തിരുവാതിര
ധനുമാസത്തിൽ തിരുവാതിര, ഭഗവാൻ തന്റെ തിരുനാളല്ലോ എന്നാണ് തിരുവാതിരപ്പാട്ട്. പരമശിവന്റെ പിറന്നാളായിട്ടാണ് തിരുവാതിര ആഘോഷിക്കുന്നത്. സ്ത്രീകളാണ് തിരുവാതിര ആഘോഷം നടത്തുന്നത്. നെടുമംഗല്യത്തിനുവേണ്ടിയിട്ട്. തിരുവാതിര നാൾ തുടങ്ങുന്നതുമുതൽ അവസാനിക്കുന്ന നാഴിക വരെ നൊയമ്പെടുക്കണം. ഉറക്കമൊഴിക്കുകയും വേണം. പകലായാലും രാത്രിയായാലും. നോയ്മ്പെന്നു പറയുമ്പോൾ ജലപാനമില്ലാതെ ഇരിക്കുകയൊന്നും വേണ്ട. അരിഭക്ഷണവും അമിതഭക്ഷണവും ഒഴിവാക്കുകയേ വേണ്ടൂ.
ഐതിഹ്യം
തിരുവാതിര ആഘോഷമെന്നത് ഐതിഹ്യത്തില്പ്പറയുന്നത്, പാലാഴിമഥനം കഴിഞ്ഞപ്പോൾ കാളകൂടവിഷം ഭൂമിയിൽ വീഴാതിരിക്കാൻ ശിവൻ അതു വിഴുങ്ങുകയും, ശിവൻ അതുവിഴുങ്ങിയാൽ കുഴപ്പമാവും എന്നു കരുതി, പാർവ്വതി ശിവന്റെ കഴുത്തിൽ അമർത്തിപ്പിടിച്ച് പ്രാർത്ഥിച്ച് ഉറക്കമൊഴിഞ്ഞിരുന്നു, അതാണ് തിരുവാതിരയിലെ ഉറക്കമൊഴിക്കൽ എന്നാണ്. പിന്നെ കാമദേവനെ ശിവൻ ഒരിക്കൽ ദഹിപ്പിച്ചപ്പോൾ, കാമദേവന്റെ ഭാര്യയായ രതീദേവി, ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രാർത്ഥിച്ചതുകൊണ്ടാണ് തിരുവാതിര നൊയമ്പ് വന്നത് എന്നും ഒരു കഥയുണ്ട്. ശിവപാർവ്വതിമാരുടെ വിവാഹം നടന്ന നാളാണ് തിരുവാതിര എന്നും കഥയുണ്ട്.
എന്തായാലും നെടുമംഗല്യത്തിനുവേണ്ടി, മംഗല്യവതികളായ സ്ത്രീകളും, നല്ല വരനെ കിട്ടാൻവേണ്ടി പെൺകുട്ടികളും തിരുവാതിര നോയ്മ്പ് എടുക്കുന്നു.
ആഘോഷം
തിരുവാതിര ആഘോഷങ്ങൾ തുടങ്ങുന്നത്, രേവതി മുതലാണ്. ഒരാഴ്ച, പുലർച്ചെയെന്നു പറഞ്ഞാൽ അതിരാവിലെ, കുളത്തില്‍പ്പോയി വെള്ളത്തിലിറങ്ങി, പാട്ടുപാടി തുടിച്ച് കുളിച്ച് കയറി, കുളക്കരയിൽ വെച്ചുതന്നെ പൊട്ടും പൂവും അണിയണം. ദശപുഷ്പം. കറുക, കൈയ്യോന്നി, നിലപ്പന, ഉഴിഞ്ഞ, ചെറൂള, തിരുതാളി, മുയൽച്ചെവി, കൃഷ്ണക്രാന്തി, പൂവാംകുരുന്നില, മുക്കുറ്റി എന്നിവയാണ് ദശപുഷ്പങ്ങൾ. പല നാടുകളിലും പല പേരുണ്ടാവും. തിരുവാതിര നാൾ തുടങ്ങുന്ന രാത്രിയിലാണ് ഉറക്കമൊഴിപ്പ് തുടങ്ങേണ്ടത്. ഇക്കൊല്ലം ജനുവരി ഒമ്പത് വെള്ളിയാഴ്ച രാത്രി പന്ത്രണ്ട് മുതലാണ് (എന്റമ്മോ) തിരുവാതിര തുടങ്ങിയത്. ശനിയാഴ്ച രാത്രി ഒമ്പതര വരെ തിരുവാതിരയുണ്ട്. അതുകഴിഞ്ഞാൽ നോമ്പും വ്രതവും അവസാനിപ്പിക്കാം. ഉറക്കമൊഴിക്കുന്ന രാത്രിയിൽ പാതിരാപ്പൂച്ചൂടണം. സ്ത്രീകളെല്ലാം തിരുവാതിരപ്പാട്ട് പാടിക്കളിച്ചതിനുശേഷം, ദശപുഷ്പവും മറ്റു പുഷ്പവും വെച്ച വൃക്ഷച്ചോട്ടില്പ്പോയി അത് ചൂടിവരണം. “ഒന്നാമൻ ചെറുകൊട്ടാരത്തിലെ താലിപ്പെണ്ണെന്നോട് പൂവിരന്നൂ...പൂവു കണ്ടിട്ടോ പൂമരം കണ്ടിട്ടോ എന്തുകൊണ്ടെന്നോട് പൂവിരന്നൂ...എന്നു തുടങ്ങി, വൃക്ഷച്ചോട്ടിൽ എത്തുമ്പോഴേക്കും പത്താമൻ ചെറുകൊട്ടാരത്തിലെ താലിപ്പെണ്ണെന്നോട് പൂവിരന്നൂ എന്നാവും. പ്രാദേശികമായി പാട്ടിന് വ്യത്യാസം ഉണ്ടാവാനും സാദ്ധ്യതയുണ്ട്. പൂച്ചൂടി തിരിച്ചുവരുമ്പോൾ വഞ്ചിപ്പാട്ട് പാടും.
വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിരയാണ് പുത്തൻതിരുവാതിര. അത് ഞങ്ങളുടെ കുടുംബത്തിൽ കേമമായിട്ട് ആഘോഷിക്കും. ഇക്കൊല്ലം ആരുടേം പുത്തൻ തിരുവാതിര ഇല്ലെന്നു മാത്രമല്ല അധികം ആഘോഷവുമില്ല. പതിവുള്ള നോയ്മ്പും ഒക്കെത്തന്നെ. പിന്നെ തിരുവാതിരകളി, ഞങ്ങളുടെ കൂട്ടത്തിൽ വിവാഹത്തിന് ഒരു ചടങ്ങാണ്. വധുവിന്റെ വീട്ടിൽവെച്ചും, പിന്നെ വിവാഹം കഴിഞ്ഞ്, രണ്ടുവീട്ടുകാരുംകൂടെ വരന്റെ വീട്ടിൽവെച്ചും. അതു പിന്നെ കാര്യമായിട്ട് പഠിക്കണം എന്നൊന്നുമില്ല. വട്ടത്തിൽ നിന്നാൽ മതി. പാട്ടുപാടുന്നത് ഏറ്റുപാടുകയും. പിന്നെ നന്നായി പാടിക്കളിക്കുന്നവരുടെ ചവിട്ട് കിട്ടാതെ ഒഴിഞ്ഞുമാറണം എന്നു മാത്രം. വീട്ടിലുള്ളവരുടെയൊക്കെ കാര്യം നമുക്ക് ശീലമുണ്ടാവും. വരുന്ന ബന്ധുക്കളുടെ കാര്യം നമുക്ക് പറയാൻ പറ്റില്ലല്ലോ. ;) (ഇതെങ്ങാൻ വായിച്ചാൽ, ഇക്കുട്ടീടെ ഒരു കാര്യം എന്ന് ചിറ്റമ്മമാർ ഒരേ സ്വരത്തിൽ പറയും. ;)) തിരുവാതിരക്കളി എന്നുപറഞ്ഞാൽ സ്കൂളിലും കോളേജിലുമൊക്കെക്കാണുന്ന വെറും കൈയിന്മേൽ കൈമുട്ടൽ അല്ല. വേറേം കുറേ രീതിയിൽ ഉണ്ട്.
മകീര്യം നാളിൽ സദ്യ പതിവുണ്ട്. അതുകഴിഞ്ഞ് സന്ധ്യയ്ക്ക്, ഇലക്കുമ്പിളിൽ ഇളനീർ നിവേദ്യം കഴിക്കണം. അതുകഴിഞ്ഞ് എട്ടങ്ങാടിയും. തിരുവാതിര പകലിലാണ് കൂവ കുറുക്കിയത് കഴിക്കുക. നൂറ്റൊന്ന് വെറ്റില നിവേദിച്ച്, ഭാര്യയും ഭർത്താവും കൂടെ കഴിച്ചുതീർക്കണം. (ഇനി മുതൽ വെറ്റിലയ്ക്കു പകരം ഐസ്ക്രീമായാലോ എന്നു ഞാൻ ചിന്തിക്കുന്നുണ്ട്.;))
നൊസ്റ്റാൽജിയ
തിരുവാതിരയെന്നു പറഞ്ഞാൽ പണ്ടല്ലേ? പണ്ടത്തെ തിരുവാതിരയുണ്ടോ ഇപ്പോ? ;) കുട്ടിക്കാലത്ത് ഞങ്ങളൊക്കെ തണുത്തുവിറച്ച് കുളത്തില്‍പ്പോയി, വെള്ളത്തിൽനിന്ന് തുടിച്ച് തിരുവാതിരപ്പാട്ട് മുഴുവൻ പാടണം. വിറച്ചുവിറച്ചാണ് പാട്ട്. പോരാത്തതിന് ഇരുട്ടും. അവിടെനിന്ന് വിളക്കിന്റെ വെളിച്ചത്തിൽ പൊട്ടൊക്കെത്തൊടും. ഒരാഴ്ച. പിന്നെ തിരുവാതിരനാളിൽ കുളിച്ച് തൊഴുത് വന്ന്, കൂവ കാച്ചിയത് കഴിക്കും. അരിഭക്ഷണം കഴിക്കാനുള്ള ആഗ്രഹം ഒരുദിവസത്തേക്ക് വേണ്ടെന്ന് വയ്ക്കും. തിരുവാതിരയ്ക്ക് രാത്രി, പാട്ടുപാടിക്കളിക്കുമ്പോൾ, ഗണപതിയാണ് തുടക്കം. പിന്നെ സരസ്വതി. പിന്നെ ഓരോ ദേവന്മാരുടേയും ദേവിമാരുടേതുമായി അങ്ങനെ പോകും പാട്ടുകൾ. ഇടയ്ക്ക് പൂച്ചൂടൽ. ഒടുവിൽ മംഗളം പാടി അവസാനിപ്പിക്കും. കുട്ടികളൊക്കെ തൂങ്ങിത്തുടങ്ങും. എന്നാലും ഉറക്കമൊഴിക്കൽ ഒപ്പിച്ചെടുക്കും. പിന്നെ അതിരാവിലെ കുളിച്ച് തൊഴുത് വന്ന്, തിരുവാതിര തീർന്നെങ്കിൽ, വ്രതം അവസാനിപ്പിക്കും. ഇന്നേതെങ്കിലും കുട്ടികൾ ഇതിനൊക്കെ നിൽക്കുമോ? ഞങ്ങളുടെ കൂട്ടുകാരൊക്കെ വരുമായിരുന്നു പണ്ട്. ഇന്നെല്ലാവരും ഓരോ വഴിക്കായി.
എട്ടങ്ങാടി
എട്ടങ്ങാടി എന്നുപറഞ്ഞാൽ എട്ട് കിഴങ്ങുകൾ, എട്ട് ധാന്യങ്ങൾ, എന്നിവ അടങ്ങിയതാണ്. കൂർക്ക, കാച്ചിൽ, ചെറുകിഴങ്ങ്, ചേമ്പ്, ചേന, മധുരക്കിഴങ്ങ്, കപ്പ എന്നിവയും നേന്ത്രക്കായയും.(ഉരുളക്കിഴങ്ങ് ഇടാറില്ല. വേറെ കിഴങ്ങുകൾ കിട്ടാനില്ലാത്തതുകൊണ്ട് നേന്ത്രക്കായ.) എട്ട് ധാന്യങ്ങൾ, ചെറുപയർ, മുതിര, തുവര, ഗോതമ്പ്, ചോളം, ഉഴുന്ന്, കടല, മമ്പയർ എന്നിവയാണ്. കിഴങ്ങുകളൊക്കെ ചുട്ടെടുക്കണം. ധാന്യങ്ങളൊക്കെ വേവിച്ച് എടുക്കണം. ശർക്കര പാവുകാച്ചി, അതിൽ കൊപ്ര, കരിമ്പ്, ഓറഞ്ച്, ചെറുനാരങ്ങ എന്നിവ ചെറുതായി അരിഞ്ഞിടണം. അതിലേക്ക് കുറച്ച് എള്ളും, തേനും, നെയ്യും ഒഴിച്ച്, ചുട്ടെടുത്ത കിഴങ്ങുകൾ മുറിച്ചിട്ട്, വേവിച്ച ധാന്യങ്ങൾ ചേർത്ത് എടുത്താൽ എട്ടങ്ങാടിയായി. നേന്ത്രപ്പഴം ചുട്ടിട്ട് ഇതിലേക്ക് യോജിപ്പിക്കണം.
തിരുവാതിരനാളിൽ, പുഴുക്കും, ഗോതമ്പ്ചോറുമാണ് കഴിക്കുക. പിന്നെ കൂവ കാച്ചിയതും.
കൂവ കാച്ചിയത് കറിവേപ്പിലയിൽ.
ഇനി തിരുവാതിരപ്പാട്ട്
ബ്ലോഗായതുകൊണ്ട് സരസ്വതിയ്ക്കാവാം.
അക്ഷരസ്വരൂപിണീ സരസ്വതീ നമോ
അക്ഷമാല കൈയിലേന്തും ഈശ്വരീ നമോ
അക്ഷരപ്രഭാവധാടിയോടു സാഹിതീ
വിദ്യനൽകീടേണമേ നിരാമയേ നമോ
വൽക്കലാദ്രിവാസിനീവിലാസിനീനമോ
ഭക്തകാമപൂരതേ ശ്രീശാരദേനമോ
ഇക്കിടാവിലാർന്നമോദമപ്രമേയമായ്
നീ കടാക്ഷമേകണം വാഗീശ്വരീ നമോ
തുകിന വക്ത്ര പങ്കജൈക വാസിനീനമോ
തുകിന കാന്തിയാർന്നിടുന്ന സുന്ദരീ നമോ
ഇഹമതീയ ജിഹ്വയേറി നാട്യമാടുവാൻ
അഹിതയായ് ഭവിച്ചിടായ്ക ഭാരതീനമോ.
(ഇപ്പാട്ടെനിക്ക് കൃത്യമായിട്ട് അറിയില്ല. പഴയൊരു പുസ്തകം നോക്കി എഴുതിയതാണ്.)
ഇതൊക്കെ ബ്ലോഗിൽ എഴുതിയിടുന്നത് വെറുതേയല്ല. ഇങ്ങനെ ഒരു ആഘോഷമുണ്ടായിരുന്നു എന്നു പറയേണ്ടിവരുന്ന കാലത്തേക്കുള്ള കരുതിവയ്പ്പാണ്. ഓരോ സ്ഥലത്തും ആഘോഷങ്ങളും രീതികളും മാറിയെന്നുവരും. എന്നാലും തിരുവാതിര ഒരു ആഘോഷം തന്നെ.
ഈ എഴുതിയിട്ടത്, പണ്ട് പണ്ടൊരു കാലത്ത്, തിരുവാതിരയെന്നൊരാഘോഷം ഉണ്ടായിരുന്നു എന്നതിനൊരു തെളിവായിക്കോട്ടെ.
Labels: തിരുവാതിര
14 Comments:
നാട്ടില്‍ നിന്നും ഒരുപാടുദൂരെ കടലുകള്ക്കപ്പുറത്തിരിന്നു ഈ കുറിപ്പ് വായിക്കുമ്പോള്‍ മനസ്സ് ഗൃഹാതുരമാകുന്നു. തിരുവാതിര ഒരനുഷ്ടാനകലയാണെന്നുള്ള തിരിച്ചറിവ് ഇപ്പോള്‍ ആണുണ്ടായത്. അതിന്റെ ഐതിഹ്യം വായിച്ചപ്പോള്‍. പഠിച്ചൊരു കുറിപ്പെഴുതിയതിനു അഭിനന്ദനങ്ങള്‍...
ന്നായി. ഇതൊരാവശ്യമായിരുന്നു.
തിരുവാതിരയും, തുടിച്ച് പാട്ടും, എട്ടങ്ങാടിയും ഒക്കെ ഓര്‍മ്മകളുടെ പിന്നാമ്പുറങ്ങളിലെ ഏതോ ധനു മാസ പുലരികളിലേയ്ക്കെന്നെ വിളിച്ചു കൊണ്ടു പോയി. നിര്‍മ്മാല്യ ദര്‍ശനത്തിന് സര്സ്വതീയാമത്തിനു മുന്നെ കാത്ത് നില്ക്കുന്നവര്. അമ്പലചിറയിലെ തുടിച്ച് പാട്ടിന്റെ ശബ്ദങ്ങള്‍.ആകാശത്ത് ഉറക്കം തൂങ്ങി നില്ക്കുന്ന നക്ഷത്രങ്ങള്‍.
അയ്യോ ഞാനൊത്തിരി എഴുതി പോയോ.
സൂ വളരെ നന്ന് ഈ കുറിപ്പ്.
ആശംസകള്‍
തിരുവാതിരേര്ന്നു എന്ന് ഇന്നാ ഓര്‍മ്മ വന്നത് സത്യത്തില്‍. നാട്ടില്‍ പതിവുണ്ട്, ഇവിടെ പതിവില്ല.
നന്നായി സൂ ഈ പോസ്റ്റ്.
അരങ്ങ് :) നന്ദി.
രജി ജി :) നന്ദി.
വേണുവേട്ടാ :) അങ്ങനെയുള്ള ഓർമ്മകളിലേക്ക് ഞാനുമൊരു തിരിച്ചുപോക്ക് നടത്തിയതായിരുന്നു. ഇപ്പോഴും ഉണ്ട് വ്രതവും ആഘോഷവുമൊക്കെ. എന്നാലും കുട്ടിക്കാലത്തെ ഓർമ്മയിലെത്തും.
ഷിഹാബ് :) നന്ദി.
പി. ആർ. :) അവിടെയും വ്രതമൊക്കെ ആവാമല്ലോ. ഇനി അടുത്ത കൊല്ലം ആവട്ടെ അല്ലേ?
എന്റെ പൂത്തിരുവാതിരയായിരുന്നു ഇത്തവണ..അമ്മായി അമ്മ, ശനിയാഴ്ച ഉച്ച കഴിഞ്ഞു വിളിച്ചിട്ട് പറഞ്ഞു, എനിക്കിന്ന് നോമ്പായിരുന്നു, ഇന്നു തിരുവാതിരയാണ് എന്ന്..
എന്നോട് പറയാഞ്ഞതെന്തേ എന്ന് പരിഭവിച്ചു ഞാന്‍..:(
മേരിക്കുട്ടീ :)ഞങ്ങളെയൊക്കെ വിളിച്ചിരുന്നെങ്കിൽ പുത്തൻ തിരുവാതിര കേമമാക്കിത്തരില്ലായിരുന്നോ?
അടുത്ത ഫ്ലാറ്റുകളിലെ മാമിമാര് വല്യ കോലമിട്ടിരിക്കുന്നത് കണ്ടപ്പഴാണ് ഇന്ന് (ശനിയാഴ്ച) തിരുവാതിരയാണെന്ന് ഞാനോര്‍ത്തത്. അപ്പോഴേയ്ക്കും ഉച്ചയായിരുന്നു. :-)
ബിന്ദൂ :) തിരുവാതിര നോമ്പൊക്കെ നല്ലതാണ്. അങ്ങനെ മറക്കരുത് ഇനി.
thiruvaathira kazhinjnjO..?
:-(
KashTam. iththavaNayenkilum oru pOst eZhuthaNamenne karuthiyirunnu about one poerson.
:-(
Upasana
ഉപാസനേ :) അടുത്ത വർഷം നാലുദിവസം മുമ്പ് ഓർമ്മിപ്പിക്കാം കേട്ടോ.
സ്കൂളില്‍ തിരുവാതിര മല്‍സരത്തില്‍ പങ്കെടുത്തിട്ടുന്ട് എന്നല്ലാതെ...ഈ പറഞ്ഞ കാര്യങ്ങള്‍ ഒന്നും അറിയില്ലാരുന്നു. എനിക്കും പുത്തന്‍ തിരുവാതിര ആയിരുന്നു.
സുചേച്ചി ഇതു പോസ്റ്റ് ചെയ്തത് നന്നായി..
നിലാവേ :) അതെയോ? സമ്മാനമൊക്കെ കിട്ടാറില്ലേ? പുത്തൻ തിരുവാതിര ആയിരുന്നു അല്ലേ? കഴിഞ്ഞുപോയല്ലോ.
Post a Comment
Subscribe to Post Comments [Atom]
<< Home