Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, October 21, 2008

ആകാശം തന്നത്

ദുഃഖിച്ചിരുന്നപ്പോൾ,
ആകാശം മഴ തന്നു.
ആലിപ്പഴം പൊഴിഞ്ഞതൊക്കെ വാരിക്കൂട്ടി,
അതിന്റെ തണുപ്പിൽ ദുഃഖം മറന്നു.

വീണ്ടും വിഷമിച്ചപ്പോൾ,
ആകാശം മഴവില്ലു തന്നു.
അതിന്റെ നിറങ്ങളൊക്കെ മനസ്സിലിട്ട്
അതിലലിഞ്ഞുചേർന്നു.

വീണ്ടും നൊമ്പരമായപ്പോൾ,
ആകാശം ഇടിമിന്നൽ തന്നു.
അതിന്റെ ശബ്ദത്തിലും വെളിച്ചത്തിലും,
മനസ്സ് ഓടിനടന്നു.

വീണ്ടും നൊന്തപ്പോൾ,
ആകാശം സൂര്യനെ തന്നു.
സൂര്യന്റെ ചൂടിൽ വെന്ത്,
വേവുന്ന മനസ്സ് മറന്നു.

വീണ്ടും നോവായപ്പോൾ,
ആകാശം അമ്പിളിമാമനെ തന്നു.
അതിന്റെ വെളിച്ചത്തിൽ അലിഞ്ഞ്,
മനസ്സ്, നിലാവ് പോലെ മനോഹരമായി.

പിന്നെയും, മനസ്സ് പിടിതരാതെ ശാഠ്യം കാട്ടിയപ്പോൾ,
ആകാശമെന്നെ നക്ഷത്രമാക്കി കൂടെ കൂട്ടി.
അവിടെയിരുന്ന് ഞാനെന്നും ചിരിച്ചുകൊണ്ടിരുന്നു.

Labels:

12 Comments:

Blogger സണ്ണിക്കുട്ടന്‍ /Sunnikuttan said...

ഇന്നത്തെ ദിവസം ഏതായാലും സു വിന്റെ കവിതയോടെ തുടക്കം കുറിച്ചു.

കൊള്ളാം.. സു..

Wed Oct 22, 07:39:00 am IST  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

നിന്റെ സ്നേഹം ആ‍കാശത്തേക്കാള്‍ വീസ്തൃതമെങ്കില്‍ എന്റെ ഇഷ്ടം നക്ഷത്രം പോലെ അരികില്‍ വന്നേനെ...

പണ്ടൊരിക്കല്‍ അങ്ങനെ എഴുതിവെച്ചിരുന്നു നോട്ബുക്കീല്‍ :)

നന്നായി സൂ ഈ വരികള്‍

Wed Oct 22, 09:09:00 am IST  
Blogger Bindhu Unny said...

“കനവിന്റെ ഇതളായി നിന്നെപ്പടര്‍ത്തി നീ വിരിയിച്ചൊരാകാശമെങ്ങു വേറെ” എന്ന ഒ.എന്‍.വി.-യുടെ വരികള്‍ ഓര്‍മ്മ വന്നു.
നല്ല വരികള്‍ സൂ :-)

Wed Oct 22, 09:47:00 am IST  
Blogger മുസാഫിര്‍ said...

അയ്യോ അപ്പൊ സു ഭൂമിലൊന്നുമല്ലേ ?
-കവിത ഇഷ്ടമായിട്ടോ :)

Wed Oct 22, 10:39:00 am IST  
Blogger P.R said...

നക്ഷത്രങ്ങളെന്നും ചിരിയ്ക്കുകയേ ഉള്ളൂ അല്ലേ..
അപ്പോളേറ്റവും അധികം സന്തോഷമുണ്ടാവൂന്നതും ആകാശത്തിലെ നക്ഷത്രങ്ങളാവുമ്പോള്‍ തന്നെ!
ഇഷ്ടമായി.

Wed Oct 22, 11:02:00 am IST  
Blogger നരിക്കുന്നൻ said...

ആകാശത്തിരുന്ന് എഴുതുന്നത് കൊണ്ടായിരിക്കും കവിതക്ക് നല്ല തിളക്കം. നക്ഷത്ര തിളക്കം. മനോഹരമായിരിക്കുന്നു.

Wed Oct 22, 11:08:00 am IST  
Blogger Jyothirmayi said...

ചാന്ദ്രയാനക്കാര്‍ എത്ര ബുദ്ധിമുട്ടി :)

ഇനിയീ നക്ഷത്രങ്ങള്‍ വേണം വാക്കുകളെത്തരാന്‍!

“നക്ഷത്രമെന്നോടു ചോദിച്ചു, ഞാന്‍ തന്നൊ-
രക്ഷരമെന്തേ, നിനക്കു ബോധിച്ചുവോ?”
(പ്രൊഫ: മധുസൂദനന്‍ നായര്‍)

വാഗ്‌ജ്യോതി

Wed Oct 22, 03:16:00 pm IST  
Blogger സു | Su said...

സണ്ണിക്കുട്ടൻ :) തുടക്കം മോശമായില്ലല്ലോ അല്ലേ?

പ്രിയ :) എഴുതിവെച്ചത് എനിക്കിഷ്ടമായി.

ബിന്ദു :)

മുസാഫിർ :) ഭൂമിയിൽ അല്ലല്ലോ.

പി. ആർ :) നക്ഷത്രങ്ങളെപ്പോലെ എന്നും ചിരിക്കാൻ കഴിഞ്ഞെങ്കിൽ.

നരിക്കുന്നൻ :) അതു നക്ഷത്രത്തിളക്കം ആവും. അല്ലേ?

ജ്യോതിർമയി :)

Wed Oct 22, 07:18:00 pm IST  
Blogger lakshmy said...

അപ്പോൾ സു ചിരിക്കുകയാണ്. അതു മതി.

നല്ല വരികൾ. ആശംസകൾ

Wed Oct 22, 07:54:00 pm IST  
Blogger ശിശു said...

സു:) വളരെനാളുകള്‍ക്ക് ശേഷം സൂര്യഗായത്രിയില്‍ വരികയാണ്, അപ്പോള്‍ മാറ്റം ഭയങ്കരം.. കഥയെഴുതിയിരുന്ന സു ഇപ്പോള്‍ കവിതയിലേക്ക് മാറിയിരിക്കുന്നു. വളരെ നല്ലത്. ചന്ദ്രനും ചന്ദ്രായവുമൊക്കെ വിഷയങ്ങള്‍ ഇല്ലെ?
ഞാനും ഒരെണ്ണം എഴുതി. കുറിപ്പുകളില്‍ വിഷയം ഇതുതന്നെ..
നന്നായി. ഭാവുകങ്ങള്‍.

Thu Oct 23, 02:45:00 pm IST  
Blogger സു | Su said...

ലക്ഷ്മി :)

ശിശു :) തിരക്കിലായിരുന്നുവല്ലേ?

Sun Oct 26, 09:57:00 pm IST  
Anonymous Anonymous said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

Sat Nov 08, 09:15:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home