Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, July 07, 2009

കത്തുണ്ടോ

ഏട്ടൻ എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന കാലം. ഞങ്ങളുടെ കൊച്ചുഗ്രാമത്തിൽനിന്ന് ഒരുപാട് മണിക്കൂറുകൾ പോകണം അങ്ങോട്ട്. അതുകൊണ്ട് ഏട്ടൻ എന്നും വരില്ല. എല്ലാ ആഴ്ചയും വരില്ല. എന്നാലും, എല്ലായിടത്തും പഠിപ്പുമുടക്ക്, സമരം, അടിപിടി എന്നൊക്കെ പത്രത്തിൽ വായിച്ചാൽ ഞങ്ങൾ ഏട്ടൻ വരുന്നത് പ്രതീക്ഷിക്കും. വീടിനു മുന്നിലിരുന്നു ദൂരേയ്ക്ക് മെയിൻ റോഡിന്റെ ഭാഗത്തേക്ക് കണ്ണുംനട്ട് ഇരിക്കും. വന്നാൽ ഞങ്ങളെ ഞങ്ങളുടെ ഗ്രാമത്തിൽനിന്നു കുറച്ചകലെയുള്ള കുറച്ചുംകൂടെ മെച്ചപ്പെട്ട ടാക്കീസിൽ സിനിമയ്ക്കുകൊണ്ടുപോകും, വരുമ്പോൾ പുതിയ ഓഡിയോ കാസറ്റുകൾ കൊണ്ടുവരും, എവിടെയെങ്കിലും യാത്ര പോയതിന്റെ ചിത്രങ്ങൾ കൊണ്ടുവരും. ഒപ്പം കോളേജ് വിശേഷങ്ങളും. എന്നാലും ചിലപ്പോൾ ഞങ്ങളെ നിരാശരാക്കിക്കൊണ്ട് വരില്ല. പകരം രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാൽ പോസ്റ്റ് കാർഡ് വരും. ഈയാഴ്ച വരുന്നില്ല, ഇപ്പോ വരുന്നില്ല എന്നൊക്കെപ്പറഞ്ഞ്. എവിടെയെങ്കിലും പോകുന്നുണ്ടെങ്കിൽ അതും ഉണ്ടാവും. ഇന്നാരും കാത്തിരിക്കേണ്ടിവരുന്നില്ല. വിവരങ്ങൾ അപ്പോഴപ്പോൾ അറിയുന്നു, അറിയിക്കുന്നു.

അന്ന് ഞങ്ങളുടെ ഗ്രാമത്തിൽ അങ്ങനെ ടെലഫോണൊന്നും വന്നിട്ടില്ല. വിവരങ്ങൾ അറിയിക്കാനുള്ളത്, ആരെങ്കിലും വഴി പറഞ്ഞയയ്ക്കുകയോ അല്ലെങ്കിൽ പോസ്റ്റ് കാർഡിലോ ഇൻലന്റിലോ എഴുതിവിടുകയോ ആണ്. എന്നാലും വിവരങ്ങൾ പെട്ടെന്ന് അറിയില്ല. എന്തായിരിക്കും കാര്യം എന്നൊന്നും പെട്ടെന്ന് അറിയാൻ കഴിയില്ല. ഞങ്ങൾ പോസ്റ്റ് കാർഡിനെ വിളിച്ചിരുന്നത് ഡി. വി. കാർഡ് എന്നാണ്. ദരിദ്രവാസികാർഡ്. കല്യാണം കഴിഞ്ഞപ്പോൾ കുറേക്കാലം എനിക്ക് എന്നും കത്തയയ്ക്കുമായിരുന്നു വീട്ടിൽ നിന്ന്. പിന്നെ ഞങ്ങൾക്ക് ഫോൺ കിട്ടിയപ്പോൾ ആ പതിവ് പതുക്കെപ്പതുക്കെ പോയി. അതിനുപകരം എന്നും ഫോൺ വിളിയായി.

ഇപ്പോ, കത്തില്ല, കാർഡുമില്ല. കല്യാണക്കത്തുകളും, ജോലിക്കത്തുകളും, അത്യാവശ്യം ചില കത്തുകളും കഴിഞ്ഞാൽ ബാക്കിയെല്ലാ വാർത്താവിനിമയങ്ങളും ഫോണിലേക്കും, മൊബൈൽ ഫോണിലേക്കും, മെയിലിലേക്കും മാറി. ഒരു മെസ്സേജ് വിട്ടാൽ പല കാര്യങ്ങളും തീരുമാനമായി. എവിടെയെങ്കിലും പോകണമെങ്കിൽ അങ്ങോട്ടറിയിക്കാനും, ഇറങ്ങിയത് അറിയിക്കാനും, അവിടെ എത്തിച്ചേർന്നത് പുറപ്പെട്ടിടത്ത് അറിയിക്കാനും ഒക്കെ എന്തെളുപ്പം! ആർക്കും കാര്യങ്ങളന്വേഷിക്കാനോ സഹായം അഭ്യർത്ഥിക്കാനോ, നേരിട്ട് ചെല്ലേണ്ടിവരുന്നില്ല. ഒരാൾ എത്ര തിരക്കിലാണെങ്കിലും, എവിടെയാണെങ്കിലും മൊബൈൽ ഫോണിലേക്ക് വിളിച്ചാൽ സംസാരിക്കാം, കാര്യങ്ങൾ പറയാം.

ഒരു കത്ത്, ആരുടെയെങ്കിലും, അവസാനമായി കിട്ടിയതെന്നാണെന്ന് ഞാൻ ഓർത്തെടുക്കാൻ ശ്രമിക്കുന്നു. എത്രയോ കാലമായി. വീട്ടിലേക്ക് അയയ്ക്കുമ്പോൾ ഒരിഞ്ചുപോലും സ്ഥലം വിടാതെ, നിറയെ നിറയെ എഴുതിയിരുന്നത് ഓർക്കുന്നു. പഴയ കത്തുകളെല്ലാം ഓരോ ഓർമ്മകളാണ്. എപ്പോഴെങ്കിലുമൊക്കെ എടുത്തുനോക്കുമ്പോൾ, സന്തോഷവും സങ്കടവും ഒക്കെ വരുത്തുന്ന കത്തുകൾ. അമ്മയുടെ അടുത്തുണ്ട് ഒരുപാട് ഒരുപാട് പഴയ കത്തുകൾ. അമ്മയുടെ സുഹൃത്തുക്കളുടെ കത്തുകൾപോലും അതിലുണ്ട്. അവരൊക്കെ എവിടെയാണെന്ന് ചോദിച്ചാൽ, അവിടെയല്ലേ, ഇവിടെയല്ലേന്ന് പറയും. വർഷങ്ങൾക്കു മുമ്പ് അമ്മ കണ്ട, ഞങ്ങളൊന്നും ചിലപ്പോൾ ഒരിക്കലും കാണാനിടയില്ലാത്ത ആൾക്കാർ. എന്നാലും അവരെ അറിയുന്നത് അവരുടെ കത്തുകളിലൂടെയാണ്. ആ അടുപ്പം വായിച്ചറിയാം.

ഒരു ഇ- മെയിൽ വരുമ്പോൾ കത്ത് വരുന്നത്രേം അടുപ്പം തോന്നുമോന്ന് ആർക്കെങ്കിലും സംശയമുണ്ടോ? എനിക്കു സംശയം ഒന്നുമില്ല. കത്തയച്ചിരുന്നത് കണ്ടും പരിചയപ്പെട്ടും കൂടെപ്പഠിച്ചും ഒക്കെ ഉള്ളവരാണെങ്കിൽ, കണ്ടിട്ടില്ലാത്ത ചില സുഹൃത്തുക്കളുടെ വാക്കുകൾ വരുന്നത് ഇ- മെയിലിലൂടെ ആണെന്ന് മാത്രം. സന്തോഷത്തിനൊന്നും കുറവില്ല. കൈപ്പടയില്ല, ഇ- മെയിലിൽ എന്നുമാത്രം.

ഉച്ചയ്ക്ക് ചെന്നിട്ട്, വൈകുന്നേരം തിരിച്ചു പുറപ്പെട്ടപ്പോൾ അമ്മമ്മ പറഞ്ഞു, പണ്ടൊക്കെ എന്തെങ്കിലും ചടങ്ങിനുവന്നാൽ എത്രയോ ദിവസങ്ങൾ കഴിഞ്ഞിട്ടാണ് തിരിച്ചുപോകുകയെന്ന്. നടന്നാണല്ലോ പോകേണ്ടത്! മഴയും വെയിലും നോക്കണം, ആരോഗ്യം നോക്കണം, പോയാൽപ്പിന്നെ അടുത്തൊന്നും വരാനിടയില്ലാത്തതുകൊണ്ട് കുറച്ചുനാൾ ഇരുന്ന് മിണ്ടിയും പറഞ്ഞും ഇരിക്കാമെന്ന് കരുതണം. ഇന്നതുവേണ്ടല്ലോ. വാഹനങ്ങളായി, യാത്ര എളുപ്പമായി. മിണ്ടണമെങ്കിൽ, കാണണമെന്നു തന്നെയില്ലാതായി. ആർക്കുമാർക്കും നേരമില്ലാക്കാലമായി.

വേറെ വേറെ താമസിക്കുന്ന ഭാര്യാഭർത്താക്കന്മാർ, ദൂരസ്ഥലങ്ങളിൽ താമസിക്കുന്ന മക്കളുള്ളവർ. അവർക്കൊക്കെ പണ്ടത്തെക്കാലം കാത്തിരിപ്പിന്റെ കാലമായിരുന്നു. മിണ്ടാനും പറയാനും വല്ലപ്പോഴും കിട്ടുന്ന അവസരങ്ങൾ മാത്രം. കത്തുകൾ, അയയ്ക്കാനും മറുപടി കിട്ടാനും ഒക്കെ സമയമെടുക്കുന്ന കാലം. ഇന്നതൊന്നും ഒരു പ്രശ്നവുമില്ല. വിദേശങ്ങളിലിരിക്കുന്ന പേരക്കുട്ടികളെപ്പോലും ദിവസവും കമ്പ്യൂട്ടറിലൂടെ കാണാൻ ഭാഗ്യമുള്ളവർ.

കാലം എത്രയോ മാറിപ്പോയി. അന്നത്തെപ്പോലെയല്ല ഇന്ന്. ഇന്നത്തെപ്പോലെയാവില്ല നാളെ. ഇന്നത്തെ ലോകം ഭാഗ്യവാന്മാരുടേതാണ്. എന്നാലും നാളെ അവർക്കും പറയാനുണ്ടാവും ഇന്നുണ്ടായിരുന്ന അസൗകര്യങ്ങളെക്കുറിച്ച്, നാളെയുണ്ടാവുന്ന സൗകര്യങ്ങളെക്കുറിച്ച്. മാറിമാറിവരുന്ന കാലങ്ങൾ. എന്നിട്ടും മനുഷ്യർ ചിലപ്പോൾ പലതും മറന്നുനടക്കുന്നു.

ഒരു ഇ- മെയിലിന്റെ ദൂരത്തിൽ, എസ് എം എസിന്റെ ദൂരത്തിൽ ഇരിക്കുന്നവർ. എവിടെയാവും, എന്തു തിരക്കിലാവും എന്നൊന്നും നോക്കാതെ ഏതുസമയത്തും മിണ്ടാൻ കഴിയുന്ന കാലം. എന്നിട്ടും, എത്രയോ അടുത്തായിട്ടും, മനസ്സുകൊണ്ട് പലപ്പോഴും ഒരുപാട് അകലം തോന്നിപ്പിക്കുന്ന കാലം കൂടെയാണിതെന്ന്
പറഞ്ഞുവച്ചേക്കാം.


ആരാണ്, ആർക്കാണ് ഇനി നിറഞ്ഞൊഴുകുന്ന വാക്കുകളിൽ, സ്വന്തം കൈപ്പടയിൽ, സ്നേഹം നിറച്ചൊരു കത്തെഴുതാൻ പോകുന്നത്? നോക്കിയും നോക്കിയും വായിച്ചും വായിച്ചും ആരാണ് അതിലെ അക്ഷരങ്ങൾ മുഴുവൻ മനസ്സിലേക്ക് കയറ്റി, നിറം മങ്ങിയ കത്തുമായി, തിളങ്ങുന്ന മനസ്സുമായി, ഇരിക്കാൻ പോകുന്നത്?

Labels:

13 Comments:

Blogger Jayasree Lakshmy Kumar said...

ഈ ഫോണും ഇന്റെർനെറ്റും ഒന്നുമില്ലായിരുന്നെങ്കിൽ, കത്തെഴുതാൻ ഒരു സൂപ്പർ മടിച്ചിയായ ഞാൻ എന്തു ചെയ്തേനേ എന്നോർക്കാറുണ്ട്. ഒരു വിളിപ്പാടകലെ എല്ലാവരും ഉണ്ടല്ലോ എന്ന സന്തോഷവുമുണ്ട്

Wed Jul 08, 12:42:00 am IST  
Blogger upsilamba said...

sariyaanu, sue.
kalyanam kazhinju US-il vannapol ammuma'yum njanum thammil kathu ezhuthumayirinnu.
eppol, cousin'nte computer vachu, ammuma'yum email cheyum.

Wed Jul 08, 01:46:00 am IST  
Blogger ശ്രീ said...

കത്തുകളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ഒരു നഷ്ടബോധമാണ്...
“പഴയ കത്തുകളെല്ലാം ഓരോ ഓർമ്മകളാണ്. എപ്പോഴെങ്കിലുമൊക്കെ എടുത്തുനോക്കുമ്പോൾ, സന്തോഷവും സങ്കടവും ഒക്കെ വരുത്തുന്ന കത്തുകൾ”
വളരെ ശരി. സ്വന്തം കൈപ്പടയില്‍ എഴുതുന്ന കത്തുകളുടെ അടുത്തു പോലും വരില്ല ഇ മെയിലും ചാറ്റും എസ് എം എസ്സും.

നല്ല പോസ്റ്റ്!

Wed Jul 08, 06:34:00 am IST  
Blogger മേരിക്കുട്ടി(Marykutty) said...

ഞാന്‍ കുറുറുവിനു കത്തെഴുതുമായിരുന്നു...ഇന്നും എഴുതാറുണ്ട്..ഇടയ്ക്ക് കൊറിയ യ്ക്ക് പോകുമ്പോള്‍, ഫ്ലൈറ്റ് ല് ഇരുന്നു വായിക്കാന്‍..പിന്നെ ഞങ്ങള്‍ രണ്ടാളും കൊറിയയില്‍ ആയിരുന്നപ്പോള്‍, നാട്ടിലേയ്ക്ക് ആദ്യം മടങ്ങിയത് ഞാനാണ്‌...അതിരാവിലെ, മൂന്ന് മണിക്ക് യാത്രയായി എയര്‍്പോര്‍്ട്ടിലേയ്ക്ക്...പോകുന്നതിനു മുന്നേ, കുറുറുവിന്റെ വാതിലിന്റെ വിടവിലൂടെ ഒരു കത്ത് അകത്തേയ്ക്കിട്ടിട്ടാണു പോന്നത്...അങ്ങനെ കുറെ കുറെ കത്തുകള്‍..

Wed Jul 08, 09:23:00 am IST  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:മൂന്ന് നഗരങ്ങളിലുള്ള മൂന്ന് സഹോദരങ്ങള്‍ ഓണത്തിനും വിഷുവിനും വരുമ്പോഴൊക്കെ തമ്മില്‍ കാണുന്നു,നാട്ടിലെ വീട്ടില്‍ അച്ഛനും അമ്മയും ഒന്നും ഇല്ലാത്ത ഒരു കാലത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഒരു വിങ്ങല്‍ ഞങ്ങള്‍ മലയാളികളേ അല്ലാതാവുന്നുണ്ടോ???-- ഈ പോസ്റ്റ് വായിച്ചപ്പോള്‍ അതേ നൊമ്പരം.

Wed Jul 08, 11:37:00 am IST  
Blogger VEERU said...

THANKAL PARANJATHU SATHYAMAANU ETHRAYO ADUTHITTUM NAMMAL ORU PAADU AKANNU !!!

Wed Jul 08, 12:53:00 pm IST  
Blogger സു | Su said...

ലക്ഷ്മീ :) കത്തെഴുതണമെങ്കിൽ മടിയൊക്കെ മാറ്റിവെക്കേണ്ടിവരും അല്ലേ?

upsilamba :)നല്ല കാര്യം. ദൂരെയിരിക്കുമ്പോൾ മിണ്ടാനും പറയാനും കഴിയുന്നത് അങ്ങനെ തന്നെ.

ശ്രീ :) കത്തുകളൊന്നും കളയാതെ വയ്ക്കുകയാണ് വേണ്ടത്. പിന്നീട് വായിച്ചുനോക്കാൻ വേണ്ടി.

മേരിക്കുട്ടീ :) ഇനിയും ആ ശീലം ഉപേക്ഷിക്കരുത്. കിട്ടുന്ന കത്തുകൾ സൂക്ഷിച്ചുവെക്കുകയും വേണം.

കുട്ടിച്ചാത്താ :) അങ്ങനെയൊന്നും ആവില്ല. എവിടെ ആയിരുന്നാലും നാടിന്റെ ഓർമ്മയുണ്ടാവില്ലേ? ഒരു തിരിച്ചുവരവില്ലേ? പിന്നെയെങ്ങനെ മലയാളികളല്ലാതാവും? അങ്ങനത്തെ തോന്നലൊന്നും വേണ്ട.

വീരു :) അതെയോ?

Wed Jul 08, 02:48:00 pm IST  
Blogger Bindhu Unny said...

ഒരുപാട് കത്തുകളെഴുതുമായിരുന്നു മുന്‍പൊക്കെ. ഇപ്പോ അതൊക്കെ ഞാന്‍ തന്നെയായിരുന്നോ എഴുതിയതെന്നാ സംശയം. എഴുതാന്‍ മറന്നുപോവാതിരിക്കാന്‍ ഇടയ്ക്ക് വെറുതെ നോട്ട്ബുക്കില്‍ എഴുതാറുണ്ട്, ഇംഗ്ലീഷും മലയാളവും. :-)

Wed Jul 08, 07:50:00 pm IST  
Blogger സു | Su said...

ബിന്ദൂ :) മേരിക്കുട്ടി പറഞ്ഞപോലെ കത്തെഴുതൂ.

Thu Jul 09, 01:05:00 pm IST  
Blogger ആത്മ/പിയ said...

ഒന്നു നഷ്ടപ്പെടുത്തിയാലേ മറ്റൊന്നു നേടാനാവൂ എന്ന് ആരോ എവിടെയോ പറഞ്ഞു കേട്ട ഓര്‍മ്മ.
കത്തെഴുതല്‍ നഷ്ടമായപ്പോള്‍ അതിനുപകരം മറ്റു പലതും നേടി.
ലോകത്തിലെ എല്ലാം അങ്ങിനെയൊക്കെ തന്നെ അല്ലെ സൂജി? :)

Thu Jul 09, 09:05:00 pm IST  
Blogger സു | Su said...

ആത്മേച്ചീ :) ഒന്നും നഷ്ടപ്പെടുത്താവാനാതെ വേറൊന്ന് നേടാൻ പറ്റില്ലെങ്കിൽ നഷ്ടം എന്നു വിളിക്കണോ നേട്ടം എന്നുവിളിക്കണോ? അതു രണ്ടുമല്ലേ? കത്തിനു പകരം കത്തുതന്നെ. പക്ഷെ, പുതിയ മാറ്റങ്ങളൊക്കെ സ്വീകരിക്കാം.

Fri Jul 10, 02:16:00 pm IST  
Blogger ആത്മ/പിയ said...

ഇന്ന് സൂജിയുടെ കമന്റിനെപ്പറ്റി ആലോചിച്ചപ്പോള്‍‍ പുതിയ ഒരാശയം തോന്നി.
നമ്മള്‍ നശിച്ചു, നഷ്ടപ്പെട്ടു, എന്നൊക്കെ പറയുന്നത് ഒരു മറയല്‍ മാത്രമാണ്.
ഒരു വൃത്തത്തിലെന്നപോലെ മാറ്റങ്ങള്‍ വന്ന്, വന്ന്, വീണ്ടും ആദിയിലെത്തും..
വീണ്ടും തുടരും..
ഉണ്ടായതൊന്നും നശിക്കുന്നില്ല(ഭഗവത് ഗീത)
പുതുതായൊന്നും ഉണ്ടാകുന്നുമില്ല..
[സൂജീ, സത്യം പറഞ്ഞാല്‍ കൂടുതല്‍ ആലോചിക്കാന്‍ കഴിയുന്നില്ല. എന്തോ തോന്നി, എഴുതി.. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുമല്ലൊ]

Fri Jul 10, 09:49:00 pm IST  
Blogger സു | Su said...

ആത്മേച്ചീ :) ഒന്നും നശിക്കുന്നില്ല. എന്നാലും മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടല്ലോ.

Mon Jul 13, 11:53:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home