Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, December 21, 2006

വാതിലുകള്‍ തുറക്കുമ്പോള്‍

പുലര്‍കാലത്തെ തണുപ്പില്‍, വീട്ടിന്റെ വാതില്‍ തുറന്നത്‌ പെണ്‍വാണിഭത്തിന്റെ ഇരുണ്ട മുഖത്തേക്കായിരുന്നു.

മുലപ്പാലൂട്ടേണ്ട മാതൃത്വം മാറത്ത്‌ കൈ പിണച്ച്‌, അരുതേയെന്ന് യാചിച്ച്‌ പത്രത്തിന്റെ മുഖ്യപേജില്‍ നിശ്ചലമായി കിടന്നിരുന്നു.

റോഡിലേക്കുള്ള വാതില്‍ തുറന്നത്‌ മതഭ്രാന്തിലേക്കായിരുന്നു.

മതമില്ലാത്ത, മുഖമില്ലാത്ത മരണം അയാളുടെ ദേഹത്തിരിക്കുന്നുണ്ടായിരുന്നു. മരണത്തിനു ‍ കൂട്ടായി, ഉറുമ്പുകളും ഈച്ചകളും.

പച്ചക്കറിച്ചന്തയിലേക്കുള്ള വാതില്‍ വിലപേശലിന്റെ കാഴ്ചയിലേക്കായിരുന്നു തുറന്നുപിടിച്ചിരുന്നത്‌.

പണക്കാരിപ്പെണ്ണ് ‍ വിലപേശുമ്പോള്‍, അവളുടെ വിലകൂടിയ ലിപ്സ്റ്റിക്‌, പച്ചക്കറിക്കുട്ടയിലേക്ക്‌ നോക്കി പുച്ഛത്തോടെ ചിരിക്കുന്നുണ്ടായിരുന്നു.

വിദ്യാലയത്തിലേക്കുള്ള വാതില്‍ തുറന്നത്‌, കച്ചവടത്തിലേക്കായിരുന്നു.

വിലയുള്ള സര്‍ട്ടിഫിക്കറ്റും പിടിച്ച്‌ ചിലര്‍ ഉത്‌കണ്ഠാകുലരായി നില്‍ക്കുമ്പോള്‍, വില കൂടിയ കാറില്‍ വന്നവര്‍ ചിരിച്ചുകൊണ്ടിറങ്ങിപ്പോകുന്നുണ്ടായിരുന്നു.

ബാങ്കിലേക്കുള്ള വാതില്‍ തുറന്നത്‌ കടക്കെണിയിലേക്കായിരുന്നു.

വായ്പ്പയുടെ തന്ത്രങ്ങള്‍ വിവരിക്കുന്നത്‌ കേട്ടു തലയാട്ടുമ്പോള്‍, കടക്കെണിയും എവിടെയോ ഇരുന്ന് പുഞ്ചിരിച്ച്‌ തലയാട്ടുന്നുണ്ടായിരുന്നു.

കല്യാണപ്പന്തലിലേക്കുള്ള വാതില്‍ തുറന്നത്‌, പെണ്‍വീട്ടുകാരുടെ ദൈന്യതയുടെ പതിഞ്ഞസ്വരത്തിലേക്കായിരുന്നു.

സ്ത്രീധനക്കണക്കു പറഞ്ഞ്‌ ശബ്ദം ഉയര്‍ന്നപ്പോള്‍, മറ്റൊരുവശത്ത്‌ മൊഴിയില്ലാതെ, കണ്ണീരിന്റെ സ്വരവുമായി പെണ്ണിരുന്നു.


വിശ്വാസം, മിടിപ്പില്ലാതെ, നിര്‍ജ്ജീവമായി കിടക്കുന്നത് കാണാന്‍ ശക്തിയില്ലാത്തതിനാല്‍, ഹൃദയത്തിന്റെ വാതില്‍ മാത്രം തുറന്നില്ല. ഒന്നുകൂടെ ശക്തിയോടെ അടച്ചു.

33 Comments:

Blogger ബിന്ദു said...

ഞാന്‍ പാട്ടു പാടണോ വാതില്‍ തുറക്കാന്‍??;)

Thu Dec 21, 10:47:00 pm IST  
Blogger വേണു venu said...

എന്നിലേയ്ക്കൊരു വാതില്‍ തുറന്നപ്പോള്‍.....
ഞാനെന്ന അന്ധന്‍....
നന്നായുള്‍ക്കൊണ്ടിരിക്കുന്നു സൂ.

Thu Dec 21, 11:03:00 pm IST  
Blogger അനംഗാരി said...

ഞാന്‍ കയ്യടിക്കുന്നത് സൂ കേള്‍ക്കുന്നുണ്ടാവും എന്ന് ഞാന്‍ കരുതുന്നു.

Fri Dec 22, 08:05:00 am IST  
Blogger വിഷ്ണു പ്രസാദ് said...

'റോഡിലേക്കുള്ള വാതില്‍ തുറന്നത്‌ മതഭ്രാന്തിലേക്കായിരുന്നു.

മതമില്ലാത്ത, മുഖമില്ലാത്ത മരണം അയാളുടെ ദേഹത്തിരിക്കുന്നുണ്ടായിരുന്നു. മരണത്തിനു ‍ കൂട്ടായി, ഉറുമ്പുകളും ഈച്ചകളും.'

മതഭീകരതയ്ക്കെതിരെ എഴുതുന്ന ഓരോവാക്കിനും എന്റെ പിന്തുണയുടെ കയ്യൊപ്പ്.സൂ ന്റെ ഈ എഴുത്ത് വലിയൊരു കുതിപ്പാണ്.അഭിനന്ദനങ്ങള്‍ ...

Fri Dec 22, 08:20:00 am IST  
Blogger Satheesh said...

സൂ, സൂര്യഗായത്രിയിലെ എല്ലാ പോസ്റ്റുകളും വായിക്കാറുണ്ടെങ്കിലും പലപ്പോഴും കമന്റു വെക്കാറില്ല. ഇപ്പോള്‍ ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ അറിയുന്നു - ഇഷ്ടപ്പെടാത്ത പോസ്റ്റുകള്‍ക്കെല്ലാം ഞാന്‍ കമന്റെഴുതിയിട്ടുണ്ട്! അതിനൊരപവാദമാകട്ടെ ഈ പോസ്റ്റ്!

Fri Dec 22, 09:36:00 am IST  
Blogger കുട്ടിച്ചാത്തന്‍ said...

സൂചേച്ചീ: വൈവിധ്യം എന്നും ഈ ബ്ലോഗിന്റെ മുഖമുദ്രയാവട്ടെ..

Fri Dec 22, 09:41:00 am IST  
Blogger കണ്ണൂരാന്‍ - KANNURAN said...

ചുട്ടുപൊള്ളുന്ന ഇന്നിന്റെ നേര്‍ക്കാഴ്ചയാണീ പോസ്റ്റ്. സൂവിന്റെ സാധാരണ പോസ്റ്റുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായിട്ടുണ്ട്.

Fri Dec 22, 09:50:00 am IST  
Blogger Aravishiva said...

സൂ ചേച്ചിയേ :-) കലക്കന്‍ പോസ്റ്റ്! കൊടു കൈ...

Fri Dec 22, 09:53:00 am IST  
Blogger Peelikkutty!!!!! said...

സൂ ചേച്ചീ, എന്തു ചെയ്യാം ..വാതില്‍ തുറക്കാതിരിക്കാന്‍ നമുക്കു പറ്റില്ലല്ലൊ..


നല്ല പോസ്റ്റ്.

Fri Dec 22, 09:59:00 am IST  
Blogger മനോജ് കുമാർ വട്ടക്കാട്ട് said...

നിരാശ്രയത്തിന്റെയും നിസ്സഹായതയുടെയും കുറിപ്പ്‌.

(എല്ലാവരും ഹൃദയത്തിന്റെ വാതിലടച്ച്‌ സ്വയമൊതുങ്ങിയാലെങ്ങിനെ? വരൂ, പുറത്തേയ്ക്കിറങ്ങാം. കുഞ്ഞുങ്ങളെങ്കിലും കാതോര്‍ക്കും, സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും കഥകള്‍ കേള്‍ക്കാന്‍)

Fri Dec 22, 10:06:00 am IST  
Blogger reshma said...

punch: –noun 1. a thrusting blow, esp. with the fist. ഇതിനപ്പുറം എനിക്കൊന്നും പറയാനില്ല.

Fri Dec 22, 10:17:00 am IST  
Anonymous Anonymous said...

സൂവിന്റെ ഈയാഴ്ച്ചയിലെ ഏറ്റവും നല്ല പോസ്റ്റ്‌. നന്നായി ഇഷ്ടപ്പെട്ടു. സമകാലികമായ സകല പ്രശ്നങ്ങളുടെയും ഒരു രത്നച്ചുരുക്കം.

Fri Dec 22, 10:19:00 am IST  
Anonymous Anonymous said...

2007-ല്‍ വാതില്‍ തുറക്കുമ്പോഴെങ്കിലും കുറച്ചു നല്ല കാഴ്ച്ചകള്‍ കാണാനാവട്ടെ.. എന്നു പ്രതീക്ഷിക്കാം.

കൃഷ്‌ | krish

Fri Dec 22, 10:40:00 am IST  
Blogger അതുല്യ said...

സൂ.. നന്നായി.

നന്മ ഒരു കാറ്റായി വരും ചിലപ്പോ. അത്‌ കൊണ്ട്‌ അടച്ചിട്ടാലും, ഏതെങ്കിലും ഒരു പഴുതിലൂടെ നമ്മില്ലേയ്ക്‌ അത്‌ എത്തും.

Fri Dec 22, 12:04:00 pm IST  
Blogger ചീര I Cheera said...

പുലര്‍കാല്‍ത്ത് എഴുന്നേറ്റ് ഉടനെയുള്ള പേപ്പര്‍ വായന ഇനി മുതല്‍ അരുത് എന്ന് ചില psychologists പറഞു തുടങിയതായി ഒരു interview-വില്‍ പറയുന്നതു കേട്ടു.പുലര്‍കാലത്തെ നമ്മുടെ മനസ്സിന്റെ freshness നഷ്ട്ടപ്പെടുത്തുന്ന വാര്‍ത്തകള്‍ വായിയ്ക്കാതിരിയ്ക്കുന്നതാണ് ഭേദം എന്ന്.

നല്ല പോസ്റ്റ് സൂ..അര്‍ഥവത്തായ വരികള്‍..

Fri Dec 22, 05:30:00 pm IST  
Blogger Mubarak Merchant said...

പേപ്പറ് വരുത്തുന്നതങ്ങ് നിര്‍ത്തിയാലോന്നാലോചിക്കുവാ സൂ...

Fri Dec 22, 06:05:00 pm IST  
Blogger myexperimentsandme said...

വളരെ നന്നായിരിക്കുന്നു. പീയാര്‍ പറഞ്ഞതുപോലെ ചില ദിവസങ്ങളില്‍ (അതിപ്പോള്‍ മിക്കവാറും ദിവസങ്ങളില്‍) പത്രം വായിച്ച് കഴിഞ്ഞാല്‍ പിന്നെ ഉള്ള മൂഡും കൂടി പോകും. ശ്രീ അബ്‌ദുള്‍ കലാം ഇങ്ങിനെ നെഗറ്റീവ് വാര്‍ത്തകള്‍ മാത്രം വലിയ പ്രാധാന്യത്തോടെ പത്രങ്ങള്‍ കൊടുക്കുന്നതിനെപ്പറ്റി ഒരിക്കല്‍ പറഞ്ഞിരുന്നു.

Fri Dec 22, 06:14:00 pm IST  
Anonymous Anonymous said...

തുറക്കാത്ത വാതിലുകളാണു ശുഭാപ്തിവിശ്വാസത്തിനാധാരം

Fri Dec 22, 06:38:00 pm IST  
Anonymous Anonymous said...

സുവേച്ചി....
നല്ല രചന...
ഓരോ വാതിലുകളും ഭ്രാന്തമായി മനുഷ്യാവകാശ ലംഘനത്തിലേക്കുള്ള വഴികളായി മാറിയിരിക്കുന്നു...
നല്ല ചിന്തകള്‍...
നല്ല വരികള്‍...
അഭിനന്ദനങ്ങള്‍

Sat Dec 23, 12:18:00 am IST  
Blogger മാവേലികേരളം(Maveli Keralam) said...

സ്ത്രീധനക്കണക്കു പറഞ്ഞ്‌ ശബ്ദം ഉയര്‍ന്നപ്പോള്‍, മറ്റൊരുവശത്ത്‌ മൊഴിയില്ലാതെ, കണ്ണീരിന്റെ സ്വരവുമായി പെണ്ണിരുന്നു.

ആ പെണ്ണിനൊരു ശബ്ദം കോടുക്കാനെന്താണൊരു വഴി.
സു നന്നായിരിയ്ക്കുന്നു

Sat Dec 23, 12:38:00 am IST  
Blogger സു | Su said...

ബിന്ദൂ :) ആദ്യത്തെ കമന്റിന് നന്ദി. പാട്ട് പാടിയാല്‍ വാതില്‍ പൊളിഞ്ഞുപോകും. ;)

വേണൂ :) നന്ദി.

അനംഗാരീ :) ഇതിനു മുമ്പത്തെ പോസ്റ്റിന്റെ ഫലമായി, ആളുകള്‍ പുറകെ ഓടിവരുന്ന ശബ്ദം നിലച്ചിട്ടില്ല. ഹിഹിഹി. നന്ദി. കൈയടിയ്ക്കും വായനയ്ക്കും.

വിഷ്ണുപ്രസാദ് :) അഭിനന്ദനങ്ങള്‍ക്ക് നന്ദി.

സതീഷ് :) ഈ പോസ്റ്റ് ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷം.

കുട്ടിച്ചാത്തന്‍ :) വൈവിധ്യത്തിന് ശ്രമിക്കാം.

കണ്ണൂരാന്‍ :) നന്ദി

അരവിശിവ :) സന്തോഷം.

പീലിക്കുട്ടീ :) അതെ അതാണ് കുഴപ്പവും.

പടിപ്പുര :) ലോകത്തിന്റെ മൊത്തം നിസ്സഹായത.

രേഷ് :) നന്ദി.

സാരംഗീ :) നന്ദി. എല്ലാ പോസ്റ്റുകളും വായിക്കാന്‍ സമയം കണ്ടെത്തുന്നതില്‍ സന്തോഷം.

കൃഷ് :) അങ്ങനെ പ്രതീക്ഷിക്കാം.

തുളസീ :) അടച്ച് സീല്‍ വെച്ചു.

പി. ആര്‍ :) നന്ദി.

അതുല്യേച്ചീ :) നന്മ ഉണ്ടോന്ന് ഒരു സംശയം. നന്ദി.

ഇക്കാസേ :) ഞാന്‍ പേപ്പര്‍ തുടങ്ങാന്‍ പോവ്വാന്നു പറയുമ്പോ, നിര്‍ത്ത്വാ‍ന്ന് പറയല്ലേ.

വക്കാരീ :) നന്ദി.

നവന്‍ :) ആവും. ആവട്ടെ.

ദ്രൌപതീവര്‍മ്മേ :) നന്ദി.

മാവേലി കേരളം :) നന്ദി. അതിന് എന്തെങ്കിലും വഴി കണ്ടെത്താം.

Sat Dec 23, 11:16:00 am IST  
Anonymous Anonymous said...

പോസ്റ്റ് ഇഷ്ടപ്പെട്ടു...
വേദനിപ്പിക്കുന്ന വാര്‍ത്തകളാണെങ്ങും. അതിനിടയില്‍ ലോകത്ത് നല്ല കാര്യങ്ങളും നടക്കുന്നുണ്ട്. പഴയകാലത്തേക്കാള്‍ നമ്മുടെ നാട് ഒരുപാട് നന്നായിട്ടുണ്ട് (ഞാനീ പഴയകാലം കണ്ടിട്ടില്ല, അതോണ്ട് പറയ്വാ..)...അപ്പൊ,നല്ലകാര്യങ്ങള്‍ കാണിച്ചോണ്ട് ഒരു പോസ്റ്റിട്വോ? മറ്റേത് കണ്ട് മടുത്തു....

Sat Dec 23, 11:33:00 am IST  
Blogger ശാലിനി said...

“വിശ്വാസം, മിടിപ്പില്ലാതെ, നിര്‍ജ്ജീവമായി കിടക്കുന്നത് കാണാന്‍ ശക്തിയില്ലാത്തതിനാല്‍, ഹൃദയത്തിന്റെ വാതില്‍ മാത്രം തുറന്നില്ല. ഒന്നുകൂടെ ശക്തിയോടെ അടച്ചു.”

ശരിയാണ്, ഈയിടെയായി പലവാര്‍ത്തകളും വായിക്കുമ്പോള്‍ ഹൃദയം തുറക്കാന്‍ തോന്നുന്നില്ല. തുറന്ന വാതിലുകളൊക്കെ, തുറക്കാതിരുന്നുവെങ്കില്‍ എന്നു തോന്നിപ്പിക്കുന്നു.

Sat Dec 23, 12:59:00 pm IST  
Blogger സു | Su said...

സജിത്ത് :) നന്ദി. നല്ല പോസ്റ്റുകള്‍ ബൂലോഗത്ത് ഇഷ്ടം പോലെ ഉണ്ടല്ലോ.

ശാലിനീ :)

Sat Dec 23, 01:44:00 pm IST  
Anonymous Anonymous said...

കൊള്ളാം....ചെറിയ വരികളില്‍ക്കൂടി വലിയ കാര്യങ്ങള്‍ പറഞ്ഞിരിയ്ക്കുന്നു.......പത്രങ്ങളുടെ റിപ്പ്പ്പോര്‍ട്ടിംഗ്‌ രീതിയും ഒരു പരിധിവരെ കുറ്റക്കാര്‍ തന്നെ.....ജില്ല തിരിച്ച്‌ ചരമ വാര്‍ത്ത ഒരു മുഴുവന്‍ പേജും കൊടുക്കുന്നത്‌ ചിലപ്പോള്‍ മലയാളത്തില്‍ മാത്രമേ കാണാന്‍ കഴിയൂ...

..ധൈര്യപൂര്‍വ്വം ഹൃദയത്തിന്റെ വാതില്‍ തുറന്നോളൂ...നിങ്ങളുടെവിശ്വാസത്തിന്‌ ഒന്നും സംഭവിയ്ക്കില്ല......അങ്ങനെ അവസാനിപ്പിയ്ക്കാമായിരുന്നില്ലേ..?

.....എല്ലായ്പ്പോഴും പോലെ സൂവിന്റെ ബ്ലോഗിലും ചൂടാറിക്കഴിഞ്ഞെത്തുന്നു... എന്തു ചെയ്യാം...

Sat Dec 23, 02:59:00 pm IST  
Anonymous Anonymous said...

എന്തിനു വാതില്‍ തുറക്കണം സൂ ചേച്ചി..
മലയാളി ഉണര്‍ന്നെണീക്കുന്നതേ നല്ലതല്ലാത്ത വാര്‍ത്തകളിലേക്കാണ്‌.

എന്റെ ബ്ളോഗ് സന്ദര്‍ശിച്ച്‌ അഭിപ്രായമെഴുതിയതിന്‌ നന്ദി.
കറിവേപ്പിലയിലെ ദാല്‍ ഫ്രൈയില്‍ ഞാന്‍ ഒരു കമന്റ് എഴുതിയിട്ടുണ്ട്.
വായിക്കുക

Sat Dec 23, 07:47:00 pm IST  
Blogger Unknown said...

സൂ ചേച്ചിയുടെ വീടിനെത്ര വാതിലാ? അതോ വാതിലിന്റെ ഷോറൂമുണ്ടോ? (ഞാന്‍ മരിച്ചു. എന്നെ തപ്പണ്ട) :-)

ഓടോ: എഴുത്ത് നന്ന്. (നല്ല യൂണികോഡ് ഫോണ്ട് എന്ന്):-)

Sat Dec 23, 08:27:00 pm IST  
Blogger കീരിക്കാടന്‍ (Keerikkadan) said...

കൊള്ളാം ... കീരിക്കാടനു നന്നെ ഇഷ്ടായി.... :)

Sat Dec 23, 10:47:00 pm IST  
Blogger സു | Su said...

കൊച്ചുഗുപ്തന്‍ :) വായനയ്ക്ക് ആദ്യം വേണമൊന്നും ഇല്ല. സൌകര്യം പോലെ വായിക്കൂ. അഭിപ്രായത്തിന് നന്ദി.

ദില്‍ബൂ :) എന്റെ വീടിനും, വീട്ടിലും കുറേ വാതില്‍ ഉണ്ട് വേണോ? ഫോണ്ട് അല്ലെങ്കിലും നല്ലതാണെന്ന് എനിക്കറിയാം. അതുകൊണ്ടല്ലേ ബ്ലോഗ് തുടങ്ങിയത്. ;)

മംസി :) സ്വാഗതം. നന്ദി. കമന്റ് കണ്ടു. വാതിലുകള്‍ തുറന്നില്ലെങ്കില്‍, നഷ്ടമാവുന്ന നല്ല കാര്യങ്ങളും ഉണ്ട്.

കീരിക്കാടാ :) കത്തിയും കൊണ്ട് പിന്നേയും വന്നതില്‍ സന്തോഷം. തിരക്കിലായിരുന്നോ? നന്ദി.

Sun Dec 24, 11:43:00 am IST  
Blogger സുല്‍ |Sul said...

ഹൃദയവാതായനങ്ങള്‍ തുറക്കാതെ
കൊട്ടിയടഞ്ഞു കിടക്കട്ടെ!
അല്പം സമാധാനത്തിന്റെ
ശ്വാസം കഴിക്കാന്‍...

സു നന്നായിരിക്കുന്നു ഈ ചിന്തനം :)

-സുല്‍

Sun Dec 24, 12:07:00 pm IST  
Blogger സു | Su said...

സുല്‍ :) ഞാന്‍ തുറന്നിടാന്‍ തീരുമാനിച്ചു. ;)
നന്ദി.

Sun Dec 24, 12:47:00 pm IST  
Blogger Sona said...

സുചേച്ചി..അടുത്ത വാതില്‍ തുറക്കുബൊള്‍ അതു നന്മയിലേക്കുള്ള വഴി ആയിരിക്കട്ടെ!

Mon Dec 25, 10:45:00 am IST  
Blogger സു | Su said...

സോന :) എന്നു പ്രതീക്ഷിക്കാം.

qw_er_ty

Tue Dec 26, 01:02:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home