Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, October 07, 2012

കഥ തുടരാം

ഈ അടുത്ത കാലത്ത് കിട്ടിയ ഗ്രാൻഡ്മാസ്റ്റർ പദവിയുടെ സന്തോഷം പങ്കുവെയ്ക്കാനാണ് അയാൾ മായാമോഹിനിയേയും കൂട്ടി കടൽത്തീരത്തുള്ള റസ്റ്റോറന്റിലേക്കു പോയത്. ഒരു ഓർഡിനറി ബസ്സിലാണ് അവർ നാട്ടിൽ നിന്നും പുറപ്പെട്ടത്. അന്നൊരു ഫ്രൈഡേ ആയിരുന്നു.  ചട്ടക്കാരി നടത്തുന്ന ആ റസ്റ്റോറന്റ് കണ്ടപ്പോൾ അയാൾക്ക് നാട്ടിലെ ഉസ്താദ് ഹോട്ടൽ ഓർമ്മ വന്നു. ഒരു സുഹൃത്തിന്റെ ബാച്ചിലർ പാർട്ടി അവിടെ വെച്ചായിരുന്നു. ആ സുഹൃത്ത് ഒരു മാന്ത്രികൻ ആയിരുന്നു. 

പൊരിവെയിലായതുകൊണ്ട്, തട്ടത്തിൻ മറയത്ത് നടക്കുന്ന കുറേ സ്ത്രീകൾ ആ റസ്റ്റോറന്റിനു മുന്നിലൂടെ കടന്നുപോയി. അയാൾ വാങ്ങിക്കൊടുത്ത ഡയമണ്ട് നെക്ലേസ് മായാമോഹിനിയുടെ കഴുത്തിൽ  തിളങ്ങുന്നുണ്ടായിരുന്നു. അവരുടെ പിന്നിലെ ടേബിളിനു ചുറ്റും ഇരിക്കുന്ന ചെറുപ്പക്കാർ ആഹ്ലാദാരവങ്ങൾ പുറപ്പെടുവിക്കുന്നുണ്ടായിരുന്നു.

“ഹസ്ബന്റ്സ് ഇൻ ഗോവ” അയാൾ അവളോടു പറഞ്ഞു.

അവൾ കൃത്രിമദേഷ്യം  കാട്ടി പറഞ്ഞു “പുതിയ തീരങ്ങൾ തേടി വന്നവരായിരിക്കും.”

ദൂരെയെവിടെനിന്നോ, ലൌഡ്സ്പീക്കറിലൂടെ ഒരു പാട്ട് അവരുടെ അടുത്തേക്കെത്തുന്നുണ്ടായിരുന്നു. അവർ ബർഫി മാത്രമാണ് കഴിക്കാൻ ആവശ്യപ്പെട്ടത്. കഴിച്ചുകഴിഞ്ഞ് ഇറങ്ങിയപ്പോൾ,  മനോഹരമായ കടൽത്തീരം കണ്ടപ്പോൾ അവളുടെ കൈ പിടിച്ച് അയാൾ പറഞ്ഞു.

“റൺ ബേബി റൺ.”

മാണിക്യക്കല്ലുപോലെ തിളങ്ങുന്ന മണലിലൂടെ,  കടലിനടുത്തേക്ക് അവർ ഓടി.

Labels: ,

Wednesday, September 12, 2012

അല്ലപിന്നെ

ഏടത്തിയുടെ വീട്ടിലേക്ക് കുറച്ചുദിവസം പോകാതിരുന്നത് സ്വയം തീരുമാനിച്ചുറപ്പിച്ചതിന്റെ  ഫലമായിട്ടുതന്നെയാണ്. അവർ പലതും പറഞ്ഞ് കരഞ്ഞുകൊണ്ടിരിക്കുന്നത് എനിക്കിഷ്ടമല്ല. അതുതന്നെ. എങ്ങനെ ജീവിക്കേണ്ട സ്ത്രീയാണ്! എന്നിട്ട് ഒരു പ്രശ്നം വരുമ്പോഴേക്കും കരഞ്ഞുകൊണ്ട് ഇരിക്കുന്നു. ആരും ഒന്നും പറയാൻ പോയിട്ടു കാര്യമില്ല എന്നാണ് സരള അവിടെപ്പോയി വന്നിട്ടു പറഞ്ഞത്. ആരെയെങ്കിലും കണ്ടയുടനെ എല്ലാം എന്റെ നിർഭാഗ്യം എന്നും പറഞ്ഞ് കരയാൻ തുടങ്ങുമത്രേ. ഇനിയും എങ്ങനെ പോകാതിരിക്കും! പോയി നോക്കാം. കരയുകയാണെങ്കിൽ കരയട്ടെ. എന്തെങ്കിലുമൊക്കെ പറഞ്ഞു സമാധാനിപ്പിക്കാം. ദുഃഖമൊക്കെ പതുക്കെ മാറുമെന്നു പറയാം. “എന്നാലും എന്റെ ചിന്നൂ” അവർ രണ്ടു കൈകളും കാണിച്ച് കരയാൻ തുടങ്ങി. “ഈ കൈകൾ കണ്ടില്ലേ? എന്താണിതിനൊരു കുഴപ്പം? എന്നിട്ട് എനിക്ക് ഒന്നും ചെയ്യാൻ കഴിയാതായിപ്പോയല്ലോ. ഈ കൈകൾ എന്നെ ചതിച്ചോ ചിന്നൂ? ഞാൻ തോറ്റുപോയില്ലേ?” ഞാനതും കണ്ട് രസിച്ച് ഇരിക്കാൻ പാടില്ലാത്തതാണ്. കരയുന്ന അവരുടെ മുന്നിലിരുന്ന് പുഞ്ചിരി തൂകുന്ന എന്നെക്കണ്ടാൽ ആർക്കും ദേഷ്യം വരും. പക്ഷെ എന്തു ചെയ്യാനാ? പക്ഷെ, കോടീശ്വരനാകുന്ന പരിപാടിയിൽനിന്ന് അല്പനിമിഷത്തെ വ്യത്യാസം കൊണ്ട് ഒഴിവായിപ്പോകുന്ന ആദ്യത്തെ ആൾ ഒന്നുമല്ലല്ലോ ഏടത്തി. അല്ലെങ്കിലും അവർക്കെന്തിന്റെ കുറവാ.

Labels:

Monday, April 09, 2012

കൈനീട്ടം

വിഷു! കണിക്കൊന്നപ്പൂവ്, ചക്ക, മാങ്ങ, തേങ്ങ, വിളക്ക്, അരി. പിന്നെ കൃഷ്ണനും. വെള്ളിയും സ്വർണ്ണവും പണവുമൊക്കെ ആവുന്നതുപോലെ. എത്ര ലളിതമായിട്ടാണ് വിഷുക്കണി. വിഷു ആഘോഷിക്കാൻ പറ്റുമോയെന്ന് ആർക്കും തോന്നേണ്ടതില്ല. കുട്ടിക്കാലം മുതൽ ഇതൊക്കെയാണു പതിവ്. കണി കണ്ടുകഴിഞ്ഞാൽ അച്ഛൻ, കൈയിൽ വച്ചുതരുന്ന നാണയവും ഓർമ്മയുണ്ട്. സതിയ്ക്കും സീതയ്ക്കും, ഏട്ടനും തനിക്കും. കൈനീട്ടം കിട്ടിക്കഴിഞ്ഞാൽ പരസ്പരം കാണിക്കും. അധികവും കുറവും ഒന്നും ഉണ്ടാവില്ലെന്ന് അറിഞ്ഞാലും അതൊരു പതിവായിരുന്നു.

സത്യനാഥൻ ഇതൊക്കെ ആലോചിച്ച് ചാരുകസേരയിൽ കിടന്നു. പടക്കത്തിന്റെ ഒച്ച ഇടയ്ക്കൊക്കെ കേൾക്കുന്നുണ്ട്. നാളെ വിഷുവാണ്. ഏട്ടനും കുടുംബവും അടുത്തില്ല. അച്ഛനാണ് കൈനീട്ടം തരുന്നത്. പതിവുപോലെ സീതയുടേയും സതിയുടേയും മക്കളുമുണ്ട്. സ്കൂൾ പൂട്ടിയപ്പോൾ വന്നതാണ്. എല്ലാവരും കണി കണ്ട ഉടനെ കൈനീട്ടം കൊടുക്കണം. അച്ഛന്റെ കൈയിൽ ഏൽ‌പ്പിക്കുകയാണ് പതിവ്. ഏൽ‌പ്പിക്കേണ്ട കാര്യമോർത്തപ്പോൾ മനസ്സൊന്നു പിടഞ്ഞു. പതിനഞ്ചു രൂപയുണ്ട്. പല സാധനങ്ങളും കുറച്ചു പടക്കവും വാങ്ങിക്കഴിഞ്ഞപ്പോൾ മിച്ചം വന്നത്. കുട്ടികൾക്കുപോലും കൊടുക്കാൻ തികയില്ല. അച്ഛനോടു പറഞ്ഞിട്ടുമില്ല. സീതയും സതിയും ഊണുകഴിയുമ്പോഴേക്കും എത്തും. അവർക്കും കൊടുക്കാറുണ്ട് അച്ഛൻ.

“എന്തൊരു ബഹളമായിരുന്നു. നേരത്തേ എണീറ്റ് കണികണ്ട് ബാക്കി പടക്കം കൂടെ പൊട്ടിക്കണ്ടേന്നു പറഞ്ഞപ്പോഴാ ഉറക്കം തുടങ്ങിയത്.” അനുരാധ കൈ തുടച്ചുംകൊണ്ടു വന്നു. കുട്ടികളുറങ്ങിക്കഴിഞ്ഞ് അടുക്കളയിലെ ബാക്കി ജോലി കൂടെ തീർത്തിട്ടുള്ള വരവാണ്.

“അമ്മ കിടന്നില്ലേ?”

“കിടന്നു. അച്ഛനോടു പറഞ്ഞിരുന്നോ?”

രാവിലെ കണികണ്ട് താൻ അമ്പലത്തിൽ പോയി വരുമ്പോഴേക്കും കുട്ടികളെ വിളിച്ചാൽ മതി എന്നു പറഞ്ഞിരുന്നു അവളോട്. അമ്പലത്തിന്റെ അടുത്താണ് സുരേഷിന്റെ വീട്. തൽക്കാലം പൈസ അവൻ തരാമെന്നു പറഞ്ഞിട്ടുണ്ട്. “വെള്ളിയാഴ്ച വൈകീട്ടേ എത്തൂ സത്യനാഥാ, അല്ലെങ്കിൽ ഞാൻ വീട്ടിൽ കൊണ്ടുത്തന്നേനെ.” എന്ന് അവൻ പറഞ്ഞിരുന്നു. വിഷുവിന്റന്നു അമ്പലത്തിൽ പോയിവരും വഴി വന്നോളാംന്ന് അവനോടു പറഞ്ഞു. എന്തായാലും അമ്പലത്തിലും കണി കാണാൻ പോകുന്ന പതിവുണ്ട്.

"അച്ഛനോട്...ഒന്നും പറഞ്ഞില്ല. രാവിലെ പറയാം.”

അച്ഛനോട് എങ്ങനെയാണ് പറയേണ്ടത് എന്നു പിടികിട്ടിയില്ല. അമ്മ വിളിക്കുമ്പോൾ എണീറ്റ് കണികണ്ട ശേഷം അച്ഛനോടു പറയാം. കുട്ടികളെ എന്നിട്ടു വിളിച്ചാൽ മതിയല്ലോ.

“അതാ നല്ലത്. ഒരു പത്തുമിനുട്ടല്ലേ അമ്പലത്തിൽ പോയി വരാൻ എടുക്കൂ. അതുകഴിഞ്ഞു കുട്ടികളെ വിളിക്കാം.”

“ഉം...സുരേഷിന്റെ കാര്യത്തിൽ സംശയമൊന്നുമില്ല. അവനെത്താൻ വൈകിക്കാണും. അല്ലെങ്കിൽ ഇവിടെക്കൊണ്ടുത്തന്നേനെ.”

“ഉം..”

************************


“വന്നു കാണ്”. അമ്മയാണു വിളിച്ചത്. തൊഴുതുപിടിച്ചു കണ്ണുതുറന്ന് കണി കണ്ടുകഴിഞ്ഞപ്പോൾ കണ്ടു, അച്ഛൻ, വിളക്കിന്റെ തിരി ശരിയാക്കുന്നുണ്ട്. എണീറ്റ്, പതിവുപോലെ കൈനീട്ടം തന്നു. അപ്പോഴേക്കും അനുരാധയേയും കൂട്ടി അമ്മ വന്നു. കണി കണ്ടുകഴിഞ്ഞ്, കൈനീട്ടവും വാങ്ങി തന്റെ മുഖത്തേക്ക് ഒന്നു നോക്കിയിട്ട് അവൾ പോയി.

“കുട്ടികളെ വിളിക്കട്ടെ ഇനി. ഈ സമയത്ത് വിളിച്ചാൽ എണീറ്റുവരുമോയെന്തോ! ഉറക്കം തെളിയില്ല ഇപ്പോ.”

“ഞാൻ അമ്പലത്തിൽ പോയി വന്നിട്ട് വിളിക്കാം അമ്മേ. ഉറങ്ങിക്കോട്ടെ.”

“വേണ്ട വിളിക്ക്. അവരും വന്നോട്ടെ അമ്പലത്തിൽ.” അച്ഛൻ പറഞ്ഞു.

“അത്...” സത്യനാഥൻ പറയാൻ ഭാവിക്കുമ്പോഴേക്കും അമ്മ തിരക്കിട്ടു പോയി. അനുരാധയും കൂടെ പോയി.

അവർ പോയതും നോക്കി, ഇനിയെന്തു ചെയ്യും, എന്നാലോചിച്ച് സത്യനാഥൻ നിൽക്കുമ്പോൾ അച്ഛൻ, കൈ പിടിച്ച് ഒരു പൊതി അയാളുടെ കൈയിലേക്കുവെച്ചുകൊടുത്തു.

“കുട്ടികൾക്കു കൈനീട്ടം നീ കൊടുത്തോ.”

എന്തു ചോദിക്കണം, പറയണം എന്നു തീർച്ചയില്ലാതെ, സത്യനാഥൻ അമ്പരന്നു നിൽക്കുമ്പോൾ അനുരാധയും അമ്മയും കുട്ടികളെ ഓരോരുത്തരെയായി കൂട്ടി വന്നു. കണി കണ്ടു തൊഴുത് കണ്ണും തിരുമ്മി നിന്ന അവരുടെ കൈയിലേക്ക്, സത്യനാഥൻ ആ പൊതിയിൽനിന്നെടുത്ത് ഓരോ നാണയം കൊടുത്തു.

“ഇനി പോയി പടക്കം പൊട്ടിച്ചോ” എന്ന് അച്ഛൻ പറഞ്ഞപ്പോൾ അവരുടെ ഉറക്കപ്പിച്ചെല്ലാം പോയെന്ന് സത്യനാഥനു തോന്നി.

“അമ്പലത്തിൽ പോയി കണി കണ്ടുവന്നിട്ട് പടക്കം എടുത്താ മതി.” അമ്മ കുട്ടികളോടു പറഞ്ഞ് അവരുടെ പിന്നാലെ പോയി. അനുരാധയും.

അച്ഛന്റെ മുഖത്തേക്കു നോക്കിയപ്പോൾ അച്ഛൻ കണിയിലേക്കു നോക്കുന്നത് സത്യനാഥൻ കണ്ടു. അയാളും അങ്ങോട്ടുനോക്കി. വിളക്കിന്റെ വെളിച്ചവും കൃഷ്ണന്റെ പുഞ്ചിരിയും അയാളുടെ കണ്ണിലും മനസ്സിലും തിളങ്ങി.

Labels:

Monday, January 30, 2012

ഇതും കൂടെ

“അവിടെ ഉണ്ടാവ്വോ അമ്മായീ? അതോ വെറുതെയാവുമോ നടത്തം?”

“ഉണ്ടാവുമായിരിക്കും. മൂന്നാലുദിവസം ആയില്ലേ കാണാതെ. എന്തായാലും പോയി നോക്കാം.”

പട്ടണത്തിലെ മിനുസം മാത്രം ചവിട്ടി നടക്കുന്ന നിമ്മിയും, നടത്തം വല്യ ശീലമില്ലാത്ത അമ്മായിയും, അവളുടെ വീട്ടിൽ ചെന്നാലേ കാര്യങ്ങളറിയാൻ പറ്റൂ എന്നതുകൊണ്ടുമാത്രമാണ് നടന്നു തുടങ്ങിയത്. അമ്പലം കഴിഞ്ഞാൽ ആറാമത്തേയോ ഏഴാമത്തേയോ വീടാണ് അവളുടേതെന്നാണ് അമ്മായിയുടെ ഊഹം. അവിടെ പോയിട്ടുമില്ല, അങ്ങനെ ഒരു പതിവും ഇല്ല.

“ആരോടെങ്കിലും ചോദിക്കാം.”

“നോക്കട്ടെ.”

അവൾ, അമ്മായിയുടെ ലോകത്തേക്ക് വന്നുകയറിയതുമുതൽ അമ്മായിയ്ക്ക്, എപ്പോ വിളിക്കുമ്പോഴും അവളെക്കുറിച്ച് എന്തെങ്കിലുമൊക്കെ പറയാനുണ്ടാവും. വെറുതേ പുകഴ്ത്തുന്നതല്ല, കാര്യമുണ്ടായിട്ടുതന്നെയാണെന്ന് മനസ്സിലാവുകയും ചെയ്തതാണ്.

നടന്നുനടന്ന് ഒരു വീടിന്റെ മുറ്റത്തേക്ക് എത്തി. ഈ വീടുതന്നെയാണെന്ന് അമ്മായിക്കെന്തോ ഉറപ്പും ഉണ്ടായിരുന്നു. അതാണ് ഇടവഴിയിൽനിന്ന് മുറ്റത്തേക്കു കയറിയതും.

ഇവിടാരും ഇല്ലേന്ന് രണ്ടാളും മാറിമാറി ചോദിച്ചതിനുശേഷമാണ് ഒരു വൃദ്ധ വീടിന്റെ പിൻഭാഗത്തുനിന്നും മുറ്റത്തേക്കു വന്നത്.

ആരാ, എന്താ എന്നൊക്കെ ചോദിച്ചതിനുശേഷം അവർ പറഞ്ഞു. “അവരൊക്കെ ഇനി മൂന്നാലുദിവസം കൂടി കഴിഞ്ഞേ വരൂ.”

ഇനിയൊന്നും ചോദിച്ചിട്ടും പറഞ്ഞിട്ടും കാര്യമില്ലെന്ന മട്ടിൽ അമ്മായി തിരിഞ്ഞുനടന്നു. നിമ്മിയും. “വിഷമിക്കേണ്ട അമ്മായീ, മൂന്നാലുദിവസം കൂടെയല്ലേ.”

“ങ്ങാ, പറഞ്ഞിട്ടും കാര്യമില്ലല്ലോ. എന്നാലും എന്നോട് ഒരു വാക്ക് പറയാതെ അവൾ പോയല്ലോ. ഞാൻ അങ്ങനെയൊന്നുമല്ലല്ലോ കരുതിയത്.”

ഒരാഴ്ച കഴിഞ്ഞ് അമ്മായി വിളിച്ചു. ഉത്സാഹത്തോടെയാണല്ലോ എന്നു വിചാരിച്ചപ്പോൾ പറഞ്ഞു.

“അവളു തിരിച്ചുവന്നു.”

“അതെയോ! എവിടെപ്പോയിരുന്നെന്ന് ചോദിച്ചില്ലേ?”

“ഏതോ റിയാലിറ്റിഷോയിൽ പങ്കെടുക്കാൻ പോയതാ.” അമ്മായി പറഞ്ഞു.

“എന്റമ്മോ!“ നിമ്മി ചിരിച്ചു.

“ഏതോ റൌണ്ട് കഴിഞ്ഞപ്പോ ഔട്ടായത്രേ! അതുകൊണ്ടിങ്ങു പോന്നു.”

“അതേതായാലും അമ്മായിയ്ക്കു നന്നായി.”

“അതെയതെ.”

“അമ്മായി എപ്പോഴും പുകഴ്ത്തിപ്പറയുമ്പോ, ഇത്രയും കാര്യമുണ്ടെന്ന് ഞാൻ കരുതീല.”

“പുകഴ്ത്തിയതൊന്നുമല്ല, സത്യം തന്നെയാ.”

“വന്നിട്ടുണ്ടോ?”

“ഉണ്ട്. ഇന്നു നേരത്തേ വന്നു. ജോലിയൊക്കെ കഴിഞ്ഞാൽ റിയാലിറ്റിഷോയിലെ വിശേഷങ്ങൾ പറയാമെന്നു പറഞ്ഞു. പങ്കെടുക്കാൻ കാരണം തന്നെ എന്റെ പ്രോത്സാഹനമാണത്രേ.”

“ടി. വി.യിൽ വരുമായിരിക്കും അല്ലേ?”

“വരും വരും. എപ്പോഴാണെന്ന് ആദ്യം അറിഞ്ഞാൽ അറിയിക്കാം.”

“അപ്പോ അമ്മായി ഒരു താരത്തെയാണ് ജോലിക്കു വെച്ചിരിക്കുന്നതല്ലേ?”

അമ്മായി അതു കേട്ടു ചിരിക്കുന്നത് നിമ്മി കേട്ടു.

Labels:

Wednesday, December 07, 2011

തിരിച്ചറിവുകൾ

വിഷമിക്കുന്ന മനസ്സുമായി മരണവീട്ടിലേക്കു കയറിച്ചെല്ലുമ്പോൾ, താഴ്ന്നസ്വരത്തിൽ സംസാരിച്ചുകൊണ്ട് പലരും അവിടെ കൂടിനിൽ‌പ്പുണ്ടായിരുന്നു. ഏഴോ എട്ടോ മാസത്തെ പരിചയമേ അവൾക്ക് മിസ്സിസ്സ് എമ്മിനോട് ഉണ്ടായിരുന്നുള്ളൂ‍. എല്ലാ മാസത്തേയും രണ്ടാം ശനിയാഴ്ചയിൽ, ലേഡീസ് ക്ലബ്ബ് എന്നറിയപ്പെടുന്ന, എന്നാൽ ശരിക്കും പൊങ്ങച്ച ക്ലബ്ബെന്ന് പേരിടേണ്ടുന്ന ക്ലബ്ബിൽ വച്ചാണ് ആ കോളനിയിലെ പല സ്ത്രീകളേയും പരിചയപ്പെട്ടതുപോലെ അവരേയും പരിചയപ്പെട്ടത്. വർഷങ്ങളോളം അവർ വിദേശത്തായിരുന്നുവെന്നും ഇനി നാട്ടിൽ തന്നെയുണ്ടാവുമെന്നും മറ്റുള്ളവരിൽ നിന്നാണ് അവൾ അറിഞ്ഞത്. ആദ്യമായിട്ട് കണ്ടപ്പോൾ ‘എന്താ പേര്?’ എന്ന് അവർ അവരുടെ തണുത്തകൈക്കുള്ളിൽ അവളുടെ കൈ കൂട്ടിപ്പിടിച്ച് ചോദിച്ചപ്പോഴാണ് അവരുടെ സൌഹൃദം, പരിചയം തുടങ്ങുന്നത്. പിന്നെപ്പിന്നെ അത്യാവശ്യം മിണ്ടുകയും വിവരങ്ങൾ തിരക്കുകയുമല്ലാതെ അത്ര വലിയ അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. പലർക്കും അവരോട് എന്തോ ഒരു അതൃപ്തി ഉണ്ടായിരുന്നുവെന്ന് അവൾ മനസ്സിലാക്കിയിരുന്നെങ്കിലും അതിന്റെ കാരണം അവൾക്ക് മനസ്സിലായിരുന്നില്ല.

അവരെ കിടത്തിയതിനുചുറ്റും പലരും ഇരിപ്പുണ്ട്. ചിലരൊക്കെ ലേഡീസ് ക്ലബ്ബിലെ സ്ത്രീകളാണെന്ന് അവൾക്കറിയാം. ബാക്കിയുള്ളവർ ബന്ധുക്കളോ അവരുടെ അടുത്ത സുഹൃത്തുക്കളോ ആയിരിക്കണം. അവൾ അവിടെ ഒരുവശത്ത് ഇരുന്നു.

അവളുടെ കണ്ണുകൾ അലഞ്ഞുതിരിഞ്ഞ്, മിസ്സിസ്സ് പി യിൽ എത്തി നിന്നു. അവരുടെ ഭാവം കണ്ടാൽ കാര്യമായെന്തോ നഷ്ടപ്പെട്ടതുപോലെയാണ്. അവരിൽ നിന്നും നോട്ടം അവൾ മിസ്സിസ്സ് എമ്മിലേക്കു മാറ്റി. അവൾക്കു വിശ്വസിക്കാൻ പ്രയാസം തോന്നി. അവർ പുഞ്ചിരിക്കുന്നു. “കഴിഞ്ഞയാഴ്ച ഞാൻ വരാൻ വൈകിയപ്പോൾ മിസ്സിസ്സ് പി പറഞ്ഞത് ഓർമ്മയില്ലേ?” മിസ്സിസ്സ് എമ്മിന്റെ സ്വരം അവൾ കേട്ടു. “വയസ്സായില്ലേ, ഇനി കൃത്യനിഷ്ഠതയൊന്നും കാണില്ല എന്ന്.” അവൾ കണ്ണുകൾ ഒന്ന് ചിമ്മിത്തുറന്നു, ചുറ്റും നോക്കി. എന്നിട്ട് മിസ്സിസ്സ് എമ്മിന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി. അവരിപ്പോ തന്നോട് പറഞ്ഞതുതന്നെയാണോ അത്! പക്ഷേ, ഒരു കാര്യം ശരിയാണ് മിസ്സിസ്സ് പി അങ്ങനെ പറഞ്ഞിരുന്നു. അവൾ ലേഡീസ് ക്ലബ്ബിലേക്കു കയറിച്ചെല്ലുമ്പോഴാണ് അവരങ്ങനെ പറയുന്നത് കേട്ടത്.

അവൾ മിസ്സിസ്സ് എമ്മിന്റെ നേർക്കു നോക്കാൻ മടിച്ച് ചുറ്റും നോക്കിക്കൊണ്ട് ഇരുന്നു. രാജിയും ശ്രീലതയും ഇരിപ്പുണ്ട്. കരഞ്ഞുതളർന്ന് ഇരിക്കുന്നതുപോലെ. “പാവങ്ങൾ.” അവൾ മിസ്സിസ്സ് എമ്മിന്റെ ശബ്ദം വീണ്ടും കേട്ടു. ‘ക്ലബ്ബിൽ വരുമ്പോഴെങ്കിലും കുറച്ച് ഹെയർ ഡൈയൊക്കെ പുരട്ടിവന്നൂടേ ഇതിന്? വിദേശത്തായിരുന്നെന്ന് ആരെങ്കിലും പറയുമോ’ എന്നു ചർച്ച ചെയ്ത് രാജിയും ശ്രീലതയും കുട്ടിയുടെ മുന്നിൽ വെച്ചല്ലേ ചിരിച്ചത്?” മിസ്സിസ്സ് എമ്മിന്റെ മുഖത്തേക്കു നോക്കാൻ അവൾക്ക് പേടിയായെങ്കിലും നോക്കാതിരിക്കാൻ കഴിഞ്ഞില്ല. അവർ പ്രസംഗിച്ചുകൊണ്ടുനിന്നപ്പോഴാണ് രാജിയും ശ്രീലതയും അവരുടെ കുറ്റം പറഞ്ഞ് ചിരിച്ചുകൊണ്ടിരുന്നത്. അവളതൊക്കെ കേൾക്കുന്നുണ്ടായിരുന്നെങ്കിലും അതിനൊട്ടും പ്രാധാന്യം കൊടുത്തില്ല. അവരുടെ ചർച്ചയിൽ പങ്കുചേർന്നുമില്ല. അവരെങ്ങനെ നടന്നാലെന്താ എന്നു ചോദിച്ചതുമില്ല. കാരണം, ലേഡീസ് ക്ലബ്ബിലെ എല്ലാവരുമായിട്ടും അവൾക്ക് ഒരുപോലെയായിരുന്നു സൌഹൃദം. കൂടുതലുമില്ല, കുറവുമില്ല.

ശ്രീലതയ്ക്കും രാജിയ്ക്കും അടുത്തുണ്ടായിരുന്നത് ജാനകിയാണ്. ജാനകി ഒരു പാവമാണ് എന്ന് അവൾക്കു തോന്നിയിരുന്നു. അധികം ആർഭാടവും പൊങ്ങച്ചവുമൊന്നും കാണിക്കുന്നത് കണ്ടിട്ടില്ല. അധികം അടുപ്പവും ആരോടും ഉണ്ടായിരുന്നില്ല. വരുന്നു, മിണ്ടുന്നു, പോകുന്നു. അത്രമാത്രം. എന്നാലും, ജാനകിയും എന്തെങ്കിലും പറഞ്ഞുകാണുമോയെന്ന ആകാംക്ഷയിൽ അവൾ മിസ്സിസ്സ് എമ്മിന്റെ മുഖത്തേക്കു നോക്കി. അവളുടെ പേടി എങ്ങനെയോ കുറഞ്ഞിരുന്നു. അവരുടെ മുഖത്ത് പുഞ്ചിരി കണ്ടപ്പോൾ അവൾക്കു തീർച്ചയായി. ജാനകിയെക്കുറിച്ചും അവർക്കെന്തോ പറയാനുണ്ട്. “കുട്ടി കരുതിയത് ശരിയാണ്. ഇലക്ഷനിൽ എനിക്കു വോട്ടു തരാമെന്നുറപ്പു പറഞ്ഞിട്ട് അവൾ വോട്ടുകൊടുത്തത് മിസ്സിസ്സ് പിയ്ക്കായിരുന്നു. പി എന്തെങ്കിലും ഉപകാരം ചെയ്യുമെന്ന് ഏറ്റുകാണും. ജാനകി തന്നോടു പറഞ്ഞത് “ആർക്കുകൊടുക്കണം എന്ന കൺഫ്യൂഷനിലാണെ“ന്നാണ്. മിസ്സിസ്സ് എമ്മിനു തീർച്ചയായും കൊടുക്കുമെന്നു പറഞ്ഞതും, മിസ്സിസ്സ് പിയ്ക്കാണു വോട്ടു കൊടുത്തതതെന്നും താൻ അറിഞ്ഞ കാര്യം അവളോർമ്മിച്ചു.

ഇനിയും ഇരുന്നാൽ പലരും പറഞ്ഞതും കേട്ടതും തനിക്കു തിരിച്ചറിയേണ്ടിവരുമെന്ന് അവൾക്കു മനസ്സിലായി. ഒന്നും മിണ്ടാതെ തന്നെ അവൾ എണീറ്റ് വീട്ടിലേക്കു നടന്നു. താനെന്തെങ്കിലും അവർക്കെതിരായി പറഞ്ഞോ? ഉണ്ടാവാൻ സാദ്ധ്യതയില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ അവർ ആദ്യം തന്നെ പറഞ്ഞേനെ. ഇനിയും അവിടെത്തന്നെ ഇരുന്നെങ്കിൽ ശരിക്കും എന്തൊക്കെ കേട്ടേനെ. ഇതൊക്കെ തോന്നലാണോ, ശരിക്കും നടന്നതാണോയെന്നൊക്കെ അറിഞ്ഞെടുക്കാൻ ശ്രമിച്ച് അവൾ നടത്തം തുടർന്നു. നടത്തത്തിനിടയിൽ അവൾ ചിന്തിച്ചിരുന്നത്, മരിക്കുന്നതിനുമുമ്പാണോ, മരിച്ചതിനുശേഷമാണോ അവരിതൊക്കെ അറിഞ്ഞത് എന്നാണ്.

പിറ്റേ ദിവസം പത്രത്തിൽനിന്നാണ് അവരെക്കുറിച്ച് കൂടുതലായി അവൾ അറിഞ്ഞത്. അവൾ മനസ്സിലാക്കിയിരുന്നതിലും കൂടുതൽ കാരുണ്യപ്രവർത്തനങ്ങൾ അവർ ചെയ്യുന്നുണ്ടായിരുന്നു. അവരുടെ ക്ലബ്ബിന്റെ വകയായി എല്ലാവരും ചേർന്ന് ചെയ്യുന്ന സാമൂഹ്യപ്രവർത്തനങ്ങളിൽ ക്ലബ്ബിന്റെ പേര് ഉയർത്തിക്കാട്ടി നാലുപേരുടെ മുന്നിൽ പൊങ്ങച്ചം കാണിക്കാൻ അവർ ആരേയും അനുവദിച്ചിരുന്നില്ല. ഒരുമിച്ചുചേരുമ്പോൾ ആർഭാടം കാണിക്കാനുള്ള വേദിയായി ആ ക്ലബ്ബ് മാറുന്നതിനെതിരെ അവർ എപ്പോഴും പറയുകയും ചെയ്തിരുന്നു. ഇതൊക്കെയാവണം, പലരും അവർക്ക് എതിരായത്. അവരുടെ ചിത്രത്തിലേക്കു നോക്കിയിരിക്കുമ്പോൾ, അവരുടെ ഭാഗത്തുനിന്ന്, സംസാരിക്കണം എന്നു തോന്നിയിട്ടും, വിഴുങ്ങിക്കളഞ്ഞ വാക്കുകൾ അവൾക്ക് ഓർമ്മ വന്നു. വെറുതെ എന്തിനു മറ്റുള്ളവരുടെ അപ്രിയം സമ്പാദിക്കണം എന്ന് തോന്നിയിരുന്നു അന്നൊക്കെ എന്നത് അവളെ ഇപ്പോൾ ലജ്ജിപ്പിച്ചു. ഇനിയിപ്പോൾ ഒന്നും പറഞ്ഞിട്ടു കാര്യമില്ല.

അടുത്തമാസത്തെ മീറ്റിംഗ് മൂന്നു മണിക്കു പകരം നാലുമണിക്കാണ് തുടങ്ങുന്നതെന്നു പറയാൻ ഒരുദിവസം രാജി വിളിച്ചപ്പോൾ അവൾ പറഞ്ഞു. “ഞാനിനി അങ്ങോട്ടില്ല. എല്ലാ ശനിയാഴ്ചകളിലും ചിഞ്ചുവിന് ഡാൻസ് ക്ലാസ്സുണ്ട്. കൂട്ടിക്കൊണ്ടുപോവാതെ പറ്റില്ല.” രാജി പലതും പറയാൻ ശ്രമിച്ചെങ്കിലും തന്റെ തീരുമാനത്തിൽ നിന്ന് മാറ്റമില്ലെന്ന് അവൾ പറഞ്ഞു.

ഇനി രണ്ടാഴ്ച, അല്ലെങ്കിൽ പുതിയതെന്തെങ്കിലും കിട്ടുന്നതുവരെ, തന്നെക്കുറിച്ചായിരിക്കും കുറ്റം പറച്ചിലെന്നോർത്ത് അവൾ മിസ്സിസ്സ് എം പുഞ്ചിരിക്കുന്നതുപോലെ വിശാലമായിട്ട് ഒന്നു പുഞ്ചിരിച്ചു. ആരോ എന്തോ പറഞ്ഞോട്ടെ എന്നു വിചാരിക്കുകയും ചെയ്തു തനിക്കു ചെയ്യാനുള്ള ജോലികളിലേക്കു മടങ്ങി.

Labels:

Thursday, September 29, 2011

മാലിനിയുടെ കഥ

കുഞ്ഞുടൈം‌പീസ് പാട്ടുപാടിത്തുടങ്ങിയപ്പോൾത്തന്നെ അവൾ അതിനെ മിണ്ടാതാക്കി. അതിന്റെ പാട്ടു കേൾക്കുന്നതിനു മുമ്പേ ഉണർന്നെന്ന് അതിനു തോന്നാതിരിക്കാനാണ് അവൾ അല്പസമയം കാത്തുനിന്നത് എന്നവൾ ആശ്വസിക്കുകയും ചെയ്തു.

തിരക്കാനൊന്നുമില്ല. എന്നാലും പല്ലുതേച്ച് മുഖം കഴുകിയതും അവൾ അടുക്കളയിലേക്കു നടന്നു. ലൈറ്റിട്ടു, ജനൽ തുറന്നു. എല്ലാം പതിവുപോലെ. പാലെടുത്തു ചൂടാക്കാൻ വച്ച്, അതു തിളയ്ക്കുന്നതും നോക്കി നിൽക്കുമ്പോഴാണ് അവൾക്ക് കാത്തുനില്പിനെക്കുറിച്ച് ഓർമ്മവന്നത്. എഴുതിത്തുടങ്ങിയ കഥയിലെ മാലിനി. ബസ്‌സ്റ്റോപ്പിൽ കാത്തുനിർത്തിയിട്ടുണ്ട്. മാലിനി, ഒരു വലിയ തുണിക്കടയിൽ സെയിൽ‌സ്ഗേളാണ്. കുഞ്ഞിന് ചുട്ടുപൊള്ളുന്ന പനിയായിട്ടും വരേണ്ടിവന്നത്, തുച്ഛമായ ശമ്പളത്തിൽ നിന്ന് അല്പംകൂടെ കുറയരുതെന്നു വിചാരിച്ചാണ്. രണ്ടുദിവസം വരാൻ കഴിഞ്ഞില്ല. ഇനി വേഗം വീട്ടിലെത്തിയിട്ടുവേണം കുഞ്ഞിനെ നോക്കാൻ. ഓട്ടോറിക്ഷയിൽ കയറാ‍നുള്ള കാശ് മാലിനിയ്ക്ക് എവിടെനിന്നാണ്. ഇതൊക്കെയാണ് ഇന്നലെ എഴുതിയത്. വിഷാദിച്ചു നിന്ന മാലിനിയുടെ മുന്നിലേക്ക് ഒരു കാർ വന്നു പെട്ടെന്നു നിന്നു, എന്നാണ് എഴുതിനിർത്തിയിരിക്കുന്നത്. ഇനി കഥ എങ്ങോട്ടുവേണമെങ്കിലും കൊണ്ടുപോകാം. ജീവിതമാണെങ്കിൽ എഴുതിവെച്ചിട്ടുണ്ടാവുമല്ലോ. മാലിനിയുടെ വേദനിക്കുന്ന ജീവിതം അക്ഷരങ്ങളിലൂടെ തെളിയിക്കാം. ഇതൊന്നും നടക്കാത്തതുമല്ലല്ലോ.

“അമ്മേ എന്റെ ബ്രഷ് കാണുന്നില്ല.” ഇനി കഥ അവിടെത്തന്നെ വിട്ടേക്കണം. ഇനി ജീവിതമാണ്. ബ്രഷ്, തോർത്ത്, ചായ, പലഹാരം, സോക്സ്, ലഞ്ച്ബോക്സ്... ഇതിലൊന്നും ഒരു മാറ്റവുമില്ല. രാവിലെ എണീറ്റ് ബാൽക്കണിയുടെ വാതിൽ തുറന്നിട്ട്, അല്പം തണുപ്പുള്ള നിലത്തിരുന്ന്, കുളിർകാറ്റേറ്റ് ഒരു കഥ എഴുതുന്നത് ആലോചിച്ചപ്പോൾത്തന്നെ അവൾ സ്വയം പരിഹസിച്ചു ചിരിച്ചു. ഇതിനെ ഒരു കഥാകാരിയുടെ വെറുതേയുള്ള സ്വപ്നം എന്ന തലക്കെട്ടിൽ നിർത്താം.

എന്തായാലും ഉച്ചയ്ക്ക് അവളുടേതായ ലോകമാണ്. വായന, എഴുത്ത്, ചാനലുകളിൽ അലഞ്ഞുനടക്കൽ, ഉറക്കം.

മയങ്ങിക്കാണണം.

“ചേച്ചീ”

“ആരാ?”

“ഞാൻ മാലിനി.”

“ഏതു മാലിനി?”

“ചേച്ചി ബസ്‌സ്റ്റോപ്പിൽ നിർത്തിയില്ലേ?”

“അയ്യോ...കഥ...മാലിനി.”

“അതെ.”

“എന്താ ഇവിടെ?”

“കുറച്ചു കാര്യങ്ങൾ തുറന്നുപറയാനുണ്ടായിരുന്നു.”

“എന്ത്?”

“ചേച്ചി കഥ നിർത്തിയിടം കണ്ടു.”

മാലിനി, അവളുടെ പുസ്തകം തുറന്ന് വായന തുടങ്ങി.

“വിഷാദത്തോടെ നിന്ന മാലിനി, വിയർപ്പ് സാരിത്തുമ്പുകൊണ്ടാണ് ഒപ്പിയിരുന്നത്. അവളുടെ വിഷാദത്തിനു കാരണം ഇരുട്ടായി എന്നതുമാത്രമായിരുന്നില്ല. കുഞ്ഞിനെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയില്ലെങ്കിൽ ഇന്നും പേടിച്ചുപേടിച്ച് രാത്രി കഴിച്ചുകൂട്ടണം. എന്തു പനിയാണിത്. ഇതൊക്കെ ഓർത്തുനിൽക്കുമ്പോഴാണ് അവളുടെ മുന്നിലേക്ക് ഒരു കാർ വന്ന് പെട്ടെന്ന് നിന്നത്.”

“ഇതല്ലേ ചേച്ചി നിർത്തിയത്?”

“അതെ. പക്ഷെ. ഇതൊക്കെ വെറും ഭാവനകളല്ലേ.”

“അല്ലെങ്കിലോ? എന്നെ കാണുന്നതുപോലെ സത്യമാണെങ്കിലോ?”

“അതെങ്ങനെയാണ് ശരിയാവുന്നത്?”

“ശരിയാവും. കാർ വന്നു നിന്നു. മാലിനിയെ അതിലേക്ക് ബലമായി പിടിച്ചുകയറ്റി. കാർ വിട്ടു പോയി. പിന്നെ മാലിനിയെക്കുറിച്ച് പത്രവാർത്തകളിൽനിന്നാണ് അറിയുന്നത് എന്നൊക്കെയല്ലേ ഇനി എഴുതാൻ പോകുന്നത്?”

“അത്...ഞാൻ...”

“രാവിലെ മുതൽ വൈകുന്നേരം വരെ പലതരം മനുഷ്യരെക്കണ്ടും, പലതരം വസ്ത്രങ്ങളുടെ പളപളപ്പു കണ്ടും നിൽക്കുന്ന സെയിൽ‌സ്ഗേൾസിനെക്കുറിച്ച് പലർക്കും ഒന്നും അറിയുകയുണ്ടാവില്ല. വിശന്നും വിയർത്തും വിഷാദിച്ചും, ഒരു മാസം തള്ളി നീക്കി, അല്പം നോട്ടുകൾക്കു കൈനീട്ടുന്നവരെക്കുറിച്ച് അവിടെവരുന്ന ആരും ചിന്തിക്കില്ല. എന്തൊക്കെ വിഷമങ്ങളുണ്ടാവും എന്നും ആരും അറിയില്ല.”

“അത്രയ്ക്കൊന്നും ഞാനും ചിന്തിച്ചില്ല.”

“ചേച്ചിയ്ക്ക് എന്തെങ്കിലുമൊക്കെ ഊഹിച്ച് എഴുതിയാൽ മതിയല്ലോ. പക്ഷെ, ഞാൻ വന്ന സ്ഥിതിയ്ക്ക് ഇനി കഥ മാറ്റിയെഴുതണം. കാർ വന്നു പിടിച്ചുകൊണ്ടുപോയി എന്നെഴുതരുത്. വായിക്കുന്നവർ കുറച്ചുകൂടെ കൂട്ടി വായിക്കും.”

വൈകുന്നേരം ആയിട്ടും അവൾക്ക് സ്വപ്നമായിരുന്നോ സത്യമായിരുന്നോ എന്നു മനസ്സിലായില്ല.

എന്തായാലും ജോലിയൊക്കെക്കഴിഞ്ഞ് എഴുതാനിരുന്നപ്പോൾ അവൾ എഴുതി.

“വിഷാദിച്ചു നിന്ന മാലിനിയുടെ മുന്നിലേക്ക് ഒരു കാർ വന്നു നിന്നു. “മാലിനീ” എന്ന വിളി കേട്ടുനോക്കിയപ്പോൾ അവളുടെ കൂടെ സ്കൂളിലും കോളേജിലും പഠിച്ചിരുന്ന സദാശിവനാണ്. അയാളുടെ വീട്, അവളുടെ ഭർത്താവിന്റെ വീട്ടിനടുത്തുമാണ്. “ഈ വഴിക്കുള്ള ബസ്സൊക്കെ പെട്ടെന്ന് പണിമുടക്കിയതാണ്. വെറുതേ കാത്തുനിൽക്കേണ്ട.” എന്നു പറഞ്ഞപ്പോൾ അവളും കാറിലേക്കു കയറി.”

ഇനി ഇതിനു മാലിനി എന്തു പറയുമോയെന്തോ! നാളെ വരുമായിരിക്കും. തുടർന്ന് എഴുതാനുള്ളതൊക്കെ പിന്നീടെഴുതാം.

കഥകൾ എങ്ങനെ വേണമെങ്കിലും മാറ്റാം. ജീവിതം എഴുതിവച്ചയാളിനോട്, ജീവിച്ചുകൊണ്ടിരിക്കുന്നവർക്ക് ചോദ്യങ്ങൾ ചോദിക്കണമെങ്കിൽ എവിടെപ്പോയി ചോദിക്കണം!

Labels:

Friday, June 17, 2011

രാധയുടേത് മാത്രം

മതിയായി. വിവശയായ രാധ അങ്ങനെ ചിന്തിയ്ക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്താണ് ചെയ്യേണ്ടത്? ദൈനംദിന പ്രവൃത്തികളിൽ മുഴുകുമ്പോഴും അവൾക്ക് ചിന്തിക്കാനുണ്ടായിരുന്നത് കൃഷ്ണനെക്കുറിച്ചാണ്. ഗോപികമാരോടൊത്ത് കാട്ടിലും പുൽമേടുകളിലും നദിക്കരയിലും ഉല്ലസിച്ചലഞ്ഞുനടക്കുന്ന കൃഷ്ണനെക്കുറിച്ച്. അവളെ തീർത്തും അവഗണിക്കുന്ന, അവളുടേത് മാത്രമെന്ന് കരുതിയ കൃഷ്ണനെക്കുറിച്ച്. എന്തിനാണ് കൃഷ്ണന്റെ ലീലകൾ കണ്ടുരസിക്കുന്നത്? എന്തിനാണ് ഗോപികമാരുടെ സന്തോഷം കണ്ട് ഉള്ളം വേദനിപ്പിക്കുന്നത്?

തീരുമാനിച്ചുറപ്പിച്ച്, അവൾ ആ കാനനവഴിയിലൂടെ നടന്നു. ദൂരെയതാ കൃഷ്ണനും ഗോപികമാരും. നൃത്തം ചവുട്ടി, തളർന്ന്... നിലാവിൽ കൃഷ്ണന്റെ മുഖം കൂടുതൽ തിളങ്ങിക്കാണുന്നു. കൃഷ്ണനോടുള്ള പ്രണയത്തിലും ആരാധനയിലും ഗോപികമാരുടെ മുഖവും. രാധയുടെ ഉള്ളം നിലാവൊഴിഞ്ഞ രാത്രിപോലെ ആയി. അവൾ ഒരു മരത്തിന്റെ കീഴിൽ നിന്നു. ആട്ടവും പാട്ടും കഴിഞ്ഞ് കൃഷ്ണൻ വരട്ടെ, ഇതുവഴി. കാണട്ടെ, തന്നെ. അവൾ ചേലത്തുമ്പിൽ കെട്ടിയിട്ട് സൂക്ഷിച്ചിരുന്ന വിഷക്കായകൾ കൈയിലെടുത്തു. ഒഴുകുന്ന കണ്ണീർ വകവയ്ക്കാതെ, അവൾ ആ വിഷക്കായകൾ വായിലേക്കിടാൻ തുടങ്ങി. പെട്ടെന്ന് അവളുടെ കൈ ആരോ പിടിച്ചു. ആരാണിത്. അവൾ അത്ഭുതപ്പെട്ടു. കണ്ണീരൊഴുകുന്ന മുഖമുയർത്തി അവൾ നോക്കി. കൃഷ്ണൻ! അവൾ ആട്ടവും പാട്ടും നടക്കുന്നിടത്തേക്കു നോക്കി. കൃഷ്ണനതാ ഗോപികമാരുടെ നടുവിൽ ഓടക്കുഴൽ പിടിച്ച് നിൽക്കുന്നു. അപ്പോപ്പിന്നെ ഇതോ? മായയാണോ? തന്നെപ്പറ്റിയ്ക്കാൻ ദൈവത്തിന്റെ സൂത്രമാണോ?

അവളുടെ ചിന്തകൾ അറിഞ്ഞ്, അവളുടെ കയ്യിൽ നിന്ന് വിഷക്കായകളെടുത്ത് താഴേക്കെറിഞ്ഞ് അവളുടെ കണ്ണീർ തുടച്ച് കൃഷ്ണൻ പറഞ്ഞു.

“നീ പ്രണയിക്കുന്ന കൃഷ്ണൻ ഞാനാണ്. ഞാൻ എന്നും നിന്റെ കൂടെയുണ്ടായിരുന്നു, നിഴലുപോലെ. നീയെന്നെ ശ്രദ്ധിക്കാതെ, എന്റെ സാന്നിദ്ധ്യം അറിയാതെ, ഗോപികമാരുടെ ചേഷ്ടകളും കണ്ട്, അവരോടു കോപിച്ച് നടന്നു. ഞാൻ അവർക്കൊപ്പം ഒരിക്കലും പോയില്ല.”

രാധ മുഖമുയർത്തി ചോദിച്ചു . “അപ്പോ ആ കാണുന്നതോ?”

“അത് യന്തിരൻ ആണ്. റോബോട്ട്. എന്നെപ്പോലെയുള്ള യന്ത്രം.”

“കൃഷ്ണാ...”

“ഞാൻ നിന്റേതുമാത്രമല്ലേ രാധേ?”

Labels:

Saturday, March 05, 2011

ജ്യോതിർമയി

ജ്യോതിർമയിയ്ക്ക് അന്നെന്തോ പന്തികേട് തോന്നി. ‘വെയിലിന്റെ ചൂടിങ്ങോട്ട് വന്നോട്ടെ, എന്നിട്ടാവാം കുളി കുട്ടീ’ എന്നു പറയുന്ന അമ്മമ്മ, അന്ന് അവൾ എണീറ്റു വരുമ്പോഴേക്കും, കുളിച്ച് നാമം ചൊല്ലി ഇരിക്കുന്നുണ്ടായിരുന്നു.
“ചിന്നൂ വേഗാവട്ടെ, ഞാനെത്ര വിളിച്ചു? ഇതെന്താ സ്കൂളിൽ പോവണ്ടേ?” അമ്മ അടുക്കളയിൽ നിന്ന് എന്തോ പൊതിഞ്ഞുകെട്ടിക്കൊണ്ട് അമ്മമ്മയുടെ മുറിയിലേക്ക് പോയി. ജ്യോതിർമയി പടിഞ്ഞാറേ കോലായിയിലേക്കു നടന്നു. അവിടെ മുറ്റത്തേക്കുള്ള പൈപ്പിന്റെ അടുത്തുനിന്നാണ് പല്ലുതേയ്പ്. കാക്കകൾ മാത്രം പതിവുപോലെ പറമ്പിൽ നിൽക്കുന്നുണ്ട്. അവൾ പല്ലുതേയ്പും കുളിയുമൊക്കെ കഴിഞ്ഞ് എത്തിയപ്പോഴേക്കും അമ്മമ്മ ചായ കുടിക്കാൻ ഇരുന്നിട്ടുണ്ട്.
“നല്ലോണം തോർത്തീലേ തല?” അമ്മ തൊടാൻ വന്നപ്പോഴേക്കും അവൾ അമ്മമ്മയുടെ അടുത്ത് ഇരുന്നു. അമ്പലത്തിൽ പോകുന്നത് ഇഷ്ടമാണെങ്കിലും വൈകി എന്നു തോന്നിയതുകൊണ്ട് അവൾ പോകേണ്ടെന്നുവെച്ചു. അതുമല്ല, അമ്മമ്മയുടെ ധൃതി എന്താണെന്ന് മനസ്സിലായിട്ടുമില്ല. അമ്മ രണ്ടാൾക്കും ഇലവെച്ച് ഇഡ്ഡലിയും ചമ്മന്തിയും വിളമ്പി. ചമ്മന്തിയിലെ കറിവേപ്പിലയെടുത്ത് ‘ഇശ്ശ്’ എന്നും പറഞ്ഞ് അവൾ ഇലയുടെ ഒരുവശത്തേക്കിട്ടു.
അമ്മമ്മ സൂക്ഷിച്ചുനോക്കിയിട്ട് പറഞ്ഞു. “ഇശ്ശ് കിശ്ശ് എന്നൊന്നും പറയേണ്ട. മുടിയ്ക്ക് നല്ലതാ കറിവേപ്പില.”
“അമ്മമ്മ തിന്ന്വോ?”
“ഞാൻ ഇപ്പോ തിന്നില്ല. പണ്ടൊക്കെ, വറത്തിട്ട കറിവേപ്പില കളയില്ലായിരുന്നു."
"അമ്മമ്മ എന്താ ഇന്ന് നേരത്തെ?” അത് മറന്നുപോയിരുന്നല്ലോന്നുള്ള മട്ടിൽ അവൾ വേഗം ചോദിച്ചു.
“എന്ത് നേരത്തെ? ഇന്ന് അങ്ങനെ തോന്നി.”
“അതൊന്ന്വല്ല. എന്തോ ണ്ട്.”
“ചിന്നൂ, കഴിച്ചിട്ട് എണീക്കാൻ നോക്ക്. അല്ലെങ്കിൽത്തന്നെ ഇന്നു വൈകിയിട്ടാ ഒക്കെ.” അമ്മ അവളുടെ മുന്നിൽ ചായ തണുപ്പിച്ച് കൊണ്ടുവച്ചു.

ചായ കഴിഞ്ഞ് കൈ കഴുകി, അവൾ ചെന്ന് ബാഗൊക്കെ ഒരുക്കിവെച്ചു. പോകാനും തയ്യാറായി. ബാഗിൽ ലഞ്ച് ബോക്സും വെള്ളവും എടുത്തുവയ്ക്കണം. അതേയുള്ളു, രാവിലെ ഒരുക്കം. ബാക്കിയൊക്കെ രാത്രി തന്നെ എടുത്തുവയ്ക്കും. ബാഗ്, ഉമ്മറത്ത്, ഏട്ടന്റെ ബാഗിനടുത്തു കൊണ്ടുവെച്ചു. അച്ഛൻ പത്രം വായിക്കുന്നുണ്ട്. ഏട്ടൻ പത്രത്തിന്റെ ഒരു പേജെടുത്തുവെച്ച് ചിത്രം നോക്കുന്നുണ്ട്. അച്ഛനാണ് സ്കൂളിൽ കൊണ്ടുവിടുക. ഇനിയും സമയമുണ്ട്. എന്തോ ഓർമ്മവന്നതുപോലെ അവൾ അമ്മമ്മയുടെ മുറിയിലേക്ക് ഓടിച്ചെന്നു. അവിടെ കട്ടിലിൽ മടക്കിവെച്ച കിടക്കയുടെ അടുത്ത് ഒരു ബാഗ്. അതിനടുത്ത് മടക്കിവെച്ച് കുറച്ചുതുണികൾ. അതിനൊപ്പം ബ്ലൌസുകൾ കണ്ടപ്പോൾ, അത് അമ്മമ്മ പുതുതായി തയ്പ്പിച്ചതാണെന്ന് അവൾക്ക് മനസ്സിലായി. അമ്മ കൊണ്ടുവെച്ച പൊതി കണ്ട് അവൾ എടുത്തുനോക്കി. പഴം ആണെന്ന് തോന്നുന്നു.
‘ഉം...മനസ്സിലായി. അമ്മമ്മ എങ്ങോട്ടോ പോകാൻ ഒരുങ്ങുന്നു.’

“അതവിടെ വയ്ക്കൂ ചിന്നൂ, അത് പഴാണ്.” അമ്മമ്മ വന്നു. അവളത് അവിടെയിട്ടു.

“ആയ്..ന്റെ കണ്ണടയുണ്ടോന്ന് നോക്കൂ അവിടെ. അതിന്റെ മേലേയ്ക്കാണോ ഇട്ടത്?” ബാഗിന്റെ അടുത്തുനിന്ന് അവൾ കണ്ണടക്കൂട് അമ്മമ്മയ്ക്ക് എടുത്തുകൊടുത്തു.
“എങ്ങോട്ടാ?”
“എങ്ങോട്ട്?”
“അമ്മമ്മ എങ്ങോട്ടാ പോണേന്നാ ചോദിച്ചത്.”
“അതോ. അത്... ഞങ്ങളൊക്കെക്കൂടെ ഒന്ന് ഗുരുവായൂർക്ക് പോക്വാ. മറ്റന്നാളിങ്ങു വരും.”
ഞങ്ങളൊക്കെ എന്നു പറഞ്ഞാൽ അമ്മമ്മയുടെ കൂട്ടുകാരികളായിരിക്കും. ഇടയ്ക്ക് പോകാറുണ്ട്, അമ്മമ്മ.
“ഞാനും വരും.”
“കുട്ടിയ്ക്ക് സ്കൂളില്ലേ?”
“ഞാനും വരും. വെള്ളിയാഴ്ച ആയില്ലേ. നാളേം മറ്റന്നാളും സ്കൂളില്ലല്ലോ.”
“ഇന്നുണ്ടല്ലോ.”
“ഞാൻ അമ്മമ്മേടെ കൂടെ വരും.”
അവൾ അമ്മേന്നും വിളിച്ച് അടുക്കളയിലേക്കു പോയി.
“എന്താ ഒരുങ്ങിയില്ലേ?”
“ഞാൻ അമ്മമ്മേടെ കൂടെയാ പോവുന്നേ.”
“ങ്ങേ...അപ്പോ സ്കൂളോ?”
“പോണില്ല.”
“സ്കൂളിൽ പോകാതെയിരിക്കാനോ?”
“ഞാൻ അമ്മമ്മേടെ കൂടെ പോകും. ഏട്ടൻ ടീച്ചറോട് പറഞ്ഞോളും.”
അമ്മ ഉമ്മറത്തേയ്ക്ക് പോയി. അച്ഛനോട് പറയാനാവും. അവൾ പോയില്ല. അമ്മ തന്നെ ചോദിച്ചിട്ടു വരട്ടെ. അവൾ പതുങ്ങിപ്പതുങ്ങി വാതിലിന്റെ പിറകിൽ പോയി നിന്നു.


*****************************************

കാർ വന്നപ്പോൾ അവൾ അമ്മമ്മയുടെ കൂടെ ഗേറ്റിലേക്കു ചെന്നു. അമ്മ അവരുടെ ബാഗും പിടിച്ച് പിന്നാലെ വന്നു. കാറിലേക്ക് കയറാൻ നോക്കുമ്പോൾ ശാരദാമ്മ ചോദിച്ചു.
“ചിന്നൂം വരണുണ്ടോ? സ്കൂളില്ലേ ഇന്ന്?”
“സ്കൂളൊക്കെയുണ്ട്. അവളും വരുന്നെന്നു പറഞ്ഞു. നാലാം ക്ലാസ്സിലല്ലേ ആയുള്ളൂ. സാരമില്ലെന്നുവെച്ചു.”
“മാളൂം പുറപ്പെട്ടിരുന്നു. പക്ഷേ മാലിനി പറഞ്ഞു ജലദോഷമുണ്ട്, പനിയെങ്ങാൻ വന്നാൽ അമ്മ വിഷമിക്കുംന്ന്.”
“വൈകുന്നേരം തൊഴാൻ പറ്റുമോന്ന് നോക്കാം അല്ലേ? നല്ല തിരക്കായിരിക്കും.”
“പോയി ഒന്നു വിശ്രമിച്ചിട്ട് രാവിലെ കുളിച്ചു തൊഴാം. അതാ നല്ലത്. ഏർപ്പാടൊക്കെ ഇവൻ പോയി അന്വേഷിച്ചു ചെയ്തോളും.” ഡ്രൈവറെ നോക്കി ശാരദാമ്മ പറഞ്ഞു. അവരുടെ വീട്ടിലേതാണ് കാർ. മാളുവും വന്നിരുന്നെങ്കിൽ നന്നായേനെ എന്ന് അവൾക്കു തോന്നി. വേറെ രണ്ടു പേരു കൂടെയുണ്ടായിരുന്നു അവരുടെ കൂടെ. അമ്മമ്മയുടെ കൂട്ടുകാരികൾ.

തിരക്കുകണ്ട് ജ്യോതിർമയി പേടിച്ചു.
“ശനിയാഴ്ചയല്ലേ. ഒഴിവിന്റെ തിരക്കാവും.” അമ്മമ്മ പറഞ്ഞു. അവൾ അമ്മമ്മയോട് ഒട്ടി നിന്നു. എത്രയോ നേരത്തേ എണീറ്റ് കുളിച്ചു പുറപ്പെട്ട് വന്നിരിക്കുകയാണ്. അവളുടെ ഉറക്കപ്പിച്ച് ഇനീം പോയിട്ടില്ല.

മുന്നോട്ട് നീങ്ങി നീങ്ങി അവർ അമ്പലത്തിനുള്ളിൽ കടന്നു. കണ്ണനെ കണ്ട് നന്നായി തൊഴുതിട്ടേ അവൾ മുന്നോട്ട് നീങ്ങിയുള്ളൂ.
‘പ്രദക്ഷിണം വയ്ക്കാം കുട്ടീ എന്നും പറഞ്ഞ് അമ്മമ്മ അവളുടെ കൈയും പിടിച്ചുനടന്നു. അവൾ ചുറ്റുമുള്ള കാഴ്ചകളും ആൾക്കാരേയും കണ്ട് നടന്നു. എപ്പോഴാണ് പിടിവിട്ടുപോയതെന്ന് അറിയില്ല. അവൾ ചുമരിലെ ചിത്രങ്ങൾ നോക്കിയിട്ട് തിരിഞ്ഞപ്പോൾ അമ്മമ്മയേയും കൂട്ടുകാരികളേയും കണ്ടില്ല.

*****************************************



“ദേ..നോക്കൂ.. ആ കുട്ടി കരയുന്നു.” ശ്രീദേവി, രാമകൃഷ്ണനോടു പറഞ്ഞു. അയാൾ നോക്കുമ്പോൾ അവിടെനിന്നു കരയുന്നുണ്ട് ഒരു കുട്ടി. രണ്ടാളും അവളുടെ അടുത്തേക്കു ചെന്നു.
“എന്താ എന്തുപറ്റീ? അമ്മയെവിടെ മോൾടെ?”
“അമ്മമ്മ...” അവൾക്കു മുഴുവൻ പറയാൻ പറ്റിയില്ല. ഏങ്ങലടിച്ചു.
“അമ്മമ്മയാണോ കൂടെയുള്ളത്?”
“ഉം..”
“വാ...നമുക്കു കണ്ടുപിടിക്കാം.
“നമ്മളെങ്ങോട്ടു പോവുന്നു?” ശ്രീദേവി ചോദിച്ചു.
“ഇവൾടെ കൂടെയുള്ള ആരെയെങ്കിലും കണ്ടുപിടിയ്ക്കേണ്ടേ.”
“കൃഷ്ണേട്ടാ, ചെലപ്പോ ഉണ്ണിക്കണ്ണൻ നമുക്കു തന്നതാണെങ്കിലോ?”
“ഇത്രേം വളർത്തിവലുതാക്കീട്ടോ?” അയാൾ അവൾ പറഞ്ഞത് തമാശയാക്കിയെടുത്ത് ഉറക്കെച്ചിരിച്ചു. അവൾക്കു ദേഷ്യം വന്നു.
“ഇത്രേം ആളുണ്ടായിട്ട് നമുക്കല്ലേ ഇവളോട് മിണ്ടാൻ തോന്നിയത്.”
“ആദ്യം കണ്ടത് നീയാവും. നമ്മൾ രണ്ടാളും മിണ്ടുന്നതുകണ്ടാൽ‌പ്പിന്നെ വേറെ ആർക്കെങ്കിലും എന്തെങ്കിലും ചോദിക്കേണ്ട കാര്യമുണ്ടാവുമോ? നീ വേഗം നടക്ക്. അവരെ കണ്ടുപിടിച്ച് ഏൽ‌പ്പിച്ചേക്കാം. ഇല്ലെങ്കിലേ, കേസാവും. അതിന്റെ പിന്നാലെ പോകേണ്ടിവരും.”
“അതൊന്നും ഇല്ല. പുറത്തെങ്ങാൻ നിൽക്കുന്നുണ്ടാവും. അവരുടെ കൂട്ടത്തിൽ കുറേപ്പേരുള്ളതുകൊണ്ട് കൂടെയുണ്ടാവും എന്നുവിചാരിച്ചുകാണും.”
“ഉം..വേഗം പോകാം.”
“അമ്മമ്മയെ കണ്ടുപിടിക്കാംട്ടോ. മോളു വിഷമിക്കേണ്ട.”
അവളോട് പേരും നാടുമൊക്കെ ചോദിച്ചറിഞ്ഞു.
പുറത്തേയ്ക്കിറങ്ങി നോക്കുമ്പോൾ അവിടെ അകത്തുനിന്ന് വരുന്നവരേയും നോക്കിനില്ക്കുന്നുണ്ട്, അവളുടെ അമ്മമ്മയും കൂട്ടുകാരിയും.
“ദാ..അമ്മമ്മ.” അവൾ അവരുടെ അടുത്തേക്ക് ഓടിച്ചെന്നു. “ഈശ്വരാ” ന്നും വിളിച്ച് അവളെ അമ്മമ്മ കെട്ടിപ്പിടിച്ചു.
“വന്ന്വോ? ഞങ്ങൾ ഉള്ളിലൊക്കെ നോക്കിയിട്ട് വര്വായിരുന്നു.” ശാരദാമ്മയും കൂട്ടുകാരിയും ചിന്നുവിന്റെ പിന്നാലെ വന്നു.
“ഞാൻ പേടിച്ചുപോയി.” അമ്മമ്മ അവളെ പിന്നേം ചേർത്തുപിടിച്ചു.
“പേടിക്കാനൊന്നൂല്ലാന്ന് ഞാൻ പറഞ്ഞതല്ലേ. കൃഷ്ണനൊന്ന് പരീക്ഷിച്ചതായിരിക്കും.”

“അമ്മമ്മയാണല്ലേ? അവിടെനിന്ന് കരയ്യായിരുന്നു മോൾ.” രാമകൃഷ്ണൻ പറഞ്ഞു. അവർ പരിചയപ്പെട്ടു. പരസ്പരം വിശേഷങ്ങളൊക്കെ പറഞ്ഞു.

*********************************

യാത്രകളൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മൂന്നുപേരും കാത്തുനിൽ‌പ്പുണ്ടായിരുന്നു.

“ചിന്നൂ, ടീച്ചറോട് ഞാൻ പറഞ്ഞു, അവൾ അമ്മമ്മേടെ കൂടെ യാത്ര പോയതാണെന്ന്. എന്താ ഞാനും പോവാഞ്ഞേന്നു ചോദിച്ചു.” ഏട്ടൻ പറഞ്ഞു.

അത്താഴം കഴിഞ്ഞ് ഇരിക്കുമ്പോൾ അമ്മമ്മ പറഞ്ഞു.
“ഞാനിത്രേം പേടിച്ചിട്ടില്ല. അമ്പലമാണ്. എന്നാലും എന്താ കഥ! നെറയെ ആൾക്കാര്. എവിടെപ്പോയി തെരയണം, ആരോടു ചോദിക്കണം. വെപ്രാളമായിപ്പോയി.” അവളുടെ അമ്മയും അച്ഛനും കേട്ടിരിക്കുന്നു.
അവൾ ഉറങ്ങുകയായിരുന്നു.
സ്കൂളിലേക്ക് പോകാനുള്ളതും, പഠിക്കാനുള്ളതും, വേർപെട്ടു പോയതും ഒന്നുമോർമ്മിക്കാതെ...
ഉണ്ണിക്കണ്ണനേം സ്വപ്നം കണ്ട്.


(കാക്കത്തൊള്ളായിരം പോസ്റ്റുകൾക്കും പേരിട്ടു കഴിഞ്ഞാൽ അടുത്തതിനു ജ്യോതിർമയി എന്നു പേരിടും എന്നു പറഞ്ഞിരുന്നു. കാക്കത്തൊള്ളായിരമൊന്നും ആയില്ലെങ്കിലും ഈ കഥയ്ക്ക് ആ പേരിട്ടു. ഇടാൻ ധൈര്യം കാണിച്ചു. ഞാനെന്റെ വാഗ്ദാനം ഇതാ പാലിച്ചിരിക്കുന്നു. ജ്യോതീ, നന്ദിയൊന്നും വേണ്ട. സമ്മാനം പോന്നോട്ടെ. (ഓടിയ്ക്കരുത്. ഒരു ഓട്ടർഷയെങ്കിലും വിളിച്ചുതരണം പ്ലീസ്).

Labels:

Wednesday, December 08, 2010

രക്ഷപ്പെടൽ

പതിവില്ലാത്ത വിധത്തിൽ ആ അടുക്കളയിലേക്ക് പാലിന്റെ പായ്ക്കറ്റ് കൊണ്ടുവരുന്നതും, അടുപ്പിനു മുകളിലൊരു പാത്രത്തിൽ പാൽ തിളയ്ക്കുന്നതും കണ്ട പൂച്ചയ്ക്ക് സന്തോഷമായെങ്കിലും, പാലിലെന്തോ ചേർത്ത്, ഒറ്റത്തുള്ളി പോലും ബാക്കിവയ്ക്കാതെ കുടിച്ചുതീർത്ത് വീട്ടുകാരു മുഴുവൻ ബോധം കെട്ടുറങ്ങുന്നതു കണ്ടപ്പോൾ കലിവന്ന പൂച്ച വീടുവിട്ടിറങ്ങിപ്പോയി.

പിറ്റേന്നാരോ പറഞ്ഞു.

“ഒരു പൂച്ചയുണ്ടായിരുന്നു ഇവിടെ. അതു രക്ഷപ്പെട്ടോ എന്തോ!”

Labels:

Wednesday, November 03, 2010

മകൾ

ഉച്ച കഴിഞ്ഞ് അവൾ കയറിച്ചെല്ലുമ്പോൾ ശാന്തതയായിരുന്നു അവിടെ. അവൾ പ്രതീക്ഷിക്കാത്ത വിധത്തിൽ.
മദറിന്റെ മുമ്പിൽ എത്തിയപ്പോൾ അവൾ ആദ്യം പറഞ്ഞത് “ഒരു കുട്ടിയെ ഞങ്ങളുടെ വീട്ടിലേക്ക് വേണം“ എന്നാണ്.
മദർ അവളെ സൂക്ഷിച്ചുനോക്കി.
“ദത്തെടുക്കാൻ ചില ചടങ്ങുകളുണ്ട്.”
“ദത്തെടുക്കാനല്ല. എന്റെ മോന് വിവാഹം കഴിക്കാൻ ഒരു കുട്ടിയെ ആണ് വേണ്ടത്. എന്താണ് അതിനുവേണ്ടത്?”
മദറിന് അത്ര വിശ്വാസം വന്നില്ല. എന്താണ് ഇവിടെനിന്നുതന്നെ വേണമെന്ന്? ആദ്യം ആരും വിളിച്ചന്വേഷിച്ചിട്ടും ഇല്ല. നേരിട്ട് വരുന്നതാണ്. കാലം വിശ്വസിക്കാനാവാത്തതാണ്.

“നല്ല കാര്യം. പക്ഷെ, എന്താ ഇവിടുന്നുതന്നെ വേണമെന്ന്?”
“വളർന്നുവലുതായ വീട്ടിൽ നിന്നുതന്നെ മകന് വധുവിനെ കണ്ടെത്തുകയെന്നത് നല്ല കാര്യമല്ലേ? അധികം ആലോചിക്കേണ്ടിവരില്ലല്ലോ.”

മദർ അവളെ വീണ്ടും സൂക്ഷിച്ചുനോക്കി. അവരെ പറ്റിച്ചപോലെ അവൾ ചിരിച്ചു. മദറിന് മനസ്സിലായപ്പോൾ അവൾ പറഞ്ഞു. “ഇടയ്ക്ക് വരാറുണ്ടായിരുന്നു. മദർ ഇവിടെ ഉണ്ടാവാറില്ല.”

അവളുടെ കണ്ണിലേക്ക് നോക്കിയ മദറിനു തോന്നിയത്, അവളെ ഈ വീടിനുമുന്നിൽ കണ്ടെത്തുമ്പോഴും ഉണ്ടായിരുന്നു, കണ്ണീർ നിറഞ്ഞ കണ്ണ് എന്നാണ്.

കാര്യങ്ങളൊക്കെ പരസ്പരം പറഞ്ഞ്, അവൾ പോയപ്പോൾ, മദർ പുറത്തിറങ്ങിനിന്ന് ആ വീടിനോടു പറഞ്ഞു.
“അവളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും കണ്ട, അവളുടെ സ്വപ്നങ്ങളും, സങ്കടങ്ങളും ഒക്കെ കണ്ടറിഞ്ഞ വീടേ നീ ഭാഗ്യവതിയാണ്. ഞങ്ങളും. അവൾ നമ്മളെയാരെയും മറന്നില്ല. അവളുടെ അമ്മയ്ക്ക് വലിയൊരു നഷ്ടം തന്നെ ഈ സ്നേഹം.”

Labels:

Tuesday, September 28, 2010

സ്വപ്നഭവനം

മോഹൻ‌കുമാർ, രാമാനുജത്തെ സൂക്ഷിച്ചുനോക്കി. ഒരു വീടുവയ്ക്കണം എന്നും പറഞ്ഞുകൊണ്ട് കുറച്ചുനാൾ മുമ്പ് രാമാനുജം, ആർക്കിടെക്റ്റ് മോഹൻ‌കുമാറിന്റെ സ്ഥാപനത്തിലേക്കു കയറിവരുമ്പോൾ, ഇങ്ങനെയാവും കാര്യങ്ങളെന്ന് മോഹൻ‌കുമാറിനു ഒരു സൂചന പോലുമുണ്ടായില്ല. ഒരു പ്ലാൻ, ആലോചിച്ച് തെരഞ്ഞടുത്തശേഷം രാമാനുജം വരുന്നത് എത്രാമത്തെ തവണയാണെന്ന് മോഹൻ‌കുമാറിന് അറിയില്ല. എന്നൊക്കെ കൂടിക്കാഴ്ചയ്ക്കു വന്നിരുന്നുവോ അന്നൊക്കെ ഓരോ ആവശ്യങ്ങൾ, പലപ്പോഴും വിചിത്രമെന്നു തോന്നുന്നതു തന്നെ, രാമാനുജം അറിയിച്ചിട്ടുണ്ട്. ബെഡ്‌റൂമിലെ ചുവരിൽ വെള്ളപ്പെയിന്റ് അടിച്ച് അതിൽ ചെറിയ ചെറിയ ഹൃദയചിഹ്നങ്ങൾ വരച്ചു ചേർക്കണം എന്നുപറഞ്ഞപ്പോൾ, മോഹൻ‌കുമാർ ചോദിച്ചു, വരച്ചുചേർക്കുന്നതിനു പകരം വാൾപേപ്പർ വാങ്ങി ഒട്ടിച്ചാല്‍പ്പോരേന്ന്. പോരെന്ന് മറുപടിയും കിട്ടി. അത് ആദ്യത്തെ ആവശ്യമൊന്നും അല്ലാത്തതുകൊണ്ട് മോഹൻ‌കുമാറിന് പ്രത്യേകത ഒന്നും തോന്നിയില്ല. പ്ലാൻ മാറ്റി മറിയ്ക്കുന്നത് എത്ര പ്രാവശ്യമാണെന്ന് അറിയില്ല. ഇക്കണക്കിനു പോയാൽ എല്ലാ പേപ്പറുകളും ശരിയാക്കി വീടുപണി എന്നും തുടങ്ങും എന്നും അറിയില്ല.

അവളു പറഞ്ഞിട്ടുണ്ട് എന്ന തുടക്കത്തോടെ രാമാനുജം എന്തെങ്കിലും പറയാൻ തുടങ്ങിയാൽ, മോഹൻ‌കുമാറിന് അറിയാം, അതൊരു സാധാരണ ആവശ്യം ആയിരിക്കില്ല, പ്ലാനിൽ മാറ്റം വരുത്താറായി എന്ന്.

“അയാളുടെ ഭാര്യ മരിച്ചുപോയിക്കാണും.” മോഹൻ‌കുമാറിന്റെ അസിസ്റ്റന്റ് ഒരുദിവസം പറഞ്ഞു. രാമാനുജം വന്നുപോയതിനുശേഷമായിരുന്നു അത്.

“അല്ലാതെന്ത്? എന്നിട്ട് വീടുപണിതു കഴിയുമ്പോൾ എല്ലാ മുറിയിലും അവരുടെ ഓരോ ചിത്രവും തൂക്കി മാലയിട്ടുവയ്ക്കും. അയാളുടെ പ്ലാൻ അതു മാത്രം ആയിരിക്കും. ബാക്കിയൊക്കെ ഭാര്യ പറഞ്ഞുവെച്ചുപോയ ഐഡിയയും.” മോഹൻ‌കുമാർ ചിരിച്ചു. അസിസ്റ്റന്റും.

രാമാനുജത്തിന്റെ മുഖത്തു പക്ഷെ, വീടുനിർമ്മിക്കുന്ന ഒരാളുടെ ഉത്സാഹം ഒരിക്കലും കണ്ടിരുന്നില്ല. എത്ര വലിയ കഷ്ടപ്പാടായാലും വീടുവയ്ക്കുക എന്നത് എല്ലാവരിലും സന്തോഷമുണ്ടാക്കും. രാമാനുജം വലിയ പിരിമുറുക്കം ഉള്ളതുപോലെയാണ് പെരുമാറിയത്.

പിന്നീട് വന്ന ദിവസം രാമാനുജം പറഞ്ഞു.

“അടുക്കളയിൽ ജനലിനടുത്ത് കുറച്ചു ചെടിച്ചട്ടികളെങ്കിലും വയ്ക്കണം. അതിനു പ്രത്യേകമായിട്ട് സൗകര്യം വേണം.”

“ഇത്രേം വലിയ വീട്ടിൽ അടുക്കളയിൽ എന്തിനാണു ചെടികൾ? ടെറസ്സിലും പറമ്പിലും ഇഷ്ടം പോലെ സ്ഥലമുണ്ടല്ലോ. അടുക്കളയ്ക്കു പുറത്തുള്ള മുറ്റത്തും നല്ല വെയിൽ കിട്ടുന്ന സ്ഥലം തന്നെ.”

“അവൾക്ക് അതാണിഷ്ടമെന്ന് ഒരിക്കൽ സൂചിപ്പിച്ചിരുന്നു.”

“മിസ്റ്റർ രാമാനുജം, മോഹൻ‌കുമാർ ഈർഷ്യയോടെ വിളിച്ചു. “നിങ്ങളുടെ വീട്, നിങ്ങളുടെ പണം. പക്ഷെ, ഒരു പ്ലാൻ തെരഞ്ഞെടുത്തതിനുശേഷം, വീടുപണിക്കുവേണ്ട കാര്യങ്ങൾ ചെയ്യാനുള്ള യാതൊരു ഭാവവുമില്ലാതെ നിങ്ങൾ പ്ലാൻ മാറ്റിമറിച്ചുകൊണ്ട് ഇരിക്കുകയാണോ?”

രാമനുജം ആ ഈർഷ്യ മനസ്സിലാക്കിയെങ്കിലും വളരെ സൗമ്യനായിട്ട് പറഞ്ഞു.
“വീടെന്നുപറയുന്നത് ഒരു ചെറിയ കാര്യമല്ല. ഒരുപാടുകാലം അതിലാണ് നമ്മുടെ ഓർമ്മകളും മറവികളും ദുഃഖങ്ങളും ആഹ്ലാദവും, സ്വപ്നങ്ങളും ഒക്കെ വന്നും പോയും ഇരിക്കുന്നത്. വെറും കല്ലും മരവും പോലെ കാണുന്നത് ശരിയാവില്ല. അതുകൊണ്ടുതന്നെ വീട് നമുക്കിഷ്ടപ്പെടണം. എപ്പോഴും കയറിച്ചെല്ലാ‍ൻ തോന്നിക്കണം. ഇറങ്ങിപ്പോകാനാണെങ്കിൽ സ്വന്തമായിട്ട് എന്തിനു വീട്?” അയാൾ ഏതോ ഓർമ്മകളിലായിരുന്നു.

അയാളുടെ സൗമ്യതയോട് എതിർത്തുനിൽക്കാൻ മോഹൻ‌കുമാറിനായില്ല.

“നിങ്ങളുടെ ആവശ്യങ്ങൾ അല്പം വിചിത്രമല്ലേന്ന് തോന്നിയതുകൊണ്ടാണ് പറഞ്ഞത്. അല്ലെങ്കിൽ ഞങ്ങൾക്ക് നിർദ്ദേശങ്ങൾ പറഞ്ഞുതരേണ്ട ജോലിയേ ഉള്ളൂ. അങ്ങനെയാവാം ഇങ്ങനെയാവാം എന്നു പറയാറുണ്ടെന്നു മാത്രം.”

രണ്ടുദിവസം കഴിഞ്ഞുവരാമെന്നു പറഞ്ഞ് രാമാനുജം ഇറങ്ങിപ്പോയപ്പോൾ മോഹൻ‌കുമാർ അസിസ്റ്റന്റിനോടു പറഞ്ഞു.

“ഇക്കണക്കിനു പോയാൽ അയാളുടെ വീട് അയാൾ തന്നെ കെട്ടേണ്ടിവരും. ആവശ്യങ്ങൾ ഓരോ ദിവസവും കൂടിവരികയാണ്.”

“അയാളുടെ ഭാര്യയുടെ ഓർമ്മയ്ക്കു കെട്ടുന്നതല്ലേ? അതാവും ഇങ്ങനെയൊക്കെ.”

“നോക്കാം. പ്ലാ‍ൻ മാറ്റിമറിച്ചുകൊണ്ടിരുന്നാൽ വീടുപണി നീണ്ടുപോകുമെന്നു മാത്രം.”

“ഇനി അയാൾ വരുമ്പോൾ സാർ അക്കാര്യം സൂചിപ്പിച്ചാൽ മതി.”

“അതാണ് ചെയ്യാൻ പോകുന്നത്.”

രണ്ടുദിവസം കഴിഞ്ഞുവരാമെന്നു പോയ രാമാനുജം ഒരാഴ്ച കഴിഞ്ഞാണ് വന്നത്. ഇനി പ്ലാനിൽ മാറ്റമൊന്നും വേണ്ടിവരില്ലെന്നും, വീടുപണി ഉടനെ തുടങ്ങാനുള്ളതൊക്കെ തയ്യാറാക്കായിട്ടാവും അയാൾ വരുന്നതെന്നും കണക്കാക്കിയിരുന്ന മോഹൻ‌കുമാറിനോട് അയാൾ പറഞ്ഞു.

“അല്പം മാറ്റമുണ്ട്.” ഒരു പഴയ, മങ്ങിയ വെള്ളക്കടലാസ്സ് എടുത്തു നീട്ടി. മോഹൻ‌കുമാർ അതുവാങ്ങി നോക്കി.

“ബാൽക്കണിയാണ്. അവിടെ സൈഡിൽ ഒരു ഷെൽഫ് വേണം.”

“ബാൽക്കണിയിൽ ഇങ്ങനെ ഒരു ഷെൽഫോ? അങ്ങനെ...”

“അതുവേണം. അതുകൊണ്ടാണ് ഇങ്ങനെയൊരു ഡിസൈൻ. പണ്ട് അവൾ വരച്ചതാണ്. വേറെയും ഉണ്ടായിരുന്നു. അപ്പോ വേറെയും ചിലതു മാറ്റേണ്ടിവരും.”

“നോക്കൂ, മിസ്റ്റർ രാമാനുജം...” മോഹൻ‌കുമാർ പ്ലാൻ നോക്കിയിട്ട് പറഞ്ഞുതുടങ്ങി “നിങ്ങളുടെ മരിച്ചുപോയ ഭാര്യ..”

“എന്റെ ഭാര്യ മരിച്ചിട്ടില്ല” രാമാനുജം പെട്ടെന്ന് പറഞ്ഞു.

മോഹൻ‌കുമാർ മുഖമുയർത്തി അയാളെ ഒന്നു നോക്കിയശേഷം മുറിയിൽ വേറൊരു ഭാഗത്തിരുന്ന അസിസ്റ്റന്റിനെ നോക്കി. അയാൾ മോഹൻ‌കുമാറിനെ നോക്കി കണ്ണടച്ചു കാണിച്ചു.

“ങ്ങാ...നിങ്ങളുടെ ഭാര്യ...അവരുടെ പ്ലാൻ പുതുമയുള്ളതുതന്നെ. പക്ഷേ ഇത്രയൊക്കെ പുതുമ വേണമോ എന്നേ സംശയമുള്ളൂ. പോരാത്തതിനു നിങ്ങൾ ആദ്യം ഒരു പ്ലാൻ അംഗീകരിച്ചിരുന്നു. നിങ്ങൾ തന്നെയാണ് നിങ്ങളുടെ ആവശ്യങ്ങളൊക്കെ പറഞ്ഞ് അങ്ങനെയൊരു പ്ലാൻ വരപ്പിച്ചത്.”

“അത് എന്റെ മാത്രം പ്ലാൻ ആയിരുന്നു. അവളുടേതും കൂടെ ആയിരുന്നില്ല. ഇത് അവളുടെ സ്വപ്നത്തിൽ എന്നുമുണ്ടായിരുന്ന വീടാണ്.”

ദേഷ്യം വന്നെങ്കിലും മോഹൻ‌കുമാർ, രാമാനുജത്തിന് ഒരു തിയ്യതി കൊടുത്തു. അതിനുമുമ്പ് എങ്ങനെ മാറണമെങ്കിലും അറിയിക്കാൻ. മാറ്റി വരച്ച് മാറ്റി വരച്ച് വീടിന്റെ പണി തുടങ്ങാൻ താമസിച്ചാൽ സമയനഷ്ടം മാത്രമേയുള്ളൂ എന്നും പറഞ്ഞു. ശരിയെന്നു മാത്രം പറഞ്ഞ് രാമാനുജം പോയി.

നല്ലൊരു ആർക്കിടെക്റ്റെന്ന നിലയിൽ മോഹൻകുമാറിനു തിരക്കുപിടിച്ച ദിവസങ്ങളായിരുന്നു എപ്പോഴും. കൂടെപ്പഠിച്ച, അക്കാലത്ത് ഒരു നല്ല സുഹൃത്തായിരുന്ന ദേവികയെ കണ്ടുമുട്ടിയതും അങ്ങനെയൊരു ദിവസമായിരുന്നു.

“നിന്നെ കണ്ടിട്ട് പതിനഞ്ചോ പതിനാറോ വർഷങ്ങളായി. മാറ്റമൊന്നുമില്ല. എവിടെയാ ഇപ്പോ?”

“അച്ഛന്റേം അമ്മയുടേം കൂടെയായിരുന്നു കുറച്ചുദിവസം ഇന്നലെ എത്തിയതേയുള്ളൂ.”

“അവരിപ്പോഴും വിദേശത്താണോ?”

“അതെ.”

“ഭർത്താവ്? കുട്ടികൾ?”

“ഭർത്താവ് ഇവിടെയുണ്ട്. കുട്ടികൾ രണ്ടുപേർ. മോനും മോളും. ഹോസ്റ്റലിലാണ്.”

“ഒരു ദിവസം ഓഫീസിലേക്കു വാ. ഓഫീസൊക്കെയൊന്നു കാണാമല്ലോ.”

മോഹൻ‌കുമാറിന്റെ വീട്ടുകാര്യങ്ങളും ജോലിക്കാര്യങ്ങളുമൊക്കെ ചോദിച്ചറിഞ്ഞ് അവർ പിരിഞ്ഞു.


മോഹൻ‌കുമാറിന്റെ ഓഫീസിൽ ദേവിക എത്തിയപ്പോൾ, അയാൾ രാമാനുജത്തിന്റെ പ്ലാൻ നോക്കുകയായിരുന്നു.

“തിരക്കിലാണോ?”

“തിരക്കുതന്നെ. ഇയാൾക്കാണെങ്കിൽ കിറുക്കും.” പ്ലാൻ കാണിച്ചുകൊണ്ട് മോഹൻ‌കുമാർ പറഞ്ഞു.

പ്ലാൻ ഒന്നു നോക്കിയിട്ട് ദേവിക പറഞ്ഞു. “വലിയ വീടാണല്ലോ.”

“ഒരു രാമാനുജം. അയാളുടെ ഭാര്യയുടെ ഓർമ്മയ്ക്കു കെട്ടുന്നതാണ്. താജ്മഹൽ.”

“അങ്ങനെ പറഞ്ഞോ?”

“പറഞ്ഞില്ല. അതൊക്കെ മനസ്സിലാക്കിയെടുത്തു. കുറേ നാളായി ഇതിനുപിന്നാലെ.”

കുറച്ചുനേരം കൂടെ അവിടെ ചെലവഴിച്ചിട്ട് ദേവിക ഇറങ്ങി. ടാക്സിയിൽ ഇരിക്കുമ്പോൾ അവൾ ആലോചിച്ചു. വീട്! ക്വാർട്ടേഴ്സുകളിലും ഹോസ്റ്റലുകളിലെ ചെറിയ മുറികളിലും കഴിഞ്ഞുകൂടിയ കാലം. വീടെന്നു പറഞ്ഞാൽ അതൊരു സ്വാതന്ത്ര്യത്തിന്റെ കൂടായിരിക്കണം. വാടകവീടുകളിൽ നിന്ന് വാടകവീടുകളിലേക്ക് സഞ്ചരിച്ചിരുന്ന കാലമുണ്ടായിരുന്നു. ഓരോ വീടും ഓരോ തരം. എല്ലാത്തിലും എന്തെങ്കിലുമൊക്കെ കുറവ് അവൾ എന്നും കണ്ടുപിടിച്ചു. എപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നറിയില്ല. സ്വന്തം വീടെന്ന ആഗ്രഹത്തിന്റെ പേരിലാവണം വഴക്കുകൾ തുടങ്ങിയത്. ഒടുവിൽ മക്കളെ ഹോസ്റ്റലിലാക്കി അവൾ അച്ഛന്റേയും അമ്മയുടേയും അടുത്തേക്കു പോയി. വീടിന്റെ പേരിൽ ഒരു കുടുംബം നാലു സ്ഥലത്ത് താമസിക്കാൻ തുടങ്ങി. ഇടയ്ക്കു വല്ലപ്പോഴും കണ്ടുമുട്ടുന്നവരായി മാറി. അവൾ ഓർമ്മകളിൽ മയങ്ങി യാത്ര ചെയ്തു.

പിറ്റേന്ന് കുട്ടികളെ കാണാൻ പോയി. ആറുമാസം കൂടുമ്പോൾ അവൾ വന്നുകാണാറുണ്ട്. അച്ഛൻ കൂടെയില്ലെന്നു കണ്ട് അവരുടെ മുഖം വാടിയത് ദേവിക ശ്രദ്ധിച്ചു. പുറത്ത് കറങ്ങിനടക്കുന്നതിനിടയിലാണ് മോൻ ചോദിച്ചത്.

“അച്ഛനു തിരക്കാണോ?”

“അതെ. അല്ലെങ്കിൽ വരുമായിരുന്നു. ഞാൻ ചോദിച്ചിരുന്നു. കഴിഞ്ഞയാഴ്ച വന്നുവെന്നു പറഞ്ഞു.”


വൈകുന്നേരം അവരെ ഹോസ്റ്റലിൽത്തന്നെ വിട്ട് മടങ്ങുമ്പോൾ രണ്ടാളും ഒരുമിച്ചുചോദിച്ചു.

“അമ്മയ്ക്കിനി തിരിച്ചുപോകാതിരുന്നുകൂടെ? അച്ഛൻ, അമ്മ പറഞ്ഞതുപോലെയുള്ള വീട് ഉണ്ടാക്കുന്നുണ്ടല്ലോ.നമ്മുടെ സ്വന്തം വീട്? അമ്മയുടെ സ്വപ്നത്തിലുള്ളതുപോലെത്തന്നെയുണ്ടാവുമെന്ന് അച്ഛൻ പറഞ്ഞു. അച്ഛനിപ്പോൾ എങ്ങനെയെങ്കിലും നമ്മളെല്ലാവരുമൊരുമിച്ച് താമസിച്ചാൽ മതിയെന്നായി. വരുമ്പോൾ എപ്പോഴും പറയും.”

ഒന്നും പറയാതെ ഇറങ്ങിയപ്പോൾ അവളോർത്തു. മോഹൻ കാണിച്ചപ്പോൾത്തന്നെ അവൾക്കു മനസ്സിലായി അത് അവൾ വരച്ച, അവൾ ആഗ്രഹിച്ച വീടിന്റെ ഡിസൈൻ ആണെന്ന്. അതിനുവേണ്ടിയാണ് മനസ്സുകളില്‍പ്പോലും ഇത്ര അകൽച്ച ഉണ്ടായത്. അതും അനാവശ്യമായിട്ട്. അതു പണി തീർന്നാൽ തീർച്ചയായും ഒരു നല്ല വീടാവട്ടേയെന്നും, കാലം, അതിന്റെ ചുവരുകളിലെ തെളിച്ചം കുറച്ചാലും, അവിടെയുള്ള മനസ്സുകളിൽ തിളക്കം എന്നും ഉണ്ടാവുന്ന വീടാകട്ടെ എന്നും അവൾ പ്രാർത്ഥിച്ചു. എത്ര ദൂരെപ്പോയാലും കാന്തം പോലെ തിരിച്ചുവിളിച്ച് ഒന്നിപ്പിക്കുന്ന വീട്.

പിറ്റേന്ന് അവൾ രാമാനുജത്തിന്റെ കൂടെ കയറിച്ചെന്നപ്പോൾ മോഹൻ‌കുമാർ അമ്പരന്നു.

“ഇതാണെന്റെ മരിച്ചുപോകാത്ത ഭാര്യ. പ്ലാനിന്റെ കാര്യം ഇവളോടു ചോദിച്ചാൽ മതി. സ്വന്തമായിട്ട് ഒരു വീടുവേണമെന്നുപോലും തോന്നാത്ത ആളാണു ഞാൻ. അത് ശരിയല്ലെന്ന് പിന്നീട് മനസ്സിലാക്കി” രാമാനുജം പറഞ്ഞ് അവർ രണ്ടുപേരും ചിരിച്ചപ്പോൾ ജാള്യത മറന്ന് മോഹൻ‌കുമാർ അവരോടൊപ്പം ചിരിച്ചു.

Labels:

Saturday, September 25, 2010

കഥ പറയുന്ന കുട്ടി

1

ചിന്നു ജനലിൽക്കൂടെ ആകാശത്തേക്കുനോക്കിയിരുന്നു. അച്ഛമ്മ എന്തോ കാണുന്നുണ്ട് ടി വിയിൽ. അത്രയും നേരം തനിക്കിഷ്ടമുള്ളതൊക്കെ കണ്ടിരുന്നതുകൊണ്ട് ഇനിയും കാണണം എന്ന് പറഞ്ഞ് സമ്മതിപ്പിക്കുവാൻ വയ്യ. വാവ ഉറങ്ങുമ്പോൾ ഒച്ചയുണ്ടാക്കണം എന്ന് അവൾക്കില്ല. അല്ലെങ്കിലും ഒറ്റയ്ക്കു കളിക്കണം. അമ്മ അടുക്കളയിൽ തിരക്കിലാണ്. ജോലി കഴിഞ്ഞോ അമ്മേന്ന് ചോദിക്കാൻ പോയപ്പോൾ അമ്മ പറഞ്ഞത് എന്തെങ്കിലും എടുത്ത് വായിക്കൂ ചിന്നൂ എന്നാണ്. സ്കൂളില്ലാത്തതുകൊണ്ട് ഒന്നും വായിക്കാതെ ഇരിക്കാനാണിഷ്ടമെന്ന് പറഞ്ഞാൽ അമ്മയ്ക്കിഷ്ടപ്പെടില്ല. അതുകൊണ്ട് ആകാശം കാണാൻ ഇരിക്കുന്നു. ഈ മേഘങ്ങളൊക്കെ എവിടേക്കാണാവോ പോകുന്നത്! ഒന്നും പഠിയ്ക്കേം വേണ്ട, സ്കൂളിൽ പോകേം വേണ്ട. പക്ഷേ, സ്കൂളിൽ പോകുന്നതു തന്നെ നല്ലത്. കൂട്ടുകാരെയൊക്കെ കാണാം. ഒഴിവുകിട്ടിയാൽ കളിക്കാം. ഇനി കുറച്ചുദിവസം കഴിയണം.

അവൾ എണീറ്റ് പൂന്തോട്ടത്തിലെ ചെടികളും പൂക്കളും നോക്കി നടന്നു. നടന്ന് ഗേറ്റിനടുത്തെത്തി അതിന്റെ അഴികളിൽ പിടിച്ചുനിന്നു. ഇനി കുറച്ചുനേരം റോഡിലൂടെ പോകുന്നവരെയൊക്കെ കാണാം. അമ്മ ജോലി കഴിഞ്ഞുവിളിക്കട്ടെ.

അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ എത്രപേരാ പോകുന്നത്! വിവിധതരം വാഹനങ്ങൾ. അച്ഛൻ ജോലി കഴിഞ്ഞിട്ടുവന്നാൽ എല്ലാവരും കൂടെ പോകണം. അല്ലെങ്കില്‍പ്പിന്നെ ഞായറാഴ്ചയാവണം. ഹോ! ബോറടിക്കും. ബോറ് എന്ന വാക്ക് റീനച്ചേച്ചി ഇടയ്ക്ക് പറയുന്നതുകേൾക്കാം. റീനച്ചേച്ചി അയൽ‌പക്കത്താണ്. ചേച്ചിയ്ക്ക് ക്ലാസ്സുണ്ടാവും. കോളേജിൽ അവധിയൊന്നുമില്ല ഇപ്പോൾ. അല്ലെങ്കിൽ അങ്ങോട്ടുപോകാമായിരുന്നു.

നട്ടുച്ചയാവുന്നു. തിരക്ക് കുറഞ്ഞതുപോലെ. എല്ലാവരും ഊണുകഴിക്കാൻ പോയി വീട്ടിലിരിക്കുന്നുണ്ടാവും. ഇപ്പോ അമ്മ വിളിക്കും ഊണുകഴിക്കാൻ. ഈ അമ്മയ്ക്ക് നേരത്തെ ജോലിയൊക്കെ ഒന്നു കഴിച്ചാലെന്താ!

ഒരു ഓട്ടോ വന്ന് ഗേറ്റിനുമുന്നിൽ അവളുടെ തൊട്ടടുത്തെന്നപോലെ നിന്നു. അവൾ ഞെട്ടിപ്പോയി. ഗേറ്റ് തുറക്കാത്തതുകൊണ്ട് വന്ന് ഇടിച്ചില്ല എന്നുവിചാരിക്കുക്കയും ചെയ്തു.

“മോളേ...എന്താ ഇവിടെ നിൽക്കുന്നത്? എങ്ങോട്ടെങ്കിലും പോകാനാണോ?” ഓട്ടോക്കാരൻ ചോദിച്ചു.

അവൾ അല്ലെന്നു തലയാട്ടി. “ഇവിടെ നിക്കാ. എങ്ങും പോണില്ല.”

“വെറുതെയെന്തിനാ നിൽക്കുന്നേ? എങ്ങോട്ടെങ്കിലും പൊയ്ക്കൂടേ?”

ഓട്ടോക്കാരന്റെ കണ്ണുകൾ ഒരൊറ്റ ഓട്ടത്തിനു വീടിന്റെ ഭാഗത്തുപോയിവന്നു.

ചിന്നുവിനു സംശയമായി. എങ്ങോട്ടു പോവാൻ? ഒറ്റയ്ക്ക് എങ്ങോട്ടും പോയിട്ടില്ല. ചിന്നു ഒന്നു വീട്ടിലേക്ക് തിരിഞ്ഞുനോക്കി. അമ്മ കാണുന്നുണ്ടോ? അച്ഛമ്മ കാണുന്നുണ്ടോ?

“ഞാൻ കൊണ്ടുപോകാം മോളെ.”

“എങ്ങോട്ട്?” ചോദ്യം പെട്ടെന്നായിരുന്നു.

“എന്റെ നാട്ടിലേക്ക്. അവിടെയൊന്നും മോളു പോയിട്ടുണ്ടാവില്ല.”

“അതെവിട്യാ?”

അപ്പോത്തന്നെ അറിയാത്ത ആരുടേം കൂടെ മിണ്ടാൻ പോലും പാടില്ലെന്ന് അമ്മ ദിവസവും പറയുന്നതോർത്ത് ചിന്നു പറഞ്ഞു.

“എനിക്കങ്ങോട്ടൊന്നും പോണ്ട.”

“അതെന്താ?”

“അമ്മയൊന്നും കൂടെയില്ലല്ലോ. ഇപ്പോ ഊണുകഴിക്കണം ചിന്നൂന്.”

“ഊണുകഴിക്കാനാവുമ്പോഴേക്കും തിരിച്ചുവരാലോ.”

അതൊരു നല്ല കാര്യമായിട്ട് ചിന്നുവിനു തോന്നി. അമ്മയുടെ ജോലിയൊക്കെ കഴിഞ്ഞ് വരുമ്പോഴേക്കും വരാം. ആരും അറിയുകയും ഇല്ല. ഇപ്പോഴാണെങ്കിൽ കളിക്കാനും പറ്റില്ല.

എന്നാലും...

അവൾ വീട്ടിലേക്ക് ഒന്നുകൂടെ തിരിഞ്ഞുനോക്കി. ആരേം കണ്ടില്ല. ഗേറ്റ് തുറന്ന് ഓട്ടോയിൽ കയറി.

2

“എപ്പോഴാണ് കാണാതായത്? പോകാനിടയുള്ളിടത്തൊക്കെ അന്വേഷിച്ചോ?” കാണാതായവരെക്കുറിച്ച് പറഞ്ഞ് ചെല്ലുമ്പോൾ പോലീസുകാർ ചോദിക്കുന്ന പതിവുചോദ്യം.

ചിന്നുവിന്റെ അച്ഛൻ ഒരിക്കലും ഇത്രയും പരിഭ്രമിച്ചിരുന്നില്ല. ഊണുകഴിക്കാൻ കുറച്ചുസമയം ഉള്ളപ്പോഴാണ് ചിന്നുവിന്റെ അമ്മ കരഞ്ഞുവിളിച്ച് കാര്യം പറയുന്നത്. പെട്ടെന്ന് അവശത തോന്നി. ഓഫീസിൽ എല്ലാവരോടും പറഞ്ഞു. ചിലരൊക്കെ

അയാളോടൊപ്പം വീട്ടിലേക്കു വന്നു. പിന്നെ പോലീസ് സ്റ്റേഷനിലേക്കും. അവരിലാരോ പറഞ്ഞിട്ടാണ് ചിന്നുവിന്റെ ഫോട്ടോ അയാൾ പോലീസിനു കൊടുക്കാൻ എടുത്തു കൈയിൽ വെച്ചത്.

“ഉച്ചയ്ക്കു തന്നെ. ഏകദേശം പന്ത്രണ്ട് മണിവരെ ടിവിയും നോക്കിയിരിപ്പുണ്ടായിരുന്നുവത്രേ. എന്റെ അമ്മ ടിവി കാണട്ടെ എന്നു പറഞ്ഞപ്പോൾ അവൾ എണീറ്റുപോയി. പിന്നെ അവളുടെ അമ്മയുടെ അടുത്തുപോയി കളിക്കാൻ വാ എന്നും പറഞ്ഞുവത്രേ.”

“അഞ്ചുവയസ്സുള്ള കുട്ടി.” - ഇൻസ്പെക്ടർ.

“പക്ഷേ അവളൊറ്റയ്ക്ക് എങ്ങോട്ടും പോയിട്ടില്ല.” - ചിന്നുവിന്റെ അച്ഛൻ.

“ഒറ്റയ്ക്ക് പോയെന്ന് പറഞ്ഞില്ലല്ലോ.” അയാൾ ചിന്നുവിന്റെ അച്ഛനെ ഭയപ്പെടുത്താൻ ആഗ്രഹിച്ചില്ലെങ്കിലും അങ്ങനെയാണ് പറഞ്ഞത്.

“എന്റെ മോൾ...” ചിന്നുവിന്റെ അച്ഛൻ കരയാൻ തുടങ്ങിയത് കൂടെ വന്നവരിൽ വിഷമം തോന്നാനിടയാക്കി. അവർ പലതും പറഞ്ഞു.

“പരിഭ്രമിക്കരുത്. ഞങ്ങൾ ഉടനെ അന്വേഷിച്ച് കണ്ടുപിടിക്കാം...ശ്രമിക്കാം...” ഇൻസ്പെക്ടർ പറഞ്ഞു.

ചിന്നുവിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും കൊടുത്തശേഷം അവർ വീണ്ടും ചിന്നുവിന്റെ വീട്ടിലേക്കു തന്നെ പോയി.

3

ചിന്നു കാഴ്ചകളും കണ്ട് സുഖമായി ഓട്ടോയിൽ ഇരുന്നു. ഒരു ഓട്ടോയ്ക്കുള്ളിൽ ഇത്രയും സൗകര്യത്തിൽ അവൾ ഇരിക്കുന്നത് ആദ്യമായിട്ടായിരിക്കും. ചെറിയ ക്ലാസ്സുകളിൽ പോകുമ്പോൾ അവൾ ഓട്ടോയിൽ പോയിട്ടുണ്ട്. മൂക്കുപോലും പുറത്തേയ്ക്ക് വയ്ക്കാൻ സൗകര്യം കിട്ടാത്തപോലെ ആയിരുന്നു അന്നൊക്കെയുള്ള യാത്ര. അവൾക്ക് ഈ ഓട്ടോയിൽ കയറിയപ്പോഴാണ് അത് ഓർമ്മ വന്നത്. ഇപ്പോ കാറിലാണ്. അത്ര തിക്കും തിരക്കും ഇല്ല. അവൾ നടുവിൽ ഇരുന്നു അപ്പുറവും ഇപ്പുറവുമൊക്കെ സീറ്റിൽ കൈകൊണ്ട് ഇടിച്ച് ആസ്വദിച്ചു. പിന്നെ പുറം കാഴ്ചകളും കണ്ടിരുന്ന് അറിയാതെ മയങ്ങിപ്പോയി.

ഓട്ടോക്കാരൻ ചുറ്റും നോക്കിയതിനുശേഷമാണ് ഓട്ടോയിൽ നിന്ന് ചിന്നുവിനെ എടുത്തത്. ഉടനെത്തന്നെ മുന്നിലുള്ള ചെറിയ വീട്ടിനുള്ളിലേക്ക് കൊണ്ടുപോയി. ഹോ! കുഞ്ഞ് ഉറങ്ങിയതിനുശേഷം വീഴുമോ വീഴുമോന്ന് പേടിച്ചാണ് ഓട്ടോ ഓടിച്ചത്. ഒന്നും സംഭവിച്ചില്ല.

“അയ്യോ!ആരാ ഇത്?” ഓട്ടോക്കാരന്റെ ഭാര്യ ചോദിച്ചു.

“ഒച്ചയുണ്ടാക്കല്ലേ.” അയാൾ ചിന്നുവിനെ താഴെ പായയിൽ രണ്ടു കുട്ടികൾ കിടക്കുന്നിടത്ത് കിടത്തി.

“കഞ്ഞി കുടിച്ചാണോ ഉറങ്ങിയത്?” അയാൾ കുട്ടികളെ ഉദ്ദേശിച്ച് ചോദിച്ചു.

“ങ്ങാ...കഞ്ഞി കുടിക്കുമ്പോൾ, അച്ഛൻ എപ്പോ വരുംന്നു ചോദിച്ചു.”

“ഉം...ഇവളും ഇവിടെ കിടക്കട്ടെ.”

“ആരാ?”

“ഒക്കെ പറയാം. ഒച്ചയുണ്ടാക്കല്ലേന്ന് പറഞ്ഞില്ലേ.”

അവൾ അടുക്കളയിലേക്കു പോയി. ചിന്നുവിനെ ഓട്ടോക്കാരൻ, ആ കുട്ടികളുടെ അടുത്ത് കിടത്തി.

പിന്നെ അടുക്കളയിലേക്കുപോയി.

4

ചിന്നു ഉണർന്നുനോക്കി. ആദ്യം രണ്ടു കുട്ടികളെ കണ്ടു. അവൾ വേഗം എണീറ്റു. അയ്യോ! ഇത് ചിന്നൂന്റെ വീടല്ലല്ലോ? ഇവരെ ചിന്നു മുമ്പ് കണ്ടിട്ടുമില്ല. വിശക്കുന്നുമുണ്ട്.

അവൾ അമ്മേന്ന് വിളിച്ചു കരയാൻ തുടങ്ങി. ഓട്ടോക്കാരൻ അങ്ങോട്ടുവന്നു.

“കരയല്ലേ.” അപ്പോഴാണ് അവൾക്ക് ഓർമ്മ വന്നത്. ഗേറ്റിനടുത്ത് നിന്നതും, ഓട്ടോയിൽ കയറിയതും ഒക്കെ. എന്നാലും അമ്മയൊന്നും ഇല്ലാതെ ഇവിടെ. അവൾ കരയണോ വേണ്ടയോ എന്ന് പിടികിട്ടിയില്ല.

“എന്തെങ്കിലും കഴിക്കാൻ കൊടുക്ക്.” അയാൾ ഭാര്യയോടു പറഞ്ഞു.

“മോളു പോയി എന്തെങ്കിലും കഴിക്ക്.” അപ്പോഴേക്കും അയാളുടെ ഭാര്യ വന്ന് ചിന്നുവിന്റെ കൈ പിടിച്ചു.

കാലും മുഖവുമൊക്കെ കഴുകിച്ച് അടുക്കളയിൽ ചിന്നുവിനെ ഇരുത്തി. കഞ്ഞി മുന്നിൽ വച്ചപ്പോൾ അവൾക്ക് ഇഷ്ടമായില്ല. “ചിന്നുവിന് കഞ്ഞി ഇഷ്ടംല്ല. ചോറു മതി.”

ഓട്ടോക്കാരനും ഭാര്യയും പരസ്പരം നോക്കി. കുട്ടികൾ രണ്ടാളും ചിന്നുവിനെയും.

“എനിക്കു വീട്ടിൽ പോണം.” ചിന്നു വീണ്ടും പറഞ്ഞു. അവൾ കരയാൻ തുടങ്ങി.

ഓട്ടോക്കാരൻ ഭാര്യയോട് എന്തൊക്കെയോ പറഞ്ഞു. തീരെ കുറഞ്ഞ ശബ്ദത്തിൽ.

“എന്തെങ്കിലും കഴിച്ചാൽ കൊണ്ടുപോകാം.” ഓട്ടോക്കാരൻ പറഞ്ഞു.

“കഞ്ഞി വേണ്ട. നൂഡിൽ‌സ് ഉണ്ടോ?” ചിന്നു ചോദിച്ചു.

“കുറച്ചു കഞ്ഞി കുടിക്കൂ മോളേ.” ഓട്ടോക്കാരന്റെ ഭാര്യ അവളുടെ അടുത്തിരുന്നു. വിശക്കുന്നുണ്ട്. കുറച്ചു കഞ്ഞി കുടിച്ചേക്കാം. ചിന്നു വിചാരിച്ചു. അവൾ കഞ്ഞി കുടിക്കാൻ തുടങ്ങി. ഓട്ടോക്കാരൻ അടുക്കളയിൽ നിന്ന് പോയപ്പോൾ ഭാര്യയും എണീറ്റ് പുറത്തേക്കു പോയി. അടുത്ത മുറിയിൽ നിന്ന് അവർ ചർച്ച ചെയ്തു.

“കുഴപ്പമാകുമോ?” അയാളുടെ ഭാര്യ ചോദിച്ചു.

“ഇല്ല. ഞാൻ ഓട്ടോയെടുത്ത് കുറച്ചു ദൂരെ പോയിട്ട്, എവിടെനിന്നെങ്കിലും വിളിക്കും.”

“ഓട്ടോ വൈകുന്നേരം തിരിച്ചുകൊടുക്കേണ്ടതല്ലേ.”

“ഇപ്പോത്തന്നെ ആദ്യം അതുകൊണ്ടുപോയി കൊടുത്തിട്ടാവാം വിളിക്കുന്നത് എന്നാൽ.”

“പൈസ കിട്ടുമോ?”

“കിട്ടും.”

“ചിന്നുവിനു വീട്ടിൽ പോണം.” ചിന്നു വന്നു പറഞ്ഞു.

“കുറച്ചുനേരം കളിച്ചൂടേ? അതു കഴിഞ്ഞിട്ട് കൊണ്ടുപോകാം.”

അവൾക്ക് കുട്ടികളെ കണ്ടപ്പോൾ കളിക്കണമെന്ന് തോന്നിയെങ്കിലും അമ്മയെ കാണാൻ തിരക്കായി.

“വീട്ടിൽ പോകാം.” അവൾ വീണ്ടും പറഞ്ഞു. അവൾക്കെന്തോ അവിടെ നിൽക്കുന്നത് ഇഷ്ടമായില്ല. അവൾ ഉറക്കെ കരയാൻ തുടങ്ങി.

“ആരെങ്കിലും കേൾക്കും.” ഓട്ടോക്കാരൻ വാതിലടച്ചു. ചിന്നു കരഞ്ഞുകൊണ്ടിരുന്നു. കരഞ്ഞുകരഞ്ഞ് അവൾക്ക് ശ്വാസം കിട്ടാതെയായി. കൂടെ അവരുടെ കുട്ടികളും പേടിച്ച് കരയാൻ തുടങ്ങിയപ്പോൾ ഓട്ടോക്കാരനു വല്ലായ്മ തോന്നി.

“നമുക്ക് ഇതൊന്നും ചെയ്യേണ്ടായിരുന്നു.” അയാളുടെ ഭാര്യ പറഞ്ഞു.

“കുറച്ചു പൈസ കിട്ടിയില്ലെങ്കിൽ എങ്ങനെ ജീവിക്കും?”

“ഇങ്ങനെ കിട്ടിയിട്ടെന്താ? സമാധാനത്തോടെ ജീവിക്കാൻ പറ്റുമോ? ഇപ്പോത്തന്നെ കുട്ടിയെ തിരഞ്ഞു നടക്കുന്നുണ്ടാകും. പിടിക്കപ്പെട്ടാൽ നമ്മുടെ കുട്ടികൾക്ക് ആരുണ്ട്?”

“എത്ര കാലമായി ഇങ്ങനെ ദാരിദ്ര്യത്തിൽ?”
അവൾ ഒന്നും പറഞ്ഞില്ല. എന്തോ ആലോചിച്ചു. പിന്നെ പെട്ടെന്ന് തങ്ങളുടെ കുട്ടികളെ ശാസിച്ചു. “കരയാതെ പോയി കളിക്കുന്നുണ്ടോ?” അവരെ നോക്കിയിട്ട് അവൾ പറഞ്ഞു.

“കുട്ടിയെ തിരികെ വിടാം.”

“പക്ഷേ...” അയാൾ എന്തോ പറയാൻ തുടങ്ങി.

“ഒന്നും വേണ്ട. പാപം കിട്ടും. നമുക്ക് ഇങ്ങനെ പൈസ വേണ്ട.”

“നിന്നോട് ഞാൻ ഒക്കെ പറഞ്ഞിട്ടല്ലേ?” അയാൾ വാദിക്കാൻ നോക്കി.

“ഇനിയൊന്നും പറയേണ്ട. കരഞ്ഞുകരഞ്ഞ് ചാവാറായി. വല്ലതും സംഭവിച്ചാല്‍പ്പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമുണ്ടാവില്ല. കൊണ്ടുപോയി വിട്ടേക്ക്. നമുക്കൊന്നും വേണ്ട.”


അവൾ ചിന്നുവിനെ ചേർത്തുപിടിച്ചു കരയാൻ തുടങ്ങി. അവരുടെ മക്കൾ കരച്ചിൽ നിർത്തി അവളെ നോക്കി.


5

ചിന്നുവിനെ അയാൾ നാലഞ്ചു വീടുകൾക്കിപ്പുറത്തു വിട്ടു.

“ഇനി പോയ്ക്കോ മോളേ.” അയാൾക്ക് പേടി തോന്നി. “മോളു എവിടെപ്പോയെന്ന് ആരോടെങ്കിലും പറയുമോ?”

“ഇല്ല.”

“പിന്നെന്തു പറയും?”

ചിന്നുവിന് അത് അറിയില്ല. അവൾ വീടിന്റെ ഭാഗത്തേക്ക് ഓടി.

വീടിന്റെ ഗേറ്റ് പതിവില്ലാതെ തുറന്നുകിടന്നിരുന്നു. അവൾ ചെല്ലുമ്പോൾ സ്വീകരണമുറിയിൽ ഇരുന്ന അച്ഛനാണ് ആദ്യം കണ്ടത്.

“മോളേ...” അയാൾ ഓടിവന്ന് എടുത്തു.

അപ്പോഴേക്കും ആരോ പോയി പറഞ്ഞിരുന്നു. അമ്മയും ഓടിവന്നു. അച്ഛൻ അവളെ അമ്മയുടെ കൈയിൽ കൊടുത്തു.

പോലീസ്‌സ്റ്റേഷനിൽ എത്തിയപ്പോഴേക്കും ചിന്നു ചിലതൊക്കെ തീരുമാനിച്ചു.

“മോൾ എങ്ങോട്ടാ പോയത്?” പോലീസുകാരൻ ചോദിച്ചു.

“ഞാൻ ഗേറ്റിനടുത്ത് നിക്കുമ്പോ ആകാശത്തുനിന്ന് ഒരു ചെറിയ വിമാനം ഇറങ്ങി വന്നു.”

എല്ലാവരും പെട്ടെന്ന് അവളുടെ നേരെ നോക്കി. അച്ഛനും അവളുടെ അമ്മാവനും അച്ഛന്റെ സുഹൃത്തും അവരുടെ ഒരു അയൽക്കാരനും പിന്നെ പോലീസുകാരും.

“മോളേ, കഥ പറയല്ലേ. എങ്ങോട്ടാ പോയതെന്ന് പറയൂ.”

“ഞാൻ വിമാനത്തിലാ കയറിയത്.” അവൾ പറഞ്ഞു.

“കുട്ടി ശരിക്ക് ഒന്നും പറയുന്നില്ലല്ലോ.”

“എന്തു പറ്റിയെന്ന് അറിയില്ല.” അവളുടെ അച്ഛൻ തളർന്ന സ്വരത്തിൽ പറഞ്ഞു.

“ചിലപ്പോൾ ബോധം കെടുത്തിയിട്ടാവും തട്ടിക്കൊണ്ടുപോയത്.”

“പിന്നെ എങ്ങനെ തിരികെയെത്തി?”

“ഓടിപ്പോന്നതാവും. ശരിക്കും അന്വേഷിച്ചാൽ ഇതിന്റെ പുറകിലുള്ളവരെ കണ്ടെത്താൻ കഴിഞ്ഞേക്കും.”

“വേണ്ട. ഇനി ഒന്നും അന്വേഷിക്കേണ്ട. മോളെ കിട്ടിയല്ലോ.”

“നിങ്ങൾക്ക് അങ്ങനെ തീരുമാനിക്കാം. പക്ഷേ ഞങ്ങൾ കൂടുതൽ അന്വേഷിച്ചേ പറ്റൂ. ഇനിയും ഇത്തരം സംഭവം നടക്കരുതല്ലോ. ചിലപ്പോൾ തനിയെ എവിടെയെങ്കിലും പോയിക്കളിച്ച് തിരിച്ചു വന്നതാകാനും ചാൻസ് ഉണ്ട്. പക്ഷേ വിമാനം

എന്നൊക്കെപ്പറഞ്ഞ സ്ഥിതിയ്ക്ക് അങ്ങനെയാവില്ലെന്ന് ഉറപ്പല്ലേ?”

“അന്വേഷിച്ചാൽ കുഴപ്പമാവുമോ?”

“ഇല്ല. അന്വേഷണം ഞങ്ങൾ നടത്തിക്കോളാം. കുട്ടി എന്തെങ്കിലും പറഞ്ഞാൽ അത് അറിയിക്കണം.”

“തീർച്ചയായും. പക്ഷേ ഡോക്ടറോടും ഈ വിമാനത്തിന്റെ കഥയാണ് പറഞ്ഞത്. കുട്ടി പേടിച്ചിട്ടാണെന്ന് ഡോക്ടർ പറഞ്ഞു.”

“അതെയോ?” പോലീസുകാരൻ ചിന്നുവിനെ നോക്കി അപ്പോഴേക്കും അവൾ ഉറങ്ങിയിരുന്നു.

6

അവൾ കൂട്ടുകാരോടൊക്കെ പറഞ്ഞു. “ഒരു ചെറിയ വിമാനം വന്നു. ഞാൻ അതിൽ കയറി. ഒരു സ്ഥലത്ത് ഇറങ്ങി. പിന്നെ നൂഡിൽ‌സും ഐസ്ക്രീമും കഴിച്ചു. പിന്നെ അവിടെ കളിച്ചു. പാവകളും സൈക്കിളും അങ്ങനെ എന്തൊക്കെയോ ഉണ്ടായിരുന്നു.”

ആംഗ്യത്തിലും സന്തോഷത്തിലുമൊക്കെ അവൾ പറയുന്നത് കേൾക്കാൻ അവർ മിക്കവാറും ദിവസം അവളോട് ചോദിച്ചുകൊണ്ടിരുന്നു.

“ചിന്നു ഒറ്റയ്ക്കായിരുന്നോ?”

“അതോണ്ടല്ലേ ചിന്നു വേഗം വന്നത്.” അവൾ സങ്കടം ഭാവിച്ച് പറഞ്ഞു.

“ഇനി പോവുമ്പോ ചിന്നു ഞങ്ങളേം കൂട്ടുമോ?”

“കൂട്ടാം.”

ഒരു ചെറിയ വീട്ടിൽ പോയെന്നും, അവിടെ നിലത്ത് പായയിൽ കിടന്നുവെന്നും വിശന്നപ്പോൾ കഞ്ഞിയാണ് കിട്ടിയതെന്നും ഒക്കെപ്പറഞ്ഞാൽ ഇവരൊക്കെ ചിരിക്കുമെന്ന് അവൾക്ക് ഉറപ്പായിരുന്നു. ഇപ്പോഴാണെങ്കിൽ എല്ലാവർക്കും അത്ഭുതമാണ്. അവർക്കും അതുപോലെ ഒന്നു പോകാൻ സാധിച്ചില്ലല്ലോ എന്ന വിഷമവും. ഓട്ടോക്കാരൻ വിളിച്ചപ്പോൾ വീട്ടിൽ ചോദിക്കാതെ പോയതിന് മുതിർന്നവർ എല്ലാവരും വഴക്കുപറയുമെന്നും അവൾക്കറിയാമായിരുന്നു. ഇനിയും ഒരുദിവസം പോയി ആ കുട്ടികളോടൊപ്പം കളിക്കണം. ആരെങ്കിലും ഒപ്പമില്ലാതെ വീടിനുപുറത്തേക്ക് വിടുന്നില്ലെന്നതാണ് അവളുടെ പ്രശ്നം. ഇടയ്ക്ക് അവളുടെ അച്ഛമ്മയും അമ്മയും കൂടെ പറയുന്നതു കേൾക്കാം.

“എന്നാലും ഇക്കുട്ടിയ്ക്ക് എന്താ പറ്റിയത്?”

“എനിക്കറിയില്ല അമ്മേ. ചോദിച്ചാൽ വിമാനത്തിന്റെ കഥ പറയും. കേൾക്കുമ്പോൾ പേടി തോന്നും. അങ്ങനെയൊക്കെ നടക്കുമോ അമ്മേ? അതുകൊണ്ട് ഇനി ഒന്നും ചോദിക്കുന്നില്ലെന്ന് വെച്ചു. എല്ലാവരോടും പറഞ്ഞിട്ടുണ്ട് അങ്ങനെ ഒന്നും അറിഞ്ഞതായി ഭാവിക്കരുതെന്ന്.”

“ഇനി സൂക്ഷിച്ചാൽ മതി.”

എന്നാലും അമ്മയോടു പറയാമായിരുന്നു. അവൾക്ക് ഇടയ്ക്ക് തോന്നും. പിന്നെ അമ്മ എല്ലാവരോടും പറഞ്ഞാലോന്ന് തോന്നിയതുകൊണ്ട് വേണ്ടെന്നു വയ്ക്കും. ഓട്ടോക്കാരൻ ആരോടെങ്കിലും പറയുമോന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് അവൾ ഉറപ്പുകൊടുത്തിരുന്നല്ലോ. പറഞ്ഞാലും എന്തു സംഭവിക്കുമെന്ന് അവൾക്കറിയില്ല. എന്നാലും വിമാനത്തിന്റെ കഥ കൂട്ടുകാർക്കൊക്കെ ഇഷ്ടമായെന്ന് അവൾക്ക് മനസ്സിലായി. അവരുടെ ആവശ്യപ്രകാരം അവൾ എന്നും ആ കഥ പറഞ്ഞുകൊണ്ടിരുന്നു. അവരുടെ വിസ്മയം നിറഞ്ഞ മുഖഭാവം കണ്ടുകൊണ്ടിരുന്നു.

Labels:

Thursday, July 22, 2010

ചുമ

“ഇന്നുതന്നെപോയി ഡോക്ടറെ കാണണം. ഇനിയുംവെച്ചുകൊണ്ടിരുന്നാൽ ശരിയാവില്ല. കുറേ നാളായില്ലേ തുടങ്ങിയിട്ട്.” അമ്മ എന്നും പറയുന്നതുതന്നെ പറയുന്നു. അവൾ മറുപടിയായി ചുമയ്ക്കുകമാത്രം ചെയ്തു. ചുമയും പനിയും തലവേദനയും. മഴ തുടങ്ങിയപ്പോൾ കൂടെ വന്നതായിരിക്കും. സാരമില്ലെന്ന് കരുതി. പനിയും തലവേദനയും ഭേദമാവുകയും ചെയ്തു. ചുമ പോയില്ല. പോകുന്ന ഒരു ലക്ഷണവും കാണിക്കുന്നുമില്ല. മഴക്കാലത്താണെങ്കിൽ വീടുപണികൾ കുറവ്. അല്ലെങ്കിലും ഭർത്താവിന്റെ കൂടെ കല്ലും മണ്ണും ചുമക്കാൻ അവൾക്ക് പോകാൻ കഴിയുന്നുമില്ല. എല്ലാം കൂടെ ദുരിതം പിടിച്ച നാളുകൾ. അമ്മയാണെങ്കിൽ ദിവസവും ഡോക്ടറെക്കാണുന്ന കാര്യം പറഞ്ഞുകൊണ്ടിരിക്കും.

അവൾ മുറിയിലെ ചെറിയ മേശപ്പുറത്തുനിന്ന് പൈസ എടുത്തുനോക്കി. ഇരുനൂറ് രൂപവച്ചുപോയിട്ടുണ്ട്. പോവുമ്പോൾ ഡോക്ടറെ പോയിക്കാണാൻ പറഞ്ഞിരുന്നു. കൂടെ വരാൻ നിന്നാൽ ഒരുദിവസത്തെ ജോലി പോകും. അതുവേണ്ടെന്ന് പറഞ്ഞത് അവളാണ്. കുട്ടികൾ പൈസയിട്ടുവയ്ക്കുന്ന പാത്രം കുടഞ്ഞിട്ടുനോക്കി. മുപ്പത്തേഴ് രൂപയുണ്ട്. അതെടുക്കട്ടേന്ന് ചോദിച്ചപ്പോൾ അവരുടെ മുഖം വാടിയിരുന്നു. പിന്നെ’ അമ്മയ്ക്ക് ആശുപത്രിയിൽ പോകാനല്ലേ എടുത്തോന്ന്’ പറഞ്ഞു. പൈസ എത്രവേണ്ടിവരുമെന്ന് അറിയില്ല. ബാക്കിയുണ്ടെങ്കിൽ തിരികെക്കൊണ്ടുവയ്ക്കാം.

ഡോക്ടറുടെ വീട്ടിലേക്കാണ് അവൾ പോയത്. ആദ്യം തന്നെ ചെന്ന് ടോക്കൺ എടുക്കാഞ്ഞതുകൊണ്ട് ഇനിയെത്രനേരം ഇരിക്കണമെന്നറിയില്ല. അവൾ ചുമച്ചുകൊണ്ട് അവിടെയിരുന്നു. ഡോക്ടറുടെ മുറിക്കുമുന്നിൽ നിന്നയാൾ ഓരോരുത്തരെയായി വിളിച്ച് കടത്തിവിടുന്നുണ്ട്. അവളുടെ അടുത്ത് ഒരു അമ്മയും കുഞ്ഞും ഇരിക്കുന്നുണ്ട്. വാടിത്തളർന്ന് ദീനയായി അമ്മ. കുഞ്ഞാണെങ്കിൽ ജീവനുണ്ടെന്ന് കാണിക്കുന്നതുപോലെ ഇടയ്ക്ക് ഞരങ്ങും. അവൾ അവരെ നോക്കി. മഴക്കാലം രോഗകാലം തന്നെ. ഒരു രോഗിയെ മുറിക്കുള്ളിലേക്ക് വിട്ട് അയാൾ വന്ന് ആ അമ്മയോടുപറഞ്ഞു. “ഇരുന്നിട്ട് കാര്യമില്ല. വെറുതെ ഡോക്ടറെ കണ്ടിട്ട് കാര്യമെന്താ? മരുന്ന് എഴുതിത്തന്നാൽ അതുവാങ്ങിക്കഴിക്കണം. അല്ലാതെ ഡോക്ടറുടെ സമയം കളയാൻ വരരുത്. ഫീസ് അദ്ദേഹം വേണ്ടെന്നുവയ്ക്കുമായിരിക്കും. എന്തായാലും ഇന്നു കടത്തിവിടില്ല. സ്ഥലം വിട്ടോ.” ആ അമ്മയാണെങ്കിൽ അയാൾ അങ്ങനെ പറഞ്ഞെന്നുകൂടെ ഭാവിക്കുന്നില്ല. എപ്പോഴും കേൾക്കുന്നതായിരിക്കും. കുഞ്ഞിനെ ഒന്നുകൂടെ അടുത്തുപിടിച്ച് ഇരിക്കുന്നു. അവൾക്ക് വിഷമം തോന്നി. അവൾ എണീറ്റ് കർച്ചീഫിൽ പൊതിഞ്ഞ പൈസയിൽനിന്ന് ബസ് ചാർജ് എടുത്ത് ബാക്കി കർച്ചീഫിൽ തന്നെ വച്ച് ആ അമ്മയുടെ കൈ പിടിച്ച് കൊടുത്തു. അതുതുറന്നുനോക്കാൻ നേരമാവുമ്പോഴേക്കും അവൾ മുറ്റത്തുകൂടെ ഗേറ്റിനടുത്തേക്ക് ധൃതിയിൽ നടന്നു.

വീട്ടിലെത്തിയപ്പോൾ ഡോക്ടറെ കണ്ടോന്ന് ചോദിച്ച അമ്മയോട് അവൾ പറഞ്ഞു. “അവിടെ നല്ല തിരക്കായിരുന്നു. ക്ഷീണമായിട്ട് ഇരിക്കാൻ വയ്യാതായി. ഞാനിങ്ങുപോന്നു. അമ്മ കുട്ടികൾക്ക് ചുമ വരുമ്പോൾ ഉണ്ടാക്കിക്കൊടുക്കുന്ന ഒരു പൊടിയില്ലേ, കൽക്കണ്ടമൊക്കെ പൊടിച്ചിട്ടത്? അതുകുറച്ചുണ്ടാക്കിത്തന്നാൽ മതി. പോവുമായിരിക്കും.” അമ്മയെന്തെങ്കിലും പറയുന്നതിനുമുമ്പ് അവൾ മുറിയിലേക്ക് നടന്നു. ചുമച്ചുകൊണ്ടിരുന്നെങ്കിലും അവൾക്ക് മനസ്സിൽ നല്ല സുഖം തോന്നി.

Labels:

Wednesday, June 30, 2010

കാലം മാറി കഥ മാറി

രാഖി കണ്ണാടിയിൽ നോക്കി, മുടി ഒന്നുകൂടെ ഒതുക്കി. മേശപ്പുറത്തുനിന്ന് ബൈക്കിന്റെ താക്കോലെടുത്തു. ചുവരിലെ ഋത്വിക്ക് രോഷന്റെ ചിത്രത്തിലേക്ക് ഒന്നുനോക്കി മുറിക്കു പുറത്തിറങ്ങി. ചാടിത്തുള്ളിക്കൊണ്ട് പടികൾ ഇറങ്ങി. ഹാളിൽ, ടി വിയ്ക്കു മുന്നിൽ അച്ഛനുമമ്മയും ഉണ്ട്. രാകേഷിനെ പരിസരത്തൊന്നും കണ്ടില്ല. അമ്പലത്തിലെങ്ങാൻ പോയിക്കാണും.

“ങാ.. പുറപ്പെട്ടോ? ഇനിയിപ്പോ നാടുവീടാക്കി കയറിവരുന്നത് ഏതുസമയത്താണ്?” അച്ഛൻ ചോദിച്ചു.

“ഞാനിവിടെ ഇരുന്നിട്ടെന്താ? ബോറ്!” രാഖി വരാന്തയിലേക്കിറങ്ങി ചെരുപ്പിട്ട്, മുറ്റത്തുവച്ചിരുന്ന ബൈക്കിലേക്കു കയറി സ്പീഡിൽ ഓടിച്ചുപോയി.

വയലിന്റെ അറ്റത്തുള്ള കനാല്‍പ്പാലത്തിൽ കൂട്ടുകാരികളൊക്കെ ഇരിക്കുന്നുണ്ട്.

“എന്താ വൈകിയത്?”

“നിങ്ങൾ വന്നിട്ട് ഒരുപാടായോ?”

“ഇല്ല. ഏകദേശം എല്ലാവരും ഒരേസമയത്ത് എത്തി. നിനക്ക് മിസ്സടിക്കണോന്ന് വിചാരിക്കുമ്പോഴേക്കും നീയെത്തി.”

“ബൈക്ക് ഞാൻ രാവിലെയൊന്നു കഴുകി. എങ്ങനെയുണ്ട്?”

“അടിപൊളി.”

കൂട്ടുകാരികൾ വിശേഷങ്ങളൊക്കെപ്പറഞ്ഞ് കളിച്ചും ചിരിച്ചും സമയം നീക്കി.

“ദാ...വരുന്നുണ്ട്, ഗോപുവും കൂട്ടുകാരും. നമുക്കൊന്നു വിരട്ടിയാലോ?”

“വേണ്ടെടീ, രാകേഷിനോട് പറഞ്ഞുകൊടുത്ത് അമ്മയെ അറിയിപ്പിക്കും.”

“അതെ. വേണ്ട.”

“ഛെ! നിങ്ങളിങ്ങനെ ആയാലെങ്ങനെയാ?”

“ഡേയ്... ഇങ്ങോട്ടുവാടാ ഗോപൂ.” കീർത്തി വിളിച്ചു. ഗോപുവും ഷിനുവും കാർത്തിക്കും പരുങ്ങിപ്പരുങ്ങി ചെന്നു.

“എങ്ങോട്ടാ? ഒഴിവുദിവസമായിട്ട്?”

“ഞങ്ങൾക്ക് ട്യൂഷൻ ഉണ്ട്.”

“നിങ്ങൾ ഇന്നലെ ബസ്സിലെ കണ്ടക്ടർ ചേച്ചിയെ പേടിപ്പിച്ചെന്നു കേട്ടു. എന്താ കാര്യം?”

“കോളേജിലെ സീനിയർ ചേച്ചിമാരൊക്കെ ഞങ്ങളെ കളിയാക്കുകയും ചിരിക്കുകയും ചെയ്തു. കണ്ടക്ടർ ഒന്നും പറഞ്ഞില്ല എന്നിട്ട്.”

“വെറുതെയൊന്നുമാവില്ല. നീയൊക്കെ ഇന്നലെ യൂനിഫോമിടാതെ ബർമുഡയും ടീഷർട്ടും ഒക്കെയിട്ടാണ് കോളേജിൽ പോയതെന്നു കേട്ടു. കോളേജിൽ ഫാഷൻ പരേഡൊന്നുമില്ലല്ലോ അല്ലേ? “ രാഖി ചോദിച്ചു.

“അതയെതെ. ഇപ്പഴത്തെ ആൺകുട്ടികളുടെ വേഷവിധാനങ്ങൾ വളരെ മോശമാണെന്നും, സ്ത്രീകളെ അടച്ചു കുറ്റം പറയുന്നത് ശരിയല്ലെന്നും ഏതോ ഒരു പിന്തിരിപ്പൻ ചേട്ടൻ പ്രസംഗിച്ചത് പത്രത്തിൽ കണ്ടല്ലോ. നീയൊക്കെ എന്തിനാ ഇത്ര പ്രകോപനപരമായ വേഷം ധരിക്കുന്നത്? ങേ? എന്നിട്ടു ഞങ്ങളെ കുറ്റം പറയുകയും ചെയ്യും.” മീനു പറഞ്ഞു.

“ഞങ്ങൾക്ക് ഇഷ്ടമുള്ള വേഷം ധരിക്കാൻ സ്വാതന്ത്ര്യമില്ലേ? ശരിയല്ലാത്ത വേഷം ധരിക്കുന്നതുകൊണ്ടാണെന്നൊക്കെ ചിലർ പറഞ്ഞുണ്ടാക്കുന്നതാണ്. അല്ലെങ്കിലും നിങ്ങളൊക്കെ ഞങ്ങളെ ഉപദ്രവിക്കും.” ഷിനു ഉറച്ച സ്വരത്തിൽ പറഞ്ഞു.

“വേണ്ടാ...വേണ്ടാ... മര്യാദയ്ക്ക് നടന്നാൽ നിനക്കൊക്കെ നല്ലത്. പിന്നെ സ്ത്രീകളെ കുറ്റം പറയരുത്. നിനക്കൊക്കെ തോന്നിയതുപോലെ നടന്നിട്ട് ഞങ്ങൾ നോക്കി, കമന്റടിച്ചു എന്നൊന്നും പറയരുത്.” കീർത്തി പറഞ്ഞു. മീനുവും രാഖിയും ജീനയും ‘അതെയതെ’ എന്നും പറഞ്ഞ് ശരിവച്ചു.

“ നിന്നെ ഒരുത്തിയുടെ കൂടെ ഇന്നലെ വൈകുന്നേരം പാർക്കിൽ കണ്ടല്ലോ.” കാർത്തിക്കിനോട് മീനു ചോദിച്ചു .

“അത്...ഞങ്ങളുടെ കല്യാണം പണ്ടേ പറഞ്ഞുവെച്ചതാ.”

“അതെയോ? എന്നാലും നീയൊക്കെ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാണ്. അവളെ കണ്ടിട്ട് എനിക്കത്ര ഇഷ്ടമായില്ല.”

“ഹാ..നീയെന്തിനാടീ അതൊക്കെ അന്വേഷിക്കുന്നത്? അവന്റെ വീട്ടുകാർ നോക്കിക്കോളും” രാഖി പറഞ്ഞു.

“എന്നാലും നമുക്കുമൊരു കടമയുണ്ടല്ലോ?”

രാഖിയും കൂട്ടുകാരികളും ആർത്തുചിരിച്ചു. ഗോപുവും കൂട്ടുകാരും പതുക്കെ അവിടെനിന്ന് രക്ഷപ്പെട്ടു.

“നമ്മൾ നാളെ ഈ വഴി വരണ്ട.” ഗോപു പറഞ്ഞു.

“നമ്മളെന്തിനാ പേടിക്കുന്നത്? അങ്ങനെ എപ്പോഴും പേടിച്ചാൽ ശരിയാവില്ലല്ലോ.” കാർത്തിക്ക് പറഞ്ഞു.

“എന്തായാലും ഇപ്പോ വേഗം പോകാം.”

രാഖി വീട്ടിലെത്തുമ്പോൾ സന്ധ്യയായിരുന്നു. അച്ഛനുമമ്മയും വരാന്തയിൽ ഇരിക്കുന്നുണ്ട്.

“നീ രാവിലെയെങ്ങാനും പോയതല്ലേ. രാത്രിയും പകലുമില്ലാതെ കറങ്ങിക്കോ. പറഞ്ഞിട്ടൊന്നും കാര്യമില്ലല്ലോ.”

രാഖി ഒന്നും മിണ്ടിയില്ല.

“ചേച്ചി എന്നെ ഒന്ന് പാട്ടു ടീച്ചറിന്റെ വീട്ടിൽ കൊണ്ടുവിടുമോ?” രാകേഷ് പുറത്തേക്കുവന്നു ചോദിച്ചു.

“നിനക്ക് തനിച്ചങ്ങു പോയാലെന്താ?”

“സന്ധ്യ കഴിഞ്ഞില്ലേ. ഇനിയവൻ ഒറ്റയ്ക്കു പോകണ്ട. നിനക്കൊന്ന് കൊണ്ടുവിട്ടാലെന്താ? ബൈക്കിൽ രണ്ടുമിനുട്ടല്ലേ വേണ്ടൂ?” അച്ഛൻ പറഞ്ഞു.

“എന്നാൽ വാ. കൊണ്ടുവിട്ടുവരാം.” രാഖി വീണ്ടും ബൈക്കിൽ കയറി. രാകേഷും.

“ക്ലാസ് വിട്ടാൽ തനിച്ചുവരുമോ?”

“ചേച്ചി വരണം. ഇല്ലെങ്കിൽ ഞാൻ അമ്മയെ വിളിച്ച് വരാൻ പറയും. എനിക്കൊറ്റയ്ക്കു വരാൻ പേടിയാ.”

“ഇങ്ങനെയൊരു പേടിത്തൊണ്ടൻ.”

രാഖി ബൈക്ക് പറപ്പിച്ചുവിട്ടു. സന്ധ്യ ഇരുട്ടിലേക്ക് പോവുന്നുണ്ടായിരുന്നു.

Labels:

Monday, June 28, 2010

വാവാച്ചിയും പുത്തനുടുപ്പും

വാവാച്ചി രാവിലെ എണീറ്റു വന്നു. പെട്ടെന്ന് വാവാച്ചിയ്ക്ക് ഓർമ്മ വന്നു. ഹായ്! പുത്തനുടുപ്പ്! അച്ഛൻ യാത്ര പോയി വന്നപ്പോ കൊണ്ടുക്കൊടുത്തതാണ്. അമ്മ തിരക്കിലാണെങ്കിലും വാവാച്ചിയെ വേഗം പല്ലുതേപ്പിച്ച് കുളിച്ചൊരുക്കി. പുതിയ ഉടുപ്പിട്ടപ്പോ എല്ലാരും പറഞ്ഞു. ‘ഹായ്, വാവാച്ചീടെ ഉടുപ്പിനെന്തൊരു ഭംഗ്യാ? നല്ല നിറം!” അപ്പോ വാവാച്ചിയ്ക്കും സന്തോഷായി. ചായയും ദോശയുമൊക്കെ കഴിച്ച് വാവാച്ചി പുറത്തേയ്ക്കിറങ്ങി. വാവാച്ചി സ്കൂളിൽ പോകാൻ തുടങ്ങിയില്ല. അതുകൊണ്ട് ചുറ്റിക്കറങ്ങാൻ ഇറങ്ങി. വാവാച്ചിയുടെ കൂട്ടുകാരൊക്കെ കാത്തിരിക്കുന്നുണ്ടാവും.

വാവാച്ചി അങ്ങനെ നടന്നുനടന്ന് പോകുമ്പോൾ, കാക്കയെ കണ്ടു. കാക്ക വാവാച്ചിയോടു പറഞ്ഞു. “വാവാച്ചീ, വാവാച്ചീ, നല്ല ഭംഗീള്ള ഉടുപ്പാണല്ലോ. അതിൽ നല്ല നിറങ്ങളുണ്ടല്ലോ, എനിക്കതിൽനിന്നൊരു നിറം തരുമോ?”

പാവം കാക്കയല്ലേ, എന്നും മിണ്ടീട്ടു പോകുന്നതല്ലേ എന്ന് വാവാച്ചിക്കു തോന്നി. വാവാച്ചി, ഉടുപ്പിൽനിന്നു കുറച്ച് നിറമെടുത്ത് കാക്കയ്ക്ക് കൊടുത്തു.

വാവാച്ചി പിന്നെക്കണ്ടത് മുയൽക്കുട്ടനെയാണ്.

“വാവാച്ചീ, എന്തൊരു ഭംഗ്യാ ഉടുപ്പിന്? എനിക്കിത്തിരി നിറം തന്നൂടേ?” മുയൽക്കുട്ടൻ ചോദിച്ചു.

പാവം മുയൽക്കുട്ടൻ. വാവാച്ചി ഇത്തിരി നിറമെടുത്ത് മുയൽക്കുട്ടനു കൊടുത്തു.

വാവാച്ചി, പിന്നേം നടന്നു. കുളത്തിനടുത്തെത്തി.

അവിടെ കൊറ്റി നിൽക്കുന്നുണ്ടായിരുന്നു. കൊറ്റി വാവാച്ചിയെക്കണ്ട് അടുത്തുവന്നു.

“വാവാച്ചീ, വാവാച്ചീ, ആരാ ഇത്രേം ഭംഗീള്ള ഉടുപ്പ് വാങ്ങിത്തന്നത്? എനിക്കിത്തിരി നിറം കിട്ടിയാൽ നന്നായിരിക്കും.”

“ഈ ഉടുപ്പേ, അച്ഛൻ വാങ്ങിത്തന്നതാ. കൊറ്റിയ്ക്ക് നിറം തരാട്ടോ.” വാവാച്ചി കൊറ്റിയ്ക്കും കുറച്ച് നിറമെടുത്തു കൊടുത്തു.

പിന്നേം നടന്നപ്പോൾ വാവാച്ചി കുയിലിനെ കണ്ടു. എന്നും വാവാച്ചിയ്ക്ക് പാട്ടുപാടിക്കൊടുക്കും.

“വാവാച്ചീ, ഈ പുത്തനുടുപ്പിൽ നിന്ന് എനിക്കിത്തിരി നിറം തരണംട്ടോ.” കുയിൽ ഒരു പാട്ടുപാടിക്കൊടുത്തു.

വാവാച്ചി കുയിലിനും കുറച്ച് നിറം എടുത്ത് കൊടുത്തു.

വാവാച്ചി അങ്ങനെ പോയപ്പോൾ പൂവാലിപ്പശുനെക്കണ്ടു.

“വാവാച്ചീ, വാവാച്ചീ, പുത്തനുടുപ്പൊക്കെയുണ്ടല്ലോ. എനിക്കു കുറച്ചു നിറം തരണംട്ടോ.”

വാവാച്ചി ഉടുപ്പിലെ നിറത്തിൽ നിന്നിത്തിരി പൂവാലിപ്പശുവിനും കൊടുത്തു.

വാവാച്ചി കറക്കമൊക്കെക്കഴിഞ്ഞ് ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോ മുത്തശ്ശി പറഞ്ഞു. “അയ്യോ ന്റെ വാവാച്ചീ, എവിടെപ്പോയീ, ഉടുപ്പിന്റെ നിറമെല്ലാം.”

അയ്യോ ശരിയാണല്ലോ. വാവാച്ചി ഓടിപ്പോയി കണ്ണാടിയിൽ നോക്കി. ഉടുപ്പിന്റെ നിറമപ്പടി പോയിരിക്കുന്നു. വാവാച്ചി കരയാൻ തുടങ്ങി.

അപ്പോ അമ്മ ഓടിവന്നു. “എന്താ വാവാച്ചീ കരയുന്നേ? വീണോ?”

“ന്റെ ഉടുപ്പിന്റെ നിറമെല്ലാം പോയി.”

“എങ്ങനെയാ?”

“കാക്കയും, മുയൽക്കുട്ടനും കൊറ്റിയും, പൂവാലിയും, കുയിലും ഒക്കെ ചോദിച്ചു. ഞാൻ കൊടുത്തു.”

“അവരൊക്കെ നിന്റെ കൂട്ടുകാരല്ലേ. സാരമില്ലാട്ടോ. സന്ധ്യാവുമ്പോ വിളക്കുവയ്ക്കുമ്പോ പ്രാർത്ഥിച്ചാ മതി. നിറം തിരിച്ചു കിട്ടും.” അമ്മ വാവാച്ചിയ്ക്ക് തൈരുമാമം കൊടുത്തു.

സന്ധ്യയ്ക്ക് വിളക്കു കത്തിച്ചപ്പോ, വാവാച്ചി, കണ്ണനോടു പറഞ്ഞു.

“ന്റെ ഉടുപ്പിന്റെ നിറം ഇനീം നന്നായിട്ട് ഉണ്ടാവണേ കണ്ണാ.”

അപ്പോ കണ്ണന്റെ തലയിലെ പീലിയിൽ നിന്ന് കുറേ നിറം വാവാച്ചിയുടെ ഉടുപ്പിലേക്ക് കയറി. വാവാച്ചി ചെന്നുനോക്കുമ്പോ ഉടുപ്പിന്റെ നിറം പിന്നേം നല്ല ഭംഗിയിൽത്തന്നെയുണ്ട്.

“ഇപ്പോ നിറം കിട്ടി, ഉടുപ്പ് ഭംഗിയായില്ലേ?” അമ്മ വാവാച്ചിയ്ക്ക് ഉമ്മ കൊടുത്തു. സന്തോഷമായിട്ട് വാവാച്ചി ചിരിച്ചു.

Labels: ,

Monday, June 21, 2010

സാക്ഷി

അടുക്കളയ്ക്കു മുകളിൽ കാവൽ നിന്ന, ഓടും പട്ടികയും, പിണങ്ങി മുഖം തിരിച്ച് നിന്നത് മുതലെടുത്താണ്, ആകാശം മഴയെ പറഞ്ഞയച്ച്, അടുപ്പിൽ ഒളിച്ചുതാമസിച്ചിരുന്ന കനലിനെ, വേഗത്തിൽ കൊന്നതെന്നും, കാരണം തനിക്കറിയില്ലെന്നും, എല്ലാം കണ്ട് ഒരു മൂലയ്ക്കു പതുങ്ങിയിരുന്ന പൂച്ച, ചോദിച്ചവരോടൊക്കെ പറഞ്ഞു.

Labels: ,

Friday, June 11, 2010

ഒളിച്ചുകളി

ഒളിച്ചുകളിയിലായിരുന്നു ഞാനും ആകാശവും. ആദ്യം ആകാശം ഒളിക്കാൻ പോയി. ഞാൻ എണ്ണിത്തുടങ്ങിത്തീർത്തപ്പോൾ, ചുറ്റും നോക്കി. കറുത്ത മേഘങ്ങൾക്കിടയിൽ ഒളിച്ചിരിപ്പുണ്ട്. കണ്ടേ കണ്ടേ എന്ന് ആർത്തുവിളിച്ചത് ആകാശത്തിനു പിടിച്ചില്ല. പെട്ടെന്ന് പിടിക്കപ്പെട്ടതിന്റെ ജാള്യത്തിൽ, ആർത്തലച്ച് കരയാൻ തുടങ്ങിയ ആകാശത്തെ അതിന്റെ പാട്ടിനുവിട്ട്, ഞാൻ ഏകാന്തതയുടെ ഗുഹയിൽ ഒളിച്ചിരുന്നു. ആകാശം മിന്നലിനെ വിട്ട് അന്വേഷിച്ചു. ഇടിയെ പറഞ്ഞയച്ച് പേടിപ്പിച്ചു. എന്നെ കാണാഞ്ഞിട്ട് വീണ്ടും കരയാൻ തുടങ്ങി. കുറേ ആലിപ്പഴം തന്നു. ഒടുവിൽ, ഇറങ്ങിവന്നാൽ, തരാമെന്ന് പറഞ്ഞ് മഴവില്ല് കാണിച്ച് കൊതിപ്പിക്കുന്നു. വീണ്ടും കൂട്ടുകൂടിയേക്കാം അല്ലേ?

Labels:

Wednesday, April 21, 2010

കണി കാണും നേരം

പടക്കം പൊട്ടുന്ന ഒച്ചയുണ്ട്, ഇടയ്ക്കിടയ്ക്ക് പതിഞ്ഞ സ്വരത്തിൽ കേൾക്കുന്നു. ചില ആഹ്ലാദാരവങ്ങളും. ബാക്കിയെല്ലാം എന്നും പതിവുള്ള രാത്രി പോലെ തന്നെ.

അനുരാധ സത്യനാഥനോട് പറഞ്ഞു.
“നാളെ വിഷുവാണ്.”
“ഓർമ്മിപ്പിക്കേണ്ട കാര്യമുണ്ടോ അത്?” സത്യനാഥൻ ചോദിച്ചു. അസ്വസ്ഥതയോടെ.
“കണിയൊരുക്കണമെന്ന് മോൻ പറഞ്ഞില്ലേ. അതുകൊണ്ട് പറഞ്ഞതാ.”
“ഉം.”
“ഊണുകഴിക്കാൻ എന്തായാലും അമ്പലത്തിൽ പോകാം. അവിടെ സദ്യയുണ്ടല്ലോ.”
“ഉം. നീ ഉറങ്ങാൻ നോക്ക്. മിണ്ടിക്കൊണ്ടിരുന്നാൽ ചിലപ്പോൾ അവൻ ഉണരും.”

കുട്ടിക്കാലത്തെങ്ങോ കണ്ട വിഷുക്കണിയോർത്തെടുക്കാൻ ശ്രമിച്ചുകൊണ്ട് അനുരാധ ഉറങ്ങാൻ ശ്രമിച്ചു. എന്തൊക്കെയോ ചിന്തിച്ച് ചിന്തിച്ച് സത്യനാഥനും.

-----------------------------------

“മോനേ എണീക്കൂ. കണി വെച്ചിട്ടുണ്ട്. അമ്മ കൈ പിടിച്ച് കൊണ്ടുപോകാം.”

“എന്തൊക്കെയുണ്ടമ്മേ ഒരുക്കിയിട്ട്?”

മറുപടിയ്ക്ക് അല്പം താമസിച്ചു.

“എല്ലാമുണ്ട്. വെള്ളരി, ചക്ക, മാങ്ങ, തേങ്ങ, പുതുവസ്ത്രം, കൊന്നപ്പൂ...”

“കണ്ണന്റെ മുമ്പിലല്ലേ?”

“അതെയതേ.”

“കണിക്കു മുന്നിലെത്തി.” അച്ഛൻ പറഞ്ഞത് അവൻ കേട്ടു.

“ഇനി വിഷുക്കൈനീട്ടം തരൂ.”

“തരാം. കണിയ്ക്കു മുന്നിൽ തൊഴൂ.”

അവൻ തൊഴുതു.

സത്യനാഥൻ, നിറം മങ്ങിയ ഒരു നാണയം മോന്റെ കൈയിൽ വച്ചുകൊടുത്തു.

“വാ. ഇനി കുളിച്ചുപുറപ്പെട്ട് അമ്പലത്തിൽ പോകാം. അവിടെയും കണി കാണണ്ടേ.”

അമ്മയുടെ കൂടെ അവൻ പോയി.

ഒരു ചെറിയ വിളക്കും, അതിനു മുന്നിൽ അല്പം കൊന്നപ്പൂവും, പിന്നെ ഒരു പഴയ ചിത്രത്തിൽ നിന്ന് കണ്ണനും സത്യനാഥനെ നോക്കിച്ചിരിച്ചു.

“എന്റെ മോനു, കാണാൻ കഴിയാത്തതു ഭാഗ്യമാണെന്നാണോ ഞാൻ വിചാരിക്കേണ്ടത്, എല്ലാം കാണാൻ കഴിയുന്ന ദൈവമേ?” എന്നും ചോദിച്ച് അമ്മയും മോനും മിണ്ടിയും ചിരിച്ചും നിൽക്കുന്നിടത്തേക്ക് സത്യനാഥൻ തിരക്കിട്ട് നടന്നു.

പടക്കങ്ങളുടെ ശബ്ദം ഒരു തടസ്സവുമില്ലാതെ കേട്ടുകൊണ്ടിരുന്നു.

Labels:

Tuesday, March 09, 2010

ചില ആവർത്തനങ്ങൾ

എന്നും കാണാറുണ്ട്. ആ വീടിനുമുന്നിൽ ഒരു ബെഞ്ചിൽ വൃദ്ധ ഇരിക്കുന്നത്. ചില ദിവസം അവർ ഗേറ്റിൽ പിടിച്ചുനിന്ന് റോഡിലേക്ക് നോക്കുന്നുണ്ടാവും. ചില ദിവസം ബെഞ്ചിന്റെ അരികിൽ മുറ്റത്തിരുന്ന് മുടി ചീവുന്നുണ്ടാവും. സുമിത്രയ്ക്ക് പെടാപ്പാടാണ്. ഓട്ടം തന്നെ ഓട്ടം. അവളെക്കണ്ടാൽ പരിചയം ഭാവിച്ചൊരു നോട്ടമുണ്ട് അവർക്ക്. അവൾക്ക് അങ്ങോട്ടു കൊടുക്കാൻ ഒരു പുഞ്ചിരിയും. ജീവിതത്തിലെ വിശ്രമസമയം അവർ ആസ്വദിക്കുകയാവും എന്ന് തോന്നാറുണ്ട് സുമിത്രയ്ക്ക്. താനിനിയെന്നാണ് വിശ്രമിക്കുക എന്ന് ആശ്ചര്യപ്പെടാറുമുണ്ട്.

അന്ന് കുറച്ചു നേരത്തെയിറങ്ങി. അവർ റോഡിലേക്ക് നോക്കി നിൽക്കുന്നുണ്ട്.

“ഇന്ന് തിരക്ക് കുറഞ്ഞപോലെ തോന്നി. എന്നും ഓട്ടമാണല്ലോ.” അവർ സുമിത്രയോട് സൗമ്യമായി പറഞ്ഞു.

“അതെ. ഇന്ന് വേഗം വേഗം തീർത്തു ജോലികളെല്ലാം. പതിവിൽ നിന്നു കുറച്ച് കുറവും ആയിരുന്നു. അതുകൊണ്ടുതന്നെ വേഗം ഇറങ്ങാനും കഴിഞ്ഞു.”

“സ്കൂളിലേക്കാണോ?”

“അതെ.” അവരുടെ ചോദ്യം കേട്ട് ആശ്ചര്യം തോന്നിയില്ല. അടുത്ത വളവിൽ സ്കൂൾ ഉള്ളത് അവർ അറിയാതെയിരിക്കില്ലല്ലോ. മോനെക്കൂട്ടി തിരിച്ചുപോകുന്നത് കാണാതെയുമിരിക്കില്ല. തിരിച്ചുപോകുമ്പോൾ അവരെ നോക്കാനേ നിൽക്കാറില്ല. വെയിലായതുകൊണ്ടും വിശപ്പായതുകൊണ്ടും ഓട്ടമാണ്. പിന്നെ അവന്റെ ചില വാശികളും.

“മോന്റെ ക്ലാസ് ഉച്ചയ്ക്കു കഴിയും. അവനെ കൂട്ടിക്കൊണ്ടുവരും. മോൾക്ക് ഉച്ചഭക്ഷണം കൊണ്ടുപോകും.” സുമിത്ര കൈയിലിരുന്ന സഞ്ചി മുന്നോട്ട് കാണിച്ചു. ഒക്കെ തനിയെ വേണം. എണീറ്റാൽ ഓട്ടമാണ്. ഒരു ജോലിയിൽ നിന്ന് വേറൊന്നിലേക്ക്. അതിനിടയ്ക്ക് ഇവരേയും തെളിക്കണം. ജോലിയാണെങ്കിൽ ചിലപ്പോൾ എടുത്താലും എടുത്താലും തീരുകയുമില്ല. പിന്നെന്താ... ഇവർ കുറച്ചും കൂടെ വലുതാവുന്നതുവരെയേ ഉള്ളൂ. അതു കഴിഞ്ഞാൽ
ആശ്വാസമുണ്ടാവുമായിരിക്കും.”

“അതെ...വലുതാവുന്നതുവരെയേ ഉള്ളൂ...എല്ലാം.” അവർ പതുക്കെ പറഞ്ഞു.

അപ്പോഴാണ് ചുറ്റും ഒന്നു നോക്കിയ സുമിത്ര, അവരുടെ വീട്ടുവാതിൽ പൂട്ടിയിരിക്കുന്നതുകണ്ടത്. അവൾ എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും അവർ പറഞ്ഞു.

“മോനും ഭാര്യയും മക്കളും ജോലിക്കും സ്കൂളിലും പോയി. വീട് വെറുതേ തുറന്നുവെക്കേണ്ടല്ലോന്ന് കരുതി. അല്ലെങ്കിലും അകത്തിരുന്നിട്ടെന്താ. ഇവിടെയിരുന്നാൽ ആരെയെങ്കിലുമൊക്കെ കാണുകയും ചെയ്യാം.“

ബെഞ്ചിന്റെ അറ്റത്ത് ഒരു കുപ്പി വെള്ളവും ഒരു പൊതിയും ഒരു ഗ്ലാസ്സും സുമിത്ര കണ്ടു. അവൾക്ക് എന്തോ ഒരു വിഷാദം പെട്ടെന്ന് വന്നു. അവശതയുള്ളതായിരുന്നു അവളുടെ സ്വരം.

“പോട്ടെ. സ്കൂൾ വിടാറായി.”

മറുപടിയുണ്ടോന്ന് അവൾ ശ്രദ്ധിച്ചില്ല. അവൾ ആ ലോകത്തേ അല്ലായിരുന്നു.

------------------------------------------------------------

ഓട്ടത്തിനിടയിലും ആ കുട്ടി തന്നെ നോക്കുന്നത് സുമിത്ര കാണാറുണ്ട്. തന്നെ കാണുമ്പോൾ പരിചയത്തിന്റെ പുഞ്ചിരി വിരിയും ആ മുഖത്ത്. ദിവസവും ഉള്ള കാഴ്ച. ഒഴിവുദിവസങ്ങളൊഴിച്ച്. ഇന്ന് പതുക്കെപ്പതുക്കെ വരുന്നുണ്ട്.

“ഇന്ന് നേരത്തെയാണല്ലേ.”
ആ കുട്ടി മനോഹരമായി പുഞ്ചിരിച്ചു.

“ഇന്ന് നേരത്തെ ഇറങ്ങി. എത്രയൊരുക്കിയാലും ജോലി തീരില്ല. ബാക്കി പിന്നെയാവാംന്ന് വെച്ചു.”

“കുട്ടികൾ?”

“രണ്ടാളും ആ സ്കൂളിൽ.” അവൾ മുഖം കൊണ്ട് അകലേക്ക് ആംഗ്യം കാട്ടി. കൈയിലെ ബാഗ് കാണിച്ചു. “രണ്ടാൾക്കും ഭക്ഷണം കൊണ്ടുപോകുന്നു. വെറുതേ തണുത്തത് തിന്നേണ്ടല്ലോ. ഇവിടെ അടുത്തല്ലേ, കൊണ്ടുപോകാൻ പ്രയാസമൊന്നുമില്ല. പക്ഷേ പ്രശ്നം എന്താന്നുവെച്ചാൽ, ഇന്നലെയുള്ളതുപോലെയുള്ളത് ഇന്നു പറ്റില്ല. രണ്ടാൾക്കും ഒരേ ഇഷ്ടമല്ല. വാശി പിടിച്ചാൽ ജോലി കൂടും. അതുകൊണ്ട് ഇഷ്ടം പോലെ ഒക്കെ ഒരുക്കുന്നു.”

സുമിത്ര അവളുടെ മുഖത്തേക്ക് നോക്കി നിന്നു.

താൻ തന്നെയല്ലേ അത്! ഒരു സ്ത്രീയുണ്ടായിരുന്നു തന്നോട് മിണ്ടാൻ. എന്തൊക്കെയാണ് സമയം കിട്ടുമ്പോൾ രണ്ടാളും പറഞ്ഞിരുന്നത്. ഇനിയുള്ള കാലംഅങ്ങനെയൊന്നും ഉണ്ടാവാൻ സാദ്ധ്യതയില്ലെന്നുകൂടെ പറഞ്ഞിരുന്നു. കാലം മാറുമെന്ന്! കാലം മാറി. കഥാപാത്രങ്ങളും. പക്ഷേ ജീവിതത്തിലെ അനുഭവങ്ങൾ അതേപടിയുണ്ടെന്നോ! താൻ ജീവിച്ചുപോന്നിരുന്നതുപോലെ ഇന്നു വേറൊരാൾ.

വീട് പൂട്ടിയിട്ടില്ല. എന്നാലും ഏകാന്തതയിലേക്ക് കയറാൻ തോന്നില്ല. ഇവിടെ നിന്നാൽ മനുഷ്യരുണ്ട്, പക്ഷികളുണ്ട്, കാഴ്ചകളുണ്ട് കാണാൻ. ഓടിക്കഴിഞ്ഞുള്ള വിശ്രമം എല്ലാവർക്കും ഇങ്ങനെയൊക്കെത്തന്നെ ആയിരിക്കുമോ?

“പോട്ടെ. ഇനിയും നിന്നാൽ വൈകും.” അവൾ തിടുക്കത്തിൽ നടന്നുപോയി. അല്ല. അത്രയും നേരം മിണ്ടിയതിന്റെ കുറവു തീർക്കാനായിരിക്കും, ബാഗ് രണ്ടു കൈകൊണ്ടും പിടിച്ച് ഓടിത്തന്നെ പോയി.

വർഷങ്ങൾക്കു ശേഷം ഏതോ വീടിനു മുന്നിൽ കൂനിക്കൂടിയിരിക്കേണ്ടുന്ന രൂപമാണോ, പൂമ്പാറ്റയെപ്പോലെ പറന്നുപോകുന്നത്! എന്തോ ഓർമ്മയിൽ, നിറഞ്ഞ കണ്ണുകൾ തുടച്ച് സുമിത്ര വരാന്തയിലേക്ക് കയറി. പ്രാർത്ഥനയുണ്ടായിരുന്നു മനസ്സിൽ.

Labels:

Sunday, March 07, 2010

സ്വപ്നങ്ങൾ

അമ്മ അന്നും ധൃതിയിൽത്തന്നെയാണ് വന്നത്. അതുതന്നെയാണ് അയാൾ കണ്ടുപോന്നിരുന്നതും. അതുകൊണ്ട് അതിശയം തോന്നേണ്ട കാര്യവുമില്ല.

“എന്താണമ്മേ കാര്യം?” അയാൾ ചോദിച്ചു.

അയാളുടെ മുഖത്തേക്ക് കുറച്ചുനേരം നോക്കിനിന്നശേഷം അമ്മ പറഞ്ഞു, “നീ കടലിൽ നീന്താൻ പോകുന്നു. നീന്തിനീന്തി നടുക്കടലിൽ എത്തുന്നു. ഒടുവിൽ കരയേതാണെന്ന് മനസ്സിലാവാതെ...”

“ഓ...സ്വപ്നം...” അയാൾ ആശ്വാസത്തോടെ ഇരുന്നു. പതിവുള്ളതാണ്. എന്തെങ്കിലും സ്വപ്നം കണ്ട് കയറിവരും, ആശ്വാസവാക്കുകൾ പറയും, ആശ്വാസത്തോടെ തിരിച്ചുപോകും. പ്രാർത്ഥനകൾ ഉണ്ടെങ്കിലും, പ്രിയപ്പെട്ടവരോടുള്ള സ്നേഹവും, അവരുടെ ജീവിതത്തെക്കുറിച്ചുള്ള ആശങ്കകളും ഒക്കെയാവുമ്പോൾ പല സ്വപ്നങ്ങളും കണ്ടെന്നിരിക്കും.

“നിനക്കെന്തുപറ്റിയെന്നറിയാതെ വിഷമിച്ചു. വന്നു കണ്ടപ്പോഴാണ് ആശ്വാസമായത്.” വേവലാതിയുണ്ടെന്ന് തോന്നിയെങ്കിലും മുഖത്ത് കണ്ടില്ല. കണ്ണുകളിൽ വാത്സല്യത്തിന്റേയും സ്നേഹത്തിന്റേയും തിളക്കം.

അമ്മ കണ്ടുവെന്നു പറയുന്ന സ്വപ്നങ്ങൾ പലതും അയാളുടെ ജീവിതത്തോട് അടുത്തതായിരുന്നുവെന്ന് അയാൾക്ക് തോന്നാറുണ്ട്. ബിസിനസ്സ് ഒരു കടൽ തന്നെ. ചിലപ്പോൾ അതില്‍പ്പെട്ട് തുഴയാനാവാതെ ഒഴുകിനടന്നിട്ടുണ്ട്.

ഫാക്ടറിയ്ക്ക് തീ പിടിച്ചദിവസം അമ്മ വീണ്ടും വന്നു. തീ പിടിച്ചെന്ന് പറയാനേ ഉള്ളൂ. പടർന്നില്ല. പെട്ടെന്ന് കണ്ടതുകൊണ്ട് കാര്യമായിട്ടുള്ള നഷ്ടങ്ങളും ഇല്ല.

എന്നാലും അമ്മ വന്നു പറഞ്ഞു. “നീ കൊടും കാട്ടിലാണ്. നടന്ന് നടന്ന് ഉള്ളിലേക്ക് പോകുന്നു. പിന്നെ വഴി കിട്ടാത്തപോലെ. കുഴപ്പമെന്തെങ്കിലും ഉണ്ടാവുമോയെന്ന് കരുതി വന്നതാണ്.”

തീയുടെ കാര്യം ആൾക്കാർ പറഞ്ഞുതന്നെ അമ്മ അറിഞ്ഞുകാണും. അതുകൊണ്ട് വിശദീകരിച്ച് ഒന്നും പറഞ്ഞില്ല. പ്രത്യേകിച്ചൊരു വിഷമവും കണ്ടുപിടിക്കാനില്ലാഞ്ഞതുകൊണ്ട് അമ്മ വേഗം പോയി.

പല സന്ദർഭങ്ങളിലും അമ്മ വരുകയും, നല്ല സ്വപ്നങ്ങളും ചീത്ത സ്വപ്നങ്ങളും പങ്കുവെച്ചും, ആശ്വസിപ്പിച്ചും, സ്വയം ആശ്വസിച്ചും തിരിച്ചുപോവുകയും ചെയ്തു. അയാൾക്കും അതൊരു നല്ല കാര്യമായിട്ടേ തോന്നിയുള്ളൂ. ഇതൊക്കെയില്ലാതെ എന്തു ജീവിതം. സ്നേഹം, സന്തോഷം പങ്കുവയ്ക്കൽ, ദുഃഖം, പങ്കുവെച്ച് കാഠിന്യം കുറയ്ക്കൽ. അങ്ങനെ പോകും ജീവിതം.

ഹാർട്ട് അറ്റാക്ക് വന്ന് കിടക്കുമ്പോഴും അയാൾ അത്രയേ കരുതിയുള്ളൂ. അമ്മ ഓടിവരുന്നുണ്ടാവും. ചീത്ത സ്വപ്നമായിരിക്കും, തീർച്ച. ചെറിയൊരു ആകാംക്ഷയിലാണ് അയാൾ കാത്തുകിടന്നത്.

കാത്തിരുന്ന് കാത്തിരുന്ന് മുഷിഞ്ഞ് അയാൾക്ക് ഒടുവിൽ അമ്മയുടെ അടുത്തേക്ക് പോകേണ്ടിവന്നു.

പ്രിയപ്പെട്ടവരുടെ സ്വപ്നങ്ങളിൽ നിറയാൻ.

വേവലാതികളിൽ ആശ്വസിപ്പിക്കാൻ.

ഓർമ്മകളിൽ തെളിഞ്ഞുനിൽക്കാൻ.

Labels: