Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, March 14, 2007

അമ്മയുടെ സൂത്രം

കുന്തി ഫോണ്‍ എടുത്തു.

“ഹലോ എന്താ അമ്മേ?” നകുലന്‍.

“ഹലോ, ഇവിടെ മോട്ടോര്‍ കേടായി, വെള്ളമില്ലാതെ ഒന്നും ചെയ്യാന്‍ പറ്റില്ല.”

“അയ്യോ, എനിക്കിപ്പോ അതൊന്നും നോക്കാന്‍ വരാന്‍ പറ്റില്ല. ഇവിടെ ഭയങ്കര തിരക്കാ.”

......

“എന്താ അമ്മേ? വേഗം പറയൂ.” സഹദേവന്‍.

“മോട്ടോര്‍ കേടായി. ഒന്ന് വന്ന് നോക്കിയാല്‍...”

“ഒട്ടും പറ്റില്ല. ജ്യേഷ്ഠന്മാരെ ആരെയെങ്കിലും വിളിക്കൂ.”

.......

“എന്താ അമ്മേ?” അര്‍ജ്ജുനന്‍.

“മോട്ടോര്‍ കേടായി.”

“എനിക്കിപ്പോള്‍ വരാന്‍ പറ്റില്ല.”

.....


“എന്താ അമ്മേ കാര്യം?” ഭീമന്‍.

“ഇവിടെ മോട്ടോര്‍ കേടായി. ഒന്ന് വന്ന് ശരിയാക്കിയിരുന്നെങ്കില്‍, കിണറ്റില്‍ നിന്ന് കോരി ക്ഷീണിക്കേണ്ടായിരുന്നു.”

“പെട്ടെന്ന് വരാന്‍ പറ്റില്ലമ്മേ. തല്‍ക്കാലം എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യൂ.”

......

“എന്താ അമ്മേ?” മൂത്ത പുത്രന്‍.

“എല്ലാവരോടും പറഞ്ഞു. മോട്ടോര്‍ കേടായി. ഒന്നു വന്ന് നോക്കി ശരിയാക്കിയിരുന്നെങ്കില്‍...”

“അമ്മയ്ക്കറിയില്ലേ എനിക്ക് നൂറുകൂട്ടം കാര്യങ്ങള്‍ ഉണ്ട് ചെയ്യാന്‍. അവരെ ആരെയെങ്കിലും ഒന്നുംകൂടെ വിളിച്ചുനോക്കൂ.”

....


കൃത്യം പത്ത് മിനുട്ട് കഴിഞ്ഞപ്പോള്‍ തിരക്കുള്ള മക്കള്‍ എല്ലാവരും വീട്ടിനു മുന്നില്‍ ഹാജര്‍! ഇവിടെ ടി. വിയും കേടായി എന്ന് എസ് എം എസ് അയക്കുമ്പോള്‍ അമ്മയ്ക്ക് അറിയാമായിരുന്നു, ദ്രൌപദിയുടെ ഡയറി, തന്നെപ്പോലെ ഇവരും കട്ടു വായിച്ചിട്ടുണ്ടാവും എന്ന്. അതില്‍ ഉണ്ടായിരുന്നല്ലോ” ക്രിക്കറ്റ് എനിക്ക് ജീവനാണ്” എന്ന് ദ്രൌപദി എഴുതിവെച്ച കാര്യം. വേള്‍ഡ്കപ്പ് തുടങ്ങുമ്പോള്‍ ടി. വി കേടായാല്‍പ്പിന്നെ ദ്രൌപദിക്ക് സഹിക്കുമോ? ദ്രൌപദി വിഷമിച്ചാല്‍ തന്റെ മക്കള്‍ക്ക് സഹിക്കുമോ?


(ആത്മഗതം:- ഗാന്ധിജിയുടെ മൂന്ന് കുരങ്ങന്മാരെ കണ്ടപ്പോള്‍ വിചാരിച്ചത്, തിന്മ കാണരുത്, കേള്‍ക്കരുത്. പറയരുത് എന്നാണെന്ന്. ഇപ്പോ മനസ്സിലായി. കുരങ്ങന്മാര്‍ പറയുന്നത് കാണരുത്, കേള്‍ക്കരുത്, അവരോട് ഒന്നും പറയാന്‍ പോകരുത് എന്നാണെന്ന്. ;))

30 Comments:

Blogger വിശ്വം said...

“നാട്ടില്‍ പ്രഭുക്കളെ കണ്ടാലറിയാത്ത
കാട്ടില്‍ കിടക്കുന്ന മൂളിക്കുരങ്ങു നീ!
ഒട്ടും വകതിരിവില്ലാത്ത വല്ലാത്ത
കൂട്ടത്തില്‍ വന്നു പിറന്നു വളര്‍ന്നു നീ
ചാട്ടത്തില്‍ നിന്നു പിഴച്ചു പോയോ നിന്റെ
കൂട്ടത്തില്‍ മറ്റാരുമില്ലാത്തതെന്തെടോ?”

“ഒടിയുന്നതെന്തെടോയെന്റെ വാലോ നിന്നുടെ ഗദയോ
അറിയാഞ്ഞിട്ടുചോദിച്ചേനരിശമുണ്ടാക വേണ്ട”

:-)

Wed Mar 14, 10:01:00 AM IST  
Blogger ജ്യോതിര്‍മയി said...

സൂ,
:-) :-) :-)

:-)

qw_er_ty

Wed Mar 14, 11:26:00 AM IST  
Blogger doney “ഡോണി“ said...

“വേള്‍‌ഡ് കപ്പിനെ പുരാണവുമായ് ബന്ധിപ്പിച്ച് എല്ലാ ഭര്‍‌ത്താക്കന്മാരുടെയും തനിനിറം വെളിവാക്കിയത് നന്നായിട്ടുണ്ട്...കല്യാണം കഴിഞ്ഞാല്‍‌ അമ്മയ്ക്കുള്ളത് ഭാര്യയ്ക്ക് എന്നു പറഞ്ഞു കേട്ടിട്ടുണ്ട്..ഒന്നു കല്യാണം കഴിച്ചിരുന്നെങ്കില്‍‌ അറിയാമായിരുന്നു...

Wed Mar 14, 11:27:00 AM IST  
Blogger ittimalu said...

:)

Wed Mar 14, 11:30:00 AM IST  
Blogger പി. ശിവപ്രസാദ് said...

എനിക്കിത്‌ വാല്ലാണ്ടങ്ങ്‌ ഇഷ്ടപ്പെട്ടു. കാഴ്ച്ചക്കാരുടെ 'ഹാലിളക്കം' കണ്ടുകണ്ട്‌ സഹികെടുന്ന ഒരു പാവം ക്രിക്കറ്റ്‌ അരസികനാണെന്ന്‌ വേണമെങ്കില്‍ വിലിച്ചോളൂ. ഞാനങ്ങ്‌ സഹിച്ചു. ഇതു നന്നായി സുവേച്ചി. ഒന്നാംതരം ആക്ഷേപഹാസ്യശരങ്ങള്‍. പക്ഷേ എവിടെ.. ആര്‍ക്ക്‌ കൊള്ളുമോ?!

Wed Mar 14, 12:01:00 PM IST  
Blogger അപ്പു said...

സുവേച്ചീ, പണ്ട്‌ വായിച്ച ഒരു "ബോബനും മോളിയും" ഓര്‍മ്മ വരുന്നു. തറവാട്ടില്‍ പ്രായമായ അമ്മാച്ചി മരിക്കാറായിക്കിടക്കൂന്നു എന്ന് കേട്ട്‌ ഇവിടുന്നെല്ലാവരുംകൂടി അങ്ങോട്ട്‌ തിരിച്ചു. തറവാടിനു മുമ്പിലെത്തിയപ്പോള്‍ അവിടെയൊരു ജനക്കൂട്ടം. അമ്മച്ചിമരിച്ചു എന്നുറപ്പിച്ചു. പക്ഷേ അവിടെ ലൈവ്‌ ക്രിക്കറ്റ്‌ ടി.വി.യില്‍ കാണാന്‍ വന്നവരുടെ തിരക്കായിരുന്നു. അകത്തെത്തിയപ്പോള്‍ നിന്നുതിരിയാന്‍ സ്‌ഥലമില്ല. മരണാസന്നയായ അമ്മച്ചി മക്കളെയും മരുമക്കളേയും മാറിമാറി വിളിക്കുന്നു. ആരും ശ്രദ്‌ധിക്കുന്നേയില്ല. അയ്യോ പാവം വെള്ളമോമറ്റോ വേണമായിരിക്കും എന്നുകരുതി "എന്താമ്മച്ചീ, വെള്ളം വേണോ" എന്നു ചോദിച്ചു. അപ്പ്പ്പോള്‍ അമ്മച്ചി "അല്ല മോനേ, കപില്‍ദേവ്‌ ഔട്ട്‌ ആയോന്നറിയാന്‍ വിളിച്ചതാ...." എന്ന്!!

Wed Mar 14, 12:36:00 PM IST  
Blogger ഇത്തിരിവെട്ടം|Ithiri said...

സൂ ചേച്ചീ... :)

Wed Mar 14, 12:54:00 PM IST  
Blogger ഒടിയന്‍... said...

qഅപ്പു പറഞ്ഞതു പോലെ ഒരനുഭവം എനിക്കും ഉണ്ടു ചേച്ചി..
ഞാന്‍ അന്നു കോട്ടയത്തു പഠിക്കുന്നു.. ട്രയിനിലാണു യാത്ര.
ഒന്നു വീണതായിരുന്നു അച്ചമ്മ. കുറച്ചു ദിവസം ആശുപത്രിയില്‍ കിടന്നു. ഞാന്‍ ദിവസവും കാണാന്‍ പോകുമായിരുന്നു. ഭക്ഷണം എത്തിക്കുക എന്ന ചുമതലയും എനിക്കായിരുന്നു. ഒരു ദിവസം ഞാന്‍ വീട്ടിലെത്തിയപ്പൊള്‍ വീടു പൂട്ടിക്കിടക്കുന്നു. ഞാന്‍ നേരെ ആശുപത്രിയിലേക്ക്.. അച്ചമ്മ കിടന്ന മുറി ഒഴിഞ്ഞു കിടക്കുന്നു. നേഴ്സുമാര്‍ പറഞ്ഞു ഉച്ചക്കു മരിച്ചു പോയന്ന്..ഞാന്‍ കരഞ്ഞു വിളിച്ചു കൊണ്ട് തറവാട്ടിലേക്ക്..ധാരാളം പേര്‍ മുറ്റത്ത് കൂടിനില്‍ക്കുന്നു. ഞാന്‍ പതുക്കെ അകത്തു കയറി.
അച്ചമ്മയെ കാണാനായി. അച്ചമ്മയുടെ സഹോദരിമരെല്ലാം മ്ര്‌തദേഹത്തിനരികിലായി ഉണ്ടായിരുന്നു. എന്നേ കണ്ടപാടെ ഒരമ്മുമ്മ ചോദിച്ചു “മോനേ... സ്ക്കൊര്‍ എത്രയായി?”

Wed Mar 14, 01:26:00 PM IST  
Blogger kaithamullu - കൈതമുള്ള് said...

:-)

Wed Mar 14, 01:57:00 PM IST  
Blogger നന്ദു said...

സൂ, ആള്‍ക്കാരെ മടിപിടിപ്പിക്കുന്ന കളി. ഞാനൊരു ആക്ഷേപധ്വനിയൊടെ ഒരു
പോസ്റ്റ്ഇട്ടിരുന്നു.. പക്ഷെ അതിലെ ധ്വനി ആരും കണ്ടില്ല. സൂവും കളിക്കാരെആശംസിച്ചു കംന്റിട്ടിരുന്നു.
പക്ഷെ ഭൂരിപക്ഷം വരുന്ന യുവ തലമുറ ഇതംഗീകരിക്കില്ല സൂ. എന്തായാലും നല്ല ആഖ്യാന രീതി.

Wed Mar 14, 02:03:00 PM IST  
Blogger സുഗതരാജ് പലേരി said...

സുവേച്ചി നന്നായി :-)

Wed Mar 14, 02:43:00 PM IST  
Blogger Siju | സിജു said...

ദ്രൌപതിയുടെ ഡയറിയും ഇനി വേറെയാരെങ്കിലും എഴുതിയതാണോ.. :-)

Wed Mar 14, 03:06:00 PM IST  
Blogger Sul | സുല്‍ said...

വിളിച്ചത് കുന്തിയായതു നന്നായി.

ഗാന്ധാരിയെങ്ങാനായിരുന്നെങ്കില്‍....
1. ബി എസ് എന്‍ എല്‍ നു ലാഭം.
2. മോട്ടോര്‍ ശരിയാക്കുന്നോടൊപ്പം ഫോണിന്റെ കീപാഡും ശരിയാക്കേണ്ടി വരും.
3. ഒരു ദിവസം കൊണ്ട് തന്നെ ഫ്രീ കാള്‍ ക്വാട്ട ഫില്ല് ചെയ്തതിന് കണ്ണില്ലാ കിളവന്റെ കയ്യീന്ന് ആവശ്യത്തിനു കിട്ടിയേനെ.
4........

എന്തിനാ വെറുതെ സ്വപ്നങ്ങള്‍ മെനയുന്നേ.

സു :) ഇതു ഇടിവെട്ട് തന്നെ.

-സുല്‍

Wed Mar 14, 04:01:00 PM IST  
Blogger സു | Su said...

വിശ്വം :) ഹിഹിഹി. ഓട്ടന്‍‌തുള്ളലിനു ഡിമാന്‍ഡില്ല. നാടകത്തിനാ ഡിമാന്‍ഡ്.

ജ്യോതിര്‍മയീ :)

ഡോണിക്ക് സ്വാഗതം :)

ഇട്ടിമാളൂ :)

ശിവപ്രസാദ്ജീ :) നന്ദി.

അപ്പു :)

ഇത്തിരിവെട്ടം :)

ഒടിയന്‍ :) അയ്യടാന്ന് ആയിക്കാണും അല്ലേ?

കൈതമുള്ളേ :)

നന്ദൂ :) യുവതലമുറ ഒന്നുമല്ല. എല്ലാതലമുറയും ഇതിനുപിന്നാലെയാണ്. പിന്നെ സാരമില്ല. ഇടയ്ക്കൊക്കെ ജയിക്കുന്നുണ്ടല്ലോ. ;)

സുഗതരാജ് :) നന്ദി.

സിജു :) അതെനിക്കറിയില്ല. എല്ലാം നമുക്ക് അന്വേഷിച്ചുകണ്ടുപിടിക്കാം.

സുല്‍ :) പാവം ഗാന്ധാരി.

Wed Mar 14, 05:57:00 PM IST  
Blogger കൃഷ്‌ | krish said...

ഇതെന്താ വേള്‍ഡ് കപ്പ്‌ സ്പെഷ്യലാ.. നന്നായിരിക്കുന്നു.

(ദ്രൌപതിയുടെ മൊബൈലില്‍ നിന്നും മെസ്സേജ്‌ അയച്ചിരുന്നെങ്കീല്‍ ദ്യൂപ്പ് വര്‍മ്മമാരും കൂടി ഓടിയെത്തിയേനെ.)

Wed Mar 14, 10:36:00 PM IST  
Blogger Payyan said...

കുന്തീ വിലാപം
കുരങ്ങന്മാരുടെ മൈം ആണെന്ന് കഥാകാരിയുടെ ആത്മഗതത്തില്‍ നിന്ന് മനസ്സിലായി.

വിശ്വം ഓട്ടന്‍‌തുള്ളല്‍ പഠിപ്പിക്കുമ്പോള്‍
ബാക്കിയുള്ളവരെന്താ ഇങ്ങനെ
കഥയറിയാതെ കൃഷ്ണനാട്ടം കാണുന്ന പോലെ

ഒന്നും മനസ്സിലാകുന്നില്ല

Thu Mar 15, 01:33:00 AM IST  
Blogger കുഞ്ഞന്‍സ്‌ said...

കുരങ്ങന്മാര്‍ പറയുന്നത് കാണരുത്, കേള്‍ക്കരുത്, അവരോട് ഒന്നും പറയാന്‍ പോകരുത് എന്നാണെന്ന്... സൂ‍ൂ :) :)

Thu Mar 15, 04:05:00 AM IST  
Blogger സു | Su said...

കൃഷ് :)അതെ വേള്‍ഡ് കപ്പ് സ്പെഷല്‍.

പയ്യന്‍ , കുന്തി ഇവിടെ വിലപിച്ചോ? മക്കളോട് ആവശ്യം പറയുന്നത് വിലാപം ആണോ? അതും എന്റെ ആത്മഗതവുമായി എന്തു ബന്ധം? പിന്നെ, പയ്യനു വല്ലതും കൃഷ്നാട്ടം പോലെ തോന്നിയിട്ടുണ്ടെങ്കില്‍ അത് പറഞ്ഞാല്‍ മതി. “ബാക്കിയുള്ളവര്‍” ഒന്നും വിശ്വത്തിന്റെ കമന്റ് കണ്ടിട്ട് എന്തെങ്കിലും തോന്നുന്നു എന്ന് പറഞ്ഞില്ല.


കുഞ്ഞന്‍സ് :)

Thu Mar 15, 07:50:00 AM IST  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കര്‍ണ്ണനെ മാത്രം വിട്ടുപോയതെന്താ.. കര്‍ണ്ണനാണേ കാള്‍ കട്ടാവുന്നതിനു മുന്‍പ് സ്ഥലത്തെത്താനാഗ്രഹിക്കുകയെങ്കിലും ചെയ്‌തേനേ...

Thu Mar 15, 01:57:00 PM IST  
Blogger കരീം മാഷ്‌ said...

ക്രിക്കറ്റിനെ കളിയാക്കിയാല്‍ (:
രചന നന്നായി.
ഒരു ഭാഗം തളര്‍ന്നു കട്ടിലില്‍ തനിച്ചായി ആരുമില്ലാതെ ഏകാന്തവാസം വിധിച്ച ഒരു സാധു സ്ത്രീ എന്നാണെന്നെ പള്ളിക്കാട്ടിലേക്കെടുകയെന്നു നിത്യവും നെടുവീര്‍പ്പിടുന്നതു കാണാനാവതെ മകന്‍ ഒരു ടിവി വാങ്ങി കൊടുത്തു.

ദൂരദര്‍ശന്‍ നിത്യവും കാണിക്കുന്ന അറ്റമില്ലാത്ത ടെസ്റ്റു പരമ്പരകള്‍ മനസ്സിലാവാതെ ആ കുന്തം ഒന്നെടുത്തു കളയൂ എന്നാവശ്യപ്പെട്ടപ്പോള്‍ മെനക്കെട്ട് ആ കളി പ
ഠിപ്പിച്ചു മൂത്ത മകന്‍.

പിന്നെ ഫോണ്‍ ചെയ്യുമ്പോള്‍ സ്കോര്‍ അറിയണോ? എന്ന ചോദ്യം പല തവണ കേള്‍ക്കാനിടയുണ്ടായി ആ മകന്. സന്തോഷമുള്ള ആ ശബ്ദം ഫോണിലൂടെ കേള്‍ക്കുമ്പോള്‍ ഉള്ളം പാടും “ ജീതേഗാ ബായ് ബായ് ജീതേഗാ ഹിന്ദുസ്ഥാന്‍ ജീതേഗാ!,”

Thu Mar 15, 10:27:00 PM IST  
Blogger Haree | ഹരീ said...

ഹ ഹ ഹ... ഏതായാലും പാഞ്ചാലിക്കുവേണ്ടി ടി.വി. നന്നാക്കാംന്നല്ലേ വിചാരിച്ചുള്ളൂ, ക്രിക്കറ്റിനു വേണ്ടി നന്നാക്കാംന്ന് വിചാരിച്ചില്ലല്ലോ... അതു തന്നെ ഭാഗ്യം... :)
--

Fri Mar 16, 12:57:00 PM IST  
Blogger Umesh said...

കൊള്ളാം :)

ദ്രൌപതി അല്ല, ദ്രൌപദി. ദ്രുപദന്റെ മകള്‍.

ഈ തെറ്റായ സ്പെല്ലിംഗ് ദ്രൌപതി വര്‍മ്മയൊഴികെ ആരും അധികം ഉപയോഗിച്ചു കണ്ടിട്ടില്ല.

Fri Mar 16, 06:43:00 PM IST  
Blogger മണിക്കുട്ടി said...

പുരാണ കഥാപാത്രങ്ങളെ കോര്‍ത്തിണക്കിയത് വല്ലാതങ്ങ് ഇഷ്ടപ്പെട്ടു

Fri Mar 16, 08:19:00 PM IST  
Blogger Sona said...

സുചേച്ചി..നല്ല പോസ്റ്റ്

Mon Mar 19, 10:45:00 PM IST  
Blogger സു | Su said...

കരീം മാഷേ :)

മണിക്കുട്ടീ :)


ഹരീ :)

സോന :)

ഉമേഷ്ജീ :) തെറ്റിപ്പോയി. തിരുത്തി. നന്ദി. ദ്രുപദന്റെ മകളായിട്ട് തന്നെ ഇരുന്നോട്ടെ എന്ന് വെച്ചാണ് പാഞ്ചാലി എന്ന് വെക്കാതെ ദ്രൌപദി എന്ന് വെച്ചത്. അത് ദ്രൌപതി ആയിപ്പോയി.

qw_er_ty

Tue Mar 20, 10:45:00 AM IST  
Blogger വക്കാരിമഷ്‌ടാ said...

ഹ...ഹ... സൂ,

നന്നായിരിക്കുന്നു.

:)

Wed Mar 21, 04:11:00 AM IST  
Blogger കുട്ടിച്ചാത്തന്‍ said...

എച്യൂസ് മീ ചാത്തനെ വിട്ടുപോയീ...ചാത്തന്‍ മിണ്ടൂലാ‍...

Wed Mar 21, 03:04:00 PM IST  
Blogger സു | Su said...

ചാത്താ ചാത്താ കുട്ടിച്ചാത്താ സോറി സോറി വെരി സോറി :)

കര്‍ണ്ണനെ വിളിച്ചിട്ട് കാര്യമില്ല. കര്‍ണ്ണന്‍ വല്യ ബിസിയാ. മൊബൈല്‍ ആണെങ്കില്‍ പരിധിക്ക് പുറത്തും.

qw_er_ty

Wed Mar 21, 03:38:00 PM IST  
Blogger കുട്ടന്മേനൊന്‍::KM said...

ഹ ഹ . ഇതിപ്പോഴാകണ്ടത്. രസായീണ്ട്.

Wed Mar 21, 03:50:00 PM IST  
Blogger സു | Su said...

കുട്ടന്‍‌മേനോന്‍ :)

Thu Mar 22, 07:34:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home