അടിച്ചു മോളേ
കഴിഞ്ഞ ജൂൺ മാസം. അച്ഛനേം അമ്മയേം സന്ദർശിക്കാൻ പോയതായിരുന്നു. ജൂൺ മാസം എന്നുപറയുമ്പോൾ മഴക്കാലം കൂടെയാണല്ലോ. മഴയെന്നു വെച്ചാൽ എനിക്കു വല്യ ഇഷ്ടമുള്ളൊരു സംഗതിയാണ്. പക്ഷേ, ഇടിയും മിന്നലും ഭയങ്കര പേടിയും. കുട്ടിക്കാലത്ത്, ജനലൊക്കെ അടച്ചിട്ട്, കട്ടിലിൽക്കയറി ചെവിയും പൊത്തി ഇരിക്കുമായിരുന്നു. ഇപ്പോ, പല ജനലുകളിലും വെറും ചില്ലാണ്. അതുകൊണ്ട് മിന്നൽവെളിച്ചം കാണാതിരിക്കില്ല. അച്ഛന്റേം അമ്മേടേം വീട്ടിൽ മരത്തിന്റെ ജനലാണ്. അത് അടച്ചിട്ടാൽപ്പിന്നെ വെളിച്ചം പേടിക്കണ്ട. അന്ന് രാവിലെ മുതൽ നല്ല മഴയായിരുന്നു. ഭീകരമായ ഇടിയും മിന്നലും. ഉച്ചയ്ക്കാണ് ഒരുവിധം ശരിയായത്. അപ്പോ വേഗം ഊണുകഴിച്ചു. ഊണുകഴിഞ്ഞയുടൻ ഞാൻ അമ്മയോടു പറഞ്ഞു, ഞാൻ അനിയത്തിയെ ഒന്നു വിളിക്കട്ടെ എന്ന്. അപ്പോ അമ്മയ്ക്കും അമ്മയുടെ അനിയത്തിയെ വിളിക്കണം. എന്നാൽപ്പിന്നെ അമ്മ പാത്രം കഴുകിക്കോ, ഞാനാദ്യം വിളിക്കട്ടെ, അല്ലെങ്കിൽ ഞാൻ ആദ്യം വിളിക്കട്ടെ, അമ്മ പാത്രം കഴുകിക്കോ എന്നു പറഞ്ഞു. അമ്മ പറഞ്ഞു രണ്ടാളും വിളിച്ചിട്ട് രണ്ടാളും ഒരുമിച്ച് പാത്രം കഴുകാമെന്ന്! അങ്ങനെ, കണക്ഷൻ വിടുവിച്ച് ഇട്ടിരുന്ന ലാൻഡ്ഫോൺ ശരിയാക്കി, ഞാൻ വിളി തുടങ്ങി. (ഇടിയും മിന്നലും വന്നാൽ അപ്പോ ഫോൺ, ടി. വി. ഒക്കെ പൂട്ടിവയ്ക്കുകയാണ് അവരുടെ പതിവ്). വിളിച്ചു വിശേഷങ്ങളൊക്കെ - അവിടെയെന്താ കൂട്ടാൻ, ഇവിടെയെന്താ ഉപ്പേരി ഇതൊക്കെത്തന്നെ വിശേഷങ്ങൾ - പറഞ്ഞും കേട്ടും ചിരിച്ചും ഇരിക്കുമ്പോഴാണ് എന്തോ ഒന്നു സംഭവിച്ചത്. എന്തോ ഒന്ന് എന്നിലൂടെ കടന്നുപോയി. ഫോൺ തെറിച്ചുപോയി. വല്യൊരു ഇടി. ഞാൻ അമ്മേന്നു വിളിച്ചു. അലറി എന്നാവും നല്ലത്.
ഇടിവെട്ടീടുംവണ്ണം ഞാൻ കരഞ്ഞൊച്ച കേട്ട് അമ്മ ഓടിവന്നു.
“ഭഗവാനേ...” അമ്മ വിളിച്ചു.
ഇന്നെന്താ മുപ്പെട്ട ബുധനാഴ്ചയോ!. ‘മിന്നലടിച്ചു, പക്ഷേ, എനിക്കൊന്നും പറ്റീല്ല അമ്മേ’ ന്ന് ഞാൻ പറയുമ്പോഴേക്കും, ഭഗവാനേന്നുള്ള ഡയലോഗിനു പിന്നാലെ അമ്മ അടുത്ത ഡയലോഗും പറഞ്ഞു “നമ്മുടെ ഫോൺ കിടക്കുന്ന കിടപ്പുകണ്ടില്ലേ....”
ഞാൻ മനസ്സിൽ അലറി. ‘ഗോഡ്... കണ്ട്രോൾ ഗിവ് മി.’ ദൈവത്തിന്, ഇംഗ്ലീഷ് അറിയുന്നോര്, അറിയാത്തോര് എന്നൊന്നും വേർതിരിവ് ഇല്ലല്ലോ. ഗ്രാമറൊന്നും നോക്കേണ്ട അതുകൊണ്ട്.
അമ്മ റിസീവർ നിലത്തുനിന്നെടുത്ത് ഫോൺ ശരിയാക്കുന്ന തിരക്കിലായി.
ചേട്ടൻ വന്നു. “എന്താ”
“മിന്നലടിച്ചൂന്ന് തോന്നുന്നു.”
കേട്ടപാടെ ചേട്ടൻ മുറിയിലാകെ പരതൽ തുടങ്ങി.
“ചേട്ടാ, മിന്നലടിച്ചൂന്നാ പറഞ്ഞത്. മിന്നുന്ന പൊന്ന് വീണുപോയീന്നല്ല.”
“ഞാൻ കേട്ടു. നിന്നെ മിന്നലടിച്ചൂന്നല്ലേ പറഞ്ഞത്. അതിവിടെയെങ്ങാൻ ചത്തുകിടപ്പുണ്ടോന്ന് നോക്കിയതാ.”
ദൈവമേ നീയൊരു അഞ്ചാറു കണ്ട്രോൾ ഇങ്ങോട്ടിട്ടോ. ആവശ്യം വന്നേക്കും.
അടിപിടിക്കിടയിൽ അവസാനമെത്തുന്ന പോലീസുകാരനെപ്പോലെ അച്ഛൻ രംഗപ്രവേശം ചെയ്തു. അമ്മയോടും ചേട്ടനോടും ചരിത്രം പറഞ്ഞിട്ട് പുല്ലുവില കിട്ടി. അതുകൊണ്ട് അച്ഛനോട് ഊർജ്ജതന്ത്രം ആയിക്കോട്ടെ എന്നുവിചാരിച്ചു പറഞ്ഞു. “അച്ഛാ, ഞാൻ ഫോൺ ചെയ്തുകൊണ്ടിരുന്നപ്പോൾ എന്തോ ഒരു തരംഗം എന്നിലൂടെ കടന്നുപോയി.”
അച്ഛന്റെ സമാശ്വാസവാക്കുകൾ കേൾക്കാൻ കൊതിച്ചിരുന്ന എന്റെ കാതുകളിലേക്ക്, കുട്ടിക്കാലത്ത്, കുമാരനാശാന്റെ കരുണ ചൊല്ലിത്തന്നുറക്കിയ അച്ഛൻ, യാതൊരു കരുണയുമില്ലാതെ വാക്കുകൾ ചൊരിഞ്ഞു. “തരംഗം കടന്നുപോയിരുന്നെങ്കിൽ നീയിപ്പോൾ തരംഗിണിസ്റ്റുഡിയോയിൽ നിന്നിറങ്ങുന്ന കാസറ്റുപോലെ കറുത്തുപോവില്ലായിരുന്നോ. ഒന്നും സംഭവിച്ചില്ലല്ലോ.”
ദൈവമേ നീയാ കണ്ട്രോളൊക്കെ അവിടെ വെച്ചോ. ഞാനങ്ങോട്ടു വന്നാൽ നിനക്കു തന്നെ ആവശ്യം വരും.
അച്ഛാ... യൂ ...ടൂ... (കാർന്നോരേ...താങ്കളും ...എന്നു ദൈവവും).
എനിക്കു മനസ്സിലായി. ഞാൻ ടെസ്റ്റ് ബേബിയാണ്. വെറും ടെസ്റ്റ് ബേബി. രണ്ടാമതൊന്നും ആയില്ലേന്ന് നാട്ടുകാരും വീട്ടുകാരും അച്ഛനോടും അമ്മയോടും ചോദിച്ചപ്പോൾ ഉണ്ടായ ബേബി. അതുകൊണ്ടാണ് ഈ സ്നേഹക്കുറവിന്റെ ആധിക്യം. എന്നാലും ചേട്ടനെങ്കിലും....വേറാരും അപ്പോ വീട്ടിൽ ഇല്ലാഞ്ഞതു നന്നായി. അവരും പറയുന്നതൊക്കെ കേൾക്കാനുള്ള കരുത്ത് എനിക്കില്ലായിരുന്നു.
ഫിലിം ഫെസ്റ്റിവലിൽ ബുദ്ധിജീവിസിനിമകൾക്കിടയ്ക്ക് പെട്ടുപോയ സന്തോഷ് പണ്ഡിറ്റിന്റെ സിനിമപോലെ അവഗണിക്കപ്പെട്ട് ഞാൻ നിന്നു. എന്തായാലും, മിന്നൽ ച്യവനപ്രാശം കഴിക്കുന്നില്ലെന്ന് എനിക്കു മനസ്സിലായി. കഴിച്ചിട്ടാണ് വന്നിരുന്നതെങ്കിൽ, എത്താൻ അല്പം ദിവസങ്ങൾ മാത്രം ഉണ്ടായിരുന്ന എന്റെ നാല്പതാം പിറന്നാൾ ആഘോഷിക്കുന്നതിനു പകരം, എന്റെ നാല്പത്തൊന്ന് നടത്താനുള്ള പന്തൽ എല്ലാരും കൂടെ ഇട്ടേനെ.
അങ്ങനെ ഒരു മിന്നലിൽ നിന്നും രക്ഷപ്പെട്ട മിടുക്കിക്കുട്ടി(ബുഹഹഹഹ) മഴയൊഴിഞ്ഞ ആകാശം നോക്കി മിന്നലിനു സമർപ്പിച്ച് സന്തോഷത്തോടെ പാട്ടുപാടി.
“തും പാസ് ആയേ...
യൂം മുസ്കുരായേ...
തുംനെ നജാനേ ക്യാ സപ്‌നേ ദിഖായേ..
അബ് തോ മേരാ ദിൽ ജാഗേ ന സോതാ ഹേ...
ക്യാ കരൂം ഹായേ...
കുച്ഛ് കുച്ഛ് ഹോതാ ഹേ....”
Labels: ജീവിതം
14 Comments:
നല്ല കുടുംബം...
പോസ്റ്റ് ഇഷ്ടായി...
ഹ ഹ. കൊള്ളാം ഇഷ്ടായി !
“ഞാൻ കേട്ടു. നിന്നെ മിന്നലടിച്ചൂന്നല്ലേ പറഞ്ഞത്. അതിവിടെയെങ്ങാൻ ചത്തുകിടപ്പുണ്ടോന്ന് നോക്കിയതാ.”
അത് കലക്കി .
ഇനിയും എഴുതുക
അപ്പോള്‍ ഇതിനാണോ ഈ മിന്നല്‍ കൊടി, മിന്നല്‍ കൊടി എന്ന് പറയുന്നത് . എന്തായാലും മരണം തെറ്റായ നമ്പര്‍ വിളിച്ചത് ഭാഗ്യം. വീട്ടില്‍ ഒരു ലൈട്നിംഗ് കണ്ടക്ടര്‍ ഉണ്ടായിരുന്നു എങ്കില്‍ സ്വന്തം തടി രക്ഷപ്പെടുത്താമായിരുന്നു.
ഇപ്പരിപാടി ഏതായാലും ഇഷ്ടപ്പെട്ടില്ല.
ഇടിവെട്ടുള്ള നേരം ഫോൺ ഉപയോഗിക്കാതിരിക്കുക. അത് ഡിസ്കണക്റ്റ് ചെയ്തിടുന്നതു തന്നെ നല്ലത്.
പ്രതിഷേധിച്ച് ബാക്കി തമാശകളും കണ്ടില്ലെന്നു നടിക്കുന്നു :)
ഒരു ദുബായിക്കാരാ :) ഇങ്ങനെയല്ലേ കുടുംബം വേണ്ടത്?
വെറുതെ...വെറും വെറുതെ :) പാവം ഞാൻ.
കിനാവള്ളി :) ഒക്കെ ദൈവത്തിന്റെ കൈയിൽ അല്ലേ!
പണിക്കർ ജീ :) അപ്പോ ഇടിയും മിന്നലും ഒക്കെ പോയിരുന്നു. ഇതു പെട്ടെന്നു വന്നതാ. എന്നെ പറ്റിയ്ക്കാൻ.
മിന്നലടിച്ച എന്നെ കാണാനെത്തിയ നാലുപേർക്കും നന്ദി.
ഹ ഹ ഹെഡിംഗ് കണ്ടപ്പോ ഞാന്‍ കരുതി ചേച്ചിക്ക് ലോട്ടരിയടിച്ചെന്നു
എന്നാലും എന്റെ സൂവേച്ചീ, പാവം മിന്നല്‍ ....അതിനൊന്നും പറ്റിയില്ലാല്ലോ...ഹാവൂ..സമാധാനമായി... :)
ശ്ശൊ..തെറ്റി പോയതാ...പാവം സൂവേച്ചിയ്ക്കു ഒന്നും പറ്റിയില്ലാല്ലോ. :):)
വല്യമ്മായീ :) പോസ്റ്റിൽ ഒന്നുമില്ലെങ്കിലും ഹെഡിംഗ് നന്നാവണം എന്നല്ലേ? ലോട്ടറിയടിച്ചാൽ, അടിച്ചു മോളേ വീണ്ടും എന്നിടാം. ഹിഹിഹി.
ദിയ :) അതെയതെ. പാവം മിന്നൽ.
രണ്ടാൾക്കും സ്നേഹം.
സസ്നേഹം :)
അലര്‍ച്ച കേട്ട് മിന്നല്‍ കൂടി പേടിച്ചു എന്നെഴുതിയില്ലല്ലോ .. സമാധാനം
പോസ്റ്റും തമാശയും ഇഷ്ടായി.
athu kalakki chechee...
bhagyam .. onnum pattellallo
കണക്കൂർ :)
ജെസ്സ് :)
അതെ പറയാന്‍ പറ്റില്ല ....ഒരു ബള്‍ബും വയറുമൊക്കെ എടുത്തിട്ടേ ....ഒന്ന് പിടിച്ചു നോക്കിക്കേ ...ബള്‍ബു കത്തുന്നുണ്ടോന്നു... മിന്നല്‍ അടിച്ചപ്പോള്‍ "സു " ചേച്ചി "കരണ്ട് മനുഷ്യി " ആയോന്ന് നോക്കിക്കേ .... :-) like spider man....:-)
Motham comedy aanallo ..
Post a Comment
Subscribe to Post Comments [Atom]
<< Home