Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, April 21, 2005

അമ്മാവനും അമ്മായിക്കും പറ്റിയ അമളി!!!!!

എവിടേക്കെങ്കിലും യാത്ര പോകുവാന്നു വെച്ചാല്‍ എനിക്കു വല്യ ഇഷ്ടം ഉള്ള കാര്യം ആണു. വാഹനത്തില്‍ കയറിയാല്‍ ചര്‍ദ്ദി , ഉറക്കം , പിന്നെ എത്തുന്നിടത്തൊക്കെ ഷോപ്പിങ്ങ്‌ എന്നീ അസുഖങ്ങള്‍ എനിക്കില്ലാത്തതുകൊണ്ടു എവിടെ പോകുമ്പോഴും സൌകര്യമുണ്ടെങ്കില്‍ എന്നെ കൂടെ കൂട്ടാന്‍ ചേട്ടനും വല്യ ഇഷ്ടം ആണു. ചേട്ടനു എതേലും വാഹനത്തില്‍ കയറിയാ അപ്പൊ ഉറക്കം വരും. എന്നെ കൂടെ കൂട്ടിയാല്‍ ലഗ്ഗേജ്‌ ഒക്കെ ഞാന്‍ നോക്കിക്കോളുമല്ലൊ. അങ്ങിനെ ഒരു യാത്രപുറപ്പെട്ടു. കുറച്ചു ദൂരത്തേക്കാണെങ്കിലും ട്രെയിനില് ‍പോകാമെന്നു വെച്ചു. റെയില്‍വ്വേ സ്റ്റേഷനില്‍ എത്തി. ടിക്കറ്റ്‌ കൌണ്ടറിനടുത്തു ഒറ്റ ജീവിയില്ല. ഇലക്ഷന്‍ കഴിഞ്ഞ ബൂത്ത്‌ പോലെ ശാന്തം. ചേട്ടന്‍ ടിക്കറ്റ്‌ എടുക്കാന്‍ പോയി. ഒരു ട്രെയിന്‍ പുറപ്പെട്ടു പോകുന്നുണ്ടു. പോ പോ വേഗ്ഗം പോ എന്നിട്ടു വേണം ഞങ്ങള്‍ക്കു പോകാന്‍ ഉള്ള വണ്ടി വരാന്‍ എന്നു ഞാന്‍ ട്രെയിനിനെ നോക്കി പറഞ്ഞു. കൌണ്ടറിലെ സുന്ദരി എന്നെ നോക്കി ചേട്ടനോടു എന്തോ പറയുന്നുണ്ടു. ലെസ്സ്‌ ലെഗ്ഗേജ്‌ മോര്‍ കംഫെര്‍ട്‌ എന്നല്ലേ പ്രമാണം ? എന്നിട്ടാണോ ഇതിനേം വെലിച്ചുംകൊണ്ടു യാത്രക്കിറങ്ങിയതു എന്നായിരിക്കും അവള്‍ പറഞ്ഞതു. ആര്‍ക്കറിയാം? ചേട്ടന്‍ ആ നിമിഷത്തില്‍ , ടിയര്‍ഗ്ഗ്യാസ്‌ പൊട്ടിച്ചപ്പൊ പായുന്ന കുട്ടിനേതാവിനെപ്പോലെ പാഞ്ഞു വന്നു എന്റെ കൈയും പിടിച്ചു ട്രെയിനിനു നേരെ ഓടി. എന്താ എന്തുപറ്റി എന്നു ഞാന്‍ ചോദിച്ചപ്പൊ ആ പോകുന്ന ട്രെയിനിലാ നമുക്കും പോകേണ്ടതു എന്നു ചേട്ടന്‍!! രണ്ടാളുടെ കൈയിലും ഓരോ ബാഗ്ഗ്‌ ഉണ്ട്‌ .അതു രണ്ടാളും വണ്ടിയിലേക്കിട്ടു. ചേട്ടന്‍ ഒരു വിധം ചാടിക്കയറി. എന്നിട്ടു കൈയും പുറത്തേക്കിട്ടു കയറു കയറു എന്നു എന്നോടു പറയാന്‍ തുടങ്ങി. ഇതിലും ഭേദം കയറെടുക്കുന്നതു തന്നെയാ എന്ന മട്ടില്‍ ഞാന്‍ ഓടാന്‍ തുടങ്ങി. എകദേശം ഒരു ദില്‍വ്വാലേ ദുല്‍ഹനിയാ..... യുടെ ആവര്‍ത്തനം!! 100 രൂപാ പോലും ടിക്കറ്റിനു ആവാത്ത സ്ഥിതിക്കു ചങ്ങല വെലിച്ചു ആളാവാന്‍ ചേട്ടന്‍ തയ്യാറാവില്ല എന്നു എനിക്കറിയാം. ഓടുക തന്നെ രക്ഷ!! പ്ളാറ്റ്ഫോം തീര്‍ന്നാല്‍പ്പിന്നെ ഞാന്‍ എവിടെക്കിടന്നു ഓടും എന്നോര്‍ത്തപ്പോള്‍ നമ്മുടെ ഉഷച്ചേച്ചിയെ മനസ്സില്‍ ധ്യാനിച്ചു ഒരു കുതിപ്പു!!! ചേട്ടന്റെ കൈയും പിടിച്ചു വണ്ടിക്കകത്തേക്കു എത്തിപ്പെട്ടു. നോക്കുമ്പോള്‍ കുറച്ചു സ്ത്രീ ജനങ്ങള്‍ അവിടെയും ഇവിടെയും ഒക്കെ ഇരുന്നു രാത്രിയില്‍ ദുര്യോധനവധം കഥകളി കാണാന്‍ പോയിട്ടു അതിന്റെ ക്ഷീണം തീര്‍ക്കുന്നതുമാതിരി കുംഭകര്‍ണസേവ നടത്തുന്നുണ്ടു.ചേട്ടനു പറ്റിയ സഹയാത്രികര്‍ എന്നു ഞാന്‍ മനസ്സിലോര്‍ത്തു. ഇലക്ഷനില്‍ കഷ്ടിച്ചു രക്ഷപ്പെട്ട നേതാവിനെപ്പോലെ ചേട്ടന്‍ എന്നെ നോക്കി ആശ്വാസപ്പുഞ്ചിരി തൂകി. എന്നിട്ടു ഇരുന്നു മയങ്ങാന്‍ ഉള്ള ഒരുക്കം തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ വെടിക്കെട്ടു കഴിഞ്ഞു എല്ലാം പൊട്ടിയില്ലേ എന്നു നോക്കാന്‍ വെടിക്കെട്ടുകാരന്‍ വരുന്ന മാതിരി ടിക്കറ്റ്‌ പരിശോധകന്‍ പമ്മിപ്പമ്മി വന്നു. ഞാന്‍ ചേട്ടനോടു പറഞ്ഞു ദേ ആളുവന്നു ടിക്കറ്റ്‌ കാണിക്കൂ എന്നു. ചേട്ടന്‍, ഞങ്ങള്‍ കള്ളവണ്ടി കയറുന്നവരൊന്നും അല്ല എന്ന മട്ടില്‍ ടിക്കറ്റ്‌ കാണിച്ചു. അയാള്‍ അതു നോക്കി ശരി വെച്ചു. എന്നിട്ടു എന്നെയും ചേട്ടനേയും ഒന്നു മാറി മാറി നോക്കി. എന്നിട്ടു പറഞ്ഞു ഇതു ലേഡീസ്‌ കമ്പാര്‍ട്മെന്റാണു ,അടുത്ത സ്റ്റേഷന്‍ എത്തിയാല്‍ മാറിക്കയറിക്കോളൂ എന്നു!! അപ്പോഴേക്കും സഹയാത്രികര്‍ ഒക്കെ ഉണര്‍ന്നിരുന്നു .അയാള്‍ എല്ലാരോടും ടിക്കറ്റ്‌ വാങ്ങി നോക്കിയിട്ടു ചേട്ടനെ ഒന്നു നോക്കിയിട്ടു നടന്നു. ഇതു നിന്റെ സ്ഥിരം പരിപാടി ആണോ മോനേ ദിനേശാ എന്നാണോ ആ നോട്ടത്തിന്റെ അര്‍ഥം എന്നു ഞാന്‍ ആലോചിച്ചു.ഹേയ്‌ അതാവില്ല .എല്ലാവരും ഞങ്ങളെ നോക്കുന്നുണ്ടു.ഞാന്‍ ചേട്ടനെ നോക്കി ഒന്നു പുഞ്ചിരിച്ചു. സാരമില്ല ,ജീവിതത്തില്‍ ഇങ്ങനെ എന്തൊക്കെ പറ്റാന്‍ ഇരിക്കുന്നു എന്നാണു ആ പുഞ്ചിരിയുടെ അര്‍ഥം എന്നു ആ സ്ത്രീകള്‍ ഊഹിച്ചുകാണും എന്നു എനിക്കറിയാം. പക്ഷെ വീട്ടിലോട്ടു ചെല്ലട്ടെ നിങ്ങക്കു ഞാന്‍ വെച്ചിട്ടുണ്ടു മനുഷ്യാ എന്നാണു അതിന്റെ അര്‍ഥം എന്നു ചേട്ടനു നല്ലോണം അറിയാം . ഞങ്ങള്‍ ഇന്നും ഇന്നലേയുമൊന്നും കാണാന്‍ തുടങ്ങിയതല്ലല്ലോ. വാചകമടി കേട്ടു സഹികെട്ടു പാര്‍ട്ടിക്കാര്‍ പുറത്താക്കിയ മക്കള്‍ തിലകത്തെപ്പോലെ ചേട്ടന്‍ എന്നെ ചമ്മലോടെ നോക്കി.
ഞാന്‍ അടുത്ത സ്റ്റേഷനിലും ദില്‍വ്വാലേ ദുല്‍ഹനിയാ... ആവര്‍ത്തിക്കേണ്ടിവരുമല്ലോ എന്നുള്ള പരിഭ്രമത്തില്‍ ഇരുന്നു. അല്ലാതെന്തു ചെയ്യാന്‍?
കൂ കൂ കൂ കൂ തീവണ്ടി,
കൂകിപ്പായും തീവണ്ടി,
ചാടിക്കയറും ഒരു മണ്ടന്‍!
ഓടിക്കയറും ഒരു മണ്ടി!

4 Comments:

Blogger rathri said...

orikkal ithupoluLLa oru amaLI patti. ennal compartementilottu kaletuthuvekkunnathinu munne thanne
peNvyagrangal chaTi veeNathinal kathaykkulla marunnilla:)

Thu Apr 21, 06:50:00 pm IST  
Blogger ഉമേഷ്::Umesh said...

പ്രിയപ്പെട്ട "സൂ"വിനു്‌,

നര്‍മ്മഭാവനകള്‍ ഞാന്‍ മുടങ്ങാതെ വായിക്കാറുണ്ടു്‌. എല്ലാം ഒന്നിനൊന്നു മെച്ചം എന്നു പറയേണ്ടിയിരിക്കുന്നു. എഴുത്തിന്റെ ശൈലി കണ്ടിട്ടു്‌ ആള്‍ ഒരു IAS കാരിയാനെന്നു തോന്നുന്നു. (ഒരുകാലത്തു്‌ നര്‍മ്മം IAS-കാരുടെ കുത്തകയായിരുന്നു എന്നു്‌ ഓര്‍ക്കുക - മലയാറ്റൂര്‍, സി. പി. നായര്‍, ജെ. ലളിതാംബിക തുടങ്ങിയവര്‍).

പതിവുപോലെ ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ ഒരുപാടു പൊടിക്കൈകള്‍ ഇതിലുമുണ്ടു്‌. ഉദാഹരണങ്ങള്‍:

ഛര്‍ദ്ദി, ഉറക്കം, പിന്നെ എത്തുന്നിടത്തൊക്കെ ഷോപ്പിംഗ്‌ എന്നീ അസുഖങ്ങള്‍...

Less luggage, more comfort എന്നല്ലേ പ്രമാണം, എന്നിട്ടാണോ ഇതിനെയും വലിച്ചും കൊണ്ടു യാത്രയ്ക്കിറങ്ങിയതു്‌?

ടിയര്‍ഗ്യാസു പൊട്ടിച്ചപ്പോ പായുന്ന കുട്ടിനേതാവിനെപ്പോലെ...

ഏകദേശം ഒരു "ദില്‍വാലേ ദുല്‍ഹനിയാ"യുടെ ആവര്‍ത്തനം!

രാത്രിയില്‍ ദുര്യോധനവധം കഥകളി കാണാന്‍ പോയിട്ടു്‌ അതിന്റെ ക്ഷീണം മാറ്റുന്നമാതിരി... (ദുര്യോധനവധം എന്നുതന്നെ പറയണം; മറ്റേതെങ്കിലും കഥയാണെങ്കില്‍ രാത്രിയില്‍ ഉറക്കം നഷ്ടപ്പെടില്ല - ഉമേഷ്‌)

വെടിക്കെട്ടു കഴിഞ്ഞു്‌ എല്ലാം പൊട്ടിയില്ലേ എന്നു നോക്കാന്‍ വെടിക്കെട്ടുകാരന്‍ വരുന്ന മാതിരി ടിക്കറ്റ്‌ പരിശോധകന്‍ പമ്മിപ്പമ്മി വന്നു...

സൂവിന്റെ (അതോ "സൂയുടെ" എന്നാണോ വേണ്ടതു്‌?) ഉപമകള്‍ വളരെ രസകരമാണു്‌. പണ്ടു്‌ സ്വയംവരത്തിനു വന്ന രാജാക്കന്മാരുടെ ഇടയില്‍ക്കൂടി പോയ ഇന്ദുമതിയെ ദീപശിഖയോടുപമിച്ച കാളിദാസനെ വാഴ്ത്താന്‍ ആരോ "ഉപമാ കാളിദാസസ്യ" എന്നു പറഞ്ഞു. മലയാളത്തില്‍ അതു്‌ "ഉപമ വേളൂര്‍ കൃഷ്ണന്‍ കുട്ടിയുടേതു്‌" എന്നാക്കണമെന്നു്‌ എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ടു്‌. സമുദ്രം പോലെ അദ്ദേഹം എഴുതിക്കൂട്ടിയ നര്‍മ്മഭാവനകളില്‍ ഒരുപാടു്‌ ഉപമാമൌക്തികങ്ങള്‍ ചിതറിക്കിടപ്പുണ്ടു്‌. നമുക്കിപ്പോള്‍
"ഉപമ സൂര്യഗായത്രിയുടേതു്‌" എന്നു പറയാമെന്നു തോന്നുന്നു.

നല്ല പംക്തി. ഇനിയും എഴുതൂ. ആശംസകള്‍!

- ഉമേഷ്‌

Fri Apr 22, 02:32:00 am IST  
Blogger ഉമേഷ്::Umesh said...

ഒന്നു പറയാന്‍ വിട്ടുപോയി. എനിക്കേറ്റവും ഇഷ്ടപ്പെട്റ്റതു്‌ അവസാനത്തെ പാട്ടാണു്‌:

ചാടിക്കയറും ഒരു മണ്ടന്‍
ഓടിക്കയറും ഒരു മണ്ടി...

- ഉമേഷ്‌

Fri Apr 22, 04:07:00 am IST  
Anonymous Anonymous said...

Umeshinu,
Thanks!
Njaan oru IAS kari thaneeyanu. Indian Adukkala Service!!!
Athinidakku kittunna samayam aalkkare vadhichekkam ennu karuthiyaanu ithu thudangiyathu.Ishtappettal bhagyam ,illenkil enne arum ariyathathukontu bhagyam enne njan vicharikkunnullu. Jeevitham pole thanne ennu venamenkilum theerkkan pattunna oru thamasha ayitte njan ithinem kanunnullu.Comments kanumpol, arenkilumokke vayikkunnuvennu kanumpol santhosham.
RAATRINCHARAAAA.... :):):)

Su.

Fri Apr 22, 01:38:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home