മഴയാണെനിക്കിഷ്ടം
അങ്ങനെ വീണ്ടുമൊരു മഴക്കാലം. പക്ഷെ ഇത്തവണ പ്രതീക്ഷിച്ചപോലെ മഴയില്ലെന്ന് പലരും പറഞ്ഞു. എത്രയോ പ്രാവശ്യം പറഞ്ഞതു തന്നെ പറയുകയാണെങ്കിലും പറയാതിരിക്കാന്‍ വയ്യ. എനിക്ക് മഴക്കാലം വല്യ ഇഷ്ടമാണ്.
ഞങ്ങളുടെ നാട്ടിന്‍ പുറത്ത് രാത്രികാലങ്ങളില്‍ ശരിക്കും കേള്‍ക്കാം. തവളയുടെ ബ്ലക്ക് ബ്ലക്ക് എന്നതുപോലെയൊരു ശബ്ദവും, ചീവീടുകളുടെ ഒച്ചയും. മഴയുടെ താളത്തിലുള്ള പെയ്ത്തും. കാര്‍മേഘങ്ങള്‍ കൂട്ടംചേര്‍ന്ന് ഇരുട്ടായി പെട്ടെന്നൊരു പെയ്തുപോവലല്ല. മഴയിരമ്പി വരുന്ന ശബ്ദം കേട്ടിട്ടുണ്ടോ? അതു കേള്‍ക്കണം.
മഴവെള്ളം തട്ടിത്തെറിപ്പിച്ച് പോവാനും, കടലാസ്സുതോണിയിറക്കാനും, ഓടിന്റെ വക്കിലൂടെ ഇറ്റിറ്റുവീഴുന്ന വെള്ളത്തിന്റെ നൂലിലൂടെ കൈ മുകളിലേക്കും താഴേയ്ക്കും ഓടിക്കാനുമൊക്കെ വല്യ ഇഷ്ടമായിരുന്നു പണ്ട്. ഇപ്പോഴും ഇഷ്ടം തന്നെ. മഴയത്ത് കുളത്തില്‍ കിടക്കുന്നതായിരുന്നു വേറൊരു ഇഷ്ടം. എന്തൊരു രസമായിരിക്കും എന്നോ. നിങ്ങളൊക്കെ ഒന്നുപോയി ചാടിനോക്കണം. അപ്പഴേ ശരിക്കും കാര്യം മനസ്സിലാവൂ.
മഴയത്ത് തണുത്ത വെള്ളം കുടിക്കരുത്. മഴ നനയരുത്. എന്തൊക്കെ വിലക്കുകളായിരുന്നു. ഇപ്പോഴും വിലക്കൊക്കെത്തന്നെ. എന്നാലും കുടയെടുക്കാതെ മഴയത്തങ്ങനെ മഴ മുഴുവന്‍ എന്റേതാക്കി നടന്നുപോവാനും, കുടയെടുത്തില്ലേ, നനഞ്ഞുപോവുന്നോയെന്നൊക്കെ വെറുതേ കിന്നാരം ചോദിക്കുന്നവര്‍ക്ക് വടിയെടുത്തൊന്ന് കൊടുത്ത് മഴയത്തോടി മറയാനും ആഗ്രഹം.
സ്വാര്‍ത്ഥത പറയുകയാണെങ്കില്‍ ആകാശത്തിനും ഭൂമിയ്ക്കും ഇടയ്ക്കൊരു പന്തലിട്ട് ഞാനെന്ന മഴക്കൂട്ടുകാരി അതിനുമുകളിരുന്ന് മഴ മുഴുവന്‍ സ്വന്തമാക്കും. പക്ഷെ ഒരു കുഴപ്പമുണ്ട്. എന്നെപ്പോലെ മഴയുടെ കൂട്ടുകൂടാനിഷ്ടമുള്ളവരു മുഴുവന്‍ ആ പന്തലിനു മുകളിലേക്ക് കയറിയാല്‍ പന്തലിന്റെ കാലൊടിഞ്ഞ് എല്ലാം കൂടെ തിത്തോം തരികിട തെയ്യത്തോം എന്നും പറഞ്ഞ് ഭൂമിയില്‍ കിടക്കും. അതുകൊണ്ട് പന്തല്‍ പണിയുന്ന ആഗ്രഹം ഞാന്‍ ഉപേക്ഷിച്ചു.
ഭൂമിയെ പ്രണയിക്കുന്ന ആകാശം സമ്മാനം കൊടുക്കുന്നതാണോ മഴയെന്നും, ഭൂമി സുന്ദരസുരഭിലമായി ഉറങ്ങിച്ചാഞ്ഞു കിടക്കുന്നതുകണ്ട് അസൂയ മൂത്ത് ഭൂമിയെ ഉണര്‍ത്താന്‍ മഴയെ വിടുന്നതാണോയെന്നും, ഇനി ആകാശം കരയുന്നതാണോയെന്നും ഒക്കെ എനിക്ക് സംശയം ഉണ്ട്. ദൈവത്തിന്റെ അടുത്ത് പോയിട്ടേ ഇതിന്റെ ശരിക്കുള്ള ഗുട്ടന്‍സ് പിടികിട്ടൂ. അതുവരെ കുടപിടിച്ചും പിടിക്കാതേം മഴയത്ത് നടക്കാം.
കുടയെന്ന് പറഞ്ഞപ്പോഴാണോര്‍ത്തത്. പഴയ കുട. അത് നിവര്‍ത്തിയിട്ട് കൈയിറുങ്ങി നക്ഷത്രം എണ്ണിയ ഓര്‍മ്മ. പിന്നെയാണ് ഞെങ്ങിപ്പൊങ്ങി കുട വന്നത്. വിരല്‍ രക്ഷപ്പെട്ടു. പെരും മഴയത്ത് പലപ്പോഴും കുടശ്ശീല മുഴുവന്‍ ആകാശത്തിന്റെ ഭാഗത്തേക്ക് ചാഞ്ഞുപോയിരുന്നെന്നത് വേറെ കാര്യം! പിന്നെ ബാഗില്‍ വയ്ക്കുന്ന കുട വന്നു. ഇപ്പോഴിതാ പേഴ്സിലെത്തി നാനോ കുട! എനിക്ക് നാനോ കുട വേണ്ട. കുട നോ നോ എന്ന് പറയാനാനിഷ്ടം ഇഷ്ടരേ...
വയലില്‍ പണിയെടുക്കുന്നവര്‍ക്ക് ഒരു കുടയുണ്ട്. ചിലര്‍ക്ക് വല്യൊരു പാളക്കുടയുണ്ട്. മറക്കുടയുണ്ട്. ഇതൊന്നും ഇല്ലാത്തവര്‍ ഇലയും പിടിച്ച് പോവുന്നതും കാണാറുണ്ട്. എല്ലാരും കുടയും ചൂടി എങ്ങോട്ടാ? മഴയൊന്ന് നനഞ്ഞുനോക്കൂന്നേ. പനി വരുമെന്നോ? അല്ലെങ്കില്‍ പനി വരാറില്ലേ? മഴ നനഞ്ഞിട്ടാ ഡോക്ടറേ എനിക്ക് പനിവന്നത് എന്ന് അഭിമാനത്തോടെ ഒന്ന് പറഞ്ഞുനോക്കെന്നേ. ഇനിയിപ്പോ ഡോക്ടര്‍ക്കത് ഇഷ്ടമായില്ലെങ്കില്‍ പോയി മഴയത്ത് നില്‍ക്കാന്‍ പറ. അല്ല പിന്നെ!
മഴ നനഞ്ഞ് കയറിവന്ന് ചൂടുകാപ്പിയും കുടിച്ച് ജനലില്‍ക്കൂടെ മഴയും നോക്കി ഇരിക്കാനും, അല്ലെങ്കില്‍ മഴസംഗീതവും കേട്ട് ഒരു പുസ്തകവും വായിച്ചിരിക്കാനും എനിക്ക് തോന്നുന്നുണ്ട്.
എന്നാലും ഞാനോര്‍ക്കുന്നുണ്ട്. മുകളിലേക്ക് നോക്കിയാല്‍ ആകാശം കാണുന്ന വീടിനുള്‍വശത്തേക്ക് മഴ വീഴുന്നത് തടയാന്‍ പാത്രങ്ങള്‍ വയ്ക്കുന്നവരേയും, ജോലിയില്ലാതെ, മഴയെന്ന് തോരും എന്ന് ചിന്തിച്ച് മനസ്സ് പുകഞ്ഞിരിക്കുന്നവരേയും, അടുക്കളയിലെ ഒഴിഞ്ഞ പാത്രങ്ങള്‍ നോക്കി, മഴയെ ശപിക്കുന്നവരുടെ നിസ്സഹായതയും, വസ്ത്രം ഉണങ്ങിയോന്ന് വീണ്ടും വീണ്ടും തൊട്ടുനോക്കുന്ന കുഞ്ഞുകൈകളുടെ തണുപ്പും, അരിച്ച കുടയും നിവര്‍ത്തി മേലോട്ട് നോക്കി നില്‍ക്കുന്ന ദൈന്യതയാര്‍ന്ന കണ്ണുകളും, പനിച്ചുവിറച്ച് വിശന്ന് കൂനിക്കൂടിയിരിക്കുന്ന രൂപങ്ങളും ഒക്കെ. എന്നാലും ഇടവപ്പാതിപോലെ പെയ്തൊഴിയാന്‍ കഴിയാത്തൊരു മനസ്സും വെച്ചിരിക്കുമ്പോള്‍ മഴയെ എനിക്ക് സ്നേഹിച്ചേ തീരൂ. മഴയെനിക്ക് നനഞ്ഞേ തീരൂ. ഓരോ മഴക്കാലവും കൊണ്ടുവന്നു തരുന്ന ഓരോ വയസ്സും കാത്തിരുന്നേ കഴിയൂ.
അതുകൊണ്ട് കൂട്ടുകാരേ മഴയത്തൊരു പാട്ടുപാടാം. കൈ കോര്‍ത്ത് പിടിച്ചോളൂ.
“മഴ മഴ കുട കുട,
മഴ വന്നാല്‍ വീട്ടീപ്പോടാ.” എന്ന പാട്ടല്ല.
പെയ്യട്ടേ മഴ പെയ്യട്ടേ എന്ന പാട്ട്.
9 Comments:
മഴയെ ഇഷ്ടപ്പെടാത്തവരാരുണ്ട്, ഓരോ മഴക്കാലവും കടന്നു വരുന്നത് ഒട്ടേറെ പ്രതീക്ഷകളുമായാണ്.. ഇത്തവണ ഇതുവരെ മനംകുളിര്‍ത്ത മഴ കാണാനൊത്തില്ല.
സൂവേച്ചീ, ഏറെ നാളുകള്‍ക്കു ശേഷമാണ് മഴയെക്കുറിച്ച് കാവ്യാത്മകമായ ഒരെഴുത്ത് വായിക്കുന്നത്. മഴയില്ലാമാനത്തു നോക്കിയിരിക്കുകയാണെങ്കില്‍ക്കൂടിയും മഴ പെയ്തൊഴിഞ്ഞ പ്രതീതിയാണിപ്പോള്‍ മനസ്സില്‍.
സൂവേച്ചീ...
കുറേ നാളിനു ശേഷം മഴപ്പോസ്റ്റുമായി തിരിച്ചു വന്നൂല്ലേ? മഴയെ പറ്റി ആരെന്തു പറഞ്ഞാലും പാടിയാലും എഴുതിയാലും അത് എത്ര കേട്ടാലും വായിച്ചാലും പറഞ്ഞാലും മതിയാവില്ല, എനിയ്ക്കും.
പിന്നേയ്, ആകാശത്തിനും ഭൂമിയ്ക്കും ഇടയ്ക്കൊരു പന്തലിട്ട് അതിലിരുന്ന് മഴ സ്വന്തമാക്കുമ്പോ ഒരിത്തിരി താഴോട്ടും കൂടെ വിട്ടേക്കണം ട്ടോ. ഇവിടെ മഴ ഇഷ്ടപ്പെടുന്ന എന്നെപ്പോലുള്ള കുറച്ചു പേര്‍ക്കെങ്കിലും വേണ്ടി. ;)
അവസാനം പറഞ്ഞതു പോലെ മഴയെ പേടിയോടെ ഓര്‍ക്കുന്നവരും ശപിയ്ക്കുന്നവരും ഉണ്ടെന്ന യാഥാര്‍ത്ഥ്യം മറക്കാതെ തന്നെ നമുക്കൊരുമിച്ചു പാടാം... ഇനിയും ഒരുപാട് മഴപ്പാട്ടുകള്‍...
:)
മഴവെള്ളം തട്ടിത്തെറിപ്പിച്ച് പോവാനും, കടലാസ്സുതോണിയിറക്കാനും, ഓടിന്റെ വക്കിലൂടെ ഇറ്റിറ്റുവീഴുന്ന വെള്ളത്തിന്റെ നൂലിലൂടെ കൈ മുകളിലേക്കും താഴേയ്ക്കും ഓടിക്കാനുമൊക്കെ വല്യ ഇഷ്ടമായിരുന്നു, മഴയിരമ്പി വരുന്ന ശബ്ദം - ithellam enikkum ishtam, peruthishtam
ഒരു കാര്യം ഉറപ്പായി...മഴയെ വെറുക്കന്നവന്‍ ഞാന്‍ മാത്രം..!
മഴയെ സ്നേഹിക്കുന്നവരെ..നിങ്ങള്‍ക്ക് നമോവാകം!
നമ്മുടെ മനസ്സനുസരിച്ചു് മഴ ഭാവ പ്രകടനം നടത്തും. മഴ ചുട്ടി കുത്തി ,ഒരു കഥകളി നടനായോ, നടിയായോ, ജന്നാലയ്ക്കപ്പുറം കേളികൊട്ടുന്നതും, പിന്നെ നിലവിളക്കിനു മുന്നില്‍ ,ഗുരു ചെങ്ങന്നൂരും ബൃഹന്തളയും കൃഷ്ണന്‍ നായരുമൊക്കെ ആയി ആടി തിമര്‍ത്തു അട്ടഹസിച്ചു് ,കൊക്യാ വിളികളോടെ വീണ്ടും കാണാമെന്നു പറഞ്ഞൊതുങ്ങുന്നതും ഒക്കെ എത്രയോ ഹൃദ്യം.
മഴ മനസ്സിന്‍റെ കണ്ണാടിയാവുന്നതും എത്രയോ സുന്ദരം.നനയാം...നമുക്കു നനയാം... എന്നു പാടണമെങ്കില്‍ മഴ നനഞേ മതിയാകൂ.
സൂവിന്‍റെ ഈ പോസ്റ്റു തന്നെ മഴ പോലെ സുന്ദരം.:)
എന്റെ സൂ,
ഈ മഴപ്പോസ്റ്റില്‍ ഞാനും മനസ്സുകുളിര്‍ക്കെ കുളിച്ചു.
ഇഷ്ടായീട്ടോ. ഒരുപാട്! സൂനും കുടുംബത്തിനും സുഖമെന്ന് കരുതുന്നു.
ഓ.ടോ: ഞാനും മേടിച്ചു ഒരു നാനോ കുട.
റ്റൂ കംഫര്‍ട്ടബിള്‍!!:)
മഴ നനഞ്ഞ് കയറിവന്ന് ചൂടുകാപ്പിയും കുടിച്ച് ജനലില്‍ക്കൂടെ മഴയും നോക്കി ഇരിക്കാനും, അല്ലെങ്കില്‍ മഴസംഗീതവും കേട്ട് ഒരു പുസ്തകവും വായിച്ചിരിക്കാനും എനിക്ക് തോന്നുന്നുണ്ട്.....
സൂവേച്ചീ,
ഇതില്‍ പറഞ്ഞിരിയ്കുന്ന പലകാര്യങ്ങളും എനിയ്കും സമാനമാണ്...
മഴയത്ത് മഴയും നോക്കി ചൂടുകാപ്പിയും കുടിച്ച് അങ്ങനെ ഇരിയ്കും ....സമയം പോകുന്നത് അറിയുകയേ ഇല്ല...മഴയെപറ്റി എത്ര പറഞ്ഞാലും കൊതി തീരില്ല.....
നന്ദി ഈ പോസ്റ്റിന്....
:)
കണ്ണൂരാന്‍ :) ശരിക്കും മഴ കുറവായിരുന്നു.
സുവര്‍ണ്ണലത :) സ്വാഗതം.
ശ്രീ :) പന്തലിടുന്ന കാര്യം ഞാനുപേക്ഷിച്ചു. എല്ലാരും കൂടെ അതിനുമുകളിലേക്ക് കയറും.
ശാലിനീ :) മഴക്കാലത്ത് നാട്ടില്‍ വരൂ.
സജി :) എന്താ മഴയോടൊരു വെറുപ്പ്?
വേണുവേട്ടാ :)
താര :) കുറേ നാളായല്ലോ കാണാതെ!
ഹരിശ്രീ :)
Post a Comment
Subscribe to Post Comments [Atom]
<< Home