വരുന്നുണ്ടേ
പുതിയവർഷം വരുന്നുണ്ട്. അതുകൊണ്ട് ചില “ഉറച്ച” തീരുമാനങ്ങൾ എടുത്തേക്കാംന്ന് വെച്ചു. അടുത്തവർഷത്തെ കാര്യപരിപാടികൾ ഇവയൊക്കെയാണ്:-
ഇതുവരെ കാണാത്ത ഏതെങ്കിലുമൊരു സുഹൃത്തിനെ നേരിട്ട് കാണും. സൗഹൃദത്തിന് സ്നേഹം എന്നാണ് ഞാൻ അർത്ഥം കല്‍പ്പിച്ചിരിക്കുന്നത്, അഭിനയം എന്നല്ല എന്നുകൂടെ എല്ലാവരും ഓർമ്മിക്കുക.
വിമാനത്തിൽ കയറും. വിദേശം എന്നു പറയുന്നില്ല. (ഹും..പറഞ്ഞിട്ടെന്തുകാര്യം?) പറ്റുമെങ്കിൽ പോകും. അല്ലെങ്കിൽ സ്വദേശത്തു തന്നെ വിമാനത്തിൽ കയറും.
ഗോവയിലോ തിരുവനന്തപുരത്തോ ഫിലിം ഫെസ്റ്റിവൽ വരുമ്പോൾ പോകും. എവിടെയെങ്കിലും ഒരിടത്ത്. അവിടെയുള്ളവരൊന്നും പേടിക്കേണ്ട. നിങ്ങളുടെ അടുത്തൊന്നും വരുന്നില്ല. ;)
അറിയാത്ത ഒരു ഭാഷ കുറച്ചെങ്കിലും പഠിക്കും. ആ ഭാഷ മാത്രം അറിയാവുന്നവരുടെ മുന്നിൽ അത്യാവശ്യം പിടിച്ചുനിൽക്കാൻ ഉള്ളത്. (പേടിക്കേണ്ട. ആ ഭാഷയിൽ ബ്ലോഗ് തുടങ്ങില്ല.)
തടി പിന്നേം കുറയ്ക്കും. ഹും...
സുഹൃത്തുക്കൾക്കൊക്കെ ജന്മദിനത്തിനു സമ്മാനം കൊടുക്കും. (എന്റെ കഴിവനുസരിച്ചുതന്നെയാണ്. എന്നാലും, ഈ വർഷം കൊടുത്തതുപോലെയല്ല, നിങ്ങളു നോക്കിക്കോ).
ബൂലോഗർ ഇറക്കുന്ന പുസ്തകങ്ങളൊക്കെ വാങ്ങും. ഇതുവരെ ഇറക്കിയതിൽ വാങ്ങാത്തതും. എന്നുവെച്ച് എല്ലാരുംകൂടെ പുസ്തകമിറക്കി എന്നെപ്പറ്റിക്കരുത്.
എന്ത്? ഇതൊക്കെ എവിടെയോ കണ്ടിട്ടുണ്ടെന്നോ? നിങ്ങൾ ലിങ്ക് തരുകയൊന്നും വേണ്ട. ഇത് ഞാൻ കഴിഞ്ഞവർഷം പറഞ്ഞതാണെന്ന് എനിക്കോർമ്മയുണ്ട്. തീരുമാനങ്ങൾ നടപ്പിലാക്കാൻ ഒരു വർഷം മതിയായില്ലെന്നു മാത്രം. അതുകൊണ്ട് ഒക്കെ പുതുവർഷത്തിലേക്ക് വെച്ചു.
കഴിഞ്ഞ വർഷം നല്ലൊരു വർഷമായിരുന്നു. എപ്പോ തുടങ്ങി, എപ്പോ തീർന്നു എന്നെനിക്ക് അറിയില്ല. എന്നെ അടുത്തറിയാവുന്നവരുടെ അഭിപ്രായമനുസരിച്ച് കഴിഞ്ഞവർഷം എനിക്ക് നല്ലതായിരുന്നില്ല. പിന്നെ എന്റെയൊരു പോസിറ്റീവ് കാഴ്ചപ്പാടനുസരിച്ച് ഇത്രയല്ലേ വന്നുള്ളൂ എന്നൊക്കെ ഒരു ചിന്തയിൽ പിടിച്ചുനിൽക്കുന്നു.
മരണം, അസുഖം, വീട്ടുകാർക്ക് അസുഖം, അപകടം....അങ്ങനെ ചില ദുരിതങ്ങളുടെ നിരയായിരുന്നു കഴിഞ്ഞ വർഷം. എന്നാലും എത്രയോ സൗഭാഗ്യങ്ങളും ദൈവം തന്നു. അതുകൊണ്ട് ഒരു പരാതിയുമില്ലാതെ അങ്ങനെ പോകുന്നു. ഇനി അപകടത്തിന്റെ കാര്യം മാത്രം പറയാം. ഞങ്ങൾ സ്കൂട്ടറിൽ ടൗണിൽ പോയി. അയൽക്കാരിയുടെ കുട്ടിയ്ക്ക് പിറന്നാളിന് ഉടുപ്പു വാങ്ങുക എന്നൊരു കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വാങ്ങി തിരിച്ചുവരും വഴി, തിരക്കുള്ള റോഡിലേക്ക് ആരോ ചാടി വന്നു. ചേട്ടൻ സ്കൂട്ടർ വെട്ടിച്ചു, തിരിച്ചു, കുറേ പിടിച്ചുനിന്ന ശേഷം ഇനി വീഴാതെ രക്ഷയില്ല എന്നു തോന്നിയപ്പോ ഞാൻ വീണു. ആദ്യം മുട്ടുകുത്തിയെന്ന് എനിക്കോർമ്മയുണ്ട്. മുട്ടിലെ പെയിന്റ് നന്നായിട്ട് പോയി. പിന്നെയെങ്ങനെ മലർന്നുവീണുവെന്ന് എനിക്കറിയില്ല. തലയുയർത്തിപ്പിടിച്ചിരുന്നു. ഏതു വീഴ്ചയിലും തലയുയർത്തിപ്പിടിച്ച് ജീവിക്കണമെന്ന് എനിക്കു പണ്ടേ അറിയാം.;) അതുകൊണ്ട് തലയിടിച്ചില്ല. അതുകൊണ്ടാവും രക്ഷപ്പെട്ടത്. (കഷ്ടമായിപ്പോയി - കോറസ്). കൂട്ടുകാരി എന്റെ മുട്ട് കാണിക്ക് എന്നു പറഞ്ഞപ്പോൾ എനിക്കു നാണം വന്നു. കുട്ടിക്കാലത്താണെങ്കിൽ, കാലിനോ കൈയ്ക്കോ എന്തെങ്കിലും ചെറിയ മുറിവു പറ്റിയാൽ അതു നൂറ് ആൾക്കാരെ കാണിച്ചില്ലെങ്കിൽ എനിക്ക് സമാധാനം ഇല്ലായിരുന്നു. ;)
കഴിഞ്ഞ വർഷം പറഞ്ഞതിൽ നാലു സ്ഥലത്തേക്ക് പോകും എന്നു പറഞ്ഞത് പോയി. എല്ലാ തിരക്കുകൾക്കിടയിലും ഒരുപാട് യാത്രകൾ ഉണ്ടായിരുന്നു. പുസ്തകങ്ങൾ വാങ്ങി. ഇനിയും വാങ്ങാനുണ്ട്. വേറെയും ചില കാര്യങ്ങളൊക്കെ നടന്നു. ബാക്കിയെല്ലാ കാര്യങ്ങളും അടുത്ത വർഷത്തേക്കുവെച്ചു.
വർഷം തുടങ്ങാൻ പോകുമ്പോൾ എന്തെങ്കിലും ഒരു കാര്യം മറ്റുള്ളവർക്കു വേണ്ടി പറഞ്ഞില്ലെങ്കിൽ മോശമല്ലേ? എല്ലാവരും ഓർക്കേണ്ട ഒരു കാര്യമുണ്ട്. മറ്റുള്ളവരെക്കുറിച്ച് എത്രയൊക്കെ നുണക്കഥകളുണ്ടാക്കിയാലും ഒരിക്കൽ സത്യം പുറത്തുവരും. അതുകൊണ്ട് നുണക്കഥകൾ അടിച്ചിറക്കുന്നവരും മറ്റുള്ളവർ സമാധാനമായും സന്തോഷമായും ഇരിക്കുന്നതിൽ അസൂയ പൂണ്ട് പാര വയ്ക്കുന്നവരും സൂക്ഷിക്കുക. നിങ്ങളെക്കുറിച്ച് പിന്നീട് പുച്ഛം തോന്നാനുള്ള വക നിങ്ങൾ തന്നെ ഉണ്ടാക്കിവയ്ക്കുകയാണ് ചെയ്യുന്നത്. ഇനി ഇതിനൊക്കെ കൂട്ടുനിൽക്കുന്നവരോട് പറയാനുള്ളത്, ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ തെറ്റിയാൽ നിങ്ങളെക്കുറിച്ചും നുണക്കഥകൾ വന്നേക്കാം. അതുകൊണ്ട് ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക. നല്ലതിനെ മാത്രം പ്രോത്സാഹിപ്പിക്കുക. തെറ്റു ചെയ്യാൻ കൂട്ടുനിൽക്കില്ലെന്ന് പറയാനുള്ള ചങ്കൂറ്റം കാണിക്കുക.
ദൈവം എന്നോടൊപ്പം തന്നെയുണ്ടെന്ന് എന്നെ ഓരോ വർഷം കൂടുമ്പോഴും ഉറപ്പിച്ചു കാണിച്ചു തരികയാണ്. പുതുവർഷത്തെ സന്തോഷത്തോടെയാണ് കാത്തുനിൽക്കുന്നത്. വരാൻ പോകുന്ന ദിവസങ്ങളിൽ നല്ല അനുഭവങ്ങളായിരിക്കാം, ചീത്തയായിരിക്കാം. എനിക്കതിനെക്കുറിച്ച് ചിന്തയില്ല. ദൈവം തരുന്നതല്ലേ. ചെയ്യാൻ ഇഷ്ടം പോലെ നല്ല കാര്യങ്ങളുണ്ട്. അതുകൊണ്ട് ഒന്നും വേറെ ആലോചിക്കാൻ നേരമില്ല.
നാളെ തിരുവാതിരയാണ്. വ്രതത്തിന്റെ ഒടുവിലാണ് 2009 തീർന്ന് 2010 തുടങ്ങുന്നത് എന്നത് ഒരു നല്ല കാര്യമായിട്ടാണ് കരുതുന്നത്.
എന്റെ ബ്ലോഗുകൾ വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എല്ലാവർക്കും നന്ദി.
എല്ലാ കൂട്ടുകാർക്കും പുതുവത്സരാശംസകൾ!
Labels: പുതുവർഷത്തിനു സ്വാഗതം
19 Comments:
നന്മയുടെ വെണ്മ നിറഞ്ഞ പുതുവര്‍ഷം!
ക്ഷേമത്തിനു ക്ഷാമമില്ലാത്ത പുതു വര്‍ഷം.
മനസമാധാനവും ധനാഗമനവും സുഗമമാക്കുന്ന പുതു വര്‍ഷം നേരുന്നു.
wishes..!!
"തടി പിന്നേം കുറയ്ക്കും. ഹും..."
ഇത് നടന്നാല്‍ ഒന്നറിയിക്കണെ :)
ദുഃഖത്തില്‍ നിന്നും ദുരിതത്തില്‍ നിന്നും ഓടിയൊളിക്കുമ്പൊഴല്ല, എല്ലാം തരണം ചെയ്ത് വന്ന് നിന്ന് ഇങ്ങനെ പുഞ്ചിരിക്കുമ്പോഴാണ് ജീവിതം ജീവിതമാകുന്നത് അല്ലേ :)
പുതുവല്‍സരാശംസകള്‍
"കുട്ടിക്കാലത്താണെങ്കിൽ, കാലിനോ കൈയ്ക്കോ എന്തെങ്കിലും ചെറിയ മുറിവു പറ്റിയാൽ അതു നൂറ് ആൾക്കാരെ കാണിച്ചില്ലെങ്കിൽ എനിക്ക് സമാധാനം ഇല്ലായിരുന്നു." നമ്മളൊക്കെ ഇങ്ങനെയാണല്ലേ?
നല്ല തീരുമാനങ്ങള്‍. രസകരം ആയ എഴുത്ത് . ആശംസകള്‍.
ഒരാഗ്രഹോം കൂടി ആഡണേ സൂവമ്മേ..ബൂലോഗര്‍ ഇറക്കുന്ന പാട്ട് സിഡിയും കൂടി വാങ്ങണേ :)
പുതുവത്സരാശംസോള്‍..!
:D :D
happy new year!
നവവത്സരാശംസകള്‍.
പുതുവത്സരാശംസകൾ, സൂ..
ബാക്കി ‘വല്യമ്മായി‘ പറഞ്ഞ പോലെ, എന്നേയും ഒന്നറിയിയ്ക്കണേ.. :)
താങ്കള്‍ക്കും കുടുംബത്തിനും ഈ ലോകത്തിലെ സകല ജീവജാലങ്ങള്‍ക്കും സമാധാനം നിറഞ്ഞ ഒരു സംവത്സരം നേരുന്നു.
“നവവത്സരാശംസകൾ!”
:)
പുതുവത്സരാശംസകള്‍!
നന്മയുടെ, ആരോഗ്യത്തിന്റെ,കുഞ്ഞുമോഹങ്ങളുടെ വലിയ സാക്ഷാത്കാരത്തിന്റെ, സമാധാനത്തിന്റെ, സന്തോഷത്തിന്റെ പുതിയ ആണ്ടുപിറപ്പിന്റെ ആശംസകള്‍.
സഹ
ഞാന്‍ തടി പിന്നെയും കുറച്ചതാണ്. പോരാ, പിന്നെയും, പറ്റിയാല്‍ പിന്നെയും കുറയ്ക്കാനാണു പ്ലാന്‍.
:)
കരീം മാഷേ :) താങ്കൾക്കും കുടുംബത്തിനും നല്ലൊരു വർഷമായിരിക്കട്ടെ 2010.
ഖാൻ :)
വല്യമ്മായീ :) നമ്മുടെ ദുഃഖങ്ങളും ദുരിതങ്ങളുമാണ് നമുക്കുകിട്ടുന്ന സൗഭാഗ്യങ്ങളുടെ തെളിച്ചം കൂട്ടുന്നത്. തടി കുറയ്ക്കുന്നതാണ് നല്ലത്. ശ്രമിക്കുന്നുണ്ട്.
സുകന്യ :)
കിരൺസ് :) വാങ്ങണമെന്നൊക്കെയുണ്ട്. കിട്ടിയില്ല ആദ്യം ഇറങ്ങിയത്. നോക്കട്ടെ.
മേലേതിൽ :)
എഴുത്തുകാരിച്ചേച്ചീ :)
പി. ആർ. :) അറിയിക്കാം. കുറേ നാൾ കഴിഞ്ഞാണ് കണ്ടത്. സന്തോഷം.
വിനുവേട്ടൻ :) സന്തോഷം.
ആത്മേച്ചീ :) അവധിക്കാലം കഴിഞ്ഞോ?
സഹ :) കുറേ നാളായല്ലോ കണ്ടിട്ട്. തിരക്കിലായിരിക്കും അല്ലേ?
കാർട്ടൂണിസ്റ്റ് :) കുറച്ചുകുറച്ച് ഇല്ലാതായിപ്പോകരുത്. ;)
കഴിഞ്ഞ വര്‍ഷത്തെ തീരുമാനങ്ങളില്‍ ഏതെല്ലാം എത്രത്തോളം സാധിച്ചു? :)
ശ്രീ :) നാലു സ്ഥലത്തേക്ക് യാത്ര ചെയ്യും എന്നു പറഞ്ഞത് സാധിച്ചു. ചില പുസ്തകങ്ങൾ വാങ്ങിച്ചു. ഒരു പുതിയ വിദ്യ പഠിച്ചു. ബാക്കിയൊക്കെ ബാക്കി!
ദൈവം ഒപ്പം തന്നെയുണ്ട് :)
ദൈവമേ :)
പുതുവത്സര ആശംസകള്‍ !
നറുതേൻ :)
Post a Comment
Subscribe to Post Comments [Atom]
<< Home