വില കൂടിയാൽ
കോൻ ബനേഗാ കരോട്പതിയിൽ പങ്കെടുത്ത് പന്ത്രണ്ടാമത്തെ ചോദ്യത്തിനു ശരിയുത്തരവും പറഞ്ഞ് ഒരു കോടിയും മേടിച്ച് വീട്ടിൽ വരുന്ന ആളുകളാണ് എല്ലാവരും എന്നു ആരെങ്കിലും കരുതിയിട്ടാണോയെന്നറിയില്ല, എല്ലാത്തിനും വില കൂടിക്കൊണ്ടിരിക്കുന്നുണ്ട്. പാലിന്, പച്ചക്കറിയ്ക്ക്, ഗ്യാസിന്, പെട്രോളിന്, മറ്റു നിത്യോപയോഗസാധനങ്ങൾക്ക്, വിലയെത്രകൂടിയാലും പലർക്കും ഒഴിച്ചുകൂടാനാവാത്ത സ്വർണ്ണത്തിന്, ഒക്കെ വില കൂടിക്കൂടി വരുന്നു. സമൂഹത്തിൽ പണക്കാരും പാവപ്പെട്ടവരും ഉണ്ട്. ഇത്ര പൈസ കൈയിലുള്ളവർ മാത്രമേ ഇന്ന സാധനം വാങ്ങാൻ പോകാവൂ എന്നൊരു നിയമവുമില്ല. പാലിനു വില കൂടിയതുകൊണ്ട്, ഇനി കോടീശ്വരന്മാർ മാത്രമേ പാലൊഴിച്ച ചായ കുടിക്കാവൂ എന്നു പറഞ്ഞാൽ അതു ശരിയാണോ? കൂലിപ്പണിക്കാരൊക്കെ കട്ടൻചായ കുടിച്ചാൽ മതി എന്നു പറഞ്ഞാൽ അതു ശരിയാണോ? അപ്പോ, വിലയിങ്ങനെ കൂടി വന്നാൽ പാലു പോയിട്ട്, പച്ചവെള്ളം കുടിക്കാൻ പോലും ആൾക്കാർ പേടിക്കും. കാറും ബൈക്കും എടുത്ത്, ഇന്നെവിടേക്കു പോകണം എന്നും ചിന്തിച്ചിരിക്കുന്ന പണക്കാർക്ക്, പെട്രോളിന്റെ വില കൂടിയാലും കുറഞ്ഞാലുമൊന്നും പ്രശ്നമാവില്ല. ജോലിസ്ഥലങ്ങളിലേക്ക് വണ്ടിയും എടുത്തു പോകേണ്ടിവരുന്ന സാധാരണക്കാരെ വിലക്കയറ്റം ബാധിക്കും. പണ്ടൊക്കെ വണ്ടിയുണ്ടായിരുന്നോ, അന്നൊക്കെ എത്രയോ ദൂരം നടന്നല്ലേ ആൾക്കാർ പോയിരുന്നത് എന്നൊക്കെ ചോദിക്കുന്നതിൽ എന്തെങ്കിലും അർഥം ഉണ്ടോ?
വിലക്കയറ്റം വരുമ്പോൾ, അത്യാവശ്യം പച്ചക്കറികളൊക്കെ വീട്ടിലുണ്ടാക്കാം, പാലിനു വേണ്ടി പശുവിനേയും വളർത്താം. ഇനി വണ്ടിയ്ക്കടിയ്ക്കാൻ പെട്രോളും, പെണ്മക്കളെ കെട്ടിച്ചുവിടാൻ നേരം, കൊടുക്കുന്ന പൊന്നും വീട്ടുപറമ്പിൽ നിന്നു കുഴിച്ചെടുക്കണം എന്നു വന്നാൽ എന്തായിരിക്കും സ്ഥിതി? അങ്ങനെ ഒരു കാലം വരുമായിരിക്കും. എല്ലാത്തിനും സൌകര്യമുള്ളവർക്കൊക്കെ എന്തും ആകാമല്ലോ!
(കോൻ ബനേഗാ കരോട്പതിയിൽ അഞ്ചുകോടിയാണ് ഇപ്പോ പതിമൂന്നാം ചോദ്യത്തിന്റെ ഉത്തരം ശരിയായാൽ സമ്മാനം).
Labels: എനിക്കു തോന്നിയത്
2 Comments:
"എല്ലാത്തിനും സൌകര്യമുള്ളവർക്കൊക്കെ എന്തും ആകാമല്ലോ!"
സൗകര്യങ്ങളൊക്കെ ആപേക്ഷികമല്ലേ.
വല്യമ്മായീ :) എല്ലാം ആപേക്ഷികമാണല്ലോ!
Post a Comment
Subscribe to Post Comments [Atom]
<< Home