അമ്മുവും പൂമ്പാറ്റയും
പുള്ളിയുടുപ്പിട്ട സുന്ദരിപ്പൂമ്പാറ്റ,
പൂന്തോട്ടത്തിൽ പറന്നുവന്നു.
എഴുതിപ്പഠിക്കുവാൻ ഏറെയുണ്ടെങ്കിലും,
അമ്മു ജനലിലൂടെത്തിനോക്കി.
അമ്മ വന്നീടുമ്പോൾ വാതിൽ തുറന്നിടും,
പൂമ്പാറ്റയോടായവളുചൊല്ലീ.
കൂടെക്കളിക്കുവാൻ വന്നിടും ഞാനപ്പോൾ,
അതുവരെ പാറിപ്പറക്കുക നീ.
അമ്മു ചെന്നമ്മയോടൊന്നു കെഞ്ചീ,
വാതിൽ തുറന്നു തരികയമ്മേ.
വാതിൽ തുറന്നപ്പോളോടിപ്പോയി,
പൂമ്പാറ്റയൊത്തു കളി തുടങ്ങി.
പൂമ്പാറ്റ ചാഞ്ഞും ചെരിഞ്ഞും പറക്കുമ്പോൾ,
കൗതുകം പൂണ്ടവൾ നോക്കിനിന്നൂ.
പൂമ്പാറ്റ പോകും വഴിയിലെല്ലാം,
ഓടിക്കിതച്ചവൾ കൂടെപ്പോയി.
ഒടുവിലാപ്പൂമ്പാറ്റയെങ്ങോ മറഞ്ഞുപോയ്,
അമ്മു വിഷമിച്ചു വീട്ടിലെത്തി.
നാളെയും പൂമ്പാറ്റ വന്നിടുമെങ്കിൽ ഞാൻ,
കൂടെക്കളിക്കുവാൻ പോകുമമ്മേ.
അമ്മയതുകേട്ടു പുഞ്ചിരിച്ചൂ,
കുഞ്ഞിന്റെ സന്തോഷം കൂട്ടുവാനായ്.
Labels: അമ്മു, കുട്ടിപ്പാട്ട്, പൂമ്പാറ്റ
3 Comments:
ഞാനിപ്പഴും പോവാറുണ്ട് പൂമ്പാറ്റയുടെ പിറകെ.
നല്ല കുട്ടിക്കവിത :-)
മനോഹരമായ കവിത!
‘അഭിനന്ദനങ്ങള്‍’
ബിന്ദുവിനും ആത്മയ്ക്കും നന്ദി. :)
Post a Comment
Subscribe to Post Comments [Atom]
<< Home