Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, February 21, 2006

കാമുകിമാര്‍!

അയാള്‍ക്ക്‌ കുറേ കാമുകിമാരുണ്ടായിരുന്നു. പലതും അയാള്‍ നേടിയെടുത്തത്‌. പലതും കാലത്തിന്റെ ഒഴുക്കില്‍ വന്നു ചേര്‍ന്നത്‌. വിട്ടുപോകാന്‍ കൂട്ടാക്കാതെ എല്ലാവരും അയാളുടെ കൂടെ വാസമുറപ്പിച്ചു. ഒഴിവാക്കാന്‍ അയാളും ആഗ്രഹിച്ചില്ല.

ജോലി സംബന്ധമായുള്ള ദൂരയാത്ര കഴിഞ്ഞ്‌ വരുന്ന ഒരു രാത്രിയില്‍ ആണ് റോഡില്‍ രക്തത്തില്‍ കുളിച്ച്‌ കിടന്നിരുന്ന ഒരാളെ അയാള്‍ കണ്ടത്‌. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും കണ്ടില്ലെന്നു നടിച്ച്‌ കടന്നുപോവുന്ന അയാള്‍ പതിവിനു വിപരീതമായി ഡ്രൈവറോട്‌ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. അന്നയാള്‍ രക്ഷിച്ച അജ്ഞാതന്‍ ആണ് അയാളുടെ ഒരു കാമുകിയെ അകറ്റാന്‍ കാരണമായത്‌.

ഒരു ബന്ദ്‌ ദിവസം നെഞ്ഞുവേദന അനുഭവപ്പെട്ട അയാളെ ഉടനടി ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ ശ്രമിച്ച വീട്ടുകാരോടൊപ്പം വാഹനക്കുരുക്കിനിടയില്‍പ്പെട്ട്‌ മരണത്തിനും ജീവിതത്തിനും ഇടയില്‍ കിടന്ന് അമ്മാനമാടുമ്പോള്‍, താന്‍ ഇത്രയേ ഉള്ളൂ എന്ന് ചിന്തിച്ച സമയത്താണ് രണ്ടാമത്തെ കാമുകി അയാളെ വിട്ടുപിരിഞ്ഞത്‌.

അയാളുടെ വീട്ടുകാരുടെ സഹായം കൊണ്ട്‌ ജീവിക്കുന്നു എന്ന് അയാള്‍ വിചാരിച്ചിരുന്ന നാട്ടുകാരന്‍ ഏറ്റവും നല്ല ബിസിനസുകാരനുള്ള അവാര്‍ഡ്‌ സ്വീകരിക്കുന്ന ഫോട്ടോ കണ്ടപ്പോള്‍ അടുത്ത കാമുകിയും വിട ചൊല്ലി.

ഒരുപാട്‌ കാലം മുന്‍പേ വഴക്കടിച്ച്‌ പിരിഞ്ഞിരുന്ന അയാളുടെ സുഹൃത്തിനെ പോയിക്കണ്ട്‌ മാപ്പ്‌ ചോദിച്ച്‌ കൂട്ടുകൂടിയപ്പോഴാണ് അടുത്ത കാമുകി വിട പറഞ്ഞത്‌.

കാമുകിമാര്‍ ഓരോന്നായി വിട ചൊല്ലിയപ്പോള്‍ അയാള്‍ക്ക്‌ ആശ്വാസമാണ് തോന്നിയത്‌. കാരണം, സ്വാര്‍ത്ഥത, അഹംഭാവം, പരിഹാസം, മുന്‍‌കോപം എന്നിവയായിരുന്നു അയാളുടെ കാമുകിമാര്‍!

13 Comments:

Anonymous Anonymous said...

എന്നാലിനി സത്‌സ്വഭാവം എന്ന കാമുകിയെ അയാളങ്ങു കല്യണം കഴിക്കട്ടെ, എന്നിട്ടു കാരുണ്യം , ദയ എന്ന രണ്‌ടു കുട്ടികളും. നന്നായി ഇത്‌..

ബിന്ദു.

Tue Feb 21, 08:54:00 pm IST  
Blogger Santhosh said...

കാമുകിമാരെ അകറ്റാന്‍ അപ്പൊ ഇതൊക്കെയാണ് വഴി അല്ലേ?

സസ്നേഹം,
സന്തോഷ്

Wed Feb 22, 02:30:00 am IST  
Blogger Navaneeth said...

അപ്പോള്‍ എഴുതിയതു ക്ലിന്റണേക്കുറിച്ചല്ല. അതു തീര്‍ച്ച:)

Wed Feb 22, 05:49:00 am IST  
Blogger സൂഫി said...

ദേ ശൂ പിന്നേം പിലൊസഫി...
:)

Wed Feb 22, 01:31:00 pm IST  
Blogger Kalesh Kumar said...

ഫിലോ “സു” ഫി !

Wed Feb 22, 05:09:00 pm IST  
Blogger Unknown said...

----------------------------------
സ്വാര്‍ത്ഥത, അഹംഭാവം, പരിഹാസം, മുന്‍‌കോപം എന്നിവയായിരുന്നു അയാളുടെ കാമുകിമാര്‍!
----------------------------------

ഇതെല്ലാം പെണ്‍‌വര്‍ഗമാണെന്ന് സമ്മതിച്ചല്ലോ... ഭാഗ്യം!

Thu Feb 23, 06:38:00 am IST  
Blogger Santhosh said...

യാത്രാമൊഴീ,

അവറ്റയൊക്കെ പെണ്‍ വര്‍ഗമാണെന്നു സമ്മതിച്ചാലും, ഇങ്ങനെ നാലഞ്ചുകാമുകിമാരുമായി വിലസുന്ന സദാചാരഹീനന്മാരാണ് ആണ്‍ വര്‍ഗം എന്ന് എഴുതിയുറപ്പിക്കാമല്ലോ.

:)

Thu Feb 23, 07:02:00 am IST  
Blogger സു | Su said...

ബിന്ദു :) അതെ

സന്തോഷ് :) കുറേ ഉണ്ടോ? ഇത്തരം?

നവനീത് :)കേള്‍ക്കണ്ട!

സൂഫീ :) ശൂ എന്നാല്‍ ശൂര്‍പ്പണഖ എന്നാണോ?

കലേഷ് :)

യാത്രാമൊഴി :) അതൊക്കെ ആണ്‍ വര്‍ഗത്തിന്റെ കൂട്ടല്ലേ? അപ്പോള്‍പ്പിന്നെ പെണ്‍ വര്‍ഗം തന്നെ ആവണ്ടേ.

അങ്ങനെ പറഞ്ഞുകൊടുക്കൂ സന്തോഷ് ;)

Thu Feb 23, 08:29:00 am IST  
Anonymous Anonymous said...

എനിക്കെത്ര കാമുകിമാരുണ്ടെന്നോ :)

Thu Feb 23, 10:11:00 am IST  
Blogger Santhosh said...

കുറെയുണ്ട്. ഒന്നും ഇത്തരമല്ല. പെട്ടെന്ന് ഒഴിഞ്ഞ് പോകുമെന്നും തോന്നുന്നുല്ല:)

Thu Feb 23, 10:38:00 am IST  
Blogger Visala Manaskan said...

അതേയ്‌, ജീന്‍ വഴി വന്നുപെടുന്ന ഈ വക ടീമുകളെ ഒഴിവാക്കാന്‍ 'ആഗ്രഹിച്ചാലും' അത്ര പെട്ടെന്ന് നടക്കുന്ന കാര്യമല്ല സൂ.

പുശ്ചത്തില്‍ ഒരു നോട്ടം, കെലുപ്പില്‍ ഒരു ഡയലോഗ്‌, ഒരു തള്ള്‌... ഇത്ര മാത്രം മതി വായന കൊണ്ടും അനുഭവം കൊണ്ടും ഡീസന്റ്‌ നമ്പര്‍ വണ്ണായി നടക്കുന്ന പലരും അലമ്പ്‌ നമ്പര്‍ വണ്‍ ആയി മാറാന്‍..! പിന്നെ അമ്പിന്റന്ന് അടി ഉണ്ടാക്കണ പോലെയാ... ന്യായവുമില്ല അന്യായവുമില്ല..!!

Thu Feb 23, 11:26:00 am IST  
Blogger സു | Su said...

തുളസി :)സാരമില്ല.
സന്തോഷ് :) അതിനൊക്കെ ഒരു സന്ദര്‍ഭം വരും. തന്നത്താന്‍ ഒഴിഞ്ഞുപൊയ്ക്കോളും.

വിശാലാ :) ശരിയാ, ചിലര്‍ ഇത്തരം കാമുകിമാരുടെ എണ്ണം കൂട്ടിക്കൊണ്ടിരിക്കും.

“പുശ്ചത്തില്‍ ഒരു നോട്ടം, കെലുപ്പില്‍ ഒരു ഡയലോഗ്‌, ഒരു തള്ള്‌... ഇത്ര മാത്രം മതി വായന കൊണ്ടും അനുഭവം കൊണ്ടും ഡീസന്റ്‌ നമ്പര്‍ വണ്ണായി നടക്കുന്ന പലരും അലമ്പ്‌ നമ്പര്‍ വണ്‍ ആയി മാറാന്‍..!" ഇതും ശരിയാ. പക്ഷെ അവര്‍ക്ക് ഇപ്പറഞ്ഞ തരത്തില്‍ ഉള്ള കാമുകിമാര്‍ ഉള്ളതുകൊണ്ടല്ല. അഭിമാനം എന്ന് പറഞ്ഞത് മനസ്സില്‍ ഇത്തിരിയെങ്കിലും ഉള്ളതുകൊണ്ടാ. അതിന്മേല്‍ മറ്റുള്ളോര് കൈവെക്കുന്നത് കണ്ട് മിണ്ടാതിരിക്കണമെങ്കില്‍ ഭൂമീദേവിയോളം ക്ഷമ വേണം.

Thu Feb 23, 12:35:00 pm IST  
Blogger സു | Su said...

Lonley heart :) ഇത്തരം കാമുകിമാര്‍ ഉണ്ടെങ്കില്‍ ആക്സിഡന്റ് സ്വയം ഉണ്ടാക്കിയാലും കുഴപ്പമില്ല.

Thu Feb 23, 07:10:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home