ദൈവമേ നിനക്ക് നന്ദി
ദൈവമാണ് ഓരോരുത്തർക്കും ജന്മം നൽകുന്നത്. അവിടെ എഴുതിവെച്ചിട്ടുണ്ടാവും കണക്കുകളൊക്കെ. ഓരോരുത്തരേയും ഭൂമിയിലേക്ക് വിധിയെന്നൊരു പാരച്യൂട്ടും കെട്ടി തള്ളിയിടും. പിന്നെ ആ പാരച്യൂട്ടിന്റെ ഗുണംപോലിരിക്കും നമ്മുടെ കാര്യങ്ങൾ. ദൈവം ഉണ്ടോന്ന് എന്നോടു ചോദിച്ചാൽ ഉണ്ടെന്നേ ഞാൻ പറയൂ. കാണിച്ചുതരൂ എന്നു പറഞ്ഞാൽ ഞാൻ കുഴയും. ദൈവം, ഗോബീ മഞ്ചൂരിയനും, സ്ട്രോബറി ഐസ്ക്രീമും ഒന്നുമല്ലല്ലോ കാണിച്ചുതരാൻ. ദൈവം ഒരു അനുഭവം ആണ്. കാറ്റുപോലെ. കാറ്റ് ഞാൻ കണ്ടിട്ടില്ല, അനുഭവമേയുള്ളൂ. അതുകൊണ്ട് കാറ്റില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ അവർക്ക് കാറ്റു തന്നെ എന്നു നമ്മൾ പറയില്ലേ? അതുതന്നെ ദൈവത്തിന്റെ കാര്യത്തിലും.
“ങ്ങള് ദുബായ് കണ്ടിട്ട്ണ്ടാ?”
“ഇല്ല”
“എന്നാ ദുബായ് ഇല്ലേ?” എന്ന് ലാലേട്ടൻ കിളിച്ചുണ്ടൻ മാമ്പഴത്തിൽ ചോദിച്ച ചോദ്യം ഞാൻ അവിശ്വാസികളോടും ചോദിക്കും.
ദൈവം വരുന്നത് അനുഭവങ്ങളുടെ രൂപത്തിലാണ്. നല്ല അനുഭവങ്ങൾ വരുമ്പോൾ ദൈവത്തെക്കേറി പ്രേമിക്കുകയും, നമുക്ക് പിടിക്കാത്ത അനുഭവം വരുമ്പോൾ ദൈവത്തെ തഴയുകയും ചെയ്യുന്ന പരിപാടി നല്ലതല്ല. ദൈവം പരീക്ഷിക്കുകയാണ് എന്നോർക്കുമ്പോൾ ആദ്യം എനിക്ക് ഭയങ്കര വിഷമം ഒക്കെ തോന്നും. അതൊക്കെ തോന്നിക്കഴിഞ്ഞ്, ദൈവത്തെ നാലു തെറിപറയാം എന്നു തോന്നിത്തുടങ്ങുന്നതിനുമുമ്പ് ഞാനൊന്ന് ആലോചിക്കും. പ്രധാനമായും രണ്ട് രീതിയിൽ ആലോചിക്കും. ഒന്ന് ദൈവം മറ്റുള്ളവർക്കില്ലാതെ എനിക്ക് തന്നിട്ടുള്ള സൗഭാഗ്യങ്ങൾ. അപ്പുറവുമിപ്പുറവുമുള്ള ആൾക്കാരുമായി ഒരു കാര്യത്തിലും താരതമ്യം ചെയ്യേണ്ട കാര്യമില്ലെങ്കിലും, ചെയ്തുനോക്കിയാൽ നമുക്ക് മനസ്സിലാകും ദൈവം നമ്മിലേക്ക് ചൊരിഞ്ഞിട്ടുള്ള അനുഗ്രഹങ്ങൾ. അപ്പോ ഞാനൊരു ഭാഗ്യവതി തന്നെ. പിന്നെയാലോചിക്കുന്നത് എനിക്ക് തന്നിരിക്കുന്ന പരീക്ഷണങ്ങൾ എന്റെ പ്രിയപ്പെട്ടവർക്കാർക്കെങ്കിലും കൊടുത്തിരുന്നെങ്കിൽ അവരുടെ സ്ഥിതി എന്താവുമായിരുന്നു എന്നു വിചാരിക്കും. അതോടെ എനിക്കു മനസ്സിലാവും ഞാനാളു പുലിയാണ്, (പ്ലീസ് ഒന്നും വിചാരിക്കരുത്. വേറെ ആരുമില്ല പറയാൻ. അതുകൊണ്ട് സ്വയം പുകഴ്ത്തുന്നതാ;)) അതുകൊണ്ടാണ് ദൈവം സകല പരീക്ഷണവും എന്റെ തലയിലേക്കിട്ടു തന്നിരിക്കുന്നത് എന്ന്. പാവം ദൈവം അല്ലെങ്കിൽ എന്തു ചെയ്യും. അതും നമ്മളാലോചിക്കണ്ടേ. ഒക്കെ വിതരണം ചെയ്യുകേം വേണം, നല്ലത് വാങ്ങാൻ മാത്രമേ ആളുള്ളൂ എന്നുവിചാരിച്ചാൽ ബാക്കി മുഴുവൻ ആ പാവത്താൻ കെട്ടിപ്പിടിച്ചുംകൊണ്ടിരിക്കേണ്ടേ. പോരാത്തതിന് സകല വിശ്വാസികളുടേം പ്രാർത്ഥനയ്ക്ക് ചെവികൊടുക്കുകേം വേണം. പാവം ദൈവം. അതുകൊണ്ടാണ് ദൈവം പരീക്ഷണങ്ങൾ നേരിടാൻ എന്നെപ്പോലെയുള്ള നല്ല ധൈര്യവതികളേം നല്ല ധൈര്യവാന്മാരേം തെരഞ്ഞെടുക്കുന്നത്. ബാക്കി മനുഷ്യരൊക്കെ പാവങ്ങൾ! ഛെ! ഛെ! പരീക്ഷണങ്ങൾ വരുമ്പോൾ ഇങ്ങനെയൊക്കെ നിങ്ങളും ചിന്തിച്ചാൽ മതി കേട്ടോ.
പിന്നെ അനുഭവങ്ങൾ എന്നു പറയുന്നത് ദൈവം പലരൂപത്തിലും, സമയത്തും, വരുന്നതിനെയാണ്. എട്ടു വലിയ ബാഗും നാലു സാദാ കൈകളും മാത്രമായി നിൽക്കുമ്പോൾ ഒഴിഞ്ഞുകിടക്കുന്ന റെയിൽവേസ്റ്റേഷനിൽ പോർട്ടറുടെ രൂപത്തിൽ വന്നിട്ടുണ്ട്. അല്ലെങ്കിൽ ടിക്കറ്റ് റിസർവ്വ് ചെയ്ത ട്രെയിനിൽ കയറുകയേ ഉണ്ടാവുമായിരുന്നില്ല. ഈച്ചയും പൂച്ചയും മറ്റു മനുഷ്യരുമില്ലാത്ത ഒരു സ്റ്റേഷനിൽ ഇത്രയും ലഗ്ഗേജും എടുത്ത് കയറാൻ കഴിയില്ലെന്ന് തോന്നിയപ്പോൾ, ഒരു സഹയാത്രികന്റെ രൂപത്തിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അർദ്ധരാത്രിയ്ക്ക് സിനിമയും കഴിഞ്ഞ്, പഞ്ചറായ സ്കൂട്ടറും തള്ളിയെത്തിയപ്പോൾ റിപ്പയർ പ്രമാണിച്ച് കുറേനാളായി തുറക്കുകയേ ചെയ്യാത്ത ഒരു പെട്രോൾ ബങ്കിൽ നിന്ന് ടയറിൽ കാറ്റുകയറ്റിത്തന്ന്, വീട്ടിലെത്താൻ ഇതുമതി, പഞ്ചറൊട്ടിക്കാൻ നാളെ കൊണ്ടുപോയാൽ മതി വേഗം പൊയ്ക്കോളീൻ എന്നു പറഞ്ഞിട്ടുണ്ട്. ആ ദിവസം ശരിക്കും പേടിച്ചിരുന്നു. എല്ലാവരും പോയ്ക്കഴിഞ്ഞിരുന്നു. വീട്ടിലെത്താൻ കുറച്ച് ദൂരവുമുണ്ട്. സ്കൂട്ടറും തള്ളി വീടുവരെ വരുക, അല്ലെങ്കിൽ സ്കൂട്ടർ അവിടെ എവിടെയെങ്കിലും വെച്ചിട്ട് നടന്ന് വരുക എന്നതൊന്നും ആലോചിക്കാൻ പോലും തോന്നിയില്ല. ശൂന്യമായ റോഡരുകിൽ സ്കൂട്ടറും വെച്ചിട്ട് വന്നാൽ രാവിലെ നോക്കുമ്പോൾ സ്കൂട്ടർ പോയിട്ട് സ്ക്രൂ പോലും കാണില്ല. ;) പിന്നെ പല അപകടങ്ങളിൽ നിന്നും ഒന്നും സംഭവിക്കാതെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതൊക്കെ ദൈവം തന്നെയാണ്. “നിങ്ങളൊരു ദൈവമാണ്’ എന്ന് മനുഷ്യരോട് പറയാൻ തോന്നുന്ന അനുഭവം ഉണ്ടായിക്കാണും പലർക്കും. നമ്മെ വിഷമത്തിൽ നിന്നു കരകയറ്റുന്നത് ദൈവം തന്നെ. സഹായത്തിന്റെ രൂപത്തിൽ വരുന്നെന്നുമാത്രം. അല്ലാതെ, പാതിരാത്രി, ടയർ പഞ്ചറായ സ്കൂട്ടറുമായി നിൽക്കുമ്പോൾ, സീരിയലിലും കഥകളിലും സിനിമയിലും ഒക്കെ കാണുന്നതുപോലെ സർവ്വാഭരണവിഭൂഷിതനായിട്ട് വന്നിട്ട്, “മകളേ, മകനേ, നിങ്ങളിൽ ഞാൻ സംപ്രീതനായിരിക്കുന്നു, നിങ്ങൾ ഈ ഇരുചക്രവാഹനം തള്ളിക്കൊണ്ടുപോകേണ്ട, കാറ്റടിച്ചുതരാം.” എന്നു പറഞ്ഞാലേ അത് ദൈവമാണെന്ന് തോന്നൂ എന്ന് പറഞ്ഞാൽ വിഷമം തന്നെയാണേ. ;)
ജനിപ്പിച്ചതുകൂടാതെ, മരണത്തിലേക്ക് വിടാതെ ജീവിതത്തിലേക്ക് രണ്ടുവട്ടം കൈപിടിച്ചിട്ടിട്ടുണ്ട് ദൈവം. ജീവിതത്തിലേക്ക് തിരിച്ചിട്ടത്, മിക്കവാറും ഞാനങ്ങോട്ട് ചെന്നാൽ സഹിക്കാൻ പറ്റില്ലെന്ന് വിചാരിച്ചതുകൊണ്ടാവാനേ സാദ്ധ്യതയുള്ളൂ. ;)
കുറച്ചുമാസങ്ങൾക്കുമുമ്പ് ഞങ്ങൾ വീട്ടുകാരെല്ലാംകൂടെ ഒത്തുകൂടിയപ്പോൾ ഞങ്ങൾ, കുട്ടികളെയൊക്കെ കൂട്ടി, തോട്ടിൽ പോയി. കുട്ടികൾക്ക് വെള്ളത്തിൽക്കിടക്കാൻ ഒരു അവസരം ആയി. ചേച്ചി, നാത്തൂനോട് എന്തോ പറയുന്നുണ്ടായിരുന്നു. എന്നെ നോക്കി ചിരിക്കുകയും. എന്താന്നു ചോദിച്ചപ്പോൾ പറഞ്ഞു. പണ്ട് നീ "മുങ്ങിപ്പോയ" കാര്യം പറഞ്ഞതാണെന്ന്. ഞാൻ പറഞ്ഞു, ഇവളറിഞ്ഞിരുന്നില്ലേ അത്, ഞാൻ പണ്ടേ ബ്ലോഗിലിട്ടിരുന്നു എന്ന്. എന്നിട്ട് പറഞ്ഞു, അപ്പൊ ഞാൻ മുങ്ങിപ്പോയിരുന്നെങ്കിൽ, അങ്ങനെയൊരു കുട്ടിയുണ്ടായിരുന്നു, പാവം ചെറുപ്പത്തിലേ മുങ്ങിപ്പോയി എന്നു എല്ലാവരും പറഞ്ഞുതന്നേനെ എന്ന്. അവൾക്കൊക്കെ എന്നെക്കാണാൻ ഭാഗ്യമുണ്ട്. അതുതന്നെ. ;)
പിന്നെയൊരിക്കൽ സ്കൂട്ടറപകടത്തിൽനിന്നാണ് ദൈവം മിനുട്ടുകളുടെ വ്യത്യാസത്തിൽ രക്ഷിച്ചെടുത്തത്. ഇന്നും വളരെ ചെറുതെന്ന് നമുക്കു തോന്നുന്ന അപകടം പോലും ഓരോരുത്തരുടെ ജീവനെടുത്തെന്ന് കേൾക്കുമ്പോൾ, ഞാൻ ആ അപകടം ഓർക്കും. ദൈവമില്ലായിരുന്നെങ്കിൽ! അല്ലെങ്കിൽ എനിക്ക് ദൈവവിശ്വാസമില്ലായിരുന്നെങ്കിൽ! അന്ന് ചിലപ്പോ വേറെ എന്തെങ്കിലും സംഭവിച്ചേനേ. (എന്താണ് നിങ്ങൾ പറയുന്നത്? ദൈവമേ നിനക്കു വെച്ചിട്ടുണ്ട് എന്നോ? അത് ചേട്ടൻ എപ്പഴും പറയും. ;))
എവിടെയോ മറഞ്ഞിരിക്കുന്ന, നമ്മെ നിയന്ത്രിക്കുന്ന, എന്നാൽ നമുക്ക് കാണാൻ കഴിയാത്ത ഒരു ശക്തിയുണ്ട്. അതാണ് ദൈവം. ചിലപ്പോൾ അനുഗ്രഹിക്കും, ചിലപ്പോൾ തൊഴിക്കും. നമുക്കു കിട്ടേണ്ടത് കിട്ടും. പരീക്ഷിക്കുമ്പോൾ, മറ്റുള്ളവരേക്കാൾ നമ്മൾ കൂടുതൽ ശക്തരായതുകൊണ്ടാണെന്നൊരു ബോധം ഉണ്ടായാൽ മതി. പിന്നെയൊന്നുമില്ല. വിഷമവുമില്ല, പരിഭവവുമില്ല. ചുക്കുമില്ല ചുണ്ണാമ്പുമില്ല, ഒരു മണ്ണാങ്കട്ടയുമില്ല. ദൈവത്തോട്, മറ്റുള്ളവർക്കുവേണ്ടി നടത്തുന്ന പ്രാർത്ഥനകൾ ഫലിക്കാറുണ്ട് എന്ന് ഞാൻ കണ്ടെത്തിയിട്ടുണ്ട്. പ്രാർത്ഥിച്ച് നമസ്കരിക്കുമ്പോൾ എല്ലാവർക്കും നല്ലതു വരുത്തണേ എന്നേ പറയാറുള്ളൂ. അല്ലാതെ എനിക്ക് പ്രിയപ്പെട്ടവരുടേയും എന്റെ ബ്ലോഗിലെ പോസ്റ്റിൽ കമന്റ് വെക്കുന്നവരേയുമൊക്കെ പ്രത്യേകം പ്രത്യേകം എടുത്തുപറഞ്ഞ് പ്രാർത്ഥിക്കാറില്ല. ;) പിന്നെ ചിലർക്ക്, കൂടുതൽ വിഷമം ഉണ്ട്, ഉണ്ടാവും എന്നൊക്കെത്തോന്നുമ്പോൾ അവർക്കുവേണ്ടി പ്രത്യേകമായിട്ടൊന്ന് പറയും. അത് നിങ്ങളാരും പ്രാർത്ഥിക്കണേന്ന് പറഞ്ഞിട്ടൊന്നും വേണ്ട. എനിക്കറിയാം. ;) അതുകൊണ്ടാണ് നിങ്ങൾക്കൊക്കെ വിഷമം വരുമ്പോ വേഗം മാറുന്നത് എന്നിപ്പോ മനസ്സിലായില്ലേ?
ദൈവം വിളക്കാണ്, വഴികാട്ടിയാണ്, ശക്തിയാണ്. അങ്ങനെയൊന്നുണ്ടെന്ന് വിശ്വസിക്കുമ്പോൾത്തന്നെ മനസ്സിനൊരു ബലമുണ്ട്. ഉണ്ടെന്നുള്ളതിനു തെളിവാണ് ദൈവസാന്നിദ്ധ്യം ഉണ്ടെന്നു കരുതുന്നിടത്തുള്ള ആൾക്കൂട്ടം. വെറുതേ കാഴ്ച കാണാൻ പോകുന്നവരുമുണ്ടാവും. എല്ലാരും അങ്ങനെയാവില്ലല്ലോ.
അവിശ്വാസികൾക്ക് (അങ്ങനെ അഭിനയിക്കുന്നവർക്ക്) ഇതൊക്കെ ആരെങ്കിലും പറയുമ്പോൾ തമാശ ആയിരിക്കും. എവിടെയെങ്കിലും വീണ് നക്ഷത്രമെണ്ണുമ്പോൾ അവരും ആരും കേൾക്കാതെ വിളിക്കും ‘എന്റെ ദൈവേ’ ന്ന്. ;)
ദൈവം തരുന്നത് സന്തോഷത്തോടെ സ്വീകരിക്കുന്നു, എനിക്ക് നിഷേധിക്കുന്നത്, അതിന് എന്നേക്കാളും ആവശ്യമുള്ളവരുണ്ടെന്ന് വിശ്വസിച്ച് സമാധാനിക്കുന്നു.
നിന്റെ സ്നേഹത്തിന്, കാരുണ്യത്തിന്, എനിക്ക് പറയാൻ വേറെ വാക്കുകളില്ല.
ദൈവമേ നിനക്ക് നന്ദി!
Labels: ദൈവം
16 Comments:
:)
നന്ദി !
നമ്മളൊക്കെ ജീവിച്ചിരിക്കുന്നതിനു തന്നെ തെളിവ് ഈ ദൈവമല്ലേ...
ദൈവമില്ലാതെ ഈ ലോകത്തിനു എന്ത് നിലനില്‍പ്പ്?
ചിന്തിപ്പിച്ച ഒരുപാടു കാര്യങ്ങള്‍ ഈ പോസ്റ്റില്‍ ഉണ്ട്..
ദൈവമേ നിനക്ക് നന്ദി
പോസ്റ്റ് കൊള്ളാം.
hi
‘നിങ്ങള്‍ നിങ്ങളുടെ താഴേക്കിടയിലേക്ക് നോക്കുക’എന്ന പ്രവാചകര്‍ മുഹമ്മദ് നബി(സ)യുടെ വചനങ്ങള്‍ ശ്രദ്ധേയമാണ്. ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമുണ്ടാവുമ്പോള് ദൈവത്തെ പഴിചാരുന്നതിന് പകരം തന്നേക്കാള്‍ ദുരിതമനുഭവിക്കുന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ തന്റെയവസ്ഥ എത്രെയോ ഭേദമെന്ന് ബോധ്യപ്പെടുകയും ദൈവത്തിന് സ്തുതികളര്‍പ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. പോസ്റ്റിന് ആശംസകള്‍ ചേച്ചീ.
ഇങ്ങനെയൊരു പോസ്റ്റിടാന്‍ സുവിന് തോന്നിച്ചതിന് ദൈവമെ നിനക്കു നന്ദി.നന്നായിട്ടുണ്ട്.
സു പറഞ്ഞതു ശരിയാ. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ദൈവം നമ്മുടെ മുന്പില് പലരുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു.
പോസിറ്റീവ് തിങ്കിങ്ങ്!!!
പോസ്റ്റ് നന്നായി സൂവേച്ചീ.
“എവിടെയോ മറഞ്ഞിരിക്കുന്ന, നമ്മെ നിയന്ത്രിക്കുന്ന, എന്നാൽ നമുക്ക് കാണാൻ കഴിയാത്ത ഒരു ശക്തിയുണ്ട്. അതാണ് ദൈവം”
വല്യമ്മായി :) ആദ്യത്തെ കമന്റിന് നന്ദി.
സ്മിത :)
പാറുക്കുട്ടീ :)
മുന്നൂറാൻ :) hi
കാസിം തങ്ങൾ :)
മുസാഫിർ :)
ഗീത് :)
ശ്രീ :)
സൂ...
തൂലികാജാലകം :)
ഈശ്വരോ രക്ഷതു!
midukki, ate karyam njmmalettu tta :)
സത്യം! ദൈവം പലരൂപത്തിൽ താങ്ങായിവന്ന എത്രയോ അനുഭവങ്ങൾ. :-)
പി.ആർ :)
ദൈവം :) സന്തോഷം.
ബിന്ദു :)
Post a Comment
Subscribe to Post Comments [Atom]
<< Home