Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, December 26, 2007

തീര്‍ത്ഥാടനം

“വീഗാലാന്‍ഡ് മതി.” ഏറ്റവും ഇളയ പേരക്കുട്ടി കൊഞ്ചലോടെ പറഞ്ഞു.
“ലോകത്ത് വേറെ സ്ഥലമില്ലാത്തതുകൊണ്ടാണോ പോയിടത്തുതന്നെ പോകാന്‍ ഇരിക്കുന്നത്?” എല്ലാവരും കൂടെ ഒരുമിച്ചെതിര്‍ത്തുപറഞ്ഞു.
അവരുടെ ബഹളം കേട്ടുകൊണ്ട് അയാള്‍ വെറുതെ ഇരുന്നു. തിരക്കുകള്‍ക്കിടയില്‍ നിന്ന് അല്പദിവസം ഒഴിവാകുന്നതുതന്നെ, എല്ലാവരുംകൂടെ ഒത്തുചേരുമ്പോഴാണ്.
അവധിക്കാലയാത്രയിലേക്കുള്ള തയ്യാറെടുപ്പിലായിരുന്നു എല്ലാവരും. എല്ലാവര്‍ഷവും വേനലവധിയ്ക്ക് പതിവുള്ളത്. എത്ര തിരക്കായാലും എല്ലാവരും ഒരുമിച്ചൊരു യാത്ര, എല്ലാവരുടേയും അവകാശം പോലെയാണ്.
“ഇപ്രാവശ്യം ഞാന്‍ ഒറ്റയ്ക്കാണ് യാത്ര.”
എല്ലാവരും അയാളെ നോക്കി. ബഹളം പെട്ടെന്ന് നിന്നു.
“അതെന്താ അങ്ങനെ?”
“അതൊക്കെയുണ്ട്. ഞാന്‍ പോകുന്നിടത്തേയ്ക്ക് പോകാന്‍ നിങ്ങള്‍ക്ക് വല്യ താല്പര്യം ഉണ്ടാവില്ല. അവിടെ കാണാന്‍ മാത്രം കാഴ്ചകളൊന്നുമില്ല. മാത്രമല്ല എനിക്കങ്ങോട്ട് പോയേ തീരൂ.”
പിന്നെ കുറേ നേരം അതിനെക്കുറിച്ചായി ചര്‍ച്ച. സ്ഥലമെങ്കിലും പറഞ്ഞൂടേന്ന് എല്ലാവരും ചോദിച്ചെങ്കിലും അയാള്‍ പറഞ്ഞില്ല. ഒക്കെ യാത്ര കഴിഞ്ഞിട്ട് പറയാം എന്നുപറഞ്ഞു.
തീരുമാനിച്ച ദിവസം എല്ലാവരും ഒരുമിച്ചുതന്നെ ഇറങ്ങി. യാത്ര തുടങ്ങിയപ്പോള്‍, അയാളുടെ മനസ്സ് കുട്ടികളുടേത്പോലെയായി. ഡ്രൈവറെക്കൂടെ ഒഴിവാക്കിയത് ആര്‍ക്കും ഇഷ്ടപ്പെട്ടില്ല. പക്ഷെ ഒറ്റയ്ക്ക് മതി എന്നുപറഞ്ഞതുകൊണ്ട് പിന്നെയാരും ഒന്നും പറഞ്ഞില്ല. എന്നും കാര്യങ്ങള്‍, വിളിച്ചറിഞ്ഞുകൊള്ളാം എന്ന് ഉറപ്പ് കൊടുത്തു.
വേനല്‍, ഭൂമിയിലൂടെ വരള്‍ച്ചയുടെ വര വരച്ചുവെച്ചിരുന്നു. വഴിയിലെ കല്ലുകള്‍, സൂര്യന്റെ ചൂടില്‍ ജ്വലിച്ചുനിന്നിരുന്നു. വീണുകിടക്കുന്ന ഇലകള്‍, പൊടിഞ്ഞ്, മണ്ണിനോട് ചേര്‍ന്നലിയുന്നതിനുമുമ്പ് ഒരിക്കല്‍ക്കൂടെ വൃക്ഷങ്ങളില്‍ സമൃദ്ധമായി നിന്നിരുന്ന കാലം ഓര്‍ക്കുകയാവും എന്നയാള്‍ക്ക് തോന്നി. വൃക്ഷങ്ങള്‍, ചൂടിന്റെ ഭാരം താങ്ങി, അവശതയില്‍ നിന്നിരുന്നു.
ഗ്രാമത്തിലെ ചെറിയൊരു ലോഡ്ജില്‍ റൂമെടുക്കുമ്പോള്‍, അയാള്‍ യാത്രാക്ഷീണത്തിലായിരുന്നില്ല. വളരെ ഉത്സാഹത്തിലായിരുന്നു. വിട്ടുപോയിടത്തേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തില്‍. റൂമില്‍ അല്പം വിശ്രമിച്ചതിനുശേഷം അയാള്‍ നടക്കാനിറങ്ങി.
ചുറ്റുമുള്ള പ്രകൃതി, പരിചയം ഭാവിക്കുന്നുണ്ടെന്ന് അയാള്‍ക്ക് തോന്നി. കാലം വരുത്തുന്ന മാറ്റം, ആ ഗ്രാമത്തിലും എത്തിയിരുന്നെങ്കിലും, ഇനിയും മാറാത്ത സ്നേഹം, അയാള്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നുണ്ടായിരുന്നു.
ഓരോരുത്തരെക്കുറിച്ച് ചോദിച്ചപ്പോള്‍, ഹോട്ടലിലെ ആള്‍ക്കാര്‍ പറഞ്ഞുകൊടുത്തു. ഹോട്ടലിന്റെ കെട്ടും മട്ടും മാറിയിട്ടുണ്ട്. പക്ഷെ ആഹാരത്തിന്റെ രുചികരമായ സ്വാദ് മാറിയിട്ടില്ല.
ആല്‍മരത്തിന്റെ പിന്നിലൂടെ നടന്നപ്പോള്‍, പുതിയ കെട്ടിടമാണ് വരവേറ്റത്. എന്നാലും ഗേറ്റ് കടന്ന് മണ്ണിലേക്ക് കാല്‍ വെച്ചപ്പോള്‍ അയാള്‍ക്ക് ശ്വാസമില്ലാതെയായി. അത്രയ്ക്കും ആഹ്ലാദം. അവധിദിനമായതുകൊണ്ടാവണം, ആരേയും കാണാത്തത്. ഏതെങ്കിലും ഭാഗത്ത് ആരെങ്കിലും ഉണ്ടാവും. എന്തായാലും നടന്ന് നടന്ന് നോക്കാന്‍ അയാള്‍ തീരുമാനിച്ചു.
നടന്ന്, ഒരു കെട്ടിടത്തിലെ ഒരു മുറിയിലേക്ക് അയാള്‍ കയറി. അവിടെയുള്ള ഇരിപ്പിടത്തില്‍ ഇരുന്നു. ഒരുപാട് ഓര്‍മ്മകളില്‍ അയാള്‍ ആഹ്ലാദം കൊണ്ടു. ചിലത് അയാളെ പരിഭവിപ്പിച്ചു, നോവിച്ചു, ചിരിപ്പിച്ചു.
ഈ സ്ഥലം. ഈ കെട്ടിടം. പുതിയതിനുമുമ്പുള്ള കെട്ടിടം. ഇവിടെ നിന്നാണ് അയാള്‍ ഓരോന്നും പഠിച്ചെടുത്തിരുന്നത്, പരീക്ഷ എഴുതിയിരുന്നത്. ഇതിന്റെ മുറ്റത്തുനിന്നാണ് കൂട്ടുകാരോടൊത്ത് കളിച്ച് ചിരിച്ചിരുന്നത്. അയാളെ ഇത്രയും വലിയൊരു ബിസിനസ്സുകാരനാക്കിയതില്‍ ഈ ഗ്രാമത്തിനും, കൂട്ടുകാര്‍ക്കും, അയാളിപ്പോള്‍ നില്‍ക്കുന്ന വിദ്യാലയത്തിനും, അദ്ധ്യാപകര്‍ക്കും ഒക്കെയുള്ള പങ്ക് ചെറുതൊന്നുമല്ല. അവഗണിച്ചതല്ലെങ്കിലും ഇങ്ങോട്ടൊന്നു വന്നുനോക്കാതെ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇന്ന് വലിയൊരാഗ്രഹം പൂര്‍ത്തിയായിരിക്കുന്നു.
നാട്ടിലുള്ള കൂട്ടുകാരെയൊക്കെ കണ്ടിട്ട് പോകാമെന്ന് കരുതി അയാള്‍ അവിടെ നിന്ന് എണീറ്റു. വീട്ടുകാരോട് യാത്രയുടെ കാര്യം പറയാനും അയാള്‍ക്ക് ധൃതിയായി. ഫോട്ടോയെടുക്കുമ്പോള്‍, പഴയ കാര്യങ്ങളോരോന്നും അയാളുടെ മനസ്സിലും തെളിഞ്ഞുവന്നു. വ്യക്തമായ ചിത്രങ്ങള്‍. തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി, അയാള്‍ ഇറങ്ങിനടന്നു.

Labels:

11 Comments:

Blogger Babu Kalyanam said...

ishtayi!!!!
pakshe ottum puthuma thonniyilla!!!

"Sree parvathiyude paadam" enna katha vayichittundo (B Harikumar-inte ennanu orma)?
athil ithu poloru theerthadanam nannayi chithreekarichittundu!!!

Wed Dec 26, 03:01:00 PM IST  
Blogger ശ്രീ said...

ശരിയ്ക്കും ഒരു തീര്‍‌ത്ഥാടനം തന്നെ.

എല്ലാവരും ഇടയ്ക്ക് ഇങ്ങനെ ഒരു തിരിഞ്ഞുനോട്ടം നടത്തിയിരുന്നെങ്കില്‍‌...


പുതുവത്സരാശംസകള്‍‌!
:)

Wed Dec 26, 03:25:00 PM IST  
Blogger മഹിമ said...

സൂ,

അതിഭാവുകത്വമില്ലാതെ വെടിപ്പാ‍ര്‍ന്ന എഴുത്ത്. കൊച്ചു കഥ. നന്നായി.

‘രുചികരമായ സ്വാദുള്ള’ എന്നു പറയാമോ എന്നറിയില്ല.

Wed Dec 26, 03:32:00 PM IST  
Blogger കുറുനരി said...

കൊള്ളാം.. ഇഷ്ടായി.

Wed Dec 26, 08:21:00 PM IST  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല വിവരണം.

ആശംസകള്‍

Wed Dec 26, 11:41:00 PM IST  
Blogger സു | Su said...

ബാബു :) പുതുമയില്ല അല്ലേ? ആ കഥ ഞാന്‍ വായിച്ചിട്ടില്ല. ഇനി കിട്ടിയാല്‍ വായിക്കും.

ശ്രീ :)

മഹിമ :) അങ്ങനെ പറയില്ല അല്ലേ?

കുറുനരി :)

പ്രിയ :)


വായിച്ചവര്‍ക്കും, അഭിപ്രായം പറയാന്‍ സന്മനസ്സ് കാട്ടിയവര്‍ക്കും നന്ദി.

Thu Dec 27, 04:40:00 PM IST  
Blogger P.R said...

തീര്‍ത്ഥാടനം പെട്ടെന്ന് പൂര്‍ത്തിയാക്കിയ പോലെ..
എന്നാലും വിവരണം ഇഷ്ടമായി സൂ..

Thu Dec 27, 06:44:00 PM IST  
Blogger സു | Su said...

പി.ആര്‍ :)

Fri Dec 28, 10:39:00 AM IST  
Blogger -സു‍-|Sunil said...

സൂ, സുഖം തന്നെയല്ലേ?
എ. ഹരികുമാറ് ആണ്, ബി ഹരികുമാറല്ല. ആ കഥയും പിന്നെയും കുറെ നല്ല കഥകളും ഇവിടെയുണ്ട്‌. ഡൌണ്‍‌‌ലോഡ് ചെയ്ത് വായിക്കൂ.
http://www.geocities.com/harikumar_e/

സ്നേഹപൂര്‍വ്വം,
-സു-

Wed Feb 27, 06:25:00 PM IST  
Blogger -സു‍-|Sunil said...

This comment has been removed by the author.

Wed Feb 27, 06:26:00 PM IST  
Blogger -സു‍-|Sunil said...

kshamikkoo.

E. Harikumar (mozhi patichchoo)

Wed Feb 27, 06:27:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home