ചന്ദ്രഗുപ്തമൗര്യൻ
മന്ദാകിനീനദീതീരത്തെ പാടലീപുത്രം എന്ന രാജ്യത്തെ രാജാവായിരുന്നു നന്ദൻ. അദ്ദേഹം നല്ലൊരു രാജാവായിരുന്നു. അദ്ദേഹത്തിന്റെ മന്ത്രിയാണ് രാക്ഷസൻ. നന്ദരാജാവിന് രണ്ട് ഭാര്യമാർ. സുനന്ദയും, മുരയും. രാജാവിന്ന് മക്കളുണ്ടായില്ല. അങ്ങനെയിരിക്കുമ്പോൾ ഒരു മഹാമുനി ആ രാജ്യത്തു വന്നു. രാജാവ് സ്വീകരിച്ചു. കാലു കഴുകിച്ച് വെള്ളം ഭാര്യമാരുടെ നേരെ തളിക്കുന്നു. ഒരുതുള്ളി മുരയുടെ മേലും, ഒമ്പതു തുള്ളി സുനന്ദയുടെ മേലും പോയി വീഴുന്നു. മുര ഭക്തിയോടെ നിൽക്കുന്നു. സുനന്ദയ്ക്ക് അത്ര ഭക്തിയൊന്നും തോന്നിയില്ല. അവർ രണ്ടുപേരുടേയും ഭാവം അറിഞ്ഞ് മഹാമുനിയ്ക്ക് മുരയുടെ പെരുമാറ്റത്തിൽ സന്തോഷം തോന്നുകയും സുനന്ദയിൽ കോപം തോന്നുകയും ചെയ്യുന്നു. മുനി തിരിച്ചുപോയി. മുരയ്ക്ക് ഒരു മകനുണ്ടാകുന്നു. വലുതാകുമ്പോൾ അവനെ അസ്ത്രവിദ്യകളെല്ലാം പഠിപ്പിക്കുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോൾ സുനന്ദ ഗർഭിണിയാവുന്നു. മാസം തികഞ്ഞപ്പോൾ ഒരു മാംസപിണ്ഡത്തെയാണ് സുനന്ദ പ്രസവിക്കുന്നത്. എല്ലാവരും ദുഃഖിക്കുന്നു. അപ്പോൾ, ദുഃഖിക്കേണ്ട, ഒമ്പതുമക്കളുണ്ടാവും എന്ന് അശരീരി ഉണ്ടാവുന്നു. മന്ത്രിയായ രാക്ഷസൻ, ആ മാംസപിണ്ഡത്തെ ഒമ്പതുഭാഗങ്ങളാക്കി എണ്ണനിറച്ച പാത്രങ്ങളുടെ അകത്തിട്ടുവയ്ക്കുന്നു. കുറച്ചുദിവസങ്ങൾ കഴിഞ്ഞ് ആ എണ്ണപ്പാത്രങ്ങൾ ഉടഞ്ഞ് ഒമ്പത് രാജകുമാരന്മാർ പുറത്തുവരുന്നു. അവരേയും വലുതാകുമ്പോൾ അസ്ത്രവിദ്യകളെല്ലാം പഠിപ്പിക്കുന്നു. സുനന്ദ ക്ഷത്രിയപുത്രിയായതുകൊണ്ട് രാജാവ് മുരയിൽ ഉണ്ടായ മകനെ - മൗര്യനെ- രാജാവാക്കാൻ തുനിയാതെ, ഒമ്പതു മക്കളിൽ ആരെയെങ്കിലും രാജാവായി വാഴിക്കാം എന്നു തീരുമാനമെടുക്കുന്നു. എല്ലാവരും ജനിച്ചത് ഒരേ സമയത്ത് ആയതുകൊണ്ട് മൂത്തയാൾ ആരെന്ന് നോക്കാനും പ്രയാസം. പക്ഷേ മൗര്യന് ഇവരെ ആരെയെങ്കിലും രാജാവായി വാഴിക്കുമെന്നുകേട്ട് ദേഷ്യം വരുകയും, അവരെയൊക്കെ ഭിന്നിപ്പിക്കാനുള്ള പല വഴികളും നോക്കുകയും ചെയ്യുന്നു. അതുകണ്ട് കോപിച്ച രാജാവ് കുമാരന്മാരോടു പറയുന്നു, ഈ രാജ്യം ഒമ്പതായി വീതിച്ച് നിങ്ങൾക്ക് തരും, എന്ന്. പക്ഷേ കൊട്ടാരവും രാജ്യവും എല്ലാർക്കും വേണം. അതുകൊണ്ട് രാജാവുതന്നെ, കുമാരന്മാർ ഓരോ കാലത്തായി മാറിമാറി രാജ്യം ഭരിക്കട്ടെ എന്നു തീരുമാനിച്ച് പറയുന്നു. അങ്ങനെ തീരുമാനിക്കുകയും രാജ്യഭാരം തുടരുകയും ചെയ്യുന്നു. മൗര്യൻ അവിടെ സേനാനിയായി, സേനാപതിയായി തുടരുന്നു.
മൗര്യന് നൂറു മക്കളുണ്ടാകുന്നു. അവരുടെയൊക്കെ സാമർത്ഥ്യം കൊണ്ട് രാജ്യം മുഴുവൻ മൗര്യന്റെ കീഴിലായിത്തീരാൻ പോകുന്നു. അതുകണ്ട് സഹിക്കാതെ, മൗര്യനേയും മക്കളേയും കൊല്ലാൻ നന്ദരാജാവിന്റെ മറ്റുപുത്രന്മാരും കൂട്ടരും തീരുമാനിക്കുന്നു. ഒരു മന്ത്രിമണ്ഡപം ഉണ്ടാക്കിയിട്ട് അവിടേയ്ക്ക് എല്ലാവരും കൂടെയിരുന്നു ചർച്ച ചെയ്യാൻ മറ്റുള്ളവർ വിളിക്കുന്നു എന്നും പറഞ്ഞ് മൗര്യനേയും മക്കളേയും അങ്ങോട്ട് കൂട്ടിക്കൊണ്ടുപോകുന്നു. അവരെ അതിനുള്ളിലിട്ട് അടയ്ക്കുന്നു. നൂറു പാത്രത്തിൽ ഭക്ഷണവും നൂറു വിളക്കും വെച്ചിട്ടുണ്ടായിരുന്നു അവിടെ. ചതി മനസ്സിലാക്കിയ മൗര്യൻ, മക്കളോടു പറയുന്നു, ഭക്ഷണം എല്ലാം ഒരിടത്ത് കൂട്ടിവയ്ക്കാനും, വിളക്ക് ഒന്നൊഴിച്ച് എല്ലാം കെടുത്താനും. ഒരാൾക്കെങ്കിലും ഈ ഭക്ഷണം കുറച്ചുകുറച്ച് കഴിച്ച് കുറച്ചുകാലം ജീവിക്കാം, അയാൾ പിന്നീട് ഇവിടെനിന്ന് രക്ഷപ്പെട്ടുപോയിട്ട് പ്രതികാരം ചെയ്യണം എന്നും പറഞ്ഞുകൊടുക്കുന്നു. ഇളയവനും ബുദ്ധിശാലിയുമായ ചന്ദ്രഗുപ്തനെയാണവർ ജീവിക്കാനും പ്രതികാരം ചെയ്യാനും തെരഞ്ഞെടുക്കുന്നത്. അങ്ങനെ കുറച്ചുദിവസം കഴിയുമ്പോൾ ചന്ദ്രഗുപ്തനൊഴിച്ച് മറ്റെല്ലാവരും മരിച്ചുപോകുന്നു. മൗര്യന്മാരെ കാണാതാകുകയും അവർ മരിച്ചെന്നു തീരുമാനിക്കുകയും ചെയ്തപ്പോൾ രാജ്യത്തെ ജനങ്ങൾക്കൊക്കെ സങ്കടമാവുന്നു.
അങ്ങനെ ഒരു ദിവസം വംഗദേശത്തെ രാജാവ്, ഒരു കൂട്ടിൽ സിംഹത്തിനെയിട്ട് പാടലീപുത്രത്തിലേക്ക് അയക്കുന്നു. കൂടുപൊളിക്കാതെ സിംഹത്തെ പുറത്തുകളയണം എന്നൊരു വ്യവസ്ഥയും വയ്ക്കുന്നു. പക്ഷേ ആർക്കും ഉപായം അറിയില്ല. ഒടുവിൽ, എല്ലാവരും, ചന്ദ്രഗുപ്തൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ, അയാൾക്ക് അതൊക്കെ നിസ്സാരമായി സാധിക്കുമെന്നു പറയുകയും ചെയ്യുന്നു. രാജാക്കന്മാർ, മൗര്യന്മാരെ അടച്ചിട്ടിരിക്കുന്ന മണ്ഡപത്തിൽ പോയി നോക്കുകയും ചെയ്യുന്നു. ചന്ദ്രഗുപ്തൻ മാത്രം അവിടെ പട്ടിണിയിൽ ശോഷിച്ച് ഇരിക്കുന്നുണ്ടായിരുന്നു. അവർ ഓരോന്ന് പറഞ്ഞ് സമാധാനിപ്പിച്ച് കൂട്ടിക്കൊണ്ടുവന്നു. കൂട്ടിൽക്കിടക്കുന്ന സിംഹത്തിന്റെ കളികളൊക്കെ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ, അത് കൃത്രിമസിംഹമാണെന്ന് ചന്ദ്രഗുപ്തനു മനസ്സിലായി. ശില്പികൾ നിർമ്മിച്ച ആ സിംഹത്തെ, കൂട്ടിന്റെ അഴികളിലൂടെയൊന്നും പുറത്തിറക്കാൻ പറ്റില്ല. കൂടുതുറക്കാനും പറ്റില്ല. അത് മെഴുകുകൊണ്ടാണെന്ന് കണ്ടുപിടിച്ച് അതിനെ ഉരുക്കുകയും ചെയ്യുന്നു. ബുദ്ധിമാനായ ചന്ദ്രഗുപ്തനെ തങ്ങളോടൊപ്പം നിർത്തണമെന്ന് ആ രാജാക്കന്മാർ തീരുമാനിക്കുന്നു.
അങ്ങനെ ചന്ദ്രഗുപ്തൻ അവിടെ താമസിച്ചുകൊണ്ടിരിക്കുമ്പോൾ, ഒരിക്കൽ രാജ്യത്ത് ചുറ്റിസ്സഞ്ചരിക്കുമ്പോൾ, ഒരാൾ, പുല്ല് വേരോടെ പിഴുതെടുത്ത് അത് ചുട്ട് ഭസ്മമാക്കി കലക്കിക്കുടിക്കുന്നത് കാണുന്നു. ചന്ദ്രഗുപ്തൻ ചോദിച്ചപ്പോൾ അയാൾ പറഞ്ഞു, പുല്ല് കാലിൽ തടഞ്ഞ് വീണതുകൊണ്ട് അതിനെ നശിപ്പിക്കുകയാണെന്ന്. കോപം തീർക്കാൻ വേണ്ടിയാണ് അത് കലക്കിക്കുടിക്കുന്നതെന്ന്. താങ്കൾ ആരാണെന്ന് ചന്ദ്രഗുപ്തൻ ചോദിച്ചപ്പോൾ, താൻ ചാണക്യൻ ആണെന്നും, വിഷ്ണുഗുപ്തൻ എന്നും കൗടില്യൻ എന്നും പേരുകൾ തനിക്കുണ്ടെന്നും അദ്ദേഹം പറയുന്നു. നന്ദരാജാക്കന്മാർ നടത്തുന്ന സദ്യയിൽ പങ്കുകൊള്ളാൻ വന്നതാണെന്നും പറയുന്നു. അപ്പോൾ, ചന്ദ്രഗുപ്തൻ, ചാണക്യനെ ഭക്ഷണശാലയിലേക്കുള്ള വഴി കാണിക്കുന്നു. പോകുന്ന സമയത്ത്, തങ്ങൾക്ക് സംഭവിച്ചതൊക്കെ, ചന്ദ്രഗുപ്തൻ, ചാണക്യനോട് പറയുന്നു. തന്റെ താമസസ്ഥലത്തേക്കും വരണമെന്ന് പറഞ്ഞതിനുശേഷം ചന്ദ്രഗുപ്തൻ വേറെ വഴിക്കു പോകുന്നു. ചാണക്യൻ ഭക്ഷണശാലയിൽ എത്തിയപ്പോൾ അവിടെ പത്ത് പൊൻ തളികകൾ വച്ചതായി കാണുന്നു. പിന്നെ കുറേ വെള്ളിത്തളികകളും. പത്തു പൊന്നിൻതളികകൾ ആർക്കാണു വച്ചിരിക്കുന്നതെന്നു ചോദിച്ചപ്പോൾ അവിടെയുള്ള പാചകക്കാർ/ ഭൃത്യന്മാർ പറയുന്നു, ഒമ്പതെണ്ണം അവരുടെ ഒമ്പതുരാജാക്കന്മാർക്കും, പിന്നെയൊന്നുള്ളത്, അവിടെ വരുന്നവരിൽ ഏറ്റവും ശ്രേഷ്ഠനായ ഒരാൾക്ക് ഉള്ളതെന്നും. ചാണക്യനോട് ബാക്കിയുള്ളവർക്ക് ഇരിക്കാനുള്ളിടത്തുപോയി ഇരുന്നുകൊള്ളുവാനും പറയുന്നു. താൻ തന്നെയാണ്, ഇവിടെ വന്നിരിക്കുന്നവരിൽ ശ്രേഷ്ഠനെന്നും പറഞ്ഞ് മുഖ്യസ്ഥാനത്ത് പോയി ഇരിക്കുന്നു. രാജാക്കന്മാർ വന്നു കണ്ടപ്പോൾ അവർക്കത് ഇഷ്ടപ്പെട്ടില്ല. അവർക്ക് ചാണക്യനെ അറിയില്ല. അവർ അദ്ദേഹത്തെ പരിഹസിച്ച് പിടിച്ചു പുറത്താക്കി. മുടിയിൽ ചുറ്റിപ്പിടിച്ച് ഭൃത്യന്മാർ പുറത്തു തള്ളിയപ്പോൾ, അദ്ദേഹം കുടുമ കെട്ടിയിരുന്നത് അഴിഞ്ഞുപോകുന്നു. പുല്ലിൽ തടഞ്ഞ് വീഴാൻ പോയപ്പോൾ ആ പുല്ലിനോടുള്ള കോപത്തിൽ പുല്ല് വേരോടെ പൊരിച്ച്, ചുട്ടു ഭസ്മമാക്കി കുടിച്ച ചാണക്യൻ, രാജാക്കന്മാരുടെ ഇപ്പോഴുള്ള പ്രവൃത്തിയിൽ കോപം കൊണ്ടു വിറയ്ക്കുന്നു. തന്നെ അപമാനിച്ചവരെ തോല്‍പ്പിച്ച്, വേറൊരാളെ വാഴിച്ചിട്ടേ താനിനി മുടി കെട്ടിവെക്കുകയുള്ളൂവെന്ന് പ്രതിജ്ഞയെടുക്കുന്നു.
പിന്നെ ചന്ദ്രഗുപ്തന്റെ അടുത്തുപോയിട്ട്, അദ്ദേഹത്തിനെ രാജാവാക്കുമെന്നും, മന്ത്രി, താനാവുമെന്നും പറയുന്നു. എന്തുകൊണ്ടാണ് അങ്ങനെയൊരു തീരുമാനം എടുക്കാനുള്ള കാരണമെന്ന് ചന്ദ്രഗുപ്തൻ ചോദിച്ചറിയുന്നു. അദ്ദേഹത്തിനു സന്തോഷമാവുന്നു. ഇതൊന്നും വേറെ ആരും അറിയുന്നില്ല. ചാണക്യൻ, തന്റെ സുഹൃത്തായ, ഇന്ദ്രശർമ്മാവിന്റെ അടുത്തെത്തി കാര്യങ്ങളൊക്കെ പറയുന്നു.
ഇന്ദ്രശർമ്മാവ്, ഒരു യോഗിയുടെ - ബുദ്ധഭിക്ഷുവിന്റെ - വേഷം കെട്ടി, നന്ദരാജ്യത്തുപോയി താമസം തുടങ്ങി. അവിടത്തെ മന്ത്രിയായ രാക്ഷസൻ, ചാണക്യന്റെ ശപഥത്തെക്കുറിച്ചാലോചിച്ച്, രാജ്യം നശിച്ചുപോകുമല്ലോന്ന് ഓർത്ത് ദുഃഖിച്ചിരിക്കുന്ന സമയം ആയിരുന്നു. അപ്പോഴാണ് ഒരു മന്ത്രവാദി ഉണ്ടെന്നും, അയാൾ ശത്രുദോഷങ്ങളൊക്കെ അകറ്റിക്കൊടുക്കുമെന്നും രാക്ഷസൻ അറിയുന്നത്. അങ്ങനെ ഇന്ദ്രശർമ്മാവ് കൊട്ടാരത്തിലെത്തുന്നു. താൻ ഒരു യോഗിയാണെന്നും, മാന്ത്രികവിദ്യകൾ കുറച്ചൊക്കെ അറിയാമെന്നും, കുറച്ച് ഭക്ഷണവും താമസവും മാത്രമേ ആഗ്രഹിക്കുന്നുള്ളൂ എന്നും പറയുന്നു. രാക്ഷസൻ, മറ്റു കാര്യങ്ങളൊക്കെ പറയുന്നു. ഇന്ദ്രശർമ്മാവ് അവിടെ താമസം തുടങ്ങി. ആദ്യം തന്നെ രാജാക്കന്മാർക്ക് പനി പിടിപ്പിക്കും. എന്നിട്ട് അതൊക്കെ ചാണക്യൻ ചെയ്ത ആഭിചാരം ആണെന്ന് പറയുന്നു. പനി മാറ്റും. പിന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു. അതും മാറ്റും. അങ്ങനെ അവരുടെ പ്രീതി സമ്പാദിക്കും. അവർ രത്നങ്ങളും സ്വർണ്ണവും ഒക്കെ കൊടുക്കുമ്പോൾ അതൊക്കെ കല്ലുപോലെ എറിഞ്ഞുകളയും. അതിലൊന്നും താല്പര്യമില്ലെന്ന മട്ടിൽ. രാജാക്കന്മാർ അയാളെ പൂർണ്ണമായി വിശ്വസിക്കുന്നു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ, ചന്ദ്രഗുപ്തനെ അവിടെ നിന്ന് പുറത്താക്കുന്നതാണ് നിങ്ങൾക്ക് നല്ലതെന്ന് പറയുന്നു. ചന്ദ്രഗുപ്തൻ അവിടെ നിന്നിറങ്ങേണ്ടി വരുന്നു.
അയാളുടെ പിന്നാലെ ഇന്ദ്രശർമ്മാവ് ചെന്നിട്ട് കുറച്ചുദൂരം വിട്ട് താമസിപ്പിച്ച് തിരിച്ച് രാജ്യത്തെത്തുന്നു. രാജാക്കന്മാരോട് പറയുന്നു, കാട്ടിലിരുന്നിട്ട്, കാട്ടാളരാജാവിന്റെ കൂടെച്ചേർന്ന് നിങ്ങൾക്കെതിരേ ക്ഷുദ്രപ്രയോഗങ്ങൾ ചെയ്യുകയാണ് ചന്ദ്രഗുപ്തനെന്ന്.അങ്ങനെ കാട്ടാളരാജാവിനെ അവർ ശത്രുവായിക്കരുതുന്നു. ചന്ദ്രഗുപ്തൻ അയാളോട് ചേരുന്നു. പിന്നെ കുറേപ്പേരെയൊക്കെ തന്റെ ഭാഗത്താക്കുന്നു. കുറച്ചകലെയുള്ള രാജ്യത്തെ രാജാവിനേയും ചാണക്യൻ ചെന്നുകണ്ട് കാര്യങ്ങളൊക്കെ പറഞ്ഞ് തങ്ങളെ സഹായിക്കാൻ അഭ്യർത്ഥിക്കുന്നു. കുറച്ച് സ്വത്തു കൊടുക്കാമെന്നും പറയുന്നു. അങ്ങനെ ചാണക്യൻ അവിടെ മന്ത്രിയായിത്തീരുന്നു. ഒരിക്കൽ എല്ലാവരേയും കൂട്ടി പട നയിച്ച് നന്ദരാജാക്കന്മാരുടെ അടുത്തേക്കു പോകുന്നു. ഇന്ദ്രശർമ്മാവ് ഈ വിവരം ചാരന്മാരിൽനിന്ന് കേട്ടറിഞ്ഞ് സൈന്യാധിപന്മാരോട് ഓരോരുത്തരോടും രഹസ്യമായിട്ട്, ഇന്ന് പട നയിച്ചിറങ്ങിയാൽ നിങ്ങൾക്ക് ആപത്തുവരുമെന്നും, ആരോടും വേറെ ഇത് പറയരുതെന്നും പറയുന്നു. അവർ പേടിച്ച് ഓരോ കാര്യമുണ്ടെന്നും പറഞ്ഞ് ഓരോ സ്ഥലത്തേക്കു പോകുന്നു. പടയും നയിച്ച് മന്ത്രിയായ രാക്ഷസൻ ഇറങ്ങുന്നു. ചന്ദ്രഗുപ്തൻ, രാക്ഷസനോട്, തനിക്കും രാജ്യത്തിന്റെ അവകാശമുണ്ടെന്നും, അതു കൊടുത്താൽ യുദ്ധം ഒഴിവാക്കാമെന്നും പറയുന്നു. പക്ഷേ രാക്ഷസന്ന് അത് ഇഷ്ടപ്പെടാതെ വരികയും എതിർക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. യുദ്ധത്തിൽ രാജപുത്രന്മാരെല്ലാം കൊല്ലപ്പെടുന്നു. രാജാവും മന്ത്രിയും രാജ്യം വിട്ടുപോകുന്നു. ചന്ദ്രഗുപ്തൻ രാജാവാകുന്നു, ചാണക്യൻ മന്ത്രിയും.
കടപ്പാട് :- ചാണക്യസൂത്രം കിളിപ്പാട്ട്.
Labels: ചരിത്രം
10 Comments:
കര്‍ക്കിടക മാസമായതു കൊണ്ടാകുമല്ലേ പുരാണ കഥകള്‍?
ഇത്രെം വലിയ ഒരു കഥയോ!:)
പകുതി വായിച്ചപ്പോഴേ ഉറങ്ങിപ്പോയി.
ബാക്കി നാളെ വായിക്കണം.
ഇങ്ങിനെയുള്ള പഴയ കഥകളൊക്കെ എഴുതുന്നതിന്
സൂവിനു നന്ദി!
എന്റെ മുത്തച്ഛന്റെ മുത്തച്ഛന്റെ മുത്തച്ഛന്റെ..... മുത്തച്ഛനും പുള്ളീം കസിന്‍സാര്‍ന്നു. :)
(ഇതു പറഞ്ഞിട്ട് ഗുപ്തന്‍ രംഗത്തുനിന്ന് നിഷ്ക്രമിക്കുന്നു)
ഇക്കഥ ഇത്രയും വിശദമായിട്ടറിയില്ലായിരുന്നു....നന്ദി :-)
സൂ നന്ദീട്ടോ. ഈ കഥ മനോഹരമായി പറഞ്ഞു തന്നതിന്! ഇനീം ഇതു പോലത്തെ പുരാണകഥകളെഴുതണം. ചുരുക്കി മതി. :-)
ശ്രീ :) പദ്യം വായിച്ചപ്പോൾ ഗദ്യമാക്കി എഴുതിയിടണമെന്ന് തോന്നി.
ആത്മേച്ചീ :) കഥകൾ വലുതും ചെറുതുമുണ്ടാവും. സമയം കിട്ടുമ്പോൾ വായിച്ചാൽ മതി.
ഗുപ്തൻ :) അതെയതെ. അതെനിക്കറിയാമല്ലോ. പേരുകേട്ടാലറിയില്ലേ?
രാജി :)
താര :)
കുമാരൻ :)
എല്ലാർക്കും നന്ദി.
കഥ അവിടെ അവസാനിക്കുന്നില്ല. രാക്ഷസന് പ്രതികാരം ചെയ്യാന് തീരുമാനിക്കുന്നു...
http://sanskritebooks.wordpress.com/2009/06/30/mudrarakshasa-of-visakhadatta-sanskrit-drama-with-english-translation/
ശ്യാം കുമാർ :) കഥ തീരുന്നില്ല. കിളിപ്പാട്ടിൽ എട്ടു പാദം വരെയുണ്ട്. ഇത് രണ്ടാം പാദം തീരുന്നിടത്തുവരെയേ ആയിട്ടുള്ളൂ. നന്ദി.
'മൂന്നു ഭാഗ്യപരിലാളിതര്‍' എന്ന പേരില്‍ തീരെ ചെറുപ്പത്തില്‍ ഒരു നോവലില്‍ ഈ കഥ വായിച്ചതായി ഓര്‍ക്കുന്നു.മൂന്നു പേരില്‍ ഒരാള്‍ ചന്ദ്രഗുപ്ത മൌര്യനും രണ്ടാമത്തെ ആള്‍ അലക്സാണ്ടറുമാണ്.മൂന്നാമത്തെ ആളെ ഓര്‍മയില്ല.(ചാണക്യന്‍)ഈ പുസ്തകം ഏതാണെന്നോ ആരാണ് എഴുതിയതെന്നോ അറിയാമോ? ചന്ദ്രഗുപ്ത മൌര്യനെ കൊല്ലാന്‍ ഒരു വിഷകന്യകയെ അയക്കുന്നതും മറ്റും ഓര്‍മയുണ്ട്.(പത്തു വയസ്സുള്ളപ്പോള്‍ വായിച്ചതാണ്:-)
ബ്രൈറ്റ് :) ആ പുസ്തകത്തെക്കുറിച്ച് അറിയില്ല. അറിഞ്ഞാൽ പറയാംട്ടോ. കഥകളൊക്കെ ഈ കിളിപ്പാട്ടിൽ ഉണ്ട്. ഇതുതന്നെ നീണ്ടുപോയതുകൊണ്ട് ഇനിയൊരിക്കലാവാമെന്ന് കരുതി. നന്ദി.
Post a Comment
Subscribe to Post Comments [Atom]
<< Home