സിനിമാക്കഥ
വെറുതെയിരിക്കുന്ന ഒരു അവധി ദിവസത്തിലാണ്, കൈയില്‍ ഇല്ലാത്ത പൈസയില്‍ കുറച്ച് സിനിമാക്കാര്‍ക്ക് കൊടുത്തുകളയാം എന്ന് വിചാരിച്ചത്. പാവങ്ങള്‍ എന്തൊക്കെ പാടുപെട്ടും, പാട്ടുപാടിയുമാണ് ഒരു സിനിമ പുറത്തിറക്കുന്നത്. ഇവിടെ ഞാന്‍ സിനിമയ്ക്ക് പോയ പല രസകരമായ കഥകളും ഉണ്ട്. അതൊക്കെ സിനിമയാക്കിയാല്‍, ഇപ്പോഴുള്ള സിനിമകളേക്കാളും ഓടും. ഒരിക്കല്‍ പോയ കഥ ബ്ലോഗില്‍ ഇട്ടിരുന്നു.
അങ്ങനെ സിനിമയുടെ കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പുണ്ടാക്കി. ഹണിമൂണ്‍ ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സിനിമ തെരഞ്ഞെടുത്തു. ഹണിമൂണിന് പോയിട്ടില്ല. അതുകൊണ്ട് ഈ സിനിമയില്‍ ഹണിമൂണ്‍ ട്രാവല്‍സില്‍ കയറാം എന്ന് വിചാരിച്ചു.
ടാക്കീസിനടുത്തെത്തിയപ്പോള്‍ ഈച്ചയും പൂച്ചയും, എന്തിനു, ഒരു കൊതുകുപോലുമില്ല. തുടങ്ങാന്‍, ഒരു മണിക്കൂര്‍ ഉണ്ട്. എല്ലാവരും ബുക്ക് ചെയ്തിട്ടുണ്ടാകും എന്ന് ഞാന്‍ പറഞ്ഞു. പിന്നെ ഞങ്ങള്‍ ടൌണില്‍ക്കൂടെ കറങ്ങി. ഐസ്ക്രീം കഴിക്കുന്ന കടയില്‍ ഈച്ചയേക്കാളും മനുഷ്യര്‍. അവിടെ സ്ഥലമില്ലാഞ്ഞതുകൊണ്ട് ഇറങ്ങി.
കുറച്ചുംകൂടെ കറങ്ങിത്തിരിഞ്ഞ്, ഒടുവില്‍ ടാക്കീസിനടുത്ത് എത്തിയപ്പോഴും ആരും ഇല്ല. കൊതുകും, മനുഷ്യരും ഒക്കെ ഉള്ളിലേക്ക് കടന്നുകാണും. ഞാന്‍ പറഞ്ഞു ‘കണ്ടില്ലേ, നമ്മള്‍ ഇവിടെത്തന്നെ നിന്നാല്‍ മതിയായിരുന്നു, ഇനിയിപ്പോള്‍, മുന്നില്‍ ഏതെങ്കിലും സീറ്റിലിരുന്ന് ഞാന്‍ എത്തിവെലിഞ്ഞ് നോക്കി കാണേണ്ടിവരും' എന്ന്.
ചേട്ടന്‍ ടിക്കറ്റ് എടുത്തു. ഞാന്‍, സീറ്റ് പിടിക്കാന്‍ ഓടുകയാണ്. ടിക്കറ്റ് കൊടുത്ത്, അത് കീറി വാങ്ങുന്നുണ്ട് ചേട്ടന്‍. അതൊന്നും നോക്കാതെ രണ്ട് പടികള്‍ ഒരുമിച്ച് കയറി, മൂന്നാം പടിയിലെത്തിയപ്പോള്‍, ടിക്കറ്റ് വാങ്ങാന്‍ നിന്ന ആളുടെ ശബ്ദം കേട്ടു. "ബാല്‍ക്കണിയില്‍ നിങ്ങള്‍ മാത്രമേയുള്ളൂ." ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയില്‍, ഷര്‍ട്ടില്‍, കാക്ക തൂറിയപ്പോള്‍, ജഗദീഷിന്റെ മുഖഭാവം എങ്ങനെ ഉണ്ടായിരുന്നു, അങ്ങനെയൊരു അയ്യേ ഭാവത്തില്‍ ഞാനും എത്തി. പിന്നെ അയാള്‍, സിനിമാക്കാരുടെ പ്രതിസന്ധികള്‍ ചേട്ടനെ കേള്‍പ്പിച്ചു. അയാളോട് എനിക്ക് കുറച്ചൊരു ദേഷ്യം വന്നു. വേറൊരു ചെറുക്കന്‍, താലി കെട്ടിക്കഴിയുന്നതും നോക്കി നിന്ന്, എനിക്ക് നിന്നെ ഇഷ്ടമാണ്, നമുക്ക് കല്യാണം കഴിക്കാം, എന്ന് പറയുന്ന പേടിത്തൊണ്ടന്റെ സ്ഥിതി പോലെ ആയി അത്. ഇയാള്‍ക്ക് വേണമെങ്കില്‍ ടിക്കറ്റ് എടുക്കുന്നതിനുമുമ്പ് പറഞ്ഞുകൂടായിരുന്നോ? അപ്പോഴേക്കും ചേട്ടനും വന്നു.
കയറിപ്പോകുമ്പോള്‍, ആലോചിച്ചപ്പോള്‍, ഒരു ത്രില്‍ ഒക്കെ തോന്നി. സിനിമയില്‍ ഒക്കെ കാണുന്നതുപോലെ, നായകനും നായികയും മാത്രം ഒരു ടാക്കീസില്‍, സിനിമ കാണുന്നതൊക്കെ ആലോചിച്ചപ്പോള്‍ വന്ന ദേഷ്യം പോയി.
പിന്നെ ആലോചിച്ചപ്പോള്‍, കുറച്ചൊരു ഭയം തോന്നി. ആലോചനയാണ് എല്ലാത്തിനും കുഴപ്പം വരുത്തുന്നത്. ഒന്നും ആലോചിക്കാനില്ലെങ്കില്‍ ജീവിതം സുന്ദരം.
ഭയം തോന്നിയത് എന്താണെന്ന് വെച്ചാല്‍, വല്ല ബോംബ് ഭീഷണിയും മുന്‍കൂട്ടി അറിഞ്ഞിട്ട്, ആള്‍ക്കാര്‍ വരാത്തതാവുമോ? പിറ്റേ ദിവസം പേപ്പറില്‍, തകര്‍ന്ന തിയേറ്ററില്‍, ഭാര്യയും ഭര്‍ത്താവും മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഹിന്ദി സിനിമകള്‍ പൊതുവെ ഇഷ്ടമല്ലാത്ത ഭര്‍ത്താവിനെ ഭാര്യ നിര്‍ബ്ബന്ധിച്ചുകൊണ്ടുവരുകയായിരുന്നു എന്നൊക്കെ പത്രക്കാര്‍ എഴുതിവിടുന്നതോര്‍ത്തപ്പോള്‍, സിനിമ കണ്ടുപിടിച്ചവരെ ശപിച്ചേക്കാം എന്നു തോന്നി.
പിന്നെയും ആലോചിച്ചു. അപ്പോ, പിന്നേം ത്രില്‍ വന്നു. ആ കോമ്പ്ലക്സ്, പുതുക്കിപ്പണിയുമ്പോള്‍, ഞങ്ങളുടെ പേരിടും. സിനിമ തുടങ്ങുന്നതിനു മുന്‍പ്, തീയേറ്ററുകാര്‍, ഞങ്ങളുടെ മാലയിട്ട ഫോട്ടോ വെച്ച് ഇന്‍ മെമ്മറി ഓഫ് കാണിക്കും, ബോംബ് പൊട്ടിയ ദിവസം ഞങ്ങളുടെ പേരില്‍ അറിയപ്പെടും എന്നൊക്കെ ഓര്‍ത്തപ്പോള്‍ മനസ്സ് അല്‍പം ശരിയായി.
ഏറ്റവും മുന്നില്‍, വാതിലിനരികില്‍ ഇരിക്കാം, എന്തെങ്കിലും കുഴപ്പം ഉണ്ടായാല്‍, അപ്പോ പുറത്ത് ചാടാം എന്ന് പറഞ്ഞെങ്കിലും ചേട്ടന്‍ സമ്മതിച്ചില്ല. നിനക്ക്, എപ്പോഴും, കാണുന്നില്ല, കാണുന്നില്ല എന്ന പരാതി അല്ലേ, ഇത് സ്വസ്ഥമായിട്ട് കാണാം എന്നും പറഞ്ഞ് ഏറ്റവും പിന്നില്‍ത്തന്നെ ഇരുന്നു.
ബൊക്കെയും, മാലയും ഒക്കെക്കൊണ്ട് ആള്‍ക്കാര്‍ വരുന്നതും പ്രതീക്ഷിച്ച് നിന്നു. ഞങ്ങളുടെ ജീവിതത്തില്‍ ആദ്യമായിട്ടാണെങ്കിലും, അവരുടെ ടാക്കീസില്‍, ചിലപ്പോള്‍, ആരും ഇല്ലാതെ തന്നെ ഷോ കാണിച്ചിട്ടുണ്ടാകും, അതും ഹൌസ് ഫുള്‍ ബോര്‍ഡും വെച്ച്. അത്രയ്ക്കും കഷ്ടം ആയിട്ടുണ്ട് സ്ഥിതി.
സിനിമ തുടങ്ങി, പേരൊക്കെ കാണിക്കുമ്പോഴുണ്ട്, ഒരു ചെറിയ കുട്ടി ഓടിവരുന്നു. എനിക്ക് ചിരിയാണ് വന്നത്. പാവം, സീറ്റ് കിട്ടാന്‍, എന്നെപ്പോലെ ഓടിക്കിതച്ച് വന്നതാവും. പിന്നാലെ അവന്റെ അച്ഛനും അമ്മയും വന്നു. കുറച്ചുംകൂടെ കഴിഞ്ഞപ്പോള്‍, മൂന്ന് പേര്‍ വന്നു, പിന്നെ രണ്ടു പേരും, ഒരാള്‍ ഒറ്റയ്ക്കും വന്നു. ചിലപ്പോള്‍, ടാക്കീസുകാരുടെ ബന്ധുക്കള്‍ ആവും. അങ്ങനെ ആ കുട്ടിയടക്കം പതിനൊന്ന് പേര്‍ സിനിമ കണ്ടു. വെറുതെ സമയം പോക്കാന്‍ എന്ന നിലയ്ക്ക് ആ സിനിമയ്ക്ക് വല്യ കുഴപ്പമൊന്നും ഞാന്‍ കണ്ടില്ല. പിന്നെ ഇഷ്ടം പോലെ നല്ല നല്ല സിനിമകള്‍ ഇറങ്ങുമ്പോള്‍, ഇതൊന്നും ഓടില്ല അത്രതന്നെ. വല്യ വല്യ നായകന്മാരും നായികമാരും ഉള്ള സിനിമയുള്ളപ്പോള്‍, ഇത് കാണണോന്ന് ജനങ്ങള്‍ ചോദിക്കും. അത്ര തന്നെ.
പിറ്റേന്ന്, ആ വഴിക്ക്, ടൌണിലേക്ക് പോകുമ്പോള്‍, അവിടെ നല്ല തിരക്കായിരുന്നു. ഹൌസ്ഫുള്‍ ആയിട്ടുണ്ടാകും. ഞാന്‍ ആരോടും, പരസ്യം പറഞ്ഞിട്ടില്ല. ബാക്കിയുള്ളവര്‍ അവരുടെ കൂട്ടുകാരോടൊക്കെ പറഞ്ഞിട്ടുണ്ടാകും. പറ്റിയ പറ്റ് അവര്‍ക്കും പറ്റട്ടെ എന്ന് വിചാരിച്ചിട്ടുണ്ടാകും. ക്രിക്കറ്റ് ഉള്ളതുകൊണ്ടാകും ഇത്രയും കുറവ് ജനം വന്നത്. അവര്‍ തീയേറ്ററില്‍, സിനിമയ്ക്ക് പകരം ക്രിക്കറ്റ് ലൈവ് കാണിച്ചിരുന്നെങ്കില്‍, എന്നും ഫുള്‍ ആയേനെ.
സാധാരണ, ഫ്ലോപ് പടം കണ്ട് പുറത്തിറങ്ങുമ്പോള്‍, എനിക്കൊരു ചമ്മല്‍ ഉണ്ടാവുമായിരുന്നു. ഇത്തവണ അത് തോന്നിയില്ല. ഒന്നാമത്, ആള്‍ക്കാരില്ല. പിന്നെ ഞങ്ങള്‍ തീയേറ്ററുകാരെ സഹായിച്ചതും കൂടെ ആണല്ലോ.
Labels: സിനിമ- ഓര്‍മ്മ

