Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, February 17, 2009

ബില്ലു

ബില്ലു എന്ന സിനിമ ഷാരൂഖിന്റെ പുതിയ സിനിമയാണ്. ബില്ലു ബാർബർ എന്നായിരുന്നു അതിന്റെ പേര്. ബാർബർമാർക്ക് അത്ര ഇഷ്ടമായില്ല. അതുകൊണ്ട് പേര് ബില്ലു എന്നു ചുരുക്കേണ്ടിവന്നു. അതുകൊണ്ട് ഒരു കുഴപ്പവും ഉണ്ടായില്ല. ചിലപടങ്ങൾക്ക് പേരിനു കുറേ നീളമേ ഉണ്ടാവൂ. വേറൊന്നും ഉണ്ടാവില്ല. മലയാളത്തിൽ ഇപ്പോ ഇറങ്ങിയ ചില പടങ്ങളെപ്പോലെ. ;)

പ്രിയദർശനാണ് ബില്ലുവിന്റെ സംവിധാനം. സാബു സിറിളിനെക്കൂടാതെ, വേറെയും മലയാളിമുഖങ്ങൾ കണ്ടു അണിയറയിൽ. പ്രിയദർശന്റെ എഴുപത്തിയഞ്ചാമത്തെ പടമാണ് ബില്ലു. അദ്ദേഹത്തിന് ആശംസകൾ.

കഥ

കഥ പറയുമ്പോൾ എന്ന ശ്രീനിവാസൻ ചിത്രത്തിന്റെ കഥ ചുരുക്കത്തിൽ ഇങ്ങനെയാണ്. നാട്ടിൻപുറത്തെ ബാർബർ. മിക്കവാറും ജോലിയില്ല. ആൾക്കാരൊക്കെ തൊട്ടടുത്തുതന്നെയുള്ള നല്ലൊരു ബാർബർഷാപ്പിലേക്ക് പോകുന്നു. ബാർബർക്ക് ഭാര്യ, മൂന്നു കുട്ടികൾ. കുട്ടികൾക്ക് ഫീസ് കൊടുക്കാൻപോലും വഴി കാണുന്നില്ല. അങ്ങനെയിങ്ങനെ ജീവിതം തട്ടിമുട്ടിപ്പോകുമ്പോഴാണ് ആ ഗ്രാമത്തിലേക്ക് സിനിമായൂണിറ്റ്, ഷൂ‍ട്ടിംഗിനു വരുന്നത്. വരുന്ന സിനിമാനായകൻ, ബാർബറുടെ സുഹൃത്താണെന്ന് ഗ്രാമം മുഴുവൻ അറിയുന്നു. അതിന്റെ പേരിൽ ബാർബറോട് ആൾക്കാർ ബഹുമാനവും സ്നേഹവുമൊക്കെ കാണിച്ചുതുടങ്ങുന്നു. എല്ലാർക്കും സൗഹൃദത്തിന്റെ പേരും പറഞ്ഞ് സിനിമാതാരത്തെ ഒന്നടുത്ത് കാണണം. പക്ഷെ, ബാർബർ സമ്മതിക്കുന്നില്ല. കാണാൻ പോലും താല്പര്യപ്പെടുന്നില്ല. കാരണം, സിനിമാതാരം വല്യ ആൾ. പണ്ടത്തെ സൗഹൃദമൊന്നും ഓർമ്മ കാണില്ല, ഓർമ്മയുണ്ടായാലും ഇങ്ങനെയൊരവസ്ഥയിൽ ബാർബർ തന്റെ സുഹൃത്തായിരുന്നു എന്നുപോലും അദ്ദേഹം ഭാവിക്കില്ല. അവസാനം പണവും പദവിയും ഒക്കെയുണ്ടായാലും സൗഹൃദമാണ് വലുതെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, സുഹൃത്തിനെ മറന്നില്ലെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് സിനിമ തീരുന്നു. ശ്രീനിവാസൻ, ബാർബറാം ബാലനായും മമ്മൂട്ടി സിനിമാതാരമായും അഭിനയിക്കുന്നു.

ബില്ലുവിൽ, ബാർബർ, ഇർഫാൻ ഖാനും, താരം, ഷാരൂഖ് ഖാൻ അവതരിപ്പിക്കുന്ന സാഹിർ ഖാനും ആണ്. മലയാളത്തിൽ, മീന അവതരിപ്പിച്ച കഥാപാത്രം- ബാർബറുടെ ഭാര്യ- ഹിന്ദിയിൽ അവതരിപ്പിച്ചിരിക്കുന്നത് ലാറാ ദത്തയാണ്. കഥയിലും, സംഭാഷണങ്ങളിലും, കുറച്ച് മാറ്റവും പ്രാദേശികമായ കുറച്ചു മാറ്റങ്ങളും ഉണ്ടെന്നൊഴിച്ചാൽ കഥ മലയാളത്തിലേതുപോലെത്തന്നെ. മലയാളത്തിൽ ബാർബർക്ക് മൂന്നുകുട്ടികൾ ഉണ്ട്. ഹിന്ദിയിൽ മൂന്ന് ഇല്ല. രണ്ടേയുള്ളൂ. പിന്നെ മലയാളത്തിൽ മുകേഷ് ചെയ്ത വേഷവും ഹിന്ദിയിൽ ഇല്ല. മലയാളത്തിൽ സുരാജ് അവതരിപ്പിച്ച ഒരു കഥാപാത്രമുണ്ട്. ആ കഥാപാത്രത്തിന് കുറച്ച് സീനുകൾ ഉണ്ടായിരുന്നു. ഇതിൽ അതില്ല. ഇന്നസെന്റ് അവതരിപ്പിച്ച മുതലാളിയുടെ കഥാപാത്രത്തെ ഹിന്ദിയിൽ അവതരിപ്പിച്ചിരിക്കുന്നത് ഓം‌പുരിയാണ്. ജഗദീഷ്, മലയാളത്തിൽ അവതരിപ്പിച്ച വേഷം - മോഡേൺ ബാർബർ - അഥവാ ബ്യൂട്ടീഷ്യന്റെ വേഷം - ഹിന്ദിയിലും ചെയ്തു. മമ്മൂട്ടിയ്ക്ക് കുറച്ചു മാത്രംസീനുകളേ ഉണ്ടായിരുന്നുള്ളൂ സിനിമയിൽ. ഷാരൂഖ് ഖാന് മൂന്ന് പാട്ടുകൾ പോലും ഉണ്ട്. കുറച്ച് കുറച്ചാണെങ്കിലും. ദീപികയും, പ്രിയങ്കാ ചോപ്രയും, കരീനയുമൊക്കെ പാട്ടിൽ വന്നുപോകുന്നുമുണ്ട്. വസ്ത്രം കുറച്ച് കുറവാണെന്നു മാത്രം. ;)

തമാശയും ഉണ്ട്. ഗസ്റ്റ് ഹൗസ് മാനേജരെക്കൊണ്ട് സിനിമയിൽ റോൾ കൊടുത്ത്, പണ്ട് അഴകിയ രാവണിൽ ഇന്നസെന്റിന് ഡയലോഗ് കൊടുത്തപോലെ ഇതിലും ഉണ്ട്. ഈ പഞ്ചായത്തിലെ ഓരോ അരിയും പെറുക്കിയെടുക്കും എന്ന് ഇന്നസെന്റ് പറയുന്ന ഡയലോഗ് ഓർമ്മയില്ലേ? അങ്ങനെയൊരു ഡയലോഗ്, മാനേജരെക്കൊണ്ട് പറയിപ്പിക്കുന്നുണ്ട്. ചിരി വരും. സലീം കുമാർ ചെയ്ത കവിയുടെ റോൾ ചെയ്തിരിക്കുന്നത് രാജ്പാൽ യാദവ് ആണ്. പക്ഷെ, വ്യത്യസ്തനാമൊരു ബാർബറാം ബാലനായില്ല, ബില്ലു ഭയങ്കർ എന്ന പാട്ട്.

ഇർഫാൻ നല്ലൊരു നടനാണ്. എനിക്കിഷ്ടമാണ്. നന്നായി ചെയ്തു. ഷാരൂഖിന്റെ കാര്യം പിന്നെ പറയേണ്ടല്ലോ. ഷാരൂഖ് എന്തായാലും നന്നായി ചെയ്തു. അവസാനം ഷാരൂഖ്, സൗഹൃദത്തെക്കുറിച്ച് പ്രസംഗിച്ചപ്പോൾ തീയേറ്റർ എന്തായാലും നിശബ്ദമായിരുന്നു. എല്ലാവരും തങ്ങളുടെ സൗഹൃദങ്ങളെക്കുറിച്ച് ഓർത്തുകാണും. എനിക്ക് പിന്നെ അങ്ങനെയൊന്നുമില്ല. ഞാൻ വല്യ ആളൊന്നും ഒരിക്കലും ആവില്ലെന്നതുകൊണ്ടും, അത്ര വല്യ ആൾക്കാരൊന്നും എന്റെ സുഹൃത്തുക്കൾ ആവാൻ സാദ്ധ്യതയില്ലെന്നതുകൊണ്ടും (എന്റെ സുഹൃത്തുക്കളൊക്കെ മഹാന്മാരും മഹതികളും ആവട്ടെ എന്നൊക്കെ പ്രാർത്ഥനയുണ്ട്. അതുമാത്രം പോരല്ലോ.) ഞാൻ പിന്നെ അതൊന്നും അത്ര കാര്യമാക്കിയില്ല.

പക്ഷെ സിനിമയുടെ അവസാനം നന്നായി ഇഷ്ടപ്പെട്ടു. പണവും പൊങ്ങച്ചവും നോക്കി മാത്രം സൗഹൃദം കാട്ടുന്ന ദരിദ്രമനസ്കരുടെ ഇടയിലേക്ക് ഇത്തരം സിനിമകൾ തന്നെ ഇറങ്ങിച്ചെല്ലണം. പണവും പദവിയും പേരിനു കിട്ടിയാൽ, പണ്ടത്തെക്കാര്യങ്ങൾ മറക്കുന്ന വിഡ്ഢികൾ ഈ സിനിമ കാണണം.

Labels: ,

15 Comments:

Blogger ആത്മ/പിയ said...

എന്തൊരു ശക്തി, ഒഴുക്ക്, രോക്ഷം!(വാക്കുകളുടെ സ്റ്റോക്ക് തീര്‍ന്നുപോയി, അല്ലെങ്കില്‍...)
എന്തൊരു വിമര്‍ശനം!
അഭിനന്ദനങ്ങള്‍!

Tue Feb 17, 10:14:00 am IST  
Blogger Haree said...

അല്ല, കഥപറയുമ്പോള്‍ കണ്ടില്ലായിരുന്നോ?
--

Tue Feb 17, 10:28:00 am IST  
Blogger സു | Su said...

ആത്മ :)

ഹരീ :) കണ്ടിരുന്നല്ലോ. അപ്പോ എഴുതാൻ പറ്റീല്ല. ഇതും കൂടെ ആയപ്പോൾ എഴുതിയേക്കാംന്നുവെച്ചു.

Tue Feb 17, 10:43:00 am IST  
Blogger ശ്രീ said...

പക്ഷേ, ‘കഥ പറയുമ്പോള്‍’ എന്ന ചിത്രത്തിലെ ക്ലൈമാക്സ് തന്നെ ആണ് മികച്ചത് എന്നാണ് ചിത്രം കണ്ട ചില സുഹൃത്തുക്കള്‍ പറഞ്ഞത്.

Tue Feb 17, 11:00:00 am IST  
Blogger ചാര്‍ളി (ഓ..ചുമ്മാ ) said...

നിരൂപണം നന്നായി..സൂവേച്ചീ..
പക്കേങ്കില്‍ ലെവന്‍, ആ അച്ചായന്‍ ഇന്നലെ ഇട്ട നിരൂപണമായി വല്ലാത്ത സാമ്യം...ഹാഹാ

( ഒരേ പടത്തിന്റെ റിവ്യൂ പിന്നെ വ്യത്യസ്തമായിരിക്കുമോടാ ചെക്കാ..ല്ലേ...
വ്യത്യസ്തമായൊരു റീവ്യൂവായിക്കുവാന്‍...
സത്യത്തിലൊത്തിരി കൊതിയാവുന്നേ..)

Tue Feb 17, 11:35:00 am IST  
Blogger Melethil said...

സു, റിവ്യൂ നന്നായി, പക്ഷെ ഷാരൂഖിനെ "പൊക്കിയത് " ഇഷ്ടായില്ല, ഓന്‍ മമ്മൂട്ടീടെ അത്ര വര്വോ ?

Tue Feb 17, 12:26:00 pm IST  
Blogger സു | Su said...

ശ്രീ :) കഥ പറയുമ്പോൾ എന്നതിലെ ക്ലൈമാക്സും എനിക്കിഷ്ടമായി. ഇതും ഇഷ്ടമായി. കഥ മൊത്തത്തിൽ ഇഷ്ടമായി.

ചാർളി അനിയാ :) അച്ചായൻ എന്നുദ്ദേശിച്ചത് ബെർളിയെ ആണോ? അച്ചായൻ ഇന്നലെ ഇട്ട നിരൂപണം ഇതിട്ടുകഴിഞ്ഞാണ് വായിച്ചത്. കഥയിലെ ചില രംഗങ്ങളിൽ അല്ലാതെ അപ്പറഞ്ഞതും ഇപ്പറഞ്ഞതും തമ്മിൽ എനിക്കൊരു സാമ്യവും തോന്നിയില്ല. പോരാത്തതിന് ബെർളി, മമ്മൂട്ടി ഫാൻ അല്ലേ? ;) അതുകൊണ്ട് അനിയൻ ഒന്നുകൂടെ രണ്ടും വായിച്ചു നോക്ക് കേട്ടോ.

മേലേതിൽ :) ഞാനൊരു ഷാരൂഖ് ഖാൻ ഫാനായതുകൊണ്ട് അങ്ങനെയല്ലേ വരൂ. മമ്മൂട്ടിയുടെ അത്ര വരില്ല ഷാരൂഖ് ഖാൻ. അതുപോലെ മമ്മൂട്ടി അഭിനയിച്ചാൽ രജനീകാന്തിനോളം വരുമോ? ;)

Tue Feb 17, 12:42:00 pm IST  
Blogger Melethil said...

su, :)

Tue Feb 17, 12:46:00 pm IST  
Blogger പകല്‍കിനാവന്‍ | daYdreaMer said...

ശരിക്കും കൊള്ളാം അല്ലെ...!

Tue Feb 17, 01:18:00 pm IST  
Blogger the man to walk with said...

അപ്പൊ കാണാല്ലേ

Tue Feb 17, 02:11:00 pm IST  
Blogger ചാര്‍ളി (ഓ..ചുമ്മാ ) said...

ഹാ..ഹാ..സൂവേച്ചി പിണങ്ങിയല്ലോ...
തെറ്റിദ്ധരിച്ചൂ...
സൂവേച്ചി കോപ്പിയടിച്ചു എന്ന് ഞാന്‍ പറഞ്ഞില്ല..

സൂവേച്ചി സിനിമാ റിവ്യൂ നടത്തേണ്ടിയിരുന്നില്ല എന്നേ ഞാന്‍ പറഞ്ഞൊള്ളൂ..
അല്ലെങ്കില്‍ എന്തിലും വ്യത്യസ്തത വേണം..സൂവേച്ചിയുടെ മറ്റ് പോസ്റ്റുകള്‍ പോലെ..

അതെല്ലാം എനിക്കിഷ്ടമാണ്‌...
പറയാന്‍ ഉദ്ദേശ്ശിച്ചത്
"പണവും പൊങ്ങച്ചവും നോക്കി മാത്രം സൗഹൃദം കാട്ടുന്ന ദരിദ്രമനസ്കരുടെ ഇടയിലേക്ക് ഇത്തരം സിനിമകൾ തന്നെ ഇറങ്ങിച്ചെല്ലണം. പണവും പദവിയും പേരിനു കിട്ടിയാൽ, പണ്ടത്തെക്കാര്യങ്ങൾ മറക്കുന്ന വിഡ്ഢികൾ ഈ സിനിമ കാണണം" എന്നാണേന്ന് മനസ്സിലായി..


പിന്നെ ബില്ലുവും, കഥ പറയുമ്പോഴും കണ്ടു എന്നും...(ഈ ഒരൊറ്റ വാചകവും, മുകളിലത്തെ വരികളൂം മാത്രമായിരുന്നേല്‍ പതിവു സൂവേച്ചി പോസ്റ്റായാനേ..)

അനുബന്ധം.:-
"എന്റെ പോസ്റ്റില്‍ ഞാന്‍ ഇഷ്ടമുള്ളതെഴുതും..എന്ന് വച്ച് ഞാന്‍ ഇന്നതെഴുതണം , പോസ്റ്റ് നന്നായില്ല എന്നൊന്നും എന്നെ വിമര്‍ശിക്കാന്‍ വരേണ്ട... ഞാന്‍ എന്തെഴുതണം എന്ന് വായനക്കാര്‍ തീരുമാനിക്കുന്ന ദിവസം ഞാന്‍ ബ്ലൊഗ് പൂട്ടും. മര്യാദയ്ക്ക് കമന്റിട്ടില്ലേല്‍ ഞാന്‍
കമന്റ് ഓപ്ഷന്‍ എടുത്തും കളയും..poll നടത്തും.. ഹാ. ഹാ.."

Tue Feb 17, 02:23:00 pm IST  
Blogger മുസാഫിര്‍ said...

സൂ കടുത്ത ഷാരൂഖ് ഫാന്‍ ആണെന്ന അറിവ് വെച്ച് വായിച്ചാല്‍ ഈ നിരൂപണം കുഴപ്പമില്ല.പടം കണ്ടില്ല.കണ്ടിട്ട് ബാക്കി പറയാം.

Tue Feb 17, 02:51:00 pm IST  
Blogger സു | Su said...

the man to walk with :) കാണൂ.

പകൽകിനാവൻ :) കാണൂ. അപ്പോളറിയാം.

മുസാഫിർ :) കാണുന്നത് തന്നെ നല്ലത്.

ചാർളി അനിയാ :) എന്നെ വിമർശിച്ചാൽ ഞാൻ നന്നായിപ്പോകും. പിന്നെ ബ്ലോഗിലെന്നെ കാണാൻ കിട്ടില്ല കേട്ടോ. (ഹോ...അങ്ങനെ ആണെങ്കിൽ ഭാഗ്യം).

Wed Feb 18, 09:25:00 am IST  
Blogger Mr. X said...

I too liked the movie. I didn't watch the original, though.

Nice review.

Wed Feb 18, 03:36:00 pm IST  
Blogger സു | Su said...

ആര്യൻ :)

Thu Feb 19, 10:16:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home