ചിന്നുവിന്റെ അവധിക്കാലം
ചിന്നുക്കുട്ടിയ്ക്ക് സ്കൂളടച്ചുകഴിഞ്ഞു. ചിന്നുക്കുട്ടി രാവിലെതന്നെ അമ്മ കൊടുത്ത ഭക്ഷണവും കഴിച്ച് കാഴ്ച കാണാൻ പുറപ്പെട്ടു. മുറ്റത്തേക്കിറങ്ങിയപ്പോൾ ഒരു തുമ്പിയെക്കണ്ടു. അതിന്റെ പിന്നാലെ ഓടി. എന്നിട്ട് ചോദിച്ചു :-
തുമ്പീ തുമ്പീ നിന്നോടൊപ്പം
പാറിനടക്കാൻ വന്നോട്ടേ?
അപ്പോ തുമ്പി പറഞ്ഞു :-
അയ്യോ കുഞ്ഞേ വേണ്ടല്ലോ,
കുഞ്ഞിനു ചിറകുകൾ ഇല്ലല്ലോ.
എന്നിട്ട് തുമ്പി പാറിപ്പോയി.
ചിന്നുക്കുട്ടി പറമ്പിലേക്കിറങ്ങി. ദൂരെയൊരു മരത്തിലെ വള്ളിയിൽ തൂങ്ങി ഒരു കുരങ്ങച്ചൻ ഊഞ്ഞാലാടുന്നുണ്ട്. ചിന്നുക്കുട്ടി കുരങ്ങനോട് ചോദിച്ചു :-
കുരങ്ങാ കുരങ്ങാ നിന്നോടൊപ്പം
കൊമ്പത്താടാൻ വന്നോട്ടേ?
അപ്പോ കുരങ്ങൻ പറഞ്ഞു.
അയ്യോ കുഞ്ഞേ വേണ്ടല്ലോ,
വീഴും കുഞ്ഞുകരഞ്ഞീടും.
കുരങ്ങൻ ഒരു മരത്തിൽനിന്ന് വേറൊരു മരത്തിലേക്ക് ആടിയാടിപ്പോയി.
ചിന്നുക്കുട്ടി വീണ്ടും നടന്നു. കുളത്തിന്റെ കരയിലെത്തി. അമ്മ പറഞ്ഞിട്ടുണ്ട്, അവിടെയൊക്കെ പോകുമ്പോൾ സൂക്ഷിക്കണംന്ന്. അതുകൊണ്ട് മെല്ലെ കുളക്കരയിലിരുന്ന് കുളത്തിലേക്ക് നോക്കി. മീനുണ്ട് പോകുന്നു. നീന്തിനീന്തി. ഇടയ്ക്ക് തല വെള്ളത്തിനു മുകളിലിട്ടു. ചിന്നു മീനിനോട് ചോദിച്ചു :-
മീനേ മീനേ നിന്നോടൊപ്പം
നീന്താൻ ഞാനും വന്നോട്ടേ?
അപ്പോ മീൻ പറഞ്ഞു :-
അയ്യോ കുഞ്ഞേ വേണ്ടല്ലോ,
കുഞ്ഞിനു നീന്താൻ അറിയില്ല.
പറഞ്ഞിട്ട്, മീൻ നീന്തിപ്പോയി.
ചിന്നുക്കുട്ടി റോഡിനരികിലേക്കു നടന്നു. റോഡിലൂടെ ഒരു ആനയുണ്ട് പോകുന്നു. തടിയും പിടിച്ച്.
ചിന്നുക്കുട്ടി ചോദിച്ചു :-
ആനേ ആനേ നിന്നോടൊപ്പം
തടികൾ പിടിക്കാൻ വന്നോട്ടേ?
അപ്പോ ആ വലിയാനയ്ക്ക് കുഞ്ഞുചിന്നുക്കുട്ടീടെ ചോദ്യം കേട്ടിട്ട് ചിരിവന്നു. ആന പറഞ്ഞു :-
അയ്യോ കുഞ്ഞേ പറ്റില്ല,
കുഞ്ഞിക്കയ്യുകൾ നൊന്തീടും.
ആന തടിയും ഉരുട്ടി പോയി. ചിന്നുക്കുട്ടി നോക്കിനിൽക്കുമ്പോഴുണ്ട് ടക് ടക് ടക് എന്ന് ഒച്ചയുണ്ടാക്കി കുതിര വരുന്നു.
ചിന്നുക്കുട്ടിയെ കണ്ടപ്പോൾ കുതിര വേഗത കുറച്ചു. അപ്പോ ചിന്നുക്കുട്ടി ചോദിച്ചു :-
കുതിരേ കുതിരേ നിന്നോടൊപ്പം
കുതിച്ചുപായാൻ വന്നോട്ടേ?
അപ്പോ കുതിര എന്താ പറഞ്ഞേന്ന് അറിയ്യോ?
അയ്യോ കുഞ്ഞേ പറ്റില്ല,
കുഞ്ഞിക്കാലുകൾ തളരില്ലേ?
കുതിര പിന്നേം വേഗത്തിലോടിപ്പോയി. ചിന്നുക്കുട്ടി ഇനി എന്താ ചെയ്യ എന്നും ആലോചിച്ച് നിൽക്കുമ്പോൾ മിന്നുച്ചേച്ചി വന്നു. ചേച്ചി ചിന്നുവിനോട് പറഞ്ഞു :-
ചിന്നുക്കുട്ടീ വന്നാലും,
കൊത്തങ്കല്ല് കളിച്ചീടാം,
കൊമ്പത്തൂഞ്ഞാലാടീടാം,
ഒളിച്ചേ കണ്ടേ കളിച്ചീടാം,
ഓടിത്തൊട്ടു കളിച്ചീടാം,
ഓലപ്പന്തു മെനഞ്ഞീടാം,
ഓലക്കുടിലു പണിഞ്ഞീടാം.
അങ്ങനെ ചിന്നുക്കുട്ടീം ചേച്ചീം കൂടെ അവധിക്കാലം ആഘോഷിച്ചു.
Labels: കുട്ടിക്കഥ, കുട്ടിപ്പാട്ട്
5 Comments:
കൊള്ളാമല്ലോ സൂവേച്ചീ. കൊച്ചു കുട്ടികള്‍ക്ക് പാടിക്കൊടുക്കാന്‍ പറ്റിയ ഒരു കുട്ടിക്കവിത.
:)
അവരങ്ങിനെ കളിച്ചു നടക്കട്ടെ..
(സിപ്പി പള്ളിപ്പുറത്തിന്റെ കഥ വായിച്ച പ്രതീതി.. )
നല്ല കഥയും കവിതയും :-)
:-)
ശ്രീ :)
ഇട്ടിമാളൂ :)
ബിന്ദൂ :)
സൂര്യോദയം :)
നന്ദി, എല്ലാവർക്കും.
Post a Comment
Subscribe to Post Comments [Atom]
<< Home