കുട്ടികൾക്കു വായിക്കാനുള്ള പുസ്തകങ്ങൾ
ചിലർക്ക് അവധിക്കാലം തുടങ്ങി. ചിലർക്ക് അവധിക്കാലം വരുന്നു. അവധിക്കാലത്ത്, കളിക്കിടയിൽ അല്പം വായനയുംവേണ്ടേ? വായിക്കണമെന്നുണ്ടെങ്കിൽ ഈ പുസ്തകങ്ങളൊക്കെ നോക്കൂ. അച്ഛനമ്മമാർ നോക്കിയിട്ട് കുട്ടികൾക്ക് വാങ്ങിക്കൊടുക്കൂ, വായിച്ചുകൊടുക്കൂ.
കുട്ടിക്കഥകളും ചിത്രങ്ങളും - വി. സുത്യേയെവ് - വിവർത്തനം ചെയ്തിരിക്കുന്നത് - ആയിഷ (അയിഷ). 250 രൂപ.
ഈ പുസ്തകത്തിലുള്ളത്, കോഴിക്കുഞ്ഞും താറാക്കുഞ്ഞും, മൂന്നു പൂച്ചക്കുട്ടികൾ, കൂണിന്റെ അടിയിൽ, ആരു പറഞ്ഞു മ്യാവൂ?, പല വലിപ്പത്തിലുള്ള ചക്രങ്ങൾ, തോണി, സൂത്രവടി, ആപ്പിൾപ്പഴം, ചുണ്ടെലിയും പെൻസിലും, പൂവൻകോഴിയും ചായങ്ങളും, ദുശ്ശീലമുള്ള പൂച്ചകൾ, ഫർ മരം, ഇതെന്തൊരു പക്ഷി?, എന്നീ കഥകളാണ്. വായിക്കാൻ നല്ല കുട്ടിക്കഥകൾ, കാണാനോ? ഭംഗിയുള്ള ചിത്രങ്ങളും.
കോഴിക്കുഞ്ഞും താറാക്കുഞ്ഞും, ഒരേ സമയത്തു മുട്ട വിരിഞ്ഞു പുറത്തുവരുന്ന കോഴിക്കുഞ്ഞിന്റേയും താറാക്കുഞ്ഞിന്റേയും കഥയാണ്. കോഴിക്കുഞ്ഞിനു താറാക്കുഞ്ഞു ചെയ്യുന്നതൊക്കെ ചെയ്യണം. കഥയുടെ അവസാനം ഇങ്ങനെയാണ് :-
“ഞാൻ നീന്താൻ പോകുകയാണ്” താറാക്കുഞ്ഞു പറഞ്ഞു.
“ഞാനും” കോഴിക്കുഞ്ഞു പറഞ്ഞു.
“നോക്ക്, ഞാൻ നീന്തുകയാണ്” താറാക്കുഞ്ഞു പറഞ്ഞു.
“ഞാനും” കോഴിക്കുഞ്ഞ് ഉറക്കെപ്പറഞ്ഞു. കഥ ഇങ്ങനെയൊക്കെ പോകുന്നു.
എന്നിട്ടെന്തായി? കോഴിക്കുഞ്ഞിനു നീന്താൻ അറിയില്ല. താറാക്കുഞ്ഞ്, കോഴിക്കുഞ്ഞിനെ വെള്ളത്തിൽ നിന്നും പിടിച്ചുകയറ്റി.
ഞാൻ ഇനിയും നീന്താൻ പോവുകയാണ് എന്നു താറാക്കുഞ്ഞു പറഞ്ഞപ്പോൾ, ഞാനില്ല എന്നു കോഴിക്കുഞ്ഞു പറയുന്നിടത്ത് കഥ തീരുന്നു.
ഈ പുസ്തകത്തിലെ ചിത്രങ്ങൾ നോക്കിയാൽത്തന്നെ കഥ ഏകദേശം പിടികിട്ടും. ഈ പുസ്തകം കുട്ടികൾക്കും വല്യവർക്കും ഒരുപോലെ ഇഷ്ടപ്പെടും.
മിഠായിപ്പൊതി - സുമംഗല - ഡി. സി. ബുക്ക്സ് - വില 160 രൂപ.
മിഠായിപ്പൊതി ശരിക്കും ഒരു മിഠായിപ്പൊതി തന്നെയാണ്. പൊതി തുറന്നുനോക്കിയാൽ നല്ല മിഠായികൾ കിട്ടും. വായിക്കാൻ നല്ല നല്ല കഥകളും, കാണാൻ നല്ല ചിത്രങ്ങളും. ഈ മിഠായിപ്പൊതി തുറന്നാൽ കിട്ടുന്ന മിഠായികളേതൊക്കെയാണെന്നറിയേണ്ടേ?
വിരുന്നുകാരൻ, കറുമ്പൻ കാക്ക, സർക്കസ്സുകാരൻ, പൂവാലന്റെ വയറ്റിൽ വേദന, മദമിളകിയ ആന, കുഴിമടിയൻ, മുള്ളൻപന്നിയുടെ സ്വപ്നം, ദീർഘാപാംഗൻ, മൃഗങ്ങളുടെ ഗ്രാമം, കരടിയുടെ നല്ല കാലം, കൂനൻ കുട്ടി, കുട്ടനും പിശാചുക്കളും, എന്നിവയൊക്കെയുണ്ട്. പിന്നെയും പത്തുപതിനാറു കഥകളും ഉണ്ട്.
അപ്പമരം എന്നൊരു കഥയുണ്ട്. അതു വായിച്ചാലോ? അപ്പമരം ഉണ്ടാവാൻ അപ്പം നട്ട ഉണ്ണിയെക്കുറിച്ച് അറിയാം. ഉണ്ണിക്ക് ഒരു അപ്പം കിട്ടുന്നു. ഉണ്ണിയപ്പോ വിചാരിക്കും ഈ അപ്പം നട്ടാൽ അപ്പമരം ഉണ്ടാവും, പിന്നെ അപ്പം തിന്നാൻ വിഷമമില്ല, എന്നും അപ്പം തിന്നാമെന്ന്. ഉണ്ണി, അപ്പം കുഴിച്ചിടുന്നു. നട്ടുനനച്ചിട്ട് അപ്പം മുളച്ചില്ലെങ്കിലോയെന്നു കരുതി, ഉണ്ണി, അച്ഛന്റെ മുറുക്കാൻ ചെല്ലത്തിൽനിന്ന് കത്തിയെടുത്തുകൊണ്ടുവന്ന്, അപ്പം കുഴിച്ചിട്ടിടത്തുവന്നു ഭീഷണിപ്പെടുത്തുന്നു. “നാളേക്കീ അപ്പം മുളച്ചില്ലെങ്കിൽ, അച്ഛന്റെ കൊങ്ങണംകത്തികൊണ്ടൊന്നുരണ്ടൊന്നുരണ്ട്” എന്ന്. മരം വലുതാവാനും, കായ ഉണ്ടാവാനും, അതു പഴുക്കാനും ഒക്കെ ഉണ്ണി ഇങ്ങനെ ഭീഷണിപ്പെടുത്തും. മരം വലുതായീ, കായ വന്നൂ, അതു പഴുത്തു നല്ല പഴമായി. ഉണ്ണി, ഒറ്റയ്ക്കൊന്നും തിന്നില്ല, എല്ലാവർക്കും കൊടുത്തു. അപ്പഴാണ് ഒരു രാക്ഷസി ചാക്കും കൊണ്ടു വരുന്നത്. അപ്പം കൊടുക്കാൻ ഉണ്ണിക്കു സമ്മതം. പക്ഷേ, രാക്ഷസി ഉണ്ണിയെപ്പിടിച്ചു ചാക്കിലാക്കി കൊണ്ടുപോകുന്നു. അവിടെനിന്നും ഉണ്ണി രക്ഷപ്പെടുന്നു. വീണ്ടും പിടിച്ചുകൊണ്ടുപോകുന്നു. രാക്ഷസിയുടെ മകളെത്തന്നെ കൊന്ന് രാക്ഷസിക്കു കൊടുക്കും, ഉണ്ണി. അവിടെനിന്നു രക്ഷപ്പെട്ട് ഓടിയ ഉണ്ണി, കിണറ്റിൽ വീണൂന്നു കരുതി രാക്ഷസിയും കിണറ്റിൽ ചാടുന്നു. അങ്ങനെയാണു കഥ.
കുഞ്ഞിക്കൂനൻ - പി. നരേന്ദ്രനാഥ്. - ഡി. സി. ബുക്ക്സ് - വില 35 രൂപ.
കുഞ്ഞിക്കൂനന്റെ കഥയാണ് ഇത്. കുട്ടി ജനിച്ചപ്പോൾ പുറത്ത് ഒരു കൂനുണ്ടായിരുന്നതുകൊണ്ട്, എല്ലാവരും ആ കുട്ടിയെ കുഞ്ഞിക്കൂനൻ എന്നു വിളിച്ചു. കുഞ്ഞിക്കൂനന്റെ അമ്മ, കുഞ്ഞിക്കൂനൻ ജനിച്ച് അല്പദിവസങ്ങൾക്കുള്ളിൽ മരിച്ചുപോകുന്നു. കുഞ്ഞിക്കൂനന്റെ നക്ഷത്രം ശരിയല്ലാഞ്ഞതുകൊണ്ടാണ് അമ്മ മരിച്ചുപോയതെന്ന് കുഞ്ഞിക്കൂനന്റെ അച്ഛൻ കരുതുന്നു. അതുകൊണ്ടു കുഞ്ഞിക്കൂനനോടു ദേഷ്യമാണയാൾക്ക്. അവന്റെ അച്ഛനോടു സമ്മതം വാങ്ങിയിട്ട്, കുഞ്ഞിക്കൂനനെ, അടുത്ത ഗ്രാമത്തിലെ എഴുത്താശാൻ, വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു. അവിടെ, ആശാൻ പഠിപ്പിക്കുന്ന കുഞ്ഞുങ്ങളോടൊപ്പം കുഞ്ഞിക്കൂനനും പഠിക്കുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോൾ എഴുത്താശാൻ മരിക്കുന്നു. പിശാചായി നടിച്ച്, ആ ഗ്രാമത്തിലെ ആളുകളെപ്പറ്റിക്കുന്ന മന്ത്രവാദിയുടെ തട്ടിപ്പ് കുഞ്ഞിക്കൂനൻ കണ്ടുപിടിച്ച്, മന്ത്രവാദിക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നു. പകരം വീട്ടാൻ, മന്ത്രവാദി, കുഞ്ഞിക്കൂനന്റെ വീടു കത്തിച്ചുകളയുന്നു. സങ്കടത്തിൽ, കുഞ്ഞിക്കൂനൻ, നാടുവിട്ടു യാത്ര തുടങ്ങുന്നു.
ആ യാത്രയിൽ, കുഞ്ഞിക്കൂനൻ, കൊള്ളക്കാരുടെ കൈയിൽപ്പെടുന്നു. അവിടെനിന്നു രക്ഷപ്പെട്ടിട്ട് എത്തുന്നത് മുക്കുവരുടെ അടുത്താണ്. അവിടെ ജീവിക്കാൻ തുടങ്ങുന്നു. അപ്പോഴാണ്, തലസ്ഥാനനഗരിയിൽ കള്ളന്മാരുടേയും കൊള്ളക്കാരുടേയും ശല്യം വർദ്ധിക്കുന്നത്. കള്ളന്മാരെ പിടിച്ചുകൊടുത്താൽ, മന്ത്രിസ്ഥാനവും, സമ്മാനങ്ങളും നൽകാമെന്ന് ജനങ്ങളോടു രാജാവ് പറയുന്നു. അപ്പോൾത്തന്നെയാണ് രാജാവിന്റെ മകന് പനിയുണ്ടാവുന്നത്. മാറാതെ പനി കൂടിക്കൂടിവന്നു. വൈദ്യൻ പറയും, മൃതസഞ്ജീവനിച്ചെടിയുടെ ഇല കിട്ടിയാൽ മാത്രമേ ഇനി
രാജകുമാരനെ രക്ഷിക്കാൻ പറ്റൂ എന്ന്. കുഞ്ഞിക്കൂനന് മൃതസഞ്ജീവനിച്ചെടി അറിയാം, കൊള്ളക്കാർ എവിടെയാണുള്ളതെന്നും അറിയാം. കൊള്ളക്കാരെ പിടിക്കാൻ സഹായിക്കുകയും, മൃതസഞ്ജീവനിച്ചെടി കിട്ടാൻ സഹായിക്കുകയും ചെയ്തതുകൊണ്ട് രാജാവ് സന്തോഷിച്ച്, കുഞ്ഞിക്കൂനനെ മന്ത്രിയാക്കാൻ പുറപ്പെടുന്നു. ഇതൊക്കെയാണ് കുഞ്ഞിക്കൂനന്റെ കഥ. പതിമൂന്ന് അദ്ധ്യായങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.
കഥ കുറേ വായിച്ചുകഴിഞ്ഞെങ്കിൽ, ഇനി കവിതകളാവാം. കുട്ടികൾക്കു പഠിച്ചു പാടി നടക്കാം.
പന്തളം കേരളവർമ്മയുടെ ബാലകവിതകൾ - മാതൃഭൂമി ബുക്ക്സ് - വില 35 രൂപ.
പന്തളം കേരളവർമ്മ എഴുതിയ ഈ കവിതകൾ, ഈ പുസ്തകത്തിൽ രണ്ടു ഭാഗങ്ങളിലായിട്ടാണുള്ളത്. ഒന്നാം ഭാഗത്തിൽ ബാലകവിതകളും, ഭാഗം രണ്ടിൽ സന്മാർഗ്ഗമാലയുമാണ്.
ബാലകവിതകളിൽ, ദൈവമേ കൈതൊഴാം, കളിക്കുട്ടി, മാസങ്ങൾ, കളിയും കാര്യവും, നേരം വെളുത്തു, തത്തമ്മയും പെൺകുട്ടിയും, മഴത്തുള്ളികൾ, ഒരു കൊച്ചുകുട്ടി, താമര, പ്രാർഥന എന്നിങ്ങനെയൊക്കെയായിട്ട് മുപ്പത്തേഴ് കവിതകൾ ഉണ്ട്.
കളിക്കുട്ടി എന്ന കവിത (കുറച്ചുഭാഗം) ഇങ്ങനെയാണ്:-
‘പൈങ്കിളിയേ, പൈങ്കിളിയേ!
കളിയാടീടാൻ വരുമോ നീ”
“പാടില്ലാ, ചുള്ളികളാൽ
കൂടുചമയ്ക്കാൻ പോകുന്നു.”
‘വണ്ടത്താനേ വണ്ടത്താനേ
കളിയാടീടാൻ വരുമോ നീ
പാടില്ലാ, പൂക്കളിലെ-
ത്തേൻ നുകരാൻ പോകുന്നു.’
കുട്ടിക്കന്നേ! കുട്ടിക്കന്നേ!
കളിയാടീടാൻ വരുമോ നീ
പാടില്ലാ, കാടുകളിൽ
മേയാനായ്പ്പോകുന്നു.”
ആന എന്ന കവിതയിൽ നിന്നു കുറച്ചു ഭാഗം :-
വട്ടമേറും മുറം പോലെ കാതു;നൽ-
ച്ചട്ടിപോലെ പരന്നുള്ള കാലുകൾ
മുട്ടനാകും കുമള പതിച്ചിടും
മട്ടിൽ മൂന്നുമുഴകളാനെറ്റിയിൽ
നീണ്ടുരുണ്ടുള്ള തുമ്പിക്കരത്തിന്റെ
രണ്ടുഭാഗത്തും വമ്പിച്ചകൊമ്പുകൾ
അമ്പിലീമട്ടിൽ വാഴുന്ന വമ്പനാം
കൊമ്പനാനയെക്കാണുവിൻ കൂട്ടരേ!
രണ്ടാം ഭാഗം സന്മാർഗമാലയിൽ, ദൈവഭക്തി, പിതൃഭക്തി, സത്യം, പരോപകാരം, വിദ്യ, വിവേകം, സൌശീല്യം, കൃതജ്ഞത, ഐകമത്യം, വിനയം, സദാചാരം, ശുചിത്വം, ഉത്സാഹം, പൌരുഷം എന്നിങ്ങനെ പതിനാലു കവിതകളാണുള്ളത്.
ഉത്സാഹം എന്ന കവിത (കുറച്ചുഭാഗം മാത്രം).
മേരുവിലെന്തു കടപ്പാൻ വിഷമം
വാരിധികൂടെത്തരണം ചെയ്യാം
പാരിലസാധ്യമതായിട്ടൊന്നും
നേരൊടുമുത്സാഹിപ്പവനില്ല.
സത്യം എന്ന കവിത (കുറച്ചുഭാഗം മാത്രം).
മർത്ത്യരിൽ പ്രിയമണച്ചിടുന്ന സൽ-
ക്കൃത്യമുണ്ടുപലതെന്നിരിക്കിലും
നിത്യവും കുശലമേകിടുന്നതാം
സത്യമാണു സകലത്തിലും വരം
വിത്തമല്ല, കുലമല്ല, കാന്തിയോ-
ടൊത്ത രൂപഗുണമല്ല പാരിതിൽ
സത്തുക്കൾക്കു വിജയത്തെ നേടുവാൻ
സത്യമാണു വലുതായ സാധനം.
മഹാകവികളുടെ കുട്ടിക്കവിതകൾ - ഡി. സി. ബുക്ക്സ് - വില 40 രൂപ.
ഈ പുസ്തകത്തിൽ എഴുത്തച്ഛൻ, വള്ളത്തോൾ, കുമാരനാശാൻ, ശങ്കരക്കുറുപ്പ്, വൈലോപ്പിള്ളി, പി. കുഞ്ഞിരാമൻ നായർ, കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള, എൻ. എൻ. കക്കാട്, കവിതിലകൻ കെ. പി കറുപ്പൻ, ഇടശ്ശേരി ഗോവിന്ദൻ നായർ, വയലാർ രാമവർമ്മ, വെണ്മണി മഹൻ നമ്പൂതിരിപ്പാട്, പള്ളത്ത് രാമൻ, ഉള്ളൂർ, കുഞ്ചൻ നമ്പ്യാർ, കെ. സി. കേശവപ്പിള്ള, വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, പന്തളം കേരളവർമ്മ, രാമപുരത്തുവാര്യർ, കുട്ടമത്ത് കുന്നിയൂരു കുഞ്ഞികൃഷ്ണക്കുറുപ്പ്, ഇടപ്പള്ളി രാഘവൻ പിള്ള, ഇരയിമ്മൻ തമ്പി, സിസ്റ്റർ മേരി ബനീഞ്ജ മുതലായ കവികളുടെയൊക്കെ ബാലകവിതകളാണുള്ളത്. ചിലരുടെ ഒന്നിലധികം കവിതകൾ ഉണ്ട്. നാല്പത്തൊന്നു കവിതകൾ ഉണ്ട് ഈ പുസ്തകത്തിൽ. കവികളെക്കുറിച്ചുള്ള വിവരങ്ങളും
നൽകിയിട്ടുണ്ട്.
മഴവില്ല് - ശങ്കരക്കുറുപ്പ്.
വാർമഴവില്ലേ വന്നാലും
വാനിൽ മടിയിലിരുന്നാലും
കൺകുളിരുന്നൂ കാണുമ്പോൾ
കരൾ നോവുന്നൂ മായുമ്പോൾ
ആരു നിനക്കീ നിറമേകീ?
ആരു നിനക്കീ നില നൽകീ?
മഴവില്ലേ നീ മായരുതേ! - വയലാർ രാമവർമ്മ
മാനത്തെത്തിയ മഴവിൽക്കൊടിയേ
മായരുതേ, നീ മായരുതേ
ഈരദപാളികൾ തോളിലുയർത്തിയ
നീലപ്പീലിക്കാവടിയേ!
ഇന്നലെ രാത്രിയിൽ വെൺതിങ്കൾക്കല
നിന്നുമയങ്ങിയ മലമുടിയിൽ,
വരളും മണ്ണിനു ദാഹം തീർക്കാൻ
വാർമഴവില്ലേ, നീ വന്നൂ!
വണ്ട് - പള്ളത്തു രാമൻ.
വരികെന്നരികേ വരിവണ്ടേ
വിരിയും പൂവിലിരിക്കേണ്ടേ!
പനിനീർപൂവിത നിൽക്കുന്നു!
പരിമളമുണ്ടു പരക്കുന്നു.
പലതരമിങ്ങനെ സൽക്കാരം
മലരിലെ മധുവാം പലഹാരം
പൂങ്കുലയിങ്കലിരുന്നിടവെ
തേൻകുടിയിങ്ങു തുടർന്നിടവേ.
ആദ്യകാല ബാലകവിതകൾ - എഡിറ്റർ ഡോ. എഴുമറ്റൂർ രാജരാജവർമ്മ - ഡി. സി. ബുക്ക്സ് - വില - 70 രൂപ.
കേരളവർമ്മ വലിയ കോയിത്തമ്പുരാൻ, വള്ളത്തോൾ, കുമാരനാശാൻ, എം. രാജരാജവർമ്മ, കുണ്ടൂർ നാരായണമേനോൻ, അഴകത്തു പത്മനാഭക്കുറുപ്പ്, ഏവൂർ എൻ. വേലുപ്പിള്ള, കെ. സി. കേശവപ്പിള്ള, മുതലായ പത്തിരുപത്തഞ്ചുപേരുടെ കവിതകളാണ് ഈ പുസ്തകത്തിലുള്ളത്. കവിതകൾ കൂടാതെ, ഓരോ കവിയെക്കുറിച്ചുമുള്ള വിവരങ്ങളും നൽകിയിട്ടുണ്ട്, ഈ പുസ്തകത്തിൽ.
കെ. സി. കേശവപ്പിള്ളയുടെ ഒരു കവിതയിൽ നിന്ന്:-
പുസ്തകങ്ങളിലഴുക്കു പറ്റിയാ-
ലത്തലേറ്റവുമെനിക്കു വന്നിടും;
പുത്തനായവ സദാ വിളങ്ങിയാ-
ലെത്തുമിങ്ങധികമായ കൌതുകം.
താറുമാറവയെറിഞ്ഞിടാതെയും
കീറിടാതെയുമൊരല്പ ഭാഗവും
സാറിനുള്ളു തെളിയുന്ന മട്ടിൽ ഞാൻ
കൂറൊടൊത്തു മുറ പോൽ പഠിച്ചിടും.
ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ എഴുതിയ കൊയ്ത്തുകാലം എന്ന കവിതയിൽ നിന്ന്. ഇതു വഞ്ചിപ്പാട്ടാണ്.
നാട്ടിൻപുറങ്ങളിലുള്ള
കുട്ടികൾക്കു നല്ലോരോണം
വിട്ടാൻ പിന്നെ ‘കൊയ്ത്തുകാലം’
വിശേഷമല്ലോ.
രണ്ടു പൂവു ‘വിരിപ്പെ’ന്നും
‘മുണ്ടക’ നെന്നുമുണ്ടതിൽ
മുണ്ടകൻ കൊയ്യുന്ന കാലം
മുഴുത്തമോദം
പുല്ലുചെത്തി മുറ്റത്തുള്ള
കല്ലും മണ്ണുമെല്ലാം നീക്കി
നല്ലപോലെ തേച്ചിടുന്നു
നെല്ലു ചിക്കുവാൻ
ഏ ആർ. രാജരാജവർമ്മയുടെ കുയിൽ എന്ന കവിതയിൽ നിന്ന്.
പ്രിയമേറുമെനിക്കു പാട്ടു കേൾക്കാൻ
കുയിലേ! പാടുകയൊന്നെനിക്കുവേണ്ടി
തെളിവോടു കളിക്ക, പുഷ്പകാലം
വെളിവായെന്നു പറഞ്ഞിടുന്നിതോ നീ?
ചൊടിയുണ്ട് നിനക്കു പാട്ടു പാടാൻ;
മടി താൻ പിന്നൊരു കൂടു തീർത്തിരിപ്പാൻ;
പിടയാളവൾ മുട്ടയിട്ടിടിടുമ്പോ-
ളടവയ്ക്കാൻ മറുപക്ഷി വേണമല്ലോ.
പന്തളം കേരളവർമ്മയുടെ കളി എന്ന കവിതയിൽനിന്ന്:-
നേരാണയ്യാ രസമിപ്പോൾ-
നേരം നാലരയായല്ലോ;
നേരേ ചേർന്നു കളിപ്പാനി-
ന്നോരോ കുട്ടികൾ കൂടുന്നു.
ഓടുന്നൂ, ചില കുട്ടികൾ നി-
ന്നാടുന്നൂ, ചിലർ തുള്ളുന്നൂ,
ചാടിച്ചിലരുടെ കാലിടറി-
ക്കൂടിത്തറമേൽ വീഴുന്നു.
ഇങ്ങനെയൊക്കെപ്പോകുന്നൂ, കുട്ടികൾക്കുള്ള പുസ്തകങ്ങളിലെ കാര്യങ്ങൾ. എല്ലാവരും വായിക്കുക.
കവിതകളും കഥകളും എഴുതിയവർക്കും, മാതൃഭൂമി ബുക്ക്സിനും, ഡി. സി. ബുക്ക്സിനും, നന്മ എന്റർപ്രൈസസിനും കടപ്പാട്.
വില, ഞാൻ വാങ്ങിയപ്പോൾ കൊടുത്ത വിലയാണ് എഴുതിയിരിക്കുന്നത്. മാറ്റമുണ്ടാവാം.
പോസ്റ്റിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക. പറയുക.
Labels: പുസ്തകങ്ങൾ, വായന
5 Comments:
പരിചയപ്പെടുത്തലിനു നന്ദി. ആദ്യ പുസ്തകം എവിടെയാ കിട്ടുക?
Good post, came here thru rehna's plus. You could hv included " KAROORINTE BALAKATHAKAL" too, if it's not out of print now.
നല്ലത്.. മിഠായിപ്പൊതി പണ്ടൊരു അവധിക്കാലത്ത് വായിച്ചിട്ടുണ്ട്, ലൈബ്രറിയില്‍ നിന്നും എടുത്ത്. ഈ അടുത്തായി സുമംഗലയുടെ പുസ്തകങ്ങള്‍ പലയിടത്തും അന്വേഷിച്ചെങ്കിലും സ്റ്റോക്ക് ഇല്ല എന്നാണ് മറുപടി കിട്ടിയത്.
അവധിക്ക് ഞാന്‍ വായിച്ചിരുന്നത് മാലിയുടെ പുസ്തകങ്ങളാണ്. രാമായണം, ഭാഗവതം ഒക്കെ അറിഞ്ഞത് മാലിയിലൂടെയാണ്. സര്‍ക്കസ്, പോരാട്ടം ജന്തുസ്ഥാന്‍ - അങ്ങനെ കുറെ പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ക മാതൃഭൂമിയുടെ പുസ്തകമേളയ്ക്ക് പോയപ്പോള്‍ മാലിയുടെ പുരാണകഥാമാലിക വാങ്ങി. നമ്മുടെ പുരാണങ്ങള്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ പറയാന്‍ മാലിക്ക് നല്ല കഴിവുണ്ടെന്നാണ് എന്റെ അനുഭവം :)
പുതിയ തലമുറക്ക് ഉപകാരപ്രദമാണീ പോസ്റ്റ്. കൂടുതൽ വായിക്കാൻ തോന്നിപ്പിക്കട്ടെ.
വല്യമ്മായീ :) അതു കോഴിക്കോട് പ്രഭാത് ബുക്ക്സിൽ നിന്നാണു വാങ്ങിയത് എന്നാണെന്റെ ഓർമ്മ. തൃശ്ശൂരോ എറണാകുളത്തോ നോക്കൂ. കിട്ടിയില്ലെങ്കിൽ ഞാൻ തരാം. കോഴിക്കോടു തന്നെ പറ്റുമെങ്കിൽ നോക്കൂ.
മൈത്രേയി :) ആ പുസ്തകം ഇവിടെയുണ്ടെന്നു തോന്നുന്നില്ല. ഇനിയും കുറേ പുസ്തകങ്ങൾ ഉണ്ട്. അത് വേറൊരു പോസ്റ്റിലാവട്ടെ എന്നുവെച്ചു. നന്ദി.
ബാലു :) ഡി. സി യിൽ നോക്കൂ. അല്ലെങ്കിൽ മാതൃഭൂമി ബുക്ക്സിൽ. കിട്ടും.
ബൈജു സുൽത്താൻ :) എല്ലാരും വായിക്കട്ടെ.
Post a Comment
Subscribe to Post Comments [Atom]
<< Home