Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, December 11, 2005

ഒന്നാം പിറന്നാൾ!

സുഹൃത്തുക്കളേ,

ഇങ്ങനെയൊക്കെ എഴുതുമെന്ന് ഒരിക്കലും കരുതാത്ത ഒരാളാണ് ഞാൻ. എന്നിട്ടും ഇത്രയൊക്കെ എഴുതി. ചിലർ എന്നെ തെറ്റിദ്ധരിച്ചു( ഇപ്പോഴും ധരിച്ചുകൊണ്ടിരിക്കുന്നു), ഞാൻ എഴുതുന്ന കമന്റുകൾക്ക്‌ ഞാൻ വിചാരിക്കുക പോലും ചെയ്യാത്ത അർഥങ്ങൾ ഉണ്ടാക്കി. ചിലർ കമന്റ്‌ വെച്ച്‌ ഒരുപാട്‌ വിഷമിപ്പിച്ചു. സത്യം പറഞ്ഞാൽ എനിക്ക്‌ അത്തരക്കാരെ വല്യ പേടിയാ. പക്ഷെ ഒരുപാടുപേർ പ്രോത്സാഹിപ്പിച്ചു. എഴുതണം എന്ന് തോന്നിപ്പിച്ചു. നല്ലതാവാം, ചീത്തയാവാം. എഴുതി. ഈ എഴുതുന്നതൊക്കെ മലയാളസാഹിത്യത്തിലെ മികച്ച എഴുത്താണെന്നൊന്നും ഞാൻ ഒരിക്കലും കരുതിയിട്ടില്ല. ഒരിക്കലും കരുതുകയും ഇല്ല. മാസ്റ്റർപീസുകൾ എഴുതി മലയാളസാഹിത്യത്തിന്റെ കൊട്ടാരപ്പടവുകൾ കയറാനും ഉദ്ദേശമില്ല. ഒരു വീട്ടമ്മയുടെ എഴുത്തായി കാണൂ. വായിക്കൂ. അതിനു ചേർന്ന തരത്തിൽ വിമർശിക്കൂ. മറ്റു ബ്ലോഗുകളിൽ ഞാൻ പോസ്റ്റ്‌ ചെയ്യുന്ന കമന്റുകൾ ആർക്കെങ്കിലും വിഷമമോ രോഷമോ ഉണ്ടാക്കിയെങ്കിൽ എന്നോട്‌ ക്ഷമിക്കൂ. ഇല്ലാത്ത അർഥങ്ങൾ ദയവായി അതിനൊന്നും കണ്ടുപിടിക്കാതിരിക്കൂ.

ഒരുപാട്‌ പേരോട്‌ നന്ദി പറയാൻ ഉണ്ട്‌.
വരമൊഴിക്ക് സിബുവിന്,
ബ്ലോഗ്‌ എന്നത്‌ കാണിച്ചു തന്ന മോളുവിനോട്‌ ,
മലയാളത്തിൽ ആക്കാൻ സഹായിച്ച drunkenwind-നോട് ,
അഭിപ്രായങ്ങൾ പറഞ്ഞ് പ്രോത്സാഹിപ്പിച്ച ഒരുപാടൊരുപാട് പേർക്ക്,
വെറും വായനക്കാർ മാത്രമായി മറഞ്ഞിരിക്കുന്ന സുഹൃത്തുക്കൾക്ക്.
കടപ്പാടുകൾ തീർക്കാൻ ഒരവസരം ദൈവം തരുമെന്ന് വിശ്വസിക്കാം.

എല്ലാവരുടെയും സ്നേഹത്തിന്റേയും പ്രോത്സാഹനത്തിന്റേയും അനുഗ്രഹങ്ങളുടേയും സുഖകരമായ ഭാരം ഹൃദയത്തിൽ ഏറ്റിക്കൊണ്ട്‌ സൂര്യഗായത്രി എന്ന ഈ ബ്ലോഗ്‌ രണ്ടാം പടിയിലേക്ക്‌ കാലെടുത്ത്‌ വെക്കുകയാണ് .

എല്ലാവരുടേയും അനുഗ്രഹം, പ്രോത്സാഹനം,നല്ല വിമർശനം ഇവയൊക്കെ ഞാൻ പ്രതീക്ഷിക്കുന്നു.

35 Comments:

Anonymous Anonymous said...

വെറും വായനക്കാരായ സുഹൃത്തുക്കൽ എന്നു ഉദ്ദേശിച്ചതു എന്നേയും കൂടിയാണല്ലൊ ല്ലേ?

വാർഷികാശംസകൽ !!!! :o))

ബിന്ദു

Sun Dec 11, 02:37:00 am IST  
Blogger ഉമേഷ്::Umesh said...

സൂവിനും, സൂര്യഗായത്രി ബ്ലോഗിനും ആശംസകള്‍!

സമയക്കുറവുണ്ടെങ്കിലും സൂവിന്റെ ബ്ലോഗുകളൊക്കെ വായിക്കാറുണ്ടു്‌. അഭിപ്രായം എഴുതാന്‍ സമയം ഇല്ലെന്നു മാത്രം.

ഒന്നു രണ്ടു തവണ ഞാന്‍ സൂവിനെ വിമര്‍ശിച്ചിട്ടുണ്ടു്‌. സൂവിന്റെ ഒരു കഥയിലെ ആശയം വേളൂര്‍ കൃഷ്ണന്‍ കുട്ടി പണ്ടു പറഞ്ഞിട്ടുണ്ടു്‌ എന്നോ മറ്റോ. പക്ഷേ അതു കണ്ടിട്ടു്‌ സൂ ആ കഥ എടുത്തു കളഞ്ഞപ്പോള്‍ വിഷമം തോന്നി. ആശയം മറ്റാരോ പറഞ്ഞെന്നു വന്നതുകൊണ്ടു്‌ ഒന്നും അപഹരണമാവില്ല. അങ്ങനെയാണെങ്കില്‍

ഈടാര്‍ന്നു വായ്ക്കുമനുരാഗനദിക്കു വിഘ്നം
കൂടാത്തൊഴുക്കനുവദിക്കുകയില്ല ദൈവം


എന്നെഴുതിയ വള്ളത്തോളും

ഹാ, രാഗമാം വിധിയെയെങ്ങു തടസ്സമറ്റു
നേരാം വഴിക്കൊഴുകുവാന്‍ വിധി സമ്മതിപ്പൂ?


എന്നെഴുതിയ ഉള്ളൂരും

The course of true love never did run smooth

എന്നെഴുതിയ ഷേക്‍സ്പിയറിനെ കട്ടെടുത്തു എന്നു പറയേണ്ടി വരും.

Man proposes, God disposes

എന്നു പറഞ്ഞ സായ്പ്‌

അന്യഥാ ചിന്തിതം കാര്യം
ദൈവമന്യത്ര ചിന്തയേത്‌


എന്നു പറഞ്ഞ സംസ്കൃതകവിയെ കട്ടെടുത്തു പറയേണ്ടി വരും.

മൌലികതയോ പ്രതിപാദനരീതിയോ പ്രധാനം എന്നൊരു ചര്‍ച്ച ഒരു ബ്ലോഗില്‍ കണ്ടു. സാധാരണക്കാരനു വേണ്ടിയുള്ള രചനകളില്‍ പ്രതിപാദനരീതിയാണു പ്രധാനം എന്നാണു്‌ എന്റെ പക്ഷം. അതിനാല്‍ മൌലികതയെപ്പറ്റി വേവലാതിപ്പെടേണ്ട.

അതുപോലെ ദുഃഖകഥകള്‍ എഴുതുമ്പോള്‍ വിമര്‍ശിക്കുന്നവരോടു ക്ഷമിക്കുക. ദുഃഖകഥകളും ദുഃഖഗാനങ്ങങ്ങളും താങ്ങാന്‍ കഴിയാത്ത ഒരുപാടു പേരുണ്ടു്‌. ഇഷ്ടമുള്ളവരും ഉണ്ടു്‌.

പക്വതയില്ലായ്മയും അസൂയമൊക്കെ മനുഷ്യസഹജമായ സ്വഭാവങ്ങളാണെന്നും, അവ പാപമല്ലെന്നും അറിയുക. അതുകൊണ്ടു്‌,
ചുമ്മാ വഴക്കുണ്ടാക്കുവാന്‍ വരുന്നവരെ അവഗണിക്കുക.

തമാശക്കഥകളും ദുഃഖകഥകളും ഒരുപോലെ എഴുതാന്‍ കഴിവുള്ള സൂവിന്റെ പുതിയ നൂറു നൂറു കഥകള്‍ വായിക്കാന്‍ ഞങ്ങള്‍ക്കു ഭാഗ്യമുണ്ടാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

സൂവിന്റെ പ്രചോദനവും പ്രോത്സാഹനവും കഥാതന്തുവും ഒക്കെയായ ചേട്ടനെയും ഞങ്ങളുടെ ആശംസകള്‍ അറിയിക്കുക.

Sun Dec 11, 02:43:00 am IST  
Blogger reshma said...

ഒരു കൊല്ലായോ??!!
ഇവിടെ വന്ന് ‘ജിഞ്ചറ് ഗാറ്ലിക് കളാകുടി’ വാരിവലിച്ചു തിന്നതു ഇന്നലെ എന്ന പോലെ:)ഒരു പാടു ചിരിച്ചിട്ടുണ്ട് സൂ കഥകൾ വായിച്ചിട്ട്, ഇതു വരെ കണാത്ത സൂനോട് ഒരു പാട് അടുപ്പവും തോന്നിയിട്ടുണ്ട്.
ഉമേഷ് പറഞ്ഞത് പോലെ, അവഗണിക്കേണ്ട കമന്റ്റുകളെ അവഗണിക്കുക.
ആശംസകൾ
സ്നേഹവും സമാധാനവും എന്നും നിന്റെ കൂടെ ഉണ്ടായിരിക്കട്ടെ.

Sun Dec 11, 03:40:00 am IST  
Blogger keralafarmer said...

അഭിപ്രായം എഴുതാന്‍ സമയം ഇല്ലെന്നു മാത്രം.

Sun Dec 11, 06:29:00 am IST  
Blogger myexperimentsandme said...

സൂ.. ഹൃദയം നിറഞ്ഞ ഒന്നാം വാർഷികാശംസകൾ.. പഴയതുപോലെ തന്നെ ഇനിയും എഴുതണം. ഇതൊക്കെ വായിക്കുമ്പോഴുള്ള രസവും റിലാക്സേഷനും എത്രയാണെന്നറിയാമോ.. അതുകൊണ്ട് ധൈര്യമായിട്ടെഴുതിക്കോ, വായിക്കാനും ആസ്വദിക്കാനും ആൾക്കാർ ഇഷ്ടം പോലെ. ധൈര്യമായിട്ട് കമന്റും ചെയ്യ്തോ, തള്ളേണ്ടവർ തള്ളട്ടെ, കൊള്ളേണ്ടവർ കൊള്ളട്ടെ..

ഈ മലയാളം ബ്ലോഗുലോകത്തിൽ ഒരുമാസം പോലുമാകാത്ത ഞ, പിഞ്ഞ, ച്ച എന്നുപോലും പറയാനറിയാത്ത ഒരു ബ്ലോഗ്ശിശുവിന്റെ പല്ലില്ലാത്ത ഒരു ചിരിയോടുകൂടിയ ആശംസകൾ..

Sun Dec 11, 07:21:00 am IST  
Blogger evuraan said...

സൂ,

ആശംസകൾ.

ഞാൻ പറയാൻ കരുതിയതിൽ മിക്കവാറും ഉമേഷ് എഴുതിയിട്ട് പോയിരിക്കുന്നു.

ചുമ്മാ വഴക്കുണ്ടാക്കാൻ വരുന്നവരെ അവഗണിക്കുകയെന്നദ്ദേഹം പറഞ്ഞത് ഞാനും ഉദ്ധരിക്കട്ടെ.

ഇംഗ്ലീഷിൽ കമ്മന്റുന്ന അനോണിയിൽ തുടങ്ങി, കാണുന്നിടത്തെല്ലാം തോന്നുന്ന രീതിയിൽ കമ്മന്റിട്ട് , പിന്നെ അക്ഷരമെഴുതാൻ പഠിച്ച് മലയാളം കമ്മന്റുകളിലെത്തി, പിന്നെയൊരു ദിനം മലയാളം ബ്ലോഗ് തുടങ്ങി ചൂടാറുന്നതിന് മുമ്പേ തന്നെ ആറ്റിറ്റ്യൂടിന്റെ ഗർവ്വവുമായ് ആരംഭശൂരത്വത്തിന്റെ മറവിലേക്ക് നീങ്ങിമാറുന്ന ബൂലോകരില് ഇതാ ഒരു വീട്ടമ്മ - ഞങ്ങളുടെ സൂ - തനത് ശൈലിയിൽ എഴുതി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സൂവിന് ആശംസകൾ.

വിദൂരത്തിൽ ഒഴുകിയെത്തുന്ന മണിനാദം കേൾക്കാൻ എന്നുമതേ സമയത്ത് കാതോർത്തിരിക്കുന്നവരെ പോലെ ഞാനും സൂവിന്റെ തനത്ശൈലിയിലുള്ള എഴുത്തുകൾക്കായ് കാത്തിരിക്കുന്നു.

You just can't beat the person who never gives up.

ബേബ് റൂത്തിന്റെ വിഖ്യാതമായ ഒരു പ്രസ്താവനയാണ്.

ഒരിക്കൽക്കൂടി, ആശംസകൾ...!!

--ഏവൂരാൻ

Sun Dec 11, 08:04:00 am IST  
Blogger ദേവന്‍ said...

സൂര്യഗായത്രിക്ക് പിറന്നാളാശംസകൾ! സൂവിനു അഭിനന്ദനങളും.

Sun Dec 11, 09:37:00 am IST  
Blogger Visala Manaskan said...

'സൂര്യഗായത്രി'ക്ക്‌ എന്റെ പിറന്നാളാശംസകൾ.

എല്ലാം മുത്താവട്ടെ!

Sun Dec 11, 09:39:00 am IST  
Blogger അഭയാര്‍ത്ഥി said...

Wish your garden always bloom but wood like to tell that u have to pass thru all the seasons.
Summer , winter…… . and of course there is spring.

Sun Dec 11, 09:54:00 am IST  
Blogger ചില നേരത്ത്.. said...

''സുസ്വാഗതം .
എന്റെ ബ്ലോഗ് വായിച്ചതിനു നന്ദി.
എഴുതൂ ഇനിയും.
വായിക്കുന്ന കാര്യം ഞാന്‍ ഏറ്റു.

സു--- സൂര്യഗായത്രി.''
എങ്ങിനെയോ ഞാന്‍ ബ്ലോഗില്‍ വന്ന് പെട്ടു..എന്തോ കുറിച്ച് തുടങ്ങുകയും ചെയ്തപ്പോള്‍ സൂ- തന്ന പ്രചോദനം ആണ് മുകളില്‍..പിന്നെ ഞാന്‍ അറിഞ്ഞു, ബ്ലോഗുലകത്തില്‍ സൂ ഒരു സജീവ സാന്നിദ്ധ്യവും പ്രചോദനവുമാണെന്ന്. എന്റെ ഏറ്റവും പുതിയ പോസ്റ്റിലും സൂ-വിന്റെ കമന്റ് ഉണ്ട്.
ബ്ലോഗിലൂടെ എന്നെ വഴിനടത്താന്‍ സഹായിച്ച എന്റെ ഗുരുനാഥയ്ക്ക് പ്രണാമം..
എന്റെ ബ്ലോഗ് വായിച്ചതിനു നന്ദി.
എഴുതൂ ഇനിയും.
വായിക്കുന്ന കാര്യം ഞാന്‍ ഏറ്റു.
-ഇബ്രു-

Sun Dec 11, 10:08:00 am IST  
Blogger nalan::നളന്‍ said...

ആശംസകള്‍,
സൂവിന്റേതുള്‍‍പ്പടെ ഇവിടുത്തെ പലരുടേയും ബ്ലോഗുകള്‍ എന്റെ ‘റ്റു ടൂ’ ലിസ്റ്റില്‍ കിടക്കുകയാണു. ഒരു കമന്റ് ഇട്ടില്ലെങ്കിലും എന്റെ ധാര്‍മ്മിക പിന്തുണ ഒരു സൂ കീ ജെയ്യിലൂടെ പ്രഖ്യാപിക്കുന്നു.

Sun Dec 11, 11:14:00 am IST  
Anonymous Anonymous said...

സൂ,
“അറിഞ്ഞതിൽ പാതി പറയാതെ പോയി
പറഞ്ഞതിൽ പാതി പതിരായിപ്പോയി“

എന്നുള്ളതു ഏതൊരു എഴുത്തുകാരന്റെയും സ്വകാര്യദു:ഖമാണ്..
പറയാനുള്ള മനസ്സ് മാത്രമാണ് മുഖ്യം..

അക്ഷരങ്ങളുടെ ലോകത്ത്‌ ഇനിയും ഒരായിരം നിത്യവസന്തങ്ങൾ നേർന്ന് കൊണ്ടു
ഒരു അഭ്യുദയകാംക്ഷി
സൂഫി

Sun Dec 11, 12:59:00 pm IST  
Blogger രാജ് said...

എനിക്ക് പറയുവാനുള്ളതെല്ലാം മുന്‍പേ പറന്ന 12 പക്ഷികള്‍ പറഞ്ഞു. പതിമൂന്നാമന്റെ സ്വരം ദീര്‍ഘമല്ല, എങ്കിലും ഇതെന്റെ അവകാശമെന്ന ബോധത്തില്‍ മറ്റൊരു ആശംസ കൂടി...

Sun Dec 11, 01:17:00 pm IST  
Blogger aneel kumar said...

‘സൂര്യഗായത്രി’ യുടെ ഒന്നാം വാര്‍ഷികത്തിന് ആശംസകള്‍.
ബൂലോഗം എന്ന ഒരു സംഭവം നടക്കുന്ന കാര്യം എന്നോടു പറഞ്ഞത് വിശ്വമാണ്.
അപ്പോള്‍ കണ്ട മലയാളം ബ്ലോഗുകളില്‍ സൂര്യഗായത്രി തന്നെയായിരുന്നു വിപുലമായത്; ഇന്നും വൈവിധ്യത പുലര്‍ത്തുന്നതും.
ഞാനൊരു തമാശയ്ക്കിട്ട എന്റെ ആദ്യപോസ്റ്റിനെ ഞാന്‍ തന്നെ വധിച്ചെങ്കിലും അതില്‍ പോലും പിടിച്ചൊരു പോസ്റ്റ് സു ഇട്ടിരുന്നു :)

ഇവിടെ സു പറയുന്ന പ്രശ്നങ്ങളൊന്നും ശരിക്കും പ്രശ്നങ്ങളേയല്ല. വീക്ഷണങ്ങളുടെയും ‘പാര്‍ലമെന്ററി ബഹുമാന‘ത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിന്റെ വ്യത്യാസങ്ങളുമാണ്. എല്ലാം കാണുക; മനസിലാക്കുക എന്നു മാത്രമേ എനിക്കഭിപ്രായമുള്ളൂ. മലയാളം ബ്ലോഗുകള്‍ മലയാളഭാഷയുടെ ഭാവിയ്ക്ക് മറ്റെന്തൊക്കെയോ സംഭാവനകള്‍ നല്‍കാവുന്ന ഒരു തുടക്കം മാത്രമാണെന്ന പ്രത്യാശയുണ്ട്.
ബ്ലോഗുകള്‍ വ്യക്തിഗതങ്ങളാണെങ്കിലും മറ്റുള്ളവരും വായിക്കുമെന്നതിനാല്‍ പലതരത്തിലും അഭിപ്രായപ്രകടനങ്ങള്‍ ഉണ്ടാകും.
സമഗ്രമായ ഒരു ചുരുങ്ങിയ വിശകലനത്തിലൂടെ ഉമേഷ് പറഞ്ഞതുതന്നെയാണ് വസ്തുത. “പക്വതയില്ലായ്മയും അസൂയമൊക്കെ മനുഷ്യസഹജമായ സ്വഭാവങ്ങളാണെന്നും, അവ പാപമല്ലെന്നും അറിയുക. അതുകൊണ്ടു്‌,
ചുമ്മാ വഴക്കുണ്ടാക്കുവാന്‍ വരുന്നവരെ അവഗണിക്കുക. “

Sun Dec 11, 01:52:00 pm IST  
Blogger Kalesh Kumar said...

സൂ‍...
ഇനിയും ഒരുപാടൊരുപാടെഴുതണം...
ധാരണകൾക്കും തെറ്റിദ്ധാ‍രണകൾക്കുമപ്പുറത്ത് സൂ എഴുതുന്നത് വായിക്കാൻ കുറേ പേരെങ്കിലും കാത്തിരിക്കുന്നുണ്ടെന്നറിയുക.
ആരെന്തുപറഞ്ഞാലും എഴുത്ത് നിർത്തരുത്...

ആശംസകളോടെ...
-കലേഷ്‌-

Sun Dec 11, 01:55:00 pm IST  
Blogger SunilKumar Elamkulam Muthukurussi said...

വന്ദനം! സൂ...
ഉമേഷ് പറഞപോലെ അസൂയ പാപമല്ല എന്നു മാത്രമല്ല അതിനെ നെഗറ്റീവ് ആയി കാണുകയും വേണ്ട. സത്യം പറഞാല്‍ എനിക്ക് സൂവിനോട് അസൂയയുണ്ട്‌, ഇങ്നേ എഴുതുന്നന്റല്ലോ. “ചോപറ്റ“ക്കുന്നിന് എവറസ്റ്റിനോട്‌ അസൂയതോന്നിയിട്ടെന്തുകാര്യം?
ഞങളുടെ -4S-ന്റെ എല്ലാവിധ ആശംസകളും.......

Sun Dec 11, 02:18:00 pm IST  
Blogger സിദ്ധാര്‍ത്ഥന്‍ said...

സൂ,
പാമ്പും പഴുതാരയുമടക്കം എല്ലാം ഒരു ഇക്കോസിസ്റ്റത്തിന്റെ ഭാഗമാണു്. അതില്ലാത്ത ലോകം കണ്ടുപിടിക്കുക ദുഷ്ക്കരമാണു്. പാമ്പുകളിൽ മൂർഖനെന്നു തോന്നുന്നവയെ പരിഗണിക്കുക. നീർക്കോലിയെ അവഗണിക്കുക. നൂറാണ്ടുകാലം മനസ്സമാധാനമായി ബ്ലോഗ്ഗുക. ആശംസകൾ!!

Sun Dec 11, 03:27:00 pm IST  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

നമ്മളെപ്പറ്റി മറ്റുള്ളവര്‍ എന്തു ധരിക്കുന്നു എന്നതിനേക്കാള്‍ മറ്റുള്ളവരെപ്പറ്റി നമ്മള്‍ എന്തു ധരിക്കുന്നു എന്നതാണ് പ്രധാനം. ഓരോരോ തെറ്റുകള്‍ക്കു പുറകിലും ഒരുപാട് ശരികളുമുണ്ട്. പരസ്പരം ഇഴചേര്‍ന്നു കിടക്കുന്ന അവയുടെ അതിര് വേര്‍തിരിച്ചെടുക്കാന്‍ ആര്‍ക്കാവും. നമുക്ക് ചെയ്യാവുന്നത് ഒന്നേയുള്ളൂ. നമുക്ക് നമ്മുടെ ശരികളില്‍ സന്തോഷിക്കാം തെറ്റുകളില്‍ പശ്ചാത്തപിക്കാം. മറ്റുള്ളവരുടേത് അവര്‍ക്കു വിട്ടുകൊടുക്കാം. (ഇത് എന്‍റെ മാത്രം ശരിയാണ്.)

Sun Dec 11, 05:11:00 pm IST  
Anonymous Anonymous said...

AYUSSHHH MAAAAN BHAAVAAAA Su !!! Keep writing ......

Sun Dec 11, 08:47:00 pm IST  
Blogger Achinthya said...

സൂക്കുട്ടി,
എന്റമ്മൊ ഒരു കൊല്ലം നിർത്താണ്ടെ, സമ്മതിച്ചു, ട്ട്വോ.
ഒരു പോസ്റ്റ്‌ പോലും തട്ടിക്കൂട്ടാൻ പറ്റാത്ത എന്നെപ്പോലെള്ള മണ്ണുണ്ണികൾടെ ലോകതിൽ അക്ഷരസദ്യ വെച്ചു വിളംബീലൊ. ഉമ്മാ

Sun Dec 11, 09:59:00 pm IST  
Blogger Manjithkaini said...

സൂര്യഗായത്രീ,
ആശംസകള്‍!.
ബ്ലോഗുലോകത്തിന്റെ അനന്യത സൂവിന്റെ ബ്ലോഗുവായിക്കുമ്പോഴാണ്‌ യഥാര്‍ഥത്തില്‍ പിടികിട്ടുക.
ഒന്നാന്തരം സൃഷ്ടികള്‍ക്കൊപ്പം, അഭിനന്ദനങ്ങളായും, പരിഭവങ്ങളായും, പിണക്കങ്ങളായും, ചെളിയേറുകളായും വായനക്കാരും വന്നു നിറയുന്ന വേറെ ഏതു പ്രസ്ഥാനമാണു നമ്മുടെ മലയാളത്തിലുള്ളത്‌.
എല്ലാം ഒരു ഭാഗ്യമല്ലേ.
ഞാനൊക്കെ 'കമന്റിടൂ' എന്നൊരു ബോര്‍ഡുവച്ചിട്ടു പോലും ആരുമൊന്നും പറയുന്നില്ല.
എവിടെ ചെല്ലണമെന്ന് എല്ലാവര്‍ക്കുമറിയാം. ആശംസകള്‍. ഒരുപാടെഴുതുവാന്‍!

മന്‍ജിത്‌

Mon Dec 12, 11:23:00 am IST  
Blogger esvee said...

കയറട്ടങ്ങനെ കയറട്ടെ
ബ്ലോഗിന്‍ പടികള്‍ സൂ കയറട്ടെ
ഒന്നൊന്നായി കയറട്ടെ
വീണ്ടും വീണ്ടും കയറട്ടെ

Take care!

Mon Dec 12, 12:22:00 pm IST  
Blogger അതുല്യ said...

ഒന്നുതന്നല്ലയോ നിങ്ങളും ഞാനും,
ഈ കാടുമീകിനാക്കളുമണ്ഡകടാഹവും,
എന്തു പറയണം, ഞാൻ സൂവിനോടു എന്തു പറയണം?
കാത്തിരിക്കുന്നു, കാതോർത്തിരിക്കുന്നു,
എല്ലാരെയും പോലെ ഞാനും!!

Mon Dec 12, 12:29:00 pm IST  
Blogger Adithyan said...

വാർഷികാശംസകൾ!!!

എനിക്കും ഒരു മലയാളം ബ്ലോഗ്‌ തുടങ്ങണം എന്നു തോന്നിത്തുടങ്ങിയതു സു-ന്റെ ബ്ലോഗു വായിച്ചു തുടങ്ങിയതിൽ പിന്നെ ആണ്‌.

‘ബ്ലോഗ്‌‘ എന്താണെന്നു ഒരു നിഘണ്ടുവിലും പറഞ്ഞിട്ടില്ല. ചേച്ചി എഴുതുന്നതാണ്‌ ചേച്ചിയുടെ ബ്ലോഗ്‌, ഞൻ എഴുതുന്നതാണ് എന്റെ ബ്ലോഗ്‌.
ആശയ പരമായ സം‍വാദങ്ങൾക്കല്ലാതെ മറഞ്ഞിരുന്നു ചീത്ത വിളിക്കാനായി പ്രത്യക്ഷപ്പെടുന്ന ഭീരുക്കളെ അവഗണിക്കു, ചേച്ചിയുടെ പോസ്റ്റുകൾക്കായി കാത്തിരിക്കുന്ന ഞങ്ങളെ മാത്രം ഓർക്കൂ :-D

Mon Dec 12, 01:48:00 pm IST  
Blogger Adithyan said...

ഈ എഴുതുന്നതൊക്കെ മലയാളസാഹിത്യത്തിലെ മികച്ച എഴുത്താണെന്നൊന്നും ഞാൻ ഒരിക്കലും കരുതിയിട്ടില്ല. ഒരിക്കലും കരുതുകയും ഇല്ല. മാസ്റ്റർപീസുകൾ എഴുതി മലയാളസാഹിത്യത്തിന്റെ കൊട്ടാരപ്പടവുകൾ കയറാനും ഉദ്ദേശമില്ല. ഒരു വീട്ടമ്മയുടെ എഴുത്തായി കാണൂ. വായിക്കൂ.

ഒരു സത്യം പറഞ്ഞാൽ മുഖസ്തുതിയായി കാണരുത്‌. മലയാള സാഹിത്യത്തിൽ ഇന്നെഴുതുന്ന ഒരുപാട്‌ ആൾക്കാരുടെതിനെക്കാൾ ആസ്വാദ്യകരം ചേച്ചിയുടെ രചനകളാണ്. പെണ്ണെഴുത്ത് എന്നൊക്കെ പറഞ്ഞ്‌ കൊറെ കോലം കെട്ടലുകൾ നടത്താൻ ചില ‘സാഹിത്യകാരികളും’ പിന്നെ അതൊക്കെ പൊക്കിപ്പിടിച്ചു നടക്കാൻ കുറെ ‘സാഹിത്യപ്രവർത്തകരും’....

അതിനെക്കാൾ ഒക്കെ എനിക്കു പ്രിയങ്കരമായി തോന്നിയതു ഇടക്കു ചിരിപ്പിച്ചും പിന്നെ വല്ലപ്പോഴും ദുഖിപ്പിചും ഒക്കെ ഉള്ള സു-ന്റെ ഈ എഴുത്താണ്‌.

Mon Dec 12, 02:05:00 pm IST  
Anonymous Anonymous said...

Thalararuthu kutti... Thalararuthu... comments okke jeevidhathile oro kaddina pareekshanangal ayi kaanu :-) (ivide 1 year sahicha padu njangalkkalle ariyu; SU nte chettane sammadikkanam (just joking dear)) ee kala parupadi One year nadathikondu poya nammude ellam dear SU num SU nte blog num ellavidha ashamssakalum neranu... keep writing dear... make us happy.

Pinne SU dear how are you? enthokke visheshams? Jail il net fecility illanjathinal enikku onnum vayikkan pattiyirunnilla; ippo parolil ayathinal ee one year thikacha post ill oru comment post cheyyan sadichu. take care dear; have a good day

Mon Dec 12, 04:09:00 pm IST  
Blogger rathri said...

ASamsakaL Su.

Mon Dec 12, 04:42:00 pm IST  
Blogger Kumar Neelakandan © (Kumar NM) said...

ഞാൻ എത്തിയപ്പോൾ ഒരുപാട് താമസിച്ചുപോയി സൂ. പിറന്നാൾ സദ്യ കഴിഞ്ഞോ? എങ്കിലും ഞാൻ ഒരു ഇലയും നീക്കിയിട്ട് ഇരിക്കുന്നു. വിളമ്പൂ ഒന്നുകൂടി ഒരു പിറന്നാൾ സദ്യ.

Mon Dec 12, 05:15:00 pm IST  
Anonymous Anonymous said...

Dear Su..
Congratulations and All the Best wishes for ur Malayalam Blog..

Keep writing with accepting all the best wishes and rejecting the bad comments..
Hope ur blog will continue long with good creations
ammu

Tue Dec 13, 06:27:00 am IST  
Blogger സു | Su said...

മനസ്സും കണ്ണും ഒരുമിച്ച് നിറഞ്ഞു...

അനുഗ്രഹങ്ങൾ... ആശംസകൾ...

ഞാൻ അറിയാത്ത... എന്നെ അറിയാത്ത...

എഴുത്തിലൂടെ, വായനയിലൂടെ പരിചയമുള്ള സുഹൃത്തുക്കൾ.

ഇല്ല, അസൂയ കണ്ടിട്ട് എഴുത്ത് നിർത്താൻ പരിപാടി ഇല്ല. എഴുതിക്കൊണ്ടേയിരിക്കും. ബ്ലോഗിന്റെ കാര്യത്തിൽ അല്പം സംശയം. അത്രേ ഉള്ളൂ.

അടുത്ത വർഷവും ഇതുപോലെ നിങ്ങളുടെ, അല്ല, കൂടുതൽ ആൾക്കാരുടെ ആശംസയും അനുഗ്രഹവും കിട്ടട്ടെ എന്നൊരു അതിമോഹം...

എഴുത്ത് എന്റെ ജീവിതത്തിലെ സന്തോഷം ആണ്.
“നമുക്കു നാമേ പണിവത് നാകം,
നരകവുമതുപോലെ" എന്നല്ലേ.

അതുകൊണ്ട് ഈ സന്തോഷം കൈവിടാൻ ഞാൻ ഒരുക്കമല്ല.

പൂർണചന്ദ്രൻ മറയുന്നത് തങ്ങൾ രാവോളം കുരയ്ക്കുന്നതുകൊണ്ടാണ് എന്നു വിശ്വസിക്കുന്ന തെരുവുപട്ടികളോട് സഹതപിക്കാം.

എല്ലാവർക്കും നന്ദി. ഒരുപാട്...

ചേട്ടൻ എല്ലാവരോടും അന്വേഷണം പറയാൻ ഏൽ‌പ്പിച്ചിട്ടുണ്ട്. (നിങ്ങളൊക്കെ വായിക്കാൻ ഉള്ളതുകൊണ്ട് ഞാൻ ഒരുവിധം രക്ഷപ്പെട്ടു നിൽക്കുന്നു എന്നൊരു ആത്മഗതവും കേട്ടു.)

Tue Dec 13, 05:02:00 pm IST  
Blogger Kalesh Kumar said...

സൂ പറഞ്ഞു .. “എഴുതിക്കൊണ്ടേയിരിക്കും. ബ്ലോഗിന്റെ കാര്യത്തിൽ അല്പം സംശയം. അത്രേ ഉള്ളൂ.“

കലേഷ് ചോദിക്കുന്നു : എന്താപ്പോ ഒരു സംശയം???
കലേഷ് പറയുന്നു : സംശയമൊന്നും വേണ്ട. ഇനിയും ഇനിയും ഇനിയും ബ്ലോഗണം. ഞങ്ങളെയൊക്കെ ഒരുപാട് ചിരിപ്പിക്കണം...

Tue Dec 13, 05:08:00 pm IST  
Blogger അതുല്യ said...

പെരിങ്ങോടൻ അവർകളേ,

ശലഭം വഴിമാറുമീ മിഴി രണ്ടിലും
എൻ സമ്മതം.

ആദിത്യാ,
ഇന്നു മുതൽ എന്നോടു തല്ലുകൂടല്ലേ, ഞാൻ എല്ലാരൊടും ഒപ്പം. പിന്നെ തർക്കുത്തരം, തമാശ, അതൊക്കെ നമുക്കു എപ്പോഴും വേണംട്ടോ.

സൂ,
എല്ലാരും ഈ പറയണതേയുള്ളു, സൂ വില്ലാത്ത ഒരു ബ്ലോഗ്ഗോ? അയ്യട ഇച്ചിരി പുളിക്കും!, പെട്രോളില്ലാത്ത ദുബായി പോലാവുമത്‌. ആരെയും തെരുവുപട്ടീന്നു വിളിക്കണ്ടാ സൂ, സൂ വിന്റ നാവീന്ന് അതു വരരുതായിരുന്നു. എല്ലാരും ഒരു ഐശ്വര്യവതിയായ വീട്ടമ്മ എന്നോക്കെ പറയുമ്പോ,സൂവിനു വേണ്ടി, ഒരു സൂലോകം തന്നെ പണിതുയർത്തുമ്പോൾ, സൂ/നമ്മൾ അങ്ങെനെയൊന്നും പറയണ്ടാ. അതിലാണു നമ്മടെ ജയമുള്ളതു.

Tue Dec 13, 05:44:00 pm IST  
Blogger സു | Su said...

നന്ദി :) തുളസി.

Wed Dec 14, 10:11:00 pm IST  
Blogger viswaprabha വിശ്വപ്രഭ said...

അങ്ങുമോളിൽ ഉയരങ്ങളിൽ പാറിപ്പാറിയകലുന്ന ഒരു പട്ടം...!


കയ്യിലൊരു കഷണം പൊട്ടിയ നൂലുമായി ഇവിടെ കൊയ്തൊഴിഞ്ഞ പാടത്ത് ഒരു കന്നുകാലിച്ചെക്കൻ ആകാശത്തു മിഴിയെറിഞ്ഞുകൊണ്ടു സ്തബ്ധമൂകനായി നിൽക്കുന്നു....

എന്തിനോ, ഒട്ടൊരു ആഹ്ലാദത്തോടെ....
എന്തിനോ, ഒട്ടൊരു ദുഃഖത്തോടെ....


അങ്ങുമോളിൽ ഉയരങ്ങളിൽ ഒരു പട്ടം പാറിപ്പറന്നകലുന്നു ...!

Fri Dec 16, 03:12:00 pm IST  
Blogger സു | Su said...

പട്ടം എന്നും ആകാശത്തിന്റെ മാത്രം സ്വന്തം...

പട്ടം എന്നും ഉയരങ്ങളുടെ മാത്രം സ്വന്തം...

പട്ടം പറത്തുന്ന ജോലിയേ ചെക്കനു പറഞ്ഞിട്ടുള്ളൂ...

പിന്നെ പട്ടം സ്വന്തം കൈയിലെ നിന്ന് പൊട്ടിപ്പോകാതിരിക്കാൻ നൂലിനു പകരം വല്ല കയറും ഉപയോഗിക്കാം...

എന്നിട്ട് ആശ്വസിക്കാം മുകളിൽ പറന്നുനടക്കുന്ന പട്ടത്തിന്റെ ഇങ്ങേയറ്റത്തുള്ളത് തന്റെ ഹൃദയം ആണല്ലോന്ന്!

Sun Dec 18, 10:15:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home