വിവാഹം സ്വർഗത്തിൽ നടക്കുന്നു!
കല്ല്യാണക്കുറി കണ്ടപ്പോൾ ബില്ല് പാസ്സായിക്കിട്ടിയ കോണ്‍ട്രാക്ടറുടെ സന്തോഷമാണ് ശോശാമ്മച്ചേച്ചിക്ക് ഉണ്ടായത്. സാരി ഒന്ന് ചുളുവിൽ തരപ്പെടുത്താം. കത്തും കൊണ്ട് ലോനപ്പൻ ചേട്ടന്റെ അടുത്തേക്കോടി.
‘ദേ നോക്കിക്കേ...’
ശോശാമ്മ ഇത്ര സന്തോഷത്തിൽ തന്റെ അടുത്തേക്ക് പാഞ്ഞു വരണമെങ്കിൽ അത് പരദൂഷണമോ പാരയോ ആവാനേ തരമുള്ളൂ എന്ന് ലോനപ്പൻ ചേട്ടനു നന്നായി അറിയാം. ഈ വീടുണ്ടാക്കിയവൻ കല്യാണം കഴിച്ചിട്ടില്ലായിരിക്കും. അല്ലെങ്കിൽ എല്ലാ മുറിക്കും രണ്ടു വാതിൽ വെച്ചേനെ.
മറ്റൊന്നിനുമല്ല, വാമഭാഗം വാണം വിട്ടതുപോലെ വരുമ്പോൾ വാമനൻ താഴ്ത്തിയ മഹാബലിയെപ്പോലെ അപ്രത്യക്ഷനാവാൻ. ലോനപ്പൻ ചേട്ടൻ ഉറക്കം നടിച്ചു കിടന്നു.
‘ലോനപ്പേട്ടാ ഇതു നോക്കിയേ കല്യാണക്കുറി വന്നിരിക്കുന്നു.’
‘ഓ... എന്തൊരു സ്നേഹം ’ ലോനപ്പൻ ചേട്ടൻ വിചാരിച്ചു. അവളുടെ കൂട്ടുകാരിക്കൊച്ചമ്മമാർ വരുമ്പോൾ അവളുടെ ഒരു വിളി കേൾക്കണം ലോ ലോ എന്ന്. നീയിങ്ങനെ മറ്റുള്ളവരുടെ മുൻപിൽ എങ്കിലും എന്നെ ‘ലോ’ ആക്കല്ലേന്ന് പറയാൻ പലവട്ടം ഒരുങ്ങിയതാണ്. പക്ഷേ പറഞ്ഞില്ല. ‘ലോനപ്പേട്ടാ...’
‘ഓ.. പിന്നേം തുടങ്ങി സംപ്രേക്ഷണം.’
“എന്താ ശോശേ?”
“ദേ പാലപ്പുറത്തെ കുഞ്ഞമ്മേടെ മരുമകന്റെ പെങ്ങടെ കെട്ടിയവന്റെ അമ്മായീടെ ആങ്ങളേടെ മോൾടെ കല്യാണക്കുറിയാ. നോക്കിക്കേ.”
കാർഡ് കൈയിൽ വാങ്ങി.
‘ഓ.. എന്തൊരു അടുത്ത ബന്ധം! ചായയും ചാരായവും പോലെ. ഇവനൊക്കെ അഡ്രസ്സ് നോക്കി ഇരുപത് രൂപയുടെ ഒരു കാർഡ് ബോംബ് തീയും വെച്ച് അയച്ചു വിട്ടാൽ മതി. കിട്ടുന്നവരുടെ വീട്ടിലല്ലേ പൊട്ടുന്നത്.
“നമുക്ക് പോകണ്ടേ ഇല്ലേൽ അവർ എന്ത് വിചാരിക്കും.”
“പിന്നെ.. പിന്നെ..”( അവരുടെ വിചാരത്തിന്റെ ഉത്തരത്തിൽ അല്ലേ നമ്മളുടെ ജീവിതം തൂങ്ങിക്കിടക്കുന്നത്-- ഇത് ആത്മഗതം)
“അടുത്ത ഞായറാഴച്ചയാണ്. ഇന്ന് ശനി ആയി . ഒരാഴ്ച ഉണ്ട്.”
ഇങ്ങനെ പോയാൽ ഇന്ന് മാത്രമല്ല എന്നും ശനി ആയിരിക്കും നമ്മുടെ ലൈഫിൽ എന്ന് ലോനപ്പൻ ചേട്ടൻ വിചാരിച്ചു. അങ്ങനെ ഒരു ഞായറാഴ്ച പോയിക്കിട്ടി. ചെലവു സഹിതം. അന്നു വൈകീട്ട് തന്നെ ലോനപ്പൻ ചേട്ടന്റെ കുറെ പൈസ ഗുഡ്ബൈ പറഞ്ഞു. വസ്ത്രങ്ങൾക്കു വേണ്ടി.
അങ്ങനെ ഞായറാഴ്ച ആയി. ഒരുങ്ങിയിറങ്ങി. ഡിമാന്റ് വന്നു. ‘നമുക്ക് ടാക്സിയിൽ പോകാം.’ കുട്ടികൾ ശോശാമ്മയെ പിൻ താങ്ങി. അവർക്ക് അല്ലേലും എവിടെ എപ്പോ നിക്കണമെന്ന് നന്നായി അറിയാം. മനുഷ്യനു ടാക്സ് അടയ്ക്കാൻ കാശില്ല അപ്പോഴാ ടാക്സി എന്ന് പറയണമെന്നുണ്ട്. പക്ഷേ പറയാനുള്ളതെല്ലാം കല്യാണത്തിനു മുൻപ് പറഞ്ഞു തീർക്കണം എന്ന് ലോനപ്പൻ ചേട്ടന് മനസ്സിലായിട്ടുണ്ട്. വെറുതേയല്ല പെണ്ണു കാണാൻ ചെല്ലുമ്പോൾ കാരണവർ പറയുന്നത് ചെറുക്കനു വല്ലതും പറയാനുണ്ടേൽ പറഞ്ഞോ എന്ന്. അവിടം കൊണ്ട് പറച്ചിൽ തീരും എന്നാണു അതിനർഥം. ടാക്സി വിളിച്ചു. നരനും നരിയും വാനരന്മാരും കയറി. പള്ളിയിലേക്കു തന്നെ നേരിട്ട് പോകാമെന്ന് വെച്ചു. പെണ്ണിന്റെ വീട്ടിൽ പോകേണ്ട അത്ര അടുപ്പം ഒന്നും ഇല്ലല്ലോ. ഡ്രൈവർ പാട്ടു വെച്ചിട്ടുണ്ട്. അതു കേട്ടാൽ തോന്നും പാട്ടുകേൾക്കാൻ വേണ്ടിയാണു ടാക്സി ഓടിക്കുന്നതെന്ന്.
'കരളേ നിൻ കൈ പിടിച്ചാൽ കടലോളം വെണ്ണിലാവ് ’ നല്ല പാട്ട് ! പക്ഷേ ‘കരളേ നിൻ കൈ പിടിച്ചാൽ കടലോളം വൻ ചിലവ് ’എന്നാക്കണമെന്ന് മാത്രം.
പള്ളിയുടെ മുന്നിൽ ഇറങ്ങി അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ തന്നെ വീഡിയോഗ്രാഫർ മുഖ്യമന്ത്രിയെക്കണ്ട പരാതിക്കാരനെപ്പോലെ ഓടിവന്നു. പിള്ളേർ കാറിൽ നിന്ന് ഇറങ്ങിയപാടേ പള്ളിമുറ്റത്ത് കളിക്കുന്ന വാനരസൈന്യത്തിൽ ചേർന്നിരുന്നു. ശോശാമ്മ ക്യാമറ നോക്കി പോസ് വെക്കുകയാണ്. അവളുടെ സന്തോഷം കണ്ടാൽ ഈ കല്യാണം അവളുടേതാണെന്ന് തോന്നും. കെട്ടിനു ഇനിയും സമയമുണ്ട്. ശോശാമ്മ മഹിളാസമാജത്തിൽ ചേർന്നു കഴിഞ്ഞു. പരിചയക്കാരെയൊക്കെ കണ്ടു പുഞ്ചിരിച്ച് വിശേഷങ്ങൾ കൈമാറിക്കൊണ്ടിരിക്കുമ്പോഴാണ് ലോനപ്പൻ ചേട്ടൻ കണ്ടത്. സാറാമ്മ! ലോനപ്പൻ ചേട്ടന്റെ ടാലി ആവാത്ത അക്കൗണ്ട്. പണ്ട് നൂലു പോലെ മെലിഞ്ഞിരുന്നവൾ ഇപ്പോ ജീവൻ ടോണിന്റെ പരസ്യമോഡൽ പോലെ ഇരിക്കുന്നു. എന്നാലും മുഖം കണ്ടാൽ മാറ്റമൊന്നുമില്ല. പണ്ട് സിനിമാപ്പാട്ട് പുസ്തകത്തിൽ പ്രണയലേഖനം വെച്ച് സാറാമ്മയ്ക്ക് കൊടുത്തതിനാണ് അവളുടെ വീട്ടുകാരും ബന്ധുക്കളും ലോനപ്പൻ ചേട്ടനെ വാഷിംഗ് മെഷീനിലിട്ടലക്കിയ തുണി പോലെ ചുരുട്ടിക്കളഞ്ഞത്. ആ ഒരു വാശിയിലാണ് പഠിച്ച് ജോലി വാങ്ങി സാറാമ്മയെ തന്നെ കെട്ടണമെന്ന് ഉറപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയത്. പക്ഷേ അപ്പോഴേക്കും പത്രോസെന്ന കുരിശ് സാറാമ്മയുടെ കഴുത്തിൽ വീണിരുന്നു. പിന്നെ ശോശാമ്മയെ കിട്ടി. കെട്ടി. സാറാമ്മ ചിരിക്കുന്നുണ്ട്. ചിരി തിരിച്ചും കൊടുത്തു. ഇതും കണ്ട് ശോശയെങ്ങാൻ വന്നാൽ കണക്കായി. കല്യാണത്തിനു പോകുന്നതേ ഇഷ്ടം ഇല്ലാന്നു അവൾക്കറിയാം. ഇവിടെ വന്ന് ആരോടാ ഇളിച്ചു കാട്ടുന്നത് എന്ന് അവൾ വിചാരിക്കും.വിശ്രമത്തിനു വേണ്ടിയാണ് ഓഫീസിൽ നിന്ന് ഒഴിവു തരുന്നത്. ഒരു ഞായർ വിശ്രമമില്ലാതെ പോയിക്കിട്ടി. ഒടുക്കത്തെ ചെലവും.
ചടങ്ങ് തുടങ്ങി. ലോനപ്പൻ ചേട്ടൻ എല്ലാം കാണുന്നതു പോലെ ഇരുന്നു. ചെറുക്കന്റെ മുഖത്തെ പുഞ്ചിരി കണ്ടപ്പോൾ ലോനപ്പൻ ചേട്ടൻ മനസ്സിൽ പറഞ്ഞു. ‘ഇന്നൊരു ദിവസം നീ ചിരിച്ചോടാ. നാളെ എന്താന്ന് ആർക്കറിയാം.’
കെട്ടും പാർട്ടിയും വീട്ടിലേക്ക് വിരുന്നു വിളിക്കലും ഒക്കെ കഴിഞ്ഞ് വെയിൽ മായാൻ തുടങ്ങിയ നേരത്ത് ടാക്സിയിലേക്ക് കയറുമ്പോൾ ലോനപ്പൻ ചേട്ടനു മതിയായി. ശോശാമ്മയ്ക്കാണെങ്കിൽ കല്യാണം ഒരു ദിവസം മാത്രം വെക്കുന്നത് എന്തിനാ എന്നൊരു വിചാരം ഉണ്ടെന്ന് ലോനപ്പൻ ചേട്ടനു തോന്നി.
പിറ്റേന്ന് ഉച്ചയ്ക്ക് ഊണുകഴിക്കാൻ വീട്ടിലെത്തിയപ്പോൾ വരാന്തയിൽ ഒരു കത്ത്. ആരുടേയോ കല്യാണക്കുറി. അടുക്കളയിൽ തിരക്കായതുകൊണ്ട് ശോശാമ്മ കണ്ടില്ല ഭാഗ്യം. ലോനപ്പൻ ചേട്ടൻ അതു കീറി മുറിച്ച് തെങ്ങിൻ തടത്തിലേക്കിട്ടു.
ശോശാമ്മ പ്രത്യക്ഷപ്പെട്ടു. ‘എന്താ കീറിക്കളഞ്ഞത് ?’
“അത് നമ്മുടെ ഖജനാവ് നശിപ്പിക്കാൻ വേണ്ടി ആരോ അയച്ച പേപ്പർ ബോംബ് ആണെടീ..അതു ഞാൻ നിർവീര്യം ആക്കിക്കളഞ്ഞു. നീ വേഗം ചോറെടുത്ത് വെക്ക്. വിശന്നു.”
ശോശാമ്മയ്ക്ക് കാര്യം പിടികിട്ടിയില്ലെങ്കിലും ചോദ്യം ചെയ്യാതെ അകത്തേക്ക് പോയി. ലോനപ്പൻ ചേട്ടൻ ചാരുകസേരയിലേക്ക് വീണു. കത്ത് കണ്ടതിന്റെ വിഷമം തീർക്കാൻ!
10 Comments:
പരകായ പ്രവേശങ്ങളുടെ നാളുകളാണോ സൂവിനിത്... പതിവുപോലെ മനോഹരം. എങ്കിലും, ലാസ്റ്റ് ലൈനില്‍ എന്റെ റ്റ്യൂബ് ലൈറ്റ് കത്തിയില്ല. ആരെങ്കിലും സഹായിക്കണേ.
പാവം തുണികച്ചവടക്കാരുടെ നെഞ്ചത്താണല്ലോ ലോനപ്പൻ ചേട്ടന്റെ ചാരുകസേര!
എനിയ്ക്കും സിബുവിന്റെ സംശയമാണ്.അതോ കത്തു കണ്ടതിന്റെ ക്ഷീണത്തില്‍ ചാരുകസേരയില്‍ വീണതാണോ?
ഏതിനും നല്ല കഥകളാണ്, മുകളില്‍ത്തന്നെ വെച്ചേക്കണം.
കാക്കക്കും പൂച്ചക്കും കല്യാണം
ശോശാമ്മ ചേച്ചിക്കു പൊന്നോണം.
സുന്ദരി സാറാമ്മ പൈമ്പാല് പോലെ ചിരിക്കുന്നു. ലോനപ്പന് ചേട്ടന് കാതു കുത്തപെടുന്ന കട്ടുറുംബു.
സു -
മംഗളം നേരുന്നു ഞാന്‍ - എവിടെയാണെങ്കിലും നിന്റെ സങ്കല്പങ്ങള് ഏഴു വറ്ണങ്ങളും വിടറ്ത്തട്ടെ.
ആ പുണ്യ തൂലികയില്‍ ഇതു പോലത്തെ ആനന്ദ മുഗുളങ്ങള്‍ ഇനിയും വിടരട്ടെ. വിടരട്ടെ
Spelling mistakes regretted
‘കരളേ നിൻ കൈ പിടിച്ചാൽ കടലോളം വൻ ചിലവ് '
പ്രപഞ്ചസത്യം..!
ഇനിയും ലോനപ്പനാവത്തവര്ക്കുള്ള മുന്നറിയിപ്പാണോ ഈ കുറിപ്പ്??.
പാവം ‘ലോണ’പ്പന് :(
കയ്യിലുള്ള ഒരു പക്ഷി കുറ്റിക്കാട്ടിലുള്ള പത്ത് പക്ഷികളേക്കാള്‍ വിലപ്പെട്ടതാണ്. - ഖലീല്‍ ജിബ്രാന്
സാക്ഷിയുണ്ട് ശോശാമ്മയുടെ കൂടെ.
നല്ല കഥ സൂ.. ശോശാമ്മ പാവം, സാറാമ്മ അതിലും പാവം. ... പക്ഷേ പാവം ലോനപ്പൻ ചേട്ടൻ..
സൂ.. തിരക്കൊക്കെ ഒർവിധമൊഴിഞ്ഞ് ഇപ്പഴാ ഇത് വായിച്ചത്.
നന്നായിട്ടുണ്ട് പതിവുപോലെ!
Post a Comment
Subscribe to Post Comments [Atom]
<< Home