Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, May 15, 2006

കറക്കം

വെറുതെ ഒരു ജോലിയുമില്ലാതിരിക്കുമ്പോഴാണല്ലോ, എന്തെങ്കിലും ചെയ്തുകളയാമെന്ന് തോന്നുക. അന്ന് എനിക്കും തോന്നിയത്‌ അതു തന്നെയാണ്. ഞാന്‍, യുദ്ധമേഖലയിലേക്ക്‌ കുതിക്കുന്ന പട്ടാളത്തെപ്പോലെ, ടി.വി.യും നോക്കി ഇരിക്കുന്ന ചേട്ടനരികിലേക്ക്‌ ഓടി. സമയം കളയരുതല്ലോ.

“ചേട്ടാ...”

തോട്ടപൊട്ടിയ കുളത്തിലെ മീനിനെപ്പോലെ ചേട്ടന്‍ ഞെട്ടിത്തെറിച്ചു.

"എന്താ"

"നമുക്കെവിടെയെങ്കിലും കറങ്ങാന്‍ പോയാലോ?"

"ഉം. പക്ഷെ എവിടെ?"

"എവിടെയെങ്കിലും"

"ഉം എന്നാ റെഡി ആയ്ക്കോ".

റെഡി ആയി ഇറങ്ങിത്തിരിച്ചു. ജ്യൂസുകടയ്ക്കരികിലെ ഈച്ചകളെപ്പോലെ കറങ്ങിക്കറങ്ങി ഐസ്‌ക്രീം കടയ്ക്ക്‌ മുമ്പിലെത്തി. ബെല്ലടിച്ചതിനു ശേഷം സ്കൂളില്‍ എത്തുന്ന അദ്ധ്യാപകനെപ്പോലെ തിരക്കിട്ട് ഞാന്‍ കടയ്ക്കുള്ളിലേക്ക്‌ ഓടിക്കയറി, ഇരുപ്പുറപ്പിച്ചു. ഒരു മിനുട്ട്‌ വൈകിയിരുന്നെങ്കില്‍ ചേട്ടന്‍ മുന്നോട്ട്‌ നടത്തം തുടരും എന്നെനിയ്ക്കറിയാം. നിവൃത്തിയില്ലാതെ ചേട്ടനും വന്ന് എനിയ്ക്കെതിരെ ഇരുപ്പുറപ്പിച്ചു. വെയിറ്റര്‍ വന്ന്, ഇരുമ്പുപണിക്കാരന്‍ ഇരുമ്പിനടിക്കുന്നതുപോലെ, ടക്‌ ടക്‌ എന്ന് ഒച്ചവരുത്തി വെള്ളഗ്ലാസ്സുകളും മെനു കാര്‍ഡും കൊണ്ടുവെച്ചു. 'എന്താ വേണ്ടത്‌ തടിയാ, എന്താ വേണ്ടത്‌ തടിച്ചീ' എന്നുള്ള മട്ടില്‍ ഞങ്ങളെ മാറിമാറി നോക്കി, നോട്ടം എന്നില്‍ ഉറപ്പിച്ചു. ഞാനായിരിക്കും ഓര്‍ഡര്‍ ചെയ്യുക എന്ന് അവനുറപ്പിച്ച പോലെ. ഞാന്‍ മെനുകാര്‍ഡ്‌ എടുത്ത്‌ പത്രത്തിലെ ചരമകോളം വായിക്കുന്ന അതേ ശുഷ്കാന്തിയോടെ വായിച്ചു. എന്റെ പേരുണ്ടോന്ന് നോക്കണമല്ലോ. എന്നിട്ട്‌ ഒരു സ്പെഷല്‍സാധനം കണ്ടുപിടിച്ച്‌, ഇതൊക്കെ ഞാനെത്ര തിന്നതാ എന്ന മട്ടില്‍ ഓര്‍ഡര്‍ ചെയ്തു. അവന്‍ പോയി.

ചേട്ടന്‍ മിടുക്കനായി ഇരിക്കുന്നുണ്ട്‌. ഇരിക്കും. കാരണം മണ്‍പാത്രക്കാരന്‍ മണ്ണ് തിരിച്ച്‌ പാത്രം ഡിസൈന്‍ ചെയ്യുന്ന സ്റ്റൈലില്‍ വെള്ളത്തിന്റെ ഗ്ലാസ്‌ തിരിച്ച്‌ ഗ്ലാസിലെ വെള്ളം ഇതിനുമുന്‍പ്‌ രണ്ട്‌ പ്രാവശ്യം എന്റെ മേലൊഴിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ ഗ്ലാസ്‌ തൊട്ടുപോകരുത്‌...., ഇനി ആവര്‍ത്തിച്ചാല്‍.... എന്നൊക്കെയുള്ള ഡയലോഗ്‌ ചേട്ടന്റെ ഓര്‍മ്മയില്‍ ഞാന്‍ ഡൌണ്‍ലോഡ്‌ ചെയ്ത്‌ വെച്ചിട്ടുണ്ട്‌. പിന്നെ, ചേട്ടന്‍ ഹോട്ടലില്‍ നിന്ന് വെള്ളം കുടിക്കാറില്ല. വെള്ളത്തിന്റെ ഗ്ലാസ്സ്‌ തൊട്ടാല്‍ അതെന്റെ മേല്‍ തൂവാന്‍ ആണെന്ന് അറിയാം.

ഞങ്ങള്‍ കുറച്ച്‌ ലോകകാര്യങ്ങളൊക്കെപ്പറഞ്ഞ്‌, ( ഒസാമയെ ബുഷ്‌ കാണുന്നതോ, സു വിനെ ബ്ലോഗ്ഗേര്‍സ്‌ കാണുന്നതോ ആദ്യം സംഭവിക്കുക, ചിന്താമണിക്കൊലക്കേസ്‌ എന്ന സിനിമ കണ്ടിട്ട്‌ ഒന്നും മനസ്സിലാവാത്തതുകൊണ്ട്‌ അതൊന്നു മനസ്സിലാക്കും എന്ന വാശികൊണ്ടാണോ അതിനു ഇത്രേം തിരക്ക്‌, മുതലായവ) തീരുമ്പോഴേക്കും ഐസ്ക്രീം എത്തി. നീണ്ടുമെലിഞ്ഞ്‌ ഐശ്വര്യയെപ്പോലെ ഒരു സ്പൂണും. മുകളില്‍ ഒരു ചെറിപ്പഴം വെച്ചിട്ടുണ്ടായിരുന്നു. ഞാനത്‌ ഡോക്ടര്‍ രോഗിയുടെ ചെവിച്ചെപ്പി തോണ്ടുന്ന സ്റ്റെയിലില്‍ എടുത്തപ്പോള്‍ അത്‌ അടിയിലെ പ്ലേറ്റില്‍ വീണു. അതെനിക്ക്‌ വല്യ ഇഷ്ടം ഒന്നുമില്ല. എന്നാലും കഷ്ടപ്പെട്ടുണ്ടാക്കുന്ന പൈസയ്ക്കൊരു വില വേണ്ടേ. അതുകൊണ്ട്‌ ചുറ്റും നോക്കി അത്‌ കൈകൊണ്ട്‌ എടുത്ത്‌ വായിലിട്ടു. പിന്നെ ആ സ്പെഷല്‍ ഐസ്ക്രീം കഴിക്കാന്‍ തുടങ്ങി. ഈ ഐശ്വര്യാറായ്‌ സ്പൂണിനു പകരം ഷക്കീലാസ്റ്റൈല്‍ സ്പൂണ്‍ തന്നിരുന്നെങ്കില്‍ ഇതുപോലെ രണ്ടെണ്ണം ഞാനിപ്പോള്‍ കഴിച്ചു തീര്‍ന്നേനെ എന്ന മട്ടില്‍ ഞാന്‍ ചേട്ടനെ നോക്കി.

തീറ്റ പുരോഗമിച്ചുകൊണ്ടിരുന്നു. ഉണക്കമുന്തിരി (ഫ്രിഡ്ജില്‍ അഥവാ ഫ്രീസറില്‍ തുറന്നിട്ടത്‌) കടിച്ചതും പല്ല് രണ്ടെണ്ണം, മധുവിധു ദമ്പതിമാരെപ്പോലെ, പിരിയില്ല നാം.... ഒരുകാലവും എന്ന മട്ടില്‍ ഒട്ടിപ്പിടിച്ചു. നാവുകൊണ്ട്‌ ആവുന്നത്ര നോക്കി. രക്ഷയില്ലാ...ചേട്ടന്റെ മുഖത്തേക്ക്‌ നോക്കിയപ്പോള്‍ അവിടെയും തഥൈവ എന്ന് മനസ്സിലായി. ഭാഗ്യം, ദേഷ്യപ്പെടാന്‍ പറ്റില്ലല്ലോന്ന് വിചാരിച്ചു. ഒരുവിധത്തില്‍ ആ ഉണക്കമുന്തിരിയെ പല്ലില്‍ നിന്ന് രക്ഷപ്പെടുത്തി ആമാശയത്തിലേക്കയച്ചു. ഇതെങ്ങാന്‍ പെണ്ണു കാണാന്‍ വരുന്ന ചെറുക്കനു കൊടുത്താല്‍ അവന്റെ സ്ഥിതിയെന്താവും എന്ന് ഞാനോര്‍ത്തു. ചോദിക്കാന്‍ വെച്ചിരുന്ന ചോദ്യമൊക്കെ ഉണക്കമുന്തിരിയുമായുള്ള യുദ്ധത്തില്‍ മറന്നുപോകും. അങ്ങനെ ഒരു വിധം ആ സ്പെഷല്‍ കഴിച്ചു തീര്‍ന്നു. ബില്ലു കൊണ്ടുവന്നപ്പോള്‍ ഇതിനു ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്തില്ലല്ലോന്നൊരു നോട്ടം അവനെ നോക്കി.

അങ്ങനെ അവിടെ നിന്നിറങ്ങി. ഇനി എങ്ങോട്ട്‌ എന്ന ഇന്ത്യാരാജ്യത്തിന്റെ ചിന്തയിലെ അതേ ചോദ്യമുള്ള നോട്ടം ചേട്ടന്‍ എന്നെ നോക്കി. സിനിമ തന്നെ ആയിക്കോട്ടെ എന്ന് വെച്ചു. പോയി ടിക്കറ്റ്‌ എടുക്കുമ്പോഴേക്കും സിനിമ തുടങ്ങിയിരുന്നു. സ്ക്രീന്‍ കാണാന്‍ പാകത്തില്‍ രണ്ട്‌ സീറ്റുറപ്പിച്ചു. സിനിമ തുടങ്ങി കുറേക്കഴിഞ്ഞ്‌ ഒരാള്‍ ഇരുട്ടില്‍ പരതിപ്പരതി വന്നു. ഞങ്ങളുടെ മുന്നില്‍ ഒരു സീറ്റുണ്ട്‌. അതു കാണാതെ പിന്നിലേക്കു വരുന്നു, ആ അഭിനവ കുടിയന്‍. ഞാന്‍ കോവൈ സരളാ സ്റ്റൈലില്‍ ഒരു ഒച്ചയുണ്ടാക്കിയതും അയാള്‍ ഞെട്ടിപ്പോയി. ഒരു സഹായത്തിനെന്നോണം മുന്നിലെ സീറ്റില്‍ പിടിച്ചു. പിന്നെ അതൊഴിവാണെന്നു കണ്ട്‌, അതില്‍ ഇരുന്നു. വഴീക്കൂടെ പോകുന്ന പേപ്പട്ടിയെ വീട്ടില്‍ വിളിച്ചു കെട്ടിയിട്ട സ്ഥിതി ആയി. ട്രാഫിക്‍ജാമില്‍ വല്യവാഹനങ്ങള്‍ക്ക്‌ പുറകെപ്പെട്ട സ്ക്കൂട്ടിയെപ്പോലെ ആയി കാര്യം. മുന്നോട്ട്‌ ഒന്നും കാണുന്നില്ല, ഇയാളുടെ തലയല്ലാതെ. ചേട്ടനും ശരിക്കു കാണുന്നില്ലെന്ന് ആ ഞെളിപിരിയലില്‍ നിന്ന് മനസ്സിലായി. സയാമീസ്‌ ഇരട്ടകളെപ്പോലിരുന്ന ഞങ്ങള്‍ തല മാത്രം രണ്ട്‌ സൈഡിലേക്ക്‌ വെച്ച്‌ ഇരട്ടത്തലയന്‍ തെങ്ങുപോലിരുന്ന് സിനിമ കണ്ടു. തീര്‍ന്നതും അന്നത്തെ കറക്കത്തിനു ഫുള്‍ സ്റ്റോപ്പിട്ട്‌ വീട്ടിലേക്ക്‌ വിട്ടു.

7 Comments:

Anonymous Anonymous said...

അപ്പോള്‍ ഒസാമയെപ്പോലെ ഒളിവില്‍ കഴിയാനാണു ഭാവം ല്ലേ??? നടക്കട്ടെ...

ബിന്ദു

Mon May 15, 06:56:00 pm IST  
Blogger പാപ്പാന്‍‌/mahout said...

വായിച്ചു, രസിച്ചു, ചിരിച്ചു.

Mon May 15, 08:55:00 pm IST  
Blogger ശനിയന്‍ \OvO/ Shaniyan said...

സൂ, ചേട്ടന്‍ ബ്ലോഗാത്തതു ഭാഗ്യം അല്ലെ? എന്നാല്‍ നാണയത്തിന്റെ മറുവശം കൂടെ കാണാമായിരുന്നു ;-)

ബിന്ദു മാഡം, വാക്കു പറഞ്ഞാല്‍ വാക്കായിരിക്കണം, അതു പ്രവര്‍ത്തിച്ച് കുളമാക്കരുത്, അല്ലേ? ;)

Tue May 16, 05:39:00 am IST  
Blogger Santhosh said...

നന്നായിരിക്കുന്നു, സൂ.

Tue May 16, 05:57:00 am IST  
Blogger സു | Su said...

ബിന്ദു :) ഒസാമയെപ്പൊലെ അല്ല. അത്രേം മതി പക്ഷെ. കത്തിച്ച വിളക്കിന്റെ പിന്നിലിരിക്കുന്നതാ സുഖം. ഇരിക്കുന്ന ഇരുട്ടിലെ കാഴ്ചകളും വെളിച്ചത്തിലെ കാഴ്ചകളും ഒരുപോലെ കാണാം.

അമ്മൂന്റമ്മേ :)അന്നു കണ്ടത് 36 China Town
എന്ന ഹിന്ദി സിനിമയാ. അമ്മൂന്റമ്മയ്ക്ക് രണ്ടു ഫിലിം പറഞ്ഞു തരാം. എന്താ രസംന്ന് അറിയ്യോ. എന്റെ കൂടെ കാണാന്‍ ഉണ്ടായിരുന്നെങ്കില്‍ അമ്മൂന്റമ്മയെ ഞാന്‍ പേടിപ്പിച്ചേനെ. Venom, പിന്നെ Infested. എന്നെപ്പോലെ ധൈര്യം ഉള്ളവര്‍ക്ക് വേണ്ടി ഉണ്ടാക്കിയിട്ടുള്ളതാ.
(അമ്മൂന്റമ്മ കേള്‍ക്കാതെ : ആരാടാ ഇതൊക്കെ ഇറക്കിവിട്ടത്? മനുഷ്യനെ പേടിപ്പിക്കാന്‍ വേണ്ടി)

പാപ്പാനേ :) സന്തോഷം.

ശനിയാ :) ഇനി ചേട്ടന്‍ ബ്ലോഗുകയും കൂടെയേ വേണ്ടൂ. ഒക്കെ തികഞ്ഞു. പാര വെക്കല്ലേ... പാര വെക്കല്ലേ...

സന്തോഷ് :) നന്ദി.

Tue May 16, 03:50:00 pm IST  
Anonymous Anonymous said...

സു, ആശംസകള്‍ !!! എന്തിനാണെന്നു മനസ്സിലായല്ലോ അല്ലേ??/

:)

ബിന്ദു

Tue May 16, 11:54:00 pm IST  
Blogger സു | Su said...

ബിന്ദു :) നന്ദി.

Wed May 17, 07:35:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home