സുഭദ്രാർജ്ജുനം
“അർജ്ജുനൻ സുഭദ്രയോട് എന്തോ പറയുന്നത് ഞാൻ കണ്ടു.”
“എളേമ്മയ്ക്ക് വേറെ ജോലിയില്ലേ? സുഭദ്രയും അർജ്ജുനനും അമ്പലത്തിൽ വന്നതായിരിക്കും. അല്ല പിന്നെ. ഒരു സുഭദ്രയും അർജ്ജുനനും കൂടെക്കൂടിയിട്ട് കുറച്ചുനാളായല്ലോ. മഹാഭാരതം ഇനി വേണ്ട എളേമ്മേ. ഇവിടെ കഥേം പറഞ്ഞുനിന്നാൽ മഴയെങ്ങാൻ വന്നാൽ പിന്നെ വീട്ടിലെത്താൻ വൈകും.“ മീനു തിരക്കുകൂട്ടി.
“എന്നാലും...ഞാൻ സുഭദ്രയേയും അർജ്ജുനനേയുമാണല്ലോ കണ്ടത്. പ്രദക്ഷിണം വച്ച് പോകുമ്പോൾ പിറകിലെ ഭാഗത്തെ വാതിലിനരികിൽ ഉണ്ടായിരുന്നു. ഒരു നിമിഷമേ കണ്ടുള്ളൂ.”
“ഒക്കെ എളേമ്മേടെ തോന്നലാ.”
തോന്നൽ!ആയിരിക്കും. എന്നാലും കണ്ടുവല്ലോ.
“എന്താ ഇത്രേം വൈകിയത്?”
“ഈ എളേമ്മേടെ ഒരു കാര്യം. സുഭദ്രയേയും അർജ്ജുനനേയും കണ്ടുവത്രേ. വെറുതേ പറഞ്ഞ് നേരം കളഞ്ഞു.”
മീനുവാണല്ലോ നേരം വൈകാൻ കാരണം. താനെത്ര വേഗം തൊഴുതിറങ്ങിയിരുന്നു. എന്നിട്ടും...
“ങ്ങാ..അതുണ്ടാവും.” ഏട്ടൻ മീനുവിനോടു പറയുന്നു.
പിന്നീടും പലവട്ടം കണ്ടു. അർജ്ജുനനും സുഭദ്രയും. സൂപ്പർമാർക്കറ്റിൽ, സിനിമാഹാളിൽ, ഐസ്ക്രീം കടയിൽ. മിക്കപ്പോഴും കൂടെയുണ്ടായിരുന്ന മീനു അതൊക്കെ ചിരിച്ചുതള്ളുകയും ചെയ്തു.
ഒക്കെ തോന്നലാണ്. അനുഭവമല്ല. എന്തൊക്കെയോ നടക്കുന്നുവെന്ന തോന്നൽ. വെറും ഭ്രമം. മായക്കാഴ്ച.
അങ്ങനെയൊരു സുഭദ്രയില്ല.
അങ്ങനെയൊരു അർജ്ജുനനില്ല.
എപ്പോഴോ കഴിഞ്ഞ നാടകത്തിൽ എപ്പോഴോ ഒരിക്കൽ വന്ന് രംഗം വിട്ടുപോയവർ മാത്രം.
കഴിഞ്ഞ കഥ.
കാലത്തിന്റെ ഏതോ മുറിയിൽ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നവർ.
അവരെയെങ്ങനെ കാണും.
തോന്നലാണ്.
തോന്നലുകൾ മുഴുവൻ പറയാൻ കഴിയില്ല. മറ്റുള്ളവരുടെ മുന്നിൽ തോന്നലുകളുടെ പെട്ടിയങ്ങനെ തുറന്നുവയ്ക്കാൻ കഴിയില്ല.
മീനുവിന്റെ കല്യാണത്തലേന്നാൾ.
ഒരുപാട്പ്രാവശ്യം കണ്ടുമുട്ടിയ സുഭദ്രയേയും അർജ്ജുനനേയും ഓർത്ത് ലളിത കിടന്നു. മുറിയിൽ മീനുവുണ്ട്. മീനുവിന്റെ സമപ്രായക്കാരായ കുട്ടികളുണ്ട്. ബന്ധുക്കൾ.
ആലോചിച്ചാലോചിച്ച് ഉറക്കം വന്നു.
പെട്ടെന്നെന്തോ ഉണർന്നുപോയി.
മങ്ങിയ വെളിച്ചമുണ്ട്.
സുഭദ്രയാണല്ലോ അത്!
എന്തൊക്കെയോ എടുക്കുന്നുണ്ട്. പതുങ്ങിപ്പതുങ്ങി നടക്കുന്നുണ്ട്. ഏങ്ങലടിക്കുന്നുണ്ട്. തീർത്തും ഒച്ചയില്ലാതെ. കണ്ടാലറിയാം പക്ഷേ. ഒരു കൈകൊണ്ട് കണ്ണും മുഖവും അമർത്തിത്തുടയ്ക്കുന്നുണ്ട്.
വാതിൽ തുറക്കുന്നു. എണീക്കാതെ വയ്യ. സുഭദ്ര പോകുമ്പോൾ എങ്ങനെ കിടന്നുറങ്ങും!
ലളിതയും പിന്നാലെ ചെന്നു. ഡൈനിംഗ് ഹാളിൽ നിന്ന് മുറ്റത്തേക്ക് തുറക്കുന്ന വാതിലിലൂടെ, ചെടികളുടെ ഇടയിൽക്കൂടെ പറമ്പിലൂടെ. എന്തിലൊക്കെയോ തട്ടിത്തടയുന്നുണ്ട്. എന്നാലും സുഭദ്ര മുന്നിൽത്തന്നെയുണ്ട്. എന്തോ കൈയിൽ താങ്ങിപ്പിടിച്ചിരിക്കുന്നു. ഒരു കെട്ട്.
ഗേറ്റിനു പുറത്തെത്തിയിരിക്കുന്നു. പന്തൽ നല്ല വെളിച്ചത്തിൽ തിളങ്ങുന്നുണ്ട്.
തേരും ചാരി നിൽക്കുന്നത് അർജ്ജുനനാണല്ലോ. വിവശനായ അർജ്ജുനൻ. സുഭദ്രയെ കണ്ടപ്പോൾ ഓടിയടുത്തുവന്ന് കൈ പിടിച്ച്, കെട്ടുവാങ്ങി തേരിലിടുന്നു. സുഭദ്രയെ തേരിലേറാൻ സഹായിക്കുന്നു. അർജ്ജുനനും കയറുന്നു. പോയിക്കഴിഞ്ഞു. താൻ മാത്രം ബാക്കി.
ഓ..തേരല്ല. കാറാണല്ലോ പോകുന്നത്. അത് സ്പീഡിൽ ഓടിമറയുന്നതും നോക്കിനിന്നു.
ഒക്കെ തോന്നലാണ്. ആരോടും പറയുന്നില്ല. തിരിച്ചുചെന്ന്കിടന്നു.
“ലളിതേ..എണിക്കൂ കുട്ടീ.”
വല്യമ്മയാണല്ലോ. അയ്യോ. നേരം വൈകിയല്ലോ. മുറിയിൽ വേറാരും ഇല്ല. എല്ലാവരും കുളിച്ചൊരുങ്ങി പോയോ!.
പിടഞ്ഞെണീറ്റു.
“മീനുവിനെ കാണുന്നില്ല. ഇനിയെന്തൊക്കെയുണ്ടാവും. ശിവശിവ!”
മീനു! എവിടെപ്പോയി! എന്തു സംഭവിച്ചു!
“എന്നാലും എല്ലാവരും കൂടെ കിടന്നിട്ടും ആരും ഒന്നുമറിഞ്ഞില്ലെന്നുവച്ചാൽ.”
ഏട്ടനാണ്. മീനുവിന്റെ അച്ഛൻ. മീനുവിന്റെ കൂടെ കിടപ്പുണ്ടായിരുന്ന സമപ്രായക്കാരോടാണ് ചോദ്യം. അവരൊക്കെ മുഖം താഴ്ത്തി നിൽക്കുന്നു. അവർക്കൊന്നും അറിയില്ല. പക്ഷേ തനിക്ക് എന്തൊക്കെയോ അറിയാം.
താൻ കണ്ടതാണല്ലോ.
സുഭദ്ര പോകുന്നത്.
അർജ്ജുനനൻ കാത്തുനിൽക്കുന്നത്
ഒടുവിൽ രണ്ടുപേരും കൂടെ യാത്രയാവുന്നത്.
പക്ഷേ പറയാൻ വയ്യ. മീനുവില്ല, കേൾക്കാനും പരിഹസിക്കാനും. എന്നാലും പറയുന്നില്ല.
ഒക്കെ തോന്നലുകളല്ലേ. അല്ലെങ്കിലും ആണെന്ന് പറയുന്നത് കേൾക്കേണ്ടിവരും.
ഒന്നും മിണ്ടാതെ ചേച്ചിയുടെ മുറിയിലേക്ക് നടന്നു. ഒരുപാട് ആളുകൾക്കിടയിൽ ഇരിപ്പുണ്ട് ചേച്ചി. കരഞ്ഞുതളർന്നപോലെ.
അടുത്തുപോയിരുന്നപ്പോൾ “മീനു...” എന്നും പറഞ്ഞ് കരയാൻ തുടങ്ങി, ചേച്ചി.
ലളിത ഒന്നും പറഞ്ഞില്ല.
സുഭദ്രയ്ക്ക് അർജ്ജുനനോട് സ്നേഹമുണ്ട്.
അർജ്ജുനന് സുഭദ്രയോട് സ്നേഹമുണ്ട്.
രണ്ടുപേരും ഒരുമിച്ചല്ലോ.
ഇനിയെന്തു പറയാൻ!
Labels: കഥ
17 Comments:
അല്ല, ഇനിയിപ്പോ പറഞ്ഞിട്ടും എന്ത് കാര്യം ?
കൊള്ളാം... പറഞ്ഞു തുടങ്ങിയപ്പോ പ്രതീക്ഷിച്ചില്ല അവസാനം ഇങ്ങനെയാകുമെന്നു. നല്ല ശൈലി.
കഥ നന്നായിരിക്കുന്നു.
..മനസ്സിനെ വല്ലാതെ സ്പര്‍ശിക്കുന്ന ശൈലി..
റ്റോംസ് :) താങ്കളുടെ ബ്ലോഗും വായിക്കാം.
ശ്രീ :) പറയേണ്ട കാര്യമില്ലല്ലോ അല്ലേ?
സാംഷ്യ :)
സുകന്യ :)
ഹൻല്ലലത്ത് :)
എല്ലാവർക്കും നന്ദി.
ഇക്കഥ അസ്സലായീട്ടുണ്ടു്ട്ടോ സു-ഭദ്രേ!
:)
കഥ നന്നായിരിക്കുന്നു.....
ആശംസകള്‍
നന്നായിരിക്കുന്നു.....
ആശംസകള്‍
സു-ന്ദരം!
ഹൊ! ഗ്രഹണത്തിനു മുന്നേ തുടങ്ങിയൊ! :)
beyond words!!! really really beautiful presentation.. a very different style...I like it so much...
വിശ്വം ജീ :)
അഭീ :)
പാവപ്പെട്ടവൻ :)
വിനയ് :)
ദൈവം :) അതെയതെ. ഒന്നും പറയേണ്ട. തുടങ്ങി. ;)
ദിയ :)
വായിച്ചവർക്കും അഭിപ്രായം പറഞ്ഞവർക്കും നന്ദി.
കഥ വളരെ വളരെ ഇഷ്ടപ്പെട്ടു.
“അഭിനന്ദനങ്ങൾ!”
കുറച്ചു ദിവസം മുൻപേ വായിച്ചായിരുന്നു. ഇന്നേ കമന്റെഴുതാൻ പറ്റിയുള്ളൂ..ക്ഷമിക്കുമല്ലൊ,
ഒരുപാടിഷ്ടപ്പെട്ടതുകൊണ്ടുകൂടിയാണ് ഉടൻ കമന്റെഴുതാതെ പൊയ്ക്കളഞ്ഞത്.
ഇപ്പൊഴാ വായിക്കാന്‍ തരപ്പെട്ടത്
ഇഷ്ടപ്പെട്ടൂന്നു പറഞ്ഞാല്‍ പോരാ വളരെ ഇഷ്ടപ്പെട്ടു
ആത്മേച്ചീ :) കഥയിഷ്ടമായതിൽ സന്തോഷം.
പണിക്കർജീ :) വായിച്ചതിൽ സന്തോഷം, ഇഷ്ടമായതിലും.
വായിച്ചിഷ്ടപ്പെട്ടു.... നന്ദി
Valare nannayirikkunnu.
ethu vare kariveppila mathrame vayikkarundayirunnullu.
Post a Comment
Subscribe to Post Comments [Atom]
<< Home