ഒഴിവുദിനം
വാരാന്ത്യമാകുമ്പോള്‍ പലര്‍ക്കും പലവിചാരം ആവും. അല്ലെങ്കിലും പലര്‍ക്കും പല വിചാരം ആവും. അതല്ല പറഞ്ഞത്. വാരാന്ത്യം അല്ലെങ്കില്‍ ജോലിത്തിരക്കില്‍നിന്നൊഴിഞ്ഞ് രണ്ട് അല്ലെങ്കില്‍ ഒന്ന് അവധി കിട്ടുമ്പോള്‍ എന്തു ചെയ്യണമെന്നുള്ള കാര്യത്തെക്കുറിച്ചാണ്. ചിലര്‍ ആദ്യമേ കണക്കുകൂട്ടിവെച്ചിട്ടുണ്ടാവും ഒഴിവുദിവസം എങ്ങനെ ചെലവഴിക്കണമെന്ന്. ചിലരാകട്ടെ, പല നാളായി നീട്ടിവെച്ചിരിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കണ്ടൊരു ഒഴിവുദിനമാകും വരുന്നതെന്നും കണക്കാക്കി ഇരിക്കും. ചിലര്‍ക്ക് ഒഴിവുദിനത്തില്‍ നിര്‍ബ്ബന്ധമായി ചെയ്യാനുള്ള കാര്യങ്ങള്‍ എന്തെങ്കിലും ഉണ്ടാവും. അതായത് പെണ്ണുകാണല്‍, ചെറുക്കനെ കാണല്‍ ഒക്കെ. അവരൊക്കെ അവരവരുടെ ഇഷ്ടം പോലെ ചെയ്യുക.
എന്നാല്‍ ചിലരോ? ഒന്നും ചെയ്യാന്‍ കണ്ടുവെച്ചിട്ടുണ്ടാവില്ല. ഒഴിവുദിനം എന്നാല്‍ വെറുതെ ഉണ്ടും ഉറങ്ങിയും, ടി. വി. കണ്ടും നീക്കിനീക്കിയെടുക്കുന്ന കൂട്ടരാവും. അല്ലെങ്കില്‍ എല്ലാ ഒഴിവുദിനവും സിനിമാഹാളില്‍, ഷോപ്പിംഗ് മാളില്‍, അമ്പലത്തില്‍, പള്ളിയില്‍, എക്സിബിഷന്‍ നടക്കുന്നിടത്ത് അല്ലെങ്കില്‍ വില്പന നടക്കുന്നിടത്ത് ഒക്കെയങ്ങ് ചെലവാക്കാമെന്നു വിചാരിക്കും.
ചിലരാകട്ടെ, കൂട്ടുകാരുടെ വീട്ടിലേക്ക് ചെല്ലാമെന്നു വിചാരിച്ചിരിക്കും. അവര്‍ക്ക് എവിടെയെങ്കിലും പോകാനുണ്ടെങ്കില്‍ നിങ്ങള്‍ ഒരു പാരയാവരുത് പറഞ്ഞേക്കാം.
പിന്നെ നിങ്ങള്‍ എന്തുചെയ്യണമെന്നോ? ഇറങ്ങിനടക്കുക. എങ്ങോട്ടെന്നോ? എങ്ങോട്ടെങ്കിലും.
റോഡെന്ന് പറയുന്നത് എല്ലാവരുടേയും സ്വന്തമാണ്. എന്നുവെച്ച് നടുവില്‍ക്കൂടെ നടന്ന് വാഹനങ്ങള്‍ ഓടിക്കുന്നവരുടെ തെറി സ്വന്തമാക്കരുത്. കൂട്ടുകാരേയും അല്ലെങ്കില്‍ കുടുംബത്തേയും കൂട്ടി നടക്കാനിറങ്ങുക. വെയിലാകട്ടെ, മഴയാകട്ടെ. അതൊന്നും നമുക്കു വേണ്ടി മാറിനില്‍ക്കില്ലല്ലോ. അതുകൊണ്ട് അതിനോടൊപ്പം പോകാം.
കഥകളൊക്കെപ്പറഞ്ഞ് കാഴ്ചയും കണ്ട് നടക്കുക. തിരിച്ചും നടക്കേണ്ടതാണെന്ന് ഓര്‍മ്മവയ്ക്കുക. ഭൂമിയുടെ അറ്റം വരെ പോകരുത്. ;) ഇടയ്ക്ക്, നിങ്ങളുടെ കൈയില്‍ ചില്ലറക്കാശുണ്ടെങ്കില്‍ വല്ല കടലയോ, ഐസ്ക്രീമോ വാങ്ങുക. ഹോട്ടലിലേക്കൊന്നും കയറരുത്. തിന്നാനിറങ്ങിയതല്ല, നടക്കാനിറങ്ങിയതാണ്. കുറേക്കാലം കഴിഞ്ഞ് ആ നടത്തം ഓര്‍മ്മയിലുണ്ടാവും. കൂട്ടുകാരെ കണ്ടാല്‍ ‘നമ്മളന്ന് ഒരുപാടു ദൂരം കാഴ്ചയും കണ്ട് നടന്നതോര്‍മ്മയില്ലേന്ന്’ ചോദിക്കുന്നതിനുമുമ്പ് കൂട്ടുകാര്‍ ഇങ്ങോട്ടു ചോദിക്കും. അല്ലാതെ
നമ്മള്‍ അപ്പുറവും ഇപ്പുറവും കാറില്‍ നിന്നിറങ്ങി, റസ്റ്റോറന്റില്‍ കയറി, ഏസിയുടെ തണുപ്പിലിരുന്നു ചൂടുള്ള ബിരിയാണി കഴിച്ചത് ഓര്‍മ്മയുണ്ടോന്ന് ആരെങ്കിലും ചോദിക്കുമോ? ചോദിക്കുമായിരിക്കും അല്ലേ? ;)
ഒഴിവുദിവസത്തില്‍ പറ്റിയൊരു ജോലിയാണ് വായന. ആരെങ്കിലും നല്ലതെന്നു പറഞ്ഞ പുസ്തകം എവിടെനിന്നെങ്കിലും സംഘടിപ്പിച്ച് വായിക്കുക. ഇഷ്ടപ്പെട്ടാല്‍ ആരോടെങ്കിലും വായിക്കാന്‍ നിര്‍ദ്ദേശിക്കാം. ഇഷ്ടപ്പെട്ടില്ലെങ്കിലും ഒരു പുസ്തകം വായിച്ചതുകൊണ്ട് നഷ്ടമൊന്നുമില്ലല്ലോ.
അമ്പലത്തിലും പള്ളിയിലുമൊക്കെ പോയിരുന്നു, വരുന്നവരുടേയും പോകുന്നവരുടേയും കണക്കെടുക്കാതെ, ദൈവം തന്ന സൌഭാഗ്യങ്ങള്‍ കൂട്ടുകാരോട് പങ്കുവെച്ചുനോക്കൂ. അവര്‍ക്കുമുണ്ടാവും പറയാന്‍. അഥവാ ദൈവം എന്തെങ്കിലും ദുഃഖം തന്നിട്ടുണ്ടെങ്കിലും അതൊക്കെ ‘ഒക്കെശ്ശരിയാവും’ എന്നൊരു വാക്കുകൊണ്ട് ശരിയാവും.
നിങ്ങള്‍, നിങ്ങളുടെ നാടിനകലെയാണോ ജീവിക്കുന്നത്? ആരെങ്കിലും നിങ്ങളിപ്പോള്‍ താമസിക്കുന്നിടത്ത് അതില്ലേ ഇതില്ലേന്ന് ചോദിക്കുമ്പോള്‍ മേലോട്ടും നോക്കി നിക്കാറുണ്ടോ? എന്നാല്‍ ഒരു ഒഴിവുദിനത്തില്‍ ഇറങ്ങിപ്പുറപ്പെട്ട് നിങ്ങളുടെ ചുറ്റുപാടും അറിഞ്ഞുവയ്ക്കുക. ചിലപ്പോള്‍ വല്ല സിനിമാതാരങ്ങളോ മറ്റോ നിങ്ങളുടെ അയല്‍പക്കത്താണെങ്കിലോ? ;)
ഒഴിവുദിനത്തില്‍ ലൈബ്രറി തുറക്കാന്‍ സാദ്ധ്യതയില്ല. എന്നാലും നിങ്ങള്‍ക്കൊഴിവുള്ള ഒരുദിവസം അത് തുറന്നിട്ടുണ്ടെങ്കിലോ? പോയി പുസ്തകങ്ങളൊക്കെ ഒന്നു മറിച്ചിട്ടുനോക്കുക. അറിവും കിട്ടും സമയവും പോകും. നിങ്ങളുടെ തിരക്കിനിടയില്‍ മനപ്പൂര്‍വ്വമല്ലാതെ മറന്ന സൌഹൃദങ്ങള്‍ ഉണ്ടാവില്ലേ? അവരെ വിളിച്ച് മിണ്ടുക. തിരക്കായിരുന്നെന്നും ഇപ്പോള്‍ മിണ്ടാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും പറയുക. ഒരുപാടു കാലം കഴിഞ്ഞായാലും ചമ്മലൊന്നും വേണ്ട. സുഹൃത്തുക്കള്‍ അങ്ങനെ തെറ്റിദ്ധരിക്കുകയൊന്നുമില്ല.
ഒഴിവുദിനത്തില്‍ മറ്റുള്ളവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യുക. മറ്റുള്ളവര്‍ക്കു കൊടുക്കുന്ന സന്തോഷത്തിന്റെ ഇരട്ടി ദൈവം നിങ്ങള്‍ക്ക് തരും. ദുഃഖം കൊടുത്താല്‍ അതും കിട്ടും.
അതുകൊണ്ട് ആരായാലും, ഒഴിവുദിനത്തില്‍ എന്തുചെയ്യുമെന്നോര്‍ത്ത് മടുപ്പ് തോന്നിയിരിക്കുന്നവരുണ്ടെങ്കില്‍ എന്തെങ്കിലും ചെയ്യാന്‍ കണ്ടുപിടിക്കുക. അലക്കലും, പാചകവും, പാചകപരീക്ഷണവും ഒക്കെ എല്ലാ ഒഴിവുദിനത്തിലും ചെയ്യുമല്ലോ. അതല്ലാതെ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ സമയം കണ്ടെത്തുക. കഴിഞ്ഞ ഒഴിവുദിനം നിങ്ങള്‍ക്കും നിങ്ങളുടെ കൂട്ടുകാര്‍ക്കും നിങ്ങളുടെ കുടുംബത്തിനുമൊക്കെ സന്തോഷത്തിന്റെ ദിവസങ്ങളായിരുന്നുവെന്ന്, നിങ്ങള്‍ എന്തെങ്കിലും കാര്യമായി ചെയ്തുവെന്ന് പിന്നീടോര്‍ക്കാന്‍ ഒരു സുഖമുണ്ടാവില്ലേ? കുട്ടികളെ ഒരു പുതിയ പാട്ട് പഠിപ്പിച്ചുനോക്കൂ. പഠിപ്പിക്കുമ്പോള്‍ ഒച്ച അധികം പൊങ്ങരുത്. അയല്‍പക്കത്തും ഒഴിവാണെന്ന് ഓര്‍ക്കണം. ;)
അവരുടെ ഒഴിവുദിനം നിങ്ങളായിട്ടു നശിപ്പിക്കരുത്.
അല്ലെങ്കിപ്പിന്നെ ഒരു ദിവസമല്ലേ അതങ്ങനെ പോട്ടേന്നും വിചാരിച്ച് ഇരിക്കാം. ദൈവം തന്ന ദിവസത്തിന്റെ അക്കൌണ്ടില്‍ നിന്ന് അങ്ങനെ ‘വെറുതേ’ എത്ര ദിവസങ്ങളാണ് വെറുതേ പോകുന്നതെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? തീര്‍ന്നുപോകാനാവുമ്പോള്‍ ആലോചിച്ചിട്ട് കാര്യമില്ലേ...
Labels: ഒഴിവുദിനം
15 Comments:
നല്ല ന്യായമായ ചിന്തകള്‍ തന്നെ സൂവേച്ചീ...
അതില്‍ എനിയ്ക്ക് ഏറ്റവും സ്വീകാര്യമായി തോന്നിയത് കൂട്ടുകാരോടോ കുടുംബത്തോടോ ഒപ്പം വെറുതേ നടക്കാനിറങ്ങുക എന്നു പറഞ്ഞതും പഴയ സുഹൃദ് ബന്ധങ്ങള്‍ പുതുക്കാന്‍ പറഞ്ഞതും ആണ്.
“നിങ്ങളുടെ തിരക്കിനിടയില്‍ മനപ്പൂര്‍വ്വമല്ലാതെ മറന്ന സൌഹൃദങ്ങള്‍ ഉണ്ടാവില്ലേ? അവരെ വിളിച്ച് മിണ്ടുക. തിരക്കായിരുന്നെന്നും ഇപ്പോള്‍ മിണ്ടാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും പറയുക. ഒരുപാടു കാലം കഴിഞ്ഞായാലും ചമ്മലൊന്നും വേണ്ട. സുഹൃത്തുക്കള്‍ അങ്ങനെ തെറ്റിദ്ധരിക്കുകയൊന്നുമില്ല.”
ഇത് വളരെ ശരിയാണ്. കഴിയുന്നതും എല്ലാവരും ചെയ്യാന്‍ ശ്രമിയ്ക്കേണ്ടതും.
:)
ഹി ഹി,നാളെ ഒഴിവുദിനമായിട്ട് ഒരു പാചകപരീക്ഷണം തന്നെ നടത്തിക്കളയാം.. കറിവേപ്പില തപ്പട്ടേ... രണ്ട് സഹമുറിയന്മാര് തിന്നാന് റെഡിയായിട്ട് ഇരുപ്പുണ്ട് :)
തേങ്ങ ഇല്ലാ.. ഉണ്ടായിരുന്നെങ്കില് ഇവിടേ ഒരു ദിവസം പുട്ട് ഉണ്ടാക്കാമായിരുന്നു :) പിറകേ വരുന്ന ആരെങ്കിലും തരും
സു, ഒരു ചോദ്യം കൂടി, ഈ മൊളേഷ്യം ഒഴിച്ച് കൂട്ടാവുന്ന കറിയാണോ, അതോ തോരന് പോലെ സൈഡ് ഡിഷ് ആണോ (തെക്കനാണേ, ഇതൊന്നും കണ്ടിട്ടില്ല), ആദ്യം ഉണ്ടാക്കിയപ്പോള് അത് ഒരു അവിയല് പരുവത്തില് ഇത്തിരി വെള്ളവുമായി ഇരുന്നു; പരീക്ഷണമാണെന്ന് അറിയാത്തതു കൊണ്ടാവാം, ബാക്കി എല്ലാര്ക്കും ഇഷ്ടപ്പെട്ടു ;)
ഉം..
ഇനിയത്തെ ഒഴിവു ദിനത്തിന് ഞാനും പോകുന്നു
മഴയോടൊപ്പം നടക്കാന്‍..
കുറെ കാലത്തിന് ശേഷം ഒരു ഒഴിവ് ദിവസം കിട്ടിയതാണിന്ന്..എന്നാ പിന്നെ ബ്ലോഗൊക്കെ നോക്കാമെന്ന് കരുതിയപ്പൊ ഉണ്ട് അതിന് പറ്റിയ പോസ്റ്റ്..
വീക്കെന്‍ഡില്‍ കറങ്ങിതിരിഞ്ഞ് നടക്കുന്നവരോട് ഇപ്പ എനിക്ക് ദേഷ്യാ :( ..വേറൊന്നും കൊണ്ടല്ലാ..അസൂയ..
വാരാന്ത്യങ്ങളില്‍ ഞങ്ങള്‍ ഇവിടെ പാചകം ആണ് ട്ടോ... ഉണ്ടാക്കുന്നതിനേക്കാള്‍ കഷ്ടം ആണ് അത് കഴിഞ്ഞു അതിന് ഒരു peridunnath...ഞങ്ങള്‍ മാത്രം പേറ്റന്റ് എടുത്ത കറികള്‍ എണ്ണിത്തീര്‍ക്കാന്‍ നമുക്കു തന്നെ കഴിയാറില്ല.... :)
എന്ത് പറ്റിയോ എന്തോ? എല്ലാവരും ഉപദേശം തുടങ്ങിയല്ലോ ;-)
വാരാന്ത്യങ്ങള്‍ തുണി അലക്കലും പണി എടുക്കലും ആയി കഴിഞ്ഞു പോകുന്നു.
ഇതു വായിച്ചപ്പോഴാണ് അവധി ദിവസം ഞാന്‍ ചെയ്യാറുള്ള കാര്യം ഓര്‍ത്തത്...
എനിക്ക് ഞായറും തിങ്കളും അവധിയാ...ഈ ദിവസങ്ങളില്‍ ഏതെങ്കിലും ഹില്‍ടോപ്പിലേയ്ക്ക് ഒരു യാത്ര...മിക്കവാറും കൂട്ടുകാരൊക്കെ കാണും കൂടെ...
സസ്നേഹം,
ശിവ.
ഒരു വെള്ളീയാഴച്ച ഏങ്ങനെ കൂടൂതല്‍ സമയം ഉറങ്ങാമെന്നാണ് ഞാന്‍ ചിന്തിക്കാറ്
ഇന്നു അവധി ദിവസം ആയതുകൊണ്ട് ഇന്റെര്‍നെറ്റിലൂടെ ഒന്നു നടക്കാമെന്ന് കരുതി ഇറങ്ങിയതായിരുന്നു. അപ്പോഴാണ് ഇവിടെ എത്തിപ്പെട്ടത്. പറയുമ്പോള്‍ പോങ്ങിപോവില്ലെന്കില്‍ ഒരു കാര്യം പറയാം. നല്ല ബ്ലോഗ് ആണ് കേട്ടോ..
പിന്നെ വീകെന്ടിന്റെ കാര്യം.. ഇന്നു രാവിലെ എണീറ്റ് നടക്കാന്‍ പോവണം എന്ന് മനസ്സില്‍ നല്ല പോലെ ഉറപ്പിച്ചു ഉറങ്ങാന്‍ കിടന്നതായിരുന്നു. കഴിഞ്ഞ ഒരു ആഴ്ച ഓഫീസില്‍ ഇരുന്ന് കോഡ് എഴുതി മസില്‍ എല്ലാം തളര്‍ന്നു കിടക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു, രാവിലെ എണീറ്റപ്പോള്‍ 10 മണി ആയി! എണീറ്റപ്പോ എന്ത് പറയാനാ.. വയറ്റില്‍ ഭയങ്കര കലാപം. എന്തെങ്കിലും ഉണ്ടാക്കി കഴിചില്ലേല്‍ ഇവന്മാര് എന്നെ വെറുതെ വിടില്ല എന്ന് തോന്നി. അങ്ങനെ ആ കലാപം അവസാനിപ്പിച്ചപ്പോളാണു തോന്നിയത് ഇന്നത്തെ നടത്തം നെറ്റിലൂടെ ആക്കാം എന്ന്. ഏതായാലും അത് വെറുതെ ആയില്ല. ഇനി ഇടക്കിടെ പ്രതീക്ഷിക്കാം എന്നെ ഈ ബ്ലോഗില്‍.
This comment has been removed by the author.
പഷ്ട്..!
വെളുപ്പിനെ നാലുമണിക്കെഴുന്നേറ്റ് ജോലിക്കു പോകുന്ന ഞാന്‍, അതുനുമുമ്പ് എഴുന്നേറ്റ് കുളിച്ച് എനിക്കുള്ള ചായയും പലഹാരവും ഉണ്ടാക്കിത്തരുന്ന എന്റെ സഖീ..ഞങ്ങള്‍ അവധി ദിവസം ഉറങ്ങാതെ കറങ്ങാന്‍ പോയാല്‍..ഉവ്വ്..അവധി ദിവസം ഉറങ്ങാന്‍ കിട്ടുന്ന ഒരു ചാന്‍സും ഞാന്‍ കളയാറില്ല..!
സൂ കുറെ നാളയല്ലൊ കണ്ടിട്ട്.
Holiday planner കൊള്ളാം സൂ. ഒഴിവുദിനങ്ങളില്‍ എതെങ്കിലും കാട്ടിലോ മലേലോ പോയാലെ എനിക്കൊരു രസമുള്ളൂ :-)
ഒഴിവുദിവസത്തില്‍ പറ്റിയൊരു ജോലിയാണ് വായന. ആരെങ്കിലും നല്ലതെന്നു പറഞ്ഞ പുസ്തകം എവിടെനിന്നെങ്കിലും സംഘടിപ്പിച്ച് വായിക്കുക. ഇഷ്ടപ്പെട്ടാല്‍ ആരോടെങ്കിലും വായിക്കാന്‍ നിര്‍ദ്ദേശിക്കാം. ഇഷ്ടപ്പെട്ടില്ലെങ്കിലും ഒരു പുസ്തകം വായിച്ചതുകൊണ്ട് നഷ്ടമൊന്നുമില്ലല്ലോ.
സൂവേച്ചി ഇവിടെ ഇതുമാത്രമേ നടക്കാറുള്ളൂ... പിന്നെ 45-55 ഡിഗ്രി ചൂടില്‍ പുറത്തിറങ്ങിനടക്കല്‍ അത്രസുഖമുള്ള ഏര്‍പ്പാടും അല്ല... എങ്കിലും വൈകുന്നേരം ഒരു നടത്തം ഉണ്ട്...
നല്ലപോസ്റ്റ്...
:)
ഹോളിഡേ പ്ലാനര്‍ ഒക്കെ കിട്ടി.. ഹോളിഡേ ആണില്ലാത്തത്.. സൂവ്വേച്ചീ :(
അതൊക്കെ ആദ്യമേ തീര്‍ന്നു
ശ്രീ :) കൂട്ടുകാരെയൊക്കെ വിളിച്ച് സൗഹൃദം പുതുക്കി ഒഴിവുദിനങ്ങൾ ചെലവഴിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു.
കുഞ്ഞൻസ് :) മൊളേഷ്യത്തിൽ അധികം വെള്ളം കാണില്ല. എന്നാലും അതൊരു ഒഴിച്ചു കൂട്ടുന്ന കറി ആയിട്ടും കണക്കാക്കും. പരീക്ഷണമൊക്കെ നടക്കുന്നുണ്ടാവുമല്ലോ.
നിലാവർ നിസ :) മഴയോടൊപ്പം നടക്കുന്നത് നല്ലത്. പക്ഷെ എവിടെ മഴ?
മെലോഡിയസ് :) ബൂലോകത്തുകൂടെ നടക്കുന്നത് നല്ലതുതന്നെ. എന്നാലും വീടിനുപുറത്ത് കറങ്ങിത്തിരിഞ്ഞ് നടക്കുന്നതല്ലേ നടത്തം.
തോന്നലുകൾ :) പാചകം നല്ലതുതന്നെ. സ്വാദുണ്ടെങ്കിൽ പേരൊന്നും നോക്കാനില്ല.
ബാബു കല്യാണം :)
ശിവ :) ഒഴിവുദിനങ്ങളിൽ യാത്രയാണെങ്കിൽ കാര്യമായിട്ട് ചെലവഴിക്കുന്നെന്ന് അർത്ഥം.
അനൂപ് :) ഉറങ്ങിയുറങ്ങി സമയം കളയല്ലേ.
മുനീർ :) നന്ദി. സ്വാഗതം.
കുഞ്ഞൻ :) അതു ശരി. അവധിയൊക്കെ ഉറങ്ങിത്തീർക്കുകയണോ? റിട്ടയർ ചെയ്യുമ്പോൾ പിന്നെന്തുചെയ്യും?
ബിന്ദൂ :) എനിക്കും പോവാനിഷ്ടാ.
ഹരിശ്രീ :) വായന നല്ലതുതന്നെ.
കിച്ചു, ചിന്നു :) ഇനി ഹോളിഡേ വരട്ടെ. അപ്പോ നോക്കിയാൽ മതി.
Post a Comment
Subscribe to Post Comments [Atom]
<< Home