Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, September 29, 2006

അവള്‍ നനഞ്ഞ മഴ

ബസ്‌സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ ആകാശവും ഭൂമിയും മഴയ്ക്ക്‌ വേണ്ടി പിടിവലി ആയിരുന്നു. കാര്‍മേഘങ്ങള്‍ തനിക്ക്‌ സ്വന്തമെന്ന് ആകാശവും, മഴ തന്റെ സ്വാന്ത്വനമെന്ന് ഭൂമിയും സ്ഥാപിക്കുന്ന സമയത്താണ്‌, അവള്‍ ജോലി കഴിഞ്ഞ്‌ ബസ്‌സ്റ്റോപ്പിലെത്തിയത്‌. അവിടെ ഓരോ ആളും മനസ്സിലെ തിരക്ക്‌ മുഖത്ത്‌ അണിഞ്ഞ്‌ നില്‍ക്കുന്നുണ്ടായിരുന്നു. അവള്‍ക്ക്‌ മൌനം കൂട്ടുണ്ടായിരുന്നു. മനസ്സിലെ സ്വപ്നങ്ങളോട്‌ മാത്രം സല്ലപിക്കാനേ അവള്‍ ഇഷ്ടപ്പെട്ടുള്ളൂ.

"... ലേക്കുള്ള ബസ്‌ പോയോ?" എന്നും ഓടിപ്പിടച്ച്‌ വരുന്ന , സമയത്തിന്റെ വില അറിയുന്ന, ഉദ്യോഗസ്ഥ വന്ന് അവളുടെ മൌനം മോഷ്ടിച്ചു.

"കണ്ടില്ല. ഞാനിപ്പോള്‍ എത്തിയതേയുള്ളൂ."

പെയ്തുതുടങ്ങി. മനസ്സിലേക്ക്‌ ഓര്‍മ്മകള്‍ പെയ്തിറങ്ങുന്നത്‌ പോലെ. ഭൂമിയെ കുളിര്‍പ്പിച്ച്‌, പരിഭവം മാറ്റി കാര്‍മേഘം കുസൃതിക്കാരനായി. ഭൂമി കിലുകിലെച്ചിരിക്കാന്‍ തുടങ്ങി. കൂടെ മഴയും. ചിരി അവളുടെ ദേഹത്തേക്ക്‌ എത്തിനോക്കിയപ്പോള്‍ അവള്‍ ബസ്‌ഷെല്‍ട്ടറിലേക്ക്‌ ഒന്നുകൂടെ ഒതുങ്ങി നിന്നു. മഴയുടേയും ഭൂമിയുടേയും കണ്ടുമുട്ടല്‍ അറിഞ്ഞപോലെ, സ്വകാര്യതയിലേക്ക്‌ എത്തിനോക്കാന്‍ മടിക്കുന്ന മട്ടില്‍, ബസ്‌ഷെല്‍ട്ടര്‍ മിക്കവാറും ശൂന്യം. അവള്‍ ഒരു സൈഡില്‍ ചാരി ഇരിക്കുമ്പോഴാണ്‌ ഉദ്യോഗസ്ഥയ്ക്കുള്ള ബസ്‌ വന്നത്‌.

അപരിചിതരും, പരിചിതരും ഒഴിഞ്ഞ്‌ ഒറ്റയ്ക്ക്‌ ആയപ്പോള്‍, അവള്‍ പതുക്കെ തന്റെ ലോകത്തേക്ക്‌ തിരിച്ച്‌ വന്നു‌. ‘ജീവിതവും ഇത്‌പോലെ. മരണമെന്ന ബസ്‌ വരുന്നു. കയറിക്കയറിപ്പോകുന്നു. ചോദിച്ച്‌ കയറാന്‍ പറ്റില്ല. അത്ര മാത്രം.' അവള്‍ ഓര്‍ത്തു.

മഴയുടെ താളത്തില്‍ ഹൃദയവും മിടിച്ചുകൊണ്ടിരുന്നു. മഴയോടൊപ്പം നൃത്തത്തിനായി ഇറങ്ങി അവള്‍. മഴ അവളുടെ ശരീരത്തില്‍, അപരിചിതത്വത്തോടെ തൊട്ടു. പിന്നെ ഒരുമിച്ച്‌ നൃത്തം ചെയ്തു. സ്വപ്നങ്ങളും മൌനവും മാഞ്ഞ്‌ പോയിരുന്നു. മഴയോട്‌ സല്ലപിച്ച്‌ സല്ലപിച്ച്‌, മനസ്സും ശരീരവും ഒരുപോലെ തളര്‍ന്നു. മഴയ്ക്കും അവള്‍ക്കും ഇടയിലെ സൌഹൃദം സഹിക്കാത്ത മട്ടില്‍ ഒരു കാറ്റ്‌ വീശി. ‘മതി. എന്റെ കൂടെ വാ’ എന്ന ആജ്ഞയില്‍ കാറ്റ്‌ മഴയുടെ കൈകവര്‍ന്നു. കാറ്റിനെ ചെറുക്കാന്‍ നോക്കിയ അവളെ തലോടിക്കൊണ്ട് ഒരു വാഹനം പോയി.

മഴയോട്‌ യാത്ര പറയാന്‍ അവള്‍ക്കായില്ല. മഴയോടൊപ്പം, ഈ ലോകവും, അവള്‍ക്ക്‌ പുറംതിരിഞ്ഞ്‌ നടന്ന് കഴിഞ്ഞിരുന്നു.

Labels:

27 Comments:

Blogger ഞാന്‍ ഇരിങ്ങല്‍ said...

കഥ വായിച്ചു. സ്വന്തം എന്ന കഥയുടെ അത്രയും പോര എന്നു പറയുന്നതില്‍ പരിഭവം വേണ്ട. കുറച്ചുകൂടി കുറുക്കാമായിരുന്നു. ചേച്ചി ഒന്നുകൂടെ വായിച്ച് ഒരു തിരുത്ത് ആവശ്യമാണൊ എന്നു നോക്കുക. വിശദമായ കീറി മുറിപ്പ് ഒരരമണിക്കൂറിന് ശേഷം. ഇപ്പോള്‍ ടേ ബ്രേക്ക് ആണ്.

Fri Sep 29, 11:55:00 am IST  
Blogger രവിശങ്കരന്‍ said...

മരണം...അത് വല്ലതെ മോഹിപ്പിക്കുന്ന ഒരവസ്ഥയാണ്.അറിയാത്ത എന്തിനോടും തോന്നുന്ന ഒരു ത്രില്‍... മരിച്ചെങ്കില്‍ എന്ന് ഒരുപാട് തവണ ആഗ്രഹിച്ചിട്ടുണ്ട്...ഒരിക്കല്‍ മാത്രം അതിന് ശ്രമിച്ചിട്ടുമുണ്ട്.പക്ഷേ ജീവിക്കണം എന്ന് തോന്നുന്ന ചില സന്ദര്‍ഭങ്ങള്‍ ഇതു പോലെയുള്ള കഥകള്‍ വായിക്കുമ്പോഴാണ്...നന്നായി സൂര്യാ‍

Fri Sep 29, 01:50:00 pm IST  
Blogger ഞാന്‍ ഇരിങ്ങല്‍ said...

അരമണിക്കൂര്‍ പറഞ്ഞതു ഇത്തിരി വൈകി. അതിനിടയില്‍ ഒരു കഥ എഴുതി പോസ്റ്റ് ചെയ്തു.
ഇനി എന്തു കൊണ്ടു ഈ കഥ എനിക്കു കൂടുതല്‍ ഇഷ്ടമായില്ല?
1. ഇതും ഒരു കുറുംങ്കഥയുടെ ഗണത്തില്‍ പെടുത്താവുന്നതാണല്ലോ. ഇത്തിരി വിവരണം കൂടി പോയില്ലേ? ഉദാഹരണത്തിന്:
“പെയ്തുതുടങ്ങി. മനസ്സിലേക്ക്‌ ഓര്‍മ്മകള്‍ പെയ്തിറങ്ങുന്നത്‌ പോലെ. ഭൂമിയെ കുളിര്‍പ്പിച്ച്‌, പരിഭവം മാറ്റി കാര്‍മേഘം കുസൃതിക്കാരനായി. ഭൂമി കിലുകിലെച്ചിരിക്കാന്‍ തുടങ്ങി. കൂടെ മഴയും”
ഇത് ഇത്തിരികൂടി കുറുക്കി പറഞ്ഞിരുന്നുവെങ്കില്‍ (വായനക്കാരന്‍റെ ആഗ്രഹമാണ്. പരിഭവിക്കരുത്.)
2. പഴയ കഥകളില്‍ കണ്ട വാക്കുകളുടെ മിതത്വം ഇവിടെ നഷ്ടമായിട്ടില്ലേ?? ഒരു താരതമ്യം അല്ല എന്നാലും ചോദിക്കുന്നു.
ഇത്രയൊക്കെയാണെങ്കിലും കഥ എനിക്ക് ഇഷ്ടമായ്.

Fri Sep 29, 02:12:00 pm IST  
Blogger സൂര്യോദയം said...

നല്ല വരികള്‍.... ജീവിതത്തിന്റെ, അനുഭവിക്കുന്ന ആനന്ദത്തിന്റെ സുഖത്തെ, സ്വകാര്യതയെ മരണത്തിന്‌ തട്ടിയെറിയാന്‍ നിഷ്പ്രയാസം.... ഒട്ടും പ്രതീക്ഷിക്കാതെ....

Fri Sep 29, 02:16:00 pm IST  
Anonymous ഞാനാ said...

നന്നായിരിക്കുന്നു സൂ

Fri Sep 29, 03:50:00 pm IST  
Blogger അഡ്വ.സക്കീന said...

ഇവിടെ മരണം അപ്രതീക്ഷിതമാണ്.
എന്നാല്‍ അവള്‍ ക്കിഷ്ടപ്പെട്ട മഴയും മേഘവും
കാറ്റും, അവയുടെ ന്റുത്തവുമെല്ലാമുള്ള ലോകം
ഉപേക്ഷിച്ച് അജ്ഞാതമായ താവളത്തിലേക്ക്
ഏകന്തയാത്രയ്ക്കുള്ള വണ്ടി കാത്തു നില്‍ ക്കുന്നതിനേക്കളും
സുഖമില്ലേ, സൂ, ഇതിന്.

Fri Sep 29, 04:44:00 pm IST  
Blogger അനംഗാരി said...

സൂ, മനോഹരം. ഞാന്‍ വായിച്ച സൂ കഥകളില്‍ എനിക്കിഷ്ടപ്പെട്ട ഒന്ന്. മരണം. അത് അനിവാര്യമാണ്. കൈയെത്തി നീട്ടിപ്പിടിച്ചവര്‍ എത്രപേര്‍ നമുക്ക് മുന്നില്‍?.കൈ നീട്ടാതെ ഉള്ളം കൈയ്യില്‍ വെച്ച് കൊടുത്തത് എത്ര പേര്‍ക്ക്?.
അഭിനന്ദനങ്ങള്‍.

Fri Sep 29, 05:48:00 pm IST  
Blogger പാര്‍വതി said...

അവളുടെ യാത്ര ആകസ്മികമായിരുന്നൂന്ന് തോന്നുന്നില്ല..ആയിരുന്നോ?കാത്തിരുന്നത് പോലെ..
ഓരോ ജനത്തിനും നിര്‍വചനം ഓരോ തരം.

-പാര്‍വതി

Fri Sep 29, 06:03:00 pm IST  
Blogger പിന്മൊഴി said...

കഥ നന്നായി സു..മഴ പോലെ മനസ്സുകുളിര്‍പ്പിയ്കാനെത്തുന്ന മരണം…

Fri Sep 29, 06:03:00 pm IST  
Blogger ആനക്കൂടന്‍ said...

അവള്‍ അവളുടെ മൌനത്തില്‍ നിന്നും അവളുടെ സ്വപ്നത്തിലേക്ക് സ്വതന്ത്രയാവുകയായിരുന്നു...

Fri Sep 29, 06:23:00 pm IST  
Blogger കുട്ടന്മേനൊന്‍::KM said...

അവള്‍ക്ക്‌ മൌനം കൂട്ടുണ്ടായിരുന്നു. മനസ്സിലെ സ്വപ്നങ്ങളോട്‌ മാത്രം സല്ലപിക്കാനേ അവള്‍ ഇഷ്ടപ്പെട്ടുള്ളൂ... ഞാനും..
നന്നായിരിക്കുന്നു.

Fri Sep 29, 06:32:00 pm IST  
Blogger അരവിശിവ. said...

ഒരു ഹിന്ദുസ്ഥാനി രാഗത്തിന്റെ താളമൊപ്പിച്ച് മഴ ഇനിയും പെയ്യട്ടെ....ആ മഴ അന്തരാത്മാവോളം ഇനിയും പെയ്തു നിറയട്ടെ....

Fri Sep 29, 06:36:00 pm IST  
Blogger ബിന്ദു said...

വാഹനം തൊടുന്നതുവരെ ഞാന്‍ ഒപ്പം നടന്നു. അതുകഴിഞ്ഞ് അയ്യോ എന്നു പറഞ്ഞ് ഞാന്‍ ഓടിപ്പോയി.:(

Fri Sep 29, 07:47:00 pm IST  
Anonymous Anonymous said...

മരണമെന്ന ബസ്‌ വരുന്നു. പലരും കയറിക്കയറിപ്പോകുന്നു. ചോദിച്ച്‌ കയറാന്‍ പറ്റില്ല. അടുത്ത ബസിലെങ്കിലും കയറീപ്പോകാന്‍ കാത്ത് നിന്നേ പറ്റു. അങ്ങനെ എത്രയ്യെത്ര ബസുകള്‍ വന്നു, എത്രയെത്രപേര്‍ കയറിപ്പോയി, കൂട്ടുകാര്‍, കുടുംബക്കാര്‍.... ഞാന്‍ മാത്രം ഇവിടെ ഒറ്റയ്ക്ക്...!

Fri Sep 29, 08:38:00 pm IST  
Blogger വളയം said...

മഴയുടെ അടയാളങ്ങള്‍ പിന്നിലവശേഷിപ്പിച്ച് ബസ്സ് കയറിപ്പൊകുന്നവര്‍....

Fri Sep 29, 08:57:00 pm IST  
Blogger കരിന്തിരി said...

“മനുഷ്യവികാരങ്ങളെ വളരെയധികം ഉദാത്തവും,മനോഹരവുമായ ഭാഷയില്‍ ചിട്ടപെടുത്താന്‍ സാധിച്ച താങ്കളുടെ കഴിവ് പ്രശംസനീയം തന്നെ” എന്ന് ഞാന്‍ പറയില്ല . ഒരുപക്ഷേ ഒ.എന്‍.വി ഇതു വായിച്ചാല്‍ പറയും. ഇനി എന്‍‌ടെ സ്റ്റൈല്‍,

“നല്ല കഥ, ആദ്യത്തെ വരികള്‍ ആനക്ക് നെറ്റിപട്ടം ചാര്‍ത്തിയതു പോലെയായി”

Fri Sep 29, 11:34:00 pm IST  
Blogger സ്വാര്‍ത്ഥന്‍ said...

മനസ്സും ശരീരവും ഒരുപോലെ കുളിര്‍ന്ന മരണം! അവള്‍ ഭാഗ്യവതി.

Sat Sep 30, 12:13:00 am IST  
Blogger സു | Su said...

ഞാന്‍ ഇരിങ്ങല്‍ :)ഇത്തിരി നീണ്ടുപോയി അല്ലേ? കുറുക്ക് വേണ്ട ഇത്തവണ എന്ന് വെച്ചു. അതാ.

രവിശങ്കരാ,
അങ്ങനത്തെ നല്ല കാര്യങ്ങളൊന്നും ആഗ്രഹിക്കല്ലേ. മരിക്കാന്‍ നൂറ് കാര്യങ്ങള്‍ ഉണ്ടെങ്കില്‍, ജീവിക്കാന്‍ പതിനായിരം കാര്യങ്ങള്‍ ഉണ്ടാകും.

സൂര്യോദയം :) നന്ദി.

ഞാനാ? ഏത് ഞാന്‍? എന്തായാലും കഥ നന്നായീന്ന് പറഞ്ഞതില്‍ നന്ദി. :)

ഭാരതാംബ :) സ്വാഗതം. അതെ. അപ്രതീക്ഷിതമായ, നോവില്ലാത്ത ഒരു ഒളിച്ചുപോക്കാണ്, മരണമെങ്കില്‍ നല്ലത്.

അനംഗാരീ :) നന്ദി.

പാര്‍വതി :) കാത്തിരിക്കുന്നവര്‍ കുറേ. പ്രതീക്ഷിക്കാതെ കടന്നുപോകുന്നവര്‍ അതിലും കൂടുതല്‍.

നിലാവേ :) നന്ദി.

ആനക്കൂടാ :) അവള്‍ മറ്റുള്ളവരുടെ സ്വപ്നങ്ങളില്‍ മാത്രം ഒതുങ്ങി എന്നും പറയാം.

കുട്ടന്‍‌മേനോന്‍ :) നന്ദി.

അരവിശിവ :) നന്ദി.

ബിന്ദു :) എന്തിനാ ഓടുന്നത്? ഓടിയാല്‍ പിന്നാലെ വരും. നിന്ന് രണ്ട് പറഞ്ഞ് ഓടിക്കൂ. ;)

കാളിയാ :) ഒറ്റയ്ക്കോ? ഞങ്ങളൊക്കെ എവിടെയെങ്കിലും പോയോ? ;)

വളയം :) ഓര്‍മ്മകള്‍ അവശേഷിപ്പിച്ച് പോകുന്നവര്‍.

കരിന്തിരി :)ഒ. എന്‍. വി. നല്ല കഥാകൃത്തുക്കളോട് പറഞ്ഞിട്ടുണ്ടാവും അല്ലേ?
നന്ദി.

സ്വാര്‍ത്ഥന്‍ :)

Sat Sep 30, 10:59:00 am IST  
Blogger അഗ്രജന്‍ said...

സൂ... നന്നായിരിക്കുന്നു... ഇഷ്ടമായി

Sat Sep 30, 12:25:00 pm IST  
Blogger മുല്ലപ്പൂ || Mullappoo said...

നന്നായി വായിച്ചു വന്നതാ,
വെണ്ടായിരുന്നു സൂ . കൊല്ലേണ്ടിയിരുന്നില്ല..മഴയത്തു കളിച്ച അവളെ.

Sat Sep 30, 12:31:00 pm IST  
Blogger മുസാഫിര്‍ said...

മരണത്തിനു ഇത്ര വശ്യത പകരാന്‍ കഴിയുമെന്നു അറിഞ്നിരുന്നില്ല സൂ,അതിന്റെ ഭീകരത മാത്രമേ ഇതു വരെ കണ്ടിട്ടുള്ളു.നല്ല കഥ.

Sat Sep 30, 01:21:00 pm IST  
Blogger krish9 said...

സൂ- വിന്റെ "അവള്‍ നനഞ്ഞ മഴ" നന്നായിട്ടുണ്ട്‌. എനിക്ക്‌ ഇഷ്ടപ്പെട്ടത്‌ മഴയെക്കുറിച്ചുള്ള വിശേഷണമായിരുന്നു. മഴയെ സ്വന്തമാക്കാന്‍ ഭൂമിയും ആകാശവും മല്‍സരിക്കുമ്പോള്‍ കാറ്റ്‌ മഴയെ തട്ടിക്കൊണ്ടുപോയത്‌.., മഴയെന്ന ചിരി അവളുടെ ദേഹത്തേക്ക്‌ എത്തിനോക്കിയപ്പോള്‍..., കലക്കി. പിന്നെ വാഹനങ്ങളുടെ "തലോടല്‍" വായിച്ചപ്പോഴാണ്‌ ഒരു കാര്യം മനസ്സില്‍ വന്നത്‌. നമ്മുടെ നാട്ടീല്‍ യുദ്ധത്തില്‍ മരിക്കുന്നതിന്റെ എത്രയോ മടങ്ങാണ്‌ നിരപരാധികള്‍ ഈ വാഹനങ്ങളുടെ "തലോടല്‍" ഏറ്റ്‌ സ്വര്‍ഗ്ഗലോകം പ്രാപിക്കുന്നത്‌. "തലോടല്‍" വളരെയധികം കൂടുന്നില്ലേ..

ഒന്നു കൂടി പൂജാ ആശംസകള്‍.

(NB; Font ചുവന്നനിറത്തിന്‌ പകരം ഏതെങ്കിലും കടുത്ത നിറം ഉപയോഗിച്ചാല്‍ ഒന്നു കൂടി നന്നായിരുന്നേനെ, അല്ലെങ്കില്‍ bold ചെയ്യുക.. സൂ-വിന്റെ ഇഷ്ടം)

Sat Sep 30, 02:10:00 pm IST  
Blogger സു | Su said...

അഗ്രജാ :) നന്ദി.

മുല്ലപ്പൂവേ :) അവള്‍ പോട്ടെ. സന്തോഷായിട്ടല്ലേ പോയത്.

മുസാഫിര്‍ :) നന്ദി.

കൃഷ് :) നന്ദി. കളറിന്റെ കാര്യം ശ്രദ്ധിക്കാം.

Sat Sep 30, 07:07:00 pm IST  
Anonymous Anonymous said...

ചേച്ചീ.. ഈ അനിയനൊരു കഥ ബ്ലോഗിലിട്ടിട്ടുണ്ട്. എന്തോ വായിച്ചോന്നറിയില്ല. എന്തായലും ഒരു കീറിമുറിപ്പ് പ്രതീക്ഷിക്കുന്നു സമയം കിട്ടുമ്പൊള്‍ ശ്രമിക്കുമല്ലോ.

Sun Oct 01, 06:14:00 pm IST  
Blogger ചുള്ളിക്കാലെ ബാബു said...

കഥയുടെ പേരെനിക്കിഷ്ടായി, എന്റെ നാട്ടുകാരനായ ഒരു ലോക്കല്‍ കാഥികന്റെ കഥാപ്രസങ്ങങ്ങള്‍ക്ക് ഇതുപോലുള്ള പേരുകളാണുണ്ടാവുക. മിക്കവാറും കഥകളും പെട്ടെന്നു തയ്യാറാക്കുന്നതാണ്. അതുകോണ്ടുതന്നെ മുത്തപ്പന്റെ കഥപറയാന്‍ തുടങ്ങിയാല്‍ അയ്യപ്പന്റെ കഥയിലായിരിക്കും അവസാനിക്കുക.അല്ല നാട്ടുകാര്‍ അവസാനിപ്പിക്കുക. അദ്ദേഹത്തിന്റെ ഒരു കഥയുടെ പേരാണ് “എല്ലൊടിഞ്ഞ കാല്” വീണ് കാല് പൊളിഞ്ഞപ്പോള്‍ പറഞ്ഞ കഥ.

കഥ മുഴുവന്‍ വായിച്ചില്ല കാരനം ബേജാറ് കഥകള്‍ എനിക്കിഷ്ടമല്ല. അതുകൊണ്ട് കഥയെക്കുറിച്ച് അഭിപ്രായമില്ല.

Mon Oct 02, 10:14:00 pm IST  
Blogger പച്ചാളം : pachalam said...

മരണം :(

Mon Oct 02, 10:39:00 pm IST  
Blogger സു | Su said...

ചുള്ളിക്കാ‍ലെ ബാബു :) കഥയുടെ പേരിഷ്ടമായതില്‍ നന്ദി. കഥ ഇഷ്ടമില്ലാത്തതുകൊണ്ട് വായിക്കാഞ്ഞതില്‍ പരിഭവം ഇല്ല. ഞാന്‍ എഴുതുന്നത് മുഴുവന്‍ എല്ലാവരും വായിച്ചുകൊള്ളണം എന്നില്ലല്ലോ. ഇഷ്ടമുള്ള കഥയെന്ന് തോന്നുന്നത് വരുമ്പോള്‍ വായിക്കുമല്ലോ.

പച്ചാളം :)

Thu Oct 26, 09:05:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home