക് എന്നാണ് അവളുടെ പേര്. അവൾ തിബുലിന്റെ സുഹൃത്താണ്. സർക്കസ്സിൽ അവന്റെ സഹനടിയും. അങ്ങനെ സുവോക്കിനെ അവർ മൂന്നു തടിയന്മാരുടെ കൊട്ടാരത്തിലേക്ക് തുത്തിയുടെ പാവയെന്ന ഭാവത്തിൽ കടത്തിവിടുകയും ചെയ്യുന്നു.

അവസാനം എല്ലാവരും കൂടെ പല പദ്ധതികളും നടത്തി മൂന്നു തടിയന്മാരേയും കീഴടക്കുകയും, അവരുടെ ഭരണത്തിൽ നിന്ന് ജനങ്ങൾ മോചിതരാവുകയും ചെയ്യുന്നു. സുവോക്കിന് കൊട്ടാരത്തിലെ മൃഗശാലയിൽ നിന്ന് ഒരാൾ കൊടുത്ത ചെറിയ പലകക്കഷണത്തിൽ എഴുതിയിരുന്നത്, സുവോക്കും തുത്തിയും സഹോദരീസഹോദരന്മാരായിരുന്നുവെന്നും, അവരെ മൂന്നു തടിയന്മാർക്കുവേണ്ടി അവരുടെ കാവൽ ഭടന്മാർ തട്ടിക്കൊണ്ടുപോയതാണെന്നും പിന്നീട് സുവോക്കിനെപ്പോലെയുള്ള ഒരു പാവയുണ്ടാക്കിയിട്ട്, സുവോക്കിനെ സർക്കസ്സുകാർക്കു കൊടുത്തതാണെന്നുമാണ്. ആ പലകക്കഷണം കൊടുത്തയാൾ ശാസ്ത്രജ്ഞനായ തുബ് ആയിരുന്നു. പാവയുണ്ടാക്കാൻ മൂന്നു തടിയന്മാർ സഹായം തേടിയത്, തുബിന്റെ അടുത്തായിരുന്നു. തുത്തിയ്ക്ക് ഇരുമ്പിന്റെ ഹൃദയം വെച്ചുകൊടുക്കണമെന്നു പറഞ്ഞപ്പോൾ സാധ്യമല്ലെന്നു പറഞ്ഞതുകൊണ്ടാണ് അവർ തുബിനെ കൂട്ടിലടച്ചത്. തുത്തിയോട് അവർ പറഞ്ഞത്, അവനു ഇരുമ്പുഹൃദയം ആണെന്നാണ്. അവൻ അതു വിശ്വസിച്ച് ക്രൂരനും അല്പനുമായിത്തീരണമെന്നുണ്ടായിരുന്നു അവർക്ക്. അവരെപ്പോലെ.


ഇനിയും പല പുസ്തകങ്ങളും വായിച്ചിരുന്നു. ഒക്കെ എവിടെപ്പോയെന്ന് അറിയില്ല. ഒരു ഓപ്പറേഷൻ റഷ്യൻ കഥകൾ നടത്തിനോക്കണം. കിട്ടുമായിരിക്കും.

ബാക്കി പുസ്തകങ്ങൾ കിധർ ഗയാ?
എല്ലാം കിധറോം ഗയാ. (കട:- വക്കാരിജി)

നന്ദി‌:- ഏവൂരാന്. (ഏവൂരാന്റെ പോസ്റ്റിലിട്ട കുട്ടിക്കഥകളെക്കുറിച്ചുള്ള ലേഖനത്തിലേക്കുള്ള ലിങ്കിൽ തൂങ്ങിപ്പിടിച്ച് പോയി അതുവായിച്ചു). ആ ലേഖനമെഴുതിയാൾക്ക്.

കടപ്പാട് :‌- പ്രോഗ്രസ്സ് പബ്ലിഷേഴ്സ്, മോസ്കോ, റാദുഗ പബ്ലിഷേഴ്സ്, മോസ്കോ. പ്രഭാത് ബുക്ക് ഹൌസ്. വിവർത്തനം ചെയ്ത് ഇതൊക്കെ വായിക്കാൻ സൌകര്യമൊരുക്കിയ ഓമന എന്നവർക്കും.

റഷ്യൻ നാടോടിക്കഥകളുടെ പുറം ചട്ടയടക്കം മൂന്നാലു പേജുകളിൽ ഞങ്ങളുടെ ചിത്രകലാപരമായ അഭിരുചികൾ പകർത്തിവെച്ചിട്ടുള്ളതിനാലാണ്, അതിന്റെ ഒരു പേജിന്റെ ചിത്രം ഇടേണ്ടിവന്നത്. കുട്ടിക്കാലത്ത് ഞങ്ങൾക്കറിയില്ലായിരുന്നല്ലോ ഞങ്ങളിലൊരാൾ ബ്ലോഗറായിത്തീരുമെന്ന്. ഹിഹിഹി. പുസ്തകത്തിന്റെ നിറം അല്പം മങ്ങിയെന്നതൊഴിച്ചാൽ വേറെ കുറവൊന്നും ഇല്ല. എല്ലാ കഥകളും വായിക്കാൻ പാകത്തിനുണ്ട്.

പുസ്തകങ്ങളെക്കുറിച്ച് എന്റെ വായനയിൽ എഴുതിയതാണ്. കുറ്റങ്ങളെന്തെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കുക.

Labels: ,

Sunday, August 23, 2009

ആടുജീവിതം



















ആടുജീവിതം ഒരു നോവാണ്. വെറും നോവലല്ല. ഒപ്പം വന്ന്, പടർന്ന് പടർന്ന് അവസാനം ഒഴിഞ്ഞുപോകുന്ന നോവ്. എല്ലാ ജീവിതങ്ങളും കഥകളാണോ? അറിയില്ല. ആടുജീവിതം എന്ന കഥയിലുള്ളത് ഒരു ജീവിതമാണ്. ഒരു കഥപോലെ വായിക്കാൻ കഴിയില്ല. തുടങ്ങുന്നതുമുതൽ ഒടുങ്ങുന്നതുവരെ ആ ജീവിതത്തിന്റെ ഒരു ഭാഗമായേ തീരൂ നമ്മൾ. ഒരു സ്വപ്നത്തിലെന്നപോലെ നജീബിന്റെയൊപ്പം യാത്ര പോയി ആ യാത്ര തീരുമ്പോൾ യാഥാർത്ഥ്യത്തിലേക്ക് നമ്മൾ തിരിച്ചെത്തുന്നു. ഒരു മനുഷ്യന്റെ, പ്രതീക്ഷയിൽ തുടങ്ങിയ ജീവിതം പ്രതീക്ഷകളെയൊക്കെ തകിടം മറിച്ച്, എവിടെയെത്തിച്ച് പകച്ചുനിൽക്കേണ്ടിവരുന്നു എന്ന് വായിച്ചെടുക്കാം.

നജീബും ഹമീദും ബത്തയിലെ പോലീസ്റ്റേഷനുമുന്നിൽ നിൽക്കുന്നിടത്താണ് ആടുജീവിതം തുടങ്ങുന്നത്. അവർക്ക് പോലീസ് എങ്ങനെയെങ്കിലും അവരെപ്പിടിച്ച് അകത്തിടുകയാണ് വേണ്ടത്. കയ്യിൽ അത്യാവശ്യം പേപ്പറുകളില്ലാതെ നടക്കുന്ന അവർക്ക് ജയിലിൽ എത്താൻ എളുപ്പമാണെന്നാണ് കരുതിയത്. പക്ഷെ കുറേ പണിപ്പെട്ടു. ഒന്നും ഫലിക്കാഞ്ഞാണ് സ്റ്റേഷനുമുന്നിലെത്തി നില്‍പ്പുറപ്പിച്ചത്. ചോദ്യം ചെയ്യുകയും അകത്തിടുകയും ചെയ്യുമല്ലോന്നുള്ള വിചാരം. അങ്ങനെ അവസാനം പോലീസ് ചോദ്യം ചെയ്യുകയും ജയിലിൽ എത്തുകയും ചെയ്തു. ആരെങ്കിലും പോലീസ് പിടിച്ച് ജയിലിൽ ഇടണേയെന്ന് കരുതി നടക്കുന്നത് ആശ്ചര്യപ്പെടുത്തുന്നുവെങ്കിൽ, കാരണം എന്തായിരിക്കും എന്നറിയണമെങ്കിൽ, വീണ്ടും മുന്നോട്ടു പോവുക.

ജയിലിൽ കിടക്കുന്ന ഓരോരുത്തരുടേയും വേദനയുടെ കഥകൾ കേൾക്കാൻ തുടങ്ങിയപ്പോഴാണ് നജീബിനും സ്വന്തം വിഷമം കുറച്ചെങ്കിലും ഒഴിവാക്കാൻ കഴിയുന്നത്. ജയിലിലും കാര്യങ്ങൾ അത്ര സുഖകരമായിരുന്നില്ല. എല്ലാ ആഴ്ചയിലും നടക്കുന്ന തിരിച്ചറിയൽ പരേഡ് ഉണ്ട്. അവിടെഅറബികൾ വരും. അവരുടെ ജോലിക്കാർ ആരെങ്കിലും ഉണ്ടോയെന്ന് കണ്ടുപിടിക്കാൻ. ഉണ്ടെങ്കിൽ അടി, വഴക്ക്, പിന്നെ ഒടുവിൽ ആ അറബിക്കൊപ്പം യാത്ര. നജീബിനൊപ്പം ജയിലിലായ ഹമീദിനേയും അങ്ങനെ അറബി കൂട്ടിക്കൊണ്ടുപോയി. പിന്നൊരിക്കൽ നജീബിനേയും അറബി തേടിയെത്തുന്നു. അവിടെയാണ് നജീബ് പഴയ കഥകൾ ഓർമ്മിക്കുന്നത്.

നജീബും ഹക്കീം എന്ന ഒരു പയ്യനും കേരളത്തിൽനിന്ന് അറബിരാജ്യത്തേക്ക് പുറപ്പെടുന്നു. അവർ എല്ലാവരോടും യാത്ര ചോദിച്ച് പുറപ്പെട്ട് ആദ്യം ബോംബെയിൽ താമസിക്കുകയും പിന്നെ റിയാദ് എയർപ്പോർട്ടിൽ വിമാനമിറങ്ങുകയും ചെയ്യുന്നു. കുറേനേരത്ത കാത്തുനില്പിനുശേഷമാണ് ഒരു അറബി വന്ന് അവരെ കൂട്ടിക്കൊണ്ടുപോകുന്നത്. ഭാഷയറിയാത്തതിന്റെ പ്രശ്നം, അറബിയുടെ പഴയ വണ്ടി, അയാളുടെ പെരുമാറ്റം ഒക്കെ അവരെ അസ്വസ്ഥരാക്കുന്നുണ്ട്. എങ്കിലും അവർ ഗൾഫിൽ എത്തിച്ചേർന്നു എന്ന സന്തോഷത്തിലുമാണ്. ഒരു സ്ഥലത്തെത്തിയപ്പോൾ ഹക്കീമിനെ അവിടെ ഇറക്കിവിടുന്നു. ആൾപ്പെരുമാറ്റമില്ലാത്ത പ്രദേശം പോലെയാണ് അവർക്ക് തോന്നുന്നത്. എന്നാലും അറബിയുടെ തെറി കേൾക്കാൻ വയ്യാത്തതുകൊണ്ടും
ഭാഷ അറിയാത്തതുകൊണ്ടും അവർക്ക് കൂടുതലായി പ്രതികരിക്കാൻ കഴിയുന്നില്ല.

ഹക്കീമിനെ വിട്ട് വീണ്ടും യാത്ര. ഒടുവിൽ എത്തിച്ചേർന്നു. ഒരുപറ്റം ആടുകളുടെ ഇടയിൽ. അവിടെ ഒരു മനുഷ്യനും ഉണ്ട്. ഒരു പ്രാകൃതരൂപി. നജീബിന്റെ ജീവിതം തുടരുന്നു. ആടുകളുടെ ഇടയിൽ. ശരിക്കും ഭക്ഷണമില്ല, കിടക്കാൻ നല്ലൊരു സ്ഥലമില്ല. കുടിക്കാൻ വെള്ളം പോലും ശരിക്കില്ല. ആടുകളെ മേയ്ക്കുക, അവയ്ക്ക് തീറ്റയും വെള്ളവും കൊടുക്കുക, കറക്കുക, ഇങ്ങനെ പോകുന്നു ജീവിതചര്യ. ആടിനെ മേയ്ക്കാൻ പോകുമ്പോൾ അറബി ബൈനോക്കുലറിൽക്കൂടെ നോക്കും. അതുകൊണ്ട് രക്ഷപ്പെടാനോ വിശ്രമിക്കാനോ സാധിച്ചെന്നു വരില്ല.

കൂടെയുള്ള പ്രാകൃതരൂപിയെ ഒരു ദിവസം മുതൽ കാണുന്നില്ല. ചോദിച്ചെങ്കിലും അറബി ഒന്നും പറയുന്നില്ല. പിന്നൊരിക്കൽ മണ്ണിനുള്ളിൽനിന്ന് അപ്രതീക്ഷിതമായി ചില അവശിഷ്ടങ്ങൾ കണ്ടെത്തുന്നു. അത് ആ കൂട്ടുജോലിക്കാരന്റേതാണെന്ന് തിരിച്ചറിഞ്ഞ നജീബ് കൂടുതൽ നിസ്സഹായനാവുന്നു.

പിന്നൊരിക്കൽ ആടിനേയും കൂട്ടിപ്പോകുന്നിടത്ത് ഹക്കീമും ആടുകളെയും കൊണ്ടുവരുന്നത് കാണുന്നു. ദൂരെ കാണാൻ മാത്രമേ കഴിയൂ. ഹക്കീമിന് ഒരു കൂട്ടുകാരനെ കിട്ടുന്നു. അവന്റെ കൂടെ ജോലിക്കു നിൽക്കുന്നയാൾ. അവർ എങ്ങനെയൊക്കെയോ മിണ്ടാൻ അവസരം കണ്ടെത്തുന്നു. അവസാനം അവർ മൂന്നുപേരും കൂടെ രക്ഷപ്പെടാൻ ഒരുങ്ങുന്നു. അറബികൾ നിരീക്ഷിക്കാത്ത ദിവസം മൂന്നുപേരും ദൂരേയ്ക്ക് പോകുന്നു. നടന്നുനടന്ന് ഹക്കീം ആദ്യം മണലിൽക്കിടന്ന് മരിക്കുന്നു. വെള്ളം പോലും കിട്ടാതാവുമ്പോൾ പിന്നെ എത്ര നേരം പിടിച്ചുനിൽക്കാൻ. പിന്നെ ഹക്കീമിന്റെ കൂട്ടുജോലിക്കാരനായ ഇബ്രാഹിം ഖാദിരി എന്നയാളും. അയാളുടേതായിരുന്നു രക്ഷപ്പെടാനുള്ള പ്ലാൻ. ഒടുവിൽ എല്ലാ കഷ്ടപ്പാടും സഹിച്ച് രക്ഷപ്പെടാൻ കഴിയുന്നത് നജീബിനു മാത്രം. രക്ഷപ്പെട്ട് എത്തിച്ചേരുന്നത് മലയാളികളുടെ അടുത്താണ്. അവിടെനിന്നാണ് കഴിഞ്ഞുപോയ നാളുകൾ മൂന്നുവർഷത്തിലും അധികമുണ്ടെന്ന് അറിയുന്നത്. അവിടെനിന്നു കിട്ടിയ ഒരാളുമൊത്താണ് പോലീസിനു പിടികൊടുക്കാൻ ശ്രമിക്കുന്നതും ജയിലിൽ ജയിലിൽ എത്തിപ്പെടാൻ ശ്രമിക്കുന്നതും. കഥ തുടങ്ങുന്നത് അവിടെയാണ്. അറബിയെ കണ്ടെങ്കിലും അയാൾ, നജീബ് അയാളുടെ വിസക്കാരൻ അല്ലെന്നുപറഞ്ഞ് നജീബിനെ വിട്ടുപോകുകയാണ്. എംബസിക്കാരുടെ സഹായത്തോടെ നജീബ് നാട്ടിലേക്ക് മടങ്ങുന്നു.

നാട്ടിൽനിന്ന് ഗൾഫിലേക്കൊരു സ്വപ്നയാത്ര. ഭാഷയറിയാതെ ആരും സ്വീകരിക്കാനില്ലാതെ എയർപ്പോർട്ടിൽ കാത്തുനില്‍പ്പ്. കാത്തുനില്‍പ്പിനൊടുവിൽ കൂട്ടിക്കൊണ്ടുപോകാൻ വരുന്നയാൾ കൂട്ടിക്കൊണ്ടുപോകുന്നതോ? ഒരുപറ്റം ആടുകളുടെ ഇടയിലേക്ക്. അവിടെയുള്ള ജീവിതം കൊണ്ട്, വെള്ളമില്ലാതെ കുളിയില്ലാതെ വൃത്തികെട്ട ജീവിതം കൊണ്ട് ഒരു പ്രതീക്ഷയുമില്ലാതെ ഒരുപാടുനാൾ മുന്നോട്ടുപോക്ക്. വീട്ടുകാരെക്കുറിച്ചുള്ള ഓർമ്മ. പിന്നെ അപ്രതീക്ഷിതമായൊരു രക്ഷപ്പെടൽ. ഇതൊക്കെ ആ നോവലിന്റെ ചുരുക്കം മാത്രം. ആടുകളുടെ കൂടെയുള്ള ജീവിതം എങ്ങനെയെന്ന് ശരിക്കും വിവരിച്ചിട്ടുണ്ട് കഥയിൽ. നജീബിന്റെ ജീവിതത്തിൽ പലതും അപ്രതീക്ഷിതമായാണ് സംഭവിക്കുന്നത്. എയർപ്പോർട്ടിൽനിന്നു കൂട്ടിക്കൊണ്ടുപോയ അറബിയുടെ ജോലിക്കാരനായിട്ടല്ലായിരുന്നു നജീബിനു പോവേണ്ടിയിരുന്നത് എന്ന് തിരിച്ചറിയുന്നത്, ജയിലിൽനിന്ന് അയാൾ, തിരിച്ചറിയൽ പരേഡിൽ നജീബിനെ കണ്ടിട്ടും കൂട്ടിക്കൊണ്ടുപോകാതെയിരിക്കുമ്പോഴാണ്. നല്ലൊരു ജോലി പ്രതീക്ഷിച്ചെത്തുന്ന നജീബിനു കിട്ടുന്നത് വെറും അടിമപ്പണി. അവിടെയനുഭവിക്കുന്ന കഷ്ടപ്പാട്. ഒടുവിൽ അതെല്ലാം പരിചയിച്ച് വരുന്നുണ്ട്. ആടുജീവിതത്തോട് അടുത്തുവരുന്നുണ്ട്.

നോവൽ വായിച്ചിട്ട് ഇവിടെ എനിക്കറിയാവുന്നതുപോലെ എഴുതിയിരിക്കുന്നത് അതിൽനിന്ന് വളരെച്ചുരുക്കം മാത്രമാണ്. ശരിക്കുമുള്ള ആടുജീവിതം അറിയണമെങ്കിൽ ആ പുസ്തകം വായിച്ചാലേ മതിയാവൂ. ഇതൊരാൾ അനുഭവിച്ചതാവുമ്പോൾ പ്രത്യേകിച്ചും.

ആടുജീവിതം - ബെന്യാമിൻ - ഗ്രീൻബുക്സ് - 120 രൂപ.

Labels:

Friday, June 05, 2009

മാധവിക്കുട്ടി

പ്രണയം, വിരഹം, രതി, സ്നേഹം, സഹതാപം, സന്തോഷം, സാന്ത്വനം, ചതി, എന്നിങ്ങനെ ജീവിതത്തിലെ പല തലങ്ങളും അടങ്ങിയിട്ടുള്ള കഥകളാണ് മാധവിക്കുട്ടിയുടേത്. അതുകൊണ്ടുതന്നെ ആ കഥകൾ, പല ജീവിതങ്ങളിലും സത്യമാണെന്ന് കണ്ടെത്താനായേക്കും. അനുഭവിച്ചതോ അടുത്തറിഞ്ഞതോ ആയിട്ടുള്ളതെന്ന് വായനക്കാർക്ക് തോന്നുംവിധത്തിലുള്ള കഥകൾ. ഭാവനയിൽനിന്ന് അത്തരം കഥകൾ വിരിയുമ്പോൾ, സത്യമെന്ന് തോന്നിയാലും, ഭാവനയെന്ന് തോന്നിയാലും, ചിലർക്ക് മുഖം ചുളിഞ്ഞേക്കാം. അതിനെ ഗൗനിക്കാതെയാണ് മാധവിക്കുട്ടി എന്ന കഥാകാരി വായനയിഷ്ടപ്പെടുന്നവരുടെ മുന്നിലേക്ക് ഒരുപാട് കഥകൾ നിരത്തിവെച്ചുകൊണ്ട് കടന്നുപോയത്.

“ഘോരഘോരമായ വിശപ്പ് അനുഭവിക്കുന്ന മൃത്യുവെന്ന രാവണൻ തട്ടിക്കൊണ്ടുപോവുന്ന സീതയാണ് ഞാൻ. പക്ഷേ എനിക്കുവേണ്ടി വാനരന്മാർ കടലിൽ പാലം നിർമ്മിക്കുകയില്ല. എനിക്കുവേണ്ടി ആരും യുദ്ധങ്ങൾ നടത്തുകയില്ല. എന്നെ മറന്നുകിട്ടുവാൻ ആർക്കും ഒരാഴ്ചക്കാലം മതിയാവും. ഒരിക്കലും അവസാനിക്കാത്ത ഒരു ചെറുകഥ എഴുതുവാൻ മോഹിച്ചവളാണ് ഞാൻ. പക്ഷേ എന്റെ മരണത്തോടെ ആ കഥ പൂർണ്ണമായും അവസാനിക്കും എന്ന് എനിക്കു തോന്നുന്നു. മുഖമില്ലാത്ത ഒരു കപ്പിത്താനാണ് മൃത്യു.“

1991 - ൽ എഴുതിയ മുഖമില്ലാത്ത കപ്പിത്താൻ എന്ന കഥയിലെ ഭാഗങ്ങളാണ് മുകളിലുള്ളത്. ആ കപ്പിത്താൻ വന്നുകൂട്ടിക്കൊണ്ടുപോയി.

കൃഷ്ണന്റെ രഥത്തിന്റെ ചക്രങ്ങൾ, തന്റെ വഴിയിലൂടെ ഉരുളുമെന്ന് മോഹിച്ച് കാത്തിരുന്ന രാധ. അത് അവർ തന്നെയായിരുന്നു. ഒട്ടുങ്ങാത്ത പ്രണയവും മനസ്സിൽ സൂക്ഷിച്ച് കഥയെഴുതിനിറച്ചത് ആ രാധ തന്നെയായിരുന്നു.

അവരെഴുതിയ കഥകളെക്കുറിച്ച് പറയേണ്ടിവരുമ്പോൾ വാക്കുകളൊന്നും മതിയാവില്ല. ഏതു കഥയെപ്പറ്റി പറയണം എന്ന് പെട്ടെന്ന് തീരുമാനിക്കാനാവില്ല. മിക്ക കഥകളും, കഥാപാത്രങ്ങളും വായനക്കാരുടെ കൂടെത്തന്നെയുണ്ടാവും, വായിച്ചുകഴിഞ്ഞ് കുറേക്കാലം കഴിഞ്ഞാലും. നൊമ്പരം വിതറി, മധുരം വിതറി പല കഥകളും ഓർമ്മിക്കപ്പെടും.

എനിക്കിഷ്ടപ്പെട്ടവയിൽ ചില കഥകളെക്കുറിച്ചുമാത്രമാണ് പറയുന്നത്. എല്ലാം കൂടെ പറഞ്ഞുതീർക്കാൻ ആവുമെന്നു തോന്നുന്നില്ല. അതുകൊണ്ട് ചില കഥകൾ മാത്രം എടുത്തു. ഇവിടെ എഴുതിയിട്ടിരിക്കുന്നത്, പലതും, വളരെച്ചെറിയ കഥകളാണ്.

നെയ്പ്പായസം

ഭർത്താവ് വൈകുന്നേരം വീട്ടിലെത്തുമ്പോൾ, ഭാര്യ മരിച്ചുകിടക്കുകയാണ്. മരിച്ചുവെന്ന് ഡോക്ടർ പറയുമ്പോൾ, ഒന്നും അറിയിക്കാതെ, ജീവിതത്തിന്റെ മുഴുവൻ ഭാരവും വിട്ടേല്‍പ്പിച്ചുപോകുന്നതിന്റെ ദേഷ്യം അയാൾക്ക് തോന്നുന്നുണ്ട്. ദഹനം കഴിഞ്ഞ് വീട്ടിലെത്തുമ്പോഴോ? പതിവുള്ളതുപോലെ ഭക്ഷണമൊക്കെ തയ്യാറാക്കിവെച്ചിട്ടുണ്ട്. കുട്ടികൾക്കുവേണ്ടി നെയ്പ്പായസവും. കുട്ടികൾ അമ്മയെപ്പഴാ വരുക എന്നു തിരക്കുമ്പോൾ അമ്മ വരും എന്നാണ് അയാൾ പറയുന്നത്. ഭക്ഷണം കൊടുക്കുമ്പോഴോ? കുട്ടികൾക്ക് നെയ്പ്പായസം മതി. നല്ല സ്വാദുണ്ടെന്നും, അമ്മ അസ്സല് നെയ്പ്പായസമാണുണ്ടാക്കിയതെന്നും കുട്ടികൾ പറയുന്നു. ഒരു പ്രാവശ്യം വായിച്ചാൽ മതി, ഈ നെയ്പ്പായസത്തിന്റെ രുചി മനസ്സിലാവാൻ. പിന്നെ മറക്കില്ല. സങ്കടം, ഭീതി, പിന്നെയൊരുപാട് സ്നേഹവും തോന്നുന്ന കഥ.


ഇടനാഴികളിലെ കണ്ണാടികൾ

ഒരു കമ്പനിയിലെ അമ്പത്തഞ്ചുവയസ്സായ സൗമ്യമൂർത്തിയെന്നയാൾ, തന്റെ കമ്പനിയിലെ ജോലിക്കാരനായ പ്രേമചന്ദ്രൻ എന്നയാളുടെ ഭാര്യ മാധവിയുമായി അടുക്കുന്നു. കഥയും കവിതയുമൊക്കെപ്പറഞ്ഞ് കൂടുതൽ അടുത്തെങ്കിലും, സൗമ്യമൂർത്തിക്ക്, പ്രണയം കുഴപ്പമാണെന്ന് തോന്നുന്നു. അയാൾ പ്രേമചന്ദ്രനെ സ്ഥലം മാറ്റുന്നു. പക്ഷെ, മാധവി, കൂടെപ്പോകാൻ കൂട്ടാക്കുന്നില്ലെന്നും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്നും പ്രേമചന്ദ്രൻ സൗമ്യമൂർത്തിയെ അറിയിക്കുന്നു. പക്ഷേ, ഒടുവിൽ മാധവി മരിച്ചു എന്ന വാർത്ത കേൾക്കാൻ കഴിയുന്നു, സൗമ്യമൂർത്തിയ്ക്ക്. വെള്ളത്തിൽ വീണാണ് മരിക്കുന്നത്. പ്രണയത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയോ ഒളിച്ചോടാൻ ശ്രമിക്കുകയോ ആണ് സൗമ്യമൂർത്തി ചെയ്യുന്നത്. പ്രേമചന്ദ്രൻ, മാധവിയോട് പറയുന്നതും ആ അടുപ്പത്തിന്റെ കാര്യം തന്നെ. നിന്നെക്കൊണ്ട് അദ്ദേഹത്തിനു ശല്യമായതുകൊണ്ടാണ്, തനിക്കു സ്ഥലം മാറ്റം കിട്ടിയതെന്ന് അയാൾ പറയുന്നുണ്ട്. മാധവിയുടെ സ്നേഹത്തിനുള്ള ദാഹം അവൾ പ്രത്യക്ഷപ്പെടുത്തുന്നു എന്നും പ്രേമചന്ദ്രൻ പറയുന്നു. സ്നേഹിച്ചു ജീവിക്കാൻ കൊതിക്കുന്ന മാധവിയോ, സ്നേഹം മനസ്സിലാക്കാതിരിക്കുന്ന ആ രണ്ടു പുരുഷന്മാരോ, ആരാണ് തെറ്റുകാർ? എന്തായാലും മരണം സ്വന്തമാക്കി, മാധവിയെ.

കോലാട്

ഈ കഥയിൽ പല സ്ത്രീകളുടേയും അവസ്ഥയാണ് പറയുന്നത്. പഠിപ്പും പരിഷ്കാരവുമില്ലാതെ, കുടുംബത്തിനുവേണ്ടി, പകലന്തിയോളം ജോലി ചെയ്ത് ജീവിക്കുന്ന സ്ത്രീ. മക്കൾക്ക് അവരുടെ രൂപം പോലും കുറച്ചിലുണ്ടാക്കുന്നതാണ്. ഒടുവിൽ അസുഖമായി ആശുപത്രിയിൽ പോകുമ്പോൾ അവിടെനിന്നും വീട്ടുകാര്യങ്ങളെക്കുറിച്ചുള്ള ചിന്തകളാണ്. അറിയാവുന്ന ചില ജീവിതങ്ങൾ, ആ കഥയിലേക്ക് ചേർത്തുവെച്ചുനോക്കി. അവരുടെ കഥകൾ, എപ്പോഴേ എഴുതിവെച്ചിരിക്കുന്നുവെന്നു കണ്ട് ആശ്ചര്യം തോന്നി. ഒരു പാവം സ്ത്രീയുടെ കഥ, ജീവിതം ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ. ജോലിയെടുത്ത് ക്ഷീണിച്ച് നിൽക്കുമ്പോൾ, അമ്മയെക്കാണുമ്പോൾ മക്കൾക്ക് കോലാടിന്റെ രൂപമാണ് തോന്നുന്നതെന്ന് വായിക്കുമ്പോൾ, ചിലരെങ്കിലും വീട്ടിനുള്ളിൽ, അതുപോലെയുള്ള കോലാടുകൾ ഉണ്ടോയെന്ന് കണ്ടെത്താൻ ശ്രമിച്ചേക്കും.

രണ്ടു ലക്ഷം

വിദേശത്തുനിന്ന് പണമുണ്ടാക്കി വരുമ്പോൾ, ഭർത്താവിനെ സ്വീകരിക്കാൻ ചെല്ലുന്ന ഭാര്യയും മൂന്നുവയസ്സായ മകനും. രണ്ടുവർഷം കാണാതിരുന്ന മകനെ കാണുമ്പോൾ, മകനോടൊപ്പമുള്ള ജീവിതത്തിൽ നിന്ന് മനോഹരമായ രണ്ടുവർഷങ്ങൾ നഷ്ടപ്പെട്ടതിന്റെ വേവലാതിയുണ്ടയാൾക്ക്. അതുപറയുമ്പോൾ, പണമുണ്ടാക്കാൻ വേണ്ടി നിർബ്ബന്ധിച്ച് പറഞ്ഞയച്ചതുകൊണ്ട്, അതുണ്ടായി എന്ന മട്ടിലാണ് ഭാര്യ സംസാരിക്കുന്നത്. സ്നേഹത്തിനു പകരം ഭാര്യയ്ക്കു വേണ്ടത് പണമാണല്ലോ എന്ന മട്ടിൽ അയാൾ സംസാരിക്കുന്നു. പണം, മനുഷ്യനെ അകറ്റുന്നുണ്ടോ? അയാൾക്ക് മകനേയും നോക്കിയിരുന്നാൽ മതിയായിരുന്നോ? ഭാര്യയാണോ അയാളാണോ ശരി? ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ. മകന്റെ നല്ല കാലത്തിൽ നിന്ന് പണം സമ്പാദിക്കാൻ പോയിട്ട് നഷ്ടപ്പെട്ടുവെന്ന് അയാൾ പറയുമ്പോൾ, പണമില്ലാതെ ജീവിക്കാൻ പാടാണെന്ന് ഭാര്യ പറയുമ്പോൾ, അങ്ങനെയൊക്കെയുണ്ടായ പല ജീവിതങ്ങളും ഇല്ലേ? കഥയും ജീവിതവും വേറെവേറെ കാണേണ്ടിവരില്ല. കഷ്ടപ്പാട്, വാത്സല്യം, സ്നേഹം, നീരസം ഒക്കെയുണ്ട് ഈ കഥയിൽ.


മാധവിയുടെ മകൾ

ഇതിലെ മാധവി, ഒരു വീട്ടിലെ വേലക്കാരി ആണ്. ഇടയ്ക്കുമാത്രമാണ് സ്വന്തം വീട്ടിൽ വരുന്നത്. അവിടെ മാധവിയുടെ അമ്മയുണ്ട്. മാധവിയുടെ ചെറിയ മകളും. കുഞ്ഞിന് അസുഖമാണ്. കുഞ്ഞിനെ താലോലിക്കുന്നു. കുഞ്ഞിനു കരിവള കൊണ്ടുക്കൊടുത്ത് സന്തോഷിപ്പിക്കുന്നു. എന്നിട്ടും, പിറ്റേ ദിവസം രാവിലെ പോകുമെന്നാണ് മാധവി, അമ്മയോട് പറയുന്നത്. കാരണമോ ജോലിക്കു നിൽക്കുന്ന വീട്ടിലെ കുട്ടി, അവളെ കാണാതെ പാലു കുടിക്കില്ലെന്ന്. ഒരമ്മയ്ക്കു മാത്രം കാണിക്കാൻ കഴിയുന്ന സ്നേഹത്തിന്റെ കണങ്ങൾ. എല്ലാവരോടും സ്നേഹമുള്ള അമ്മ. നിറയെ വാത്സല്യമുള്ള അമ്മ. ഒരു കുഞ്ഞുകഥയാണ് ഇത്. എന്നിട്ടും അതിലൂടെ ഒരുപാട് സ്നേഹവും വാത്സല്യവും മനസ്സിലാക്കി തന്നിരിക്കുന്നു.

എഴുതിയാലും പങ്കുവെച്ചാലും തീരാത്ത വിശേഷങ്ങളാണ് മാധവിക്കുട്ടി, കഥകളിലൂടെ തന്നു പോയിട്ടുള്ളത്. വളരെച്ചെറിയ കഥകളിലും, വായിച്ചുകഴിയുമ്പോൾ കഥയേക്കാളും വലുപ്പത്തിൽ നമ്മെ ആകർഷിക്കുന്ന എന്തെങ്കിലും ഉണ്ടാവും. ചന്ദനച്ചിതയൊരുക്കിക്കൊടുക്കാൻ മാത്രം കഴിയുന്ന മക്കളുടെ കഥയും, ഒരുമിച്ച് മരിച്ച് സ്വർഗ്ഗത്തിൽ പോകാമെന്നുപറഞ്ഞ പേരക്കുട്ടി, മരിച്ചുപോയേക്കും എന്നു കാണുമ്പോൾ, അതു വിശ്വസിക്കാതിരിക്കുന്ന മുത്തശ്ശിയുടെ കഥയും, കൃഷ്ണനെ കാത്തിരിക്കുന്ന രാധയുടെ കഥയും, ജോലി തേടിപ്പോയിട്ട്, ഒരാളുടെ കുരുക്കില്‍പ്പെടുമെന്നു തോന്നിയപ്പോൾ, എനിക്കു മരിക്കാനായില്ല, വിവാഹിതയാണ്, അമ്മയാണ് എന്നും പറഞ്ഞ് രക്ഷപ്പെടാനൊരുങ്ങി, വിഫലമാവുന്ന ഒരു സ്ത്രീയുടെ കഥയും, പ്രണയം ഒരുപാട് നിറച്ചുവെച്ചിട്ടുള്ള കഥകളും ഒക്കെ നമുക്കായി തന്നിരിക്കുന്നു.

ഏതൊക്കെ കഥകളാണ് ഇഷ്ടപ്പെടേണ്ടത്!

ഏതൊക്കെയാണ്, ഇതൊക്കെ സത്യമല്ലേന്ന് അമ്പരപ്പിക്കുന്നത്!

ഏതൊക്കെ കഥകളാണ് കണ്ണു നിറഞ്ഞുതുളുമ്പിക്കുന്നത്!

ഏതൊക്കെ കഥകളാണ് മനസ്സിൽ സ്നേഹം തുളുമ്പിനിർത്തുന്നത്!

പ്രണയത്തിന്റെ കഥകൾ, വാത്സല്യത്തിന്റെ കഥകൾ. ഒരുപ്രാവശ്യം വായിച്ചാൽ, ഓർമ്മയിൽ നിൽക്കാൻ വീണ്ടും വായിക്കേണ്ടിവരുന്നില്ലെങ്കിലും, ഇനിയും വായിച്ചേക്കാം എന്നു തോന്നിക്കുന്ന ആകർഷണീയത.

അവരുടെ ഒരു കഥയിൽ അവസാനമുള്ളതുപോലെ, നിന്നുപോയ ഒഴുക്ക് പെട്ടെന്ന് തുടരുകയും, നദി വീണ്ടും മുന്നോട്ടൊഴുകുകയും ചെയ്യുമായിരിക്കും. പക്ഷേ, ഇനിയങ്ങനെയുള്ള കഥകൾ എഴുതിത്തരാൻ അങ്ങനെയൊരാളില്ല.

ആ ഓർമ്മയ്ക്കു മുന്നിൽ ഒരുതുള്ളി കണ്ണുനീർ...

Labels: , ,

Friday, May 29, 2009

രണ്ടു പ്രണയകഥകൾ

രണ്ടു പുസ്തകങ്ങൾ. ഒന്ന് മലയാളവും ഒന്ന് ഇംഗ്ലീഷും. രണ്ടിലും പ്രണയമാണുള്ളത്. എന്നാൽ രണ്ടെഴുത്തുകാരും, വ്യത്യസ്തരീതിയിലാണ് പ്രകടിപ്പിച്ചിട്ടുള്ളത്. രണ്ടിൽനിന്നും വായിച്ചെടുത്തത്, വളരെച്ചുരുക്കത്തിൽ മാത്രമാണ് താഴെ എഴുതിയിരിക്കുന്നത്. പുസ്തകത്തെക്കുറിച്ച് ചെറുതായ രീതിയിൽ മനസ്സിലാക്കാൻ ഉപകരിച്ചേക്കും.

1. അനുരാഗത്തിന്റെ ദിനങ്ങൾ - ബഷീർ.

അനുരാഗത്തിന്റെ ദിനങ്ങൾ എന്നത് വൈക്കം മുഹമ്മദ്ബഷീറിന്റെ ഒരു നോവലാണ്. അദ്ദേഹത്തിന്റെ മറ്റുകഥകളിൽ ഉള്ളതുപോലെ അത്ര തമാശയില്ല വായിച്ചെടുക്കാൻ. തീരെയില്ലെന്നൊന്നും പറഞ്ഞൂടാ. ഇത് കാമുകന്റെ ഡയറിയാണ്. ശരിക്കും നോവൽ അല്ല, ജീവിതകഥയാണ്. പരസ്പരം പ്രണയിക്കുന്ന രണ്ടുപേരുടെ വിചാരങ്ങളും വികാരങ്ങളുമൊക്കെ പ്രകടിപ്പിച്ചിട്ടുള്ള എഴുത്തുകളാണ് ഈ നോവലിൽ മുഴുവൻ. പ്രണയമങ്ങനെ ഉയർന്നും താഴ്ന്നും, പിടിവിട്ടുപോയെന്നു കരുതിയും ഒക്കെ കടന്നുപോകും. കാമുകന്റെ ഡയറി എന്ന് ബഷീർ പറഞ്ഞിട്ടുള്ള ഈ നോവലിന്റെ പേര് “അനുരാഗത്തിന്റെ ദിനങ്ങൾ” എന്ന് ഇടുന്നത് എം. ടി. വാസുദേവൻ‌നായർ ആണ്.

ബഷീറിന് മുപ്പത്തിനാലോ മുപ്പത്താറോ പ്രായമായിരിക്കുമ്പോഴാണ് ഇരുപത്തിയാറരക്കാരിയായ സരസ്വതീദേവി അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വരുന്നത്. എന്നുവെച്ചാൽ മനസ്സിലേക്കും. സരസ്വതീദേവിയുടെ അയൽ‌വക്കത്തെ താമസത്തിനിടയിലാണ് പരിചയം ഉണ്ടാവുന്നത്. പരിചയം തുടങ്ങുന്നത്, സഹവിദ്യാഭ്യാസം എന്നതിനെക്കുറിച്ചൊരു പ്രസംഗം എഴുതിക്കിട്ടാൻ സരസ്വതീദേവി ബഷീറിനെ സമീപിക്കുമ്പോഴാണ്. എഴുതിക്കൊടുക്കുന്നു. പ്രസംഗത്തിൽ സരസ്വതീദേവിയ്ക്ക് ഒന്നാം സമ്മാനം കിട്ടുന്നു.

അങ്ങനെ പരിചയമൊക്കെ ആയി വന്നപ്പോൾ, ദേവി കുറച്ചുദിവസത്തേക്ക് മദ്രാസിലേക്ക് പോകുന്നു.അതിനിടയ്ക്ക്, ദേവിയെക്കുറിച്ചും, ദേവിയ്ക്ക് ഉണ്ടായിരുന്നെന്ന് പറയപ്പെടുന്ന പ്രണയത്തെക്കുറിച്ചുമൊക്കെ കേട്ടറിയുകയും, ദേവിയുടെ ഒരു പരിചയക്കാരന്റെ ലേഖനം പ്രസിദ്ധീകരിച്ചപ്പോൾ, അതിൽ ദേവിയുടെ അഭിപ്രായങ്ങളുമൊക്കെ വന്നപ്പോൾ, അയാളേയും ദേവിയേയും ചേർത്ത്, വെറുതേ ഓരോന്നൊക്കെ ആലോചിച്ചുകൂട്ടുകയും ഒക്കെച്ചെയ്തപ്പോൾ നമ്മുടെ നായകനു ദേവിയെ മറക്കുന്നതും വെറുക്കുന്നതുമാണു നല്ലതെന്ന് തോന്നി. ഉടനെ, ദേവി മദ്രാസിൽനിന്നു വരുന്നതിനുമുമ്പ് പെട്ടിയും കിടക്കയും ഒക്കെ വാരിക്കെട്ടി, വേറെ വീട്ടിലേക്കു താമസം മാറ്റി. കുറച്ചു ദിവസത്തേക്ക് സ്വന്തം വീട്ടിലേക്കും പോയി.

ദേവി വന്നു. ദേവിയുടെ ആദ്യത്തെ കത്തുവന്നു. തെറ്റിദ്ധരിക്കരുതെന്നും കാണുകയുണ്ടാവില്ലായിരിക്കും എന്നൊക്കെപ്പറഞ്ഞ്. താങ്കളെ ഇഷ്ടമാണ് എന്നും എഴുതിയിരുന്നു. അപ്പോപ്പിന്നെ അങ്ങോട്ടും ഒരു കത്ത്. ദേവിയെ നായകനും ഇഷ്ടമാണെന്നും പറഞ്ഞ്.

പിന്നെ അങ്ങോട്ടുമിങ്ങോട്ടും കത്തുകളുടെ പ്രവാഹമായിരുന്നു. അതാണ് ഈ അനുരാഗത്തിന്റെ ദിനങ്ങളിൽ സംഭവിച്ചത്.

പ്രണയം തുടങ്ങി. അതിലെ തകരാറുകളും തുടങ്ങി. ഇടയ്ക്ക് വഴക്കും ആയി. ഒക്കെ കത്തുകളിലൂടെ പ്രകടിപ്പിച്ചു തുടങ്ങി. ദേവി ഇടയ്ക്ക് മനം മാറി, സഹോദരാ എന്നും വിളിച്ച് കത്തെഴുതും, പിന്നെ സ്നേഹിക്കുന്നെന്നെഴുതും. ബഷീർ പ്രണയം കൊണ്ടു വിവശനാവും. അങ്ങനെ കത്തോട് കത്ത്. അങ്ങോട്ടുമിങ്ങോട്ടും. ദേവിയെ സ്നേഹിക്കുന്നെന്നും വിവാഹം കഴിക്കണമെന്നും നായകൻ. സ്നേഹിക്കുന്നുണ്ടെങ്കിലും, അമ്മയേയും അച്ഛനേയും, കുടുംബത്തേയും മറന്ന് സ്നേഹിക്കാൻ ദേവിക്ക് പേടി, മടി.

അങ്ങനെ കത്തെഴുതിക്കത്തെഴുതി സ്നേഹിച്ചുസ്നേഹിച്ച് ഒടുവിൽ, ദേവിയുടെ കല്യാണം വേറെ ആളുമായി കഴിഞ്ഞു. നായകൻ പറഞ്ഞു. എന്ത്?

“ഭർത്താവിനോട് നമ്മുടെ സ്നേഹത്തെപ്പറ്റി പറയണം. ദേവി പറഞ്ഞില്ലെങ്കിൽ വേറെ ആളുകൾ പറയും. ഞാൻ ദേവിയെ അനുഗ്രഹിക്കുന്നു. എല്ലാ ഐശ്വര്യങ്ങളും തന്ന് കരുണാമയനായ ദൈവം ദേവിയെ അനുഗ്രഹിക്കട്ടെ.” (അനുരാഗത്തിന്റെ ദിനങ്ങൾ - ബഷീർ - ഡി. സി. ബുക്സ്)

അങ്ങനെ അവിടെ ശുഭം!

എഴുതിയത് നായകൻ ആണെങ്കിലും, നായികയുടെ വിഷമം, കത്തുകളിലൂടെത്തന്നെ മനസ്സിലാവും. സ്നേഹമുണ്ട്, പ്രണയമുണ്ട്. പക്ഷേ അതൊക്കെ എവിടെയെത്തും എന്ന ഭീതിയും ഉണ്ട്. മുഹമ്മദീയനെയാണ് സ്നേഹിക്കുന്നതെന്ന ആശങ്കയുണ്ട്. കുടുംബാംഗങ്ങളെ വിഷമിപ്പിക്കാനാവില്ലെന്ന തോന്നലുണ്ട്. അങ്ങോട്ടുമിങ്ങോട്ടും പ്രത്യേക കരുതലുണ്ട്. ആകപ്പാടെയൊരു പ്രണയമയം. പ്രധാനമായും, കത്തുകളിലൂടെ ഒരു നോവൽ.

-----------------------------------------

2. ലവ് സ്റ്റോറി - എറിക് സെഗാൾ - Love Story - Erich Segal

ഒലിവറിന്റേയും ജെന്നിഫറിന്റേയും കഥ. അവർ കണ്ടുമുട്ടിയതിനെക്കുറിച്ച്, പ്രണയമായതിനെക്കുറിച്ച്, വിവാഹം കഴിച്ചതിനെക്കുറിച്ച് ഒക്കെയുള്ള കഥ. ഈ കഥ സിനിമയായും വന്നിട്ടുണ്ട്. 1970 - ൽ ആണ് ഈ കഥ ആദ്യമായിട്ട് പ്രസിദ്ധീകരിക്കുന്നത്. 21 മില്ല്യണിലധികം കോപ്പികൾ ചെലവായി എന്നു അറിഞ്ഞപ്പോൾ അതിശയമൊന്നും തോന്നിയില്ല. കഥ വായിച്ചുകഴിഞ്ഞപ്പോൾ ജെന്നിയും ഒലിവറും ഹൃദയത്തിലേക്ക് കയറി.

ഒലിവർ സമ്പന്നൻ ആണ്. ജെന്നി പാവമാണ്. സംഗീതം പഠിക്കുന്നു. രണ്ടാളും പ്രണയമായി. കുടുംബാംഗങ്ങളെ പരിചയപ്പെടുന്നു. ജെന്നിയ്ക്ക് ഏറ്റവും അടുത്തത് അവളുടെ അച്ഛൻ മാത്രമാണ്. ഒലിവറിന് പണക്കാരായ കുടുംബം ഉണ്ട്. ഒലിവർ, ജെന്നിയെ കല്യാണം കഴിക്കുന്നതിനെക്കുറിച്ച് പറഞ്ഞ് അച്ഛനുമായി തെറ്റുന്നു. എന്നിട്ട് വീടുവിട്ടിറങ്ങി, സ്വന്തം നിലയിൽ ജീവിക്കാൻ തുടങ്ങുന്നു.

രണ്ടാളും ഡിഗ്രിയെടുത്തുകഴിയുമ്പോഴാണ് വിവാഹം. അതുകഴിഞ്ഞ് ജീവിതത്തിന്റെ തിരക്കിലായി. ഓരോ ജോലിയൊക്കെ നോക്കി. ഒലിവർ നിയമബിരുദം നേടി. സന്തോഷമായി ജീവിക്കാൻ തുടങ്ങി.

കുട്ടികളില്ലാതിരുന്നതുകൊണ്ട് ഒരു ഡോക്ടറെ കാണാൻ പോകുന്നിടത്താണ് കഥ മാറുന്നത്. ടെസ്റ്റുകളൊക്കെ നടത്തിച്ച ശേഷം ഡോക്ടർ,അവരുടെ ജീവിതത്തിലെ സന്തോഷം ഇല്ലാതാക്കിക്കൊണ്ട്, ഒലിവറിനോടു പറയുന്നത് ജെന്നിയ്ക്ക് ലുക്കീമിയ ആണെന്നാണ്. ആദ്യം ജെന്നി അറിയുന്നില്ലെങ്കിലും, പിന്നീട് ഡോക്ടറുടെ അടുത്തുനിന്നുതന്നെ കാര്യങ്ങൾ മനസ്സിലാക്കുന്നു. അസുഖം വർദ്ധിക്കുകയും ജെന്നിയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. പണം ആവശ്യമായതുകൊണ്ട്, ഒലിവർ അച്ഛനെത്തേടി പോകുന്നു. പക്ഷെ, യഥാർത്ഥകാര്യം പറയാൻ തയ്യാറാവുന്നില്ല. ശമ്പളം കിട്ടുന്നില്ലേ, ജെന്നി ജോലി ചെയ്യുന്നില്ലേന്നൊക്കെ ചോദിക്കുന്നുണ്ടെങ്കിലും അച്ഛൻ പണം കൊടുക്കുന്നു. പക്ഷെ, ജെന്നി മരിക്കുന്നു. അച്ഛൻ വന്ന് ഒലിവറിനെ സമാധാനിപ്പിക്കുന്നു.

ജെന്നിയുടേയും ഒലിവറിന്റേയും സ്നേഹത്തിന്റെ, ജീവിതത്തിന്റെ കഥയാണെങ്കിലും, അച്ഛന്റേയും മകന്റേയും സ്നേഹവും, അച്ഛന്റേയും മകളുടേയും സ്നേഹവും ഒക്കെ ഈ കഥയിൽ ഉണ്ട്.

Labels:

Tuesday, November 25, 2008

ആശാപൂർണ്ണാദേവി വീണ്ടും

പ്രമുഖബംഗാളി എഴുത്തുകാരിയായ ആശാപൂർണ്ണാദേവിയുടെ രണ്ടു നോവലുകളാണ് അണിയറസംഗീതവും ബകുളിന്റെ കഥയും.

മറ്റു രണ്ടുകഥകളെക്കുറിച്ച് ഇവിടെയുണ്ട്.

ബകുളിന്റെ കഥ


ബകുളിന്റെ കഥ പറയുന്നതിനുമുമ്പുതന്നെ ബകുളിന്റെ മുത്തശ്ശി സത്യയുടേയും, അമ്മ, സുബർണ്ണലതയുടെയും കഥ നമ്മൾക്കായി പറഞ്ഞിരുന്നു ആശാപൂർണ്ണാദേവി. കുടുംബജീവിതത്തിന്റെ ചങ്ങലക്കെട്ടുകളിൽ നിന്ന് സ്വാതന്ത്ര്യം തേടി, വേരുകൾ പൊട്ടിച്ചെറിഞ്ഞ് പോയ അമ്മസത്യയെപ്പോലെ ഭാഗ്യവതിയായിരുന്നില്ല, സുബർണ്ണലത. സ്വാതന്ത്ര്യം എന്ന വാക്കുതന്നെ അപ്രാപ്യമായിരുന്ന സ്ത്രീ. മരണം വരെ വെറുതേ പോരാടിയെന്നു മാത്രം. ആ രണ്ടു ശക്തമായ കഥാപാത്രങ്ങളുടെ പിന്തുടർച്ചക്കാരിയായിട്ടാണ് ബകുൾ എത്തുന്നത്. അവളുടെ ലോകംഓരോ കാലത്തിലും മാറിവരുന്നുണ്ട്. കുട്ടിക്കാലത്ത് സ്വാതന്ത്ര്യമില്ലായ്മ അനുഭവിച്ചു. അല്പം വലുതായപ്പോൾ, ശരിയെന്നത് തോന്നുന്നത് ചെയ്യാനുള്ള ഭാഗ്യമുണ്ടായി. വീണ്ടും വളർന്നപ്പോൾ, സ്വാതന്ത്ര്യം വേണം എന്നൊരു തോന്നൽ വരാത്തൊരു ജീവിതം ലഭിക്കുകയും ചെയ്തു.
ലോകത്തിനുമുന്നിൽ താനെഴുതുന്നത് വായിക്കപ്പെടണമെന്നും, അസ്വാതന്ത്ര്യത്തിന്റെ കൂട്ടിൽ നിന്ന് പുറത്തുകടക്കേണ്ട സ്ത്രീജന്മമാണെന്നൊരു തോന്നലും, ഒക്കെക്കൂടെ ഉള്ളിലൊതുക്കി, ഒന്നുമാവാൻ കഴിയാതെ മരണം വരിച്ച സ്ത്രീയായിരുന്നു സുബർണ്ണലത. അമ്മ മരിച്ചപ്പോൾ, ബകുൾ, തീരുമാനമെടുക്കുന്നു. കഥയെഴുതുമെന്ന്.


ബകുൾ അവിവാഹിതയാണ്. അച്ഛന്റെ വീട്ടിൽ സഹോദരങ്ങളോടും, നാത്തൂന്മാരോടും, മരുമക്കളോടും ഒപ്പമാണ് ജീവിതം. ഒരേ കെട്ടിടത്തിൽ ജീവിക്കുന്നെന്നേയുള്ളൂ. അങ്ങനെ വീട്ടുകാരോട് അടുപ്പമൊന്നുമില്ല. കൂടുതൽ അടുപ്പം എന്നു പറയാവുന്നത് സഹോദരന്റെ മകളായ ശമ്പയോടു മാത്രമാണ്. അവൾ ഇന്നത്തെ തലമുറയുടെ പ്രതിനിധിയാണ്. എന്തിനും സ്വാതന്ത്ര്യം. ശമ്പ പലരേയും ഇഷ്ടപ്പെടുകയും തഴയുകയും ചെയ്യുന്നുണ്ട്. അതൊക്കെ വന്നു പറയുന്നത് അപ്പച്ചിയോട് മാത്രമാണ്.
വലിയൊരു എഴുത്തുകാരിയായി സാഹിത്യസമ്മേളത്തിനും, മറ്റു സാഹിത്യപരിപാടികൾക്കുമൊക്കെ അതിഥിയായി പോകുന്നുണ്ട് ബകുൾ. അവൾക്ക് കൂടുതൽ സ്വാതന്ത്ര്യമൊന്നും ആവശ്യമില്ല. ആദ്യമൊക്കെ അച്ഛനാലും സഹോദരന്മാരാലും എതിർക്കപ്പെട്ടിരുന്നെങ്കിലും, ഇപ്പോൾ ആരും എതിർക്കുന്നില്ല. അടുത്ത വീട്ടിലെ നിർമ്മൽ എന്ന യുവാവിനെ സ്നേഹിച്ചിരുന്നെങ്കിലും, ചില കാരണങ്ങൾ കൊണ്ട്, ചിലരുടെ ഇടപെടൽ കൊണ്ട് അവരുടെ വിവാഹം നടക്കുന്നില്ല. പകരം, മാധുരി, നിർമ്മലിന്റെ ഭാര്യയായി വരുകയും, ബകുളിന്റെ കൂട്ടുകാരിയായി മാറുകയും ചെയ്യുന്നു. സഹോദരിമാരിൽ കൂടുതൽ അടുപ്പം പാറുളിനോടാണ്. അവർക്കും എഴുതാനുള്ള താല്പര്യമുണ്ട്. വിധവയായ അവർ, ഗംഗാതീരത്തിനടുത്താണ് താമസം. ബകുളിന്റെ കഥയെഴുതണമെന്ന് പാറുൾ ആഗ്രഹിക്കുന്നുണ്ട്. അതുപോലെത്തന്നെ, നമ്മുടെ കഥയെഴുതണമെന്ന് നിർമ്മലും ആഗ്രഹം പറഞ്ഞിരുന്നു.

ശമ്പ ഒരു ഫാക്ടറിത്തൊഴിലാളിയുടെ കൂടെ ഒളിച്ചോടുന്നു. പാറുളിന്റെ വീട്ടിലാണ് അവർ അഭയം തേടുന്നത്. സഹോദരനെ അറിയിക്കാതെതന്നെ പാറുൾ അവരെ അവിടെ പാർപ്പിക്കുന്നു. ബകുളിനെയാണ് സഹോദരനും ഭാര്യയും ആദ്യം കുറ്റപ്പെടുത്തിയിരുന്നത്. പക്ഷെ ബകുളിന് അതിൽ മനസ്സറിവൊന്നും ഇല്ലായിരുന്നു. ഒടുവിൽ, അവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരുന്നു.

സുവർണ്ണയുടെ കാലത്തിൽനിന്നും ബകുളിന്റെ കാലത്തിലേക്കെത്തുമ്പോൾ പല മാറ്റങ്ങളും ഉണ്ട്. സ്ത്രീയ്ക്ക് അടിമയെപ്പോലെ കഴിയേണ്ടിവരുന്നില്ല. അവർക്ക് സ്വന്തമായ അഭിപ്രായങ്ങളും അവകാശങ്ങളും ഉണ്ട്. പുസ്തകം വായിക്കാൻ പോലും സ്വാതന്ത്ര്യമില്ലാതിരുന്ന സുവർണ്ണയുടെ, കൊച്ചുമകൾ, അമിതസ്വാതന്ത്ര്യത്തിൽ നടക്കുകയാണ്. സുവർണ്ണയുടെ അഭിപ്രായത്തിന് ആരും വിലകൊടുത്തില്ലെങ്കിലും, ആണ്മക്കൾ പോലും സുവർണ്ണയുടെ ചിന്തകൾക്ക് എതിരായി നിന്നിരുന്നെങ്കിലും, ഇന്ന് ആ മക്കൾക്കും, കൊച്ചുമക്കൾക്കും, അവരുടെ വീട്ടിലെ സ്ത്രീകളുടെ ജീവിതം, അവരുടെ ഇഷ്ടത്തിന് വിടേണ്ടിവരുന്നു. ആ സ്വാതന്ത്ര്യം അവർക്ക് നന്മയാണോ നേടിക്കൊടുക്കുന്നത്? ആണെന്നു തോന്നുന്നില്ല. ബകുളും അനാമിക എന്ന പേരിൽ വലിയ എഴുത്തുകാരിയാവുന്നു. അവളും അനുഭവിക്കുന്നത് അവളുടെ അമ്മ ആഗ്രഹിച്ച സ്വാതന്ത്ര്യമാണോ?

ആ വീട്ടിൽത്തന്നെയുണ്ട് പലപല ആളുകൾ. പാരമ്പര്യത്തിൽ ജീവിക്കുന്നവർ. സ്വാതന്ത്ര്യത്തിൽ മുഴുകിനടക്കുന്നവർ. ജീവിതം തന്നെ കളയുന്നവർ.


ബകുളിന്റെ കഥയിൽ ഒരുപാട് സ്ത്രീകഥാപാത്രങ്ങളുണ്ട്. ബകുളിന്റെ സഹോദരിമാർ, നാത്തൂന്മാർ, മരുമക്കൾ. ബകുൾ പരിചയപ്പെടുന്നവരിൽ ചിലർ, ബകുളിന്റെ സഹോദരിയുടെ പുത്രവധുക്കൾ, പിന്നെ ബകുൾ സ്നേഹിച്ചയാളുടെ ഭാര്യയായെത്തുന്ന, ബകുളിന്റെ കൂട്ടുകാരിയായി മാറുന്നവൾ. ഓരോ കഥാപാത്രങ്ങളും ഓരോ ചിത്രങ്ങളാണ്. ഓരോ സന്ദേശങ്ങളാണ്. സ്വാതന്ത്ര്യം എന്ന വാക്കിന്റെ അർത്ഥം ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കുന്നു. അതുപോലെ, അവരുടെ വിധിയും.


അണിയറസംഗീതം

അണിയറസംഗീതം ജയന്തിയെന്ന സ്ത്രീയുടെ ജീവിതമാണ്. അവരോടൊപ്പമുള്ളവർ, സോമനാഥനും, ചിന്മയനും, രണ്ട് പെൺകുഞ്ഞുങ്ങളും. ജയന്തിയുടേയും സോമനാഥന്റേയും ജീവിതത്തിലേക്ക്, അവരുടെ കുഞ്ഞുമകൾ വരുമ്പോൾത്തന്നെയാണ്, സോമനാഥന്റെ കൂട്ടുകാരൻ, ചിന്മയൻ ഒരു കൈക്കുഞ്ഞുമായി എത്തുന്നത്. ചിന്മയന്റെ ഭാര്യ മരിച്ചു. ഇനി കുഞ്ഞിനെ ജയന്തി നോക്കണം. ചിന്മയൻ ജോലിക്കുവേണ്ടി അകലെ പോവുകയാണ്. ഉത്തരവാദിത്തം ജയന്തി ഏറ്റെടുക്കുന്നു. സ്നേഹവും ഉണ്ട്. എന്നാൽ സോമനാഥന്, ചിന്മയൻ, കുഞ്ഞിനെ വളർത്താനുള്ള ചെലവിലേക്ക് കൊടുക്കുന്ന പണത്തിലാണ് താല്പര്യം. കുഞ്ഞിന് ആയയെയൊക്കെ ഏർപ്പാടാക്കുന്നു. സോമനാഥനു സ്ഥലം മാറ്റം വന്ന് അവരെത്തുന്ന പുതിയ സ്ഥലത്തുവെച്ച് എത്തുമ്പോൾത്തന്നെ ചിന്മയന്റെ കുഞ്ഞ് മരിക്കുന്നു. മരിച്ചത്, നമ്മുടെ കുഞ്ഞാണെന്ന് എല്ലാവരോടും പറയാനും, അതിനാൽ ചിന്മയൻ തരുന്ന പണം മുടങ്ങില്ലെന്നും ഒന്നും ആരും അറിയില്ലെന്നും സോമനാഥൻ ജയന്തിയോട് പറയുന്നു. പുറം ലോകത്തിനുവേണ്ടി കുട്ടിയെ ചിന്മയന്റെ കുട്ടിയായി വളർത്തുന്നു. അച്ഛൻ ചിന്മയനാണെന്ന് കുട്ടിയെ പറഞ്ഞു മനസ്സിലാക്കുന്നു. കഥ അവിടെ തീരുന്നില്ല. അങ്ങനെ പോകുന്നു. ജീവിതം സംഘർഷം നിറഞ്ഞതാവുന്നു.

സ്വന്തം മകളെ, ചിന്മയന്റെ കുട്ടിയെന്ന രീതിയിൽ വളർത്തേണ്ടി വരുന്നതിന്റെ വേദന, പൈസയ്ക്കുവേണ്ടിയാണല്ലോ ഭർത്താവ് അങ്ങനെ ആഗ്രഹിച്ചതെന്ന് ഓർക്കുമ്പോഴുള്ള ദേഷ്യം, മകൾ, അച്ഛന്റെ കൂടെ താമസിക്കാനെന്നും പറഞ്ഞ് പോകുമോയെന്നുള്ള ഭീതി, ചിന്മയൻ എപ്പോൾ വേണമെങ്കിലും മകളെ തിരികെ ആവശ്യപ്പെടുമെന്നുള്ള തളർത്തുന്ന ഓർമ്മ, മകളോടുള്ള സ്നേഹം, ഒക്കെക്കൂടെ ഒരു സ്ത്രീയെ എങ്ങനെയെല്ലാം ചിന്തിപ്പിക്കാമെന്നും, ഒരു വലിയ കള്ളം കാരണം അവർ നേരിടുന്ന പ്രശ്നങ്ങളും ജയന്തിയെന്ന നായികയിലൂടെ കാണാം. സന്തുഷ്ടകരമായ ഒരു ജീവിതം സംഘർഷഭരിതമാകുന്നത് എത്ര വേഗമാണെന്ന് കാണാം. ഒരുനിമിഷത്തിലെടുക്കുന്ന തീരുമാനങ്ങൾ, ജീവിതത്തിലെ വരാൻ പോകുന്ന നിമിഷങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്ന് ആർക്കും അറിയില്ലല്ലോ.

ആശാപൂർണ്ണാദേവിയുടെ ഓരോ സ്ത്രീകഥാപാത്രങ്ങളും വ്യത്യസ്തമായ രീതിയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. സ്ത്രീജന്മത്തിന്റെ കാഴ്ചപ്പാടുകളും, മനസ്സും, ജീവിതവും, ഒക്കെ വ്യത്യസ്തങ്ങളായ ഓരോ അനുഭവങ്ങളായിട്ട് ഓരോ കഥാപാത്രങ്ങളിൽ നിന്നും നമുക്ക് കിട്ടുന്നു.

ഇതൊക്കെ എന്റെ വായനയിൽ കിട്ടിയതാണ്. നിങ്ങൾക്കും വായിക്കാം. ആശാപൂർണ്ണാദേവിയുടെ കഥപാത്രങ്ങളോട് തോന്നുന്ന അടുപ്പം, അവരുടെ കഥയിലെ ലാളിത്യം ഇതൊക്കെയാണ് എന്നെ അവരുടെ വായനക്കാരിയാക്കിയത്.


കഥ വായിച്ചത് :-
ബകുളിന്റെ കഥ - ആശാപൂർണ്ണാദേവി - വിവർത്തനം. പി. മാധവൻ പിള്ള - കറന്റ് ബുക്സ് തൃശൂർ. - വില 120 രൂപ.


അണിയറസംഗീതം - ആശാപൂർണ്ണാദേവി - വിവർത്തനം. കെ. രാധാകൃഷ്ണൻ - ഡി. സി. ബുക്സ് - വില - 80 രൂപ.

Labels: , , ,

Wednesday, May 14, 2008

ഇഷ്ടമുള്ള എഴുത്തുകാരി - സാറാ തോമസ്

തുടക്കം
സ്ത്രീ എഴുത്തുകാര്‍ ഒരുപാടുണ്ട്. സാധാരണവായനക്കാര്‍ക്ക്, അതായത് സാഹിത്യം കേമമായി അറിയാത്തവര്‍ക്കും വായിച്ചാല്‍ മനസ്സിലാവുന്ന കൃതികള്‍ എഴുതുന്നവരും, സാഹിത്യത്തില്‍ ഉന്നതമായ അറിവുള്ളവര്‍ക്ക് മനസ്സിലാവുന്നത് എഴുതുന്നവരും.
എഴുതുന്നവരേയും, അവര്‍ എഴുതുന്നതും, ഇഷ്ടമാണെന്ന രീതിയിലേ വായിക്കാറുള്ളൂ. അഥവാ വ്യക്തിപരമായി അവരെ എനിക്കിഷ്ടമല്ല എന്നു തോന്നുന്നത് എഴുത്തിനോട് കാണിക്കേണ്ടതില്ലല്ലോ. ചിലര്‍ക്കൊക്കെ എഴുത്തുകാരെക്കുറിച്ചും, എഴുത്തിനെക്കുറിച്ചും, സ്വന്തം വായനയെക്കുറിച്ചും വ്യക്തമായ ധാരണകള്‍ ഉണ്ടാവും. എനിക്കതില്ല. (കഷ്ടം!- കോറസ്)
എന്നാലും ഒരെഴുത്തുകാരിയെക്കുറിച്ചെഴുതാന്‍ പറയുമ്പോള്‍, ഒരു സാദാ വായനക്കാരിയെന്ന നിലയില്‍, സാറാ തോമസ്സിന്റെ പേരാണ് എനിക്ക് മുന്നോട്ട് പറയാന്‍ ഉള്ളത്. (സാറ എന്ന പേരിനോട് എനിക്ക് ഇഷ്ടക്കൂടുതല്‍ ഉണ്ടെന്നും വെച്ചോ. ;) )
ഇത് വിമര്‍ശനം, വിശകലനം, അവതാരിക എന്നതൊന്നുമല്ല. ഒരു എഴുത്തുകാരിയെ, അവരുടെ കൃതിയെ എന്തുകൊണ്ട് ഒരു വായനക്കാരിയെന്ന നിലയ്ക്ക് എനിക്കിഷ്ടമാണ് എന്ന് എന്റെ അറിവിനനുസരിച്ച് പറയുന്നു എന്നുമാത്രം. മഹാന്മാരും, മഹതികളുമായ വായനക്കാര്‍ ക്ഷമിക്കുക. ;)

സാറാ തോമസ്സിന്റെ എഴുത്തുകള്‍
സാറാ തോമസ്സിന്റേതായി ഒരുപാട് കൃതികള്‍ ഉണ്ട്. കേട്ടറിഞ്ഞതല്ലാതെ മുഴുവനൊന്നും ഞാന്‍ കണ്ടറിഞ്ഞിട്ടില്ല.
സാറാ തോമസ്സിന്റെ ആദ്യനോവല്‍, ജീവിതമെന്ന നദി ആണ്. നാര്‍മടിപ്പുടവ, ദൈവമക്കള്‍, അര്‍ച്ചന, പവിഴമുത്ത്, മുറിപ്പാടുകള്‍, ഗ്രഹണം, നീലക്കുറിഞ്ഞികള്‍ ചുവക്കും നേരം, വലക്കാര്‍, അഗ്നിശുദ്ധി, എന്നിവയാണ് മറ്റുനോവലുകള്‍. അവരുടെ, തണ്ണീര്‍പ്പന്തല്‍, യാത്ര, ചിന്നമ്മു, കാവേരി എന്നീ കഥകള്‍ വായിച്ചതില്‍പ്പെടുന്നു.
തമിഴ് ബ്രാഹ്മണ പശ്ചാത്തലമാണ് നാര്‍മടിപ്പുടവ എന്ന നോവലില്‍ ഉള്ളത്. കനകം എന്ന സ്ത്രീയുടെ ജീവിത- മാനസിക സംഘര്‍ഷങ്ങള്‍ നാര്‍മടിപ്പുടവയില്‍ വായിച്ചെടുക്കാം. പഠിക്കുമ്പോഴും, മരിച്ചുപോയ സഹോദരിയുടെ മകളുടെ സംരക്ഷണം ഏറ്റെടുക്കുമ്പോഴും, വിവാഹം കഴിഞ്ഞയുടനെ വിധവയാവുമ്പോഴും, ജോലി കിട്ടുമ്പോഴും ഒക്കെ ഒരു സഹനത്തിന്റെ രൂപമാണ് കാണാന്‍ കഴിയുന്നത്. ഒടുവില്‍, ചിത്തിയെ ഉപേക്ഷിച്ച് കാഞ്ചനയെന്ന “മകള്‍” ഇഷ്ടമുള്ള പുരുഷനോടൊപ്പം പോകുന്നു. ത്യാഗത്തിന്റെ ഫലം നായികയ്ക്ക് കിട്ടുന്നത് ഇങ്ങനെ.
തണ്ണീര്‍പ്പന്തല്‍ എന്ന കഥയിലെ നായിക, മാലതി, സാഹചര്യങ്ങളാല്‍ ഏകാന്തത സഹിക്കേണ്ടിവരുന്ന സ്ത്രീയാണ്. ഒറ്റപ്പെടലില്‍ നിന്നൊരു മോചനം ലഭിക്കുമ്പോഴും, അതില്‍ മുഴുകിത്തീര്‍ന്നൊടുവില്‍, അതല്ല ശരിയെന്ന് തിരിച്ചറിയുന്നവളാണ്.
യാത്ര എന്ന കഥയില്‍, ഒരു കന്യാസ്ത്രീയാണ് നായിക. അവരുടെ ട്രെയിന്‍ യാത്രയില്‍ ഒരു കൂട്ടായാണ് വായനക്കാര്‍ പോവുക. മാതൃത്വം നഷ്ടപ്പെട്ട ചെറിയ കുട്ടി, സഹയാത്രികയാവുമ്പോള്‍, ചെറുപ്പത്തില്‍ തനിക്കു നഷ്ടപ്പെട്ട മാതൃവാത്സല്യത്തിന്റെ ആഴം മനസ്സിലാക്കിക്കൊണ്ടുതന്നെ, ആ കുട്ടിയ്ക്ക് വാത്സല്യം പകരാന്‍ ശ്രമിക്കുന്നുണ്ട്. കുഞ്ഞിനെ കൊന്ന്, മരിച്ചേനെ എന്ന് ആ കുഞ്ഞിന്റെ അച്ഛന്‍ ഏറ്റു പറയുന്നതും ആ സ്നേഹം കണ്ടിട്ടുതന്നെ. ഒടുവില്‍ ആ സ്നേഹത്തിന്റെ ആഴത്തിലേക്ക് തന്നെ അവരുടെ മനസ്സും പോകുന്നു. യാത്ര തീരുകയും.
ചിന്നമ്മു എന്ന കഥയിലെ നായിക, സഹനത്തിന്റെ അങ്ങേയറ്റം വരെ പോയിക്കൊണ്ടിരിക്കുന്നവളാണ്. യാതനയുടെ നടുവിലും, സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും കൊതിക്കുന്ന ഒരു മനസ്സുണ്ടെന്ന് കാണിക്കുന്ന കഥയില്‍, അവസാനം നായികയ്ക്ക് ജീവിതം തന്നെ നഷ്ടമാവുന്നു.
കാവേരിയെന്ന കഥയിലാവട്ടെ, നായിക, ആണ്‍ കുഞ്ഞുങ്ങളെ മാത്രം സ്വീകരിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ ഇടയിലാണ്. കാവേരി, കഥയില്‍പ്പറയുന്നു, “പെണ്മനതിലെ ദുഃഖവും, കഷ്ടവും, യാര്‍ക്ക് തെരിയും, അതേപത്തി ഗൌനിക്കറുതുക്ക് യാരുക്കാവുത് നല്ല ബുദ്ധിവന്താ...
ദൈവമക്കള്‍ എന്ന കഥയില്‍ കുഞ്ഞിക്കണ്ണന്‍ എന്ന നായകനാണ് മുന്‍‌തൂക്കം. പഠിച്ച് വലിയ ആളായി, സ്വസമുദായത്തിന്റെ, സ്വന്തം ആളുകളുടെ ഇടയിലേക്കു തന്നെ തിരിച്ചുവരാന്‍ തീരുമാനിച്ച ഒരാളുടെ കഥ. അതും മനുഷ്യജീവിതത്തിന്റെ സംഘര്‍ഷങ്ങളിലൂടെത്തന്നെയാണ് കടന്നുപോകുന്നത്.

പുരസ്കാരങ്ങള്‍
മുറിപ്പാടുകള്‍ എന്നത് മണിമുഴക്കം എന്ന സിനിമയാക്കിയപ്പോള്‍, അതിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കിട്ടി. പ്രാദേശികചലച്ചിത്രത്തിനുള്ള രജതകമലവും കിട്ടി. നാര്‍മടിപ്പുടവ എന്ന കൃതിയ്ക്ക് കേരളസാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടി.

എന്തുകൊണ്ട് സാറാ തോമസ്?
വായിച്ച കഥയൊക്കെ ഒരുവിധം, വലിയ ബുദ്ധിമുട്ടില്ലാതെ മനസ്സിലാക്കാന്‍ എനിക്കു കഴിഞ്ഞു എന്നത് ആദ്യത്തെ കാര്യം.
മിക്ക കഥകളിലും അവഗണിക്കപ്പെടുന്ന സ്ത്രീത്വം ഞാന്‍ വായിച്ചെടുത്തു. എന്നാലും അവരൊക്കെ സഹിക്കാന്‍ സ്വയം തയ്യാറാവുന്നവരാണ്. സ്വാതന്ത്ര്യത്തിന്റെ വഴി തിരിച്ചറിഞ്ഞിട്ടും, അസ്വാതന്ത്ര്യം മുറുകെപ്പിടിച്ച്, അതിന്റെ സന്തോഷത്തില്‍ മുഴുകാന്‍ തീരുമാനിക്കുന്നവരാണ്. അതു തന്നെയാവും, സ്ത്രീത്വത്തിന്റെ ഒരു പ്രത്യേകത. സഹനത്തിന്റേയും, ത്യാഗത്തിന്റേയും, സ്നേഹത്തിന്റേയും ഉയരങ്ങളില്‍ നില്‍ക്കുമ്പോഴും, കാല്‍ച്ചുവട്ടിലെ മണ്ണിന്റെ നിലനില്‍പ്പിനെക്കുറിച്ച് യാതൊരു വ്യക്തതയുമില്ലാത്ത പാവം ജന്മങ്ങള്‍. മനസ്സുകൊണ്ട് ഉയരങ്ങളില്‍ നില്‍ക്കുമ്പോഴും, താഴെയാണ്, ഏറ്റവും താഴെയാണ് നിര്‍ത്തപ്പെടുന്നതെന്ന അറിവ്. എന്നാലും സ്നേഹത്തിന്റെ ചുഴികളില്‍പ്പെട്ട്, ത്യാഗം സഹിക്കാന്‍ തയ്യാറാവുന്നവര്‍. പ്രതികരിക്കണമെന്ന് അറിയുമ്പോഴും, സ്ത്രീത്വമെന്ന, മാതൃത്വമെന്ന അറിവില്‍ കുരുങ്ങിക്കിടക്കുന്നവര്‍. ഒരുപാട് സ്ത്രീകളുണ്ട് ഈ ലോകത്ത്, ഈ കഥാപാത്രങ്ങളെപ്പോലെ. സ്ത്രീയുടെ ഭാഗത്തുനിന്ന് മിക്ക കഥകളും ഉള്ളതുകൊണ്ടുതന്നെ, സ്ത്രീയെ മാനിക്കുന്ന കഥാകാരി, ഒരു സ്ത്രീയെന്ന വായനക്കാരിയ്ക്ക് പ്രിയമാവും. ദൈവമക്കള്‍ എന്ന കഥയുടെ തുടക്കവും സ്ത്രീയില്‍ നിന്നാണ്. അഴകിയെന്ന അമ്മയില്‍ നിന്ന്. സാഹചര്യം അനുവദിക്കുന്നതുപോലെ, പാടത്തിലും പറമ്പിലും പണിയെടുക്കേണ്ടുന്ന തന്റെ മകനെ പഠിപ്പിച്ചുവല്യ ആളാക്കണമെന്ന ദൃഢനിശ്ചയമെടുക്കുന്ന അമ്മയില്‍ നിന്ന് കഥ തുടങ്ങുന്നു.

ഒരു സ്ത്രീയെന്ന നിലയിലും വെറുമൊരു വായനക്കാരി എന്ന നിലയിലും സാറാ തോമസ് എന്ന എഴുത്തുകാരി എനിക്ക് പ്രിയപ്പെട്ട കഥാകൃത്തുക്കളില്‍ ഒരാളാവുന്നത്, സ്ത്രീമനസ്സിന്റെ ഭാഗത്തുനിന്നു തന്നെ അവര്‍ ചിന്തിച്ചെടുത്ത്, കഥയിലൂടെ, ഓരോ തരത്തില്‍പ്പെട്ട സ്ത്രീയുടേയും, മനസ്സ്, വായനക്കാരുടെ മുന്നില്‍ വയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞു എന്ന തോന്നലുള്ളതുകൊണ്ടാണ്. സ്ത്രീകളുടെ ജീവിതത്തിനുനേരെ പിടിച്ച കണ്ണാടികളായ കഥകളാണവ. ഒരു സ്ത്രീ അങ്ങനെ ചെയ്യാമോന്ന് ചോദിക്കാന്‍ തോന്നുന്ന സന്ദര്‍ഭങ്ങളുമുണ്ടാവും കഥകളില്‍. ഉത്തരം നമ്മുടെ മനസ്സില്‍ നിന്നേ എടുക്കേണ്ടൂ.

സാറാ തോമസ് എന്ന എഴുത്തുകാരിയെ ഞാനെന്ന വായനക്കാരിക്ക് എന്തുകൊണ്ട് ഇഷ്ടം എന്നതേ ഈ പോസ്റ്റിലൂടെ ശരിക്കും പറയേണ്ടതുള്ളൂ. വായിച്ചെടുക്കലും, മനസ്സിലാക്കലുമൊക്കെ വ്യത്യസ്ത ആള്‍ക്കാരുടെ വായനയില്‍ ഒരുപോലെ ആയിരിക്കില്ല. എന്റെ വായന, എന്റെ മനസ്സിലാക്കല്‍ മാത്രമാണ് ഈ പോസ്റ്റില്‍ എനിക്കറിയാവുന്നതുപോലെ പറഞ്ഞുവെച്ചിരിക്കുന്നത്.

സ്വാധീനം
ജീവിതം മാറ്റിമറിക്കുന്ന സ്വാധീനമൊന്നും ചെലുത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും, സാറാ തോമസ്സിന്റെ കൃതികള്‍, നേരിട്ട് പരിചയമില്ലാത്ത സ്ത്രീജീവിതങ്ങളും എനിക്ക് മുമ്പില്‍ തുറന്നുവെയ്ക്കുന്നുണ്ട്. അങ്ങനെയൊക്കെയും ചിലരുണ്ട് എന്ന അറിവ് എന്റെ ജീവിതത്തില്‍ എന്തെങ്കിലും സ്വാധീനം ചിലപ്പോള്‍ ചെലുത്തുന്നുണ്ടാവും.

ചിലര്‍
എന്തെങ്കിലുമൊന്ന് കേട്ടാലുടനെ ചാടിപ്പുറപ്പെട്ടുകൊള്ളും, സാന്നിദ്ധ്യം കാണിക്കാന്‍. റിവേഴ്സ് കഥയായാലും, കവിതാക്ഷരി ആയാലും, കഥാകാരി ആയാലും.

സു പറയുന്നു.
കാക്ക കുളിച്ചാല്‍ കൊക്കാവില്ലെന്ന് എഴുതിവെച്ചതിന്റെ കൂടെ, അതുകൊണ്ട് കാക്കകള്‍ കുളിക്കാനേ പാടില്ലയെന്ന് എഴുതിവെച്ചിട്ടില്ലല്ലോ? ;)
ശംഭോ മഹാദേവ!

നിരാശ
കല്പനച്ചേച്ചിയുടെ പുസ്തകം ഇറങ്ങി. അതുവായിച്ചിരുന്നെങ്കില്‍ എനിക്ക് ഇഷ്ടമുള്ള കഥാകാരിയെക്കുറിച്ച് കുറേക്കൂടെ വാചാലമാകാമായിരുന്നു.

പോസ്റ്റിന്റെ കാരണം
ഇഞ്ചിയുടെ പോസ്റ്റില്‍പ്പറഞ്ഞ ബ്ലോഗ് ഇവന്റിലേക്ക് എന്റെ വക. ആത്മസംതൃപ്തി ഫലത്തിന്.

Labels: ,