യെന്തരോ മഹാനുഭാവുലൂ
കല്യാണക്കാസറ്റുകളിലും സി ഡികളിലും പാട്ട് വെക്കുന്നത് കണ്ടിട്ടില്ലേ? അതു കേട്ടിട്ടില്ലേ? ചടങ്ങിന്റെ കൂടെ നല്ല പാട്ടുകൾ വയ്ക്കണം എന്നു വീട്ടുകാർ പറയും. ചിലപ്പോൾ “നല്ല പാട്ടുകൾ” തന്നെ വെച്ചുകളയും വീഡിയോക്കാർ.
വിളക്കും താലവും പിടിച്ച് വരനേയോ വധുവിനേയോ ആനയിച്ച് മുന്നിൽ ഇറങ്ങാൻ നിൽക്കുന്ന അമ്മായിമാർക്ക് ബാക് ഗ്രൗണ്ടായി, ‘ആറാട്ടിനാനകൾ എഴുന്നള്ളീ’ എന്ന പാട്ടുവെച്ചാൽ, അമ്മായിമാർ എപ്പോ പുലികളായീ എന്നു ചോദിച്ചാൽ മതി. പിണക്കമാണോ എന്നോടിണക്കമാണോ എന്ന പാട്ട് വീട്ടുകാരണവരേയും അയൽവക്കത്തെ സ്ത്രീജനങ്ങളേയും ഫോക്കസ് ചെയ്തുവെച്ചാൽ ആരൊക്കെ പിണങ്ങും എന്നു കണ്ടറിയണം. ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ എന്ന പാട്ട് അമ്മൂമ്മമാർ മുറുക്കാൻ തിന്നുന്ന സീനിൽ കൊണ്ടുവെച്ചുകളയും.
ഇനി, പഴയ പാട്ടുമതി, അതാണ് കൂടുതൽ അർത്ഥസമ്പുഷ്ടം എന്നൊക്കെ അഭിപ്രായം പറയാൻ പോയാൽ പിന്നത്തെക്കാര്യം പറയാതിരിക്കുന്നതാണ് നല്ലത്. അഞ്ജനക്കണ്ണെഴുതീ ആലിലത്താലി ചാർത്തീ എന്ന പാട്ട്, മിക്കവാറും കുടുംബകലഹം ഉണ്ടാക്കും. വഴക്കിനിടയിൽ സി ഡിയുടെ ഓർമ്മ വരുന്ന ഭർത്താവ് ഭാര്യയോട് ചോദിച്ചേക്കും, നീ ആരെയാണെടീ കാത്തിരുന്നത്, അവൻ വന്നില്ല എന്നു പാട്ടിൽ പറയുന്നുണ്ടല്ലോ എന്ന്! താലികെട്ടിന്റെ സമയത്തെ മേളം കഴിഞ്ഞാലുടൻ സുമംഗലീ നീയോർമ്മിക്കുമോ വെച്ചുകളയും. നഷ്ടസ്വർഗ്ഗങ്ങളേ...യും, സന്യാസിനീ നിൻ പുണ്യാശ്രമത്തിലും വെക്കാഞ്ഞാൽ ഭാഗ്യം. മാനെന്നും വിളിക്കില്ല, മയിലെന്നും വിളിക്കില്ല എന്ന് വീട്ടിൽ വരുന്നവരുടെയൊക്കെ മുഖത്തുപതിപ്പിച്ചാൽ നമ്മൾ ദൈവമേന്നു വിളിക്കേണ്ടിവരും. വധു സുന്ദരിയായി ഇറങ്ങിയൊരുങ്ങി വരുമ്പോൾ കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി എന്നുവെച്ചാൽ, എത്ര വെളുത്തവരുടേയും മുഖമൊന്നു കറുക്കും.
വരനും കൂട്ടരും വരുമ്പോൾ ചെകുത്താൻ കയറിയ വീട് എന്ന പാട്ടുവെച്ചത്, ബോബനും മോളിയിലുമാണെന്നു തോന്നുന്നു വായിച്ചത്.
കല്യാണം കഴിഞ്ഞാൽ വധുവിന്റെ അച്ഛനെ കാണിച്ച്, തലയ്ക്കുമീതേ ശൂന്യാകാശം എന്ന പാട്ടും വെച്ചുപിടിപ്പിക്കും. എന്തായാലും സി ഡി കണ്ടാൽ ഒന്നുരണ്ടു പാട്ടെങ്കിലും, ഇതെന്തിനുവെച്ചു എന്നു ചോദിക്കാതിരിക്കില്ല. പാവം വീഡിയോക്കാർ. വെള്ളം പോലും കുടിക്കാതെ രണ്ടും മൂന്നും ദിവസം ക്യാമറയും ലൈറ്റും പിടിച്ച് നടന്നിട്ട് ഇനി നാലു ദിവസം പാട്ടും തേടി നടക്കണോ? എന്നാലും കാണുന്നവരേയും കേൾക്കുന്നവരേയും കുറിച്ച് അവരൊന്നാലോചിക്കേണ്ടേ?
പാട്ടൊക്കെ ഏതാണെന്ന് ആരു നോക്കുന്നൂ, ഏതായാലെന്താ എന്നൊക്കെ പറയുന്നവരാണെങ്കില്പ്പിന്നെ രക്ഷയില്ല. എല്ലാ പാട്ടും ഒരുപോലെയാണെങ്കിൽ, സി ഡി മുഴുവൻ, “എന്തരോ മഹാനുഭാവുലൂ....അന്തരികീ...വന്ദനമുലൂ...” വെച്ചാല്‍പ്പോരേ?
എന്തായാലും ചില സി ഡി കണ്ടിട്ട്, പാട്ടും കേട്ടു കഴിഞ്ഞാൽ, അതേ വീഡിയോക്കാർ അടുത്ത ചടങ്ങിനും പ്രാവശ്യവും വരുമ്പോൾ യെന്തരോ മഹാനുഭാവുലൂ എന്നു പാടിപ്പോകും വീട്ടുകാർ.
Labels: എനിക്കു തോന്നിയത്
15 Comments:
ചടങ്ങുകള്‍ക്ക് സന്ദര്‍ഭം നോക്കി പാട്ടുകള്‍ തിരഞ്ഞെടുക്കുന്നത് ഒരു മിനക്കെട്ട പണി തന്നെ ആണ്. എങ്കിലും അവ നന്നായി ചെയ്യുന്ന വീഡിയോക്കാരുമുണ്ട് കേട്ടോ. :)
പോസ്റ്റ് ചിരിപ്പിച്ചു.
ഇത് വായിച്ചപ്പോള്‍ ഓര്മ വന്നത് വടക്കുനോക്കി യന്ത്രം എന്നാ സിനിമയില്‍ ശ്രീനിവാസന് കല്യാണം കഴിഞ്ഞു പാടുന്ന" മറ്റൊരു സീതയെ കാട്ടിലേക്കയക്കുന്നു "എന്ന രംഗമാണ്
വീഡിയോക്കാര് കൊടുക്കുന്ന എഫെക്ട്സുകളുടെ കാര്യം അതിലും കഷ്ടമാ..........ചില സീഡിയില്‍ വരനെയും വധുവിനെയും സ്ലോമോഷന്‍ കൊടുക്കാന്‍ വേണ്ടി ഇട്ടോടിക്കുന്നത് കണ്ടാല്‍ പെറ്റ തള്ള സഹിക്കൂലാ.......:)
സു,
ആലോചിച്ചപ്പോള്‍ രസകരം :)
പിന്നിലേക്കു ചിന്തിച്ചപ്പോള്‍ ഒരോര്‍മ്മ..!
പണ്ടു ഞങ്ങളുടെ നാട്ടില്‍ "എം.കെ.ടി."ബസ്സു വയലിലേക്കു മറിഞ്ഞു ആളുകളെയൊക്കെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ അപ്പോഴും ബസ്സിലെ ടേപ്പ് റിക്കാര്‍ഡറില്‍ നിന്നു
"ചിരിക്കാം.. ചിരിക്കാം
ചിരിച്ചുകൊണ്ടിരിക്കാം..!
ചിരിയുടെ അമിട്ടിനു
തിരികൊടുത്താം"
എന്ന സിനിമാഗാനം പാടികൊണണ്ടിരിക്കുകയായിരുന്നു...
രസകരമായിരിക്കുന്നു. സന്ദര്‍ഭങ്ങള്‍ക്ക് ഇണങ്ങാത്ത പാട്ടുകള്‍ ചിലപ്പോഴൊക്കെ ചിരി പടര്‍ത്തും . ഒരിക്കല്‍ തമ്മില്‍ മിണ്ടാത്ത കുറച്ചു ബന്ധുക്കളുമായി ഏതോ ചടങ്ങിനു ഒരു ജീപ്പില്‍ പോയ ഓര്മ വരുന്നു. തിങ്ങി നിറഞ്ഞിരുന്നിട്ടും പരസ്പരം സംസാരിക്കാതിരിക്കാന്‍ മാത്രം ശ്രമിച്ച ആ ബന്ധുക്കള്‍ക്കിടയിലേക്ക് 'ബന്ധുവാര് ? ശത്രുവാര് ?.......' എന്ന പാട്ട് ഉറക്കെ ഒഴുക്കി വിട്ട ഡ്രൈവര്‍ ഒന്നുമറിഞ്ഞിരുന്നില്ലെങ്കിലും, ചിരിയടക്കാന്‍ പെട്ട പാട് എനിക്കെ അറിയൂ . പക്ഷെ അത് എനിക്കിഷ്ടപ്പെട്ടു. ഡ്രൈവറോട് മനസ്സില്‍ നന്ദിയും പറഞ്ഞു .
യെന്തരോ മഹാനുഭാവുലൂ .......
ശ്രീ :) എന്നാലും കുറച്ചും കൂടെ നല്ല പാട്ടുകൾ വയ്ക്കണമായിരുന്നു എന്നു തോന്നും.
രമണിഗ :)
മാറുന്ന മലയാളി :) വീഡിയോക്കാരുടെ സൗകര്യം അനുസരിച്ചല്ലേ താലികെട്ടുപോലും.
കരീം മാഷേ :)
ഭൂമി :) സ്വാഗതം.
പാവപ്പെട്ടവൻ :)
ithu kalakki, sue..
മോൾടെ കല്ല്യാണം കഴിഞ്ഞോ? :)
ഈ പാട്ട് തമാശകളൊന്നും കാണാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. :-)
ini check cheyyanam..njangalde kalyanathinte pattu ethanennu! njan ithu vare athu sradhichilla!
upsilamba :)
ദൈവമേ :) ദൈവത്തെ വിളിക്കാതെ ഒരു കല്യാണമോ?
ബിന്ദൂ :) കുടുംബത്തിൽ എല്ലാ വർഷവും ഒരു കല്യാണമെങ്കിലും. ഇക്കൊല്ലം, ഒന്ന് കഴിഞ്ഞു, അടുത്തതിന്റെ ഒരുക്കം കൂട്ടുന്നു. അടുത്തുതന്നെ ഉണ്ടാവും. അടുത്ത വർഷവും രണ്ടെണ്ണം ഉണ്ടാവാൻ സാദ്ധ്യത. ബിന്ദു ഒരിക്കൽ നാട്ടിൽ വരുമ്പോൾ, ഞങ്ങൾടെ വീട്ടിലെ കല്യാണത്തിനു കൂടണം കേട്ടോ. അതിന്റെയൊക്കെ സി ഡിയും കാണാം.
മേരിക്കുട്ടീ :) ഒന്നു കണ്ടുനോക്കൂ എന്നാൽ.
സൂജീ,
പാട്ടും അതിനനുസരിച്ച് സന്ദര്‍ഭങ്ങളും വിവരിച്ചത്
വളരെ അര്‍ത്ഥവത്തായിരിക്കുന്നു.
അഭിനന്ദനങ്ങള്‍! :)
ഹഹഹ.. വെരി കറക്ട്.. ഈയടുത്ത് ഒരു കല്ല്യാണത്തിന് പോയത് ഓര്‍ക്കുന്നു.
കല്ല്യാണം കഴിഞ്ഞ് ചെറുക്കനും പെണ്ണും ബാക്കി ഫോട്ടൊസെഷന് പോകാന്‍ തുടങ്ങുമ്പോള്‍ അതാ പാട്ട് - ആകാശദീപങ്ങള്‍ സാക്ഷീ.. രാവണപ്രഭുവില്‍ രേവതി തട്ടിപ്പോയി കഴിയുമ്പോളുള്ള സെന്റി പാട്ട്..! പക്ഷെ ഇവിടെ വില്ലന്‍ വീഡിയോകാരല്ല കേട്ടൊ.. ഓഡിറ്റോറിയംകാരാണ് ചതിച്ചത്. :)
ആത്മേച്ചീ :) നന്ദി.
ബാലു :)
Post a Comment
Subscribe to Post Comments [Atom]
<< Home