മിട്ടുക്കഴുതയും കൂട്ടുകാരും
പണ്ടുപണ്ടൊരു നാട്ടിൽ ഒരു അലക്കുകാരൻ ഉണ്ടായിരുന്നു. അയാളുടെ കഴുതയാണ് മിട്ടുക്കഴുത. അലക്കുകാരന്റെ ജോലി വസ്ത്രങ്ങളെല്ലാം അലക്കുകതന്നെ. കഴുതയുടെ ജോലി, അലക്കിയതും മുഷിഞ്ഞതും അങ്ങോട്ടുമിങ്ങോട്ടും ചുമന്ന് അലക്കുകാരന്റെ കൂടെ നടക്കുക തന്നെ. നാട്ടുകാരുടെ വസ്ത്രങ്ങൾ കൂടാതെ, അലക്കുകാരന് രാജകൊട്ടാരത്തിലെ ആൾക്കാരുടെ ഉടുപ്പുകളൊക്കെ അലക്കിക്കൊടുക്കാനും ഉണ്ടായിരുന്നു. അലക്കുകാരൻ, മിട്ടുക്കഴുതയേയും കൂട്ടി നടന്ന് വസ്ത്രങ്ങളൊക്കെ എടുത്തുവരും. അലക്കി വെളുപ്പിച്ചു വൃത്തിയാക്കി മടക്കി തിരിച്ചു കൊണ്ടുക്കൊടുക്കും. രാജകൊട്ടാരത്തിൽ പോകുന്ന ദിവസം അലക്കുകാരനും കഴുതയ്ക്കും കുശാലാണ്. നല്ല നല്ല ഭക്ഷണം കൊടുക്കും, കൊട്ടാരത്തിലുള്ളവർ. അങ്ങനെ ആഴ്ചയിൽ ഒരു ദിവസം പോയി വസ്ത്രങ്ങളെല്ലാം എടുത്തു വരും. അലക്കിയതൊക്കെ തിരിച്ചും കൊടുക്കും. വൈകുന്നേരം വീട്ടിൽ വരുമ്പോഴോ? നിറയെ തിന്നാൻ ഉള്ളതുണ്ടാവും അലക്കുകാരന്റെ കൈയിൽ. മധുരപലഹാരങ്ങളും, പലതരം പഴങ്ങളും ഒക്കെ. അലക്കുകാരൻ, വീട്ടുകാർക്കും, കുട്ടികൾക്കും ഒക്കെ കൊടുക്കും. മിട്ടുക്കഴുതയ്ക്കും നിറയെ ഭക്ഷണം കൊടുക്കും.
മിട്ടുക്കഴുതയെ കെട്ടിയിടുന്നത്, അലക്കുകാരന്റെ ചായ്പിൽ നിന്നു ഓല ചെരിച്ചു കെട്ടിയ ഒരിടത്താണ്. ഭക്ഷണവും വെള്ളവും കൊടുത്ത് അവിടെ കെട്ടിയിട്ട് അലക്കുകാരൻ പോകും. അവിടെ ചുമരരുകിലായി കുറേ ഉറുമ്പുകൾ ഉണ്ടായിരുന്നു. അവരായിരുന്നു, മിട്ടുക്കഴുതയുടെ പ്രിയപ്പെട്ട കൂട്ടുകാർ. അവർ അലക്കുകാരന്റെ വീട്ടിനുള്ളിൽ നിന്ന് മിക്കപ്പോഴും ഭക്ഷണം കടത്തിക്കൊണ്ടുവന്ന് തിന്നും. രാജകൊട്ടാരത്തിൽ പോയി വന്ന ദിവസം, കുറേ മധുരപലഹാരങ്ങൾ മിട്ടുക്കഴുതയ്ക്കും കിട്ടുമ്പോൾ, മിട്ടുക്കഴുത അതിൽ നിന്ന് എപ്പോഴും ഉറുമ്പുകൾക്കും വയറുനിറച്ചു തിന്നാൻ കൊടുക്കും. രാജകൊട്ടാരത്തിലെ കഥയൊക്കെ പറഞ്ഞുകേൾപ്പിക്കുകയും ചെയ്യും. അങ്ങനെ അവരൊക്കെ പരസ്പരം സ്നേഹിച്ച് ജീവിച്ചു പോന്നു. ഒരുദിവസം ഉറുമ്പുകളിലൊരാൾക്ക് തോന്നി, രാജകൊട്ടാരത്തിൽ, ഇത്രയൊക്കെയുണ്ടെങ്കിൽ എല്ലാവർക്കും, ഈ ചായ്പ്പിന്റെ ചുമരും വിട്ട് അവിടെപ്പോയി ഇഷ്ടം പോലെ തിന്നു സുഖമായി ജീവിച്ചാലെന്താന്ന്. എല്ലാ ഉറുമ്പുകളോടും ആലോചിച്ച് പോകാൻ തന്നെ തീരുമാനിച്ചു. മിട്ടുക്കഴുതയോടു പറഞ്ഞപ്പോൾ മിട്ടുക്കഴുത സമ്മതിച്ചില്ല. അവിടെയൊക്കെ ഇഷ്ടം പോലെ ആൾക്കാരുണ്ടെന്നും, ഈ ചുമരിന്റെ അരികുപോലെ നല്ലൊരു സ്ഥലം അവിടെ പാർക്കാൻ കിട്ടില്ലെന്നും ഒക്കെ പറഞ്ഞു. മിട്ടുക്കഴുത, തങ്ങൾ പോകുന്നത് വെറുതേ തടയുകയാണെന്ന് ഉറുമ്പുകൾക്ക് തോന്നി. പിന്നെ മിട്ടുക്കഴുതയോട് അവരൊന്നും ചോദിച്ചും പറഞ്ഞുമില്ല.
അലക്കുകാരൻ, മിട്ടുക്കഴുതയേയും കൂട്ടി കൊട്ടാരത്തിലേക്കു പോകുന്ന ദിവസം, ഉറുമ്പുകൾ, പതുങ്ങിപ്പതുങ്ങി, അലക്കിവെച്ച ഉടുപ്പുകൾക്കുള്ളിൽ കയറിപ്പറ്റി. അങ്ങനെ കൊട്ടാരത്തിലെത്തിയപ്പോൾ അലക്കുകാരൻ, അലക്കിക്കൊണ്ടുവന്നതൊക്കെ എടുത്ത് രാജാവിന്റെ വേലക്കാരെ ഏല്‍പ്പിച്ചു. വേലക്കാർ അതൊക്കെ വൃത്തിയായിട്ടുണ്ടോന്ന് ഒന്ന് നോക്കിയപ്പോൾ ഉടുപ്പുകൾക്കുള്ളിലെല്ലാം ഉറുമ്പുകളെ കണ്ടു. അപ്പോ ആദ്യം തന്നെ ഉടുപ്പിൽ നിന്ന് എല്ലാത്തിനേയും കുടഞ്ഞ് നിലത്തിട്ടു. പിന്നെ, വെള്ളമൊഴിച്ചും, ചൂലുകൊണ്ട് അടിച്ചും അവയെ ഒക്കെ ഓടിച്ചു. എല്ലാ ഉറുമ്പുകൾക്കും കണക്കിനു കിട്ടി. കുടഞ്ഞിട്ടപ്പോൾത്തന്നെ ചിതറി ഓടിയതുകൊണ്ട് ഉറുമ്പുകൾക്ക് അധികം അപകടമൊന്നും പറ്റിയില്ല. എല്ലാം കരഞ്ഞുകൊണ്ട് കൊട്ടാരത്തിനു പുറത്ത് നിന്നിരുന്ന കഴുതയുടെ അടുത്തെത്തി വിഷമിച്ച് കാര്യമൊക്കെ പറഞ്ഞു. അവരെയൊക്കെ അവിടെ കണ്ട് അമ്പരന്ന മിട്ടുക്കഴുത എല്ലാത്തിനേം സമാധാനിപ്പിച്ചു. അലക്കുകാരൻ, അലക്കാനുള്ള തുണികളുമായി വന്നപ്പോൾ, മെല്ലെ മെല്ലെ തന്റെ കാലിൽക്കൂടെ ആ ഉടുപ്പുകെട്ടിനുള്ളിലേക്ക് കയറാൻ ഉറുമ്പുകളോട് മിട്ടുക്കഴുത പറഞ്ഞു. ഉറുമ്പുകളൊക്കെ കയറി. വീട്ടിലെത്തി, തുണികളൊക്കെ നിലത്തെടുത്ത് ഇട്ടപ്പോ, ഉറുമ്പുകളൊക്കെ ചായ്പിന്റെ പുറത്തെ ചുമരിന്റെ അരികിലേക്ക് ഓടിപ്പോയി. പിന്നെ അലക്കുകാരൻ, കഴുതയെ അവിടെകൊണ്ടുവന്ന് കെട്ടിയിട്ട് വെള്ളവും ഭക്ഷണവും മധുരപലഹാരങ്ങളും ഒക്കെക്കൊടുത്തപ്പോൾ, അതിൽനിന്നും പതിവുപോലെ ഉറുമ്പുകൾക്കും കൊടുത്തു. ക്ഷീണിച്ച് ഇരുന്ന ഉറുമ്പുകൾ അതൊക്കെ ആർത്തിയോടെ തിന്നു. അപ്പോ മിട്ടുക്കഴുത പറഞ്ഞു “ഇവിടെ കിട്ടുന്നതിൽ നിങ്ങൾക്ക് സന്തോഷമുണ്ടായിരുന്നെങ്കിൽ ഇന്ന് നിങ്ങൾക്ക് പറ്റിയപോലെ അപകടം പറ്റില്ലായിരുന്നു. അത്യാഗ്രഹം ഒരിക്കലും പാടില്ല.” ഉറുമ്പുകൾ, അതു ശരി തന്നെയെന്നു പറഞ്ഞു. പിന്നെ അവരൊക്കെ സുഖമായി ജീവിച്ചു.
Labels: കുട്ടിക്കഥ
11 Comments:
നല്ല കഥ . ഇന്ന് രാത്രി ഇത് പറഞ്ഞു കൊടുക്കാം . സൂവേ നന്ദി .
കൊള്ളാം..നല്ല കുഞ്ഞി കഥ..
ചാത്തനേറ്:ഈ കഥയൊക്കെ ഇപ്പോഴത്തെ പിള്ളാരുടെ അടുത്ത് ഏല്‍ക്കുമോ ആ പേര് മാത്രമുണ്ട് ഒരു പുതുമ ‘മിട്ടു‘. കൊട്ടാരം ഓകെ അലക്കുകാരന് എന്താണെന്ന് ചോദിച്ചാല്‍ വാഷിങ് മെഷീനിനെ കാട്ടേണ്ടി വരുമോ?
ഒരു പത്ത് വര്‍ഷം മുന്പായിരുന്നേല് ചാത്തന് പറഞ്ഞേനെ കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ പറ്റിയ കഥ.
പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ !
but good.
visit this blog if u have time.
http://www.kanavu.me/profiles/blogs/a-big-loss-for-kerala
തേജസ് :)
മേരിക്കുട്ടീ :)
കുട്ടിച്ചാത്തൻ :) അതൊക്കെ വിശദമായിത്തന്നെ പറഞ്ഞുമനസ്സിലാക്കിക്കൊടുക്കേണ്ടിവരും.
ഫൈസൽ :) ഇങ്ങനെയൊരു കഥ വായിച്ചിട്ടുണ്ടോ? പഴയ വീഞ്ഞ് എന്നു പറഞ്ഞതുകൊണ്ട് ചോദിച്ചതാ. ഞാൻ വായിച്ചിട്ടില്ല. ബ്ലോഗിൽ പുതിയ പോസ്റ്റുകൾ ചിന്തയിലും, തനിമലയാളത്തിലും ഒക്കെ നോക്കി വായിക്കാറുണ്ട്. ഫൈസലിന്റെ പോസ്റ്റുകൾ അവിടെയൊന്നും വരാറില്ലേ? ഇംഗ്ലീഷാണോ?
എവിടേയോ കേട്ട് മറന്ന പഴ്യ ഒരു ചുവ ഒരു തോന്നലാവാം
ഒരു പാട് വയിച്ചു തള്ളിയതുകൊണ്ട് തോന്നിയതാവാം.
സുക്രിതിയനെങ്കില് എന്നോട് ക്ഷമിക്കൂ..................
ഒരു മരുഭൂമിവാസിയാണേ.........
it is a special blog, If you don't mind cut and past to and comment
എല്ലാം ശുഭം! പക്ഷെ അടുത്ത ദിവസമോ??
തുണിയില്‍ ഉറുമ്പിനെ കണ്ടതോടെ അലക്കുകാരന് കൊട്ടാരത്തിലെ ജോലി പോയി. അതോടെ ഉറുമ്പുകള്‍ക്ക് മാത്രമല്ല, മിട്ടുക്കഴുതയ്ക്കും പിന്നീട് ഒരിക്കലും മധുരപലഹാരങ്ങള്‍ കിട്ടിയില്ല..!
അതുപോലെ നമ്മുടെ അലക്കുകാരന് മൃഗങ്ങളുടെ ഭാഷ മനസിലാവും. ഉറുമ്പുകള്‍ തുണിയില്‍ കയറിയതിന് കാരണം മിട്ടുക്കഴുതയാണെന്ന് ചിന്തിച്ച് അയാള്‍ മിട്ടുക്കഴുതയെ ഒരുപാട് പണിയെടുപ്പിക്കാന്‍ തുടങ്ങി. ഉറുമ്പുകളുടെ വീട്ടില്‍ ഉറുമ്പ്പ്പൊടി ഇടുകയും ചെയ്തു..!
ഒരു കൂട്ടം ആളുകളുടെ അതിമോഹം അവരേയും മറ്റ് പലരേയും ബാധിച്ചു.
കഥ കൊള്ളാം...
:)
കൊള്ളാം... :)
ഫൈസൽ :) അവിടെ വായിക്കണമെങ്കിൽ ലോഗിൻ ചെയ്യണമെന്നു തോന്നുന്നു. ഇതുപോലൊരു ബ്ലോഗ് ആയിരുന്നെങ്കിൽ നന്നായേനെ.
ബാലു :) അങ്ങനെയൊക്കെ ആയിരിക്കും. പക്ഷെ, കുഞ്ഞുങ്ങൾക്ക് അങ്ങനെയൊന്ന് പറഞ്ഞുകൊടുക്കരുത്. കഥ കേട്ട് സന്തോഷിക്കണം. ഉറുമ്പുകൾക്കും കഴുതയ്ക്കും ഒന്നും പറ്റാതിരിക്കുന്നതല്ലേ നല്ലത്?
ശ്രീ :)
ഹൻല്ലലത്ത് :)
എല്ലാർക്കും നന്ദി.
അത് ശരിയാ ചേച്ചി.. കുട്ടികള്‍ നല്ലത് കേട്ട് വളരട്ടെ..
ചാത്തന്റെ ചോദ്യം പക്ഷെ പ്രസക്തമാണ്..
Post a Comment
Subscribe to Post Comments [Atom]
<< Home