അമാവാസി
പൊട്ടിത്തീരാറായ ചില്ലകൾ,
അമാവാസി കാത്തുനില്‍പ്പുണ്ട്.
നിലനില്പിന്റെ ഒടുക്കമറിയാതെ,
വിറങ്ങലിച്ചുനില്പ്പുണ്ട്.
മന്ദാരപ്പൂക്കളെ ദൈവം സൃഷ്ടിച്ചത്
കൂരിരുട്ടിലേക്ക് വിരിയാനാവും.
വെണ്മയുടെ ചിരി തൂകി
ഇരുട്ടിനെ നാണിപ്പിക്കാനാവും.
വിരിഞ്ഞേനെ, മനസ്സിലൊരു മന്ദാരം
വേരും തലയും ഒരിടത്തായിരുന്നെങ്കിൽ!
എന്നിട്ടും ചില്ലകൾക്ക് തോന്നുന്നുണ്ട്,
വേരിൽനിന്നും വിട്ടുപോവില്ലെന്ന്.
സ്നേഹത്തിന്റെ നിറപ്പകിട്ട്
ഒറ്റക്കാഴ്ചയിൽ കാണില്ലെന്ന്!
അമാവാസി അഥവാ കറുത്തവാവ് വരുമ്പോൾ അസുഖവും മരണവും ഒക്കെയുണ്ടാവാറുണ്ടെന്ന് പറയാറുണ്ട്. പൊട്ടിത്തീരാറായ ചില്ലകൾ എന്നുവെച്ചാൽ, പൊട്ടിപ്പൊട്ടിത്തീർന്നുകൊണ്ടിരിക്കുന്ന കൊമ്പുകൾ/ ജീവിതങ്ങൾ, അമാവാസിയും കാത്തുനില്‍പ്പാണ്. അതൊന്നു കഴിഞ്ഞേ നിലനില്‍പ്പിനെക്കുറിച്ച് എന്തെങ്കിലും അറിയാൻ പറ്റൂ. ഒന്നുകിൽ ഒടുങ്ങും, ഒന്നുമറിയാതെ. അല്ലെങ്കിൽ ഇരിക്കും വീണ്ടും. മന്ദാരപ്പൂക്കൾ, അഥവാ വെളുത്ത മന്ദാരപ്പൂക്കൾ (വെണ്മയുടെ ചിരി എന്നുപറഞ്ഞത് അതുകൊണ്ടാണ്), അതായത് സ്നേഹത്തിന്റെ, സാന്ത്വനത്തിന്റെ സന്ദേശങ്ങൾ വിരിയേണ്ടത് ഇത്തരം അമാവാസികളിലേക്കാണ്/ഇരുട്ടിലേക്കാണ്. തീരാറായ ജീവിതത്തിലേക്ക് ഒരു നനുത്ത സ്പർശവുമായി. അപ്പോ മരണം ഒന്ന് നാണിക്കും. വേരും തലയും എന്നുദ്ദേശിച്ചത്, ചിന്തയും, സഫലതയും, ഒരുമിച്ചിരുന്നെങ്കിൽ എന്നാണ്. വേരും തലയും പോലെ ചിന്തയും, സഫലതയും, അല്ലെങ്കിൽ മോഹവും സാഫല്യവും മിക്കവാറും രണ്ടറ്റങ്ങളിൽ കിടന്നേക്കും. ചിന്തിക്കുന്നതും അതിന്റെ ഫലവും ഒന്നായിരുന്നെങ്കിൽ മനസ്സിലൊരു വെണ്മ, പുഞ്ചിരി, നിലാവ്, സന്തോഷം ഒക്കെ ഉണ്ടാകുമായിരുന്നു. ചിന്തിക്കുന്നത് നടന്നേക്കില്ലെന്ന തോന്നൽ ഉണ്ടാവുമ്പോഴും, വിട്ടുപോകുമെന്നറിയുമ്പോഴും, ചില്ലകൾക്ക് വേരിനോടൊട്ടിപ്പിടിക്കാൻ മോഹമുണ്ട്. സ്നേഹത്തിന്റെ ആ ഒരിതുണ്ടല്ലോ, അത് പെട്ടെന്ന് കണ്ടെന്നുവരില്ല. ചിലപ്പോൾ വേരും പ്രാർഥിക്കുന്നത്, ചില്ലകൾ വിട്ടുപോകല്ലേന്നാവും. എന്നിട്ടും നിസ്സംഗതയോടെ, നിസ്സഹായതയോടെ, അടങ്ങാത്ത സ്നേഹവുമായി നോക്കിനിൽക്കുന്നു. ആ സ്നേഹത്തിന്റെ നിറം കാണാൻ ചില്ലകൾ ശ്രമിക്കുന്നുണ്ട്.
ഇതൊക്കെയാണ് മുകളിലെ വരികൾ എഴുതുമ്പോൾ, ഞാൻ മനസ്സിലുറപ്പിച്ചിരുന്ന അർത്ഥം. കുറഞ്ഞുപോയോ കൂടിപ്പോയോന്ന് അറിയില്ല.
Labels: വെറുതേ
12 Comments:
ചില വരികളൊന്നും കത്തിയില്ല പ്രത്യേകിച്ചും വേരമ് തലയും ഒരിടത്തായിരുന്നെങ്കില്‍ എന്നത്.,പക്ഷെ ഇഷ്ടമായി
എല്ലാം മരണത്തിന്റെ സ്പര്ശമാണല്ലോ ജീവിതം വല്ലാണ്ട് വെറുത്തു പോലെ എന്ത് പറ്റി ?
അഭിപ്രായം പറയുന്നവര്‍ Word Verification ചെയ്യണം എന്ന് പറയരുത് . ഒഴിവാക്കിക്കുടെ
വരികളും അര്‍ത്ഥവും കൂട്ടിച്ചേര്‍ത്തു വായിച്ചപ്പോള്‍ എനിക്കിഷ്ടായി..:)
വല്യമ്മായീ :) അർത്ഥം എഴുതിച്ചേർത്തിട്ടുണ്ട്. വായിക്കുമെന്ന് കരുതുന്നു. അപ്പോൾ പെട്ടെന്ന് മനസ്സിലാവും. നന്ദി.
പാവപ്പെട്ടവൻ :) ജീവിതത്തോട് ഒരു വെറുപ്പുമില്ല. സന്തോഷമായി ജീവിക്കുന്നു. എഴുതുന്നതിൽ മരണം കടന്നുവരുന്നെന്നേയുള്ളൂ.
റെയർ റോസ് :) ഇഷ്ടമായതിൽ സന്തോഷം.
http://chithrangngal.aliyup.com/2007/04/blog-post.html
ippo manassilaayi :)
അര്‍ത്ഥം പറഞ്ഞു തന്നത് കൊണ്ട് നന്നായി മനസ്സിലായി. :))
ഇച്ചിര് കടുപ്പമായിപ്പോയി.....! വിശദീകരണം ഒഴിവാക്കാനല്ലേ ആശയങ്ങളെ കവിതകൊണ്ടലങ്കരിക്കുന്നത്...? ഞാനൊരു കവിയല്ല...എന്നാലും പറഞ്ഞു എന്നേയുള്ളൂ...സു..തെറ്റിദ്ധരിക്കില്ലെന്നു കരുതുന്നു...!
ഇഷ്ടപ്പെട്ടു.
വേരും തലയും എന്നത് മാത്രം അല്പമൊന്ന് ഇടങ്ങേറാക്കിയിരുന്നു.. :)
വിവരണത്തിലൂടെ അത് പരിഹരിച്ചു .
നല്ല വരികള്‍...
വല്ല്യമ്മായി :) ലിങ്ക് നോക്കാം. എന്താണ്?
മേരിക്കുട്ടീ :)
ആലുവവാല :) ഞാനെഴുതിവെച്ചതിന് കവിത എന്ന ലേബൽ ഇട്ടിട്ടില്ല. എന്റെ മനസ്സിൽ തോന്നുന്നത്, അതേപടി എഴുതിവെക്കുമ്പോൾ, വായിച്ചിട്ട് മനസ്സിലാവാത്തവർക്ക്, വിശദീകരണം കൊടുക്കുന്നതിൽ അതുകൊണ്ടുതന്നെ ഒരു പ്രയാസവും തോന്നുന്നുമില്ല. ഞാനൊന്നും തെറ്റിദ്ധരിക്കുന്നില്ല.
വേറിട്ട ശബ്ദം :)
ഹൻല്ലാലത്ത് :)
അക്ഷരങ്ങൾ കൊണ്ട് മരണത്തിന്റെ കറിക്കൂട്ടുണ്ടാക്കുവാൻ ശ്രമിക്കുകയാണോ?
ബിലാത്തിപ്പട്ടണം :) അങ്ങനെയൊന്നും ഇല്ല.
Post a Comment
Subscribe to Post Comments [Atom]
<< Home