Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, September 21, 2006

അതിഥി

“മല്ലികേ... ഈ വിളക്ക്‌ തിരിതാഴ്ത്തി കൊണ്ടുവെക്കൂ ഇനി. കാറ്റും മഴയും വരുന്നുണ്ട്‌. രാധയും കുട്ടനും വരുന്നതിനുമുമ്പ്‌ മഴപെയ്യാഞ്ഞാല്‍ ഭാഗ്യം."

അമ്മമ്മയ്ക്ക്‌ എന്തെങ്കിലുമൊക്കെ പറയാന്‍ ഉണ്ടാകും. സന്ധ്യയ്ക്ക്‌ നാമം ജപിച്ചുകഴിഞ്ഞാല്‍പ്പിന്നെ അമ്മമ്മ പറയുന്ന കഥകളും കേട്ട്‌ ഇരിക്കാനേ തോന്നൂ. ബള്‍ബ്‌ കത്തുന്നുണ്ടോന്ന് നോക്കാന്‍ ടോര്‍ച്ച്‌ തെളിയിച്ച്‌ നോക്കേണ്ട അവസ്ഥയാണു വീട്ടില്‍. അതുകൊണ്ട്‌ തന്നെ ചേച്ചിയും അനിയനും സ്കൂള്‍ വിട്ടുവന്ന പാടെ വല്ലതും കഴിച്ച്‌ പഠിപ്പ്‌ തുടങ്ങും. അതിനുശേഷം കുട്ടന്‍ കളിക്കാന്‍ പോകും. അടുക്കളത്തോട്ടത്തിലെ ജോലിയ്ക്ക്‌ അമ്മയ്ക്കൊരു സഹായമായി മല്ലികയും. ഇന്ന് അമ്പലത്തില്‍ നിറമാലയൊക്കെ ഉള്ളതുകൊണ്ട്‌ അമ്മയും കുട്ടനും അവിടെ നിന്നു. അമ്മമ്മ വീട്ടില്‍ തനിച്ചാവുമല്ലോന്ന് കരുതിയാണ്‌‍ മല്ലിക വേഗം വന്നത്‌. അമ്മമ്മ നാമം ജപിച്ച്‌ കഴിയുന്നേ ഉണ്ടായിരുന്നുള്ളൂ. ജപിച്ച്‌ കഴിഞ്ഞിട്ടാവും ഇപ്പോള്‍ വിളിച്ചത്‌.

വിളക്കെടുത്ത്‌ അകത്തേക്ക്‌ തിരിയുമ്പോഴാണ്‌ മുറ്റത്തെ ഇരുട്ടില്‍ ഒരു രൂപം മല്ലിക കണ്ടത്‌. പ്രതീക്ഷിക്കാത്ത ഒരു സ്ഥിതിയില്‍ ആയതുകൊണ്ട്‌ മല്ലിക ഞെട്ടി"അമ്മമ്മേ"ന്ന് വിളിച്ചു. കൈയും കുത്തി എണീക്കാന്‍ തിടുക്കപ്പെടുന്ന അമ്മൂമ്മയും ഒന്ന് അമ്പരന്നു.

“എന്താ?"

“ദാ ആരോ." മല്ലിക വിളക്കും കൈയില്‍ വെച്ച്‌ മുഖം കൊണ്ട്‌ കാണിച്ചു.

"ആരാ അവിടെ? എന്താ വേണ്ടത്‌?" ഒരാള്‍ രൂപം മുന്നോട്ട്‌ വന്നു. ദയനീയതയ്ക്കൊരു പര്യായം. അമ്മമ്മയുടെ അനുഭവം തികഞ്ഞ കണ്ണുകള്‍ അത്‌ മനസ്സിലാക്കി.

"എന്താ വേണ്ടത്‌?" അമ്മമ്മ സൌമ്യഭാവത്തില്‍ ചോദിച്ചു.

"ഞാന്‍ വന്നത്‌.."വാക്കുകള്‍ തേടിയലഞ്ഞപ്പോള്‍, ഉമ്മറച്ചുവരിലെ ഫോട്ടോ കണ്ടു അയാള്‍. ഒന്നും പറയാന്‍ തോന്നിയില്ല പിന്നെ.

മല്ലികയെ നോക്കി. "അമ്മ"?

"അമ്മയും കുട്ടനും അമ്പലത്തിലാ. അത്താഴപൂജ കഴിഞ്ഞേ വരുന്നുണ്ടാകൂ."

കുട്ടന്‍! അയാള്‍ ഒന്ന് ഞെട്ടി. പക്ഷെ ഉള്ളിലൊരു നറും നിലാവു ഉദിച്ചു.

"എന്നാല്‍ ഇനി നില്‍ക്കുന്നില്ല. പിന്നൊരിക്കല്‍ വരാം. ശ്രീധരന്‍ വന്നിരുന്നെന്ന് പറയൂ."

മല്ലികയും അമ്മമ്മയും എന്തെങ്കിലും പറയാന്‍ ശ്രമിക്കുന്നതിനുമുമ്പ്‌ തന്നെ അയാള്‍ നടന്ന് മറഞ്ഞു. മല്ലികയുടെ അമ്മയ്ക്ക്‌ മാത്രം അറിയാവുന്ന ആള്‍. കുട്ടന്‍ ജനിക്കാന്‍ മാസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ കലഹിച്ച്‌ ഇറങ്ങിപ്പോയ മനുഷ്യന്‍. മല്ലികയ്ക്ക്‌ രണ്ടുവയസ്സ്‌ ആയിരുന്നു. കുറേ നാള്‍ കാത്തു. പിന്നീടാണ്‌‍ അമ്മയുടെ അടുത്തേക്ക്‌ തന്നെ കുട്ടികളേയും കൂട്ടി മല്ലികയുടെ അമ്മ എത്തിയത്‌. ധിക്കരിച്ച് പുറപ്പെട്ടിറങ്ങിപ്പോയ, മകള്‍, പേരക്കുട്ടികളുമൊത്ത് വന്നപ്പോള്‍, സ്വീകരിക്കാന്‍ മല്ലികയുടെ മുത്തച്ഛന്‍ ഉണ്ടായിരുന്നില്ല.

അവരെ അന്വേഷിച്ച്‌ വന്നപ്പോഴേക്കും സമയം വല്ലാതെ വൈകിയിരുന്നു എന്ന് തന്റെ ഫോട്ടോയിലെ മാല കണ്ടപ്പോള്‍ അയാള്‍ക്ക്‌ മനസ്സിലായി. തന്റെ പേരുപോലും പിന്നെ പറഞ്ഞില്ലേ എന്തോ? എന്തായാലും ഇനി ഒരു വരവിന്റെ പ്രതീക്ഷയുംകൂടെ നെഞ്ചിലേറ്റി പോകാം. ഇന്നെന്തായാലും കാത്ത് നില്‍ക്കാന്‍ തോന്നുന്നില്ല. എന്തോ ഒരു മതില്‍ ഇടയില്‍. അകല്‍ച്ചയുടേയോ, കടന്നുപോയ വര്‍ഷങ്ങള്‍ സമ്മാനിച്ചതോ ആവാം. പിന്തിരിയാതെ നടന്നു.

മല്ലികയുടെ അമ്മയുടെ‌ മനസ്സിലേക്കൊരു തീ കോരിയിടുകയാണെന്നറിയാതെ വന്നയാളുടെ കാര്യം പറയാന്‍ അവരും കുട്ടനും കൂടെ വരുന്നതും കാത്ത്‌ മല്ലികയും അമ്മമ്മയും അകത്തെ ഇരുട്ടിലും തണുപ്പിലും ഇരുന്നു.

9 Comments:

Blogger UNNI said...

കൊള്ളാം!!ഇരുന്നൂറ്റിയമ്പത്തൊന്നാമനും കസറി!!ഇവനെ ആദ്യം കണ്ട ഞാന്‍ ഭാഗ്യവാന്‍!! ശ്രീധരന്‍ മുങ്ങിയത് കഷ്ടമായി. നിന്നിരുന്നെങ്കില്‍ ഒരു വെടിക്കെട്ടിനു കോളുന്ടായിരുന്നു!!!.

Thu Sept 21, 11:35:00 pm IST  
Blogger പട്ടേരി l Patteri said...

സൂ ചേച്ചീ ഹരിശ്രീ എഴുതിയതെവിടെയാ:
നമിക്കുന്നു ഈ 251 മത്തെ പോസ്റ്റിനേയും :)
കുറേ ഹ്യുദയങ്ങളുടെ സ്പന്ദനങ്ങള്‍ വളരെ ഭംഗിയോടെ ഒപ്പി എടുത്തിരിക്കുന്നു

Fri Sept 22, 01:38:00 am IST  
Blogger Rasheed Chalil said...

സൂ നന്നായിരിക്കുന്നു... എപ്പോഴോക്കെയോ പരിചയപ്പെട്ട കഥാപാത്രങ്ങള്‍.

Fri Sept 22, 10:54:00 am IST  
Blogger സൂര്യോദയം said...

നല്ല അവതരണം...

Fri Sept 22, 04:27:00 pm IST  
Blogger സു | Su said...

ഉണ്ണീ :) നന്ദി.

പട്ടേരി :) സ്വാഗതം. നന്ദി.

ഇത്തിരിവെട്ടം :) നന്ദി.

സൂര്യോദയം :)നന്ദി.

Fri Sept 22, 04:51:00 pm IST  
Blogger krish | കൃഷ് said...

സു-ന്റെ 251-ാ‍മത്തെ
കഥ നന്നായിട്ടുണ്ട്‌. ഒരു സംശയം, അച്ചന്റെ ഫോട്ടോ വീട്ടില്‍ ഉണ്ടായിരുന്നിട്ടും, അച്ചന്‍ നേരെ മുന്നില്‍ വന്നു നിന്നപ്പോള്‍ മല്ലികക്ക്‌ ലേശം പോലും മനസ്സിലായില്ലേ. അല്ലാ, ചിലപ്പോള്‍ നേരം ഇരുട്ടിയതുകൊണ്ടാവാം.
എന്തായാലും കഥ കലക്കി.
krish9

Fri Sept 22, 08:06:00 pm IST  
Blogger ബിന്ദു said...

ഏകദേശം ഇതു പോലെയുള്ള ഒരു സംഭവം എനിക്കറിയാം. അതുകൊണ്ട് വല്ലാതെ വിഷമം തോന്നി.

Fri Sept 22, 08:11:00 pm IST  
Blogger myexperimentsandme said...

നന്നായിരിക്കുന്നു, സൂ. ഒന്നില്‍ കൂടുതല്‍ സാധ്യതകള്‍ സങ്കല്‍പ്പിക്കാവുന്ന കഥ.

Fri Sept 22, 08:21:00 pm IST  
Blogger സു | Su said...

കൃഷ്9 :) മല്ലിക കൊച്ചുകുട്ടി ആയപ്പോള്‍ കണ്ടിരുന്ന, ഓര്‍മ്മയിലെ അച്ഛന്‍ ആവുമോ ഇത്?

വക്കാരീ :) നന്ദി.

ബിന്ദൂ :)

Sat Sept 23, 09:55:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home