Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, May 25, 2006

ഇതാ ഒരമ്മ

അവന്‍ വന്നു. കൂടെ വന്നവരും വീട്ടില്‍ ഉണ്ടായിരുന്നവരും എന്തൊക്കെയോ പറയുന്നുണ്ട്‌. അമ്മ കേട്ടില്ല. ഒന്നും അറിയാന്‍ ശ്രമിച്ചുമില്ല. വന്നവരൊക്കെ തിരിച്ചുപോയതിനുശേഷം 'ചായ കുടിക്കൂ’, ‘കുളിക്കുന്നില്ലേ’ 'അത്താഴം തയ്യാറായി’, 'കഴിക്കാന്‍ വരൂ' ഇത്രയും വാക്കുകളാണ് ആ വീട്ടില്‍ ഉറക്കെ കേട്ടത്‌. വാക്കുകളൊക്കെ തടവറയില്‍ സുഖം കണ്ടെത്തിയ പോലെ. രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ജീവനില്ലാതെ പിടയ്ക്കേണ്ടി വരുന്ന അവസ്ഥയില്‍ വാക്കുകള്‍. അതുകൊണ്ട്‌ അവയെ തടവറയില്‍ത്തന്നെ തളച്ചിട്ടു.

വിധാതാവ്‌ ഒരു പക്ഷെ മറിച്ചൊന്നു ചിന്തിച്ചിരുന്നെങ്കില്‍, അവന്റെ കൂടപ്പിറപ്പ്‌, അല്ലെങ്കില്‍ അവന്റെ ഭാഗ്യം പോലെ അവന്റെ ഭാര്യ, അതുമല്ലെങ്കില്‍ അവനു മകളായി പിറക്കേണ്ടവള്‍. അങ്ങനെയൊരു ജന്മത്തെയാണ് കൂട്ടുകാരുമൊത്ത്‌ തകര്‍ത്തെറിഞ്ഞു വന്നിരിക്കുന്നത്‌.

ഓര്‍ക്കരുത്‌ ഒന്നും.

*********************
ഒരുപാടുനാളത്തെ ആലോചനയ്ക്ക് ശേഷം ആണ് മനസ്സിലെ വിധിയ്ക്ക്‌ തീര്‍പ്പുണ്ടായത്‌. ജന്മം കൊടുത്തവര്‍ക്ക്‌ എടുക്കാനും അധികാരമുണ്ടെന്ന് ഉറപ്പിച്ചു‌. ഇറച്ചിവെട്ടുകാരനുപോലും തോന്നാത്ത ക്രൂരത മനസ്സില്‍. അവനെ വെട്ടിയൊതുക്കുമ്പോള്‍ പക്ഷെ ഒന്നും ചിന്തിച്ചില്ല. ചോരയില്‍ കുളിച്ചുകിടക്കുന്ന ശരീര ഭാഗങ്ങള്‍ അമ്മേയെന്ന് വിളിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ത്തന്നെ വിലയില്ലാത്തൊരു വിളിയ്ക്ക്‌ കാതോര്‍ക്കരുത്‌.

ഒക്കെ തീര്‍ത്ത്‌, രക്തം പുരണ്ട ദേഹവും, സ്നേഹം വാര്‍ന്നൊലിച്ചുപോയ ഹൃദയവുമായി ആ അമ്മ ദൈന്യതയിലേക്ക്‌ നടന്നകന്നു.

വിജയത്തിന്റേയും പരാജയത്തിന്റേയും തീര്‍പ്പുകല്‍പ്പന വിധിയ്ക്ക്‌ വിട്ടുകൊടുത്ത്‌ കൊണ്ട്‌.

10 Comments:

Blogger Reshma said...

ഈ കഥ ഇഷ്ടായി സൂ. സ്നേഹം വാര്‍ന്നൊലിച്ചുപോയ ഹൃദയവുമായി ദൈന്യതയിലേക്ക് നടന്നകലുന്ന ഈ അമ്മയേയും ..
(ഇറച്ചിവെട്ടുകാറ്ക്ക് മുന്നില്‍ കിടക്കുന്ന ഇറച്ചികഷ്ണങ്ങള്‍ വെട്ടിനുറുക്കുമ്പോള്‍ മനസ്സില്‍ ക്രൂരതയൊന്നും തോന്നില്ലാന്നാ എനിക്കു തോന്നുന്നേ, ജോലിയല്ലേ? സൂ പുല്‍-ഭുക്കായോണ്ട് ക്രൂരത ആറ്റ്രിബ്യൂട്ട് ചെയ്തതാവാം:))

Thu May 25, 02:15:00 PM IST  
Blogger വിശാല മനസ്കന്‍ said...

ഒക്കെ തീര്‍ത്ത്‌, രക്തം പുരണ്ട ദേഹവും, സ്നേഹം വാര്‍ന്നൊലിച്ചുപോയ ഹൃദയവുമായി ആ അമ്മ ദൈന്യതയിലേക്ക്‌ നടന്നകന്നു.

Thu May 25, 02:23:00 PM IST  
Blogger ചില നേരത്ത്.. said...

എന്തോ ചില വാദഗതികള്‍ മനസ്സില്‍ വെച്ച് രൂപപ്പെടുത്തിയ ഈ കഥ, എനിക്ക് മനസ്സിലായിട്ടില്ല. സൂവിന്റെ, ഇതാ ഒരമ്മ, ആശയവുമായി ബന്ധം സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു.
വിശദീകരണം ചോദിക്കുന്നതില്‍ ക്ഷമിക്കുമല്ലോ?

Thu May 25, 04:27:00 PM IST  
Blogger സു | Su said...

രേഷ് :) കഥ ഇഷ്ടമായതില്‍ നന്ദി. ജീവനുള്ളതിനെ വെട്ടിക്കൊല്ലുമ്പോള്‍ ക്രൂരത ഉണ്ടാവുംന്ന് തോന്നി.

വിശാലമനസ്കന്‍ :)

ഇബ്രു :)ഈ കഥയില്‍ ഒരമ്മ. ഒരു മകന്‍. മകന്‍ കൂട്ടുകാരോടൊത്ത് ഒരു സ്ത്രീയെ നശിപ്പിച്ചുകൊന്ന് തിരിച്ചുവന്നിരിക്കുകയാണ്. (ജയിലില്‍ നിന്നാവാം, ജാമ്യം നേടി വന്നതാവാം )

ഒരു പക്ഷെ ദൈവം ഒന്ന് വിധിയൊക്കെ മാറ്റിവെച്ചിരുന്നെങ്കില്‍, അമ്മയുടെ ചിന്തയില്‍ ആ അന്യ സ്ത്രീ അമ്മയുടെ മകന്റെ കൂടപ്പിറപ്പോ, ഭാര്യയോ, അതുമല്ലെങ്കില്‍ മകളോ ഒക്കെ ആയിത്തീരാവുന്ന ഒരു ജന്മം ആയിരുന്നു.( അതായത് അവന്റെ വീട്ടില്‍ പെങ്ങളായിട്ട് പിറന്നേനെ, അല്ലെങ്കില്‍ ഭാര്യയായിട്ട് വന്നേനെ, അതുമല്ലെങ്കില്‍ മകള്‍ ആയിട്ട് ജനിച്ചേനേ. പക്ഷെ അന്യസ്ത്രീ ആയിപ്പോയി. എന്നാലും മകന്‍ അങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ എന്ന് അമ്മയ്ക്ക് ഒരു ചിന്ത).

അമ്മ മകന്റെ തെറ്റിനു ശിക്ഷ വിധിച്ചു. കൊന്നു.

ഇത്രേ ഉള്ളൂ.

Thu May 25, 04:49:00 PM IST  
Anonymous Anonymous said...

സൂചേച്ചി,
എക്സപളനേഷന്‍ കണ്ടപ്പോളാണു എനിക്കു മനസ്സിലായെ...അമ്മ മനസ്സു കൊണ്ടാണോ മകനെ കൊന്നതു? അതോ ശരിക്കും കൊന്നോ? ശരിക്കും കൊന്നതാണെങ്കില്‍.....എനിക്കു എന്തോ ഒരു സുഖ കുറവു.

Thu May 25, 05:25:00 PM IST  
Blogger ശ്രീജിത്ത്‌ കെ said...

മകളുടെ ഘാതകനെ കൊന്ന പിതാവിനെ ശിക്ഷ ഒഴിവാക്കി ഹൈക്കോടതി വെറുതെ വിട്ടു എന്ന വാര്‍ത്ത കേട്ടപ്പോള്‍ മനസ്സില്‍ വന്ന ആശയം ആണല്ലേ ഇത്. ഭാഷ നന്നായിട്ടുണ്ട്. മനസ്സില്‍ തട്ടുന്നതരത്തില്‍ എഴുതിയിട്ടും ഉണ്ട്.

ബിജു വര്‍മ്മയും ഈ വിഷയത്തെപറ്റി നന്നായി ഹൈക്കോടതീ... നന്നായി എന്നൊരു പോസ്റ്റ് ഇട്ടിരുന്നു. എനിക്കൊന്നെ പറയാനുള്ളൂ, നന്നായി സൂ... നന്നായി.

Thu May 25, 06:59:00 PM IST  
Blogger ബിന്ദു said...

സ്വന്തം അമ്മയില്‍ നിന്നു അവനതു പ്രതീക്ഷിച്ചു കാണില്ല, അല്ലേ?? ഗഹനമായ വിഷയം ! നന്നായി എഴുതി.

Thu May 25, 08:09:00 PM IST  
Blogger kumar © said...

അയ്യോ, കൊലനടക്കുന്നു.
പക്ഷെ, സൂ ഞാനും തെറ്റിദ്ധരിച്ചു. കഥ വേറൊരു ബന്ധത്തിലും ആംഗിളിലും ആണ് ഞാന്‍ മനസിലാക്കിയത്.
വിശദീകരണത്തില്‍ നിന്നും ശരിയായത് ഊഹിച്ചു.
വായനക്കാരന് ഊഹിക്കാനിട്ടുകൊടുക്കുമ്പോള്‍ അവനു അതില്‍ പിടിച്ചുകയറി ഊഹിക്കാല്ലൊ. അല്ലെ?

Thu May 25, 09:14:00 PM IST  
Blogger സു | Su said...

എല്‍ ജീ :) ശരിക്കും കൊന്നു.

ശ്രീജിത്ത് :) നന്നായെങ്കില്‍ നന്നായി.

ബിന്ദു :)നന്ദി

കുമാര്‍ :) വിശദീകരണത്തില്‍ നിന്നു മനസ്സിലായല്ലോ. പിന്നെ വായിച്ചപ്പോള്‍ മനസ്സിലായില്ലേ? വായിച്ചിരുന്നോ?

Fri May 26, 10:55:00 PM IST  
Blogger Ajith Nair said...

ഒന്നും പറയാന്‍ ഇല്ല. Shocking. വാക്കുകള്‍ ഏറ്റവും കുറച്ചു ഉപയോഗിച്ചിരികുന്നതിനാല്‍ ഒട്ടും impact നഷ്ടപ്പെടാതെ തന്നെ പറയാന്‍ സാധിചിരികുന്നു.

(എനിക്ക് വായിച്ചിട്ട് ഒട്ടും മനസ്സിലാകായ്ക ഉണ്ടായില്ല കേട്ടോ. നല്ല ആഖ്യാന ശൈലി. തനിമയുടെ കയ്യൊപ്പ് എന്നൊക്കെ ക്ലീഷെ വേണമെങ്കില്‍ പറയാം.)

- ആര്യന്‍

Tue May 19, 07:55:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home