Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, September 26, 2006

കടങ്കഥ

"അമ്മേ..." മിന്നു ബസ്സിറങ്ങി ഓടിവന്നത്‌ പതിവുപോലെ സന്തോഷത്തോടെയാണ്‌.

ബാഗ്‌ വാങ്ങി.

"എന്താ എന്റെ ചക്കരവാവേ..." അവളുടെ ആഹ്ലാദത്തില്‍ പങ്ക്‌ കൊണ്ടു.

എന്നും എന്തെങ്കിലും ഉണ്ടാവും, ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍. പഠിപ്പുണ്ട്‌ എന്നൊന്നും പറഞ്ഞിട്ട്‌ കാര്യമില്ല. ഇപ്പോഴത്തെ കുട്ടികളുടെ കൂടെ എത്തണമെങ്കില്‍ ഓടണം. അതാണ്‌ സ്ഥിതി. ഇന്നെന്താണാവോ!

വീട്ടിലേക്ക്‌ കയറി, ഷൂവും സോക്സും അഴിച്ചുകൊണ്ട്‌ പറഞ്ഞു.

"ഇന്ന് ടീച്ചര്‍ കടങ്കഥ പറഞ്ഞു തന്നു. അമ്മ പറഞ്ഞുതരാറില്ലേ, അതുപോലെ."

"ഉം. എന്നിട്ടോ? ഉത്തരം ഒക്കെ കിട്ടിയോ?"

"കുറച്ച്‌ കിട്ടി. കുറച്ച്‌ ടീച്ചര്‍ പറഞ്ഞു തന്നു. ബാക്കി നാളെപ്പറയാന്‍ പറഞ്ഞു."

"എന്താ അത്‌? എനിക്കറിയാമോന്ന് നോക്കട്ടെ."

"അച്ഛനെനിക്കൊരുടുപ്പ്‌ തന്നൂ, ഉടുത്തിട്ടും ഉടുത്തിട്ടും തീരുന്നില്ല..." മിന്നു ഈണത്തില്‍ പാടി.

"എന്താമ്മേ അത്‌?"

"ആകാശം അല്ലേ അത്‌." അവള്‍ക്ക്‌ ആലോചിക്കേണ്ടിവന്നില്ല ഒട്ടും. ആശ്വാസവും തോന്നി. അറിയാത്തത്‌ എന്തെങ്കിലും ആയിരുന്നെങ്കിലോ.

"ആകാശം എന്നാല്‍ എന്താ?"

അവള്‍ ഞെട്ടി."ആകാശം എന്നു പറഞ്ഞാല്‍ നമ്മള്‍ ഇരിക്കുന്ന ഭൂമിയ്ക്ക്‌ മുകളില്‍ ഉള്ളത്‌."

"കാണിച്ചു തരൂ."

"വരൂ."അവള്‍ ജനല്‍ തുറന്നു. എവിടെയും ആകാശം ഇല്ല. കെട്ടിടങ്ങള്‍ മാത്രം. പുറത്തിറങ്ങിയാലും കാണില്ലെന്ന് അവള്‍ ഓര്‍ത്തു.

"എവിടെ അമ്മേ?"

"അടുത്ത അവധി ദിവസം ബീച്ചില്‍ പോകുമ്പോള്‍ കാണിച്ച്‌ തരാം."

മിന്നുവിന്റെ മുഖം വാടി. ഇനി ഒരു അവധി ദിവസത്തിനു എത്ര നാള്‍ എന്നാവും ചിന്ത. ആകാശത്തെ നക്ഷത്രങ്ങളേയും, അമ്പിളിയമ്മാവനേയും കണ്ട്‌ ഭക്ഷണം കഴിച്ചതും, മഴവില്ല് കണ്ട്‌ നോക്കിനിന്നതും, വിമാനം പോകുന്നത് നോക്കി ആര്‍ത്തുവിളിച്ചതും ഒക്കെ ഓര്‍ത്ത്‌, നിസ്സഹായതയോടെ, അവള്‍, ടി.വിയും നോക്കിയിരിക്കുന്ന മിന്നുവിനു ഭക്ഷണം കൊടുത്തു.

23 Comments:

Blogger മുസ്തഫ|musthapha said...

സമ്മതിച്ചിരിക്കുന്നു... സൂ സമ്മതിച്ചിരിക്കുന്നു.

രണ്ട് കാലങ്ങളുടെ വിത്യാസം... എത്ര രസകരമായി കുറിച്ചുവെച്ചിരിക്കുന്നു.

Tue Sept 26, 12:16:00 pm IST  
Blogger Rasheed Chalil said...

സൂ അസ്സലായി,മോള്‍ക്ക് വേണ്ടി നീലാകാശം കാണിക്കാന്‍ ബുദ്ധിമുട്ടിയ ഒരു ഗള്‍ഫ് സുഹൃത്തിനെ ഓര്‍ത്ത് പോയി.

Tue Sept 26, 12:26:00 pm IST  
Blogger കണ്ണൂരാന്‍ - KANNURAN said...

കുട്ടികളുടെ നിഷ്ക്കളങ്കത നന്നായി വരച്ചു കാട്ടുന്നു സൂ... വൃദ്ധന്‍ പോലെ ഇതും മനോഹരം...

Tue Sept 26, 12:47:00 pm IST  
Blogger പരസ്പരം said...

സൂ, അല്പം അതിശയോക്തി കൂടിപ്പോയോ?അങ്ങനെ ആകാശം കാണാന്‍ കഴിയാതെ എങ്ങനെയാ കെട്ടിടം പണിയുക? ആകാശം കാണാന്‍ പറ്റാത്ത ഏതെങ്കിലും പട്ടണമുണ്ടോ? ഇത് അല്പമെങ്കിലും സംഭവിക്കുക ഇടതൂര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങള്‍ക്കിടയിലെ ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്കാണ്. എത്ര ഇടതൂര്‍ന്ന് നിന്നാലും കെട്ടിടത്തിന്റെ വെളിയിലിറങ്ങിയാല്‍ ആകാശം കാണാമല്ലോ. ആ കടംകഥയ്ക്കുത്തരം ആകാശമല്ലാതിരുന്നെങ്കില്‍....!

Tue Sept 26, 01:25:00 pm IST  
Blogger Unknown said...

സൂ ചേച്ചീ,
കഷ്ടം തന്നെ.

ഓടോ: ടി വിയില്‍ കാണാമല്ലോ ആകാശം. എല്ലാം ടി വി കണ്ട് മനസ്സിലാക്കിയ കുട്ടി അടുത്ത തവണ അമ്മയോട് പറയും.”അമ്മേ.. ‘കരടിലോകം’ സീരിയലില്‍ എത്സമ്മ തങ്കച്ചന്‍ അബോര്‍ഷന്‍ ചെയ്യാന്‍ പോകുമ്പോള്‍ മുകളിലേക്ക് നോക്കിയപ്പോള്‍ കണ്ട നീല സാധനമല്ലേ ആകാശം എന്ന്. കുട്ടികള്‍ ടി വി കണ്ട് വളയട്ടെ. :-)

Tue Sept 26, 01:35:00 pm IST  
Blogger Unknown said...

എന്റെ അടുത്ത സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു, ബാംഗ്ലൂരില്‍ അവന്‍ രാത്രിയും പകലും ഒരുപോലെ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് ആകാശമാണെന്ന്.

നന്നായി എഴുതിയിരിക്കുന്നു സു

Tue Sept 26, 01:36:00 pm IST  
Blogger കരീം മാഷ്‌ said...

പരസ്‌പരം പറഞു
“അല്പം അതിശയോക്തി കൂടിപ്പോയോ?അങ്ങനെ ആകാശം കാണാന്‍ കഴിയാതെ എങ്ങനെയാ കെട്ടിടം പണിയുക? ആകാശം കാണാന്‍ പറ്റാത്ത ഏതെങ്കിലും പട്ടണമുണ്ടോ?‍....!“

ഉണ്ട് ഇവിടെ ഞാന്‍ ഗള്‍ഫില്‍‍ ഞാന്‍ ജനലുകള്‍ ഇല്ലാത്ത ഒരു ഓഫീസില്‍ പുറത്തിറങാന്‍ പറ്റാതെ ഒരാഴ്‌ച മാനം കാണാതെ പണി ചെയ്‌തിട്ടുണ്ട്‌. തീറ്റ്യും കുടിയും ഉറക്കവും അതിനകത്ത്‌. ഒരാഴ്ച കൊണ്ട്‌ ഒരു വര്‍ഷത്തെ കണക്കെഴുതാന്‍.

അതുകൊണ്ട്‌ എനിക്കു അതിശയോക്‌തി തോന്നുന്നില്ല.

Tue Sept 26, 01:47:00 pm IST  
Blogger ബയാന്‍ said...

പരസ്പരം.. കരീം മാഷ്‌-- സു പറഞ്ഞതു മ്മിണി ബല്ല്യ കഥയാണു.... രാവിലെ ണീറ്റാല്‍ പ്രഭാതത്തിന്റെ സൗന്ദര്യം കാണാനനുവദിക്കാതെ പാരയാവുന്ന തെരുവു വിളക്കുകള്‍ ഒന്നു ഓഫായി കിട്ടിയിരുന്നെങ്കില്‍ എന്നാശിച്ചു പോവാറുണ്ടു...തെരുവു വിളക്കുകള്‍കിടയിലൂടെ പൂര്‍ണ്ണ ചന്ദ്രനെ കാണുമ്പോള്‍...അതു പഴയ നിലാവാകുന്നില്ല....കൂരാകൂരിട്ട്‌ എന്നൊക്കെ പരഞ്ഞാല്‍ മിന്നുവിനു മനസ്സിലാവുന്നുണ്ടോ .. ആവോ...എന്റെ ഘടികാരം ഒരിക്കലും നേരയാവില്ല....

Tue Sept 26, 02:06:00 pm IST  
Blogger വല്യമ്മായി said...

ഒരുപാട് അര്‍ത്ഥങ്ങളുള്ള കുഞ്ഞിക്കഥ ഇഷ്ടമായി.ഇന്നലത്തെ സ്വപ്നവും നന്നായിരുന്നു

Tue Sept 26, 02:27:00 pm IST  
Blogger മുസാഫിര്‍ said...

സു,
കഥയ്ക്ക് ഒരു സു ടച്ച് ഉണ്ട്.പക്ഷെ പുറത്തിറങ്ങിയാലും ആകാശം കാണാന്‍ പറ്റാത്തത് എന്താണെന്നു മനസ്സിലയില്ല.അതൊ അതും ഒരു കടംകഥ ആണോ ?

Tue Sept 26, 02:36:00 pm IST  
Blogger വിനയന്‍ said...

സൂ
ഞാനും ചെറുപ്പത്തില്‍ ഇതുപോലൊക്കെ തന്നെയായിരുന്നു.എന്തിനെകുറിച്ചും എനിക്ക് സംശയങ്ങളായിരുന്നു.സംശയങ്ങള്‍ ഉള്ള കുട്ടികള്‍ ബുദ്ധിമാന്മാറ് ആയിരിക്കും എന്ന് പറയാറുണ്ട്.
പക്ഷെ അത് മാത്രം..................

സൂ ഏറെ നന്നായിരിക്കുന്നു
ആശംസകള്‍

വിനയന്‍

Tue Sept 26, 02:43:00 pm IST  
Blogger asdfasdf asfdasdf said...

പുറത്തിറങ്ങിയാല്‍ ആകാശം കാണാതിരിക്കാനാവാത്ത അവസ്ഥ .. മനസ്സിലാവിണില്യ.. ഏതായാലും എഴുത്ത് നന്നായി.

Tue Sept 26, 03:03:00 pm IST  
Blogger സു | Su said...

അഗ്രജന്‍ :)നന്ദി.

ഇത്തിരിവെട്ടം :) ആകാശം പോലും നഷ്ടമാവുന്നു.

കണ്ണൂരാന്‍ :)നന്ദി.

പരസ്പരം :) കെട്ടിടങ്ങള്‍ക്കിടയില്‍, നമുക്ക്, അമ്പിളിഅമ്മാവന്‍ നഷ്ടമായി. അതുപോലെ ആകാശവും കാണാതിരിക്കുന്ന കാലത്തിലേക്ക് നാം പോയിക്കൊണ്ടിരിക്കുന്നു.

കരീം ‌മാഷ് :) നന്ദി.

കുഞ്ഞന്‍സേ :) ഗ്രാമങ്ങളിലും ഇതൊക്കെ നഷ്ടമായിക്കൊണ്ടിരിക്കുന്നു.

ബയന്‍ :) അതെ. പ്രഭാതങ്ങള്‍ കൃത്രിമത്വം നിറച്ച് വന്നുകൊണ്ടിരിക്കുന്നു.

വല്യമ്മായീ :) നന്ദി. പോസ്റ്റുകള്‍ ഒക്കെ വായിക്കുന്നു എന്നറിയുന്നതില്‍ വളരെ സന്തോഷമുണ്ട്.

ദില്‍‌ബൂ :) ഇനി ടി. വി. യില്‍ത്തന്നെ കാണേണ്ടി വരും.


മുസാഫിര്‍ :) നന്ദി. ഇപ്പോള്‍ അമ്പിളിയമ്മാവനും നക്ഷത്രങ്ങളും കാണാന്‍ ഒരു ജനല്‍ തുറന്നാല്‍ മതിയോ? മുറ്റത്തുകൂടെ നടന്നു എന്ന് പറയുമ്പോള്‍, മുറ്റം കാണിക്കാന്‍, മുറ്റമുണ്ടോ ഇന്ന്? അതുപോലെ കാലത്തിന്റെ ഒഴുക്കില്‍ നമുക്ക് ആകാശം പോലും നഷ്ടമാവുന്നു എന്ന് ഉദ്ദേശിച്ചതാണുട്ടോ.

വിനയന്‍ :) സ്വാഗതം.

കുട്ടന്‍ മേനോന്‍ :) നന്ദി. ജനലൊന്ന് തുറന്നാല്‍ അമ്പിളിയമ്മാവനും, നക്ഷത്രങ്ങളും, കണ്ണില്‍ വരുന്നൊരു കാലം ഉണ്ടായിരുന്നില്ലേ? ഇപ്പോള്‍ പലര്‍ക്കും അത് സാദ്ധ്യമാവുന്നില്ല. അതുപോലെ ആകാശവും കാണാന്‍ പറ്റാത്ത ഒരു അവസ്ഥ വരും എന്ന് പറഞ്ഞതാണ്.

Tue Sept 26, 03:07:00 pm IST  
Blogger ലിഡിയ said...

സാര്യല്ല..ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ആകാശവും ഭൂമിയുമില്ലാതെ നാം കഷ്ടപെടുന്നത് അവരും അറിയട്ടെ..

കുട്ടികള്‍ യാഥാര്‍ത്ഥ്യ ബോധം ഉള്ളവരായി വളരട്ടെ.

-പാര്‍വതി.

Tue Sept 26, 03:19:00 pm IST  
Blogger thoufi | തൗഫി said...

സൂ,നന്നായിരിക്കുന്നു.
ആസ്വദിച്ചു വായിച്ചു.ഒരു കുഞ്ഞിക്കഥയില്‍
ഒരു നീലാകാശംതന്നെ പറഞ്ഞിരിക്കുന്നല്ലോ
അഭിനന്ദനങ്ങള്‍

Tue Sept 26, 05:22:00 pm IST  
Blogger അനംഗാരി said...

അസ്സലായി സൂ. നമ്മുടെ കുട്ടികള്‍ ആകാശം മാത്രമല്ല, ഇനി പലതും കാണാതെയാണ് വളരാന്‍ പോകുന്നത്.ഒരായിരം ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുമായി കാത്തിരിക്കുക.

Tue Sept 26, 07:47:00 pm IST  
Blogger Babu Kalyanam said...

മലയാറ്റൂരിന്റെ വേരുകള് ഓറ്മ വ‌രുന്നു...

അതിലും നായ‌കന് നാട്ടില് എത്തി ആകാശം കാണുമ്പൊള് തിരുവ‌ന‌ന്ത‌പുര‌ത്ത് ആകാശത്തിന്ടെ ഒരു ചെറിയ ച‌തുരമേ ഉള്ളൂ എന്നു വില‌പിക്കുന്നുന്ടു....

പിന്നെ ഓണം പോലെ ആകാശവും ഒരു സ‌ന്കല്പമായി മാറിക്കൊന്ടിരിക്കുക‌യ‌ല്ലേ...

"എന്ടെ ചിറ‌കിനാകാശവും നീ ത‌ന്നു..

നിന്നാത്മ ശിഖ‌ര‌ത്തിലൊരു കൂടു ത‌ന്നു..."

എന്നതു ഇപ്പോള് ആകാശ‌മില്ലാതെ ഒരു കൂടു (flat) മാത്രമായി..

Tue Sept 26, 08:07:00 pm IST  
Blogger വളയം said...

നീലാകാശവും, നിലാവും, നക്ഷത്രങ്ങളും -പ്രകൃതിയുടെ വിസ്മയചിഹ്നങ്ങള്‍ നമുക്കൊന്നന്നായി അന്യമായിക്കൊണ്ടിരിക്കുന്നുവെന്ന വ്യഥ പങ്കുവെക്കാന്‍ വന്നതിന് ; സൂ അഭിനന്ദനങ്ങള്‍.

Tue Sept 26, 08:14:00 pm IST  
Blogger ബിന്ദു said...

നല്ല കടങ്കഥ. ആകാശം കാണാതെ കുറേ നാള്‍ ഞാനും കഴിഞ്ഞിട്ടുണ്ട്. ആ വീടിന് ഞാന്‍ ഗുഹ എന്നാണ് പേരിട്ടത്.:)

Tue Sept 26, 08:20:00 pm IST  
Blogger ഞാന്‍ ഇരിങ്ങല്‍ said...

'കടങ്കഥ’ അസ്സലായി. ആകാശവും ആകാശത്തിലെ പറവകളെയും കാണാതെ നമ്മുടെ കുട്ടികള്‍, കാറ്റിന്‍റെ ഗന്ധവും കുളിരുമറിയാതെ നമ്മുടെ പാവം കുട്ടികള്‍. കോണ്‍ക്രീറ്റ് ആകാശവും ഫാനിന്‍റെ കാറ്റിനൊപ്പം റൂം ഫ്രഷ്നറിന്‍റെ ഗന്ധവും മാത്രം. എത്ര ഭാഗ്യം കെട്ടവരാണ് നമ്മുടെ കുട്ടികള്‍. നീലാകാശം കാണാന്‍ കാത്തിരിക്കുന്ന പാവം കുട്ടി. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നാടിന്‍റെ നന്മയ്ക്കൊപ്പം നമ്മുടെ കുട്ടികള്‍ തടവറയിലാണ്. പാറിനടക്കാന്‍ ആകാശമില്ലാതെ, കാറ്റുകടന്നു വരാന്‍ ജനാലകളില്ലാതെ.. അങ്ങിനെ നമ്മുടെ കുട്ടികളും ഈ കാലത്തിനൊപ്പം യന്ത്രങ്ങളാകുന്നു.
(ഞാന്‍ ഒരു പുതിഅ ബ്ലോഗനാണേ... കൂട്ടുകാരെയൊക്കെ പരിചയപ്പെട്ടു വരുന്നതേ ഉള്ളു. ഒരു പാവം കണ്ണൂരുകാരന്‍)

Tue Sept 26, 08:29:00 pm IST  
Blogger സു | Su said...

പാര്‍വതി :)

മിന്നാമിനുങ്ങേ :) നന്ദി.

താരേ :) ഉം.

അനംഗാരീ :) ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം കണ്ടെത്തിക്കൊടുക്കാം അല്ലേ?

ബാബു :) സ്വാഗതം.

വളയം :) അന്യമാവുന്നവയെ നോക്കി പകച്ചുനില്‍ക്കാം.

ബിന്ദൂ :) കുട്ടികളെ കാത്തിരിക്കുന്നത് ഇനി ഗുഹകള്‍ മാത്രം.

ഞാന്‍ ഇരിങ്ങല്‍ :) സ്വാഗതം. എല്ലാവരേയും പരിചയമാകും, പതുക്കെ.

Tue Sept 26, 09:43:00 pm IST  
Anonymous Anonymous said...

ഹൌ...സൂവേച്ചി
ആ കുട്ടീന്റെ "എവിടെ അമ്മേ?" ചങ്കീ കൊണ്ട്..
നൈസ്...

Tue Sept 26, 09:47:00 pm IST  
Blogger സു | Su said...

Inji Pennu, Thanks.

Wed Sept 27, 10:20:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home