Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, October 27, 2006

ഒരു നട്ടുച്ചയ്ക്ക്

സൂര്യന്‍ ഭൂമിയുടെ തലയ്ക്കു നേരെ മുകളില്‍ നില്‍ക്കുമ്പോഴാണ്, ഞങ്ങള്‍ - ഞാന്‍, ചിറ്റമ്മ, കസിന്‍- ടൌണിലേക്കിറങ്ങിയത്‌. ജോലിയില്ലാത്ത ചെറുപ്പക്കാരന്‍ പുറത്തിറങ്ങുന്നതുപോലെ അനേകം ലക്‌ഷ്യങ്ങള്‍ ഉണ്ടായിരുന്നു ഞങ്ങള്‍ക്ക്‌. ഇറങ്ങിയപ്പോള്‍ത്തന്നെ ഓട്ടോറിക്ഷ കിട്ടി. ജീവന്‍ ടോണിന്റെ, കഴിച്ചതിനുശേഷം പരസ്യത്തിലെ നായകനെപ്പോലെയുള്ള ഞങ്ങളെ കണ്ടിട്ട്‌, ഓട്ടോറിക്ഷക്കാരന്റെ മനസ്സില്‍ വര്‍ക്ക് ഷോപ്പുകാരന്റെ ബോര്‍ഡ്‌ തൂങ്ങിയാടുന്നത്‌, അയാളുടെ കണ്ണില്‍ ഞങ്ങള്‍ വായിച്ചെടുത്തു.

"എങ്ങോട്ടാ?" മൂന്നാളും മൂന്ന് സ്ഥലം പറഞ്ഞു. ഓട്ടോക്കാരന്‍ ഒന്ന് ഞെട്ടിയപ്പോള്‍ ഞങ്ങള്‍ കൃത്യമായിട്ട്‌ സ്ഥലം പറഞ്ഞു.

വെയിലല്ലേ, ഒരു ഐസ്ക്രീം കഴിച്ച്‌ കളയാം എന്ന് തോന്നി. എലിമാളത്തിലേക്ക്‌ കയറുന്ന പൂച്ചയെപ്പോലെ, ഞങ്ങള്‍ സന്തോഷത്തില്‍ കടയിലേക്ക്‌ കയറി. മൂന്ന് ഫലൂദയ്ക്ക് പറഞ്ഞു. മൂന്ന് വീതം ആണോയെന്ന മട്ടില്‍ അവന്‍ ഒന്ന് പരുങ്ങിനിന്നു. പിന്നെ പോയി. സൈഡില്‍ യുവമിഥുനങ്ങള്‍ ഇരിപ്പുണ്ടായിരുന്നു. വഴിവക്കിലെ പോസ്റ്ററുപോലെ, ആരു കണ്ടാലും ഞങ്ങള്‍ക്കൊന്നുമില്ല എന്ന രീതിയില്‍ ആണിരിപ്പ്‌. അതും ഫെവിക്കോളിന്റെ പരസ്യത്തിലെപ്പോലെ ഒട്ടിപ്പിടിച്ച്‌. ആ നല്ലകാലം അയവിറക്കി ഞങ്ങള്‍ അവരെ ഇടം കണ്ണും വലം കണ്ണും എന്നൊരു ഭേദമില്ലാതെ നോക്കി. കാത്തിരിപ്പിന്റെ ഒടുവില്‍ ഫലൂദ വന്നു. അടുപ്പിലെ തീ ഊതിയിരുന്നെങ്കില്‍, ഈ സമയം കൊണ്ട്‌ ഒരു സദ്യ ഉണ്ണാമായിരുന്നു എന്ന് ചിന്തിച്ച്‌ ഞങ്ങള്‍ ഫലൂദ അകത്താക്കി. ബില്ലും കൊടുത്ത്‌ ഇറങ്ങി.

പിന്നെ, വെള്ളി ആഭരണക്കടയില്‍ക്കയറി. അവിടെയുള്ള എല്ലാ പാദസരങ്ങളും ഞങ്ങളുടെ അളവില്‍ ടെസ്റ്റ്‌ ചെയ്തതിനുശേഷം, ഒരു കിലോ വെള്ളി, ദാ, ഇപ്പോ ചെലവാകും എന്ന് മനക്കോട്ട കെട്ടിയ കടക്കാരന്റെ മുന്നിലേക്ക്‌, പേഴ്സില്‍ നിന്ന് ഒരു കുഞ്ഞുപാദസരം, ചിറ്റമ്മ എടുത്ത്‌ നീട്ടി. ഈ അളവിനുള്ളത്‌ തരൂ, എന്ന് പറഞ്ഞപ്പോള്‍, കള്ളവണ്ടിക്കാരനെക്കണ്ട ടി. ടി. ഇ. യെപ്പോലെ, അയാളുടെ ഭാവം മാറി.

പാദസരം വാങ്ങി പുറത്തിറങ്ങി റോഡ്‌ ക്രോസ്സ്‌ ചെയ്യുമ്പോള്‍, തിരുവനന്തപുരത്ത്‌ നിന്ന് ഒരു ബസ്‌ പുറപ്പെട്ടു എന്ന് കേട്ടാല്‍, കണ്ണൂരില്‍ റോഡ്‌ ക്രോസ്സ്‌ ചെയ്യാന്‍ പേടിക്കുന്ന ഞാന്‍ ഇപ്പുറത്തും, അവര്‍ രണ്ടും അപ്പുറത്തും ആയി. ഞാന്‍ കൂടെയില്ലാത്തത്‌ അറിയാതെ ലോകസുന്ദരിമത്സരത്തില്‍ പങ്കെടുക്കുന്നവരെപ്പോലെ അവര്‍ മന്ദം മന്ദം നടക്കുന്നു. കസിന്‍ എന്തോ പറഞ്ഞ്‌ തിരിഞ്ഞ് നോക്കിയതും കൂടെ ഞാനില്ല എന്ന് കണ്ടു. അവള്‍ ഞെട്ടി. ഒളിമ്പിക്സിലെ റിലേ പോലെ ഞെട്ടല്‍ ചിറ്റമ്മയ്ക്ക്‌ കൈമാറി. രണ്ടാളും നോക്കുമ്പോഴുണ്ട്‌ തെലുങ്കുപടത്തിനു കയറിയ നോര്‍ത്തിന്ത്യനെപ്പോലെ എന്തു വേണ്ടൂ എന്നറിയാതെ ഞാന്‍ വായും പൊളിച്ച്‌ ഇപ്പുറത്ത്‌. അവര്‍ എങ്ങനെയൊക്കെയോ കൈയും കലാശവും കാട്ടി എന്നേയും അപ്പുറത്തെത്തിച്ചു.

നടന്ന് നടന്ന് ഒരു കടയിലെത്തി. തിന്ന ഫലൂദ ദഹിച്ചതിന്റെ ദേഷ്യത്തില്‍ അതിനെ കുറ്റം പറഞ്ഞാണ്‌‍ നടപ്പ്‌. കുറേ അതിഥികള്‍ ഉള്ളത് പ്രമാണിച്ച്‌, ഞങ്ങള്‍ക്ക്‌ നൂറു പൊറോട്ട വേണം. ചിറ്റമ്മ കടയില്‍ കയറിയതും പറഞ്ഞു, ‘നൂറു ഫലൂദ’. വീടുപണിക്കിടയില്‍ ലോട്ടറി അടിച്ചെന്ന് കേട്ട സാധാരണക്കാരനെപ്പോലെ, കടക്കാരന്‍, സന്തോഷത്തില്‍ ഞെട്ടിക്കാണും. ഞാന്‍, അവര്‍ പറയുന്നത്‌ കാര്യമായിട്ട്‌ ശ്രദ്ധിച്ചപ്പോള്‍ എന്തോ ഒരു പന്തികേട്‌. കടക്കാരന്‍ പറയുന്നു, "വീട്‌ അടുത്താണെങ്കില്‍ സാരമില്ല, കപ്പില്‍ തരാം, കൊണ്ടുപോയപാടേ ഫ്രിഡ്ജില്‍ വെച്ചാല്‍ മതി’ എന്നൊക്കെ. പൊറോട്ടയുമായി വല്യ ബന്ധമൊന്നുമില്ലെങ്കിലും, കപ്പില്‍ കൊണ്ടുപോകുന്ന, ഫ്രിഡ്ജില്‍ വെയ്ക്കുന്ന പൊറോട്ടയെപ്പറ്റി ഞാന്‍ ആദ്യമായിട്ടാണു കേള്‍ക്കുന്നത്‌. ‘എന്താ ചിറ്റമ്മേ’, എന്ന് ചോദിച്ചതും ചിറ്റമ്മയ്ക്ക്‌ വെളിച്ചം മിന്നി. ഫലൂദയെപ്പറ്റി കടക്കാരന്‍ പറഞ്ഞതും ചിറ്റമ്മ വേഗം പറഞ്ഞു. ‘അയ്യോ ഫലൂദയല്ല, പൊറോട്ടയാണ് ’ എന്ന്. എന്തെങ്കിലും ആവട്ടെ, എന്ന മട്ടില്‍ അയാള്‍ കുറച്ച്‌ നേരം കാത്തിരിക്കാന്‍ പറഞ്ഞു. പൊറോട്ട ഉണ്ടാക്കി അടുക്കിയടുക്കി പെട്ടിയിലാക്കുന്നതും നോക്കി, സ്കൂളിന്റെ ഉപ്പുമാവ്‌ പുരയ്ക്ക്‌ മുകളില്‍ ഇരിക്കുന്ന കാക്കയെപ്പോലെ ഞങ്ങള്‍ ആത്മാര്‍ഥമായിട്ട്‌ കാത്തിരുന്നു. കിട്ടിയപ്പോള്‍ ഉടനെ വീട്ടിലേക്ക്‌ പറന്നു.

22 Comments:

Anonymous Anonymous said...

All your stories are very good.
You are one of the best writers we have!

Sat Oct 28, 06:38:00 am IST  
Anonymous Anonymous said...

ഉപമകള്‍....
ഉപമാനങ്ങള്‍....
എന്റെ പൊന്നോ...
തകര്‍ത്തു!!
(ഫലൂദ+പൊറോട്ട) / 2
കഴിക്കൂ. ആര്‍മാദിക്കൂ..

Sat Oct 28, 09:05:00 am IST  
Blogger വല്യമ്മായി said...

നല്ല കഥ സൂ ചേച്ചി.

Sat Oct 28, 09:29:00 am IST  
Blogger Aravishiva said...

ഫലൂദ പൊളിച്ചു...നന്നായിരിയ്ക്കുന്നു സൂ ചേച്ചി...

Sat Oct 28, 10:17:00 am IST  
Blogger Rasheed Chalil said...

തിരുവനന്തപുരത്ത്‌ നിന്ന് ഒരു ബസ്‌ പുറപ്പെട്ടു എന്ന് കേട്ടാല്‍, കണ്ണൂരില്‍ റോഡ്‌ ക്രോസ്സ്‌ ചെയ്യാന്‍ പേടിക്കുന്ന ഞാന്‍ ഇപ്പുറത്തും...

ഹ ഹ ഹ സൂ ചേച്ചി ഇപ്പോഴും ഇങ്ങിനെ തന്നെയാണോ ?. കഥമുഴുവന്‍ ഉപമകളുടെ പൊടിപൂരമാണല്ലോ... സംഭവം അടിപൊളി.

Sat Oct 28, 10:46:00 am IST  
Anonymous Anonymous said...

ഉപമകൊണ്ട് കണ്ണില്‍ കുത്തുകയാണല്ലൊ ചേച്ചി. ഉപമയെ ചവിട്ടി നടക്കാന്‍ കഴിയുന്നേയില്ല. എന്തായാലും നന്നയി. ഒരു കാര്യം മനസ്സിലായി. ഏതോ കഥ വായനയുടെ തിരക്കിലാണ്. അങ്ങിനെ ദിവസവും കഥയെഴുതല്ലേ...എഴുതിയാലും ഒരു മിനിക്കിനു വെക്കണം.(ഉപദേശമല്ല കേട്ടോ- ഒരു കണ്ണൂര്‍ സ്നേഹം)
(പേരു മാറ്റുന്ന കാര്യം : സത്യത്തില്‍ ചേച്ചി പറഞ്ഞതു പോലെയാണ് എഴുതിക്കൊണ്ടിരുന്നത്. പിന്നെ ഗള്‍ഫില്‍ വന്നപ്പോള്‍ കഥയുടെ / കവിതയുടെ ഒരു നിലവാരമില്ലായ്മ തോന്നിയപ്പോള്‍ പുതിയ പേര് സ്വീകരിച്ചു; ഒരു തരം ഒളിച്ചോടല്‍)

Sat Oct 28, 11:59:00 am IST  
Blogger ഹേമ said...

'ഒരു നട്ടുച്ചയ്ക്ക്’ കഥ ഇഷ്ടമായി. തമാശയും.
കണ്ണൂരില്‍ ഏത് ഫലൂദ ഷോപ്പിലാ കേറിയേ.. അവിടെ പൊറോട്ടയും ..

Sat Oct 28, 12:06:00 pm IST  
Blogger asdfasdf asfdasdf said...

അപ്പൊ തിരിച്ചു വന്നൂ അല്ലേ.. ഫലൂദയുടെയും പൊറോട്ടയുടെയും നട്ടുച്ചക്കഥ ഉഷാറായി..

Sat Oct 28, 12:26:00 pm IST  
Blogger സ്വാര്‍ത്ഥന്‍ said...

നാട്ടിലെ ഫലൂദ അടിച്ചാല്‍ കിക്കാകും, അല്ലെ???
പറ്റിന്‍ പുറത്ത് റോഡ് ക്രോസ് ചെയ്ത ചിറ്റമ്മ വണ്ടിക്ക് അടയാ‍കാതിരുന്നത് ദൈവാധീനം!!!

Sat Oct 28, 01:21:00 pm IST  
Blogger രാജ് said...

കൊല്ലുന്നു.

Sat Oct 28, 03:21:00 pm IST  
Blogger സു | Su said...

മല്ലു ഫിലിംസ് :) സ്വാഗതം. നന്ദി. വായനയ്ക്കും കമന്റിനും.

വാവക്കാടന്‍ :)സ്വാഗതം. നന്ദി.

വല്യമ്മായീ :)നന്ദി.

അരവിശിവ :)സന്തോഷം.

ഇത്തിരിവെട്ടം :)ഞാനെപ്പോഴും ഒരുപോലെയാ. വയസ്സ് മാത്രേ മാറൂ. സ്വഭാവം മാറില്ല. ഇനി ആരെങ്കിലും ശ്രമിച്ചാല്‍ എന്റെ സ്വഭാവം മാറും. ;) നന്ദി.

രാജൂ :) വായന എല്ലാ ദിവസവും ഉണ്ടല്ലോ. എഴുതിക്കഴിഞ്ഞാല്‍ എനിക്കപ്പോള്‍ത്തന്നെ പോസ്റ്റ് ചെയ്യാന്‍ തോന്നും.

സിമി :) സ്വാഗതം. പല കടകളിലും ഐസ്ക്രീമും, മറ്റു വിഭവങ്ങളും കിട്ടും.

കുട്ടമ്മേനോന്‍ :) തിരിച്ചെത്തി. നന്ദി.

സ്വാര്‍ത്ഥന്‍ :)

പെരിങ്ങോടാ :) ആരെയാ കൊല്ലുന്നത്? ;)

Sat Oct 28, 06:26:00 pm IST  
Blogger പരസ്പരം said...

ഒട്ടൊരിടവേളയ്ക്ക് ശേഷം ബൂലോഗത്തില്‍ തിരിച്ചു വന്നപ്പോള്‍ ആദ്യം സൂവിന്റെ അരിമുറുക്ക്. പിന്നെ ഉപമകള്‍കൊണ്ട് സമ്പുഷ്ടമായ നട്ടുച്ചകഥ...ഉപമകള്‍ എല്ലാം ഒന്നിനോടൊന്ന് മെച്ചം. ഇഷ്ടമായി.

Sat Oct 28, 06:50:00 pm IST  
Blogger മുസാഫിര്‍ said...

സു,
പതുക്കെ പഴയ ഫോമിലായി വരുന്നുണ്ട്.
കുടുതല്‍ നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

Sat Oct 28, 07:06:00 pm IST  
Blogger Unknown said...

പൊറോട്ട പൊട്ടിക്കുന്നു ഫലൂദയില്‍ ഒപ്പുന്നു. ഞം ഞം
നാരങ്ങാ അച്ചാര്‍ ഒന്ന് തൊട്ട് നക്കുന്നു.
ഒരു ഗ്ലാസ് വെള്ളം. വീണ്ടും പൊറോട്ട. ആഹഹാ....

സൂ ചേച്ചീ... :-)

Sat Oct 28, 07:22:00 pm IST  
Blogger Satheesh said...

ഇതിഷ്ടപ്പെട്ടു!
പണ്ട് കോളേജ് യൂനിയന്‍ ചടങ്ങിന് ചൂടി വാങ്ങാന്‍ ഒരു സഖാവിനെ പറഞ്ഞുവിട്ടു. ചൂടി വാങ്ങാന്‍ കിട്ടിയ 20രൂപയില്‍ നിന്ന് എങ്ങനെയെങ്കിലും ഒരു മസാലദോശക്കുള്ള വക സംഘടിപ്പിക്കാനുള്ള കുറെകണക്ക് കൂട്ടലുകളും നടത്തിയായിരുന്നു ആശാന്റെ നടപ്പ്. അധികം confusion ആവണ്ടാ, ആദ്യം മസാലദോശ തിന്നിട്ട് ബാക്കി കാശിന് ചൂടി വാങ്ങാന്നും കരുതി ആദ്യം നേരെ coffee house-ലേക്കു വിട്ടു. കഴിക്കാനെന്താ വേണ്ടത് എന്നു ചോദിച്ച വെയിറ്റരോട് ആശാന്‍:- “രണ്ട് തുടുപ്പ് ചൂടി” (ഈ തുടുപ്പ്‌ന്നുള്ളത് കണ്ണൂര്‍ക്കാരുടെ മാത്രം വാക്കാണോ എന്തോ..!!)
സൂ, നല്ല വിവരണം!

Sat Oct 28, 08:07:00 pm IST  
Blogger Adithyan said...

സൂച്ചേച്ചീടെ ഈമാതിരി പോസ്റ്റുകള്‍ടെ ഒരു ആരാധകനാണ് ഞാന്‍ :)

ഫലൂദപുരാണം കിടിലം :)

Sat Oct 28, 09:14:00 pm IST  
Blogger Kiranz..!! said...

സൂ ചേച്ചിയുടെ ലേഖനങ്ങള്‍ ഇവിടെ സകുടൂംബം ആസ്വദിക്കുന്നു..തിരിച്ചെത്തിയതില്‍ സന്തോഷം..!

Sat Oct 28, 09:51:00 pm IST  
Blogger sreeni sreedharan said...

സൂചേച്ചീ നല്ല ബെസ്റ്റ് ചിറ്റമ്മ!

പിന്നെ സൂചേച്ചിക്ക് പേടിമാറണോ? എന്‍റെ പഴയ പോട്ടം ഇപ്പോഴുമെന്‍റെ കയ്യിലുണ്ട്, ഡെയ്ലി കണ്ടാ മതി :) ജീവണോടുണ്ടെങ്കില്‍ പേടി പൊയ്ക്കോളും. :)

‘രസികത്തി, നര്‍മ്മം പിടിച്ചിരിക്കണൂ...
ഭ്രാന്തുണ്ടോ?..
നമുക്ക് സ്വല്‍‍പ്പമുണ്ടേയ്...കഥക‍ളി ഭ്രാന്തേയ്’
(കട: ചന്തുമേനോന്‍, ഇന്ദുലേഖ)

Sat Oct 28, 11:41:00 pm IST  
Blogger കുറുമാന്‍ said...

സൂവേ, ഇതിപ്പോ ഞാന്‍ രണ്ടുമാസം കഴിഞ്ഞ് കഥ എഴുതിതുടങ്ങിയപോലെ ആയല്ലോ. ലാക് ഓഫ് സബ്ജക്റ്റ്. പോരാട്ടോ....പഴയ ആ പിക് അപ് കിട്ടുന്നില്ല.

Sun Oct 29, 12:08:00 am IST  
Blogger സു | Su said...

പരസ്പരം :) നന്ദി.

മുസാഫിര്‍ :) നന്ദി. പ്രതീക്ഷ എന്നും നല്ലതാണ്.


ദില്‍ബൂ :) പൊറോട്ടയ്ക്ക് കറി കിട്ടും ;)

സതീഷ് :) നന്ദി.


ആദീ :)നന്ദി.

കിരണ്‍ :) സന്തോഷം.

പച്ചാളം :) ഹമ്മോ... ബിന്ദുവിനെ പേടിപ്പിച്ച് പനി പിടിപ്പിച്ചു. ഇനി എന്നേം കൂടെ ഓടിക്കാന്‍ ആണോ ?

കുറുമാനേ :)

Sun Oct 29, 09:47:00 am IST  
Blogger Abdu said...

സൂ,
വീണ്ടും പൊസ്റ്റ് കണ്ടതില്‍ സന്തൊഷം, പക്ഷെ ഇത് ശരിക്കും നിരാശപ്പെടുത്തി, ഞാന്‍ മുന്നെ പറഞ്ഞതാണ് എഴുതിയ ഉടനെ പൊസ്റ്റാതിരിക്കുന്നതാണ് നല്ലതെന്ന്, എന്റെ മാത്രം അഭിപ്രായമാണ്.

ഉപമകള്‍ നന്നാകുന്നു, പക്ഷെ അതല്‍‌പം അതികമാകുന്നൊ?

നല്ല പൊസ്റ്റുകള്‍ക് കാത്തിരിക്കുന്നു,

-അബ്ദു-

Sun Oct 29, 10:16:00 am IST  
Blogger സു | Su said...

അബ്ദൂ :) അഭിപ്രായത്തിന് നന്ദി. ഉപമകള്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കാം. പോസ്റ്റുകള്‍ നന്നാക്കാനും ശ്രമിക്കാം.

Sun Oct 29, 10:19:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home