സിനിമാക്കഥ
വെറുതെയിരിക്കുന്ന ഒരു അവധി ദിവസത്തിലാണ്, കൈയില്‍ ഇല്ലാത്ത പൈസയില്‍ കുറച്ച് സിനിമാക്കാര്‍ക്ക് കൊടുത്തുകളയാം എന്ന് വിചാരിച്ചത്. പാവങ്ങള്‍ എന്തൊക്കെ പാടുപെട്ടും, പാട്ടുപാടിയുമാണ് ഒരു സിനിമ പുറത്തിറക്കുന്നത്. ഇവിടെ ഞാന്‍ സിനിമയ്ക്ക് പോയ പല രസകരമായ കഥകളും ഉണ്ട്. അതൊക്കെ സിനിമയാക്കിയാല്‍, ഇപ്പോഴുള്ള സിനിമകളേക്കാളും ഓടും. ഒരിക്കല്‍ പോയ കഥ ബ്ലോഗില്‍ ഇട്ടിരുന്നു.
അങ്ങനെ സിനിമയുടെ കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പുണ്ടാക്കി. ഹണിമൂണ്‍ ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സിനിമ തെരഞ്ഞെടുത്തു. ഹണിമൂണിന് പോയിട്ടില്ല. അതുകൊണ്ട് ഈ സിനിമയില്‍ ഹണിമൂണ്‍ ട്രാവല്സില് കയറാം എന്ന് വിചാരിച്ചു.
ടാക്കീസിനടുത്തെത്തിയപ്പോള്‍ ഈച്ചയും പൂച്ചയും, എന്തിനു, ഒരു കൊതുകുപോലുമില്ല. തുടങ്ങാന്‍, ഒരു മണിക്കൂര്‍ ഉണ്ട്. എല്ലാവരും ബുക്ക് ചെയ്തിട്ടുണ്ടാകും എന്ന് ഞാന്‍ പറഞ്ഞു. പിന്നെ ഞങ്ങള്‍ ടൌണില്‍ക്കൂടെ കറങ്ങി. ഐസ്ക്രീം കഴിക്കുന്ന കടയില്‍ ഈച്ചയേക്കാളും മനുഷ്യര്‍. അവിടെ സ്ഥലമില്ലാഞ്ഞതുകൊണ്ട് ഇറങ്ങി.
കുറച്ചുംകൂടെ കറങ്ങിത്തിരിഞ്ഞ്, ഒടുവില്‍ ടാക്കീസിനടുത്ത് എത്തിയപ്പോഴും ആരും ഇല്ല. കൊതുകും, മനുഷ്യരും ഒക്കെ ഉള്ളിലേക്ക് കടന്നുകാണും. ഞാന്‍ പറഞ്ഞു ‘കണ്ടില്ലേ, നമ്മള് ഇവിടെത്തന്നെ നിന്നാല്‍ മതിയായിരുന്നു, ഇനിയിപ്പോള്‍, മുന്നില്‍ ഏതെങ്കിലും സീറ്റിലിരുന്ന് ഞാന്‍ എത്തിവെലിഞ്ഞ് നോക്കി കാണേണ്ടിവരും' എന്ന്.
ചേട്ടന് ടിക്കറ്റ് എടുത്തു. ഞാന്‍, സീറ്റ് പിടിക്കാന്‍ ഓടുകയാണ്. ടിക്കറ്റ് കൊടുത്ത്, അത് കീറി വാങ്ങുന്നുണ്ട് ചേട്ടന്. അതൊന്നും നോക്കാതെ രണ്ട് പടികള്‍ ഒരുമിച്ച് കയറി, മൂന്നാം പടിയിലെത്തിയപ്പോള്‍, ടിക്കറ്റ് വാങ്ങാന്‍ നിന്ന ആളുടെ ശബ്ദം കേട്ടു. "ബാല്‍ക്കണിയില്‍ നിങ്ങള്‍ മാത്രമേയുള്ളൂ." ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയില്‍, ഷര്‍ട്ടില്‍, കാക്ക തൂറിയപ്പോള്, ജഗദീഷിന്റെ മുഖഭാവം എങ്ങനെ ഉണ്ടായിരുന്നു, അങ്ങനെയൊരു അയ്യേ ഭാവത്തില്‍ ഞാനും എത്തി. പിന്നെ അയാള്‍, സിനിമാക്കാരുടെ പ്രതിസന്ധികള്‍ ചേട്ടനെ കേള്‍പ്പിച്ചു. അയാളോട് എനിക്ക് കുറച്ചൊരു ദേഷ്യം വന്നു. വേറൊരു ചെറുക്കന്, താലി കെട്ടിക്കഴിയുന്നതും നോക്കി നിന്ന്, എനിക്ക് നിന്നെ ഇഷ്ടമാണ്, നമുക്ക് കല്യാണം കഴിക്കാം, എന്ന് പറയുന്ന പേടിത്തൊണ്ടന്റെ സ്ഥിതി പോലെ ആയി അത്. ഇയാള്‍ക്ക് വേണമെങ്കില്‍ ടിക്കറ്റ് എടുക്കുന്നതിനുമുമ്പ് പറഞ്ഞുകൂടായിരുന്നോ? അപ്പോഴേക്കും ചേട്ടനും വന്നു.
കയറിപ്പോകുമ്പോള്‍, ആലോചിച്ചപ്പോള്‍, ഒരു ത്രില്‍ ഒക്കെ തോന്നി. സിനിമയില്‍ ഒക്കെ കാണുന്നതുപോലെ, നായകനും നായികയും മാത്രം ഒരു ടാക്കീസില്‍, സിനിമ കാണുന്നതൊക്കെ ആലോചിച്ചപ്പോള്‍ വന്ന ദേഷ്യം പോയി.
പിന്നെ ആലോചിച്ചപ്പോള്‍, കുറച്ചൊരു ഭയം തോന്നി. ആലോചനയാണ് എല്ലാത്തിനും കുഴപ്പം വരുത്തുന്നത്. ഒന്നും ആലോചിക്കാനില്ലെങ്കില്‍ ജീവിതം സുന്ദരം.
ഭയം തോന്നിയത് എന്താണെന്ന് വെച്ചാല്‍, വല്ല ബോംബ് ഭീഷണിയും മുന്‍കൂട്ടി അറിഞ്ഞിട്ട്, ആള്ക്കാര് വരാത്തതാവുമോ? പിറ്റേ ദിവസം പേപ്പറില്‍, തകര്‍ന്ന തിയേറ്ററില്‍, ഭാര്യയും ഭര്‍ത്താവും മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഹിന്ദി സിനിമകള്‍ പൊതുവെ ഇഷ്ടമല്ലാത്ത ഭര്‍ത്താവിനെ ഭാര്യ നിര്‍ബ്ബന്ധിച്ചുകൊണ്ടുവരുകയായിരുന്നു എന്നൊക്കെ പത്രക്കാര് എഴുതിവിടുന്നതോര്‍ത്തപ്പോള്‍, സിനിമ കണ്ടുപിടിച്ചവരെ ശപിച്ചേക്കാം എന്നു തോന്നി.
പിന്നെയും ആലോചിച്ചു. അപ്പോ, പിന്നേം ത്രില്‍ വന്നു. ആ കോമ്പ്ലക്സ്, പുതുക്കിപ്പണിയുമ്പോള്‍, ഞങ്ങളുടെ പേരിടും. സിനിമ തുടങ്ങുന്നതിനു മുന്‍പ്, തീയേറ്ററുകാര്‍, ഞങ്ങളുടെ മാലയിട്ട ഫോട്ടോ വെച്ച് ഇന്‍ മെമ്മറി ഓഫ് കാണിക്കും, ബോംബ് പൊട്ടിയ ദിവസം ഞങ്ങളുടെ പേരില്‍ അറിയപ്പെടും എന്നൊക്കെ ഓര്‍ത്തപ്പോള്‍ മനസ്സ് അല്പം ശരിയായി.
ഏറ്റവും മുന്നില്‍, വാതിലിനരികില്‍ ഇരിക്കാം, എന്തെങ്കിലും കുഴപ്പം ഉണ്ടായാല്‍, അപ്പോ പുറത്ത് ചാടാം എന്ന് പറഞ്ഞെങ്കിലും ചേട്ടന് സമ്മതിച്ചില്ല. നിനക്ക്, എപ്പോഴും, കാണുന്നില്ല, കാണുന്നില്ല എന്ന പരാതി അല്ലേ, ഇത് സ്വസ്ഥമായിട്ട് കാണാം എന്നും പറഞ്ഞ് ഏറ്റവും പിന്നില്‍ത്തന്നെ ഇരുന്നു.
ബൊക്കെയും, മാലയും ഒക്കെക്കൊണ്ട് ആള്ക്കാര് വരുന്നതും പ്രതീക്ഷിച്ച് നിന്നു. ഞങ്ങളുടെ ജീവിതത്തില്‍ ആദ്യമായിട്ടാണെങ്കിലും, അവരുടെ ടാക്കീസില്‍, ചിലപ്പോള്‍, ആരും ഇല്ലാതെ തന്നെ ഷോ കാണിച്ചിട്ടുണ്ടാകും, അതും ഹൌസ് ഫുള്‍ ബോര്‍ഡും വെച്ച്. അത്രയ്ക്കും കഷ്ടം ആയിട്ടുണ്ട് സ്ഥിതി.
സിനിമ തുടങ്ങി, പേരൊക്കെ കാണിക്കുമ്പോഴുണ്ട്, ഒരു ചെറിയ കുട്ടി ഓടിവരുന്നു. എനിക്ക് ചിരിയാണ് വന്നത്. പാവം, സീറ്റ് കിട്ടാന്‍, എന്നെപ്പോലെ ഓടിക്കിതച്ച് വന്നതാവും. പിന്നാലെ അവന്റെ അച്ഛനും അമ്മയും വന്നു. കുറച്ചുംകൂടെ കഴിഞ്ഞപ്പോള്‍, മൂന്ന് പേര് വന്നു, പിന്നെ രണ്ടു പേരും, ഒരാള്‍ ഒറ്റയ്ക്കും വന്നു. ചിലപ്പോള്‍, ടാക്കീസുകാരുടെ ബന്ധുക്കള്‍ ആവും. അങ്ങനെ ആ കുട്ടിയടക്കം പതിനൊന്ന് പേര് സിനിമ കണ്ടു. വെറുതെ സമയം പോക്കാന്‍ എന്ന നിലയ്ക്ക് ആ സിനിമയ്ക്ക് വല്യ കുഴപ്പമൊന്നും ഞാന്‍ കണ്ടില്ല. പിന്നെ ഇഷ്ടം പോലെ നല്ല നല്ല സിനിമകള്‍ ഇറങ്ങുമ്പോള്‍, ഇതൊന്നും ഓടില്ല അത്രതന്നെ. വല്യ വല്യ നായകന്മാരും നായികമാരും ഉള്ള സിനിമയുള്ളപ്പോള്‍, ഇത് കാണണോന്ന് ജനങ്ങള്‍ ചോദിക്കും. അത്ര തന്നെ.
പിറ്റേന്ന്, ആ വഴിക്ക്, ടൌണിലേക്ക് പോകുമ്പോള്‍, അവിടെ നല്ല തിരക്കായിരുന്നു. ഹൌസ്ഫുള് ആയിട്ടുണ്ടാകും. ഞാന്‍ ആരോടും, പരസ്യം പറഞ്ഞിട്ടില്ല. ബാക്കിയുള്ളവര്‍ അവരുടെ കൂട്ടുകാരോടൊക്കെ പറഞ്ഞിട്ടുണ്ടാകും. പറ്റിയ പറ്റ് അവര്‍ക്കും പറ്റട്ടെ എന്ന് വിചാരിച്ചിട്ടുണ്ടാകും. ക്രിക്കറ്റ് ഉള്ളതുകൊണ്ടാകും ഇത്രയും കുറവ് ജനം വന്നത്. അവര്‍ തീയേറ്ററില്‍, സിനിമയ്ക്ക് പകരം ക്രിക്കറ്റ് ലൈവ് കാണിച്ചിരുന്നെങ്കില്‍, എന്നും ഫുള്‍ ആയേനെ.
സാധാരണ, ഫ്ലോപ് പടം കണ്ട് പുറത്തിറങ്ങുമ്പോള്‍, എനിക്കൊരു ചമ്മല് ഉണ്ടാവുമായിരുന്നു. ഇത്തവണ അത് തോന്നിയില്ല. ഒന്നാമത്, ആള്‍ക്കാരില്ല. പിന്നെ ഞങ്ങള്‍ തീയേറ്ററുകാരെ സഹായിച്ചതും കൂടെ ആണല്ലോ.
Labels: സിനിമ- ഓര്‍മ്മ
32 Comments:
ടേം!!
ഇതേതു കാലത്തെ സിനിമയായിരുന്നു?
:)
‘അമ്മ’യെ അറിയിക്കൂ.
അടുത്ത പൊതുയോഗത്തിന്...
“ഞങ്ങളുടെ മാലയിട്ട ഫോട്ടോ വെച്ച് ഇന്‍ മെമ്മറി ഓഫ് കാണിക്കും!!!!”
:)
"വേറൊരു ചെറുക്കന്, താലി കെട്ടിക്കഴിയുന്നതും നോക്കി നിന്ന്, എനിക്ക് നിന്നെ ഇഷ്ടമാണ്, നമുക്ക് കല്യാണം കഴിക്കാം, എന്ന് പറയുന്ന പേടിത്തൊണ്ടന്റെ സ്ഥിതി പോലെ ആയി അത്. "
എന്നിട്ട് ഹണിമൂണ്‍ ട്രാവത്സ് ഇഷ്ടപെട്ടോ..??
ഇനി വല്ല മലയാളം ഡപ്പാം കുത്ത് പടത്തിനു പോ..ഇഷ്ടം പോലെ ആളുണ്ടാവും..:)
സൂവിനെ പോലുള്ളവര്‍ സഹായിക്കാന്‍ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങടെ നാട്ടിലെ പാവം സിനിമാകൊട്ടകകള്‍ പൂട്ടിപോവില്ലരുന്നു ... ഇനി ഇപ്പൊ പറഞ്ഞിട്ടുകാര്യമില്ലല്ലോ..
:)
This comment has been removed by the author.
കൂട്ടുകാരെല്ലാം ആയിട്ട് ഒരു മലയാളം പടം ഒരിക്കല്‍ കാണാന്‍ പോയത് ഓര്‍മ്മ വന്നു സു. ആകെ ഏഴു പേര് മാത്റം ബാല്‍ക്കണിയില്‍.. സിനിമയിലെ പാട്ടിനൊപ്പം കൂടെ പാട്ടും ഡാന്‍സും ഒക്കെയായിട്ടായിരുന്നു അന്നത്തെ പടം കാണല്‍
വിഷു ആശംസകള്‍
qw_er_ty
സിനിമാ കഥ വായിച്ചപ്പോള്‍ ഒരു ടി.വി.സിനിമ ഓര്‍മ്മ വന്നു.
ഒരു ഞായറാഴ്ച.
ഉച്ചയ്ക്കു് അരവിന്ദന്റെ തംബു് ടെലികാസ്റ്റു ചെയ്യുന്നു.
ഞങ്ങള്‍ കുറേ പേരുണ്ടു്.
ഹിന്ദി ഗസലുകളൊക്കെ എഴുതുന്നവരും പാടുന്നവരും. പിന്നെ ഞങ്ങള്‍ കുറെ മലയാളികള്‍...എന്റെ വീടു് മനോഹരമായി. സിനിമയാസ്വദിച്ചെല്ലാവരും ഇരിക്കുന്നതു് കണ്ടും ഗസല്‍ കവികള്‍ക്കു് സംശയ നിവാരണം നടത്തിയും ഒക്കെ ഞാന്‍ വിഷമിച്ചു.
ചായ സമയത്തിനു് പരസ്യങ്ങള്‍ വന്നപ്പോള്‍ എന്റെ ടി.വി യു ടെ മുന്നില്‍ ഞാന്‍ മാത്രം.
ജീവനും കൊണ്ടെങ്ങോ മറഞ്ഞ ഗസലെഴുത്തുകാരില് എനിക്കത്ഭുതമുണ്ടായില്ല.
എന്റെ മലയാളി സുഹൃത്തുക്കള്‍.:)
ഒറ്റയ്ക്കിരുന്നു് സിനിമാ കാണാനും ഭാഗ്യം വേണം.:)
എന്നിട്ട് പടമെങ്ങിനെയുണ്ടായിരുന്നെന്നു പറഞ്ഞില്ലാല്ലോ... ഞാനും കണ്ടിട്ടുണ്ട് നാലഞ്ച് ചിത്രങ്ങളെങ്കിലും ഈ രീതിയില്‍. ഫാനൊക്കെ ഇട്ടു തരണമെങ്കില്‍ വലിയ പാടാണ്, ഒരു ഫാനിട്ട് അതിന്റെ ചോട്ടില് തന്നെ ആകെയുള്ള 5-6 പേര് ഒരുമിച്ചിരിക്കേണ്ടി വരും. കറന്റെങ്ങാനും പോയാല്‍, പതുക്കെ കുറച്ചൊക്കെ നോക്കിയേ ജനറേറ്റര്‍ ഓണ്‍ ചെയ്യൂ... നമുക്ക് വോയ്സ് ഇല്ലാല്ലോ... ഇങ്ങിനെയുള്ള ചില പ്രശ്നങ്ങളൊഴിച്ചാല്‍ വലിയ കുഴപ്പമില്ല... (പേടി സിനിമയല്ലെങ്കില്‍.. ഹി ഹി ഹി)
--
ട്രെയിനിംഗിന്റെ ഭാഗമായി നാട്ടിലെ സ്ഥപനത്തില്‍ വന്ന എന്റെ തമിഴന്സ് കൂട്ടുകാരെ ഞാന്‍ കാണിക്കാന്‍ കൊണ്ടുപോയ സിനിമ, ജയരാജിന്റെ സ്നേഹം!
ക്ഷമയിലും സഹനശക്തിയിലും സര്‍വ്വോപരി മലയാളികളെ മനസ്സിലാക്കാനും തമിഴ്നാട്ടുകാര്‍ നമ്മളെക്കാളും വളരെ മുന്നിലാണെന്ന് അന്ന് മനസ്സിലായി. സിനിമ തീരുന്നതുവരെ ഞങ്ങളെല്ലാവരും തീയറ്ററിലുണ്ടായിരുന്നു.
സിനിമായോര്മ്മ നന്നായി. വിഷു ആശംസകള്‍.
സൂ വേച്ചി...
ഇതു പോലൊരു അനുഭവം എനിക്കുമുണ്ടായിട്ടുണ്ട്.... മലയാളം പടമായിരുന്നു...ഞങ്ങള്‍ 8 പേരു മാത്രമാണ് തീയറ്ററില്‍ ഉണ്ടായിരുന്നത്...
നല്ല സിനിമയും കഥയും. :)
ചില സിനിമകള്‍ വന്നാല്‍ ഞങ്ങളുടെ നാട്ടിലെ ‘ഗായത്രി‘ ടാക്കീസിലെ കസേരകളില്‍ മൂട്ടകള്‍ പോലും ഇല്ലാതിരിക്കുമായിരുന്ന കഥകളും അവസാനം ടാക്കീസ് മാറ്റി കോഴിവളറ്ത്തല് ആരംഭിച്ചതും ഒക്കെ ഓറ്ത്തുപോയി ചേച്ചീ.
സൂ വേ
:)
ശരിയാണ്, സു.
തിയ്യേറ്ററില്‍ ഒട്ടും ആളില്ലാതെ വെറും എട്ടാളുമായി ഞാന്‍ കണ്ട സിനിമയാണ് അരവിന്ദന്റെ കുമ്മാട്ടി.പക്ഷെ ഇപ്പോഴും മനസ്സില്‍ നിന്നു പോകാത്ത സിനിമയും അതു തന്നെ.
ആളില്ലായ്മ ചീത്ത സിനിമയായതോണ്ടാവണമെന്നില്ലന്നു സാരം.
എന്നാലും നല്ല രസമല്ലെ, ഒരു തീയേറ്ററില്‍ വേറെ ആരും ഇല്ലാതെ...
ഹൌസ്ഫുള് എന്നൊരു തമിഴ് സിനിമ തീയേറ്ററില്‍ ബോംബ് വയ്ക്കുന്നതാണ് പ്രമേയം. ആ സിനിമ എങ്ങാനും ആയിരുന്നു കണ്ടിരുന്നതെങ്കില്‍... വെറുതെയാണൊ പനി പിടിക്കുന്നത്. ;)
സിനിമാക്കഥ നന്നായി.
ആരാന്റെ അമ്മയ്ക്കു ഭ്രാന്തുവന്നാല്‍ കണ്ടുനില്ക്കാന് നല്ല രസം അല്ലേ? ;)
ഒരു സിനിമ ഉണ്ടാക്കിയും വിതരണം ചെയ്തും നോക്കണം, സൂ....
സിനിമ കണ്ടുമാത്രമല്ല, സിനിമ പിടിക്കുന്നത് കണ്ടും കൊണ്ടും, പിന്നെ സിനിമ വിതരണം ചെയ്ത്, പെട്ടിയും റീലും കൊണ്ട് ഓടിയും മറ്റും കുറെ സിനിമാക്കഥകള്‍ എന്റെ ബാംഗളൂര്‍ ജീവിതത്തിലുണ്ട്! പിന്തിരിഞ്ഞുനോക്കുമ്പോള് ഒരു രസം എന്നു പറയാം; പക്ഷേ അന്നങ്ങനെ തോന്നിയില്ല!
സമയം കിട്ടുമ്പോള്‍ അവ ബ്ലോഗിലെഴുതണമെന്നുണ്ട്. നോക്കട്ടെ!
വിഷു ആശംസകളോടെ
സഹ
സിനിമാക്കഥ വായിച്ചു..ഇഷ്ടമായി വിവരണം. വിഷു ആശംസകള്‍ സൂ.
:-)(-:
സുചേച്ചി..വിഷുആശംസകള്..
ഹഹ സുചേചി, ഇതു വായിച്ചപ്പോള്‍ "ആദിപാപമ്' എന്ന A പടത്തിനറിയാതെ കാണാനെടഃഇയ കന്യാസ്ത്രീകളെ ഓര്മ വന്നു...വിഷു ആശംസകള്‍.
പ്രതിസന്ധി നേരിടുന്ന സിനിമാ വ്യവസായത്തിനെ സഹായിക്കാന്‍ ഒരാള്‍ക്ക് ഇതില്‍ കൂടുതല്‍ എന്തു ചെയ്യാനാവും.. :)
:) വിഷുദിനാശംസകള്‍
തിയേറ്ററില്‍ പോയി സിനിമ കണ്ടിട്ട് എത്ര നാളായി. എന്തായാലും തിയേറ്ററില്‍ പോയികാണുന്ന സുഖം സിഡിയിട്ട് കണുമ്പോഴില്ല.
വിഷുകണിയൊക്കെ ഒരുക്കിയോ? വിഷുവായിട്ട് കറിവേപ്പിലയില്‍ പോസ്റ്റില്ലേ?
സാജന് :) ആദ്യത്തെ കമന്റിന് നന്ദി. ഇത് അടുത്തിറങ്ങിയ ഹിന്ദി സിനിമയാണ്.
കുടുംബം കലക്കി :) അങ്ങനെ ചെയ്യാം.
കുട്ടന്‍സ് :) ആ സിനിമയ്ക്ക് കുഴപ്പമൊന്നുമില്ല. ഒരു പ്രാവശ്യമൊക്കെ കാണാം.
ഇട്ടിമാളൂ :) ഇതൊക്കെ ആദ്യം പറയേണ്ടേ? ഞാന്‍ റെഡി. ഇനി പൂട്ടാനായ ഏതെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കുക. പോകുന്ന കാര്യം ഞാനേറ്റു.
കുഞ്ഞന്‍സേ :)
വേണു ജീ :) പല നല്ല സിനിമകളും അങ്ങനെയാണ്.
ഹരീ :) പടം മോശമില്ല. ഒരു പ്രാവശ്യമൊക്കെ കാണാം. ഇവിടെയും അങ്ങനെയൊക്കെ ആയിരുന്നു.
വക്കാരീ :) അവര്‍ക്ക് ഒന്നും മനസ്സിലായിക്കാണില്ല.
ശ്രീ :)
പ്രമോദ് :) ശരിക്കും പല ടാക്കീസിന്റേയും അവസ്ഥ അതാവും ഇനി.
പണിക്കര്‍ജീ :)
കരീം മാഷേ :) ആള്‍ക്കാര്‍ക്ക് ഇഷ്ടം തോന്നാത്തതുകൊണ്ട് ആളു കുറഞ്ഞു. വല്യ താരങ്ങള്‍ ഒക്കെ ഉള്ള സിനിമ പൊട്ടയായാലും അവിടെ ഇടിച്ചുകയറും.
സഹ :) അവരുടെ കാര്യമൊക്കെ എനിക്ക് മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്. ആലോചിച്ചാല്‍ ആര്‍ക്കും മനസ്സിലാക്കാം. ഒരു സിനിമ ഇറങ്ങിയാല്‍, അത് പോയിക്കാണാന്‍ എല്ലാവരും വിചാരിച്ചാല്‍ നല്ലത്.
സാരംഗീ :)
കൈതമുള്ളേ :)
സോന :)
ഏറനാടന്‍ :)
പടിപ്പുര :) എനിക്ക് ഇതില്‍ക്കൂടുതല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല.
ശാലിനീ :) അതെ. എനിക്ക് തീയേറ്ററില്‍ പോയിക്കാണുന്നതാണ് ഇഷ്ടം.
ചേച്ചിയമ്മേ :)
ബിന്ദൂ :) അങ്ങനെ വല്ല പടവും ആയിരുന്നെങ്കില്‍ ഞാന്‍ ഒരാഴ്ചയെങ്കിലും പേടിച്ചേനെ.
സജിത്ത് :)
കിരണ്‍ :)
:) സത്യം പറ... ആ സിനിമ മനസ്സമാധാനത്തോടെ കണ്ടാര്ന്നോ? പല പല ചിന്തകളല്ലായിരുന്നോ? ചേട്ടനോട് ചൊദിച്ചാവും കഥ മനസ്സിലാക്കിയത് അല്ലേ?
നല്ല കഥ. :)
വിഷു ആശംസകള്‍
-സുല്‍
സൂവേച്ചി...വിഷു ആശംസകള്‍.
ഷാര്‍ജയിലെ ഒരു തിയേറ്ററില്‍, ഇതുപോലെയൊരവസരത്തില്, തിയേറ്റര്‍ നടത്തിപ്പുകാരുടെ ചോദ്യം “ സാറേ..ഈ പരസ്യമൊക്കെ കാണിക്കണോ..നേരെ പടം തുടങ്ങട്ടേ” എന്ന് !!!
സൂ... സിനിമോര്മ്മക്കുറിപ്പ് നന്നായി... :)
താങ്കള്‍ക്കും കുടുംബത്തിനും വിഷു ആശംസകള്‍ നേരുന്നു.
chechi paniyonnu millengil veruthe irunnoode, Vishaya daridrium undengil ezhuthathirunnu koode.Nallathu vallathum ezhuthan thonnumbol mathram ezhuthooo. please-Shaji
വൈക്കന് :) ആള്ക്കാര് വന്നപ്പോള്‍ സമാധാനത്തോടെ കണ്ടു. അല്ലെങ്കില്‍ ചിലപ്പോള്‍ പേടിച്ച് ഇരുന്നേനെ.
സുല്‍ :)
അപ്പൂ :) അവിടെ എല്ലാദിവസവും ആള്ക്കാരുണ്ടാവില്ലായിരിക്കും അല്ലേ? സിനിമയ്ക്ക്? ഒഴിവ് ദിവസം ആയിരിക്കും തിരക്ക്.
അഗ്രജന് :)
അപ്പോ വിശാലമായ പടം കാണലായിരുന്നല്ലേ ;)
ആഷ :) അതെ. വിശാലമായ പടം കാണലായിരുന്നു.
qw_er_ty
Post a Comment
Subscribe to Post Comments [Atom]
<< Home