പ്രിയമുള്ള ശ്രീരാംസേനേ...
പ്രിയമുള്ള ശ്രീരാം സേനേ....
ആദ്യം തന്നെ നിങ്ങൾക്ക് നമസ്കാരം. നന്ദി. നിങ്ങളുടെ കാലുകൾ എവിടെയാണ്? എനിക്കൊന്ന് കഴുകി നമസ്കരിച്ച് അനുഗ്രഹം വാങ്ങണമായിരുന്നു. ഞാൻ ആരാണെന്നുള്ളതൊന്നും ഒരു പ്രശ്നമേയല്ല. ഞാൻ ഒരു വല്യ വിഭാഗം ജനത്തെ പ്രതിനിധീകരിക്കുന്നു എന്നു മാത്രം നിങ്ങളിലോരോരുത്തരും മനസ്സിലാക്കിയാൽ മതി. നിങ്ങൾ എവിടെയായിരുന്നു ഇത്രയും കാലം? അവതരിക്കാൻ വൈകിപ്പോയില്ലേ? അല്പം മുമ്പായിരുന്നെങ്കിൽ എന്നെപ്പോലെയുള്ള എത്രയോ ജനങ്ങൾക്ക് ആശ്വാസമായേനെ. ഇനിയും വൈകിയിട്ടില്ല.
വാലന്റൈൻസ് ദിനം പരസ്യമായി ആഘോഷിക്കുന്നവരെ തടയും എന്നു നിങ്ങൾ പറഞ്ഞു. അതു പറ്റില്ല. രഹസ്യമായി ആഘോഷിക്കുന്നവരേം കണ്ടുപിടിച്ച് രണ്ട് കൊടുക്കാനുള്ള സംവിധാനം വേണം. എന്നാലേ ശരിയാവൂ.
കാർഡ് കടയിലും ഗിഫ്റ്റ് ഷോപ്പിലും കയറിയിറങ്ങുന്ന ചിലരെയൊക്കെക്കണ്ട് എന്റെ മനസ്സ് വിഷമിച്ച് തവിടുപൊടിയായിരിക്കുകയായിരുന്നു. നിങ്ങൾ അവിടെയൊക്കെ നിരോധനം ഏർപ്പെടുത്തുമെന്ന് ഞാൻ നൂറുശതമാനം വിശ്വസിക്കുന്നു. നിങ്ങളേയുള്ളൂ ഇനിയൊരു രക്ഷ. എന്താ ഇപ്പോ കാർഡിന്റെയൊക്കെയൊരു വില. ഗിഫ്റ്റെന്നു കേട്ടാൽ ഞെട്ടൽ വരും. പൊന്നു വാങ്ങുന്നതുപോയിട്ട് പൊന്നേന്നൊന്ന് ധൈര്യമായി വിളിക്കാൻ പോലും പേടിക്കണം. ഏതെങ്കിലുമൊരുത്തൻ ഏതെങ്കിലുമൊരുത്തിക്ക് കൊടുക്കുന്ന സമ്മാനത്തിന്റെ മുകളിലൂടെ പോകും ബാക്കിയുള്ളവരുടെ ജീവിതം. അതിലല്പം കുറഞ്ഞുപോയാല്പ്പിന്നെ നീയൊക്കെ എന്തിനാടാ പ്രേമിക്കാൻ നടക്കുന്നത് എന്ന് നമ്മളുതന്നെ നമ്മളോട് ചോദിക്കും. ഓരോരുത്തന്മാരെക്കാണുമ്പോൾ അസൂയയാവും. എത്രയെണ്ണത്തിനാ ഗിഫ്റ്റ് വാങ്ങിച്ചുകൊടുക്കുന്നത്. അതും നമ്മളുടെ മുന്നിലൂടെ പോയി നമ്മളെയൊക്കെ ശൂ എന്നാക്കിയിട്ട്.
എന്റെ പൊന്നു ശ്രീരാം സേനേ, വാലന്റൈൻ ദിനം ആഘോഷിക്കുന്നവരെ മാത്രമല്ല, അത് ഇവിടെയൊക്കെ നടപ്പാക്കിയവരെപ്പോയി ആദ്യം തല്ലണം. ഒരു കൊക്കൊക്കോളയോ, ഒരു മെഴുകിന്റെ താജ്മഹൽ പ്രതിമയോ ഒക്കെയായി പ്രേമിച്ചുകൊണ്ടിരുന്ന കാലത്താണ് ഈ ദിനം വരുന്നത്. ഇപ്പോഴോ ബീച്ച്, ഐസ്ക്രീം, മുന്തിയ റസ്റ്റോറന്റ്, ഗിഫ്റ്റ്, കുന്തം...കുടച്ചക്രം. പാവം കാമുകന്മാർ ചക്രശ്വാസം വലിക്കും. നിങ്ങളേയുള്ളൂ ഇനി ഒരു ആശ്വാസം. ഇനി വല്ല ബീച്ചിലും പോയിരുന്നു പത്തുറുപ്യയ്ക്ക് കടലയും വാങ്ങിത്തിന്ന് ആഘോഷിക്കാമെന്നുവെച്ചാൽ ഇപ്പഴത്തെ കാമുകിമാർ സമ്മതിക്കണ്ടേ? ആരെങ്കിലും കണ്ടാൽ നാണക്കേടല്ലേന്നാണ് അവരുടെ ചോദ്യം. അങ്ങനെ മരത്തിൽ നിന്നെടുക്കുന്നതുപോലെ കാശെടുത്ത് പവറു കാണിക്കാൻ പോയാൽ, ഒടുവിൽ രമണൻ നിന്നപോലെ എന്നെയൊക്കെ മരത്തിൽ തൂങ്ങിക്കിടക്കുന്നത് കാണേണ്ടിവരും.
ശ്രീരാം സേനേ നിങ്ങൾക്ക് നന്ദി. നൂറു നന്ദി. ഒറ്റയെണ്ണത്തിനെ ഫെബ്രുവരി പതിനാല് ആയിട്ട് നിരത്തിലിറക്കരുത്. ഇവരെയൊക്കെ ആഘോഷിക്കാൻ വിടേണ്ടത് ഏപ്രിൽ ഒന്നിനാണ്. മനുഷ്യനെ ബേജാറാക്കാൻ, ഓരോ ദിവസവും കൊണ്ടുവന്നോളും.
ഞാനീക്കത്തെഴുതിയതെങ്ങാൻ എന്റെ കാമുകി അറിഞ്ഞാൽ 14 അല്ല, അതു തിരിച്ചിട്ട് എന്റെ 41 അവൾ ആഘോഷിക്കും. നിങ്ങളെന്നെ ഒറ്റുകൊടുക്കരുതേ. നിങ്ങൾ ഇന്ത്യ മുഴുവൻ ഉണ്ടാവുമെന്നും, കേരളത്തിലും എത്തുമെന്നും ഉള്ള ഒറ്റ വിശ്വാസത്തിലാണ് ഞാനീക്കത്തെഴുതിയിട്ട് മനസ്സമാധാനത്തോടെ ഉറങ്ങാൻ പോകുന്നത്. എനിക്കു നിങ്ങളേയുള്ളൂ. എന്നെ കൈവിടരുത്.
എന്ന് ശ്രീരാം സേനയുടെ കടുത്ത ആരാധകൻ,
ഒരു പാവം കാമുകൻ.
Labels: എനിക്കു തോന്നിയത്
11 Comments:
pranayikkunnavar aaghozhichotte....
april onni aaghozhikkan enne polullavar untu....
ഞാനിവിടെ ബന്നിട്ടില്ലേ....;)
അപ്പോള്‍ ഇത്രയും ലുബ്ധും വച്ചുകൊണ്ടു നടക്കുന്നതുകൊണ്ടാണ് ആരുടെയൊക്കെയോ ജീവിതത്തില്‍ കടക്കാന്‍ പേടിയെന്നൊക്കെ മുന്‍പത്തെ പോസ്റ്റില്‍ എഴുതിയത് അല്ലേ..!:)
സാരമില്ല ഞാന്‍ വീണ്ടും ഒരിക്കല്‍ക്കൂടി പറയുന്നു, സൂജീ.. സൂജി ഒന്നിനും പോകണ്ടാ.. ബ്ലോഗും എഴുതി നല്ല കുട്ടിയായി ഇരിക്കുന്നതാണ് സൂജിയ്ക്ക് നല്ലത്. മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക എന്നാണ് ചൊല്ല്..
(പറയാനുള്ളത് പറഞ്ഞു, വഴക്കുപറയല്ലേ..)
സബിതേ :) ഏപ്രിൽ ഒന്ന് ആഘോഷിക്കുന്നുണ്ടെങ്കിൽ എന്നേം കൂടെക്കൂട്ടിക്കോ.
പ്രയാസി :) ഹി ഹി.
ആത്മാജി :) ലുബ്ധ് കത്തെഴുതിയ ഏതോ പാവം ഒരു കാമുകനാണ്. ആത്മാജി പോസ്റ്റ് മുഴുവൻ വായിച്ചില്ലേ? മനസ്സിലായില്ലേ? (ഇല്ലെങ്കിൽ എന്റെ എഴുത്തിന്റെ കുഴപ്പം). ആത്മാജിയോട് എന്തു വഴക്ക്? എന്തിനു വഴക്ക്?
:))
ശ്രീരാം സേന ജയിക്കട്ടെ, അല്ലേ ;)
ത്രേതായുഗത്തില്‍ വാലെന്റൈന്‍സ് ഡേ ഇല്ലാതിരുന്നതുകൊണ്ടാണ് ഇപ്പോള്‍ അതു ആഘോഷിക്കേണ്ട എന്നു പറയുന്നത് ഇവര്‍ അല്ലെ.എന്തായാലും അന്നു പുഷ്പക വിമാനമുണ്ടായിരുന്നതു കൊണ്ട് ഇവര്‍ വിമാനത്താവളങ്ങള്‍ ആക്രമിക്കില്ലല്ലോ .
മേരിക്കുട്ടീ :) അതെയതെ.
മുസാഫിർ :) ആഘോഷിക്കാൻ പുറത്തിറങ്ങിയാൽ അവർ പിടിച്ചുകെട്ടിക്കും. അത്രേ ഉള്ളൂ.
ശ്രീരാമ രാമ രാമ ശ്രീമാമ സേനാ ജയ...
എങ്കിലോ പണ്ട്,ജന്മജന്മാർജ്ജിതങ്ങളായിരിക്കുന്ന പെൺകുട്ടികളുടെ വിവിധങ്ങളായ ദുരിതരാശികൾ സംഹൃതമായിച്ചമയുവാനായിക്കൊണ്ട്,ഭൂമിയിലവതാരം ചെയ്ത്,ശിഷ്ടസംഗ്രഹം നടത്തിയും ദുഷ്ടനിഗ്രഹം കഴിച്ചും വഴിപോലെ ഭാരതീയരെ നേർവഴിക്കു നടത്തുന്നവരായി ആരാണോ ഭാരതത്തിലുള്ളത്,ആ ശ്രീരാമസേനാനികൾ ഭവാന്മാരെ രക്ഷിക്കട്ടെ.....
വികടശിരോമണീ :) ഓരോരുത്തർക്കും അവനവൻ തന്നെ തുണ.
ആ ദരിദ്രകാമുകനോട് അനുഭാവം പ്രകടിപ്പിക്കുന്നു. :-)
ബിന്ദൂ :) അതാണ് നല്ലത്.
Post a Comment
Subscribe to Post Comments [Atom]
<< Home