Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, December 01, 2005

തീരുമാനം!

ഭാരം നിറച്ചു പോകുന്ന വാഹനം പോലെയാണ് തോന്നിയത്‌. കണ്ണുമിഴിച്ചപ്പോൾ ആരോ കിണറ്റിൽ നിന്ന് വെള്ളം കോരുകയാണ്. ചെമ്പരത്തി, മന്ദാരം, ചേമ്പില, താളിച്ചെടി.... ഇവിടെ മാത്രം കിട്ടുന്ന കാഴ്ച. കാണാനും സമയം ഇല്ല, ഉണ്ടാക്കാനും സമയം ഇല്ലാത്ത ഒരിടം, അവിടുത്തെ ലക്ഷ്യമില്ലാത്ത പൊറുതി. ഓർക്കാൻ വയ്യ. തണുത്ത കാറ്റും, അടുക്കളയിൽ നിന്ന് വെളിച്ചെണ്ണ ചൂടായ മണവും ഒരുമിച്ചു വന്നു. പതുക്കെ എണീറ്റു. ഇനിയും രണ്ടുനാൾ കൂടെ ഈ സൌഭാഗ്യങ്ങൾ. അച്ഛൻ ചാരുകസേരയിൽ പുറത്തിരിപ്പുണ്ട്‌. കിണറ്റിൻ കരയിലേക്ക്‌ നടന്നു. കുളിമുറിയുടെ ചുവരിൽ തൂക്കിയിട്ട പ്ലാസ്റ്റിക്‌ കൊട്ടയിൽ ബ്രഷും പേസ്റ്റും. എടുത്തു. പച്ചപ്പ്‌ കണ്ട്‌ പല്ലുതേക്കൽ. കുട്ടിക്കാലത്തേക്ക്‌ പോകുന്നു മനസ്സ്‌. പല്ല് തേക്കുക, അമ്പലക്കുളത്തിലേക്ക്‌ ഓടുക. ഒരുമണിക്കൂർ കഴിഞ്ഞ്‌ അച്ഛനോ അമ്മയോ ദേഷ്യപ്പെട്ടു വരുമ്പോൾ മുങ്ങിക്കയറി വീട്ടിലേക്കോടുക, ചായയും പലഹാരവും കഴിച്ച്‌ സ്കൂളിലേക്ക്‌ ഓടുക. അന്നും ഓട്ടം ഇന്നും ഓട്ടം. അന്നത്തെ ഓട്ടത്തിനൊരു മാധുര്യം, ഇന്നത്തെ ഓട്ടത്തിനൊരു ചവർപ്പ്‌. അത്രേയുള്ളൂ വ്യത്യാസം.

ഉമ്മറത്ത്‌ എത്തിയതും ചായ കിട്ടി. അച്ഛൻ പേപ്പറും വെച്ചു നീട്ടി. കുളത്തിൽ പോകുന്നില്ലേ? ഉം. ഒന്നും തീരുമാനിക്കാത്ത ഒരു മൂളൽ. വായനയിൽ മനസ്സു നിൽക്കുന്നില്ല. ഇനി രണ്ടുനാൾ. അതുകഴിഞ്ഞാൽ ജീവിക്കാൻ വേണ്ടി മാത്രം ആരുടേയോ ജോലിക്കാരൻ ആവാനുള്ള യാത്ര. ഒരു പക്ഷെ ജീവിതയാത്ര തന്നെ അവസാനിച്ചേക്കാവുന്ന ഒരിടം. സ്വാർഥതകളുടെ ലോകം. പിന്നോട്ട്‌ തിരിഞ്ഞ്‌ നോക്കാത്ത ഓട്ടം.
“മാമാ”
‘ ഉം?’

കണ്ണനും ദീപുവും.
“വിമാനത്തിൽ നിന്ന് താഴോട്ട്‌ നോക്കാൻ പറ്റില്ലേ?”
“പറ്റുമല്ലോ”

“എന്നിട്ട്‌ ദീപു പറയ്യാ ഒന്നും നോക്കാൻ പറ്റില്ലാന്ന് . കോളേജിൽ പഠിച്ചു കഴിഞ്ഞാൽ ഞാനും വിമാനത്തിൽ കയറിപ്പോകും.”
ജയിച്ച ഭാവത്തോടെ കണ്ണൻ ദീപുവിനെ നോക്കി. നിഷ്കളങ്കമായ ചിന്തകൾ. വല്യമ്മാവൻ അവധി കഴിഞ്ഞ്‌ പോകാൻ പുറപ്പെടുമ്പോൾ താൻ പറഞ്ഞതും ഇത് പോലെയായിരുന്നല്ലോ എന്നോർത്തു. വിമാനത്തിനു പകരം തീവണ്ടി എന്നായിരുന്നു എന്നു മാത്രം. അന്ന് അമ്മാവൻ പറഞ്ഞതും ഓർമ വന്നു. “അപ്പു എങ്ങോട്ടും പോവേണ്ട,കോളേജ് കഴിഞ്ഞാൽ പഠിക്കുന്ന സ്കൂളിൽ മാഷായാൽ മതി.” അന്ന് അമ്മാവനോട് ദേഷ്യം വന്നു. അമ്മാവൻ അങ്ങനെ പറഞ്ഞത്‌ എന്താണെന്നു ഇന്ന് മനസ്സിലാകുന്നു.
വിട്ടുപോകരുത്‌ ഒന്നും..... നാടും വീടും. ബന്ധങ്ങൾ ഉപേക്ഷിച്ച്‌ പോകുന്നതുപോലെ ആയിരിക്കും അത്‌. അന്നു കേട്ടതിന്റെ ശരിയായ അർഥം മനസ്സിലാക്കാൻ ഇന്നു കഴിയുന്നു. ഇപ്പോൾ ഈ കുട്ടികളോട്‌ പറഞ്ഞാലും അവരും മനസ്സിലാക്കില്ല. അനുഭവം. അതിനു മാത്രമേ പാഠങ്ങൾ നൽകാൻ കഴിയൂ.


പറമ്പിലേക്കിറങ്ങി. അടുക്കളയിലെ ജനലിൽക്കൂടെ കാണുന്നുണ്ട്‌. സ്ത്രീകളുടെ തിരക്കിട്ട ജോലി ചെയ്യൽ. നനഞ്ഞ്‌ കിടക്കുന്ന പച്ചപ്പുല്ലുകളിൽക്കൂടെ നടക്കുമ്പോൾ തോന്നി. ഇവിടെ പറ്റില്ലേ ഇനിയും ജീവിതം. അകലെ... അകലേക്ക്‌ പോകുന്നതെന്തിനു? ചെടികൾക്കൊക്കെ തടമെടുത്ത്‌, തേങ്ങ പൊതിച്ച്‌ വിൽക്കാൻ ആളെ ഏൽപ്പിച്ച്‌, അടയ്ക്കയും കുരുമുളകും പറിച്ച്‌ വിറ്റ്‌, ഇലയിൽ ചോറുണ്ട്‌, ഉച്ചമയക്കം കഴിച്ച്‌, കുട്ടികളോടോത്ത്‌ പാടത്തിൻ കരയിൽ കളിച്ച്‌, കുളത്തിൽ കുളിച്ച്‌ അമ്പലത്തിൽ പോയി, സന്ധ്യ കഴിയുമ്പോഴേക്കും അങ്ങാടിയിൽ പോയി കൂട്ടുകാരോടൊത്ത്‌ വലിപ്പച്ചെറുപ്പമില്ലാതെ മിണ്ടിയും പറഞ്ഞും, രാത്രി ഏറെയാവുന്നതിനു മുൻപ്‌ വീട്ടിൽ വന്ന് അത്താഴം കഴിച്ച്‌ കിടന്നുറങ്ങുക. ഓർക്കാൻ തന്നെ എന്തൊരു സുഖം. എന്നിട്ട്‌ ചെയ്യുന്നതോ, പാതിരാ വരെ ടി.വി ക്കും കമ്പ്യൂട്ടറിനും മുന്നിലിരുന്ന് രാവിലെ ആവുമ്പോൾ ഓ.. ജോലിക്കു പോകണ്ടേന്ന് വിചാരം വരുമ്പോൾ ഒരു 10 മിനുട്ട്‌ കൂടെ കഴിയട്ടെ എന്നിട്ട്‌ എഴുന്നേൽക്കാം എന്നും കരുതി മയക്കം. എണീറ്റ്‌ നേരം വൈകിയല്ലോന്നുള്ള ചിന്തയിൽ എല്ലാം ഒരു കാട്ടിക്കൂട്ടൽ. ജോലിക്കു പോകൽ. ഇതിനൊരു അവസാനമില്ലേന്നുള്ള തോന്നലിൽ ജോലി ചെയ്യൽ, വൈകി വീടെത്തൽ, വീട്ടുകാരോട്‌ രണ്ടു വാക്ക്‌ മിണ്ടൽ. അതും ജോലി വീട്ടിലേക്ക്‌ ഇല്ലാത്ത ദിവസങ്ങളിൽ. എന്തൊക്കെയാണു ജീവിതത്തിൽ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത്‌? സ്വാതന്ത്ര്യം, സന്തോഷം, ബന്ധങ്ങൾ....
ഞാൻ ഇനി പോവുന്നില്ലാ.... നിങ്ങളോടൊത്ത്‌ കഴിയാൻ തീരുമാനിച്ചു എന്ന് ചുറ്റുമുള്ള വൃക്ഷങ്ങളോടും ചെടികളോടും ഒക്കെ പറയാൻ തോന്നി. പക്ഷേ അത്ര പെട്ടെന്ന് പറ്റുമോ? ഇനിയും കുറച്ചുകാലം കൂടെയെങ്കിലും നരകത്തിൽ.
തോർത്തുമെടുത്ത്‌ കുളത്തിലേക്ക്‌. പരിചയക്കാരെ കണ്ടു, വഴിയിൽ. തിരിച്ചുപോവാൻ ആയി അല്ലേ. ഉവ്വെന്ന് പറയുമ്പോൾ തേങ്ങുന്ന മനസ്സ്‌. എന്നും ഇതുപോലെ ഇവരെയൊക്കെ കണ്ട്‌, കുശലം പറഞ്ഞ്‌, കുട്ടിക്കാലത്തെ ആ നാൾ ഇനി തിരിച്ചു വരുമോ?കുളത്തിൽ മുങ്ങിക്കിടക്കുമ്പോൾ ശരിക്കും കണ്ണു നിറഞ്ഞു. വരുന്നു എന്നു തീരുമാനിച്ചപ്പോഴുള്ള സന്തോഷത്തിന്റെ ഇരട്ടി വിഷമം പോകാനുള്ള സമയം അടുക്കുമ്പോൾ. വീട്ടിൽ തന്നെ എല്ലാവരുടെയും മനസ്സിൽ പോയില്ലെങ്കിൽ എന്താ എന്നൊരു ചോദ്യം ഉണ്ട്‌. ചോദിക്കാൻ ആർക്കും പറ്റുന്നില്ല.

പ്രീത ചോദിക്കാറുണ്ട്‌, ‘വൈകുന്നേരം ഉമ്മറത്ത്‌ വിളക്ക്‌ കൊളുത്തി, നാമം ചൊല്ലി എല്ലാവരോടും മിണ്ടിയും പറഞ്ഞും ഇരിക്കുന്ന ആ സന്ധ്യ ഇനി ഉണ്ടാവില്ലേ’ ന്ന്. എന്തു പറയാൻ. ഓരോ ജോലിയെടുക്കുമ്പോഴും തിരിച്ചുപോകണ്ടേന്ന് ഓർത്ത്‌ ഒരു മരവിപ്പ്‌ വരുമെന്ന് അവൾ പറയാറുണ്ട്‌. വീട്ടിലെ ഓരോ വസ്തുക്കളോടും പോവാറായി പോവാറായി എന്ന് പറയാറുണ്ടത്രേ അവൾ.
ജീവിതം.... അത്‌ മറ്റാരോ നിയന്ത്രിക്കുന്നത്‌ ആവുമ്പോൾ വ്യസനിച്ചിട്ട്‌ എന്തു കാര്യം. അവിടെ തിരിച്ചെത്തിക്കഴിയുമ്പോൾ അവിടത്തെ ആൾ ആയി മാറുന്നതുവരെയുള്ള ഒരു വിഷമം പറയാൻ പറ്റില്ല. അച്ചാറും, പലഹാരങ്ങളും തീരുന്നതുവരെ നോവിപ്പിക്കുന്ന ഓർമകൾ തന്നെ. പിന്നെ വീണ്ടും അവരിൽ ഒരാളായി, ഒഴുക്ക്‌ തന്നെ. മനസ്സ്‌ വീണ്ടും തളിർക്കുന്നത്‌ വീണ്ടും നാട്ടിലേക്ക്‌ പോകാൻ തീരുമാനിക്കുന്ന ദിവസം ആണ്. അപ്പോൾ ഉണ്ടാവുന്ന അവസ്ഥ അവിടുത്തെ ജീവിതത്തിൽ ഒരിക്കലും കിട്ടാത്ത ഒന്നാണെന്ന് തോന്നും. ആ തയ്യാറെടുപ്പുകളിൽ പക്ഷേ തിരിച്ചുവരവിന്റെ ഓർമ ഒരിക്കലും കടന്നു വരാറില്ല.
അവിടെ ജീവിതം ആസ്വദിക്കുന്നവരുണ്ടാകുമോ? ഉണ്ടായിരിക്കാം. മനുഷ്യന്റെ മനസ്സ്‌ പലതരത്തിൽ അല്ലേ. ഓരോ വിശേഷദിവസങ്ങളിലും ഉള്ള ഒത്തുചേരൽ, വിട്ടുപോന്ന നാടും വീടും ഓർമ്മിപ്പിക്കുന്നു. ഒന്നോടിപ്പോയി എല്ലാരേം കണ്ടു വരാൻ കഴിഞ്ഞെങ്കിൽ. വിഷമം തോന്നുന്ന അവസരത്തിൽ മനസ്സിൽ വരുന്ന ചിന്ത. മനസ്സുകൊണ്ട്‌ എല്ലാരേം കാണുക. നിസ്സഹായതയിൽ വീണുപോകുന്ന മനസ്സ്‌.
ജോലി ചെയ്തില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും തിരിച്ചുപോകാൻ പറഞ്ഞേക്കാവുന്ന മുതലാളിമാർ. ഒരാൾ ഇറങ്ങിക്കിട്ടാൻ കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾ. കുറച്ചൊരു ആശ്വാസം ഉള്ളത്‌ ഭാര്യയും മക്കളും കൂടെയുള്ളത്‌. അല്ലാത്തവർ എത്ര? എന്തായിരിക്കും അവരുടെ ജീവിതം? വീട്ടുകാർക്ക്‌ വേണ്ടി ജോലിയെടുക്കുന്നു, അവരെ കാണാൻ പറ്റുന്നതോ മൂന്നും നാലും വർഷം കൂടുമ്പോൾ. അകൽച്ചകൾ മാറുമ്പോഴേക്കും തിരിച്ചു വരാൻ ആവും. അവരെയോർത്താൽ ഒരു ആശ്വാസം. പക്ഷേ ഓർക്കാൻ മനസ്സ്‌ വിട്ടിട്ടുവേണ്ടേ.
ഓരോ നിമിഷവും തിരിച്ചുപോകണ്ടേന്നുള്ള ചിന്തയിൽ മനസ്സ്‌ വേവുന്നു. അടുത്ത വരവിൽ കാണാൻ ആരൊക്കെയുണ്ടാകും എന്ന് ഞെട്ടലോടെ ഓർക്കുന്നു. പോയപോലെ തിരിച്ചു വരാൻ കഴിയുമോന്ന് ഓർക്കാതെ പറ്റില്ല. പലരും അവിടെത്തന്നെ ഒടുങ്ങിയിട്ടുണ്ട്.
മനുഷ്യൻ... ഓരോ ആൾക്കാരും ഓരോ തരത്തിൽ നിസ്സഹായരല്ലേ. പിന്നെ അഹങ്കാരം എവിടെ നിന്ന് വരുന്നു?
കുളിച്ചു മടങ്ങുമ്പോൾ ഉറച്ച തീരുമാനം എടുത്തു. പോയി ഏറിയാൽ ഒരു ആറു മാസം കൂടെ. തിരിച്ചുവരവ്‌. അതു ചിന്തിക്കാൻ പോലും ആവാത്തവർ ഉള്ളപ്പോൾ തന്റെ തീരുമാനം സന്തോഷമേ എല്ലാവർക്കും നൽകൂ. വീട്ടിലേക്ക്‌ കയറുമ്പോൾ നാട്ടിൻപുറത്തെ ജീവിതത്തിനെ വരവേൽക്കാൻ ഒരുങ്ങിയ അയാളുടെ മനസ്സിൽ സന്തോഷവും, ചുണ്ടിൽ പുഞ്ചിരിയും ഉണ്ടായിരുന്നു.

19 Comments:

Blogger aneel kumar said...

മനോഹരമായ, നടക്കാത്ത ആശ :(

Thu Dec 01, 07:58:00 pm IST  
Blogger viswaprabha വിശ്വപ്രഭ said...

ഇതു സൂ എഴുതിയതാണോ?

ഒരു ജോലിയുമില്ലാതെ വീട്ടിലിരിക്കുന്ന സൂ?

മരുഭൂമിയും വിമാനങ്ങളും ലേബർ ക്യാമ്പുകളും കണ്ടിട്ടുപോലുമൈല്ലാത്ത സൂ?

പ്രഹേളികകൾ പോലെ നിരന്നുകിടക്കുന്ന ആപ്പീസുവനങ്ങളും അവയ്ക്കുള്ളിലെ ചില്ലുമുറികളും ചവിട്ടിത്തകർത്തോടുന്ന, തിരക്കു പിടിച്ച ബോസ്സുമാരെയും സെക്രട്ടറിമാരെയും സ്വപ്നത്തിൽ പോലും കാണുവാൻ ഇടയില്ലാത്ത വെറും സാദാ വീട്ടമ്മയായ സൂ?

എത്ര കാലമെടുത്തു ഈ കഥ എഴുതാൻ?
അതോ ഇതു സൂ പെട്ടെന്നെഴുതിയതാണോ?

എങ്കിൽ,
സൂ,
ഈ സർഗ്ഗസങ്കല്പശക്തിയ്ക്ക് ആരാധനയുടെ പുഷ്പങ്ങൾ ആദരവിന്റെ നൂലിൽ കോർത്തെടുത്ത ഒരു കുഞ്ഞുപൂമാല!

Thu Dec 01, 10:08:00 pm IST  
Blogger evuraan said...

സൂ,

നന്നായിരിക്കുന്നു.

ഒരു സജെഷൻ:
കൂടുതൽ പാരാഗ്രാഫൊക്കെ (ഖണ്ഡികകൾ) ഇട്ട്, സംഭാഷണശകലങ്ങളൊക്കെ ഒന്ന്
indent ചെയ്താൽ നന്നായേനെ. ഖണ്ഡികളുടെ ഇടയിലോരൊ ബ്ലാങ്ക് ലൈനും വേണമെന്ന് തോന്നുന്നു.

--ഏവൂരാൻ

Thu Dec 01, 10:33:00 pm IST  
Blogger keralafarmer said...

രണ്ട്‌ കുത്തും ഒരു ബ്രാക്കെറ്റും ആയി കമെന്റ്‌ രേഖപ്പെടുത്താൻ തോന്നിയില്ല. കാരണം 17 വർഷം ഇതിനേക്കാൾ കടുത്ത ദ്‌ഃഖം അനുഭവിച്ചതുകോണ്ട്‌ സു എഴുതിയത്‌ വളരെവേഗം മനസിലായി. തോന്നുമ്പോൾ ഇട്ടെറിഞ്ഞ്‌ തിരികെപ്പോരാൻ പറ്റിയ ഒരിടമല്ലായിരുന്നു പട്ടാളം. എങ്കിലും സു വളരെ നന്നായി അവതരിപ്പിച്ചു.

Fri Dec 02, 06:08:00 am IST  
Blogger Kumar Neelakandan © (Kumar NM) said...

നന്നായിട്ട് എഴുതിയിരിക്കുന്നു.

Fri Dec 02, 01:14:00 pm IST  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

കൊള്ളാം കേട്ടോ..!
:)

Fri Dec 02, 03:35:00 pm IST  
Blogger അഭയാര്‍ത്ഥി said...

Theerumaanam- enteyum

Su soothram ayagna lalitham. I commented so before. Now she is proving she can put in to words much more slender feelings. Not a word excess, not less.

Every one of us, more apt to say me, exactly felt the same way as the character felt many times. It ended up in losing job 3 times, financial loss.

One of my lady colleague found I am always nostalgic and asked “ why u always like ur village, and want to go back”. My answer was “ I want to watch the rain while idly sitting in the portico, want to watch passing cows nonchalantly plummeting cow dung while smoking a beedi, and thinking about the human woes. Chatting with the passer. Etc….”.

She told me “you are crazy”. I told “yes I am”.

She belongs to 21st century myriads, and I am that bloody old gothic man.

Su, u wrote my Biography and I am indebted to u.

Fri Dec 02, 04:21:00 pm IST  
Blogger myexperimentsandme said...

വളരെ നന്നായിരിക്കുന്നു,സൂ.. ഏതു ദൂരയാത്രയുടെയും നൊമ്പരങ്ങൾ ഒന്നുതന്നെ.

Fri Dec 02, 04:43:00 pm IST  
Blogger സുധ said...

ബന്ധുക്കളെയും കൂട്ടുകാരെയും നാട്ടുകാരെയും പ്രകൃതിയെയും കണ്ട് സായൂജ്യമടയുന്നതിനുമുൻപ് ‘തിരിച്ചെന്ന് പ്വോണ്’ എന്ന ചോദ്യം മനസ്സിനെ വല്ലാതെ വിഷമിപ്പിയ്ക്കാറുണ്ട്. സൂ.......

Sat Dec 03, 12:08:00 am IST  
Blogger ചില നേരത്ത്.. said...

ഒമാനിലെ യാതനകള്‍ സഹിച്ച് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കുറ്റപ്പെടുത്തലുകളായിരുന്നു എതിരേറ്റത്.മറ്റൊരു രാജ്യത്തെത്തി വര്‍ഷം മൂന്ന് ആകുന്നു. ഇതിനിടയ്ക്ക് കിട്ടിയ അവധികളൊക്കെ വിറ്റു കാശാക്കി. പ്രവാസ ജീവിതത്തിന്റെ ആധികള്‍ രചനയില്‍ ആവാഹിക്കുവാന്‍ സൂവിന് കഴിഞ്ഞിരിക്കുന്നു.
അഭിനന്ദനങ്ങള്‍!!!.

Sat Dec 03, 10:34:00 am IST  
Blogger Visala Manaskan said...

അത്‌ ശരി അപ്പോൾ സൂന്റെ ചേട്ടൻ പണ്ട്‌ ഗൾഫുകാരനായിരുന്നല്ലേ..??

എനിവേ, സൂ ന്റെ ക്ലാസ്സ്‌ വെളിവാക്കുന്ന ഒരു പോസ്റ്റിങ്ങാണിത്‌(സ്കൂളിലെയല്ല). വളരെ നന്നായിട്ടുണ്ട്‌.

Sat Dec 03, 11:10:00 am IST  
Blogger സ്വാര്‍ത്ഥന്‍ said...

ദൂരെയാണെങ്കിലും ഞങ്ങളെ അടുത്തറിയുന്ന സൂ വിന് അഭിനന്ദനങ്ങള്‍ !
(പ്രവാസികളിലൊരുവന്‍)

Sat Dec 03, 11:19:00 am IST  
Anonymous Anonymous said...

ഗൃഹാതുരത്വം പ്രവാസിയുടെ ദൌർബല്യമാണ്‌, അല്ലെങ്കിൽ അവകാശമാണ്‌. എത്ര ശ്രമിച്ചലും തിരിഞ്ഞുനോക്കതിരിക്കൻ കഴിയില്ല. സൂ തീർച്ചയായും ഒരു പ്രവാസിയായിരിക്കണം. അല്ലെങ്കിൽ ഇങ്ങിനെ എഴുതില്ല. മനോഹരമായിരിക്കുന്നു.

Sat Dec 03, 01:23:00 pm IST  
Blogger ശനിയന്‍ \OvO/ Shaniyan said...

ഇത്‌ ഇഷ്ടായി.. നമ്മുടെ അതേ മനോവിചാരം.. ഞാന്‍ രണ്ടാഴ്ചക്ക്‌ നാട്ടില്‍ പോവുകയാണ്‌.. ഈ ചിന്ത ഇപ്പൊഴെ മനസ്സില്‍ ഭാരം കേറ്റി ട്ടൊ..

Sun Dec 04, 01:05:00 am IST  
Anonymous Anonymous said...

Excellent entry! Whenever I visit my parents / grand parents, The same thoughts used to pass in my heart.

Some of the expressions in this story is awesome. Keep posting.
It was a feel good story :-) thank you!

Mon Dec 05, 10:46:00 am IST  
Anonymous Anonymous said...

serikkum sankadam vannutto... :(

Mon Dec 05, 08:30:00 pm IST  
Anonymous Anonymous said...

Hi,

I don't know what to say......
This what we call ..............
Thanks a lot for understading our thoughts.

Tue Dec 06, 09:20:00 pm IST  
Blogger സു | Su said...

വായിച്ച, അഭിപ്രായം പ്രകടിപ്പിച്ച, എല്ലാവർക്കും നന്ദി.

ഞാൻ പ്രവാസിയാണോ? ആയിരിക്കും. എല്ലാ പെൺ മക്കളും പ്രവാസികൾ ആവും .

വി പി,
ഇല്ലാത്തത് പറയരുത്---- ഞാൻ വിമാനം കണ്ടിട്ടുണ്ട്. ദൂരെ നിന്ന് :)

Tue Dec 06, 10:09:00 pm IST  
Blogger സു | Su said...

വികടനു സ്വാഗതം :)

Tue Dec 06, 10:28:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home