ഡാം999
ഡാം 999 എന്ന സിനിമ ഒരു ഡാം പൊളിയുന്നതിനെ ചുറ്റിപ്പറ്റിയുള്ള കഥയാണ്. ഫ്രെഡി എന്നൊരു നാവികൻ, ഡാം 999 എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കുമ്പോഴാണ് കഥ തുടങ്ങുന്നത്. പിന്നെ വിനയ് എന്നയാളുമായിട്ടുള്ള സൌഹൃദവും ഫ്രെഡിയുടെ പ്രണയവും ഒക്കെ കഥയിൽ വരുന്നു. ഫ്ലാഷ് ബാക്കിലേക്കു പോകുമ്പോൾ, ഭാര്യയെക്കൂട്ടാതെ മകനേയും കൂട്ടി (സാം എന്ന് മകന്റെ പേര്) ഫ്രെഡിയുടേയും ഭാര്യയുടേയും അടുത്ത് എത്തുന്നു വിനയ്. പിന്നെ വിനയ് മകനേയും കൂട്ടി ഡാം ഉള്ള നാട്ടിൽ, തന്റെ അച്ഛന്റെ അടുത്ത് എത്തുന്നു. അദ്ദേഹം ആയുർവേദവിദഗ്ദ്ധനാണ്. ജ്യോതിഷിയുമാണ്. ആ വീട്ടിൽ മീരയുണ്ട്. ഡാം ചോർന്നിട്ട് വെള്ളപ്പൊക്കമുണ്ടായപ്പോൾ, അവൾക്ക് വീട്ടുകാരെയൊക്കെ നഷ്ടപ്പെടുന്നു. അങ്ങനെയാണ് വിനയിന്റെ വീട്ടിൽ അവൾ എത്തുന്നത്. കുട്ടിക്കാലത്താണ് അവിടെ അവൾ എത്തുന്നത്. അവിടെ വളർന്നു വലുതാകുന്നു. വിനയ്‌യും മീരയും പരസ്പരം ഇഷ്ടപ്പെടുന്നു. പക്ഷേ, അവർക്കു മുന്നിൽ ഒരുപാട് ദുശ്ശകുനങ്ങളുണ്ട്. അങ്ങനെ വിനയ് പോയി ഒരു വിദേശിവനിതയെ വിവാഹം കഴിക്കുന്നു. വിനയ് വിചാരിക്കുന്നത്, മീരയുടെ കല്യാണം നടന്നെന്നാണ്. പക്ഷെ അതു സംഭവിക്കുന്നില്ല. സാമിനു പ്രമേഹം ആണ്. ചികിത്സ, വിനയ്‌ന്റെ അച്ഛനും വൈദ്യം പഠിച്ചുമനസ്സിലാക്കിയിട്ടുള്ള മീരയും ഏറ്റെടുക്കുന്നു. അങ്ങനെ പോകുന്നു അവരുടെ കഥ.
ഫ്രെഡിയുടെ പിതാവ്, (അദ്ദേഹം ആ നാട്ടിലെ മേയർ ആണ്.) പഴയ ഡാമിനു പകരം പുതിയ ഡാം നിർമ്മിക്കാൻ തയ്യാറെടുക്കുന്നു. പക്ഷെ, ജനങ്ങൾ പ്രതിഷേധിച്ചതിനാൽ അതു നടക്കുന്നില്ല. അദ്ദേഹം ആത്മഹത്യ ചെയ്യുന്നു. അദ്ദേഹത്തിന്റെ മകളുടെ ഭർത്താവ് പുതിയ മേയർ ആവുന്നു. ഫ്രെഡിയുടെ പിതാവിനെ ആരോ കൊന്നതാണ് എന്നുവരുത്തിത്തീർക്കുന്നുണ്ട് അയാൾ. ജനങ്ങളുടെ സഹതാപം നേടാൻ. അയാളുടെ ഭാര്യയെ (ഫ്രെഡിയുടെ സഹോദരിയെ), അയാൾ ജനങ്ങളോട് ഇടപഴകാനും സത്യം പറയാനും സമ്മതിക്കുന്നില്ല. തട്ടിക്കൂട്ടിയ പുതിയ ഡാമിന്റെ ഉദ്ഘാടനത്തിന്റെ ഒരുക്കങ്ങളുമായി അയാൾ നടക്കുന്നു. ഡാമിന്റെ ചോർച്ചയെപ്പറ്റി അറിയിക്കുന്നുണ്ടെങ്കിലും ഉദ്ഘാടനം കഴിഞ്ഞിട്ടേ ജനങ്ങളൊക്കെ അറിയാൻ പാടുള്ളൂ എന്ന് അയാൾ പറയുന്നു. വിനയ്‌ന്റെ ഭാര്യ ആ നാട്ടിലേക്കു വരുകയും, മേയറുമായി അഭിമുഖത്തിനു പോവുകയും, മേയറുടെ ഭാര്യയെ, ഫ്രെഡിയുടെ സഹോദരിയെ, അവിടെനിന്ന് രക്ഷപെടുത്താൻ ഏർപ്പാടു ചെയ്യുകയും ചെയ്യുന്നു.
ഫ്രെഡിയും ഭാര്യയും വിനയ്ന്റെ വീട്ടിൽ എത്തിയിട്ടുണ്ട്. അവരൊക്കെക്കൂടെ ഫ്രെഡിയുടെ സഹോദരിയെ രക്ഷപ്പെടുത്തി വിനയ്ന്റെ വീട്ടിൽ ഒളിപ്പിച്ചുതാമസിപ്പിക്കുന്നു. ഡാമിന്റെ ചോർച്ചയെക്കുറിച്ച്, അവൾ പറയുന്നത് ഷൂട്ടു ചെയ്ത് ലോക്കൽ ചാനലുകൾ വഴി ജനങ്ങളെ അറിയിക്കുന്നു. ജനങ്ങളൊക്കെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറാൻ തയ്യാറെടുക്കുന്നു. അപ്പോഴേക്കും മേയർ വിവരം അറിഞ്ഞ് ചാനലിന്റെ ഓഫീസിൽ ആളെ വിട്ട് എല്ലാം തല്ലിത്തകർക്കുന്നു.
അവസാനം കുറച്ചുപേർ ചേർന്ന് ജനങ്ങൾ രക്ഷപ്പെടുത്താൻ ഒരു ശ്രമം നടത്തുന്നു. അതും അതുകഴിഞ്ഞും കുറച്ചു കഥ. അതാണ് ഈ സിനിമ.
സിനിമ എനിക്കിഷ്ടമായി. പക്ഷേ, ഒരുപാടു പേർ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത്, ഡാം നിൽക്കുന്നിടത്ത് ഇത്ര ജനങ്ങളുടെ ജീവിതംവെച്ചു മാത്രം ഒരു കഥയുണ്ടാക്കിയാൽ മതിയോന്നൊരു സംശയം. ഇതു ഡാമും, അതിന്റെ കഥയും ഒന്നും അല്ലാത്തൊരു കഥയായിപ്പോയോന്നൊരു സംശയം. ഇനി എങ്ങനെ വേണംന്നു ചോദിച്ചാൽ....... വേറെ ആരെങ്കിലും ഒരു സിനിമേം കൂടെ ഡാമിനെക്കുറിച്ച് എടുത്താലേ പറയാൻ പറ്റൂ. ജ്യോതിഷത്തെക്കുറിച്ചും ആയുർവേദത്തെക്കുറിച്ചും നല്ല കാഴ്ചപ്പാടിലാണ് ഈ സിനിമ പറയുന്നത്. വിനയ്‌യുമായി അടുക്കാൻ ശ്രമിക്കുമ്പോഴൊക്കെ എന്തെങ്കിലും കുഴപ്പം ഉണ്ടാവുന്നുവെന്ന് മീരയ്ക്ക് തോന്നുന്നുണ്ട്. ആ തോന്നലുകളൊക്കെ ശരിയാണെന്ന് പ്രേക്ഷകർക്കും തോന്നുന്നു. അവസാന കുറച്ചു രംഗങ്ങൾ കണ്ടിട്ടു എനിക്കു ടെൻഷൻ ആയി.
രജിത് കപൂർ, വിമല രാമൻ, ഊർമ്മിള ഉണ്ണി, ആഷിഷ് വിദ്യാർത്ഥി എന്നിങ്ങനെ എനിക്കു സിനിമയിൽ കണ്ടു പരിചയമുള്ള മുഖങ്ങൾ ഉണ്ട്. പിന്നെ പാട്ടുകളൊക്കെ ഉണ്ട് ഇതിൽ. കുറച്ചു മലയാളവും ഉണ്ട്.
സംവിധാനം - സോഹൻ റോയ്.
ഈ സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ!
ഞാൻ കണ്ടുമനസ്സിലാക്കിയതൊക്കെ എഴുതിവെച്ചതാണ്. ഈ എഴുതിയതൊന്നും നിങ്ങൾക്കു മനസ്സിലായില്ലെങ്കിലും ഈ ചിത്രം കാണാത്തവർ കാണുന്നതിൽ കുഴപ്പമൊന്നുമില്ല. എല്ലാരും കണ്ടോ? ഞാൻ കണ്ടെഴുതാൻ ലേശം വൈകിപ്പോയി അല്ലേ?
3-ഡി കണ്ണടയും കിട്ടി. അതും വെച്ചു ഞങ്ങൾ കുറച്ചു ഗ്ലാമറോടെ വീട്ടിലിരുന്നു സിനിമ കണ്ടു. ഇനി വെയിലത്തു പുറത്തിറങ്ങുമ്പോൾ ഞാൻ ആ കണ്ണട വയ്ക്കും. ;)
കടപ്പാട് - റിലയൻസ്, സോഹൻ റോയ്, ഡാം 999 എന്ന സിനിമ, ബിസ് ടിവി നെറ്റ്വർക്ക്.
Labels: സിനിമ
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home