Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, December 06, 2005

കളഞ്ഞു കിട്ടിയത് !

‘ഇക്കാ...’
‘ഉം?’
‘ഇന്ന് ഹോസ്പിറ്റലിൽ ഉമ്മയേം കൊണ്ട്‌ പോവേണ്ട ദിവസാണേ.’
കരീം ഉത്സാഹമില്ലാതെ ഇറങ്ങി.
ജീവിതം... ആലോചിച്ചാൽ ഒരു എത്തും പിടിയും ഇല്ലാതെ പോകും. ആലോചിച്ചില്ലെങ്കിൽ ബ്രേക്ക്‌ പോയ വാഹനം പോലെയും. എവിടെയെങ്കിലും തട്ടി മുട്ടി നിക്കുമ്പോഴേ ബോധം വരൂ.
വയ്യാത്ത ഉമ്മ, ഭാര്യ, നാലു കുട്ടികൾ. ഉപ്പ മരിക്കുന്നതിനു മുൻപ്‌ മരിച്ചു ജോലി ചെയ്ത്‌ ഒരു നല്ല വീട്‌ ഉണ്ടാക്കി വെച്ചിട്ടുണ്ട്‌. ആകെയുള്ള ഒരു നല്ല കാര്യം. എന്നാലും ജീവിക്കാൻ ഇനീം വേണ്ടേ കാര്യങ്ങൾ. മുതലാളിയുടെ കനിവ്‌ പോലെയാണ് താൻ ഓടിക്കുന്ന ഓട്ടോയുടെ കാര്യങ്ങൾ. ഓട്ടം കിട്ടിയാലും ഇല്ലെങ്കിലും വാടക കൃത്യമായിട്ട്‌ കൊടുക്കണം.
എന്നത്തേയും പോലെ ആലോചന പോയി. ഏതെങ്കിലും ഒരാൾ--- ഒരൊറ്റ ആൾ ഓട്ടോയിൽ കയറിയിട്ട്‌ ഇറങ്ങിപ്പോകുമ്പോൾ വിലപിടിപ്പുള്ള എന്തെങ്കിലും ഓട്ടോയിൽ വെച്ച്‌ മറന്ന് പോകണേ. വച്ചു മറന്നയാൾ എന്തായാലും അന്വേഷിച്ച്‌ വരും. അപ്പോൾ കൊടുത്തില്ലെങ്കിലും നല്ലൊരു നിലയിൽ എത്തുന്ന കാലത്ത്‌ തീർച്ചയായും തിരിച്ചു കൊടുക്കും. മേൽ വിലാസം വാങ്ങി വെക്കുമല്ലോ ഏതായാലും. മുതലാളിയുടെ വീട്ടിലെത്തി. ഓട്ടോയിൽ കയറി. പതിവുപോലെ യാന്ത്രികമായ ഓട്ടം. പകൽ തീരാൻ തുടങ്ങിയപ്പോഴാണ് ഹോസ്പിറ്റലിൽ പോകേണ്ട കാര്യം ഓർമ്മിച്ചത്‌. ഉണ്ടായിരുന്ന യാത്രക്കാർ ഇറങ്ങിപ്പോയപ്പോൾ വീട്ടിലേക്ക്‌ വിട്ടു. ഹോസ്പിറ്റലിൽ പോയി വീട്ടിൽ എത്തിച്ചിട്ട്‌ , മുതലാളിയുടെ വീട്ടിൽ ഓട്ടോ വിട്ട്‌ വന്നിട്ട്‌ വേണം വിശ്രമിക്കാൻ. ഉമ്മയെ കൂട്ടി ഹോസ്പിറ്റലിൽ എത്തിയപ്പോൾ ഡോക്ടറുടെ മുറിക്കു മുന്നിൽ നീണ്ട ക്യൂ. ടോക്കൺ എടുത്ത്‌ ഉമ്മയേം തന്റെ മോളേയും അവിടെ ഇരുത്തിയിട്ട്‌ പിന്നേം യാത്രക്കാരെ കയറ്റി. തിരിച്ചു വന്ന് ഹോസ്പിറ്റലിന്റെ മുന്നിൽ ഓട്ടോ നിർത്തി. എന്തോ ഉള്ളത്‌ പോലെ തോന്നിയിട്ട്‌ ഓട്ടോയ്ക്കുള്ളിലെ ലൈറ്റ്‌ ഇട്ട്‌ പിൻ സീറ്റിലേക്ക്‌ നോക്കിയപ്പോൾ കരീം ഞെട്ടി. സീറ്റിൽ ഒരു കുഞ്ഞ്‌. എന്നും കിട്ടാൻ പ്രാർഥിക്കുന്നത്‌ പോലെ വിലപിടിപ്പുള്ള ഒന്ന്. കരീമിന് ഒരു നിമിഷം ബോധം പോയി. അടുത്ത നിമിഷം ഒന്ന് പുഞ്ചിരിച്ച്‌ അടുത്ത നടപടികളെക്കുറിച്ച്‌ ആലോചിച്ചു.

13 Comments:

Blogger Kumar Neelakandan © (Kumar NM) said...

കിട്ടാനുള്ളത് കരീമിനു എപ്പോഴായാലും കിട്ടും. സീറ്റിൽ കിടന്നോ വളവിൽ ഒളിച്ചിരുന്നോ ഒക്കെ വരും. പക്ഷേ അപ്പോൾ പ്രതീക്ഷിക്കുന്നതായിരിക്കില്ല അപ്പപ്പോൾ കിട്ടുന്നത്.
ഇരുന്നോട്ടെ നാലിനൊപ്പം ഒന്ന് ഒരു സൂര്യപുത്രനെപ്പൊലെ.

Wed Dec 07, 04:43:00 am IST  
Blogger reshma said...

കരീമിന്റെ ‘അടുത്ത നടപടി’ എന്തായിരിക്കും?

Wed Dec 07, 05:03:00 am IST  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

"അപ്പോൾ കൊടുത്തില്ലെങ്കിലും നല്ലൊരു നിലയിൽ എത്തുന്ന കാലത്ത്‌ തീർച്ചയായും തിരിച്ചു കൊടുക്കും"

ഈശ്വരന്മാരേ....
കരീം..എന്താ പ്പോ ചെയ്കാ..!

Wed Dec 07, 09:13:00 am IST  
Blogger Visala Manaskan said...

അടുത്ത നടപടി:

ഒരു ഫീഡിങ്ങ്‌ ബോട്ടിലും കുട്ട്യുടുപ്പും അത്യാവശ്യമായി വാങ്ങും.

ഒരു കുഞ്ഞിനെക്കൂടെ അക്കോമഡേയ്റ്റ്‌ ചെയ്യാൻ തൽപര്യമുണ്ടെങ്കിൽ, വീട്ടിൽ കൊണ്ടുപോയി, കുഞ്ഞ്‌ ആണാണെങ്കിൽ അബ്ദുള്ളാന്ന്‌ പേരിട്ട്‌ വിളിക്കും പെണ്ണാണെങ്കിൽ സുഹ്രാന്നും. ആരും അന്വേഷിച്ചുവന്നില്ലെങ്കിൽ മറ്റു കുഞ്ഞുങ്ങളെപ്പോലെ പൊന്നുപോലെ നോക്കിവളർത്തും.

അങ്ങിനെ കുഞ്ഞ്‌ വളർന്ന്, നല്ലൊരു പഠിപ്പിസ്റ്റായിമാറി, ഡോക്ടറോ കമ്പ്യൂട്ടർ എഞ്ജിനീയറോ ഒക്കെയായി മാറുമ്പോൾ അത്‌ കണ്ട്‌ കരീം ചാരിതാർത്ഥ്യമടയും

Wed Dec 07, 09:17:00 am IST  
Blogger ദേവന്‍ said...

ഓന്‌ അറിഞ്ഞിട്ട പേരാണല്ലോ കരീം എന്ന്.

Wed Dec 07, 10:23:00 am IST  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

ഇനി ആരും ഒന്നും ഒളിക്കാന്‍ നോക്കെണ്ട. എല്ലാം കണ്ടുകൊണ്ട് സക്ഷിയിവിടെയുണ്ട്.
വരൂ നമുക്കടുത്തറിയം.

Wed Dec 07, 12:50:00 pm IST  
Blogger അതുല്യ said...

സൂ, ഒരമ്മുവോ, പാറുവോ, കല്ലുവോ, സുഹ്രയോ, അലീഷയോ ഒക്കെയാണെങ്കി, കരീമിനു എന്റെ ഈമൈയിൽ വിലാസം കൊടുക്കൂ. എനിക്കു വേണം ആ കുഞ്ഞിനേ. തൽക്കാ‍ലം ഓട്ടോരിക്ക്ഷ ഓടിച്ചു നടക്കാൻ മേലാഞ്ഞിട്ടാ.

Wed Dec 07, 02:14:00 pm IST  
Blogger ദേവന്‍ said...

ങേ?
അതെന്താതുല്യേ? ആൺകൊച്ചുങ്ങളെല്ലാം ആറ്ക്കും വേണ്ടാത്ത മക്കളോ? ഈ വിവേചനത്തിനെതിറെ ഞാൻ ചില്ലും കല്ലുമായി പോരാടും. മൂർദ്ദാബാ മൂർദ്ധാവാ ലിംഗവിവേചനം മൂത്താപ്പാ.

Wed Dec 07, 02:41:00 pm IST  
Blogger അതുല്യ said...

ഒരു പൂവൻ ഹാജരുണ്ട്‌ വീട്ടിൽ, ഒരു തെമ്മാടി.കോം. വിശാലൻ പറഞ്ഞ പോലെ "അക്കോമടേറ്റ്‌" ആവില്ലാ, രണ്ടെണ്ണം. ഇപ്പോ സുനാമി വന്ന പോലയാ വീട്‌. ചുമ്മാ ഇനിയും ഒരു ന്യൂന മർദ്ദം വേണ്ടാന്നു വച്ചിട്ടാ ദേവാ.

Wed Dec 07, 03:00:00 pm IST  
Blogger ദേവന്‍ said...

ഓ അങ്ങനെ. എനിക്കതു പോയില്ല. ഞാൻ കരുതി ഇനി ആമ്പിള്ളേരെക്കണ്ടൂടായ്കയുണ്ടെന്ന്. എന്റെ അയലോക്കത്തൊരമ്മൂമ്മയുണ്ടായിരുന്നു തികഞ്ഞ മിസാൻഡ്രിസ്റ്റ്. നല്ല ചുവന്നു തുടുത്ത ആൻകൊച്ചുങ്ങ്ങളെക്കണ്ടാൽ “ഛീ വെള്ളപ്പാറ്റ“ എന്നു പറയും. ഇത്തിരി ഇരുണ്ടതാണെന്ന്കിൽ “ വൃത്തികെട്ട കരിമന്തി“ എന്നും. എന്നാലോ സർവ്വലോക പെൺകുഞ്ഞുങൾങളെല്ലാം അമ്മൂമ്മേടെ സുന്ദരിക്ക്കുട്ടികളും ചക്കരകളും പുന്നാരകളും. അതുല്യയിനി അതുപോലെയാണോന്നു തെറ്റിദ്ധരിച്ചുപോയി.

Wed Dec 07, 03:19:00 pm IST  
Blogger myexperimentsandme said...

കരീമിന്റെ കാര്യം ആലോചിച്ചുപോയി. പാവം ആഗ്രഹിച്ചതുപോലെ കിട്ടി, പക്ഷെ, ആഗ്രഹിച്ചതാണോ കിട്ടിയത്? ആഗ്രഹിച്ചതുപോലെ കിട്ടിയത് വേണ്ടാന്നു വെക്കാൻ പറ്റുമോ, ആഗ്രഹിച്ചതല്ലേ. പക്ഷേ, ആഗ്രഹിച്ചതുപോലെ കിട്ടിയത് ആഗ്രഹിച്ചതുപോലെയല്ലാത്തതാണെങ്കിലോ,... ആകപ്പാടെ കൺഫ്യൂഷൻ. ഇനിയിപ്പം കരീം നോക്കട്ടെ അതിനെ. അതുല്യക്കു കൊടുക്കുമോ ആവോ. അതുല്യേ, കുഞ്ഞിനെയെങ്ങാനും കരീം തരുവാണെങ്കിൽ, പൊന്നുപോലെ നോക്കരുതേ, കുഞ്ഞുങ്ങളെ നോക്കുന്നപോലെ നോക്കണേ..

നല്ല കഥ, സൂ....

Wed Dec 07, 05:17:00 pm IST  
Blogger aneel kumar said...

അപ്പോ അതാണു കാര്യം അല്ലേ?
കഥയുടെ കാമ്പെടുത്തു പുറത്തിട്ടതിന് തുളസി അഭിനന്ദനം അര്‍ഹിക്കുന്നു :)

Thu Dec 08, 11:48:00 am IST  
Anonymous Anonymous said...

എന്താണത്?

ചിലപ്പോള്‍ ഞാനൊരു ക്രൂരനും കൊതിയനുമായിരിക്കാം:
ആ കൊച്ചിന്റെ വിരലുകളില്‍ സ്വര്‍ണ്ണമോതിരങ്ങളുണ്ടായിരുന്നു, അരയില്‍ (അരയിലല്ലാതെ പിന്നെവിടെ?) അരഞ്ഞാണമുണ്ടയിരുന്നു.. കൈയില്‍ സ്വര്‍ണ്ണവളകളുണ്ടായിരുന്നു..

ഓകെ, ഞാന്‍ പാവം കുട്ടിയെ ഒന്നും ചെയ്യുന്നില്ല. കരീം ആശുപത്രിപ്പടിക്കല്‍ ആണല്ലോ.. അവിടെ ഡെലിവെറിക്കിടയില്‍ കുട്ടി നഷ്ടപ്പെട്ട ദന്പതികളുണ്ടായിരുന്നു. ആരും കാണാതെ കുഞ്ഞിനെ അവിടെക്കൊണ്ടുപോയിവെച്ചിട്ട് കരീം മുങ്ങി..

സു.. കഥയുടെ ഗതി അതോഗതിയിലാക്കിയതിന് ക്ഷമിക്കണം. എപ്പോഴും ഇങ്ങനെ അവസരങ്ങള്‍ കിട്ടിയെന്നിരിക്കില്ല.

അതു പറഞ്ഞപ്പോഴാണ്, കഥയെഴുത്തില്‍ ഇങ്ങനെ ചില കളികളുണ്ട് (കാര്യങ്ങളും). ആദ്യം ഒരാള്‍ കഥയുടെ ഒരു ഖണ്ഡികയെഴുതും. അടുത്തയാള്‍ അതിന്റെ തുടര്‍ച്ച. അങ്ങനെ പലരുടെ മനോവിചാരങ്ങളിലൂടെ ഫോയി കഥ രൂപാന്തരപ്പെട്ടു (പണ്ട് യേശുക്രിസ്തു ശിഷ്യന്‍മാരുടെ മുന്പില്‍ രൂപാന്തരപ്പെട്ട പോലെ) വരും.

സു-ന്റെ മനസ്സിലുള്ളത് പിന്നീടറിയിക്കുക :)

Thu Dec 08, 02:01:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home