Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, August 30, 2006

പൊഴിയുന്ന ഇലകള്‍

രാഘവന്‍ മാഷ്‌ ഒരിക്കല്‍ക്കൂടെ തിരിഞ്ഞുനോക്കി.
തിരിഞ്ഞുനോക്കിപ്പോയി എന്നതാണ് വാസ്തവം. സുവര്‍ണകാലഘട്ടത്തിലേക്ക്‌ ഒരു തിരിഞ്ഞുനോട്ടം.
പുതിയ ചായമടിച്ച കോളേജ്‌ കെട്ടിടം, മഴക്കാലത്തും പ്രൌഢിയോടെ തന്നെ തലയുയര്‍ത്തി നില്‍ക്കുന്നു. പണ്ടൊരു മുപ്പത്തിരണ്ട് വര്‍ഷം ഇതിന്റെ ഓരോ ശ്വാസത്തിലും അലിഞ്ഞുചേര്‍ന്നിരുന്നു. ഇതിന്റെ ഓരോ ചലനത്തിലും കൂടെ ചലിച്ചിരുന്നു. നീണ്ട ഇടനാഴികളിലും, വലിയ വലിയ മുറികളിലും, ജീവിതത്തിന്റെ ഒരു ഘട്ടം, പ്രത്യേകിച്ച്‌ മാറ്റമൊന്നുമില്ലാതെ ഒഴുകിക്കൊണ്ടിരുന്നു.
ഒരുപാടുപേരുടെ സ്വപ്നങ്ങളിലും, സന്തോഷങ്ങളിലും നീരസങ്ങളിലും, ആവലാതികളിലും, നിരാശകളിലും ഭാഗഭാക്കായി ലക്ഷ്യമിനിയും കണ്ടെത്താനുള്ള യാത്രയിലായിരുന്നു.
മനസ്സ്‌ ഓര്‍മ്മയുടെ വഴികളിലൂടെ പിറകോട്ട്‌ പൊയ്ക്കൊണ്ടിരുന്നു.

********************************

അദ്ധ്യാപകനായി തുടക്കം കുറിച്ച ദിവസം, മഴ ഒരുപാട്‌ സന്തോഷത്തില്‍ പൊട്ടിച്ചിരിച്ച്‌ ചിതറി വീണ ദിനമായിരുന്നു. നനഞ്ഞൊലിച്ച്‌, കോളേജില്‍‍ എത്തിയപ്പോള്‍ മഴയുടെ കുളിരിനേക്കാള്‍ പരിഭ്രമത്തിന്റെ ചൂടായിരുന്നു മനസ്സില്‍ നിറഞ്ഞ്‌ നിന്നത്‌. വിദ്യാര്‍ത്ഥികളും, അവരുടെ രക്ഷിതാക്കാളും കോളേജ് പരിസരത്ത് നിറഞ്ഞ് നിന്നിരുന്നു. പലരും രക്ഷിതാക്കളുടെ നിഴലില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ മടിച്ച് നിന്നു.
ക്ലാസ്സില്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ പിറകെ വിട്ടുപോന്ന വിദ്യാര്‍ത്ഥിമനസ്സ്‌ വിട്ടുപോകാന്‍ കൂട്ടാക്കിയില്ല. അതുകൊണ്ട്‌ തന്നെ ഒരു പരുങ്ങല്‍. എല്ലാവരേയും, പരിചയപ്പെട്ട്‌, പൊതുവായ കാര്യങ്ങളൊക്കെ മിണ്ടിത്തുടങ്ങിയപ്പോള്‍ അപരിചിതത്വത്തിന്റെയും പരിഭ്രമത്തിന്റേയും ജ്വാല പതുക്കെപ്പതുക്കെ അണഞ്ഞുകൊണ്ടിരുന്നു.
"മാഷ്‌ പാടത്തെ ജോലിയും കഴിഞ്ഞാണോ ഇങ്ങോട്ട്‌ പുറപ്പെട്ടത്‌ ?" എന്ന് ഒരാള്‍, തന്റെ നനഞ്ഞും മണ്ണുപിടിച്ചും ഉള്ള വേഷം കണ്ടിട്ട്‌ ചോദിച്ചപ്പോള്‍ എല്ലാവരും ആസ്വദിച്ച്‌ ചിരിച്ചു.
അങ്ങനെയങ്ങനെ ദിവസം പോകുംതോറും അവരിലൊരാളായി മാറുകയായിരുന്നു. പുതുമഴപോലെ തന്നെ പുതുമുഖങ്ങള്‍ വന്നെത്തിക്കൊണ്ടിരുന്നു. അവരുടെ ചലനങ്ങളിലും, പെരുമാറ്റത്തിലും, കാലത്തിന്റേതായ മാറ്റങ്ങള്‍ പലതരം വര്‍ണങ്ങള്‍ നിറച്ച്‌ കൊണ്ടിരുന്നു. ക്ഷമ കൈവിടാതെ ഓരോ മാറ്റവും ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ബഹുമാനത്തിന്റെ ഉന്നതങ്ങളില്‍ നിന്നിരുന്ന അദ്ധ്യാപക - വിദ്യാര്‍ത്ഥി ബന്ധം സ്നേഹത്തിന്റേയും സൌഹൃദത്തിന്റേയും തലങ്ങളിലേക്ക്‌ എത്തിയത്‌ പുതിയൊരു മാറ്റം തന്നെ ആയി. വിദ്യാര്‍ത്ഥികളുടെ പരാതിയും പരിഭവവും നീരസവും ഒക്കെ പരിഹരിക്കുമ്പോള്‍ ജീവിതം പോയ വഴികളില്‍ ഒരിക്കലും നിരാശയുടെ കനല്‍ വീണിരുന്നില്ല. സമരക്കാരോട്‌ അനുരഞ്ജനത്തിനു പോയതിന്റെ സമ്മാനം കിട്ടിയ, നെറ്റിയുടെ വലത്‌ വശത്തെ പാടില്‍ മാഷ്‌ ഒന്ന് തടവി പുഞ്ചിരിച്ചു. താന്‍, മറുത്തൊരു പ്രശ്നവും ഉണ്ടാക്കിയില്ല. ഇന്നാണെങ്കിലോ.
**********************************
വെറുതേ വന്നതായിരുന്നു. അദ്ധ്യാപകന്റെ വേഷത്തിലല്ല. മുത്തച്ഛന്റെ വേഷത്തില്‍.
"മുത്തശ്ശാ, എന്റെ കൂടെ സ്കൂളില്‍ പഠിച്ചവരാ ഉള്ളത്‌, ഇപ്പോഴും കൂടെ, മുത്തശ്ശന്‍ വെറുതേ വരണ്ട." മോളു പറഞ്ഞിരുന്നു. എന്നാലും എന്തോ ഒരു പരിഭ്രമം. വിദ്യാര്‍ത്ഥിയും അദ്ധ്യാപകനും ആയ കാലം കടന്ന് വന്ന പരിചയസമ്പന്നമായ മനസ്സ്‌ നിര്‍ബന്ധിച്ചു. പക്ഷെ വന്നപ്പോഴേ മനസ്സിലായി. പുതുതലമുറ ആത്മവിശ്വാസത്തോടെ ഒറ്റയ്ക്കാണു നടന്നെത്തുന്നത്‌. ആരുടേയും പിന്നിലൊരു നിഴല്‍ ഇല്ല.
"ആരും വന്നിട്ടില്ല, ആരുടേം കൂടെ. കണ്ടില്ലേ. മുത്തശ്ശന്റെ ഒരു പേടി. ഞാനെന്താ ഒന്നാം ക്ലാസില്‍ ചേരാന്‍ വന്നതാണോ?"കുസൃതി നിറഞ്ഞ സ്വരത്തില്‍ പേരക്കുട്ടി പറഞ്ഞു.
അവളുടെ കൂട്ടുകാരുടെ അടുത്ത്‌ നിന്ന് അവരിലൊരാള്‍ ആയി മാറിയപ്പോള്‍ ഒറ്റപ്പെട്ട നിഴല്‍ ദൂരെ നിന്നു. അദ്ധ്യാപകരുടെ പെരുമാറ്റത്തിലും ആകെ ഒരു ഉണര്‍വ്‌. പലരും തന്റെ ശിഷ്യന്മാര്‍. കുശലം ചോദിച്ച്‌ കടന്നുപോയി. ജീവിതവും ജോലിയും ഒരുമിച്ചാസ്വദിക്കുന്നതിന്റെ ഒരു ഭാവം. ചുമതലകളുടെ ഭാരമൊന്നും ആരുടേയും മുഖത്ത്‌ കണ്ടില്ല.
ക്ലാസ്‌ തുടങ്ങാന്‍ ആയപ്പോള്‍ മോള്‍ വന്ന് പറഞ്ഞു. "മുത്തശ്ശന്‍ ഇനി പൊയ്ക്കോളൂ. മഴയത്തെ തണുപ്പില്‍ നില്‍ക്കേണ്ട".
മഴ കനത്തു പെയ്തുകൊണ്ടിരുന്നു. പറന്നുപോകാന്‍ ശഠിക്കുന്ന കുട പിടിച്ച്‌ വെയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ പുതുതായി ചേര്‍ന്ന അദ്ധ്യാപകന്‍ വെള്ളം തെറിപ്പിച്ചു കൊണ്ട്‌ പുത്തന്‍ കാറില്‍, രാഘവന്‍ മാഷിനെ കടന്നുപോയി.
മാഷ്‌ ബസ്‌സ്റ്റോപ്പിലേക്ക്‌ പതുക്കെ നടന്നു. തലമുറകളിലെ വിടവിനെപ്പറ്റി ചിന്തിച്ചുകൊണ്ട്.
റോഡരികിലെ വയസ്സന്‍ മരത്തില്‍ നിന്ന് ഒരു പഴുത്തില കൂടെ പൊഴിഞ്ഞുവീണു.

23 Comments:

Blogger ഷാജുദീന്‍ said...

അദ്ധ്യാപകര്‍ കാറില്‍ പാഞ്ഞ് പോയ കാര്യം. എനിക്കിഷ്ടപ്പെട്ടു. എന്താണെന്ന് വച്ചാ‍ല്‍, ന‍ല്ലൊരു പങ്ക് കോളജ് അദ്ധ്യാപകരും ഇപ്പോള്‍ ഇങ്ങനെ വെറുതെ നടക്കുന്ന കൂട്ടത്തിലാണ്. യു.ജി.സി. പറയുമ്പോലെ ആരെങ്കിലും പഠിപ്പിക്കുന്നുണ്ടോ. നാട്ടിലെ ഒരു രസികന്‍ പറഞ്ഞതിങ്ങനെ:കോളജ് അദ്ധ്യാപര്‍ക്കെന്തിനാ ഇത്രയും ശമ്പളം. ഹൈസ്കൂള്‍ അദ്ധ്യാപകരുടെ ശമ്പളവും പിന്നെ പാന്റ്സ് അലവന്‍സും പോരേ
കഥ കൊള്ളാം

Wed Aug 30, 04:28:00 PM IST  
Blogger വല്യമ്മായി said...

നല്ല കഥ.

Wed Aug 30, 04:36:00 PM IST  
Blogger കൈത്തിരി said...

പഴുത്തില വീഴാന്‍ തുടങ്ങുമ്പോള്‍ പച്ചിലകള്‍ കാറില്‍ വെള്ളം തെറുപ്പിക്കുന്നു... കാത്തിരിക്കാ, പേരക്കുട്ടി തളീര്‍ത്ത്, പൂവിട്ട്, കായിട്ട്, പിന്നെ പഴുത്തു കൊഴിയാന്‍ കാറ്റിനെ കാക്കുമ്പോള്‍, അന്നു വീശാന്‍ കാറ്റുണ്ടാവുമോ, തെറിപ്പിക്കാന്‍ വെള്ളമുണ്ടാവുമോ...

Wed Aug 30, 04:38:00 PM IST  
Blogger പരസ്പരം said...

തലമുറകളുടെ അന്തരം! ഒരുപക്ഷേ ഭാവിയില്‍ നമ്മളുടെ അനുഭവങ്ങളും വ്യത്യസ്തമാകാന്‍ വഴിയില്ല.നല്ല കഥ സൂ..

ഓ.ടോ:ഞാന്‍ അല്പം തിരക്കിലായിരുന്നു. പിന്നെ ദിവസവും പോസ്റ്റിടുന്ന സൂവിനെ ഞാന്‍ സമ്മതിച്ചിരിക്കുന്നു. ഞാന്‍ ഒരു പോസ്റ്റിടാന്‍ കുറെ ദിവസങ്ങളായി ശ്രമിക്കുന്നു. എന്നു നടക്കുമോ ആവോ?

Wed Aug 30, 04:47:00 PM IST  
Blogger വക്കാരിമഷ്‌ടാ said...

നല്ല കഥ സൂ. തലമുറകളുടെ വിടവ് നന്നായി പറഞ്ഞിരിക്കുന്നു.

അദ്ധ്യാപകരെപ്പറ്റി ഉമേഷ്‌ജി സുഭാഷിതത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ സ്തുതീ. കോളേജ് അദ്ധ്യാപകര്‍ എല്ലാസമയവും ക്ലാസ്സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എടുത്ത് കൊടുക്കണം എന്ന തോന്നലില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കുറച്ച് പുറത്തേയ്ക്ക് വന്ന് അദ്ധ്യാപകരെ അങ്ങോട്ട് പോയിക്കണ്ട് സംശയം ചോദിച്ചും പഠിക്കുന്ന ഒരു രീതി വരണം. പക്ഷേ അതിന് അദ്ധ്യാപകരും തയ്യാറാവുകയും വേണ്ട സമയങ്ങളിലൊക്കെ കോളേജില്‍ കാണുകയും വേണം.

കുറച്ച് ശതമാനം അദ്ധ്യാപകരെങ്കിലും വെറുതെ നടക്കാന്‍ കാരണം വിദ്യാര്‍ത്ഥികള്‍ തന്നെയാണ്. വിദ്യാര്‍ത്ഥികള്‍ വിടാതെ പിന്തുടരുകയും റൂമില്‍ ചെന്നും മറ്റും സംശയങ്ങള്‍ ചോദിക്കുകയും പഠിക്കുവാനും അറിയുവാനുമുള്ള താത്പര്യങ്ങള്‍ കാണിക്കുകയും ചെയ്താല്‍ കുറച്ച് അദ്ധ്യാപകരെങ്കിലും വെറുതെ നടക്കുന്നത് ഒഴിവാക്കാന്‍ പറ്റും. പിന്നെ ഏതു മേഖലയിലുമെന്നപോലെ പല തരക്കാര്‍ ഇവിടേയും കാണും.

കോളേജ് അദ്ധ്യാപകര്‍ക്ക് മാത്രമല്ല, എല്‍‌പി സ്കൂള്‍ മുതലുള്ള അദ്ധ്യാപകര്‍ക്ക് വളരെ നല്ല ശമ്പളം കൊടുക്കുകയും ആ തൊഴിലിന് നല്ല മാന്യത ഉണ്ടാവുകയും വേണം. എങ്കിലേ മിടുക്കന്മാര്‍ ഈ തൊഴിലിലേക്ക് വരൂ. അതോടൊപ്പം തന്നെ അദ്ധ്യാപകര്‍ കിട്ടുന്ന ശമ്പളത്തിന് പൂര്‍ണ്ണമായും ആത്മാര്‍ത്ഥതയും ഉത്തരവാദിത്തബോധവും കാണിക്കുകയും വേണം.

ഇപ്പോള്‍ ഒരു പണിയും കിട്ടിയില്ലെങ്കിലുള്ള പണിയായി മാറി, പലയിടത്തും അദ്ധ്യാപനം.

Wed Aug 30, 04:49:00 PM IST  
Blogger പടിപ്പുര said...

കലാലയ രാഷ്ട്രീയം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത്‌, കേരളത്തിലെ കോളെജുകളില്‍ പഠിപ്പിച്ചിരുന്ന ഏതൊരു അദ്ധ്യാപകനും കടമകളില്‍ നിന്നും ഉള്‍വലിഞ്ഞതിനെ കുറ്റം പറയാനൊക്കില്ലെന്ന് വേണമെങ്കില്‍ പറയാം. ഒരുപക്ഷെ അതിന്റെ തുടര്‍ച്ചയാവാം ഇപ്പോള്‍ തുടരുന്ന അലംഭാവം. അദ്ധ്യാപകരുടെ ഷര്‍ട്ടിനു കുത്തിപിടിക്കുന്നതും പുലഭ്യം പറയുന്നതും വടിവാള്‍ കുന്തങ്ങളുമായി പിന്നാലെ പായുന്നതും മടപ്പള്ളി കോളെജില്‍ നിന്നും നേരിട്ട്‌ കാണെണ്ടി വന്ന വിദ്യാര്‍ത്ഥികളില്‍ ഒരാളാണു ഞാന്‍.

Wed Aug 30, 05:11:00 PM IST  
Blogger മുല്ലപ്പൂ || Mullappoo said...

നല്ല കഥ സൂ.
തലമുറകളുടെ അന്തരം നന്നായി വരച്ചു ചേര്‍ത്തിരിക്കുന്നു.
ഈ പോസ്റ്റ് ഒരു പാടിഷ്ടായി.

Wed Aug 30, 05:35:00 PM IST  
Blogger രമേഷ് said...

എന്തിനാപ്പൊ ആ പഴുത്തില കൊഴിഞ്ഞു വീണേ.....????? അതും വയസന്‍ മരത്തില്‍ നിന്ന്.....ഇനിയും പുതിയ കഥകളുടെ ഇലകള്‍ തളിര്‍ക്കട്ടെ....

Wed Aug 30, 06:04:00 PM IST  
Blogger കുഞ്ഞന്‍സ്‌ said...

രാഘവന്‍ മാഷ്ക്ക് തിരിഞ്ഞു നോക്കാന്‍ ഒരു സുവര്‍ണകാലമുണ്ടല്ലോ.. അതു ഒരു ഭാഗ്യമല്ലേ.. പിന്നെ പഴുത്ത ഇല.. അതിനല്ലേ പലപ്പോഴും പച്ച ഇലയേക്കാളും സൌന്ദര്യം

Wed Aug 30, 08:16:00 PM IST  
Blogger ബിന്ദു said...

എനിക്കു വല്യ ഇഷ്ടായി സു ഈ കഥ. :)

Wed Aug 30, 09:07:00 PM IST  
Anonymous Anonymous said...

ഇതെനിക്ക് നല്ലോണം ഇഷ്ടമായി. നല്ല കഥ. വളരെ ലളിതമായി നല്ല ഒരു വിഷയം പറഞ്ഞേക്കുന്നു.

Wed Aug 30, 09:13:00 PM IST  
Anonymous അചിന്ത്യ said...

സൂക്കുട്ട്യേ,
നന്നായിണ്ട്.പണ്ട്, ഒരെട്ട്പത്ത് കൊല്ലങ്ങള്‍ക്ക് മുമ്പ്, ഞാന്‍ അന്ന് ആണ്‍കുട്ട്യോളും ള്ള ഒരു കോളേജിലാ പഠിപ്പിച്ചിരുന്നെ.അന്നവടെ ഉച്ച വരെയേ ക്ലാസ്സുണ്ടായിരുന്നുള്ളു. പക്ഷെ ഒരു പ്രത്യേക കാര്യത്തിനായിട്ട് ഞാനും കൊറച്ച് കുട്ട്യോളും വൈന്നേരം വരെ നിന്നു.ഒരു രണ്ടരയായപ്പഴയ്ക്കും മക്കളൊരാള്‍ വന്ന് പറഞ്ഞു, റ്റീച്ചറെ , ദേ ഒരു മുത്തശ്ശി വന്നിരിക്കുണൂ റ്റീച്ചറെ കാണാന്‍, ന്ന്.ചെന്ന് നോക്കുമ്പോ ഒരു വയസ്സായ മുത്തശ്ശി. എന്നെ കണ്ടതും എന്‍റടുത്ത് വേഗം വന്ന് റ്റീച്ചറെ, ന്റ്റെ മോന്‍ വീട്ടില്‍ എത്തീല്ല്യാ ന്ന് വിറച്ചോണ്ട് പറഞ്ഞു. കരച്ചിലടക്കാന്‍ അവര്‍ വല്ലാണ്ടെ പാട് പെടൂണുണ്ടായിരുന്നു.അവരടെ പേരക്കുട്ടി രഞ്ജിത് ഉച്ചക്കെത്തും വീട്ടില്‍ ന്ന് പറഞ്ഞ് ണ്ടായിരുന്നൂ ത്രെ.”കുട്ട്യേ കാണാണ്ടെ എനിക്ക് ഇരിക്കപ്പൊറുതീം ല്ല്യാ, ചോറും ഇറങ്ങിണില്ല്യാ. അച്ഛനും അമ്മെം ഒക്കേം ഞാനാണേയ്, എന്‍റെ ആകെള്ള സ്വത്താ.ഉണ്ണാന്‍ അവനേം കാത്തിരിക്ക്യാര്‍ന്നൂ.ഉച്ച തൊട്ട് എനിക്ക് ഉമിനീരും കൂടി ഇറങ്ങിണില്ല്യാ...”

അപ്പഴാ ഓടിക്കിതച്ചെത്ത്യേത് രഞ്ജിത്. വൈന്നേരം വരെ നിക്കണ കാര്യം വീട്ടില്‍ പറയാണ്ടിരുന്നേന് അവനെ ചീത്ത പറയാനാഞ്ഞ എന്നെ അമ്പരപ്പിച്ചു കൊണ്ട് അവന്‍ കയര്‍ത്തു: “അമ്മമ്മ പ്പൊ എന്തിനാ ഇങ്ങട്ട് ഓടിച്ചാടി വന്നേ, ഞാന്‍ ചെറ്യേ കുട്ട്യൊന്ന്വല്ലല്ലോ !“
അവന്‍റെ മുഖത്തെ ജാള്യതേം, ആ റിട്ടയേഡ് സ്കൂള്‍ റ്റീച്ചറ്ടെ മുഖത്തെ വിഷമോം ഇപ്പഴും എന്‍റെ ക്അണ്ണില്‍ ന്ന് മാഞ്ഞിട്ടില്ല്യാ.പരിഭ്രമിപ്പിച്ചേന് അവനു വേണ്ടിക്കൂടി അവരോട് മാപ്പൂ പറഞ്ഞപ്പോ നിറഞ്ഞൊഴുകണ കണ്ണോടെ എന്‍റെ കയ്യില്‍ ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു, റ്റീച്ചറ് എന്നോട് പോറുക്കണം ന്ന്.വനംവകുപ്പിന്‍റെ സഹായത്തോടെ റോഡിന്നിരു വശോം മരത്തൈകള്‍ വെച്ച് പിടിപ്പിച്ച് കുട്ട്യോളെ പൌരബോധള്ളോരാക്കാനുള്ള “അഭിമാനകരമായ” ശ്രമത്തിനിടയ്ക്ക് അവര്‍ക്ക് സ്വന്തം വീടിനോട് ണ്ടായിരിക്കണ്ട ഉത്തരവാദിത്വം പഠിപ്പിച്ചു കൊടുക്കാന്‍ മറന്നതിന് ഇന്നും ഞാനെനിക്ക് മാപ്പു കൊടുത്തിട്ടില്ല്യാ.

വക്കാരി,ഇവടെ യൂനിവേഴ്സിറ്റി എല്ലാ കോളേജുകളിലും കുട്ട്യോള്എക്കൊണ്ട് കൊല്ലാവസാനം ഒരു റ്റീച്ചേഴ്സ് അസ്സെസ്സ്മെന്‍റ് ന്നൊരു സംഭവം ചെയ്യിക്കും.അതിലൊരു ചോദ്യം "Is the teacher accessible/available during the non-teaching hours ?" ennaaN~. Needless to say, most teachers fall short ,especially the more senior ones who are more accustomed to a lethargic schedule.

സൂക്കുട്ടി, കമെന്‍റ് ഒരുപാട് നീട്ടിയതിന് മാപ്പ്. ഒരുപാട് പരിചയള്ള ഒരു കഥ , ഇങ്ങനെ കണ്ടപ്പോ

Wed Aug 30, 10:43:00 PM IST  
Blogger ഉമേഷ്::Umesh said...

അചിന്ത്യ പറഞ്ഞു:

ചെന്ന് നോക്കുമ്പോ ഒരു വയസ്സായ മുത്തശ്ശി.

ഉവ്വോ? ഗിന്നസ് ബുക്കിലെ ഏറ്റവും പ്രായം കുറഞ്ഞ മുത്തശ്ശിക്കു് ഇരുപത്താറു വയസ്സോ മറ്റോ ഉണ്ടായിരുന്നു :)

പണ്ടു ഞാന്‍ “മൂന്നു വയസ്സു പ്രായമുള്ള അമ്മയുടെ കൂടെ” എന്നെഴുതിയതു സുനില്‍ ചൂണ്ടിക്കാട്ടിയതു് ഓര്‍മ്മവരുന്നു.

(ഉമച്ചേച്ചീ, ഇതാണു ചൊറിയല്‍ :-) )

സൂ, നല്ല കഥ. 32 എന്നുള്ളതു് അക്ഷരത്തിലെഴുതാമായിരുന്നു.

Thu Aug 31, 12:00:00 AM IST  
Blogger സു | Su said...

ഷാജുദ്ദീന്‍ :) അദ്ധ്യാപകര്‍ കേള്‍ക്കേണ്ട. ആത്മാര്‍ത്ഥതയുള്ള അദ്ധ്യാ‍പകരും ഉണ്ട്.

വല്യമ്മായീ :)

കൈത്തിരീ :) അറിയില്ല. എന്തൊക്കെയുണ്ടാവുമെന്ന്.

പരസ്പരം :) നന്ദി. എനിക്ക് വേറെ ജോലിയില്ലല്ലോ. പോസ്റ്റിന്റെ എണ്ണം കുറയ്ക്കണോ ;) ഹി ഹി ഹി.

വക്കാരീ :) അദ്ധ്യാപകര്‍ക്ക് സമയമുള്ളപ്പോള്‍ വിദ്ധ്യാര്‍ത്ഥികള്‍ക്ക് സൌകര്യമില്ല ചോദിക്കാന്‍. വിദ്യാര്‍ത്ഥികള്‍ക്ക് സൌകര്യമുള്ളപ്പോള്‍ അദ്ധ്യാപകര്‍ക്ക് സമയമില്ല പറഞ്ഞുകൊടുക്കാന്‍. ജോലിക്ക് വേണ്ടി ജോലിയെടുക്കുകയാ പലരും. ആത്മാര്‍ത്ഥതയൊന്നും ആര്‍ക്കും ഇല്ല.

പടിപ്പുര :)സ്വാഗതം. അദ്ധ്യാപകരും മനുഷ്യരല്ലേ? അവര്‍ക്കും സ്വന്തം ജീവന്‍ നോക്കണ്ടേ.

മുല്ലപ്പൂവേ:) നന്ദി.

രമേഷ് :) നന്ദി.

ബിന്ദൂ :) ഇഷ്ടമായതില്‍ സന്തോഷം.

കുഞ്ഞന്‍സേ :) പഴുത്ത ഇലയ്ക്ക് സൌന്ദര്യം ഉണ്ടായിട്ടെന്ത് കാര്യം. പഴുത്ത് പോയില്ലേ?
നന്ദി.

ഇഞ്ചിപ്പെണ്ണ് :) നന്ദി.

അചിന്ത്യാമ്മേ...(കുറച്ച് നീട്ടണേ)
അനുഭവം പറഞ്ഞതില്‍ നന്ദി. ഇനിയെങ്കിലും ചെടി നടാനും തോട്ടം വൃത്തിയാക്കാനും വിദ്യാര്‍ത്ഥികളെ നിര്‍ത്തല്ലേ. അവര്‍ക്കിപ്പോ എന്തൊക്കെ ജോലിയുണ്ട്.
(ഒക്ടോബറില്‍ അങ്ങോട്ട് വരുന്നുണ്ട് മിക്കവാറും.(ഭീഷണി) അവിടെത്തന്നെ ഉണ്ടാകുമോ ;)?)

ഉമേഷ്‌ജിക്ക് നന്ദി :)

Thu Aug 31, 09:49:00 AM IST  
Blogger ഇത്തിരിവെട്ടം|Ithiri said...

സൂ നല്ല കഥ. നിറം മങ്ങിയ കുടയുമായി നടന്നുനീങ്ങുന്ന രാഘവന്‍ മാഷെ വരികള്‍ക്കപ്പുറമുള്ള ഒരു തലത്തില്‍ നിന്ന് കണാന്‍ കഴിയുന്നു. കൂടെ ജനറേഷന്‍ ഗ്യാപ്പും.
അസ്സലായി.

Thu Aug 31, 09:53:00 AM IST  
Blogger സൂര്യോദയം said...

നന്നായിരിക്കുന്നു

Thu Aug 31, 11:29:00 AM IST  
Blogger സു | Su said...

ഇത്തിരിവെട്ടം :) നന്ദി.

സൂര്യോദയം :)നന്ദി.

Thu Aug 31, 02:16:00 PM IST  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

ഇലകള്‍ക്ക്‌ പൊഴിയാതെ തരമില്ലല്ലോ..
ഓര്‍മ്മകളുടെ വഴിത്താരകള്‍...!
നന്നായി.

Thu Aug 31, 02:37:00 PM IST  
Blogger സു | Su said...

വര്‍ണം :)

Thu Aug 31, 03:53:00 PM IST  
Blogger ദില്‍ബാസുരന്‍ said...

സു ചേച്ചീ,
പണ്ടത്തെപ്പോലെ അല്ലല്ലോ ഇന്നത്തെ കുട്ടികള്‍. അതേ മാറ്റം അദ്ധ്യാ‍പകരിലും കാണില്ലേ?

(അടുത്ത തലമുറയിലെ അദ്ധ്യാപകര്‍ ബര്‍മുഡയിട്ട് വരും.കാതില്‍ കടുക്കന്‍.കുട്ടികള്‍ എന്തിട്ട് വരും? സ്വാമി ശരണം!)

Thu Aug 31, 04:36:00 PM IST  
Blogger സു | Su said...

ദില്‍‌ബൂ :)ഇപ്പോത്തന്നെ ഇടും ബര്‍മുഡ ;)

Fri Sep 01, 12:24:00 AM IST  
Blogger പച്ചാളം : pachalam said...

സൂ ചേച്ചി കഥ നന്നായിട്ടുണ്ട്, പണ്ടെവിടെയോ വായ്ച്ചതോര്‍ക്കുന്നൂ...ഒരു നല്ല അദ്ധ്യാപകന്‍ വളരെകുറച്ചേ പണമുണ്ടാക്കൂ
(അധികം നന്മയും)

Fri Sep 01, 12:49:00 AM IST  
Blogger സു | Su said...

പച്ചാളം :)നന്ദി.

Fri Sep 01, 09:37:00 AM IST  

Post a Comment

Subscribe to Post Comments [Atom]

<< Home