Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, April 18, 2007

അപ്പോഴൊക്കെയാണ്...

വേനലിലും മഴയിലും കുടയെ കുറ്റം പറയുമ്പോഴാണ്‌.

ചെളിവെള്ളത്തേയും, വിയര്‍പ്പിനേയും ശപിക്കുമ്പോഴാണ്.

കയറിച്ചെല്ലാന്‍ ഒരു കൂര പോലും ഇല്ലാത്തവരെക്കുറിച്ച്‌ ഓര്‍ക്കാതിരിക്കാന്‍ ശ്രമിക്കുമ്പോഴാണ്.

ഹോട്ടലിലെ ബില്ലിനും ടിപ്സിനുമായി വിട്ടുപോന്ന തുകയെക്കുറിച്ച്‌ അഭിമാനത്തോടെ ഓര്‍ക്കുമ്പോഴാണ്.

തിന്നാന്‍ കഴിയാതെ പാഴാക്കിപ്പോന്ന ഭക്ഷണത്തെക്കുറിച്ച്‌ ചിന്തിക്കാത്തപ്പോഴാണ്‌.

കുടിവെള്ളം പോലുമില്ലാതെ ദിനങ്ങള്‍ തള്ളിനീക്കേണ്ടിവരുന്ന നിസ്സഹായത തന്റേതല്ലെന്ന ദുരഭിമാനം പേറുമ്പോഴാണ്‌.

വസ്ത്രങ്ങള്‍ക്ക്‌ ചേരാത്ത ആഭരണങ്ങളെക്കുറിച്ച്‌ പരാതി പറയുമ്പോഴാണ്‌.

പട്ടിലും പൊന്നിലും പളപളപ്പാര്‍ന്ന ജീവിതത്തില്‍ കണ്ണ്‌‍ മഞ്ഞളിച്ച്‌ പോകുമ്പോഴാണ്‌.

ഉടലിനൊത്ത വസ്ത്രം ഇല്ലാതെ നാണം മറയ്ക്കാന്‍ കഴിയാത്തവരെക്കണ്ട്‌ കണ്ണുകള്‍ തിരിക്കേണ്ടിവരുമ്പോഴാണ്‌.

ഉത്സവദിനങ്ങള്‍ തിന്നും കുടിച്ചും ആഘോഷിക്കേണ്ടിവരുമ്പോഴാണ്.

കഴിക്കുന്ന ആളെക്കാള്‍ എണ്ണത്തില്‍ ഭക്ഷണവസ്തുക്കള്‍ നിരത്തേണ്ടിവരുമ്പോഴാണ്‌.

ദാരിദ്ര്യം ആഘോഷമാക്കേണ്ടിവരുന്ന ചില ജന്മങ്ങള്‍ മങ്ങിയ ഓര്‍മ്മ മാത്രമായി മനസ്സില്‍ തെളിയുമ്പോഴാണ്‌.

ഫാനിനു കാറ്റില്ലെന്ന് ആവര്‍ത്തിക്കേണ്ടിവരുമ്പോഴാണ്‌.

ഏസിയുടെ ആവശ്യത്തിനെപ്പറ്റി ഓര്‍ത്തിരിക്കുമ്പോഴാണ്‌.

കടത്തിണ്ണയിലോ റോഡ്‌ വക്കിലോ ഏത്‌ കാലത്തും കിടന്നുറങ്ങേണ്ടിവരുന്ന മനുഷ്യരെക്കുറിച്ച്‌ ചിന്തിക്കാന്‍ നേരമില്ലാത്തപ്പോഴാണ്‌.

കഴിഞ്ഞുപോയ ദിനങ്ങളില്‍ എന്ത്‌ ചെയ്തെന്ന തോന്നലുണ്ടാവുമ്പോഴാണ്.

കല്‍പ്പിച്ചുനീട്ടിയ സൌഭാഗ്യങ്ങള്‍ക്ക്‌ നന്ദി പറയാന്‍ മറക്കുമ്പോഴാണ്‌.

ഇതുവരെ ചെയ്യാതെ, ഇനിയുള്ള ദിവസങ്ങളില്‍ നല്ലത്‌ ചെയ്യാമെന്ന വ്യര്‍ത്ഥവിചാരവുമായി മുന്നോട്ട്‌ പോകാന്‍ തുടങ്ങുമ്പോഴാണ്‌.

അപ്പോഴൊക്കെയാണ് ഞാന്‍ ചെറുതാവുന്നത്‌.

വയസ്സേറുമ്പോഴും ചെറുതായി ഇരിക്കുന്നത്.

Labels:

31 Comments:

Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:അങ്ങനൊന്നും ചിന്തിക്കാതിരുന്നാപ്പോരെ?

Wed Apr 18, 02:34:00 pm IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

അങ്ങിനെയാണ്‌ പട്ടാമ്പി റെയില്‍‌വേസ്റ്റേഷന്‍ ഉണ്ടായത്

Wed Apr 18, 03:17:00 pm IST  
Blogger G.MANU said...

:)

Wed Apr 18, 03:30:00 pm IST  
Blogger ഏറനാടന്‍ said...

സൂചേച്ചീ, പണ്ടാരോ പറഞ്ഞതുപോലെയല്ലേ? പൊക്കമില്ലായ്‌മയാണെന്റെ പൊക്കം.
എപ്പഴും ചെറുതായി തോന്നുന്നതൊരു അസുഖമാണോ ഡാകിട്ടറേ?
:)

Wed Apr 18, 03:41:00 pm IST  
Blogger സുല്‍ |Sul said...

സു ഒരുപാടുണ്ടല്ലോ. വായിച്ച് തലപെരുക്കുന്നു.
-സുല്‍

Wed Apr 18, 03:45:00 pm IST  
Blogger ശിശു said...

അതുകൊണ്ടാണ്‌ വയസ്സേറുമ്പോഴും ഞാന്‍
'ശിശു'വായിരിക്കുന്നത്‌ ???

Wed Apr 18, 03:51:00 pm IST  
Blogger വേണു venu said...

സൂ,
അപ്പോഴൊക്കെ ഞാന്‍‍ ചെറുതാകുകയല്ല, ഇല്ലാതാവുകയണെന്നു് എനിക്കു തോന്നാറുണ്ടു്.‍
നല്ല വരികള്‍ക്കു് നന്ദി.:)

Wed Apr 18, 03:51:00 pm IST  
Blogger Saha said...

ഓര്‍മകള്‍ ഉണ്ടായിരിക്കണം, അല്ലേ?
നന്നായിരിക്കുന്നു, സൂ!

Wed Apr 18, 03:53:00 pm IST  
Blogger Rasheed Chalil said...

സൂ ചേച്ചീ നല്ല ചിന്ത...

Wed Apr 18, 04:23:00 pm IST  
Blogger അപ്പു ആദ്യാക്ഷരി said...

കണ്ണുണ്ടായാല്‍ പോരാ..കാണണം.
താണ നിലത്തേ നീരോടൂ..അവിടേ ദൈവം തുണചെയ്യൂ.

Wed Apr 18, 04:31:00 pm IST  
Blogger Kaithamullu said...

വയസ്സേറുമ്പോഴും ചെറുപ്പമായി ഇരിക്കുന്നത്.
-അല്ലേ?

Wed Apr 18, 05:05:00 pm IST  
Blogger ടി.പി.വിനോദ് said...

നല്ല ചിന്തകള്‍...
ഇത്രയൊക്കെ നന്മകള്‍ എന്റെ ഓര്‍മ്മയില്‍ എപ്പോഴും ഉണ്ടായിരുന്നെങ്കില്‍...:(

എന്തുചെയ്യാം’

ജീവിതം=മറവിക്ക് പഠിക്കുന്നവരുടെ വെക്കേഷന്‍
എന്നും എനിക്ക് തോന്നാറുണ്ട്.

Wed Apr 18, 05:41:00 pm IST  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

സൂവേ പറ്റിച്ചല്ലൊ. ചെറുപ്പമാകാനുള്ള എളുപ്പവഴി നോക്കി വായിച്ചിട്ടിപ്പോ?

നല്ല ചിന്താശകലങ്ങള്‍

Wed Apr 18, 06:04:00 pm IST  
Blogger Pramod.KM said...

എന്റമ്മോ...ഇത്രയും വലിയ കാര്യങ്ങള്‍ പറഞ്ഞിട്ടാണോ അവസാനം ചെറുതാവുന്നു എന്ന തോന്നല്‍!!!!

Wed Apr 18, 06:39:00 pm IST  
Blogger Haree said...

ചെറുതായിത്തന്നെ തുടരാതെയിരുന്നെങ്കില്‍... :|
--

Wed Apr 18, 07:36:00 pm IST  
Blogger മുസ്തഫ|musthapha said...

വയസ്സാവുമ്പോഴുമുള്ള ഈ ചെറുതാവല്‍ - നല്ല വരികള്‍

Wed Apr 18, 07:47:00 pm IST  
Blogger sandoz said...

പിന്നെ എന്ത്‌ ചെയ്യണം എന്നാണു പറയുന്നത്‌......
ചോദ്യം ചോദിക്കാല്ലോ....
തിരിച്ചു സൂവിനും ചോദിക്കാം...
ഉത്തരം നമുക്ക്‌ എന്തിനാ......

[ഈ പറഞ്ഞ സംഭവം ഒന്നും ചെയ്യാതെ വലുതായി പോണെങ്കില്‍ അങ്ങ്‌ പോട്ടെന്നേ......]

Wed Apr 18, 08:19:00 pm IST  
Blogger keralafarmer said...

സു: കൈരളി പീപ്പിളില്‍ കാണാന്‍ കഴ്യാതെ പോയത്‌ ഗൂഗിള്‍ പേജില്‍ ലഭ്യമാണ്. നാലാം ഭാഗം കാണാന്‍ മറക്കണ്ട.

Wed Apr 18, 08:50:00 pm IST  
Blogger Sathees Makkoth said...

:)

Wed Apr 18, 10:13:00 pm IST  
Blogger സാജന്‍| SAJAN said...

ഇത്ര സീരിയസായിചിന്തിക്കണോ?
:)

Thu Apr 19, 04:42:00 am IST  
Blogger സൂര്യോദയം said...

സു ചേച്ചീ.. നമുക്ക്‌ ചെറുതാവാതെ ശ്രദ്ധിയ്ക്കാം... :-)

Thu Apr 19, 02:29:00 pm IST  
Blogger ചേച്ചിയമ്മ said...

:)നല്ല ചിന്ത

Thu Apr 19, 04:19:00 pm IST  
Blogger മനോജ് കുമാർ വട്ടക്കാട്ട് said...

ഒന്നുകൂടി-
timesjobs.com ന്റെ പരസ്യത്തില്‍ കാണുന്നതു പോലെ ശമ്പള സ്ലിപ്പ്‌ കയ്യില്‍ കിട്ടുമ്പോഴാണ്‌...

:)

Thu Apr 19, 04:48:00 pm IST  
Blogger സു | Su said...

കുട്ടിച്ചാത്താ :) ആദ്യത്തെ കമന്റില്‍ സന്തോഷം. ചിന്തിക്കാന്‍ ശ്രമിക്കാത്തതുകൊണ്ടാണ് ചെറുതായി ഇരിക്കുന്നത്.

ഇട്ടിമാളൂ :) അതു ഞാനറിഞ്ഞില്ല.

മനൂ :)

ഏറനാടന്‍ :) ആവും. അറിയില്ല.

സുല്‍ :) തല പെരുക്കിയോ? ഇത് കുറേയുണ്ട്. ജീവിതം, പക്ഷെ, ഇത്രയിലും നില്‍ക്കുന്നില്ലല്ലോ.

ശിശു :) അതെയോ?

വേണു :) ഇല്ലാതാവുമെന്ന തോന്നല്‍ ഉണ്ടാവുമ്പോള്‍ ചിലപ്പോള്‍ നല്ലതായിരിക്കും.

സഹ :) ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.

ഇത്തിരിവെട്ടം :) നന്ദി.

അപ്പൂ :) അതെ.

കൈതമുള്ളേ :)

ലാപുട :) അങ്ങനെ ഞാനും വിചാരിക്കാറുണ്ട്. ഇതൊക്കെ എപ്പോഴും ഓര്‍മ്മിക്കാന്‍ പറ്റിയെങ്കില്‍ എന്ന്.

പണിക്കര്‍ ജീ :) നന്ദി. ഇതുതന്നെ വഴി.

പ്രമോദ് :) ഇതൊക്കെ തോന്നുന്നതുകൊണ്ടാണല്ലോ ചെറുതാവുന്നത്.

ഹരീ :) അതെ. അങ്ങനെ തുടരാതിരുന്നെങ്കില്‍...

അഗ്രജന്‍ :) നന്ദി.

സാന്‍‌ഡോസ് :) പലതും ചെയ്യാം. അല്ലെങ്കില്‍ ചെറുതാവുന്നതാണ് വിധി എന്നും സമാധാനിച്ച് ഇരിക്കാം.

ചന്ദ്രേട്ടാ :) അതു കണ്ടു. ഇനി നാലാം ഭാഗം നോക്കാം.

സതീശ് :)

സാജന്‍ :) വേണം. ചിന്തിക്കാമല്ലോ.

സൂര്യോദയം :) അങ്ങനെ വിചാരിക്കാം.

ചേച്ചിയമ്മേ :) നന്ദി.

പടിപ്പുര :) ഹി ഹി. അതെ.

Thu Apr 19, 07:10:00 pm IST  
Blogger ഗുപ്തന്‍ said...

വലിയ ചിന്തയും കുറെ ചെറിയ മനുഷ്യരും... എന്തുചെയ്യാന്‍ സു..ആ ചാത്തന്‍ പരുവത്തില്‍ കുഞ്ഞായിപ്പോയി വായിച്ചുകഴിഞ്ഞപ്പോള്‍.. ജന്മം പാഴായ ഫീലിംഗ്

നന്ദി.. ഇടക്കിടെ നന്മകള്‍ ഓര്‍മ്മിപ്പിക്കുന്നതിന@

Thu Apr 19, 07:26:00 pm IST  
Blogger സു | Su said...

മനൂ :) നന്ദി.

qw_er_ty

Fri Apr 20, 08:47:00 pm IST  
Blogger Mr. K# said...

സൂ ചേച്ചി, ആദ്യത്തെ വരിയില്‍ തന്നെ ഒരു സംശയം
വേനലിലും മഴയിലും കുടയെ കുറ്റം പറയുമ്പോഴാണ്‌.
വേനലിലും മഴയിലും ആരെങ്കിലും കുടയെ കുറ്റം പറയുമോ? “വെയിലില്ലാത്തപ്പോഴും മഴയില്ലാത്തപ്പോഴും കുടയെ കുറ്റം പറയുമ്പോഴാണ്“ എന്നല്ലേ ശരി?

Sat Apr 21, 01:46:00 pm IST  
Blogger സു | Su said...

കുതിരവട്ടന്‍ :) മഴയേല്‍ക്കുമ്പോഴും, വെയിലേല്‍ക്കുമ്പോഴും, കുട ചെറുതായതുകൊണ്ടാണ്. ഈ കുടയൊന്നും കൊണ്ട് ഒരു കാര്യവുമില്ല എന്നൊക്കെ പറയുന്നവരുണ്ട്. കൂട്ടത്തില്‍ ഞാനും ചിലപ്പോള്‍. കുടയെങ്കിലും ഉണ്ടല്ലോ കൈയില്‍ എന്ന് ചിന്തിക്കാന്‍ ശ്രമിക്കാറില്ല. അത് തന്നെ കാര്യം. മൂന്നാമത്തെ വരിയില്‍ പറഞ്ഞവരെക്കുറിച്ച് ഓര്‍ക്കാന്‍ പോലും ശ്രമിക്കാറില്ല. കുറച്ച് വെയിലോ മഴയോ നമ്മുടെ മേലെ പതിഞ്ഞാല്‍, നമ്മള്‍ കുടയെ കുറ്റം പറയും.

qw_er_ty

Sat Apr 21, 06:38:00 pm IST  
Blogger Mr. K# said...

ഇപ്പോള്‍ മനസ്സിലായി. :-)

qw_er_ty

Sun Apr 22, 03:11:00 am IST  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

സൂ ജി :)

വെറുതേയല്ല, ഞാനെപ്പോഴും ചെറുതായി ഇരിയ്ക്കുന്നത്. ഇപ്പോള്‍ മനസ്സിലായി. ഇനി നോക്കട്ടെ, വലുതാവാന്‍ പറ്റുമോന്ന്‌, ഹൈ ഹീല്‍ വെച്ചുകെട്ടാതെ...
നല്ല ചിന്തകള്‍!

Sat Apr 28, 03:57:00 pm IST  
Blogger സു | Su said...

ജ്യോതിര്‍മയി ജീ :) ഇതൊക്കെ ഓര്‍ക്കുമ്പോള്‍ ചെറുതായെന്ന് തോന്നും. പക്ഷെ, ചില വിഡ്ഡികളുടെ കോപ്രായങ്ങള്‍ കാണുമ്പോള്‍ എനിക്ക് സമാധാനമാവും. അവരെപ്പോലെ ചെറുതാവുന്നില്ലല്ലോന്നോര്‍ത്ത്. എന്തായാലും ഹൈഹീല്‍ ഇല്ലാതെ വലുതാവാന്‍ നോക്കുന്നത് നല്ലത്.

Mon Apr 30, 09:57:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home