ഉണ്ണുനീലിചരിതം
ഇല്ലാത്ത രണ്ട്മൂവായിരം രൂപ തുപ്പലുകൂട്ടി എണ്ണിക്കൊടുത്താണ് ഇട്ടിക്കണ്ടപ്പനും ഉണ്ണുനീലിയും ഏ സിയിലേക്ക് തന്നെ കയറിയത്. ദീര്‍ഘദൂരയാത്രയ്ക്ക് അതുതന്നെയാവും നല്ലതെന്ന് തോന്നി. ഉണ്ണുനീലിയ്ക്ക് ജനറല്‍ കമ്പാര്‍ട്ട്മെന്റ്റില്‍ പാവങ്ങളുടെ കൂടെ മറ്റൊരു പാവമായിട്ട് ഇരിക്കുന്നതാണിഷ്ടം. ഏസിയില്‍ ഉള്ളവര്‍ പലരും, അതിന്റെ ചാര്‍ജ്, അവരുടെ ഡബിറ്റ് ആന്‍ഡ് ക്രഡിറ്റ് കാര്‍ഡുകളുടെ എണ്ണം, അവരുടെ സ്വത്തുക്കള്‍, അവരുടെ ബാങ്ക് ലോക്കറിലെ ആഭരണങ്ങള്‍ എന്നിവയുടെ കനമൊക്കെ മുഖത്തുപേറി കനപ്പെട്ട് ഇരിക്കുന്നവരായിരിക്കും. അവരുടെ ഭാവം ആര്‍ക്കുകാണണം?
കയറിയൊരുവിധം അടുക്കിവെക്കലൊക്കെ കഴിഞ്ഞപ്പോള്‍ ഉണ്ണുനീലി സഹയാത്രികരെ വീക്ഷിച്ചു. ഓ മൈ ഗോഡ്! സായിപ്പും, സായിപ്പിന്റെയാവും, ഒരു മദാമ്മയും. വെരി ഗുഡ്. ഇവരോട് ഉണ്ണുനീലിയ്ക്ക് ഒന്നും മിണ്ടേണ്ടിവരില്ല. കാരണം ഉണ്ണുനീലി ഓക്ഫോര്‍ഡില്‍ പഠിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചിട്ടല്ലേ ഉള്ളൂ. എന്നാലും അത്യാവശ്യം ഏ ബി സി ഡിയൊക്കെ ഉണ്ണുനീലിയ്ക്കും വശമുണ്ട്.
കയറി കുറേക്കഴിഞ്ഞപ്പോള്‍ മദാമ്മ ഉണ്ണുനീലിയെ നോക്കി പുഞ്ചിരിച്ചു. അതിനു ഭാഷയും ചെലവും ഇല്ലാത്തതുകൊണ്ട് ഉണ്ണുനീലിയും തിരിച്ചുകൊടുത്തു. അതുകഴിഞ്ഞ്, മദാമ്മ ഇട്ടിക്കണ്ടപ്പനെ നോക്കി പുഞ്ചിരിച്ചു. 15 വര്‍ഷം പ്രായമായ ഭര്‍ത്താവിനെ നോക്കി സുന്ദരിയായ മദാമ്മ പുഞ്ചിരിക്കുകയോ? അഹങ്കാരം. ഉണ്ണുനീലിയ്ക്കത്ര പിടിച്ചില്ല. ഉണ്ണുനീലി ഉടനെ തന്നെ ഇട്ടിക്കണ്ടപ്പന് ഉറക്കമുണ്ടെന്ന് ഓര്‍മ്മിപ്പിച്ച് ബെര്‍ത്തിലേക്ക് കിടക്കാനയച്ചു. എന്നിട്ട് മദാമ്മയെ നോക്കിയിട്ട് മനസ്സില്‍ പറഞ്ഞു. ഇനി നീ എത്ര വേണേലും പുഞ്ചിരിച്ചോടീ.
മദാമ്മ ചോദിച്ചു.
“എങ്ങോട്ടാ?”
അറിയാവുന്ന ഭാഷയില്‍ ഉണ്ണുനീലി പറഞ്ഞു. “ഞങ്ങള്‍ മുംബൈ ജംക്‍ഷനിലേക്കാണ്.”
അപരിചിതരോട് എല്ലാം വെളിപ്പെടുത്തി സംസാരിക്കരുതെന്ന അച്ഛനമ്മമാരുടെ ഉപദേശം ഓര്‍മ്മിച്ച്, ഇട്ടിക്കണ്ടപ്പന്‍, എത്തിനോക്കി എല്ലാം വിശദമായി പറയുന്നതിനുമുമ്പ് തന്നെ ഉണ്ണുനീലി പറഞ്ഞു. ഇട്ടിക്കണ്ടപ്പന് വല്ല ഉപദേശികളും ഉണ്ടായിരുന്നെങ്കില്‍ ഉണ്ണുനീലിയെ കല്യാണം കഴിക്കില്ലായിരുന്നല്ലോ.
“നിങ്ങളെ എങ്ങോട്ടാണ് കെട്ടിയെടുത്തിരിക്കുന്നത്?” ഉണ്ണുനീലി ചോദിച്ചു.
“ഞങ്ങളും മുംബൈ ജംക്‍ഷനിലേക്കാണ്.” മദാമ്മ മൊഴിഞ്ഞു.
ഉണ്ണുനീലിയ്ക്ക് ഒരു കാര്യത്തില്‍ സമാധാനമായി. മദാമ്മയ്ക്കും വിവരമുള്ള അച്ഛനമ്മമാരുണ്ട്.
“എന്താ പേര്?”
“എന്റെ പേര് ഉണ്ണുനീലി. ഹിസ് നെയിം ഇട്ടിക്കണ്ടപ്പന്‍.”
“നൈസ് നെയിംസ്.”അസ്സലു മദാമ്മ. സോപ്പിടല്‍ ഇവരുടെ അടുത്തുനിന്ന് പഠിക്കണം.
“ഉണ്ണുനീലിയുടെ മീനിംഗ് എന്താണ്?”
ഇവരെ വെറുതെ വിടരുത്.
“ഉണ്ണുനീലി എന്നുപറഞ്ഞാല്‍, ബ്യൂട്ടിഫുള്‍ ആന്‍ഡ് വൈസ് ഡോട്ടര്‍.”
“ഹൌ സ്വീറ്റ്.”
പൊട്ടത്തി! ഒക്കെ വിശ്വസിച്ചു. വെറുതെയല്ല സായിപ്പിനെ കെട്ടേണ്ടിവന്നത്.
ഉണ്ണുനീലി പാട്ടുമൂളി.
“ക്യാന്‍ യൂ സിംഗ് ലൌഡ്ലി?”
പാടിയേക്കാം. ട്രെയിനില്‍ ചോര്‍ച്ചയുണ്ടാവുമോ? അതും ഏസിയില്‍? ഉണ്ടാവാന്‍ ചാന്‍സില്ല. മദാമ്മയ്ക്ക് പറ്റിയ പാട്ട് പാടാം.
“ഈ മുള്‍ക്കിരീടമിതെന്തിന് തന്നൂ, കാരുണ്യവാനാം ദൈവമേ?” പാട്ട് ഓര്‍മ്മിച്ചെടുത്ത് ഉണ്ണുനീലി പാടി.
“നൈസ് സോംഗ്.” മദാമ്മ.
“യെസ് യെസ്. മൈ ഹബ്ബീസ് ഫേവറിറ്റ് സോംഗ്. ഹി സിംഗ്സ് എവെരിഡേ, ഫോര്‍ മി.”
“വാട്ടീസ് ദ മീനിംഗ് ഓഫ് ദ സോംഗ്?”
വെറുതെയിരുന്ന സായിപ്പും ചോദ്യം തുടങ്ങി. അയാളുടെ ഒരു വാട്ടീസ്. മദാമ്മയേം കൊണ്ട് ഇറങ്ങിയതിന് അയാള്‍ക്കൊരു പാര കൊടുത്തേക്കാം.
“മീനിംഗ് ഓഫ് ദ സോംഗ് ഈസ്, ഓ...മൈ ബ്യൂട്ടിഫുള്‍, ഇന്റലിജന്റ് ആന്‍ഡ് സെക്സി വൈഫ്, ഐ ആം വെരി ലക്കി ടു ലിവ് വിത് യൂ ഇന്‍ ദിസ് ലൈഫ്.”അറിയാവുന്ന ഇംഗ്ലീഷൊക്കെയെടുത്ത് ഉണ്ണുനീലി കാച്ചി. ഞെട്ടിത്തരിച്ച ഇട്ടിക്കണ്ടപ്പന്‍, ഇവള്‍ക്ക് ഇംഗ്ലീഷ് അധികം അറിയാഞ്ഞതില്‍ ദൈവത്തെ സ്തുതിച്ചു.
“വൌ! ഓ മൈ ഗോഡ്! ഹൌ റൊമാന്റിക്.” മദാമ്മ കൂവി. ഇട്ടിക്കണ്ടപ്പനെ ഒന്നെത്തിനോക്കി, സായിപ്പിനെ ‘ഇതൊക്കെയൊന്ന് കണ്ടുപഠിക്ക് മനുഷ്യാ’ എന്ന മട്ടില്‍ ഒന്നു നോക്കി. ഭാര്യയ്ക്കു വേണ്ടി ദിവസവും പാടുന്ന പാട്ട് കേട്ടില്ലേ?
“യൂ റ്റൂ കാന്‍ സിംഗ് ഫോര്‍ ഹേര്‍.” ഉണ്ണുനീലി, സായിപ്പിനെ പ്രോത്സാഹിപ്പിച്ചു. മദാമ്മയ്ക്ക് പാടിക്കൊടുക്കാന്‍ ഇതിലും നല്ല പാട്ടില്ല. അര്‍ത്ഥം അറിയുമ്പോള്‍, മദാമ്മ വൌ എന്നതിനു പകരം ബൌ എന്നു പറഞ്ഞോളും.
“ഐ സിംഗ്, യു റിപീറ്റ്.” ഉണ്ണുനീലി പറഞ്ഞു.
“ഓക്കെ.” സായിപ്പ്.
“ഈ മുള്‍ക്കിരീടമിതെന്തിന് തന്നൂ....” ഉണ്ണുനീലി പാടി.
“ഈ മുല്‍ക്കിരീറ്റമിറ്റെന്തിന് റ്റന്നൂ...” സായിപ്പ് ഏറ്റുപാടി. മദാമ്മ സ്നേഹപൂര്‍വം സായിപ്പിനെ നോക്കി. ആദ്യമായിട്ടായിരിക്കും.
‘ഒരൊറ്റ മലയാളിയേയും ഇയാള്‍ക്ക് അടുത്ത് പരിചയമുണ്ടാവരുതേ ദൈവമേ.’ കിട്ടിയ ചാന്‍സില്‍ ഉണ്ണുനീലി ദൈവത്തെ വിളിച്ചു.
ടി.ടി. ആര്‍. ഒന്നെത്തിനോക്കിപ്പോയി. ഇപ്പോ വീണ്ടും വരുമായിരിക്കും. അയാള്‍ മലയാളി ആവാന്‍ ചാന്‍സുണ്ട്. സായിപ്പിന്റെ “റൊമാന്റിക് സോംഗ്” കേട്ടാല്‍...കണക്കായി. ഉണ്ണുനീലി വിചാരിച്ചു.
“ടി ടി ആര്‍ കമിംഗ്, നോ സിംഗിംഗ്.” ഉണ്ണുനീലി സായിപ്പിന് താക്കീതു കൊടുത്തു.
“വൈ?” സായിപ്പ് ആന്‍ഡ് മദാമ്മ ഒരേ സ്വരത്തില്‍. രണ്ടും എന്റെ തടികേടാക്കും. ഉണ്ണുനീലി വിചാരിച്ചു.
“ബികോസ് ഹി ഡിസ്‌ലൈക്സ് റൊമാന്റിക് സോംഗ്സ്.”
“ബട്ട് വൈ?”
നിങ്ങളെയൊക്കെ പാട്ടുപഠിപ്പിച്ച എന്നെ വേണം തല്ലാന്‍ - ഉണ്ണുനീലി.
“യൂ നോ, ഹി ഈസ് എ ഡിവോഴ്സി. സൊ ഹി ഹേറ്റ്സ് സോംഗ്സ് സിംഗിംഗ് ഫോര്‍ വൈഫ്.”
“ഹൌ ഡു യൂ നോ?”
സായിപ്പേ പറഞ്ഞതു കേട്ടാമതി വെറുതെ എനിക്ക് ജോലിയുണ്ടാക്കരുത്.
“വെരി സിംപിള്‍. യൂ ആര്‍ ട്രാവലിംഗ് വിത് യുവര്‍ വൈഫ്. മൈ ഹസ്ബന്‍ഡ് ഈസ് ട്രാവലിംഗ് വിത് ഹിസ് വൈഫ്, ആന്‍ഡ് ദിസ് ടി. ടി. ആര്‍ ഈസ് ആള്‍വേയ്സ് ട്രാവലിംഗ് അലോണ്‍.”
“യെസ്! യെസ്!” സായിപ്പ്.
മദാമ്മയ്ക്കൊത്ത സായിപ്പ്. ഒക്കെ വിശ്വസിച്ചു. വെറുതെയല്ല, ഇന്ത്യക്കാരൊക്കെ അമേരിക്ക കാണാന്‍ പോകുമ്പോള്‍, സായിപ്പിനു കാഴ്ച കാണാന്‍ ഇന്ത്യയില്‍ വരേണ്ടിവരുന്നത്.
ഇവളുടെ ഏത് സൈസ് ഫോട്ടോ, ഇക്കണക്കിനുപോയാല്‍ പത്രത്തില്‍ കൊടുക്കേണ്ടിവരുമെന്നോര്‍ത്ത്, മതിയാക്കിക്കോയെന്ന മുന്നറിയിപ്പ് നല്‍കാന്‍, ഇട്ടിക്കണ്ടപ്പന്‍ ഉറക്കം മതിയാക്കി താഴെയിറങ്ങിവന്നു. പിന്നെ ഉണ്ണുനീലി മിണ്ടാതെ ഇരുന്നു.
ഇട്ടിക്കണ്ടപ്പന്‍ ചോദിക്കുന്നു. സായിപ്പും മദാമ്മയും ഉത്തരം പറയുന്നു.
“കേരളത്തിലേക്ക് തിരിച്ചുവരുമോ? ഇട്ടിക്കണ്ടപ്പന്‍.
“വരുന്നുണ്ട്. നാട്ടിലേക്ക് തിരിച്ചുപോകുന്നത് കേരളത്തില്‍ നിന്നാണ്.”
“എപ്പോഴാ ഇനി.”
“അടുത്തയാഴ്ച.”
“ശനി?”
“അല്ല ഞായര്‍.”
ഉണ്ണുനീലിയുടെ ഹൃദയമിടിപ്പ് കൂടാന്‍ തുടങ്ങി.
“ഏത് ട്രെയിന്‍?”
സായിപ്പ് ട്രെയിനിന്റെ പേരു പറഞ്ഞു.
ഏയ്...തനിക്കു തോന്നിയതാവും. ഉണ്ണുനീലി സമാധാനിച്ചു.
“ഏതാ സീറ്റും കോച്ചുമൊക്കെ?”
മദാമ്മ ഏതോ ടിക്കറ്റ് എടുത്ത് കൊടുത്തു. ഇട്ടിക്കണ്ടപ്പന്‍ നോക്കിയിട്ട് ഉണ്ണുനീലിയ്ക്ക് കൊടുത്തു. ഉണ്ണുനീലിയുടെ ബോധം പകുതിയായി.
അവര്‍ വരുന്ന അതേ ട്രെയിന്‍, അതേ കോച്ച്, അടുത്തടുത്ത നമ്പറ്!
ഇവരൊരു മലയാളിയ്ക്ക് മുമ്പിലും ആ റൊമാന്റിക് സോംഗ് പാടല്ലേന്നോര്‍ത്ത് ഉണ്ണുനീലി വിറയ്ക്കുന്ന കൈകളോടെ ടിക്കറ്റ് തിരിച്ചുകൊടുത്തു.
സായിപ്പ് അപ്പോഴും “റൊമാന്റിക് സോംഗ്” പാടുന്നുണ്ടായിരുന്നു.
Labels: കഥ
22 Comments:
ഹ ഹ ഹ ... പാവം സായിപ്പ്...
സൂ, നന്നായി,
വായിക്കാന്‍ ഒരു ഫ്ലോയും രസവുമുണ്ട്.
സസ്നേഹം
ദൃശ്യന്‍
ഹ!ഹ... കൊടുകൈ..
സൂവേ, ഉണ്ണുനീലി ആള് മോശല്യലോ..
ഉരുളയ്ക്കുപ്പേരിയാണല്ലോ..
നല്ല രസം!
വണ്ടര്‍ഫുള്‍..ആദ്യം മുതല്‍ അവസാനംവരെയും അടിപൊളി..മുംബൈ ജംങ്കഷനില്‍ നിന്ന് തിരിച്ച് നാട്ടിലേക്കുള്ള ട്രെയിന്‍ ഈ ഞായറാഴ്ച പ്രതീക്ഷിക്കാമോ..?
നന്നായിട്ടുണ്ടെന്നു പറയാന്‍ ഞാന്‍ ആരുമായിട്ടില്ലല്ലൊ! എന്നാലും, നല്ല ഫ്ലോ!
ചേച്ചി...
സൂപ്പര്‍.......ഫന്റാസ്റ്റിക്....മാര്‍വലസ്സ്..
ഇപ്പോ ഇത്രേ എഴുതി കൊണ്ടു വന്നുള്ളു...
രസായിട്ടോ........ഇമ്മിണി ചിരിച്ചു
നന്‍മകള്‍ നേരുന്നു
നല്ല രസായി ചേച്ചീ.
ningalude kritikal kollam ketto.entanu udyogam?-Anil
ഹഹ...
സൂവേച്ചീ, സംഭവം കലക്കീട്ടോ...
[ഒരു ഡൌട്ട്: ഈ ഉണ്ണി നീലിയും സൂവേച്ചിയും തമ്മിലെന്തെങ്കിലും സാദൃശ്യമുണ്ടോ?
എന്നെ തിരയേണ്ട.ഇനീപ്പോ തല്‍ക്കാലം ഈ വഴി വരുന്നില്ല. ;) ]
ഹൈയ്, അതിനെടേല് ബോംബെയിലും പോയി വന്നാ?
ഉണ്ണുനീല്യേ...
നമിച്ച്!
സു ചേച്ചീ... റൊമാന്റിക് സോങ്ങ് കലക്കീട്ടോ... :-)
“വെരി സിംപിള്‍. യൂ ആര്‍ ട്രാവലിംഗ് വിത് യുവര്‍ വൈഫ്. മൈ ഹസ്ബന്‍ഡ് ഈസ് ട്രാവലിംഗ് വിത് ഹിസ് വൈഫ്, ആന്‍ഡ് ദിസ് ടി. ടി. ആര്‍ ഈസ് ആള്‍വേയ്സ് ട്രാവലിംഗ് അലോണ്‍.”
ചേച്ചി അതേറ്റു. :)))
ചേച്ചിയപ്പോ ബോംബെയില്‍ പോയല്ലേ..?
:)
എന്നും സ്നേഹത്തോടെ
ഉപാസന
നന്നായിട്ടുണ്ടു. ആത്മാംശം ഇല്ലേന്നൊരു സംശയം ........
സൂ, ഞാന്‍ ചോദിക്കാനിരുന്ന ചോദ്യം ഉപാസന ചോദിച്ചു.അടുത്തെങ്ങാനും വീ ക്കെ യെന്റെ പുസ്തകം വല്ലതും വായിച്ചിരുന്നോ ?
ഇട്ടിക്കണ്ടപ്പന് വല്ല ഉപദേശികളും ഉണ്ടായിരുന്നെങ്കില്‍ ഉണ്ണുനീലിയെ കല്യാണം കഴിക്കില്ലായിരുന്നല്ലോ.
ഉണ്ണുനീലി ഒരു സന്ദേശം നല്‍കുന്നില്ലേ..അതോ എന്‍റെ തോന്നലാണൊ.
സു, എന്തായാലും ചിരിച്ചു.:)
സൂവേച്ചീ, സംഭവം കലക്കീട്ടോ...
officinnu chirippichu enne cheethakelppikkalle soochchii..:)
സൂ...
കുറച്ചു കാലത്തിനുശേഷം ബ്ലോഗ് വായിച്ചു ചിരിച്ചത് ഇപ്പോഴാണ്. നന്നായിട്ടുണ്ട്.
സൂ..ചിരിച്ച് ബോധം കെട്ടു. ഉണ്ണുനീലി കലക്കീട്ടൊ..
ഉണ്ണുനീലീ ചരിതവും ചേട്ടന്‍റെ അഭിമുഖവും അടിപൊളി.. സൂവേച്ചിയെ കുറിച്ചു കേട്ടിട്ടുണ്ട്.. എങ്ങനെയെന്നു പിന്നെ പറയാം .എന്തായാലും പരിചയപ്പെടല്‍ ഇങ്ങനെയാകട്ടെ എന്തായാലും കലക്കി...
ദൃശ്യന്‍ :)
പി. ആര്‍ :)
പാര്‍ഥന്‍ :)
പൊറാടത്ത് :)
മന്‍സൂര്‍ :)
പ്രിയ ഉണ്ണികൃഷ്ണന്‍ :)
അനില്‍ :)
ശ്രീ :)
രജീഷ് :)
ദൈവമേ! :)
സൂര്യോദയം :)
ഉപാസന :)
ചെങ്ങമനാടന്‍ :)
വേണുജീ :)
സജി :)
മുസാഫിര്‍ :)
അപര്‍ണ്ണ :)
സഹ :)
സാരംഗി :)
അമ്പിളി :)
ആദ്യമായി ഈ ബ്ലോഗില്‍ വന്നവര്‍ക്കെല്ലാം സ്വാഗതം. എല്ലാവര്‍ക്കും നന്ദി.
15 വര്‍ഷം പ്രായമായ ഭര്‍ത്താവോ? ബാലവിവാഹ്?
:)
Post a Comment
Subscribe to Post Comments [Atom]
<< Home