Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, February 13, 2008

ഓര്‍ക്കേണ്ടത്

ഉയര്‍ച്ചയിലുണരുന്ന മനസ്സിനെനോക്കി,
ദൈവം മൊഴിയുന്നു നീ നിന്നെയറിയുക.
കാലങ്ങള്‍ നീട്ടുന്ന സൌഭാഗ്യങ്ങളില്‍
‍സ്വയം മറന്നു പൊഴിഞ്ഞുപോവാതീടുക.

താഴ്ചയിലലറുന്ന മനസ്സിനെ നോക്കി,
ദൈവം മൊഴിയുന്നു നീ നിന്നെയറിയുക.
ഓരോ നോവിലും, വയ്യെന്ന നിനവിലും,
അന്ത്യമെന്നോര്‍ക്കാതുണര്‍ന്നു നിന്നീടുക.

ഇത്രയും പാതകള്‍ പിന്നിട്ടുപോരിലും,
എത്രയോ ദൂരം ബാക്കിയെന്നാകിലും,
മനസ്സു തളര്‍ത്തി സ്വയം തകരാതെ നീ,
നല്ലതു ചിന്തിച്ചു മുന്നോട്ടുപോവുക.

ലക്ഷ്യമൊന്നുണ്ടെങ്കില്‍ നേടാന്‍ കഴിഞ്ഞിടും,
ആത്മവിശ്വാസം കൈമുതലാക്കുക.
പ്രാര്‍ത്ഥനയിലൂടെന്നും ദൈവത്തെയോര്‍ക്കുക,
തുണയായി കൂടെയുണ്ടാവുമെന്നോര്‍ക്കുക.

എത്ര ചെറിയൊരു ജന്മമെന്നാകിലും,
മഹത്തരം ജീവിതമെന്നതോര്‍മ്മിക്കുക.
ആരും പിന്നിലും, മുന്നിലുമല്ലല്ലോ,
എല്ലാവരും ദൈവമക്കളെന്നോര്‍ക്കുക.

നീ നടന്നകലും വഴിയിലൂടെ,
പലരും കടന്നുവന്നീടുമെന്നോര്‍ക്കുക.
പിന്‍‌ഗാമികള്‍ക്കായി വിട്ടുപോയീടുക,
വീഥിയില്‍‌, പൂക്കളും, അല്പം വെളിച്ചവും.

Labels:

6 Comments:

Blogger Rasheed Chalil said...

സു ചേച്ചീ കവിത വായിച്ചപ്പോള്‍ പണ്ടെങ്ങോ ഉര്‍ദു ക്ലാസ്സില്‍ പഠിച്ച ഇഖ് ബാലിന്റെ പഹാഡ് ഔര്‍ ഗില്‍ഹരി (പര്‍വ്വതവും അണ്ണാന്‍ കുഞ്ഞും) എന്ന കവിതയാണ് ഓര്‍മ്മവന്നത് . അണ്ണാന്‍ കുഞ്ഞെന്നെ കുഞ്ഞു സൃഷ്ടി, പ്രപഞ്ചത്തിലെ ഭീമാകാരമുള്ള പര്‍വ്വതത്തിന്റെ ഗാംഭീര്യമോ ഗൌരവമോ ഗൌനിക്കാതെ ചില്ലകളില്‍ നിന്ന് ചില്ലകളിലേക്ക് കലപിലാ ശബ്ദത്തോടെയോടുക എന്ന ‘അഹങ്കാരം’ ചെയ്തു എന്ന കുറ്റപ്പെടുത്തലുമായി മാമലയുടെ ശകാരവും അതിന് മറുപടിയായി ഓരോ സൃഷ്ടിയുടെയും ജീവിതവും ദൌത്യവും വിശദീകരിക്കുന്ന അണ്ണാന്‍ കുഞ്ഞിന്റെ വാചാലതയും ഒരു നിമിഷം ഓര്‍ത്തു. സുഖവും ദുഖവും പോലെ സന്തോഷവും സന്താപവും പോലെ കയറ്റവും ഇറക്കവും പോലെ... സ്രഷ്ടികളുടെ കഴിവുകളിലും സന്തുലിതാവസ്ഥ കണ്ടെത്താനുള്ള ഒരു ശ്രമം.

കവിത ഇഷ്ടായി... ഒത്തിരി.

Wed Feb 13, 09:27:00 am IST  
Blogger ശ്രീ said...

"പിന്‍‌ഗാമികള്‍ക്കായി വിട്ടുപോയീടുക,
വീഥിയില്‍‌, പൂക്കളും, അല്പം വെളിച്ചവും."


സൂവേച്ചീ...
ഒരു നല്ല കവിത, അഥവാ പ്രാര്‍‌ത്ഥന. ഈ ചിന്ത ഇഷ്ടമായി. അവസാനത്തെ രണ്ടു വരികള്‍ പ്രത്യേകിച്ചും.

:)

Wed Feb 13, 10:17:00 am IST  
Blogger Rafeeq said...

ശ്രീ.. പറഞ്ഞ പോലെ ഒരു പ്രര്‍ത്ഥന പോലെ തോന്നി

നന്നായിട്ടുണ്ട്‌.. :-)

Wed Feb 13, 12:09:00 pm IST  
Blogger നന്ദു said...

സൂ :), നല്ല അര്‍ത്ഥമുള്ള വരികള്‍ . പക്ഷെ കുറച്ചൂകൂടെ പോളീഷ് ചെയ്തിരുന്നെങ്കില്‍ കവിതയുടെ ഒഴുക്കു കുറെക്കൂടെ നന്നായെനെ എന്നു എനിക്കു തോന്നി...

Wed Feb 13, 03:14:00 pm IST  
Blogger ദിലീപ് വിശ്വനാഥ് said...

വളരെ ഇഷ്ടമായി ഈ കവിത.

Thu Feb 14, 03:59:00 am IST  
Blogger സു | Su said...

ഇത്തിരീ :) ഇത് വായിച്ച് ഇങ്ങനെയൊരു അഭിപ്രായം വിശദമായി എഴുതിയതിന് നന്ദി. എല്ലാവര്‍ക്കും തുല്യത തന്നെ. ദൈവത്തിന്റെ കണ്ണിലെങ്കിലും.

ശ്രീ :)

വാല്‍മീകി :)

റഫീക്ക് :)

നന്ദു :) ഞാനല്ലേ ഉള്ളൂ ഇവിടെ ശരിയാക്കാന്‍. ചെയ്തിട്ടും ചെയ്തിട്ടും ഇത്രയേ ആയുള്ളൂ. ഇനിയും ചിലപ്പോള്‍ ആവുമായിരുന്നു അല്ലേ?

വായിച്ചവര്‍ക്കും, അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.

Thu Feb 14, 10:46:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home