Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, January 15, 2016

ദൈവത്തിനു നന്ദി

 പതിവുപോലെ പുതുവര്‍ഷതീരുമാനങ്ങള്‍ എടുക്കുന്നില്ല എന്നു തീരുമാനിച്ചു. കാരണം എല്ലാം തീരുമാനിക്കുന്നത് മുകളിലുള്ളൊരാളാണ്. നമ്മളിനി എന്തൊക്കെ അഭ്യാസങ്ങള്‍ കാണിച്ചാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്നാണ് കഴിഞ്ഞ കൊല്ലം എനിക്കു മനസ്സിലായത്. സംഭവബഹുലമായ എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലായതും കഴിഞ്ഞ കൊല്ലത്തിലാണ്. പിന്നെ ഞാന്‍ കുറച്ചു “യഥാര്‍ത്ഥ” പണിയെടുത്തു എന്നതാണ് വേറെ ഒരു കാര്യം. അതായത് ഞാന്‍ സ്ഥിരം എടുക്കുന്ന പണിയൊന്നും ആരുടേം കണക്കില്‍പ്പെടുന്നില്ലല്ലോ. ഇത് ശമ്പളം കിട്ടുന്ന പണിയായിരുന്നു. അപ്പോ എല്ലാരും കണക്കില്‍ കൂട്ടുമല്ലോ. ;) ഇല്ല ഇപ്പോ പണിയൊന്നുമില്ല. വീടുമാറ്റം, ഡങ്കിപ്പനി തുടങ്ങി വല്യ സംഭവങ്ങളും വേറെ ചെറിയ പല സംഭവങ്ങളും കഴിഞ്ഞകൊല്ലം എന്റെ ജീവിതം ധന്യമാക്കി.  നിങ്ങള്‍ക്കില്ലാത്ത ഡങ്കിപ്പനി എനിക്കെന്തിന്  എന്നു ഞാന്‍ വിചാരിച്ചിട്ട് കാര്യമൊന്നുമുണ്ടായില്ല. അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുകയാണെങ്കില്‍ ഡങ്കിപ്പനി വന്നാല്‍ നല്ലോണം വിശ്രമിക്കണം, വെള്ളം കുടിച്ചോണ്ടിരിക്കണം, പഴങ്ങള്‍ തിന്നോണ്ടിരിക്കണം. ഡങ്കിപ്പനിയാണോ കാരണം എന്നറിയില്ല, “എന്റെ മുടി കൊഴിയുന്നു, ഞാന്‍ എന്തുചെയ്യണം ഡോക്ടര്‍?” എന്നെനിക്ക് ചോദിക്കേണ്ടിവരില്ല. കാരണം ഞാന്‍ മൊട്ടച്ചിയായി. അല്ലെങ്കിലും വല്യ കാര്‍കൂന്തലൊന്നും ഇല്ലായിരുന്നു. ചിലപ്പോള്‍ പനി സമയത്ത് കുളിക്കാഞ്ഞിട്ടാവും. എന്തായാലും ഡങ്കിപ്പനി ഒരു സംഭവം ആണ്. നമുക്കു പല തിരിച്ചറിവും കിട്ടാനും ഡങ്കിപ്പനി സഹായിക്കും. വിശദമായ അദ്ധ്യായം ഞാനെന്നെങ്കിലും എഴുതിയേക്കാവുന്ന ആത്മകഥയില്‍ വായിക്കാം. പ്ലീസ്, വായിക്കാതിരിക്കരുത്. ഇക്കൊല്ലം  എന്നെക്കാത്തിരിക്കുന്നത് എന്തൊക്കെയാണെന്നറിയില്ല. വരുന്നിടത്തുവെച്ചുകാണാം എന്നാണ് തീരുമാനം. ബാക്കിയൊക്കെ പിന്നെപ്പറയാം. ഇവിടെയൊക്കെത്തന്നെ കാണുമല്ലോ അല്ലേ?

മഴയെക്കുറിച്ചെഴുതാനാണെനിക്കെന്റെ മലയാളം,
പുഴയെക്കുറിച്ചെഴുതാനാണെനിക്കെന്റെ മലയാളം.

ശ്ശോ! എന്റെ സൂര്യഗായത്രി പുതിയ വര്‍ഷം തുടങ്ങുന്നു. എന്താല്ലേ! :)

ദൈവത്തിനു നന്ദി. എന്റെ കൂട്ടുകാര്‍ക്കും.

Labels:

5 Comments:

Blogger Daasan said...

സുവിന്റെ എഴുത്തിനു നന്ദി..

കഴിഞ്ഞ കൊല്ലം എനിക്ക് ചിക്കൻ പോക്സാണ് വന്നത്. ശരിക്കും പറഞ്ഞാൽ ഒരസുഖം വന്നാൽ ഇത്രയും സന്തോഷത്തോടെ ഇരിക്കാൻ സാധിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. വായന,സിനിമ പിന്നെ ഈ അസുഖം കാരണം എന്നെ ശ്രദ്ധിക്കുന്നതുകൊണ്ട്, നഷ്ടപ്പെട്ടെന്ന് കരുതിയ ജീവിതത്തിലേക്ക് ഉറ്റവരുടെ തിരിച്ചു വരവ്. ഒരുമുറിയിൽ തന്നെ ഇരിക്കുന്നതിന്റെ ബുദ്ധിമുട്ട് ഇതൊക്കെ കൊണ്ട് അനുഭവപ്പെട്ടതേയില്ല.

Fri Jan 15, 09:33:00 pm IST  
Blogger ശ്രീ said...

2015 എനിയ്ക്കും സംഭവബഹുലമായിരുന്നു എന്നു തന്നെ പറയാം. എനിയ്ക്കെന്താണു വന്നതെന്ന് ഞാന്‍ ഒരു വിധേന എഴുതിയിട്ടിട്ടുണ്ട്. എന്തായാലും പുതുവര്‍ഷം സന്തോഷം നിറഞ്ഞതാകട്ടെ എന്നാശംസിയ്ക്കുന്നു, ചേച്ചീ.

'സൂര്യഗായത്രി' പത്തുവര്‍ഷം കഴിഞ്ഞല്ലോ അല്ലേ?

Sun Jan 17, 02:10:00 pm IST  
Blogger ajith said...

എനിക്കാണെങ്കിൽ എല്ലാ വർഷവും ഒരുപോലെ തോന്നുന്നു

Thu Jan 21, 11:31:00 pm IST  
Blogger സു | Su said...

ദാസന്‍ :) ബ്ലോഗില്‍ വന്നതിനു നന്ദി. സൌഖ്യം ആശംസിക്കുന്നു.

അജിത്തേട്ടാ :) ജോലിയൊക്കെ വിട്ട് രാഷ്ട്രീയത്തിലൊക്കെ ചേര്‍ന്നൂടേ? എന്നാ വല്ല സമരത്തിനും പോയാല്‍ വര്‍ഷം അല്ല, ദിവസം തന്നെ മാറി മാറി “കിട്ടും”. ;)

ശ്രീ :) പോസ്റ്റ് വായിച്ചു. എന്താ പറയേണ്ടതെന്നറിയില്ല. സുഖമായി ഇരിക്കൂ എന്നു മാത്രം പറയുന്നു.

Fri Feb 19, 09:07:00 pm IST  
Blogger സുധി അറയ്ക്കൽ said...

ബ്ലോഗിൽ പത്ത്‌ വർഷമോ????

Wed Mar 09, 01:02:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home