Suryagayatri സൂര്യഗായത്രി
This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ
Tuesday, September 22, 2015
Saturday, August 15, 2015
ഗോതമ്പുദോശ തിന്നുന്ന കാക്ക
മഴ പെയ്യുന്നുണ്ട്.
കർക്കടകം പോവാനൊരുങ്ങി നിൽക്കുന്നു. വന്നോ വന്നോ എന്നും പറഞ്ഞ് വീടൊരുക്കി വിളിച്ചിട്ട്, ഓണം വരുന്നുവെന്നു കേൾക്കുമ്പോൾ, പതിവുപോലെ, ഒന്നു പൊയ്ക്കൂടേന്നൊരു ഭാവം നിങ്ങൾക്കൊക്കെയുണ്ടെന്ന മട്ടിൽ അതിനൊരു പിണക്കമുണ്ട്. പരാധീനവാമനൻ വന്നു ചവിട്ടിത്താഴ്ത്തിയപ്പോൾ കെട്ടും മുറുക്കി പോവേണ്ടിവന്ന മാവേലിമാരൊക്കെ വിട്ടുപോയ നാടിനെക്കാണാനെത്താനാണ് ഓണം ധൃതിയിൽ എത്തുന്നത്. കാക്കപ്പൂവിന്റെ ചിത്രത്തിൽ നോക്കിയിരിക്കേണ്ടുന്ന ഗതികേടിന്റെ ചിരിയും പൂക്കൊട്ടയെന്തെന്ന് ചിത്രം കാണിച്ചുകൊടുത്ത് പറയേണ്ടുന്ന വൈക്ലബ്യവും പഴയകാല ഓണാഘോഷക്കാരുടെ വീട്ടിലുണ്ട്. മാവേലിക്കു മാറ്റമില്ല. കുടവയറും ഓലക്കുടയുമായി നിറഞ്ഞ ചിരിയുമായി മാവേലിയെത്തുമെന്നു വെറുതേ പറഞ്ഞുകൊടുക്കുകയേ വേണ്ടൂ. പണ്ടും അങ്ങനെയേ കേട്ടിട്ടുള്ളൂ. ഇപ്പോളവർക്ക് മാവേലിവേഷം കാണിച്ചുകൊടുക്കാനും കിട്ടുന്നുണ്ട്. സദ്യയ്ക്കു മാറ്റമില്ല. വറുത്തുപ്പേരിയും പഴം നുറുക്കും പായസവും ഒക്കെ മാറാതെയുണ്ട്. ഗോബി മഞ്ചൂരിയനും, ചില്ലി പനീറും, തന്തൂരി റൊട്ടിയും വിളമ്പുന്ന കാലം വിദൂരമല്ല. പണ്ടു പണ്ട് എന്നു തുടങ്ങി, മാവേലിയെന്നൊരു രാജാവിനേയും കാക്കപ്പൂക്കളേയും തുമ്പപ്പൂക്കളേയും ഓണസ്സദ്യയേയും ചിത്രങ്ങൾ കാണിച്ച് പറഞ്ഞുകൊടുക്കുന്ന കാലം വരും. അന്നുമിന്നും മാറാതെയുണ്ടാവുന്നത് ഓണമാണ്. സന്തോഷത്തിന്റേയും കൂടിച്ചേരലിന്റേയും പര്യായമായി മാറുന്ന കാലമാണത്. അതു മാറുന്നതെങ്ങനെ!
പുതുതായി കിട്ടിയ വാടകവീട്ടിൽ ത്രിശങ്കുസ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്. മുറ്റമില്ല, ആകാശമില്ല. രണ്ടും ജനൽവാതിൽ തുറന്നാൽ കാണുന്ന കാഴ്ചകളാണ്. പഴയതുപോലെയല്ല, നിലാവിനേയും മഴയേയും വെയിലിനേയും സ്വീകരിക്കാനായി ജനലിന്റെ വാതിൽ തുറന്നിടാം. പ്രതീക്ഷിക്കാത്ത അതിഥികളായി കൂറയും പാറ്റയും കൊതുകും എലിയുമൊക്കെ വരുമെന്നു മാത്രം. അടുക്കളപ്പുറത്തെ വിരുന്നിനു കാക്കയുണ്ട്. കള്ളമില്ലാത്ത കാക്ക. അതിനകത്തേക്കു വരാൻ പറ്റില്ല. കൂടെവിടെയാണെന്ന് ആർക്കും ചോദിക്കേണ്ടാത്ത കാക്ക. അതിനു കൂടുണ്ടോയെന്ന് അറിഞ്ഞാലും കാര്യമില്ല. അടുക്കളയിലേക്കെത്തിനോക്കാൻ അതിനു സൌകര്യമായിട്ടുള്ള വാതിൽ ജനലിന്റേതു മാത്രമാണ്. ആദ്യമാദ്യം തയ്യാറായി വരുന്നത് കാപ്പിയാണെന്നും ജീരകവെള്ളമാണെന്നും ചോറാണെന്നും കൂട്ടാനാണെന്നും ഉപ്പേരിയാണെന്നുമൊക്കെ അതെത്രവേഗമാണെന്നോ പഠിച്ചുവെച്ചത്. ‘ഒന്നും ആയിട്ടില്ല കാക്കേ, നിന്നെയിപ്പം ആരാ വിളിച്ചത്’ എന്നൊക്കെ കേട്ടുകേട്ട്, പ്രത്യക്ഷപ്പെടേണ്ട സമയം എപ്പോഴാണെന്ന് ഇപ്പോൾ അതിനറിയാം. ആദ്യം കൊടുത്തത് ഗോതമ്പുദോശയാണ്. അതു തിന്നുമോയെന്ന് ഒരു സംശയമുണ്ടായിരുന്നു. കാരണം വീട്ടിലുള്ള മനുഷ്യർക്ക് ഇഡ്ഡലിക്കും ദോശയ്ക്കും പുട്ടിനും ഉപ്പുമാവിനും ശേഷമുള്ള തെരഞ്ഞെടുപ്പിലെത്തുന്ന വിഭവമാണ് ഗോതമ്പുദോശ. കാക്കയും അതൊക്കെയായിരിക്കുമല്ലോ പഠിച്ചുവെച്ചത്. കൊടുത്തപ്പോൾ അതും കൊണ്ടു പറന്നുപോയി. ബിസ്ക്കറ്റു കാണുമ്പോൾ അതിനൊരു പുച്ഛമുണ്ട്. ഞാനിത്തിരി വൈകിയപ്പോഴേക്കും ഒക്കെ വെട്ടിവിഴുങ്ങിയോ എന്നു പരിഭവമുണ്ട്. അതു വളരെ വൈകിയെത്തുന്ന, അതിനൊന്നും കിട്ടാത്ത ദിവസങ്ങളിൽ, വീട്ടുകാരി, അച്ഛനേയുമമ്മയേയും വിളിച്ചുമിണ്ടുമ്പോൾ വന്ന് അതിനൊരു കരച്ചിലുണ്ട്. നിങ്ങളുടെ “സൽപുത്രി” ഇങ്ങനെയൊക്കെയാണെന്ന് വിളിച്ചു പറയുന്നതാവാം.
ഒരുപാടായി നേരം... പറഞ്ഞുതീരുന്നില്ല...ഇനി പിന്നെ...
മഴ എന്നിട്ടും തീർന്നില്ല. അതിനാണെന്നെ നന്നായി മനസ്സിലാവുന്നത്!
Labels: വെറുതേ
Tuesday, February 25, 2014
Sunday, June 23, 2013
Sunday, May 26, 2013
വീണ്ടും മഴ വന്നു
വീണ്ടും മഴക്കാലം. യാത്രയോടു യാത്ര ആയിരുന്നതിനാൽ വേനൽക്കാലം എങ്ങനെയൊക്കെയോ കഴിച്ചുകൂട്ടി. ഇനിയെന്റെ പ്രിയപ്പെട്ട മഴക്കാലം വരുന്നുണ്ട്. വന്നു എന്നും പറയാം. ഞങ്ങളുടെ സ്വന്തം കുളം നിറഞ്ഞുകവിയും, റോഡുകൾ വെള്ളവും ചെളിയും കൊണ്ടു നിറയും. പ്രകൃതി പച്ചച്ചു നിൽക്കും. ഒപ്പം അസുഖങ്ങൾ വരും, നല്ല വീടില്ലാത്തവർക്ക് വീട്ടിനുള്ളിലും മഴ നിറയും. എന്തു കുന്തം ആയാലും എനിക്കിപ്പോ ഒന്നുമില്ല എന്നൊരു മട്ടിൽ ഞാനിരിക്കുന്നു.
ഒരു കഥ പറഞ്ഞിട്ട് എന്റെ
പാട്ടിനു പൊയ്ക്കോളാം. എല്ലാരും വായിക്കണേ. :)
പണ്ട് പണ്ട് ഒരു രാജ്യത്ത്
രണ്ടു കൂട്ടുകാരികൾ ഉണ്ടായിരുന്നു. അവർ തമ്മിൽ നല്ല അടുപ്പം ആയിരുന്നു. സന്തോഷവും ദുഃഖവും
പങ്കുവെച്ച് അവർ മിടുക്കികളായി കഴിഞ്ഞു. അങ്ങനെ കുറേ നാൾ കഴിഞ്ഞപ്പോൾ പല കാരണങ്ങളാലും
രണ്ടാൾക്കും വേർപിരിയേണ്ടി വന്നു. ഇടയ്ക്ക് കാണാൻ വന്നോളാംന്ന് നാടുവിട്ടുപോയ കൂട്ടുകാരി
ഉറപ്പുനൽകി. അങ്ങനെ ഇടയ്ക്കൊക്കെ ആ കൂട്ടുകാരി വന്നു. മറ്റേ കൂട്ടുകാരിയെ കാണാൻ. കൂട്ടുകാരികൾ
രണ്ടും തമ്മിൽ കണ്ടുമുട്ടുമ്പോൾ അവർ സന്തോഷത്താൽ നൃത്തം ചെയ്തു. പിരിയുമ്പോൾ, വീണ്ടും
കാണാംന്ന് പറഞ്ഞു പിരിഞ്ഞു. ആ കൂട്ടുകാരികളാണ് മഴയും മയിലും.
കഥ നിങ്ങൾക്ക് ഒട്ടും
പിടിച്ചില്ലെങ്കിൽ പോയി മഴ നനഞ്ഞോ. അല്ല പിന്നെ!
Labels: മഴക്കാലം മനോഹരം., വെറുതേ
Tuesday, February 05, 2013
നിന്നെയോർമ്മിപ്പിച്ചത്
ഇന്നലെ ഞാനൊരു പുഴ കണ്ടു.
ഓളങ്ങളായ് ഇളകിമറിയാതെ,
ഹൃദയമിടിപ്പു മാത്രമുള്ള പുഴ.
നിന്നെയോർമ്മിപ്പിച്ച പുഴ.
ഇന്നലെ ഞാനൊരു പൂവു കണ്ടു.
പൂർണ്ണമായും വിടരാൻ മടിച്ച്,
വാടിക്കൊഴിയാൻ കാത്തുനിൽക്കുന്നതുപോലെയൊരു പൂവ്.
നിന്നെയോർമ്മിപ്പിച്ച പൂവ്.
ഇന്നലെ ഞാനൊരു മേഘം കണ്ടു.
ഒന്നിലും ശ്രദ്ധയില്ലാതൊഴുകിയൊഴുകി,
ലക്ഷ്യം മനസ്സിലുറപ്പിച്ച് പോകുന്ന പോലെയൊരു മേഘം.
നിന്നെയോർമ്മിപ്പിച്ച മേഘം.
ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു.
മേഘത്തിനു കീഴിൽ,
പുഴയ്ക്കരികിൽ,
പൂവും പിടിച്ച്,
എന്നെക്കാത്തെന്നപോലെ നീ.
Labels: വെറുതേ
Tuesday, September 11, 2012
പാവം
ഓണം പതിവുപോൽ വന്നുപോയി,
മാവേലി വന്നു തിരിച്ചുപോയി,
പൂക്കളമായിച്ചിരിച്ച പൂക്കൾ,
മഴയിലും വെയിലിലും വാടിപ്പോയി.
ഇതെല്ലാമറിഞ്ഞൊരു കാട്ടുകോഴി,
തനിക്കെന്തു സംക്രാന്തിയെന്നോർത്തുപോയി!
Labels: വെറുതേ
Monday, August 08, 2011
എന്തുകൊണ്ടാണ്
ആഴത്തിലേക്ക് വലിച്ചടുപ്പിക്കാനൊരു
കടലുണ്ടായിരിക്കുമോ?
പിടിച്ചെടുത്തു പറന്നകലാനൊരു
കാറ്റുണ്ടായിരിക്കുമോ?
അലിയിപ്പിച്ച് ഇല്ലാതാക്കാനൊരു
മഴയുണ്ടായിരിക്കുമോ?
ഓടിയെത്തി മറച്ചുപിടിക്കാനൊരു
മേഘമുണ്ടായിരിക്കുമോ?
ഉണ്ടായിരിക്കണം
അല്ലെങ്കിലെന്താണ് എന്റെ വാക്കുകൾ
നിന്റെയടുത്ത് എത്താത്തത്!
അവയെന്തിനാണ് പലപ്പോഴും
നിന്നെത്തേടി ഇറങ്ങാൻ പോലും കൂട്ടാക്കാതെ
മനസ്സിൽ കിടന്നു പിടയുന്നത്?
Labels: വെറുതേ
Thursday, October 07, 2010
നവരാത്രി
നവരാത്രി തുടങ്ങാൻ പോകുന്നു. വടക്കേഇന്ത്യയിലൊക്കെ നല്ല ആഘോഷമാണ്. പ്രത്യേകിച്ചും ബംഗാളിൽ. നമുക്ക് പ്രധാനം മൂന്നുദിവസം മാത്രം. ദുർഗാഷ്ടമി, മഹാനവമി, വിജയദശമി. പണ്ട്, ഗ്രന്ഥം വയ്ക്കുന്ന ദിവസം/ദുർഗാഷ്ടമിയ്ക്ക്, എന്തെങ്കിലും പുസ്തകങ്ങൾ പൊതിഞ്ഞുകെട്ടി അമ്പലത്തിൽ കൊണ്ടുവയ്ക്കും. ഗ്രന്ഥം വെച്ചുകഴിഞ്ഞാല്‍പ്പിന്നെ അത് പൂജ കഴിഞ്ഞ് എടുക്കുന്നതുവരെ വായന പാടില്ലെന്നാണ്. അങ്ങനെ പറയുമെങ്കിലും പഠിക്കാനുള്ള പുസ്തകങ്ങളൊഴിച്ച് സകലതും വായിക്കും. പൂജ കഴിഞ്ഞാൽ അമ്പലത്തിൽനിന്നുതന്നെ പുസ്തകം കുറച്ചു വായിക്കും. അവിടെനിന്നുതന്നെ അക്ഷരങ്ങളൊക്കെ എല്ലാവരും കൂടെ ചൊല്ലും. വല്യ ആൾക്കാരൊക്കെ, അതായത് സ്കൂൾ/കോളേജ് പഠിപ്പ് കഴിഞ്ഞവരൊക്കെ രാമായണവും ഭാഗവതവും പോലെയുള്ള എന്തെങ്കിലും വയ്ക്കും. ഞാനെന്തു പുസ്തകം വയ്ക്കും എന്നാലോചിച്ചുകൊണ്ടിരിക്കുന്നു.
പ്രീഡിഗ്രിയ്ക്കു പഠിക്കുമ്പോൾ, ഗ്രന്ഥംവയ്ക്കുന്ന ദിവസം, പഠിപ്പുകഴിഞ്ഞ് വരുമ്പോൾ ബസ് കേടായി. അവിടെനിന്ന് കുറേ ദൂരമുണ്ട് ശരിക്കും ഞങ്ങളുടെ നാട്ടിലേക്ക്. എന്നിട്ടും കൂട്ടുകാരികളൊക്കെ, ഇനി തിരക്കുള്ള ബസ്സിൽ കയറേണ്ട, നടക്കാം എന്നുപറഞ്ഞപ്പോൾ കഷ്ടകാലത്തിനു ശരിയെന്നു സമ്മതിച്ചു. നടന്നുനടന്ന് എത്തിയപ്പോൾ ഒരുപാടുനേരമായിരുന്നു. അച്ഛൻ, ഞങ്ങളുടെ വീടിന്റെ മതിലിനുടുത്തുള്ള ചെറിയ മതിലിൽ കാത്തിരിക്കുന്നു. കണ്ടയുടനെ ചോദിച്ചു “എന്താ ഇത്രേം വൈകിയത്” എന്ന്. പിന്നീടൊരിക്കലും പറയാതെ വൈകിയിട്ടില്ല. വൈകേണ്ടിവന്നിട്ടുമില്ല. ബസ്സിന്റെ കാര്യം പറഞ്ഞു. പിന്നെ എല്ലാവരും അമ്പലത്തിൽ പോകാനും ഒക്കെയുള്ള തിരക്കിലായി. ഇപ്പോഴും, അതേ ചോദ്യങ്ങളുണ്ട്, കരുതലുകളുണ്ട്. കാലം മാറി, കുട്ടികളൊക്കെ വല്യവരായി എന്ന തോന്നലൊന്നും അക്കാര്യത്തിൽ മാത്രമില്ല. ഇപ്പോപ്പിന്നെ മൊബൈൽ ഫോണുള്ളതുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും വിളിക്കാമെന്നൊരു സൗകര്യം മാത്രം.
നല്ലകാര്യം ചെയ്യാൻ എനിക്കു കൂടുതൽ അവസരം കിട്ടാറില്ല. എന്നാലും കിട്ടുമ്പോൾ ചെയ്യും. ഒരു വികലാംഗനു സീറ്റു വിട്ടുകൊടുത്തു. ഞാൻ നല്ല ആർഭാടത്തിൽ ഇരിക്കുകയായിരുന്നു, അയാൾ കയറിയപ്പോൾ. എന്നിട്ടും എണീറ്റ് സീറ്റ് കൊടുത്തു. എനിക്കു ബസ്സിൽ മുകളിൽ തൂങ്ങിപ്പിടിക്കാൻ കുറച്ചുപാടാണ്. പിന്നെ വേറൊന്ന്, ഹോട്ടലിൽ പോയപ്പോൾ കുറേപ്പേർക്കിരിക്കാവുന്ന സ്ഥലത്തായിരുന്നു ഞങ്ങൾ ഇരുന്നിരുന്നത്. കുറേപ്പേർ ഒരുമിച്ചുവന്നപ്പോൾ, അവിടെനിന്ന് എണീറ്റ് വേറെ സീറ്റിലേക്ക് മാറിയിരുന്ന് അവർക്കു സീറ്റ് കൊടുത്തു. ഇതൊക്കെ ചെറിയ കാര്യങ്ങളായിരിക്കും. പക്ഷേ, ദൈവം അവിടെ വരയ്ക്കുന്നുണ്ട്, നല്ലതിനും ചീത്തയ്ക്കും വരകൾ. (ദൈവത്തിനതല്ലേ ജോലി!)
പിന്നെ, തലവേദന! നല്ലൊരു ചായകുടിച്ചാൽ തീരുമെന്ന് ചിലർ പറയും. അമ്മ പറയും മുഖമൊക്കെ നല്ലോണം കഴുകിയാൽത്തന്നെപോകുമെന്ന്. ചിലപ്പോൾ അതൊക്കെ ശരിയാണ്. ചിലപ്പോൾ അതൊന്നുമില്ല. അങ്ങനെ കിടക്കും. തലവേദനയ്ക്ക് എന്നോടു പ്രണയം! (പാവം തലവേദന. എന്നല്ലേ? എനിക്കറിയാം).
മഴ കാണുമ്പോൾ സന്തോഷമുണ്ട്. മഴ കാണുമ്പോൾ ദുഃഖവുമുണ്ട്. പലരും എത്ര വിഷമിക്കുന്നു.
“അശോകം, കദംബം, അരനെല്ലി, വെളുത്ത അത്തി തുടങ്ങിയ വൃക്ഷസമൂഹം, പുഷ്പഭരിതമായ താമരപ്പൊയ്കകൾ, താമരപ്പൊടിയിൽ പുരണ്ടുകളിക്കുന്ന പെൺവണ്ടുകളുടെ കൂട്ടം; ബകം, കുയിൽ, ഹംസം മുതലായ പക്ഷിസമൂഹത്തിന്റെ ശബ്ദകോലാഹലം എല്ലാം ചേർന്ന് ആ വനം പഞ്ചേന്ദ്രിയങ്ങൾക്കും ഉത്സവമൊരുക്കി. പരസ്പരാസക്തരായ ദേവദമ്പതികളുടെ സാന്നിധ്യം കൊണ്ട് വനം അത്യാകർഷകം തന്നെ.”
പമ്പഭാരതം വായിക്കുന്നു. മഹാകവി പമ്പൻ എഴുതിയത്. വിവർത്തനം - സി. രാഘവൻ - മാതൃഭൂമി ബുക്സ്. വില. 200/-
ഒറ്റയിരുപ്പിൽ വായിച്ചില്ല. വായിച്ചുകൊണ്ടിരിക്കുന്നു. കണ്ണട വെച്ചാൽ തലവേദന പോകുമോ? നോക്കാം ല്ലേ?
എന്തൊക്കെയോ എഴുതണമെന്നുണ്ട്. പിന്നെയാവാം.
Labels: വെറുതേ
Monday, March 29, 2010
മഴയെക്കാത്ത്
പക്ഷികൾ കലപില കൂട്ടി കൂട്ടിലേക്ക് പറന്നെത്തുന്നുണ്ട്,
ഇലകൾ നല്ലൊരു നൃത്തം തന്നെ കാഴ്ചവയ്ക്കുന്നുണ്ട്,
ആകാശത്തിന്റെ മുഖം പരിഭ്രമത്തിലെന്ന പോലെ
കറുത്തിരുണ്ട് നിൽക്കുന്നുണ്ട്.
ഭൂമി, വാനത്തേക്ക് കണ്ണും നട്ട്,
ചൂടും പേറി നില്‍പ്പുണ്ട്.
കാറ്റ്, സന്ദേശവാഹകനെപ്പോലെ
അങ്ങുമിങ്ങും പോകുന്നുണ്ട്.
ഒന്ന് വന്ന് ലോഗ്യം പറഞ്ഞുപോകുന്ന,
വിരുന്നുകാരി മാത്രമായ
ഒരു മഴയ്ക്കു വേണ്ടി
എന്തിനാണ് ഇത്രയും കോലാഹലങ്ങൾ?
മഴവില്ലു തെളിയാനുള്ള സാദ്ധ്യത
മുന്നിൽക്കണ്ടുകൊണ്ടാവുമോ!
ഒരു വർണ്ണക്കാഴ്ച ആസ്വദിക്കാനുള്ള
മോഹമാവുമോ!
Labels: വെറുതേ
Thursday, March 04, 2010
നഷ്ടമാവുന്നത്
മോഹമില്ലാതില്ല, ഓടുന്ന പുഴയിലേക്ക് കാലുകൾ നീട്ടിവച്ച് ഒപ്പം ഇരിക്കുവാൻ. പുഴ ഓടുന്നില്ലല്ലോ, ക്ഷീണിച്ചു കിടക്കുന്നു. പിന്നെ അതിനെ നോക്കി എങ്ങനെ ആഹ്ലാദിക്കാൻ! എത്ര മനോഹരമായ, നിർമ്മലമായ ഒഴുക്ക് കണ്ടിട്ടുണ്ട്. ഇന്നില്ല. മലിനജലം ഒഴുകിവരുന്നതുപോലെ തോന്നും. ചപ്പുചവറുകൾ, മാലിന്യങ്ങൾ. കാലം മാറിപ്പോയി, പുഴയും മാറി.
മരച്ചില്ലകൾക്കിടയിലൂടെ കാണുന്ന, നക്ഷത്രങ്ങൾ നിറഞ്ഞ ഒരു കീറ് ആകാശം. എത്ര സുന്ദരമാണെന്ന് തോന്നും പറയുമ്പോഴും, കേൾക്കുമ്പോഴും. കുറച്ചുകാലം കൂടെ കഴിഞ്ഞാൽ അതു വെറും പറച്ചിലിൽ ഒതുങ്ങും. കാഴ്ചയിൽ നിറയില്ല. മരങ്ങളെല്ലാം മരിച്ചുകൊണ്ടിരിക്കുന്നു, അവയെ കൊന്നുകൊണ്ടിരിക്കുന്നു. വീടിന്റെ മുറ്റത്തോ ടെറസ്സിലോ ഒതുങ്ങുന്നു മരങ്ങളും ചെടികളും. അതും ചെറുതു മാത്രം. വിശാലമായി തലയുയർത്തി നിൽക്കാൻ പറ്റുന്നില്ല അവയ്ക്ക്. നാടുതോറും നീണ്ടു നിവർന്ന് ഇടമില്ലാതെ വളരാൻ സ്വാതന്ത്ര്യമില്ല അവയ്ക്ക്. ഒക്കെ വെട്ടിമാറ്റി കോൺക്രീറ്റ് കെട്ടിടങ്ങൾ. മരം നിന്നിടത്ത് അവ നിൽക്കുന്നു. പച്ചച്ച മരത്തിനു പകരം, പൂക്കൾ നിറഞ്ഞ മരത്തിനു പകരം പല നിറത്തിലും വലുപ്പത്തിലും കെട്ടിടങ്ങൾ. റോഡുകളുടെ വീതി കൂട്ടാൻ വേണ്ടി ജീവൻ ത്യജിക്കേണ്ടി വന്ന മരങ്ങൾ. നാട് പുരോഗമനത്തിന്റെ പാതയിൽ. ആ പാതയിൽ മരങ്ങൾക്കിടമില്ലാതെയായി. അവ പൊഴിക്കുന്ന ഇലകൾ നിറയുന്ന പാതകൾ ഇല്ലാതെയായി. വേണ്ടാതായി. വേനലിൽ കുടയാവുന്ന തണൽമരങ്ങൾ ഇനിയില്ല.
കാണാകാഴ്ചയാവുന്നൂ കതിരു നിറയുന്ന പാടങ്ങൾ
പതിവുകാഴ്ചയാവുന്നൂ കോൺക്രീറ്റു കാടുകൾ.
പാടങ്ങൾ ചുരുങ്ങിക്കൊണ്ടേയിരിക്കുന്നു. പാടങ്ങളുണ്ടായിരുന്നു എന്നു പറയാൻ ഇനി കൂടുതൽ കാത്തിരിക്കേണ്ടി വരില്ല. അവിടെയൊക്കെ ഫ്ലാറ്റുകളാണ്. ഇതിന്റെ ഏറ്റവും താഴെ, നെല്ലു വിളഞ്ഞൊരു കാലമുണ്ടായിരുന്നു എന്ന് ഏറ്റവും ഉയരത്തിലിരുന്നു പറയാനൊരു കാലം വന്നു.
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് എന്തൊക്കെയാണെന്ന് അറിയുന്നുണ്ടോ ആരെങ്കിലും!
കാലം മാറിക്കൊണ്ടേയിരിക്കുന്നു. നാട് പുരോഗമിച്ചുകൊണ്ടേയിരിക്കുന്നു. പോയവയെ മറക്കാം. ഇല്ലാതായവയെ മറക്കാം. വരും തലമുറയ്ക്ക് ചിത്രങ്ങളിലൂടെ കാണിക്കാം. പച്ചപ്പാടങ്ങൾ, തെളിനീരോടെ ഒഴുകുന്ന പുഴകൾ, മരച്ചില്ലയ്ക്കിടയിലൂടെ കാണുന്ന ആകാശക്കഷണം ഇവയൊക്കെ.
എന്നാലും മഴ പെയ്തു തോരുമ്പോൾ, സൗഖ്യം ചോദിക്കാനെത്തുന്ന ഇളം കാറ്റിന്റെ, തലോടലേറ്റ് പെയ്യുന്ന മരത്തിനു ചുവട്ടിൽ നിൽക്കുമ്പോൾ കിട്ടുന്ന കുളിര് എങ്ങനെ അനുഭവിപ്പിക്കും!
Labels: വെറുതേ
Friday, November 27, 2009
പ്രണയമല്ല
“അവനെ ട്രെയിനിൽ വെച്ച് കണ്ടതുമുതലാണ് തുടങ്ങിയതെന്ന് തോന്നുന്നു. ആകെ ചുവന്നുതുടുത്തു. കാലുകൾക്ക് വല്ലാത്ത ഭാരം. ഒരടി മുന്നോട്ട് വയ്ക്കാൻ കഴിയുന്നില്ല. തൊണ്ടയിൽനിന്നും വാക്കുകൾക്ക് പുറത്തുവരാനൊരു മടി, ഒരു വല്ലാത്ത വേദന. ആകെ ഒരു പരവേശം. ഇത് ഒറ്റക്കാഴ്ചയിലെ പ്രണയം ആണോ ഡോക്ടർ? എന്റെ മനസ്സ് കൈവിട്ടുപോകുമോ?”
“ഇത് പ്രണയം അല്ല. നിങ്ങൾക്ക് തക്കാളിപ്പനിയും ചിക്കുൻഗുനിയയും പന്നിപ്പനിയും ഒരുമിച്ച് വന്നതാണ്. ഉടനെ ചികിത്സിച്ചില്ലെങ്കിൽ നിങ്ങൾ തന്നെ കൈവിട്ടുപോകും.”
Labels: വെറുതേ
Wednesday, November 04, 2009
പൈസ പോയി
“എന്താ ഒരു വിഷമം?”
“വിഷമമുണ്ട്.”
“എന്തുപറ്റി?”
“കുറച്ച് പൈസ പോയിക്കിട്ടി.”
“എന്താ? ഷെയറെടുത്ത് നഷ്ടമായോ? അതോ ബെറ്റു വെച്ച് തോറ്റോ?”
“ഒന്നുമല്ല.”
“പിന്നെ?”
ചന്ദ്രനിൽ പോകുമ്പോൾ കൊണ്ടുപോകാൻ വേണ്ടി ഒരു കമ്പനിയിൽ കുറച്ച് മിനറൽ വാട്ടറിന് ഏല്‍പ്പിച്ചിരുന്നു. വെറുതേ കിണറിൽ നിന്ന് കോരാനുംനിറയ്ക്കാനും ഒന്നും നിൽക്കണ്ടല്ലോന്ന് കരുതിയിട്ട്. അഡ്വാൻസായിട്ട് അവർ പറഞ്ഞ തുക കൊടുത്തു.”
“അതിനിപ്പോ എന്തുപറ്റി?”
“ചന്ദ്രനിൽ വെള്ളം കണ്ടു എന്നു കേട്ടയുടനെ അവരോട് വെള്ളം വേണ്ടാന്ന് പറഞ്ഞു. അതിനുപകരം കൂടി വേറെ എന്തെങ്കിലും കൊണ്ടുപോകാമല്ലോ. പക്ഷേ, അഡ്വാൻസ് കൊടുത്തത് തിരിച്ചുതരില്ലാന്ന്.”
Labels: വെറുതേ
Monday, November 02, 2009
ലേറ്റസ്റ്റ്
“ചേച്ചീ, ഇത് അനാർക്കലി ആണ്. ഇഷ്ടംപോലെ വിറ്റുപോകുന്നുണ്ട്.”
“ഇതു പഴേതല്ലേ?”
“ഇത് മിന്നാമിന്നിക്കൂട്ടം ആണ്. നല്ല ഭംഗിയുള്ള ഡ്രസ്സല്ലേ?”
“ഇതൊക്കെ ഇപ്പോഴും ആൾക്കാർ വാങ്ങുന്നുണ്ടോ?”
“ഇത് ജോധാ അക്ബർ ഡ്രസ്സ് ആണ്. ഇത് നന്നായിരിക്കും ചേച്ചീ.”
“ഇതൊക്കെ എപ്പോ ഇറങ്ങിയതാ. ഇപ്പോഴും ഇതാണോ വിൽക്കാൻ വെച്ചിരിക്കുന്നത്?”
“ഇപ്പോഴും ആവശ്യക്കാരുണ്ടല്ലോ.”
“ഉണ്ടായിക്കോട്ടെ. എനിക്കുവേണ്ട. ലേറ്റസ്റ്റ് ഏതെങ്കിലും ഉണ്ടെങ്കിൽ കാണിക്ക്.”
“ലേറ്റസ്റ്റ് ഡ്രസ്സ് ഉണ്ട്. ഇപ്പോക്കാണിക്കാം.”
“ഏതാ?”
“പഴശ്ശിരാജ.”
“ങേ..!”
Labels: വെറുതേ
Wednesday, October 14, 2009
Tuesday, October 06, 2009
അവിടെയുണ്ടോ
വാക്കുകളെ കൂട്ടുപിടിച്ച് മൗനത്തെയൊഴിവാക്കി.
ശബ്ദങ്ങളെ കൂട്ടുപിടിച്ച് നിശ്ശബ്ദതയൊഴിവാക്കി.
പുഞ്ചിരിയെ കൂട്ടുപിടിച്ച് കണ്ണീരിനെയൊഴിവാക്കി.
എന്നിട്ടും ഓർമ്മകളെയൊഴിവാക്കാൻ,
മറവിയെനിക്ക് കൂട്ടുവരുന്നില്ലല്ലോ!
ഹലോ...ഹലോ...
മറവി അവിടെയുണ്ടോ?
Labels: വെറുതേ
ഉറങ്ങട്ടെ കുറച്ചുനേരം കൂടെ
ചൂലു വന്ന് ഇക്കിളിയിടുന്നതും കാത്തിരിപ്പുണ്ടാവും
മുറ്റത്തെ ചപ്പുചവറുകൾ.
ചെവിപിടിച്ച് ജ്വലിപ്പിക്കുന്നതും കാത്ത്
സ്റ്റൗവ് ഉറങ്ങിയുണർന്നിരിപ്പുണ്ടാവും.
തിളയ്ക്കുന്ന പാലിന്റെ ചിരി കാണാൻ
അടുക്കളയിരിക്കുന്നുണ്ടാവും.
പച്ചക്കറികളോട് ലോഗ്യം പറയാൻ
കത്തി മിനുങ്ങിയിരിപ്പുണ്ടാവും.
അരിയും പരിപ്പും പച്ചക്കറികളും നിറച്ച്
കൂകിയാഹ്ലാദിക്കാൻ കുക്കർ കൊതിക്കുന്നുണ്ടാവും.
തേങ്ങ ചവച്ചരയ്ക്കാൻ വേണ്ടി
മിക്സിപ്പാത്രം ഇരിക്കുന്നുണ്ടാവും.
എന്നാലും കുറച്ചു നേരം കൂടെ ഉറങ്ങട്ടെ ഞാൻ.
നന്നായറിയാം...
എത്രയൊക്കെ ശ്രമിച്ചാലും ഉറക്കത്തിനുള്ളിലല്ലാതെ
ഒരു സ്വപ്നവും മര്യാദയ്ക്ക് വെന്തുകിട്ടില്ലെന്ന്.
പകുതിവേവിച്ചെടുത്ത് രുചിച്ചാൽ
ഹൃദയത്തിന് വെന്തുമരിക്കേണ്ടിവരുമെന്ന്!
Labels: വെറുതേ
Thursday, October 01, 2009
കാരണം
പ്രണയം,
കാരണമാണ്.
ഒരു ഹൃദയം മറ്റൊരു ഹൃദയത്തെ മോഷ്ടിച്ചതിന്റെ.
ഒരു ഹൃദയം മറ്റൊരു ഹൃദയത്തിൽ ലയിച്ചതിന്റെ.
ഒരു ഹൃദയം മറ്റൊരു ഹൃദയത്തിനു പിന്നാലെ പോയതിന്റെ.
പിന്നെ വല്ലപ്പോഴും,
ഒരു ഹൃദയം മറ്റൊരു ഹൃദയത്തെ ദുഃഖിപ്പിക്കുന്നതിന്റെ.
Labels: വെറുതേ
Monday, September 14, 2009
ചിരി
കുഞ്ഞേ ചിരിക്ക നീ കണ്ണാടിനോക്കി-
യെന്നമ്മ പതുക്കെപ്പറഞ്ഞീടുമ്പോൾ,
കണ്ണാടിയിൽ നോക്കി കോപ്രായവും കാട്ടി
കുഞ്ഞു പിന്നീടു ചിരിച്ചീടുന്നു.
തിരികെക്കിട്ടീടുമാ ചിരിയൊന്നാക്കണ്ണിൽ,
ആഹ്ലാദമഴവില്ലു തെളിയിക്കുന്നൂ.
കുഞ്ഞേ ചിരിക്ക നീ ലോകത്തെനോക്കി-
യെന്നമ്മ പിന്നീടു പറഞ്ഞീടുന്നു.
മറുചിരി കിട്ടിയില്ലെന്നാകിലും ചിരിക്ക നീ,
അമ്മ മനസ്സിൽ പറഞ്ഞീടുന്നു.
Labels: വെറുതേ
ഇതെന്താണ്
ഇതെന്താണെന്ന് പറയാമോ?
പിടഞ്ഞുകൊണ്ടൊരു ചോദ്യം.
ഉത്തരങ്ങളൊരുപാട്.
ചെമ്പരത്തിപ്പൂവെന്ന്,
മുമ്പു കണ്ടില്ലെന്ന്,
അറിയില്ലെന്ന്,
പറയില്ലെന്ന്,
ഓർമ്മയില്ലെന്ന്,
മറന്നുപോയെന്ന്.
ചങ്കാണ് പറിച്ചുവെച്ചുകാട്ടുന്നത്,
പിടഞ്ഞുകൊണ്ടിരിക്കുന്നത്.
ഇതൊക്കെ കേട്ടാല്‍പ്പിന്നെ
കലങ്ങിയൊഴുകിപ്പോകാത്ത
ചങ്കെവിടെയുണ്ട്?
Labels: വെറുതേ





