Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, January 15, 2008

ചില ജന്മങ്ങള്‍

ഞായറാഴ്ച ആയിട്ട് വെറുതേ കറങ്ങാന്‍ ഇറങ്ങിയതായിരുന്നു, ഞാനും ചേട്ടനും. കുറച്ച് ദൂരത്തുള്ള ടൌണിലേക്ക് പോയി വരാമെന്ന് വിചാരിച്ച് ബസ്സില്‍ കയറി. സീറ്റുള്ള ബസ്സില്‍ കയറാം എന്നു പറഞ്ഞപ്പോള്‍ എല്ലാവരും എന്നോട് പറയുന്നതുപോലെ എല്ലാ ബസ്സിലും സീറ്റുണ്ടാവും എന്ന് ചേട്ടനും പറഞ്ഞു. ബസ്സില്‍, നിന്നു യാത്ര ചെയ്യുക എന്നുപറഞ്ഞാല്‍ എനിക്ക് നടന്നുപോയാലും വേണ്ടില്ല, എത്ര ദൂരത്തായാലും എന്നു തോന്നും.

ഭാഗ്യത്തിന് കയറിയപാടേ സീറ്റ് കിട്ടി. അറ്റത്ത്. ഇരുന്നു. അടുത്തുള്ളവള്‍ വല്യ ഗൌരവത്തിലാണ്. ഞാന്‍ അതിലും വല്യ ഗൌരവത്തില്‍ ഇരുന്നു. എന്തിനു കുറയ്ക്കണം. കാക്കപ്പൊന്നാണെങ്കിലും നമ്മള്‍ നമ്മുടെ പവറൊന്നും കുറയ്ക്കേണ്ടല്ലോ.

അടുത്ത സ്റ്റോപ്പിലെത്തിയപ്പോഴാണ് സംഭവം. വല്യ സംഭവം ഒന്നുമല്ല. കുറേ, കുറേ എന്നുപറഞ്ഞാല്‍ അഞ്ച്, ചെറുതും വലുതുമായ കുട്ടികള്‍, ഒരമ്മ, അതിന്റെ കൈയില്‍ ഒരു കൈക്കുഞ്ഞ്, ഇത്രേം പേര്‍ കയറി. ഒക്കെ പിച്ചയെടുത്ത് ജീവിക്കുന്നവര്‍. ജനിച്ചയന്ന് കുളിച്ചിട്ടുണ്ടാവും. അത്രയ്ക്കും മുഷിഞ്ഞ വേഷം, ക്ഷീണിച്ച കോലം. അല്ലാതെ പിന്നെ നാലുനേരം മൂക്കുമുട്ടെ തിന്ന് ഏമ്പക്കം വിടുന്ന എന്നെപ്പോലെ ഇരിക്കില്ലല്ലോ.

കയറി വന്നുനിന്നത് എന്റെയടുത്ത്. കാരണം ബസ്സിലെ സീറ്റിന്റെയടുത്തുള്ള തൂണില്‍ ചാരിയാണ് എന്റെ ഇരുപ്പ്. എല്ലാംകൂടെ വന്ന് അതില്‍പ്പിടിച്ചു. എനിക്കൊന്നും തോന്നിയില്ല. അതുങ്ങളുടെ നില്‍പ്പും, വര്‍ത്തമാനവും കണ്ടപ്പോള്‍, ഞാന്‍ കോളേജില്‍ പോകുന്ന കാലം ഓര്‍ക്കുകയും ചെയ്തു. ഞങ്ങളും അങ്ങനെ ഒരുമിച്ച് പിടിച്ച് നിന്ന് അയ്യോ അയ്യോ എന്നൊക്കെപ്പറയുമായിരുന്നു. അട്ടഹസിക്കുകയും ചെയ്യുമായിരുന്നു.

അവര്‍ വന്നു നിന്ന് ബസ് വിട്ടതും എന്റെ അടുത്ത് ഇരുന്ന കുട്ടി (കുട്ടിയൊന്നുമല്ല. എന്നേക്കാളും പ്രായം കുറവായതുകൊണ്ട്, കുട്ടി.) പറഞ്ഞു, എല്ലാത്തിനോടും ഡ്രൈവറുടെ സീറ്റിനു പിറകില്‍ ഉള്ള സ്ഥലത്ത് പോയി നില്‍ക്കാന്‍ പറ എന്ന്. പിന്നേ... അവളു പറയുന്നതു കേള്‍ക്കാന്‍ എന്നെ അവളുടെ വേലക്കാരിയായിട്ട് അപ്പോയിന്റ് ചെയ്തിരിക്ക്യല്ലേ. ഞാന്‍ അങ്ങനെയൊന്ന് എന്റെ ചെവിയില്‍ എത്തിയതേയില്ല എന്ന
ഭാവത്തില്‍ ഇരുന്നു.

അവള്‍ക്കു പേടി. ഈ കുളിക്കാത്ത, വൃത്തിയില്ലാത്ത, പൈസയില്ലാത്ത കുട്ടികള്‍, സ്റ്റൈല്‍ ഇല്ലാത്ത കുട്ടികള്‍, ഞങ്ങളുടെ നടുവിലേക്ക് നില്‍ക്കട്ടെ എന്നു പറഞ്ഞാലോയെന്ന്. അവളുടെ പെര്‍ഫ്യൂമടിച്ച കുപ്പായം ചീത്തയാവില്ലേ. അവളെ പുറത്തുനിന്നോ ബസ്സിനകത്തുനിന്നോ ആരെങ്കിലും നോക്കാനുണ്ടെങ്കില്‍, ഈ കുട്ടികളുടെ അടുത്തൊക്കെ നിന്നാല്‍ അവളുടെ വില പോയില്ലേ.

ആ കുട്ടികള്‍ കേട്ടോയെന്നറിയില്ല, അവള്‍ പറഞ്ഞത്. അതുങ്ങള്‍, അല്പം കഴിഞ്ഞ്, കയറിയ അതേ ഉഷാറോടെ മുന്നിലേക്ക് പോയി, അവിടെ പിടിച്ചുനിന്ന് ആഹ്ലാദിക്കാന്‍ തുടങ്ങി. കുഞ്ഞുങ്ങള്‍ക്കെന്തറിയാം ഈ “വല്യവരുടെ” കാര്യം!

എനിക്ക് വളരെ സന്തോഷമായി. എന്തിനു? നിങ്ങള്‍ ആലോചിക്കും, അവരൊക്കെ മുന്നോട്ട് പോയതുകൊണ്ടാവും എന്ന്. അല്ലല്ല. എന്റെ ചുരിദാറിനും, മാലയ്ക്കും, മോതിരങ്ങള്‍ക്കും, വളകള്‍ക്കും, കമ്മലിനും, ഒക്കെ എന്തൊരു വില. എന്തൊരു ബഹുമാനമാണ് കിട്ടിയത്. അതൊക്കെ ഇല്ലായിരുന്നെങ്കില്‍, അവള്‍, ഞാനും കയറിയപാടേ എന്നോട് ഇവിടെ ഇരിക്കാന്‍ പറ്റില്ല, മുന്നിലെങ്ങാനും പോയി നില്‍ക്ക് എന്നു പറയില്ലായിരുന്നോ? ഹോ...ഞാന്‍ സന്തോഷംകൊണ്ട് കോരിത്തരിച്ചു. ഒരു കരിക്കട്ടയ്ക്ക്, കാക്കപ്പൊന്നിനു ഇത്രേം സന്തോഷിക്കാന്‍ കിട്ടിയാല്‍പ്പിന്നെ വെറുതേ വിടണോ. ഞാനങ്ങ് സന്തോഷിച്ചു.

ഒരു രണ്ട് വര്‍ഷം മുമ്പായിരുന്നെങ്കില്‍ ഞാന്‍ അവളോട് എന്തെങ്കിലുമൊക്കെ പറഞ്ഞേനെ. ഇപ്പോ ഞാന്‍ മിക്കവാറും നിശ്ശബ്ദമായിട്ട് സഹിക്ക്യേ ഉള്ളൂ ഒക്കെ. പറഞ്ഞാലേ ഗതിയുള്ളൂ എന്നുള്ള അവസരങ്ങളില്‍ മാത്രം പ്രതികരിക്കാറുണ്ട്.

പിന്നെ ആലോചിച്ചപ്പോള്‍ അവളെയൊന്നും ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ചെലപ്പോ എന്റെ വീട്ടിലെ ആരെങ്കിലും ആയിരുന്നെങ്കിലും ഇതേ പറയുമായിരുന്നുള്ളൂ എന്ന് ഞാനോര്‍ക്കുകയും ചെയ്തു. :) (സ്മൈലി, സ്മൈലി)

എനിക്കന്നത്തെ ദിവസം തല പുകഞ്ഞ് പോയിക്കിട്ടി. ആ പുക മാറുമ്പോഴേക്കും വേറൊരു പുക തലയിലേക്ക് കയറി. അതുമാറുമ്പോഴേക്ക് വേറൊരു പുക തലയിലേക്ക് വന്നു. ഒക്കെക്കൂടി മതിയായിപ്പോയപ്പാ. (വക്കാരിയപ്പാ, എവിടെപ്പോയപ്പാ?)

Labels:

22 Comments:

Blogger മന്‍സുര്‍ said...

സൂ ചേച്ചി...

പറഞ്ഞത്‌ ഒരു വക ഹാസ്യത്തിലാണെങ്കിലും
ഒരു കാര്യമില്ലാതില്ല...... കാണുന്നതിനോടൊക്കെ പുച്ഛം
തോന്നുന്ന ഇവര്‍ക്കെതിരെ ഒരല്‍പ്പം നര്‍മ്മവുമായി
പ്രതികരിക്കാന്‍ ഇത്തരം കറുപ്പിനഴക്കുമാരികള്‍
ഇനിയും പടരട്ടെ....കറങ്ങട്ടെ.....

ഇടക്കിടക്ക്‌ കറുപ്പിനഴക്‌ എന്ന ഗാനശകലം
മനസ്സിലേക്ക്‌ ഓടി വന്നു കൊണ്ടിരുന്നു.....

അതുമൊരു ഭാഗ്യം

ഇതെന്തപ്പാ.....അറിയില്ലപ്പ...
എന്ന പോരട്ടെ രണ്ട്‌ പ്ലേറ്റ്‌ അറിയില്ലപ്പം


നന്‍മകള്‍ നേരുന്നു

Tue Jan 15, 01:44:00 AM IST  
Blogger പ്രയാസി said...

"ചില ജന്മങ്ങള്‍"

സന്തോസായി..ഇങ്ങളെപ്പോലുള്ള പെണ്ണുങ്ങള്‍ ഇങ്ങനെയുള്ള പോസ്ടുകള്‍ ഗൂടെ ഗൂടെ ഇടുക..

Tue Jan 15, 01:51:00 AM IST  
Blogger അപര്‍ണ്ണ said...

സൂച്ചീ, നന്മയുള്ള ഒരു മനസ്സില്ലെങ്കില്‍ പിന്നെ എന്തു കൈമുതലായിട്ടും എന്തു കാര്യം അല്ലെ?

Tue Jan 15, 02:50:00 AM IST  
Blogger SAJAN | സാജന്‍ said...

അയ്യെടാ പൊങ്ങച്ചം, സൂചേച്ചിയേ കാണാന്‍ നല്ല പത്രാസുണ്ടെന്നും സൂചേച്ചിക്കും സ്വര്‍ണ്ണമാലയും വളകളും മോതിരങ്ങളും കമ്മലും നല്ല ചുരിദാറും ഒക്കെ ഉണ്ടെന്ന് കാണിക്കാനല്ലേ, ഈ പോസ്റ്റ്.. ഉം ഊം .. എല്ലാം മനസിലായി:):) ( പിന്നെ ഞാന്‍ കുറച്ചു ദിവസത്തേക്ക് കമ്പ്യൂട്ടെര്‍ തുറക്കുന്നില്ല എന്തോ വൈറസ് വരാന്‍ സാധ്യതയുണ്ടെന്ന് വാരഫലത്തില്‍ ജ്യോത്സന്‍ പറഞ്ഞിരുന്നു)
ഓടോ: എഴുത്ത് രസമുണ്ടായിരുന്നു, ഇനിയും ഇത്തരം ചെറിയ കഥകളൊക്കെ എഴുതൂ:):)

Tue Jan 15, 03:32:00 AM IST  
Blogger സു | Su said...

മന്‍സൂര്‍ :) അറിയില്ലപ്പം എന്നൊരു അപ്പമുണ്ടോ? ഹിഹി.

പ്രയാസി :) അതൊന്നു പറയാനുണ്ടോ? ഇങ്ങനെയുള്ള പോസ്റ്റുകള്‍ കൂടേക്കൂടെ ഇടാന്‍ പറ്റില്ല. ഇതു ഭാവനയില്‍ നിന്നു വരുന്നതൊന്നുമല്ലല്ലോ. ജീവിതത്തില്‍ സംഭവിക്കുന്നതല്ലേ. സന്തോഷമായത് നന്നായി. ;)

അപര്‍ണ്ണ :) എന്റേത് അത്ര നന്മയുള്ള മനസ്സൊന്നുമല്ല. പിന്നെ ഇങ്ങനെ ഓരോരുത്തര്‍ ഉണ്ടാവുമ്പോള്‍ നമ്മളെത്ര ഭേദം. ;) സൂച്ചി വിളി എനിക്കെന്തോ അത്ര ദഹിക്കുന്നില്ല. പരിചയം ഇല്ലാത്തതുകൊണ്ടാവും.

സാജന്‍ :) ഹോ...സാജനു അതൊക്കെ മനസ്സിലായി അല്ലേ? ഞാന്‍ കയറിയ ബസ്സിന്റേം, എന്റേയും, ബസ്‌സ്റ്റോപ്പിന്റേയും ഒക്കെ ഒരു ഫോട്ടോ കൂടെ ഇടണം എന്നുകരുതിയിരുന്നു. എന്നാലല്ലേ പൊങ്ങച്ചം മുഴുവന്‍ ആവൂ. ;) ഇതൊരു കഥയല്ല. ജീവിതം പറയുമ്പോള്‍ അത് കഥയാക്കി വായിച്ചുപോകുന്നത് എനിക്കിഷ്ടമല്ല.

Tue Jan 15, 09:18:00 AM IST  
Blogger ഹരിശ്രീ said...

സൂ ചേച്ചി,

നല്ല പോസ്റ്റ്...

ആശംസകള്‍

Tue Jan 15, 11:17:00 AM IST  
Blogger SAJAN | സാജന്‍ said...

അയ്യോ സൂചേച്ചി:):) ചുമ്മാ ചൂടാക്കാന്‍ വേണ്ടി ശരിക്കും തമാശക്ക് എഴുതിയതാണേ ,
പിന്നെ കഥയാണെന്ന് അറിയാതെ എഴുതിപ്പോയതാ, അനുഭവമാണെന്ന് അറിയാം. അതിനു ആത്മാര്‍ത്ഥമായും സോറീണ്ട്.

Tue Jan 15, 12:38:00 PM IST  
Blogger സു | Su said...

ഹരിശ്രീ :) നന്ദി.

സാജന്‍ :) സോറി വേണ്ട. സുഹൃത്തുക്കളാണെങ്കില്‍. അല്ലെങ്കില്‍ ഒട്ടുംവേണ്ട. അന്യന്‍‌മാരുടെ കൈയില്‍ നിന്ന് ഒന്നും വേണ്ട. (ഇതൊക്കെ പറഞ്ഞ് വഴക്കാക്കി ആ ഗിഫ്റ്റ് അയക്കാതിരിക്കാനുള്ള സൂത്രമല്ലേ. ആ വേല കൈയിലിരിക്കട്ടെ) ;)

Tue Jan 15, 12:46:00 PM IST  
Blogger SAJAN | സാജന്‍ said...

സൂചേച്ചി ഓകെ സോറി തിരിച്ചെടുത്തു, പിന്നെന്താ വാദി ഇപ്പൊ പ്രതിയായോ എനിക്കല്ലേ ബേര്‍ത്ഡേയ്ക്ക് ഗിഫ്റ്റ് പാഴ്സല്‍ ആയി അയക്കാമെന്ന് ഏറ്റത്, ഇങ്ങെനെയെഒക്കെ പറഞ്ഞ് അതില്‍ നിന്നും ഒഴിവാകാന്‍ ആണല്ലേ അത് പറ്റില്ല എന്തു പറഞ്ഞാലും എന്റെ പിറന്നാള്‍ കഴിയുന്നത് വരെ ഞാന്‍ പിണങ്ങില്ല:):)

Tue Jan 15, 01:03:00 PM IST  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പാര ഒന്ന് കിട്ടിയ സ്ഥിതിക്ക് ഒന്നൂടെ വച്ചോ.

“അവളുടെ പെര്‍ഫ്യൂമടിച്ച കുപ്പായം ” കണ്ട് അസൂയപ്പെട്ട് എന്നാലവളങ്ങനെ സുഖിച്ചിരിക്കണ്ടാ എന്ന് കരുതി, സൂചേച്ചി എണീറ്റ് ആപിള്ളാരെ എല്ലാം സൂചേച്ചീടെ സീറ്റില്‍ പിടിച്ചിരുത്തും എന്നാ കരുതീത്.;)

Tue Jan 15, 06:09:00 PM IST  
Blogger ബിന്ദു said...

ചിലരങ്ങനെ ഒക്കെയാണു സൂ.

Tue Jan 15, 08:21:00 PM IST  
Blogger ശ്രീ said...

സൂവേച്ചീ...

ശരിയാണ്‍... ചിലരങ്ങനെയാണ്‍. സൂവേച്ചി പറഞ്ഞതു പോലെ, ഇത്തരക്കാരെ കാണുമ്പോഴാണ്‍ നമ്മളൊക്കെ എത്ര ഭേദം എന്ന് ആലോചിയ്ക്കുന്നത്.

Wed Jan 16, 08:48:00 AM IST  
Blogger അപര്‍ണ്ണ said...

അയ്യോ എന്നെ പരിചയമില്ലെന്ന് പറഞ്ഞേ..ഇന്നിനി എങ്ങനെ സമാധാമായിരിക്കും എന്റെ ദൈവമേ..എന്നാലും, എന്നോടിത്‌ വേണ്ടേര്‌ന്നു.
:(
---
ഇഷ്ടായില്ലെങ്കി ഇനി വിളിക്കില്ല. എന്നാലും തുറന്ന് പറഞ്ഞത്‌ ഇഷ്ടായി. :)

Wed Jan 16, 03:40:00 PM IST  
Blogger അപര്‍ണ്ണ said...

എങ്ങിനാ ഇനി പരിചയപ്പെടുന്നെന്നും പറയൂ. മെയില്‍ വഴി ആണൊ? പരിചയപ്പെടുത്താന്‍ സന്തോഷമേ ഉള്ളൂ. :)

Wed Jan 16, 03:44:00 PM IST  
Blogger സു | Su said...

സാജന്‍ :) എന്ത് പിറന്നാള്‍? എന്ത് ഗിഫ്റ്റ്? എനിക്കീയിടെയായി ഒന്നും ശരിക്കങ്ങ് ഓര്‍മ്മ വരുന്നില്ല. ഹിഹി. വയസ്സായില്ലേ. ;)

കുട്ടിച്ചാത്താ :) അത് കിട്ടും. ഞാന്‍ എണീറ്റുകൊടുത്തിട്ട് എല്ലാവരും ഇരിക്കും. അതുകുറേ നടക്കും.

ബിന്ദൂ :)

ശ്രീ :)

അപര്‍ണ്ണ :) അയ്യോ! വിളിച്ചോ, പ്രശ്നമില്ല. അഭിനയം ഏത്, നല്ലതേത് എന്നൊന്നും തിരിച്ചറിയാന്‍ പെട്ടെന്ന് കഴിഞ്ഞെന്നുവരില്ല. അതുകൊണ്ട് പറഞ്ഞേയുള്ളൂ. അനുഭവം ആണല്ലോ ഗുരു! തല്‍ക്കാലം പരിചയം ബ്ലോഗുവഴി മതി. മറ്റെല്ലാവരേയും പോലെ. പോരേ?

Wed Jan 16, 04:02:00 PM IST  
Blogger നാടന്‍ said...

Such a small incident, you narrated well indeed. I also get disturbed, when I see such scenes.

Wed Jan 16, 04:38:00 PM IST  
Blogger സാരംഗി said...

സൂ, നന്നായി എഴുതിയിരിക്കുന്നു. (പാവം കുഞ്ഞുങ്ങള്‍, പെര്‍ഫ്യൂമിന്റെ മണമടിച്ച് തല കറങ്ങിക്കാണും..) :)

Thu Jan 17, 08:22:00 AM IST  
Blogger വേണു venu said...

കൊഞ്ഞനം കാണിക്കുന്ന സത്യങ്ങള്‍.
ഇങ്ങനേയും ജന്മങ്ങള്‍.!

Sat Jan 19, 04:31:00 PM IST  
Blogger ദ്രൗപദി said...

ചിലരങ്ങനെയാണ്‌...
ഒളിത്താവളമാക്കി വെച്ച മനസിലെത്തുമ്പോഴേക്കും..
ഒഴിഞ്ഞുമാറിയോടി കളയും...

എന്തിനാവും അവരിങ്ങനെ പേടിക്കുന്നത്‌....?
എനിക്കറിയില്ല..സുവേച്ചിക്കറിയുമോ..?

Sat Jan 19, 08:29:00 PM IST  
Blogger കാലമാടന്‍ said...

ഒരു ബ്ലോഗ് തുടങ്ങി...
കാലമാടന്‍
(കമന്റ് ദുരുപയോഗം സദയം ക്ഷമിക്കുക; എല്ലാവര്‍ക്കും വേണ്ടത് പബ്ലിസിറ്റി ആണല്ലോ...)

Mon Jan 21, 05:18:00 PM IST  
Blogger P.R said...

സൂ, തിരക്കോട് തിരക്കായിരുന്നു..
ബ്ലോഗ് വായനയൊക്കെ പിന്നിലാ..
പിന്നെ ഈ പോസ്റ്റിനെന്തു കമന്റിടണമെന്നറിയില്ല..
ബഹുജനം പലവിധം എന്നൊക്കെ തലക്കാലം പറയാം..
പക്ഷേ, പ്രശ്നം ഗുരുതരം തന്നെ.
നന്നായി ഇതെഴുതിയത്.

Mon Jan 21, 06:10:00 PM IST  
Blogger വിനയന്‍ said...

ഭയങ്കര സംഭവം തന്നെ..ഇണ്‍ഗനെ എത്രയെത്ര സംഭവങ്ങള്‍ നമുക്കു ചുറ്റും നടക്കുന്നു.കഷ്ടം തന്നെ.നമ്മള്‍ എത്ര ശ്രദ്ധിച്ചിട്ടും കാര്യമില്ല.സമൂഹം നന്നാവില്ല സൂ.നമ്മളാല്‍ ആവുന്നത് നമ്മള്‍ ചെയ്യുക അത്ര തന്നെ.

സു ഇത്തരം പോസ്റ്റുകള്‍ ഇനിയും പോരട്ടെ

Sun Jan 27, 05:58:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home